Tuesday, May 26, 2009



സംഗീതം ഒരു ദൃശ്യകലയാവുകയാണ്‌.പുതിയ സംഗീത സംസ്കാരത്തെ വളര്‍ത്തുന്ന '
റിയാലിറ്റി ഷോ'കളാണ്‌ പ്രധാനമായും പാട്ടില്‍ ദൃശ്യപരത അനിവാര്യമാക്കിയിട്ടുള്ളത്‌ . പാട്ടു പാടുന്നതിന്‌ ശാരീര സാധകം മാത്രം പോര , ശരീരാഭ്യാസവും നിര്‍ബന്ധമാക്കുമ്പോള്‍ ഗായകര്‍ നൃത്ത പരിശീലനം കൂടി ആര്‍ജിക്കേണ്ടത്‌ അത്യാവശ്യമായി വരുന്നു. ഗായകര്‍ അവതരണ വേദി പൂര്‍ണമായി ഉള്‍പ്പെടുത്തണം എന്ന സിദ്ധാന്തം അപകടകരമാണ്‌.

വേദിയിലും സദസ്സിലും നടന്നും ഓടിയും
കാണികളെ കണ്ടും ചിരിച്ചും വികാരമഭിനയിച്ചും നടത്തുന്ന ഗാനാവതരണമാണ്‌ മേന്‍മയുള്ളത്‌ എന്നാണ്‌ പുതിയ നിര്‍വ്വചനം .ചുവടുവയ്പുകളൂടെ ചടുലതയും , വൈകാരിക സംവേദനത്തിനാവുന്ന ശരീര ഭാഷാ പ്രയോഗവും , വസ്ത്രധാരണത്തിലെ ഭാവനയും , ചമയ മികവുമൊക്കെ ഗാനാലാപനമൂല്യത്തെ നിശ്ചയിക്കുന്ന ഘടകങ്ങളാകുന്ന ആസ്വാദനരീതി രൂപപ്പെട്ടുകഴിഞ്ഞു.

നൃത്തം സംഗീതം പോലെ മറ്റൊരു കലയാണ്‌. ഒരേ സമയം രണ്ട്‌ കലകളില്‍ സര്‍ഗ്ഗ വൈഭവം പ്രകടിപ്പിക്കുക എന്നത്‌ അസാധാരണ കലാസിദ്ധിയുള്ളവര്‍ക്ക്‌ മാത്രം സാധിക്കുന്നതാണല്ലോ. ഗായകരുടെ കണ്ണുകള്‍ അടയുവാന്‍ പാടില്ലെന്നും അവ പാട്ടിലുടനീളം സദസ്യരുമായി സംവദിച്ചുകൊണ്ടിരിക്കണമെന്നുമാണ്‌ പുതിയ മതം.അതാണ്‌ സംഗീതാസ്വാദനത്തിന്‌ ഉത്തമമെന്നാണ്‌ പുതിയ മതം. എന്നാല്‍
മഹാ സംഗീതജ്ഞന്‍മാര്‍ എന്നും കണ്ണുകളടച്ചേ പാടിയിട്ടുള്ളു.

അടഞ്ഞ കണ്ണുകള്‍ മനസ്സിന്‍റെ ഏകാഗ്രതയ്ക്ക്‌ അവശ്യം വേണ്ടതാണെന്ന്
പതിറ്റാണ്ടുകളുടെ സംഗീതോപാസനയില്‍ അവര്‍ക്ക്‌ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്‌.പാടുമ്പോള്‍ ഗായകര്‍ക്ക്‌ മുമ്പില്‍ കാണികളില്ല, മത്സരമില്ല, ലോകമേയില്ല. ശ്രുതിമാത്രം.രാഗവും താളവും ലയവും മാത്രം. പഞ്ചേന്ദ്രിയങ്ങളും ശ്രുതിശുദ്ധിയില്‍ ലയിപ്പിച്ച്‌ മനസ്സും ശരീരവും ഏകാഗ്രമാക്കി സര്‍ഗ്ഗാത്മകതയെ പ്രാപിക്കുവാനുള്ള സര്‍വ്വവും മറന്നുള്ള പ്രാര്‍ത്ഥനയാണത്‌. തപസ്സനുഷ്ഠാനമാണ്‌ ഓരോ ആലാപനവും .

അവിടെയാണൊരു സര്‍ഗ്ഗ സൃഷ്ടിയുണ്ടാവുന്നത്‌ . ഒരു ഗീതം കീര്‍ത്തനമാകുന്നത്‌ . ഓരോ ആലാപനവും സവിശേഷവും വ്യത്യസ്തവുമായ സൃഷ്ടിയാവുന്നത്‌. അവിടെയാണ്‌ കലാകാരന്‍റെ
കര്‍മ്മ സാഫല്യം. ഒരു ചലച്ചിത്ര ഗാന റിക്കോര്‍ഡ്‌ അനുവിട വ്യത്യാസമില്ലാതെ പാടുന്നതില്‍ സൃഷ്ടിയില്ല, അനുകരണമേയുള്ളു. ഏതൊരു കലാസൃഷ്ടിയിലും ആവശ്യം വേണ്ട ഏകാഗ്രത ഇല്ലാത്തതത്രേ സംഗീതം കണ്ട്‌ ആസ്വദിക്കുന്ന പുതിയ കാലത്തെ പാട്ടിലെ പ്രധാന പോരായ്മ.

BACK
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.