Sunday, May 24, 2009
കല്ലുകള്‍ ഒരു ഭൂതകാലത്തെ
നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.
ചില ചലനങ്ങളെ ദൃശ്യവത്കരിക്കാതെ ,
അവ സ്വന്തം നിശ്ചലത എന്ന ആവരണമണിഞ്ഞ്
മൌനത്തെ ദൃഢമുള്ളതാക്കുന്നു.
ഒരു വിശ്വാസത്തിനും ഭംഗം വരാതിരിക്കുക
എന്ന വിധി അവ ഏറ്റെടുക്കുന്നില്ല.
കാലം മായ്ച്ചുകളയുന്ന ആശയങ്ങള്‍ പോലെ
ഓര്‍മ്മകളെയും കല്ലുകള്‍ കയ്യൊഴിയുന്നു.
കല്ലുകള്‍ പെറുക്കുകൂട്ടാനാഗ്രഹിക്കുന്ന
വികാരങ്ങള്‍ അന്തരീക്ഷത്തില്‍ എവിടെയോ ഉണ്ട്.
നമ്മെപ്പോലെ കല്ലുകളും അവ തേടുകയാണ്.
ഏതെങ്കിലും വികാരം രക്ഷിതാവോ പന്ഥാവോ
ആകുമെന്നൊന്നും വിശ്വസിക്കാതെ,
ചുറ്റിനുമുള്ള ലോകത്തിന്‍റെ അതാര്യതയില്‍ ,
നമ്മെപ്പോലെ കല്ലുകളും സ്വയം ഒളിപ്പിക്കുന്നു.
മുട്ടിയാല്‍ തുറക്കാത്ത എല്ലാ വാതിലുകളും സംഗമിക്കുന്ന
ഒരിടം കല്ലുകള്‍ സൂക്ഷിക്കുന്നുണ്ട്.
എന്നാല്‍ അവ ഒരിക്കലും ആ വാതിലുകളിലോ ,
വാതിലുകള്‍ക്കുള്ളിലെ നിശ്ശബ്ദമായ കാല ചംക്രമണങ്ങളിലോ
പ്രതീക്ഷയോടെ നോക്കുന്നില്ല.
കാലം നല്‍കുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ കല്ലുകള്‍
മൌനത്തിന്‍റെ നിശ്ചലതകളായി പരിവര്‍ത്തിപ്പിക്കുന്നു.
സ്വയം ഒഴിഞ്ഞു പോകുന്നതോ
മറ്റുള്ളവര്‍ ഒഴിപ്പിക്കുന്നതോ
ഒരുപോലെ വ്യര്‍ത്ഥമാണെന്നറിയുന്നത്
കല്ലുകള്‍ക്ക് ജ്ഞാനമൊന്നുമല്ല;
നിര്‍വികാരതയാണ്.
ഒരു രൂപമാറ്റം, ഇല്ലാതാകല്‍, സഞ്ചാരം,
എല്ലാം ഭ്രമാത്‌കമായ ജീവിതത്തിന്‍റെ
വിവിധ ജന്‍മങ്ങള്‍ മാത്രം.
എങ്കിലും പരിത്യാഗം, വിശുദ്ധി, നന്‍മ എന്നിങ്ങനെ
ഏതെങ്കിലും മിഥ്യകളിലൂടെ കടന്നുപോകുന്നത്കല്ലുകള്‍ക്ക്
നവമായ അദ്വൈതമാണ്.
ആനന്ദമയമായ മറവിയാണ്.
നിഗൂഢമായ ഇച്ഛാപ്രവാഹമാണ്.
കല്ലുകള്‍ക്ക് എല്ലാവരെയും ഇഷ്ടമാണ്.
എന്നാല്‍ അത് ആരെയും പ്രതീക്ഷിക്കുന്നില്ല.
ഇഷ്ടമായിരിക്കുമ്പോഴും , വേര്‍പെടുന്നതിനെപ്പറ്റിയോ
തിരിച്ചുവരുന്നതിനെപ്പറ്റിയോ വേവലാതിപ്പെടുന്നില്ല.
പിറക്കുന്നതിന്‍റെ അര്‍ത്ഥം അത്യപാരമായ നിര്‍വ്വേദത്തെ
ഉള്ളിലൊതുക്കി നിശ്ശബദതയുടെ കടുത്തരൂപമാകുക
എന്നാണെന്ന് അവയ്ക്കറിയാം.
കല്ലുകളില്‍ പക്ഷേ എല്ലാമുണ്ട്.
ഇന്നത്തെ സംഭവങ്ങളും നാളത്തെ വിയോഗങ്ങളും വരെ.
കല്ലുകള്‍ സഞ്ചരിക്കുകയാണ്.
രണ്ട് പേര്‍ ചുംബിക്കുമ്പോള്‍
അവ ചുണ്ടുകളായി ഒളിച്ചുകടക്കുന്നു.
ഇണചേരുമ്പോള്‍ അവ ആത്യന്തികമായ
വിസ്മൃതിക്കായി ചെവിയോര്‍ക്കുകയാണ്.
ചിരിക്കുമ്പോള്‍ മറഞ്ഞിരുന്ന് അവ
ശീത നിഷ്ക്രിയതകളെ താലോലിക്കുന്നു.
ജോലി ചെയ്യുമ്പോള്‍ കല്ലുകള്‍ നമ്മുടെ
സീറ്റുകള്‍ക്ക് താഴെ നിലയുറപ്പിക്കുന്നു.
നമുക്ക് അവയ്ക്ക് മുകളില്‍ ഇരിക്കാം.
എല്ലാ ഇടപാടുകാരുടെ മുന്‍പിലും മധ്യവര്‍ത്തിയായി
കയറിയിരിക്കുക എന്നത് കല്ലുകളുടെ ജോലിയാണ്.
പ്രണയികള്‍ തമ്മില്‍ അകന്നിരിക്കുമ്പോള്‍
കല്ലുകള്‍ക്ക് ഒരുപാട് ജോലിയുണ്ട്.
അവ ഉറങ്ങാതിരിക്കും.
ഓരോ നിമിഷവും അവ പാഴാക്കതെ
പ്രണയികളെ വെവ്വേറെ അറകളിലായി പകുത്തുവയ്ക്കും .
അറകള്‍ പൊളിക്കുക എന്നത്
ഓരോ കമിതാവിന്‍റെയും വെല്ലുവിളിയാണ്.
BACK