Wednesday, August 12, 2009


അവിചാരിതമായി പെയ്ത പുതുമഴയില്‍ പൊങ്ങിയ മണ്ണിന്‍റെ ഗന്ധം ആസ്വദിച്ചു,നിര്‍ന്നിമേഷനായി നില്‍ക്കുമ്പോഴാണ്‌ അങ്ങേ വീട്ടിലെ ചങ്ങാതി ഒരുകഥാചെടിയുടെ ബീജം അരവിന്ദന്‌ നല്‍കിയത്‌. മനസ്സിന്‍റെ പശിമ മുറ്റിയമണ്ണില്‍ അരവിന്ദന്‍ ആ വിത്തു കുഴിച്ചിട്ടു. പണ്ടുമുതലേയുള്ള അഭിലാഷമായിരുന്നു ഒരു കഥാചെടിനട്ടുപിടിപ്പിക്കുകയെന്നത്‌. അതറിയാമായിരുന്ന ഉറ്റസുഹൃത്ത്‌ കൊടുത്തഉപകാരസ്‌മരണയുടെ നീല വെളിച്ചത്തില്‍ അരവിന്ദന്‍റെ മുഖം പ്രകാശമാനമായി.കഥാച്ചെടി നടുന്നതിന്‍റെ പ്രധാന ഉദ്ദേശ്യം അതിന്‍റെ വേരുകളിലൂടേയുംചില്ലകളിലൂടേയും ഇലകളിലൂടേയും പൂക്കളിലൂടേയും കായകളിലൂടേയും തന്‍റെആശയങ്ങള്‍ക്കു തിരി കൊളുത്തി ഫലം പൊഴിക്കുകയെന്നതായിരുന്നു. മഞ്ഞിലും,വെയിലിലും, മഴയിലും കണ്ണിലെ കൃഷ്ണമണിയെപോലെ കാത്തു സൂക്ഷിക്കുവാന്‍ ഒരുകാവലാളെ ഏര്‍പ്പെടുത്തി. രാത്രിയുടെ വന്യ നിശ്ശബ്ദതയില്‍ കാവലാള്‍ കണ്ണിമപൂട്ടാതെ തന്‍റെ ചിരകാലസ്വപ്‌നത്തെ കാത്തുസൂക്ഷിക്കുന്നുണ്ടെന്നായിരുന്നു. അരവിന്ദന്‍റെ ധാരണ. ദിവസവുംവെള്ളമൊഴിച്ച്‌ ഔഷധവീര്യമുള്ള മരുന്നു തളിച്ച്‌ പരിപാലിച്ചു. രാവും പകലുംമണ്ണിന്‍റെ മണിവാതില്‍ തുറന്ന് കഥാചെടി പുറത്തു വരുന്നതും കാത്ത്‌അരവിന്ദന്‍ ഭാവനാവിലാസത്തില്‍ കഴിഞ്ഞു. ഒരു ദിവസം കാലത്തെണീട്ടുനോക്കുമ്പോള്‍ കഥാചെടിക്കു തളിരില നാമ്പിട്ടിരിക്കുന്നു.

കുഞ്ഞിക്കണ്ണുമിഴിച്ചു നില്‍ക്കുന്ന അതിന്‍റെ ഇളം തുടുപ്പു കണ്ടപ്പോള്‍ അരവിന്ദന്‍റെചിത്തം പരമാനന്ദത്തിലായി.വീട്ടിലോരോരുത്തരോടും തന്‍റെ കഥാ ബീജത്തിന്‌ചിറകു മുളച്ച കാര്യം പറഞ്ഞു. എനി ആ ചിറകു വിരുത്തി ഈ നീലാകാശം മുഴുവന്‍സ്വച്ഛന്ദം വിഹരിക്കണം. അരവിന്ദന്‍റെ മനോവ്യാപാരമറിഞ്ഞവര്‍ മൂക്കത്തുവിരല്‍ വെച്ചു, പഠിപ്പില്‍ മിടുക്കനായ അരവിന്ദന്‍ ഐച്ഛികമായിയെടുത്തു പഠിച്ച വിഷയംസയന്‍സ്സായിരുന്നു.


ആഗോള വല്‍ക്കരണത്തിന്‍റെ കുതിപ്പില്‍ശാസ്‌ത്രത്തിന്‍റെ നവലോകത്തേക്കുള്ള അരവിന്ദന്‍റെ കാല്‍വെയ്പ്പില്‍അഭിമാനം പൂണ്ടവരാണ്‌ ഇപ്പോള്‍ മൂക്കത്തു വിരലും വെച്ചു നില്‍ക്കുന്നത്‌.ശാസ്‌ത്രത്തിന്‍റെ ത്വരിതഗതിയെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങള്‍നടത്തുന്നതിനിടക്ക്‌ മനം മാറ്റം സംഭവിച്ച അരവിന്ദന്‍റെ കാര്യം കേട്ടവര്‍
നെറ്റി ചുളിച്ചു. പലരുടെയും മനസ്സില്‍ സംശയങ്ങള്‍ തല നീട്ടി. ബുദ്ധിമൂത്ത്‌ ഇവനു ഭ്രാന്തായോ?പറയുന്നതെല്ലാം ഒരു ചെവിയിലൂടെ കേട്ട്‌ മറ്റേ ചെവിയിലൂടെ അരവിന്ദന്‍പുറത്തേക്ക്‌ വിട്ടു. തന്‍റെ അഭിലാഷം പൂവണിയിക്കണമെന്ന ദൃഢനിശച്‌യത്തില്‍അരവിന്ദന്‍ മുന്നോട്ടു പോയി. ചെടിയുടെ വേരുകള്‍ അടിമണ്ണിലേക്ക്‌പടര്‍ന്നിറങ്ങാന്‍ തുടങ്ങിയിട്ടുണ്ടാവും. വേരു ചെന്നു തട്ടുന്നിടമൊക്കെഒന്നു ഞെട്ടട്ടെ. അരവിന്ദന്‍റെ ഉള്ളില്‍ ആനന്ദത്തിന്‍റെ നുര കുത്തിയൊഴുകിചുറ്റും പാല്‍നിലാവു പൊഴിച്ചു. വിചാരധാരകള്‍കൊണ്ട്‌ വിചാരഭരിതനായിഇരിക്കുമ്പോഴാണ്‌ മൊബൈല്‍ ചിലക്കുന്നത്‌. ഫോണ്‍ ഓണ്‍ ചെയ്ത്‌ ചെവിയോടുചേര്‍ത്തുപിടിച്ചു. അങ്ങേ തലക്കല്‍ നിന്നും ഒരപരിചിത സ്വരം. ലൈന്‍മാറിയാണ്‌ വിളി, ഇപ്പോള്‍ എല്ലാം സൂക്ഷിക്കേണ്ടിയിരിക്കുന്നു.


പലതിലും പലപല കുരുക്കുകള്‍. വിലപ്പെട്ട ഒരു നിമിഷം പാഴായതിന്‍റെ രോഷം അരവിന്ദന്‍റെമുഖാരവിന്ദത്തില്‍ ചുവന്നു കിടന്നു. വീണ്ടും തന്‍റെ കഥാചെടിയുടെസ്വപ്നസൌന്ദര്യ തലങ്ങളിലേക്ക്‌ മനസ്സ്‌ ഊളിയിട്ടിറങ്ങി. അതിന്‍റെഇലകള്‍ക്കു പുഴുക്കുത്തേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.ഇലയുടെ ഞരമ്പുകള്‍ ആരോഗ്യത്തോടെ ഞെളിഞ്ഞുനിന്നു. അപ്പോള്‍ മറ്റൊരുസന്ദേഹം, ഈ ചെടി ഏതു ദിശയിലേക്കായിരിക്കും തിരിയുക? സാംസ്‌ക്കാരികമോ,രാഷ്‌ട്രീയമോ, സാമൂഹികമോ ഹൊ.... രാഷ്‌ട്രീയമായാല്‍ മതിയായിരുന്നു. പിന്നെജീവിതം സാര്‍ത്ഥകമായി. വേണംന്ന് തോന്നുമ്പോള്‍ സ്വഭാവത്തിന്‍റെ കുപ്പായംങനെ മാറ്റാലൊ. അത്രേം സ്വാതന്ത്ര്യം വേറെവിടെയുള്ളത്‌?. ഒപ്പംസമൂഹത്തിലങ്ങനെ വിളങ്ങേം ആവാം. എല്ലാവരുമൊന്ന്‌ കാണട്ടെ. തനിക്കുംഇതിനെല്ലാം ആവുമെന്ന്‌. "ഓ...അപ്പോള്‍ മറ്റുള്ളോരെ കാണീക്കാനാ ഈകാട്ടായങ്ങള്‍ അല്ലെ? ഒരു ചോദ്യം . അരവിന്ദന്‍ ചുറ്റിലും നോക്കി. ആരേംകാണുന്നില്ലല്ലൊ. ഹെയ്‌... ഇതിപ്പൊ ആരാ...? താന്‍ തന്‍റെ മുഖത്തേക്കൊന്നു നോക്ക്‌. വീണ്ടുമതെ സ്വരം.


കേട്ടസ്വരത്തിന്‌ സ്വന്തം ശബ്ദത്തോടു സാമ്യമുള്ളതായി തോന്നി. എന്തായാലും ആശബ്ദത്തിന്‍റെ ഉറവിടമന്വേഷിച്ച്‌ അകത്തേക്കു നടന്നു. മുറിയില്‍ തൂക്കിയകണ്ണാടിയിലേക്ക്‌ നോക്കി. ദേ... അവിടിരുന്ന് ഒരു മാന്യന്‍പൊട്ടിച്ചിരിക്കുന്നു. തന്‍റെ അതേ ച്ഛായ. എടോ അരവിന്ദാ തന്‍റെ
മനസ്സാക്ഷിയാണെടൊ ഞാന്‍. താനെന്തു മോഹിച്ചാ കഥാചെടി നട്ടത്‌?ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതയും പച്ചയായ പൊള്ളുന്ന ഭാവങ്ങളും ഉണ്ടോകയ്യില്‍? പരിചയമില്ലാത്ത വാക്കുകളും ആത്മാര്‍ത്ഥതയില്ലാത്തആശയങ്ങളുമെടുത്ത്‌ കഥാചെടിക്കു വളമിട്ടാല്‍ ചെടി ചീഞ്ഞുപോകും.മണ്ണിനനുസരിച്ചേ വിത്തു പാകാവൂ. ഇല്ലെങ്കില്‍ ഉള്ളതും കൂടി ഇല്ലാതായിമൂക്കും കുത്തി താഴെ കിടക്കും മുഖച്ഛായ തന്നെ മാറിപ്പോവും. വാക്കുകളെനക്ഷത്രങ്ങളാക്കുന്ന രസതന്ത്രം അറിയണം. ഇതെല്ലാം കേട്ട്‌ അരവിന്ദന്‍മിഴിച്ചു നിന്നു.ഹൊ.... ഇതൊക്കെ വേണോ. ഇപ്പോള്‍ മുക്കിനും മൂലക്കും എഴുത്തുകാരുടെമേളമല്ലെ. വാക്കുകള്‍ തപ്പിപിടിച്ച്‌ തിരിച്ചും മറിച്ചും എഴുതിയാല്‍കവിതയായി . എല്ലാം ഇന്‍സ്റ്റന്‍റു വിഭവങ്ങള്‍. കവികളുടെ ഭാരം കൊണ്ട്‌ഭൂമി കൂടി വീര്‍പ്പു മുട്ടിപ്പോകുന്നു.


നിര്‍വ്വേദാവസ്ഥയുടെ നിശ്ചലതകള്‍മാത്രം. എന്നിട്ടിയ്യാളെന്തേയീ പറയുന്നത്‌? പോടാ പുല്ലെയെന്ന ഭാവത്തില്‍അരവിന്ദന്‍ ചിരി കോട്ടി തിരിച്ച്‌ കഥാചെടിക്കരികിലേക്ക്‌ നടന്നു. ഇതെന്തു കഥ? കഥാചെടിയെവിടെ? അതു്‌ മുരടും പറിച്ച്‌രക്ഷപ്പെട്ടിരിക്കുന്നു. ദിശാബോധമില്ലാതോടിയ ചിന്തയുടെ ബാക്കിപത്രവുമായിഅരവിന്ദന്‍ ഇതികര്‍ത്തവ്യതാമൂഢനായി നിലകൊണ്ടു
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.