Wednesday, May 19, 2010


indira balan


മിഴികൾക്കു മീതെ പീതവർണ്ണ രേഖ കൊത്തി
മഷിക്കണ്ണെഴുതിയ പക്ഷീ
പ്രദോഷസന്ധ്യകളിൽ
അരയാൽ ചില്ലയിലിരുന്ന്‌ നീ
ആലപിക്കുന്നതെന്താണ്‌?
മൗനങ്ങൾക്കു വാചാലതയേറുമ്പോൾ
നിന്റെ സ്വരമാധുരി
ചക്രവാളങ്ങളിൽ പ്രതിധ്വനികളുളവാക്കുന്നു
നിനക്കു ചുറ്റും ഭക്തിസാന്ദ്രതയോടെ
സദാ മന്ത്രമുരുവിടുന്ന ആലിലകൾ
നിന്റെ കൊക്കിൽ നിറച്ചുവെച്ച
സ്വരമണികൾ ഏതു സങ്കീർത്തനത്തിന്റേയാണ്‌?
നിനക്കനുയായികളായിയെത്ര പേർ?
രുദ്രാക്ഷമണികൾ എണ്ണിയെണ്ണി
സന്ധ്യകളെ സാർത്ഥരാക്കിയ
പൂർവ്വികർ ഓതിത്തന്നതല്ലേ ഈ ഗമകങ്ങൾ.................
നിന്റെ സ്വരസ്വാധീനത്താൽ
ആകാശമേഘങ്ങളുടെ യാത്ര
മന്ദഗതിയിലായിരിക്കുന്നു
അവർ നിന്റെ ഗാനത്തിനു വേണ്ടി
കാതോർത്തിരിക്കുന്നു!
അല്ലയോ പക്ഷീ, നീയാർക്കു വേണ്ടിയാണീ
സ്വരജതികളുതിർക്കുന്നത്‌?
കുരുതികളുടെ പേക്കൂത്തുകൊണ്ട്‌
ശാപഭാരത്താൽ ശിരസ്സു താഴ്‌ന്ന
ഈ ഭൂമിദേവിയെ ഉണർത്താനോ?
അവളുടെ വേദനകളിൽ അലിവിന്റെ നെയ്‌ പുരട്ടി
സ്നിഗ്ദ്ധമാക്കി സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളെ
തുറന്നു തരാനോ?
രാഗങ്ങളുടെ മഴപ്പെയ്ത്തിൽ ലീനയായി
മാനസശുദ്ധിക്കായി നീ പാടുക...
......യതികളില്ലാതെ...
നിന്റെ നീല പക്ഷങ്ങൾ
പ്രകൃതിയുടെ നിയാമകതത്വങ്ങളുമായി
പൊരുത്തപ്പെട്ട്‌ ശക്തി പ്രാപിക്കട്ടെ
വീണ്ടും, വീണ്ടും. പുതിയ സ്വരജതികളുതിർക്കുവാൻ
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.