Monday, April 4, 2011


dhanyadas

തിരക്കുണ്ടോ..?
ഇല്ലെങ്കില്‍
വീട്ടിലേക്കുള്ള ഒടുവിലത്തെ ബസ്സും പറഞ്ഞയച്ചിട്ട്
ഇന്നലത്തെ ഏഴുമണി നേരത്തേക്ക്
ഇപ്പോഴെന്റെയൊപ്പം വരണം.

ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്.

അവിടെ
നിനക്ക് പരിചയമുള്ള ആരുമുണ്ടാവില്ല.
കൂട്ടച്ചിരികള്‍ നിന്നെ നോക്കിയിട്ടുമല്ല.

എനിക്കറിയാം
എത്രയൊക്കെ പറഞ്ഞാലും
പിന്നെയുമങ്ങനെതന്നെ ചിന്തിച്ചെടുക്കുമെന്ന്.

ഒച്ചകളില്ലാത്തൊരു തുരുത്ത്
നീയതിനുള്ളില്‍ കണ്ടെത്തുമെന്നും.

അറിയാതെ ഒരു നോട്ടം
നിനക്ക് നേരെ പന്തലിച്ചുവരുമ്പോഴേക്കും
മറ്റൊരു നോട്ടം
അത് പിഴുതുകളഞ്ഞേക്കും.

പക്ഷെ
നീയെന്നെ ശ്രദ്ധിച്ചുകൊണ്ടേയിരിക്കണം.
നമുക്കിടയില്‍ ഒരു ചെടി നട്ടുപിടിപ്പിക്കണം.
പറിച്ചുനടാന്‍ പാകത്തില്‍
അര മണിക്കൂറിനുള്ളില്‍
അതിനെ വളര്‍ത്തിയെടുക്കണം.

ഇടയിലൊരു റിംഗ്ടോണില്‍
ഞാനില്ലാതെയാകുന്നത് നീ കാണും.
ശബ്ദങ്ങള്‍
പിന്‍കഴുത്തിലൂടെ
നമ്മള്‍ കയറിവന്ന അതേ സ്റ്റെപ്പുകളിറങ്ങിപ്പോകുന്നതും.

വിളിച്ചതാരെന്നു വേവലാതിപ്പെടരുത്.
തൊട്ടടുത്ത നിമിഷം
രണ്ടാംനിലയെ തുപ്പിയെറിഞ്ഞ്
റോഡുകള്‍ പോകുമ്പോള്‍ മാത്രം
ഞാന്‍ നിന്നെ ശ്രദ്ധിച്ചുതുടങ്ങും.

നമുക്കിടയില്‍ തഴച്ചുനില്‍ക്കുന്ന പച്ചത്തണ്ടുകള്‍
എന്റെയോ നിന്റെയോ
ഞരമ്പുകളെന്നോര്‍മ വരും.

ഇന്നലെ രാത്രി മുഴുവന്‍
നമ്മള്‍
സമയസൂചികളെ
പിന്നോട്ട് നടക്കാന്‍ പഠിപ്പിക്കും,

അകലങ്ങളില്‍ അന്നേരം
ഓരോ വിരലും
ആയിരം വഴികളായി മാറുന്നുണ്ടാവും.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.