പട്ടിണികൂട്ടായ കുട്ടിയാമുറ്റത്ത്
പാതിമറഞ്ഞ മിഴിയുമായി
പൊട്ടിയൊലിക്കും ചൊറിയുടെ ചുറ്റിലും
വട്ടം പറക്കുന്ന കൂവീച്ചകള്‍ .
ഒട്ടിയ വയറും ഒലിക്കുന്ന മൂക്കും
അഴുക്കുകള്‍ നാക്കിനാല്‍ നക്കി നക്കി .
ഞണ്ടു പിടിച്ച് നടന്നൊരാ പാടങ്ങള്‍
തുണ്ടു കരകളായി മാറ്റിയാരോ !
ശോഷിച്ച മേനിയുമായിട്ടവനിനി
ശേഷിച്ച കാലമന്നെത്രയെന്നോ.
മാവിന്‍റെ പൂമണമായ് വന്ന കാറ്റന്ന്
മൌനമാം കാഴ്‌ചകള്‍ കണ്ടു തേങ്ങി.
മുറ്റം നിറഞ്ഞ മുറുക്കാന്‍റെ തുപ്പല്
വട്ടം വരച്ച പോല്‍ കണ്ടു ഞാനും
മഞ്ഞും മഴയും വെയിലുമാ കുടിലിന്‍റെ
നെഞ്ചത്ത് കേറി കുടിയിരുന്നു.
പാദസ്വരത്തിന്‍റെ മണിയൊച്ചയില്ലാതെ
പാടി മുറ്റത്തെത്തി സന്ധ്യ നിന്നു.
മോഹമില്ലാതെ തെളിഞ്ഞ കരിന്തിരി
നാളമാ കുടിലിനു നല്‍കി വെട്ടം.
ദാരിദ്ര്യം നാടിന്‍റെ ശാപമായ് മാറിയ
നുറുങ്ങ് കാഴ്‌ചകള്‍ എന്‍റെ നാട്ടില്‍
BACK