Tuesday, May 26, 2009



കിഴക്കും പടിഞ്ഞാറും ഉള്ള ചിന്തകന്‍മാര്‍ ഒരാശയത്തില്‍ തീര്‍ത്തും യോജിക്കുന്നുണ്ടെങ്കില്‍ അത്‌ മനുഷ്യന്‍ സൃഷ്ടിയുടെ മകുടമാണ്‌ എന്നതാണ്‌.കൃഷ്ണനും ക്രിസ്തുവും ഒക്കെ
ഇക്കാര്യത്തില്‍ കൈകോര്‍ത്ത്‌ നില്‍ക്കുന്നു.മഹാ ബുദ്ധിശാലിയായ ശങ്കരന്‍പോലും ഈ വിചാരം ഉണ്ടെന്ന് കണ്ട്‌ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. മനുഷ്യന്‍ തന്നെപ്പറ്റി മിനഞ്ഞുണ്ടാക്കിയ ഒരു ആശയം മാത്രമാണിത്‌ .

മൃഗങ്ങള്‍ എല്ലാം നല്ല മൃഗങ്ങളാണ്‌. മനുഷ്യന്‍ ചീത്ത മൃഗമാണ്‌.
എല്ലാ മൃഗങ്ങളും സ്വന്തം വംശത്തെ നശിപ്പിക്കില്ല . മനുഷ്യന്‍ ഉണ്ടായ കാലം തൊട്ട്‌ ഇന്നും നടത്തുന്ന ഏക വിനോദം സ്വന്തം സംഹാരമാണ്‌. അവന്‍റെ വളര്‍ച്ചയുടെ എല്ലാ നേട്ടങ്ങളും കേന്ദ്രങ്ങളും ഈ പ്രാകൃതമായ ക്രൂരതയെ തൃപ്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണ്‌. ശാസ്ത്രത്തിന്‍റെ എല്ലാ കണ്ടുപിടിത്തങ്ങളും ആത്യന്തികമായി അവന്‍ പ്രയോഗിക്കുന്നത്‌ മറ്റു മനുഷ്യരുടെ നേര്‍ക്കാണ്‌. തോക്കും അണുബോബും എല്ലാം ഈ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു.

മൃഗങ്ങള്‍ , ഓരോ വംശത്തിലും , എത്ര സ്നേഹവാത്സല്യങ്ങളോടെയാണ്‌ കഴിഞ്ഞുകൂടുന്നത്‌!. നമ്മുടെ
ക്രൂരത കൂടിയതുപോലെ അവയുടെ ദുഷ്ടവികാരങ്ങള്‍ വര്‍ദ്ധിച്ചിട്ടില്ല. മനുഷ്യന്‍റെ സവിശേഷത വിശേഷബുദ്ധിയാണെന്ന് പറയുന്നു . വിശേഷബുദ്ധിയുണ്ടായിട്ടും നന്‍മയും സ്നേഹവും ആണ്‌ ജീവിതം നിലനിര്‍ത്തുന്ന ശക്തികള്‍ എന്ന് മനുഷ്യന്‌ തിരിച്ചറിയാന്‍ സാധിച്ചില്ല.ബുദ്ധിയുണ്ട്‌, വിവേകമില്ല- ഈ അവസ്ഥ പോലെ വിനാശകരമായ ഒരു അവസ്ഥ ഊഹിക്കാനാവില്ല. മനുഷ്യന്‍ എല്ലാ മൃഗങ്ങളിലും വച്ച്‌ മോശപ്പെട്ട മൃഗമാണ്‌.

BACK
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.