Showing posts with label 16. Show all posts
Showing posts with label 16. Show all posts

Saturday, February 2, 2013

സലില മുല്ലന്‍ 

ഓര്‍മ്മതന്‍ നേര്‍ത്തൊരു
അലപോലുമിളകാത്ത
മറവിതന്‍ കട്ടിക്കരിമ്പടത്താല്‍ മൂടി
നിന്റെലോകത്തുനിന്നെന്നെ
പ്പുറത്താക്കി
എങ്ങോട്ടുപോയി നീ,
എന്നെത്തനിച്ചാക്കി ?

സ്വപ്‌ന,മോഹങ്ങള്‍
ഒന്നിച്ചു പങ്കിട്ട
ബാല്യ കൌമാരങ്ങളെന്നേ
കഴിഞ്ഞുപോയ്‌.


രണ്ടു ചിറകുകളൊന്നിച്ചു ചേര്‍ത്തു നാം
പാരതന്ത്ര്യത്തിന്റെ വേലികള്‍
ഖണ്ഡിച്ചു .

ചിരിച്ചും കരഞ്ഞും
ഒന്നിച്ചുറങ്ങിയും
മൂന്നു ദശാബ്ദങ്ങ-
ളൊന്നായ് കഴിഞ്ഞു നാം.


നിത്യ സൌഹാര്‍ദ്ദത്തിന്‍
നേരടയാളമായ്
നമ്മള്‍ തിളങ്ങീ,
നമിച്ചു ലോകം നമ്മെ.

ഒടുവിലൊരു നാളില്‍
എല്ലാം മറന്നു നീ
എന്നെ ചവിട്ടിക്കടന്നുപോയ്
നിര്‍ദ്ദയം !

ഇടനെഞ്ചിലൊരു കൊട്ട
ക്കനല്‍കോരിയിട്ടിട്ട്

ചൂടകറ്റാനായി
വിശറിയാല്‍ വീശുന്നു.
നെഞ്ചകം പൊള്ളി
പ്പിടയുന്നതു കണ്ടു

തീകെടുത്താനായി
എണ്ണ നനക്കുന്നു !


നെഞ്ചിലെരിയുന്ന കനലിനെ
ചിരികൊണ്ടു മൂടീട്ട്
എല്ലാം തണുത്തെന്നു
വെറുതെ നടിക്കുന്നു,

ഞാന്‍ വെറുതെ നടിക്കുന്നൂ.

ഒറ്റച്ചിറകിനാല്‍ തപ്പിത്തടഞ്ഞു
പറക്കാന്‍ ശ്രമിക്കുന്നു,
ഞാന്‍ വീണു പിടയുന്നൂ...
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.