Sunday, April 18, 2010


asha sreekumar
മരണവീടിന്റെ ഉമ്മറം ശാന്തമായിരുന്നു. വെളിയിൽ നിന്നുകൊണ്ട്‌ നോക്കിയാൽ അവിടെ ആരെങ്കിലും മരണപ്പെട്ടതായി തോന്നുകില്ല. നാലോ അഞ്ചോ പേർ മുറ്റത്തും കാർപോർച്ചിലുമായി നിൽപ്പുണ്ട്‌. അവർ മരിച്ച വ്യക്തിയുടെ അടുത്ത ബന്ധത്തിൽപ്പെട്ടവരാണെന്നു വേണമെങ്കിൽ ഊഹിക്കാം.
വീടിന്റെ ഉള്ളിൽ നിന്നും നിലവിളിപോയിട്ട്‌ ഒരു തേങ്ങൽപോലും ഉയർന്നു കേൾക്കുന്നില്ല. ചെറിയ മുറുമുറുപ്പും കുശുകുശുപ്പുമുണ്ട്‌. ഇടയ്ക്കേതോ ഒരു കുട്ടിയുടെ കരച്ചിൽ; അതിനെയാകേ ശാസിക്കുന്ന സ്വരം. കരച്ചിൽ പെട്ടെന്നുനിലച്ചു.
ആഡംബരപൂർവ്വം അലങ്കരിച്ചിട്ടുള്ള വിസ്തൃമായ ഹാളിന്റെ നടുക്കായി വെള്ളത്തുണിയിൽ പുതച്ച്‌ ഒരു മൃതദേഹത്തെ കിടത്തിയിരിക്കുന്നു. കറുത്തു കരിവാളിച്ച്‌ കവിളൊട്ടി നരച്ചുകുറ്റിത്താടിയുള്ള ഒരു മെലിഞ്ഞരൂപം. തലക്കൽ ഒരു ചെറിയ നിലവിളക്കിരുന്നെരിയുന്നു. ഉടച്ചുവച്ച തേങ്ങാ മുറികളിലെ ചാക്കാലദീപം നുണയാറായി. ശവക്കച്ചയുടെ പുറത്ത്‌ വാർഡ്‌ റസിഡന്റ്സ്‌ അസോസിയേഷന്റെ ഒരു റീത്ത്‌. അതുവാടിത്തുടങ്ങി.
മതിൽക്കെട്ടിനു പുറത്തുനിന്ന ഒരാൾ അയാളുടെ അടുത്തുനിന്ന ആളിനോട്‌ പതുക്കെ ചോദിച്ചു.
"ബന്ധുക്കളാരും വന്നില്ലേടോ?"
"ചെലരൊക്കെ വന്ന്‌ മൊകം കാണിച്ചിട്ട്‌ അപ്പത്തന്നെ സ്ഥലം വിട്ടു."
"അടുത്ത ആൾക്കാരെയൊന്നും കണ്ടില്ല, എന്താപറ്റ്യെ?"
"എന്തോ പറ്റാനാ. സകലോരോടും മുഷിച്ചിലിലാ. വല്യ എടുത്താപ്പൊങ്ങാത്ത ഉദ്യോകോം പണോം മാണിയറ കെട്ടിടോമൊക്കെ ഒണ്ടായിട്ടെന്താ? തൊട്ടടുത്ത വീട്ടുകാർപോലും തിരിഞ്ഞുനോക്കീല്ല. അത്രക്കേയുള്ളു എഞ്ചിനീരെ സഗകരണം."
"എങ്ങനാ അപ്പം ബാക്കികാര്യങ്ങള്‌?"
"വായ്ക്കരിയിടാനോക്കെ ആരുല്ല. അല്ലേലും അതൊക്കെ കൊറച്ചിലല്യോ! മോളെത്തിയാലൊടനെ കറണ്ടില്‌ കൊണ്ടുവച്ച്‌ കത്തിക്കാനാ പ്ലാണ്‌."
രണ്ടുനിലവീടാണത്‌. ലാന്റ്സ്കേപ്പ്‌ ചെയ്തു ഭംഗിയാക്കിയ മുറ്റം. കാവിപൂശിയ വലിയ സിമന്റു ചട്ടികളിൽ കടുത്ത നിറങ്ങളിലുള്ള ഇലച്ചെടികൾ. വൃത്താകൃതിയിലുള്ള താമരക്കുളം; ഫൗണ്ടൻ. മുകളിലത്തെയും താഴ്ത്തെയും ചുമരുകളിൽ മൂന്നു ഏസി ഫിറ്റ്‌ ചെയ്തിട്ടുണ്ട്‌. പോർച്ചിൽ കൊട്ടാരംപോലൊരു പുതിയ കാറും പഴയ ഫിയറ്റും പിന്നൊരു സ്കൂട്ടിയും. മതിലിന്റെ മൂലയോട്‌ ചേർന്ന്‌ കമ്പിക്കൂട്ടിൽ കൂറ്റനൊരു നായ. ചൈനീസ്‌ പഗ്ഗാണിനം. അത്‌ അസ്വസ്ഥനായി ഉലാത്തുകയും ഇടക്കിടെ ഉച്ചത്തിൽ കുരക്കുകയും ചെയ്യുന്നുണ്ട്‌.
വിലകൂടിയ ഗ്രാനൈറ്റ്‌ ഫലകങ്ങൾ പതിപ്പിച്ച നീളൻവരാന്തയിൽ കറുത്തു തടിച്ച ഒരാൾ നിസംഗനായിരിപ്പുണ്ട്‌. ക്ലീൻഷേവ്‌. ഡൈ ചെയ്തിരിക്കുന്നത്‌ വ്യക്തമായി പ്രകടിപ്പിക്കുന്ന തലമുടി. കട്ടിമീശ. ടീപ്പോയിൽ കിടന്ന ഹിന്ദുപത്രം അലക്ഷ്യമായി മറിച്ചുനോക്കിയിട്ട്‌ വീണ്ടും അവിടത്തന്നെയിട്ടു. സാന്റോ ബനിയനും കസവുമുണ്ടുമാണ്‌ വേഷം. ശരീരമാസകലം കറുത്തരോമങ്ങൾ. നെറ്റിയുടെ ഇരുവശവും നീലകലർന്ന കറുപ്പ്‌. കഴുത്തിലും കൈത്തണ്ടയിലും വിരലുകളിലും സ്വർണ്ണാഭരണങ്ങൾ. സർക്കാർ തലത്തിൽ ഉയർന്ന ഉദ്യോഗം വഹിക്കുന്ന വ്യക്തിയെന്നു ബോധിപ്പിക്കുന്ന നെയിം ബോർഡ്‌ ഭിത്തിയിൽ പതിച്ചിട്ടുണ്ട്‌.
മോഹനചന്ദ്രൻനായർ എക്സിക്യൂട്ടീവ്‌ എഞ്ചിനീയർ പി.ഡബ്ല്യുഡി.
അകത്തുനിന്നും വെളുത്തുതുടുത്ത സുന്ദരിയും പ്രൗഡയുമായ ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു. അവരുടെ മുഖത്ത്‌ ഏതോ ഒരനിഷ്ടത്തിന്റെ തിരയിളക്കമുണ്ട്‌. മോടിയിൽ വസ്ത്രം ധരിച്ച അവരും അയാളെപ്പോലെ തന്നെ ആവശ്യത്തിലധികം ആഭരണങ്ങൾ വാരിയണിഞ്ഞിരുന്നു. അയാളുടെ അടുത്തുവന്ന്‌ ഗൗരവത്തിൽ ചെവിയിലെന്തോ രഹസ്യമോതി. അൽപനേരം നെറ്റിചുളിച്ച്‌ അവരുടെ നേരെനോക്കിയിട്ട്‌ അയാൾ പറഞ്ഞു.
"പോകാൻ പറ. ഇന്നിനി ഇവിടെ ഒന്നും നടക്കത്തില്ലെന്ന്‌ പറഞ്ഞില്ലോ?"
"ആവുന്നത്ര പറഞ്ഞുനോക്കി. പോകാതെന്തുചെയ്യും. അടിച്ചിറക്കാൻ പറ്റുമോ? അമ്മാവന്റെ പഴേപ്രതാപോം വർണ്ണിച്ചോണ്ടിരിക്കുവാ."
"മുഷിയുന്നെങ്കിൽ മുഷിയട്ടെ. കടുപ്പിച്ചങ്ങ്‌ പറഞ്ഞേര്‌. സ്ഥലം മിനക്കെടുത്താനായി ഓരോന്ന്‌ വന്നിരുന്നോളും.
ആ സ്ത്രീ ഗൗരവം വിടാതെതന്നെ അകത്തേക്കുപോയി. അൽപം കഴിഞ്ഞപ്പോൾ അകലെ നിന്നുവന്ന ഗ്രാമീണരെപ്പോലെ നാലഞ്ചുപ്രകൃതരായ സ്ത്രീകളും കുറേ കുട്ടികളും രണ്ടു മൂന്നു യുവതികളും ഒരു വൃദ്ധനും വിഷാദത്തോടെ പുറത്തേക്കിറങ്ങി വന്നു. എഞ്ചിനീയർ പത്രമെടുത്തു പിടിച്ച്‌ മുഖം മറച്ചു. ഒരു യാത്രപറച്ചിൽ ഒഴിവാക്കാനായിരുന്നു ആ വിലകുറഞ്ഞ തന്ത്രം.
പോർച്ചിൽ പുകവലിച്ചുകൊണ്ട്‌ നിന്ന യുവാവിനെ എഞ്ചിനീയർ കണ്ണുകൾകാട്ടി അകത്തേക്കു വിളിച്ചു. ബീഡിത്തുണ്ട്‌ ദൂരെകളഞ്ഞശേഷം മുണ്ടിന്റെ മടക്കിക്കുത്ത്‌ അഴിച്ചിട്ട്‌ ഭവ്യതയോടെ അവൻ പടിയിലേക്കുകയറി ഒതുങ്ങിനിന്നു.
"അപ്പഴേ എങ്ങനാടോ കാര്യങ്ങള്‌?"
"അതു ഞാനും അങ്ങോട്ടു ചോദിക്കാൻ തൊടങ്ങുവാരുന്നു മാമാ വെളുപ്പിനു മൂന്നുമണിക്ക്‌ മരിച്ചതല്ലേ! നേരത്തോടുനേരം കഴിഞ്ഞിട്ടും എടുക്കാതെ ഇട്ടോണ്ടിരിക്കണതത്രപന്തിയല്ല. പോരങ്കി സൂക്കേടുകാരനും."
മറ്റാരും കേൾക്കാതെയാണ്‌ അവനത്രയും പറഞ്ഞത്‌.
"ശ്ശൊ, എന്നുപറഞ്ഞാലെങ്ങാടേ? അവൾ തിരിച്ചിട്ടുണ്ടെന്നല്യോ ഫോണിക്കൂടി പറഞ്ഞെ. പുറപ്പെട്ട സ്ഥിതിക്ക്‌...?"
"എന്നാപ്പിന്നെ ഐസുപെട്ടീലോട്ട്‌ കേറ്റിവക്കാനൊള്ള ഏർപ്പാടൊണ്ടാക്കണം. പെങ്ങള്‌ വന്നേനുശേഷമെടുക്കാം. ഇപ്പൊത്തന്നെ ചെറിയ വാടയടിച്ചുതൊടങ്ങീട്ടൊണ്ട്‌."
"അതൊക്കെ ചെലവൊള്ള കാര്യങ്ങളാടോ. അവൾ വന്നിട്ട്‌ കൈമലർത്തും. പിന്നെന്റെ തലേലാവും ആ കുരിശും കൂടി. ആശുപത്രിച്ചെലവിൽ തന്നെകൊറേ തൊലച്ചതാ. ജീവിച്ചിരുന്നപ്പോൾ അവളോടായിരുന്നു അച്ഛന്‌ കൂടുതലിഷ്ടം. ഷെയറിന്റെ മുക്കാൽപങ്കും അവൾക്കല്ലേ എഴുതിക്കൊടുത്തത്‌. എന്റെ ഇഷ്ടത്തിനെന്തേലും ചെയ്താ അത്‌ പിന്നീടൊരു ഇഷ്യു ആവും. ബോഡിപോലും കാണാൻ സമ്മതിച്ചില്ലെന്നു പറഞ്ഞ്‌ അവൾ ബഹളമുണ്ടാക്കും."
"ജയശ്രീച്ചീം ഭർത്താവും കുട്ടികളും വെളുക്കും മുന്നേ എത്വായിരിക്കും ഇല്യോ?"
"ആ"
അയാൾ കൈ മലർത്തി. ചെറുപ്പക്കാരൻ ഇനി എന്തുവേണമെന്ന മട്ടിൽ എഞ്ചിനീയറുടെ മുഖത്തേക്കു നോക്കി വെറുതെ നിന്നു. അവനെ അൽപം കൂടി അടുത്തേക്കു വിളിച്ച്‌ ചുമലിൽ കൈവച്ചുകൊണ്ട്‌ എഞ്ചിനീയർ പറഞ്ഞു.
"ആ നിക്കുന്നോമ്മാരടുത്തു പോയി കാര്യമങ്ങവതിപ്പിക്ക്‌. ഏറ്റവും അടുത്ത സ്വന്തക്കാരനെന്നുപറയാൻ ഇനി താൻ മാത്രമേയുള്ളു താനും പോയിക്കിടന്നുറങ്ങിയിട്ട്‌ വെളുപ്പിനേയിങ്ങ്‌ പോന്നേര്‌."
അവൻ പുറത്തു നിന്നവരോടെന്തോ പറഞ്ഞു. ഉടൻതന്നെ അവരെല്ലാം ഇറങ്ങിപ്പോയി. അവൻ പിന്നെയും തലചൊറിഞ്ഞുനിന്നപ്പോൾ എഞ്ചിനീയർ ഉണർത്തിച്ചു.
"അതൊക്കെ രാവിലെ ആകട്ടെടോ. ആ പട്ടിയെക്കൂടി കൂട്‌ തുറന്നു വിട്ടിട്ട്‌ ഗേറ്റങ്ങ്‌ ചാരിയേക്ക്‌. ഇനി ആരുവന്നാലും അകത്തോട്ടുകേറ്റുന്നില്ല. നേരമിരുട്ടി."
പട്ടിയെ കൂടു തുറന്നുവിട്ടിട്ട്‌ ഗേറ്റ്‌ ചാരി അകത്തെ കുറ്റിയിട്ടശേഷം അവൻ ഇരുട്ടിലേക്കിറങ്ങി. സ്വതന്ത്രനായ ആഹ്ലാദത്തിൽ നായ ഉച്ചത്തിൽ കുരച്ചു.
എഞ്ചിനീയർ ഗേറ്റുപൂട്ടിയ ശേഷം പുറത്തെ ലൈറ്റുകളെല്ലാം ഓഫാക്കി പ്രധാനവാതിൽ അകത്തുനിന്നും ബന്ധിച്ചു. അച്ഛന്റെ മൃതദേഹത്തെ ഒന്നുകൂടി നോക്കിയശേഷം മൂക്കുപൊത്തിക്കൊണ്ട്‌ മുണ്ടുവലിച്ച്‌ മുഖത്തിട്ടു. അലമാരിയിൽ നിന്നും മുന്തിയ ഒരു കുപ്പിസ്കോച്ചും ഗ്ലാസ്സുമെടുത്ത്‌ ടൈനിംഗ്‌ ടേബിളിൽ വയ്ക്കുമ്പോൾ ഭാര്യ കുളികഴിഞ്ഞ്‌ തലമുടിയിൽ ചുറ്റിയ ഈറൻ ടൗവലോടെ അടുത്തുവന്നു കസേരയിലിരുന്നു.
"ഞാനൊന്നുകുളിച്ചു എന്തൊരു വിയർപ്പാ ദേഹം മുഴുവനും."
"ഉം"
എഞ്ചിനീയർ ഒന്നുമൂളിയിട്ട്‌ ഒരു ലാർജൊഴിച്ച്‌ സോഡചേർത്ത്‌ ഒറ്റപ്പിടി.
"കുറച്ചുചിക്കൻ റോസ്റ്റ്‌ ഫ്രിഡ്ജിലിരിപ്പൊണ്ട്‌. ഓവനിൽവച്ച്‌ ചൂടാക്കിയെടുക്കട്ടൊ?"
"വേണ്ട"
അണ്ടിപ്പരിപ്പെടുത്തു കൊറിച്ചുകൊണ്ടയാൾ അടുത്ത ലാർജൊഴിക്കാൻ തുടങ്ങി. ഇത്തവണ സോഡ ചേർത്തില്ല. മൂന്നാമതൊന്നുകൂടി ഒഴിച്ച്‌ മാറ്റി വച്ചിട്ട്‌ അണ്ടിപ്പരിപ്പോരോന്നായി വായിലേക്കിടാൻ തുടങ്ങി.
"എന്നാ ചോറെടുക്കാം. അവിയലും പുളിശേരിയും ഇന്നലത്തെഫിഷ്കറിയും പിക്കിളുമുണ്ട്‌. വേണേൽ അഞ്ചാറുപപ്പടോം കൂടി കാച്ചാം."
"ഇതിനെടക്ക്‌ ചോറൊക്കെനീയെപ്പം റെഡിയാക്കി!"
"ജോലിക്കാരി ലതികാമണി രാവിലെവന്ന്‌ എല്ലാം എടുത്തോണ്ടുപോയി അവളുടെ വീട്ടിൽ കൊണ്ടിട്ടുവച്ച്‌ കൊണ്ടുവന്നു. ആരുമറിഞ്ഞില്ല. പിള്ളാർക്ക്‌ അച്ചാച്ചൻ മരിച്ചെന്നുപറഞ്ഞാ എന്തോ മനസ്സിലാകാനാ. സമയത്തു കഴിച്ചില്ലെങ്കിൽ ഇങ്ങനെവിധം മാറും. ലതികയതുമനസിലാക്കിപ്പെരുമാറി."
"നീ വല്ലതും കഴിച്ചോ?"
മൂന്നാമത്തെ ലാർജയാൾ പതുക്കെ സ്വിപ്‌ ചെയ്യാൻ തുടങ്ങി. ഇടക്കൊന്നുകൂടി ആ മൃതദേഹത്തിലേക്കു കണ്ണോടിച്ചു. സ്വന്തം അച്ഛന്റെ ശവമാണ്‌ മുന്നിൽ അനാഥമായി കിടക്കുന്നത്‌.
തലമുടിയിലെ ടൗവ്വൽ അഴിച്ചുമാറ്റിയിട്ടാ സ്ത്രീ പറഞ്ഞു.
"പിള്ളാരുടെ കൂടെയിരുന്ന്‌ ഞാനൽപ്പം കഴിച്ചു ബ്രേക്ക്‌ ഫാസ്റ്റ്‌ പോലും ശരിയായില്ല. ഉച്ചക്കൊന്നും കഴിക്കാതെ എത്രനേരമെന്നുവച്ചാ?"
"മക്കളുറങ്ങിയോ!"
"ഇളയവൾ സീഡിയിട്ടുകാണുവാ, സ്പിൽബർഗ്ഗിന്റെ അടിപൊളിയൊരു സിനിമ. ആത്തിമോൾക്ക്‌ മറ്റന്നാൾ എക്സാം തുടങ്ങും. അവൾ അവളുടെ മുറിയിലിരുന്നു പഠിക്കുന്നു."
നാലാമത്തെ ലാർജ്ജൊഴിച്ചപ്പോൾ ഭാര്യ എഞ്ചിനീയറെ ഉപദേശിച്ചു.
"മതി. വന്ന്‌ വല്ലതും കഴിക്ക്‌. വെറും വയറ്റിലിങ്ങനെ വലിച്ചുകേറ്റാതെ."
എഞ്ചിനീയർ ഒരു സിഗററ്റ്‌ കത്തിച്ചു. ഒരുപിടി അണ്ടിപ്പരിപ്പു വാരി വായിലിട്ടുകൊണ്ട്‌ എഴുന്നേറ്റു. മൂക്കുപൊത്തിയശേഷം ർറൂം സ്പ്രേയെടുത്തു മൃതദേഹത്തിൽ നാലഞ്ചുതവണ അടിച്ചു അതുപിന്നെ മറ്റൊരു ഗന്ധമായിപരന്നു.
"ഹും. എന്തൊരു വാട. നാളെ രാവിലേയാകുമ്പം ഒരു പരുവമാകും."
ഭാര്യയും മൂക്കുപൊത്തി. എഞ്ചിനീയർ ഹാളിലെ ലൈറ്റുകൾ കെടുത്തി. ഇരുട്ടിൽ ജഡം മാത്രം തനിച്ചായി. നിലവിളക്കിലെ തിരിനാളവും അയാൾതന്നെ ഊതിക്കെടുത്തി.
"നേരം വെളുക്കും മുന്നേ ആ പെണ്ണിങ്ങെത്തിയാ മതിയായിരുന്നു."
"അതെങ്ങനാ? അവളുടെ ഹസ്ബന്റ്‌ രാജഗോപാലൻനായർ ഇടക്ക്‌ വഴിയിലൊക്കെ കാർ നിർത്തി രണ്ടെണ്ണ മടിച്ച്‌ ഭക്ഷണമൊക്കെക്കഴിച്ച്‌ റിലാക്സ്‌ ചെയ്തിട്ടൊക്കെയേ വരത്തൊളളു. മദ്യപിച്ചു കഴിഞ്ഞാപ്പിന്നെ അയാളും സാവധാനമേ വണ്ടിയോടിക്കൂ! വെറുതെ നമ്മളു മാത്രമായിട്ടെന്തിനാ ഉറക്കമിളക്കുന്നേ!? അച്ഛൻ എങ്ങോട്ടും എഴുന്നേറ്റോടാൻ പോകുന്നില്ല."
"അപ്പോൾ ഒന്നും കഴിക്കുന്നില്ലേ?"
ഭാര്യ ചോദിച്ചതയാൾ കേട്ടതായിപ്പോലും ഭാവിക്കാതെ സിഗററ്റ്‌ കുറ്റി ആഷ്ട്രെയിൽ കുത്തിയണച്ചു. ബഡ്‌ർറൂമിലെ അവസാനവെളിച്ചവും കെടുത്തിയിട്ട്‌ ഏസി ഓണാക്കി രണ്ടുപേരും ഉറങ്ങാൻ കിടന്നു.
മുകളിലത്തെ മുറിയിൽ നിന്നും ആക്ഷൻ ത്രില്ലർ സിനിമയുടെ ഇടിമുഴക്കം അവിടാകെ പ്രതിധ്വനിച്ചു. പുറത്ത്‌ സിംഹഗർജനം പോലെ ചൈനീസ്‌ പഗ്ഗിന്റെ കുര ഉയർന്നുകൊണ്ടേയിരുന്നു.
a q mahdi
ബഹാമസിലേയ്ക്കൊരു കപ്പൽ യാത്ര

ഓർലന്റോയിൽ നിന്നും ഞങ്ങൾക്കൊരു കപ്പൽയാത്രാ പരിപാടി (CRUISE) ഉണ്ട്‌. ഒരുപക്ഷേ ഈ അമേരിക്കൻ യാത്രയിലെ ഏറ്റവും ആകർഷകമായ ഒരിനവും ഇതാവും.
മൂന്നുദിവസം ഈ നഗരത്തിൽ താമസിച്ചിട്ട്‌ നാലാംനാൾ ഒരു അത്യാഡംബരക്കപ്പലിൽ മൂന്നുരാത്രിയും നാലുപകളും പിന്നിടുന്ന ഒരു ബഹാമസ്‌ യാത്ര.
പസഫിക്‌ മഹാസമുദ്രത്തിനും മെക്സിക്കൻ ഉൾക്കടലിനുമിടയ്ക്ക്‌ കരീബിയൻ കടലിലെ ഒരു ദ്വീപസമൂഹമാണ്‌ ബഹാമസ്‌. നാസോ (NASSAU) ആണ്‌ ബഹാമസിന്റെ തലസ്ഥാനം. ഇതൊരു മനോഹരമായ കൊച്ചുദ്വീപാണ്‌. ഈ കരീബിയൻ ദ്വീപിൽ ഇരുനിറമുള്ള കറുത്ത വർഗ്ഗക്കാരാണുള്ളത്‌. അൽപ്പമൊരു സങ്കരവർഗ്ഗം. വെള്ളക്കാരെ ആകർഷിക്കുന്ന ഒരു സുഖവാസകേന്ദ്രം കൂടിയാണിത്‌, അറിയപ്പെടുന്ന ഒരു വലിയ ഷോപ്പിങ്ങ്‌ സെന്ററും.
ഓർലന്റോ പോർട്ടിൽനിന്നും 24 മണിക്കൂർ യാത്രചെയ്താലേ കപ്പൽ ഈ കൊച്ചുദ്വീപിലെത്തൂ.
ഒരു വിദേശരാജ്യമായതിനാൽ നാസോയിലേയ്ക്ക്‌ പോകുമ്പോൾ ഒരു ഇൻർനാഷണൽ എയർപോർട്ടിൽ സാധാരണഗതിയിലുണ്ടാവാറുള്ള നിയമപരമായ എല്ല കടമ്പകളും കടന്നേ കപ്പലിനുള്ളിൽ പ്രവേശിക്കാനാവൂ.
അമേരിക്കൻ എമിഗ്രേഷൻ വകുപ്പ്‌ നാസോയിലേയക്ക്‌ വിസ അടിച്ചു തന്നു.
കപ്പൽയാത്ര എനിക്കും കുടുംബത്തിനും പുതുമയുള്ള കാര്യമല്ല. രണ്ടുതവണ ലക്ഷദ്വീപിൽ പോയിട്ടുള്ളത്‌ കപ്പലിലാണ്‌. എം.വി.ടിപ്പു, എം.വി.ഭാരത്ത്‌ സീമ എന്നീ രണ്ടു കടത്തുകപ്പലുകളിലായിരുന്നു ഓരോ യാത്രയും. പ്രധാനമായും ദ്വീപ്‌ നിവാസികൾക്ക്‌ വൻകരയിൽ വന്നെത്താനും മടങ്ങിപ്പോകാനുമായി സാമ്പത്തികനഷ്ടം സഹിച്ച്‌ ഇൻഡ്യാഗവണ്‍മന്റ്‌ നടത്തുന്നതാണീ ലക്ഷദ്വീപ്‌ കപ്പൽ സർവ്വീസ്‌. ടൂറിസ്റ്റുകൾക്കുള്ള പ്രത്യേക ക്യാബിനുകളുടെ എണ്ണം ഈ കപ്പലുകളിൽ നന്നേ കുറവാണ്‌. ഓപ്പൺ ഡെക്കിൽ സഞ്ചരിക്കേണ്ടിവരുന്ന സാധാരണയാത്രക്കാർക്കുവേണ്ടിയുള്ള സർവ്വീസാണിത്‌. വളരെ തുച്ഛമായ യാത്രക്കൂലി മാത്രമേ ടിക്കറ്റ്‌ ചാർജ്ജായി അവർ ഈടാക്കുന്നുള്ളൂ, സാധാരണ ഡെക്ക്‌ ക്ലാസ്സിന്‌.
പിന്നീടുള്ള ഞങ്ങളുടെ യാത്രാനുഭവം സിങ്കപ്പൂരിൽ നിന്നും മലേഷ്യയിലേയ്ക്കുള്ളതായിരുന്നു. രണ്ടുപ്രാവശ്യം ആ കപ്പലിൽ യാത്രചെയ്യാനവസരം കിട്ടിയിട്ടുണ്ട്‌. സിങ്കപ്പൂരിൽ നിന്നും പുറപ്പെടുന്ന ആ ലക്ഷ്വറി കപ്പൽ മൂന്നുദിവസം കൊണ്ട്‌ മല്യേഷ്യയിലെ വിവിധ തുറമുഖങ്ങളിൽ ഇറങ്ങി, തിരികെ പുറപ്പെട്ട്‌ സിങ്കപ്പൂർതന്നെ എത്തുന്നു. ഞാൻ ഇതുവരെ, ഈ അമേരിക്കൻ യാത്രാക്കപ്പലിൽ കയറുംവരെ ധരിച്ചിരുന്നത്‌ ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത്‌ കടലിലൂടെ ഒഴുകി നടക്കുന്ന ആ സിങ്കപ്പൂർ കപ്പലാണെന്നായിരുന്നു. ഇപ്പോൾ ഞാനതു തിരുത്തുന്നു. ലക്ഷദ്വീപ്‌ കപ്പൽ ഒരു സാധാരണപാസഞ്ചർ ട്രെയിനാണെങ്കിൽ, സിങ്കപ്പൂർ കപ്പൽ ഒരു സൂപ്പർ എകസ്പ്രസ്‌ ട്രെയിനും, ഞങ്ങളിപ്പോൾ അമേരിക്കയിൽ സഞ്ചരിച്ച ഈ ആഡംബരക്കപ്പൽ നമ്മുടെ രാജധാനി എക്സ്പ്രസ്സ്‌ ട്രെയിനിന്‌ തുല്യവുമാണ്‌. 'കാർണിവൽ ക്രൂസ്‌ ലൈൻസ'​് (CARNIVAL CRUISE LINES) എന്ന ഷിപ്പിങ്ങ്‌ കമ്പനിയുടേതാണ്‌, പനാമയിൽ രജിസ്റ്റർ ചെയ്ത 'ഫാന്റസി ക്രൂസ്‌' (FANTASY CRUISE) എന്ന ഈ പടുകൂറ്റൻ കപ്പൽ. ലോകത്തെ ഏറ്റവും വലിയ യാത്രാക്കപ്പൽ കമ്പനിയാണു തങ്ങളുടേതെന്നു ഇവർ അവകാശപ്പെടുന്നു. ഈ കൂറ്റൻ കപ്പലിന്‌ 885 അടി നീളവും, 103 അടിവീതിയുമുണ്ട്‌. ഈ വമ്പന്‌ ഒരു 13 നില കെട്ടിടത്തിന്റെ ഉയരമാണ്‌. 13 ഡെക്കുകളാണ്‌ (നിലകൾ) ഇതിനുള്ളത്‌. 2500 യാത്രക്കാരെ ഒരേസമയം ഉൾക്കൊള്ളിക്കാനുള്ള സൗകര്യം ഉണ്ട്‌ ഈ കപ്പലിന്‌, 500 കപ്പൽ ജീവനക്കാരെയും.
അത്യസാധാരണമായ ഒരത്ഭുതലോകമാണ്‌ ഈ കപ്പലിന്റെ ഉൾവശം. അന്തർദ്ദേശീയ യാത്രക്കാരുടെ ഒരു സമ്മേളനരംഗം കൂടിയാണീ കപ്പൽ. ലോകത്തുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളെയും ഇതിൽ യാത്രക്കാരായി കാണാം. അതിനാൽ പ്രധാനപ്പെട്ട മിക്ക രാജ്യങ്ങളുടെയും ഭക്ഷണ സമ്പ്രദായത്തിനുതകുംവിധം വ്യത്യസ്തമായ ഏഴെട്ട്‌ റസ്റ്ററന്റുകൾ തന്നെ ഇതിൽ പ്രവർത്തിക്കുന്നു. ഇൻഡ്യൻ ഭക്ഷണവും കപ്പലിൽ ലഭ്യമാണ്‌.
ഈ കപ്പലിലെ യാത്രക്കൂലി ഈടാക്കുന്നത്‌ ഭക്ഷണച്ചെലവ്‌ കൂടി ഉൾപ്പടെയാണ്‌; മൂന്ന്‌ ദിവസത്തേക്ക്‌ സുമാർ 32000/-രൂപ. ഭക്ഷണവിഷയത്തിൽ അക്ഷന്തവ്യമായ ഒരു ധൂർത്ത്‌, ഞാനീ കപ്പലിലെ ഡൈനിങ്ങ്‌ ഹാളുകളിൽ കണ്ടു. 3 രാത്രിയും 4പകളും സഞ്ചരിക്കുന്ന ഈ കപ്പലിൽ ഒരു ദിവസം 8 നേരത്തെ ഭക്ഷണമാണ്‌ കപ്പൽ കമ്പനി ഓഫർ ചെയ്യുന്നത്‌. ആ ഭക്ഷണക്രമത്തിന്റെ പേരുകൾ പോലും വിചിത്രമാണ്‌.
EARLY BREAK FAST, BREAK FAST, LUNCH, LATE LUNCH, TEA AND SNACKS, EARLY DINNER, DINNER, MID NIGHT DINNER.
ഇതിനിടയ്ക്ക്‌ ചായ, കാപ്പി, പാൽ, വിവിധതരം കോളകൾ, ഫ്രൂട്ട്‌ ജ്യൂസ്‌, ഐസ്ക്രീം, പുഡ്ഡിങ്ങ,​‍്‌ ലോകത്തുള്ള സകല പഴവർഗ്ഗങ്ങളും വരെ, യഥേഷ്ടം ലഭ്യമാണ്‌. (Midnight Dinner)അഥവാ ഇടയത്താഴ സമയം കൂടി അറിഞ്ഞിരിക്കുന്നതു രസകരമാണ്‌, രാത്രി രണ്ടു മണിക്ക്‌ .
ഈ എട്ടുനേരവും ഒരു പ്രാവശ്യം പോലും മുടങ്ങാതെ ഭക്ഷണം ഉളളിലാക്കുന്ന യാത്രക്കാർ വളരെയുണ്ട്‌ എന്നും അറിവായി.
ഏതു യാത്രക്കാരനും, ഈ ഓരോ റസ്റ്ററന്റിലും, ഡൈനിങ്ങ്‌ ഹാളിലും എപ്പോൾ വേണമെങ്കിലും കടന്നുചെല്ലാം, ആവശ്യമുള്ളതെന്തും സ്വന്തമായി (ബുഫെ സമ്പ്രദായമാണ്‌) എടുത്തു കഴിക്കുകയും ചെയ്യാം.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കോഫിഷോപ്പും കപ്പലിൽ ഉണ്ട്‌.
ഏഴു സ്വിമ്മിങ്ങ്‌ പൂളുകളാണ്‌ കപ്പലിനുള്ളിൽ. അവയിൽ രണ്ടെണ്ണമാകട്ടെ, ചൂടുവെള്ളം നിറച്ചതാണ്‌.
കപ്പലിൽ, രണ്ടുപേർക്കുവീതമുള്ള ഇ.സി ക്യാബിനുകളാണ്‌ ഒക്കെയും. മുറികൾക്ക്‌ മോശമല്ലാത്ത വലിപ്പവുമുണ്ട്‌. സിങ്കപ്പൂർ കപ്പലിൽ തീരെ ഇടുങ്ങിയ മുറികളായിരുന്നുവേന്നത്‌ ഓർക്കുന്നു. മുറിക്കുള്ളിൽ എല്ലാം സജ്ജീകരിച്ചിട്ടുണ്ട്‌. ടെലിഫോൺ, ടി.വി, മിനിഫ്രിഡ്ജ്‌ മുതൽ വസ്ത്രങ്ങൾ ഇസ്ത്രിയിടാൻ ഇലക്ട്രിക്‌ അയൺവരെ. എന്നും പുലർച്ചയ്ക്ക്തന്നെ കപ്പൽകമ്പനി, യാത്രക്കാർക്ക്‌ വേണ്ടി പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലീഷ്‌ ദിനപ്പത്രവും, വാതിലിനടിയിലൂടെ ഉള്ളിലേയ്ക്ക്‌ തിരുകി വച്ചിട്ടുണ്ടാവും.
ക്യാബിനുകൾ രണ്ടു തരമുണ്ട്‌; ഒന്ന്‌ പുറത്തേയ്ക്ക്‌ ജനാല ഉള്ള 'OCEAN VIEW CABINS' അടുത്തത്‌ കപ്പലിനു മദ്ധ്യഭാഗത്തുള്ള "STATE ROOM CABINS' അകത്തെ മുറികൾക്ക്‌ പുറത്തേയ്ക്ക്‌ ദൃശ്യമില്ല. പ്രത്യേകനിരക്ക്‌ അടച്ച്‌, 'ഓഷൻ വ്യൂ' തന്നെ ഞാൻ മുൻകൂട്ടി ബുക്ക്‌ ചെയ്തിരുന്നതു ഏറെ നന്നായി എന്നത്‌, മദ്ധ്യർറൂമുകൾ കിട്ടിയവരിൽ നിന്നും മനസ്സിലായി. സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ക്യാബിനിലിരുന്ന്‌ പുറത്തേക്ക്‌ നോക്കിയാൽ ചുറ്റും കടലിൽ ആകാശച്ചെരുവിന്റെ തിളങ്ങുന്ന ചക്രവാളമാണ്‌ മുഖ്യകാഴ്ചയെങ്കിലും, ഉൾക്കടലിൽ മുങ്ങിപ്പൊങ്ങുന്ന തിമിംഗലങ്ങളെയും വമ്പൻ സ്രാവുകളെയും ഈ ജലപാതയിലൂടെതന്നെ നീങ്ങുന്ന മറ്റനേകം കപ്പലുകളെയും കണ്ടുകൊണ്ടിരിക്കുക കൗതുകകരമാണ്‌. ചില കപ്പലുകൾ നമുക്കരികിലൂടെ സമാന്തരമായി ദീർഘനേരം സഞ്ചരിക്കുന്നതു കണ്ടിരിക്കുന്നതും രസകരമായിരുന്നു.
ഇതിലൊക്കെ കൗതുകകരമായി എനിക്ക്‌ തോന്നിയ ഒന്ന്‌, നട്ടുച്ച നേരത്ത്‌ പുറത്ത്‌ പെയ്ത ഒരു പേമാരി, ർറൂമിലെ കണ്ണാടി ജനാലയിലൂടെ കണ്ട കാഴ്ചയാണ്‌. ഇത്ര വിശാലമായ ഒരു തലത്തിൽ, അനന്തദൂരം വരെ പരന്നുകാണുന്ന കോരിച്ചൊരിയുന്ന മഴ, ഇടയ്ക്കിടെ ഇടിവെട്ടൽ ശബ്ദത്തിന്റെയും മിന്നൽപ്പിണറുകളുടെയും അകമ്പടിയോടെ, ഒഴുകിനീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിലിരുന്ന്‌ കാണുക, എത്ര രസകരമാണ്‌.
ക്യാബിനുള്ളിലിരുന്നുള്ള ജനാലക്കാഴ്ച രസകരമായിരുന്നെങ്കിലും, ഞാനും ഭാര്യയും അധികസമയവും ഏറ്റവും മുകളിലെ ഓപ്പൺ ഡെക്കിൽപ്പോയി സമയം ചെലവഴിക്കയാണു ചെയ്യാറുണ്ടായിരുന്നത്‌. അവിടെ മുകൾത്തട്ടിൽ വലിയൊരു സ്വിമ്മിങ്ങ്‌ പൂളും അതിനരികിൽ ചുറ്റും ഇരിക്കാൻ പ്ലാസ്റ്റിക്‌ കസേരകളും, കിടന്നു മയങ്ങാൻ കട്ടിലുകളുമൊക്കെ യഥേഷ്ടം ഇട്ടിരുന്നു.
ഒരു ദിവസത്തെ തുടർച്ചയായ യാത്രയ്ക്കുശേഷം അർദ്ധരാത്രിയിലെപ്പഴോ കപ്പൽ നാസോ തുറമുഖത്തെത്തി നങ്കൂരമിട്ടു. നാസോ ഒരന്യരാജ്യമായതിനാൽ അവിടെ ഇറങ്ങുവാൻ താൽപര്യമുള്ളവർക്കൊക്കെ പ്രത്യേകപ്രവേശനരേഖകൾ നൽകി പുറത്ത്‌ പോകാനനുവദിച്ചു. യാത്രക്കാർ കൂട്ടത്തോടെ നാസോയിലിറങ്ങി.
ബഹാമസിന്റെ തലസ്ഥാനമാണ്‌ നാസോ. കേവലം 1.72 ലക്ഷം മാത്രമാണ്‌ ഇവിടത്തെ ജനസംഖ്യ. 17-​‍ാം നൂറ്റാണ്ടിൽതന്നെ ഇവിടെ ഇംഗ്ലീഷ്കാർ കുടിയേറിപ്പാർക്കുകയുണ്ടായി. 18-​‍ാം നൂറ്റാണ്ടിൽ ഇവിടം കടൽക്കൊള്ളക്കാരുടെ ഒരു സങ്കേതമായിത്തീർന്നു. ഇടയ്ക്കിടെ അതിക്രമിച്ചു കടന്നുകയറിയിരുന്ന സ്പെയ്ൻകാരുടെ ആക്രമണങ്ങളെ അകറ്റിനിർത്താൻ ഇംഗ്ലീഷ്കാർ നാസോയിൽ കോട്ടകൾ പണിതുയർത്തിയിരുന്നു. ഇന്നിതൊരു സുപ്രസിദ്ധമായ ഉല്ലാസകേന്ദ്രവും, വിനോദസഞ്ചാരമേഖലയുമാണ്‌.
കപ്പലിൽ നിന്നും ഞങ്ങളും ദ്വീപിലേക്കിറങ്ങി. പുറത്തു കഠിനമായ ചൂടുണ്ട്‌. രാവിലത്തെ വെയിലിനുപോലും അസാധാരണമായ ശക്തിയുള്ളതുപോലെ. അവിടത്തെ നിരവധി ഷോപ്പിങ്ങ്‌ സെന്ററുകളിൽ ഞങ്ങൾ കയറിയിറങ്ങി. അമേരിക്കയിലുള്ളതിനേക്കാൾ സാധനങ്ങൾക്ക്‌ വില അൽപ്പം കുറവാണിവിടെ. വലിയ ചില ഹോട്ടലുകൾ ഇവിടെ ഞങ്ങൾ കണ്ടു. കെട്ടിടങ്ങൾക്കൊന്നും മൂന്നു നിലയിൽ കൂടുതൽ ഉയരമില്ല. തുറമുഖത്ത്‌ മൂന്നു നാല്‌ മറ്റ്‌ യാത്രാക്കപ്പലുകളും നങ്കൂരമിട്ടിരുന്നു. ഈ കപ്പലുകളിലൂടെ വരുന്ന ടൂറിസ്റ്റുകളെ മാത്രം ആശ്രയിച്ചാണ്‌ ഇവിടെ കച്ചവടസ്ഥാപനങ്ങൾ നിലനിൽക്കുന്നത്‌. ഇവിടത്തെ വലിയ ഒരു ഡിപ്പാർട്ട്‌മന്റ്‌ സ്റ്റോറിനുള്ളിൽ ഞങ്ങൾ കയറി. ഇതിനുള്ളിലെ അലങ്കാരപ്പണികൾ എത്ര മനോഹരം. ഇത്രയും ആഡംബരപൂർവ്വം ഭംഗിപിടിപ്പിച്ച ഒരു വ്യാപാരശാല അമേരിക്കയിൽ പോലും ഞങ്ങൾ കണ്ടില്ല.
വ്യാപാര ഹാളിന്റെ ഉള്ളിലെവിടെ നിന്നോ ഒരു ഉപകരണസംഗീതനാദം ഒഴുകിവരുന്നു. കാതിന്‌ ഇമ്പം പകർന്ന ആ സംഗീതവീചികളുടെ ഉറവിടം തേടി ഞാൻ ഉള്ളിലേയ്ക്ക്‌ നടന്നു. അവിടെ, ഹാളിന്റെ ഒരരികിൽ, സുഗന്ധദ്രവ്യങ്ങളുടെ സെക്ഷണടുത്തുനിന്നാണ്‌ ആ നാദം ഉയർന്നിരുന്നത്‌.
അതൊരു പിയാനോയിൽ നിന്നും ഉയർന്ന നാദവീചികളായിരുന്നു. അതിസുന്ദരിയായ ഒരു നീഗ്രോ യുവതി അവിടെയിരുന്ന്‌ പിയാനോ വായിക്കുന്നു. എനിക്ക്‌ ഏറ്റവും ഇഷ്ടമുള്ള ഒരു സംഗീത ഉപകരണമാണ്‌ പിയാനോ. കേട്ടുപരിചിതമായ ഏതോ ഇംഗ്ലീഷ്‌ ഗാനമാണവൾ പ്ലേ ചെയ്യുന്നത്‌. ഞങ്ങൾ അരമണിക്കൂറോളം സമയം എല്ലാം മറന്ന്‌ ആ നാദലഹരിയിൽ ലയിച്ചു നിന്നു. പുറത്തിറങ്ങാൻ സമയമായി. മടങ്ങിപ്പോകാൻ നേരത്താണ്‌ ശ്രദ്ധിച്ചതു, അവൾ പ്ലേ ചെയ്യുന്ന പിയാനോയ്ക്കരികിലെ ചെറിയൊരു മേശമേൽ ഒരു ചതുര ഗ്ലാസ്സ്‌ പാത്രം വച്ചിരിക്കുന്നു. അതിൽ കുറെ ഡോളർ കറൻസികൾ വീണു കിടപ്പുണ്ട്‌. സംഗീതം ആസ്വദിക്കുന്നവർ നൽകുന്ന ടിപ്പ്‌ ആവാം അതെന്നു മനസ്സിലായി. എന്തേ ഇത്‌, ഈ വ്യാപാര സ്ഥാപനത്തിന്റെ വകയായുള്ള സംഗീതവിരുന്നല്ലേ?
ഞാൻ 5 ഡോളർ ആ പാത്രത്തിൽ നിക്ഷേപിച്ചു. സ്നേഹിതൻ മധുസൂദനനും. പിയാനോവനിത തലകുനിച്ചു നന്ദി പ്രകടപ്പിച്ചു.
ഞങ്ങൾ അവിടെ നിന്നും ഓരോ പെർഫ്യൂം ബോട്ടിലും വാങ്ങി പുറത്തിറങ്ങി. വെയിൽ നാളങ്ങൾ ജ്വലിച്ചു നിൽക്കുന്ന സ്ട്രീറ്റിലേയ്ക്കിറങ്ങി, നടന്നകലുമ്പോൾ നേർത്ത ശബ്ദത്തിൽ ആ പിയാനോസംഗീതം അപ്പൊഴും ഞങ്ങളെ പിൻതുടരുന്നുണ്ടായിരുന്നു.
റോഡിൽ പരുക്കന്മാരായ നീഗ്രോചെറുപ്പക്കാർ ചില കൗതുകവസ്തുക്കളുടെ വിൽപ്പനയുമായി കറങ്ങിനടക്കുന്നുണ്ട്‌. അവരുടെ ശബ്ദത്തിനുപോലും തെല്ലും മാർദ്ദവമില്ല.
അധികനേരം പുറത്തെ ചൂടിൽ വെന്തുരുകാൻ നിൽക്കാതെ ഞങ്ങൾ ഉടൻതന്നെ കപ്പലിനുള്ളിൽ കയറി, ഭക്ഷണം കഴിച്ച്‌, ക്യാബിനുള്ളിലെ ഇ.സി യുടെ തണുപ്പിൽ ലയിച്ച്‌ വിശ്രമിക്കാനൊരുങ്ങി.
ബഹാമസിലേയ്ക്കുള്ള യാത്രയാണ്‌ ഈ കപ്പലിന്റെ ഏക പരിപാടിയെങ്കിലും ഈ ഒരു സ്ഥലം സന്ദർശിക്കുക എന്നതുമാത്രമല്ല മുഖ്യമായ വിഷയം, പലരും നാസോയിലേയ്ക്ക്‌ കപ്പലിൽ നിന്നു പുറത്തിറങ്ങിയിട്ടു തന്നെയില്ല.
മൂന്നുനാലു ദിവസത്തെ സുഖകരമായ ഒരു കപ്പൽ യാത്ര, അതൊരനുഭവമാണ്‌, ഈ അനുഭവം ആസ്വദിക്കാനാണ്‌ കടൽത്തീരമില്ലാത്ത നിരവധി അമേരിക്കൻ സ്റ്റേറ്റുകളിൽ നിന്നുപോലും ടൂറിസ്റ്റുകൾ ഇതിൽ കയറുന്നത്‌. നമ്മുടെ രാജ്യത്തുതന്നെ, തീരക്കടലിനകലെയുള്ള എത്രയോ ഇൻഡ്യൻ സംസ്ഥാനങ്ങളിൽ ജീവിക്കുന്നവർ, ചിത്രത്തിലോ ടി.വിയിലോ സിനിമ സ്ക്രീനിലോ അല്ലാതെ കടൽ നേരിൽ കണ്ടിട്ടുണ്ടാവില്ല. അത്തരം സാഹചര്യങ്ങളുള്ള നിരവധി സ്റ്റേറ്റുകളുണ്ട്‌ അമേരിക്കയിൽ. അവർ വിനോദത്തിനെത്തുന്നതും ഈ കപ്പൽ യാത്രകളിലൂടെയാവാം.
എങ്കിലും ഒരു കാര്യം ശ്രദ്ധിച്ചു, യാത്രക്കാരിൽ ണല്ലോരു ശതമാനം കറുത്ത വർഗ്ഗക്കാരാണ്‌. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ. അവിടത്തെ സമ്പന്നർ. ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത, പട്ടിണിമരണങ്ങൾ സർവ്വസാധാരണമായ ആ ആഫ്രിക്കൻ രാജ്യങ്ങളിലെ ഈ സമ്പന്നവർഗ്ഗം 8 നേരത്തെ ഭക്ഷണവും ആസ്വദിച്ച്‌ ഇവിടെ കപ്പലിൽ സുഖിച്ചുമറിയുമ്പോൾ, തങ്ങളുടെ നാട്ടിലെ പട്ടിണിപ്പാവങ്ങളെപ്പറ്റി ഒരു നിമിഷമെങ്കിലും ഓർക്കാൻ തയ്യാറാവുമോ. ഇവിടെ, അവർ എച്ചിലാക്കി ടേബിളിലുപേക്ഷിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ മാത്രം മതി, ആ ദരിദ്രനാടുകളിലെ എത്രയോ ഗ്രാമങ്ങൾക്ക്‌ വിശപ്പടക്കാൻ.
പെട്ടെന്ന്‌ ഞാൻ ബോധവാനായി. എന്തിന്‌ ആഫ്രിക്കയിൽ നിന്നുള്ളവരെ പ്രതിക്കൂട്ടിൽ കയറ്റണം, ഞാനോ? എന്റെ നാട്ടിലുമില്ലേ പട്ടിണിപ്പാവങ്ങൾ. ഞാനീ സന്ദർഭത്തിൽ അവരെ ഓർക്കുന്നുണ്ടോ?
ഹോളിഡേ ആഘോഷിക്കാൻ വന്നെത്തിയ ഞാൻ ഇതൊക്കെ വിചാരിച്ച്‌ മനസ്സിന്റെ സ്വസ്ഥത എന്തിനു കളയണം എന്നു തീരുമാനിച്ച്‌, അത്തരം ചിന്തകളിൽ നിന്നും ബോധപൂർവ്വം പെട്ടെന്ന്‌ പിൻവാങ്ങി.
ഒരു പൂർണ്ണദിവസം നാസോയിൽ നങ്കൂരമിട്ടു കിടന്നിട്ട്‌ പിറ്റേന്ന്‌ കപ്പൽ തുറമുഖം വിട്ടു. മൂന്നാം നാൾ ഞങ്ങൾ അമേരിക്കയിൽ തിരിച്ചെത്തുകയും ചെയ്തു. കപ്പലിൽ നിന്നു തന്നെ പ്രാതൽ കഴിച്ചിട്ടാണ്‌ ഞങ്ങൾ കരയ്ക്കിറങ്ങിയത്‌.
കപ്പലിൽ വച്ച്‌, നാസോയിലിറങ്ങും മുമ്പു തന്നെ ടൂർകമ്പനി മാനേജർ മൂന്നാര്റിയിപ്പ്‌ തന്നിരുന്നു, അവിടെ ദ്വീപിലിറങ്ങി എന്തും വാങ്ങാം, ക്യൂബൻചുരുട്ടുകളൊഴികെ. ലോകപ്രസിദ്ധമായ ക്യൂബൻ ചുരുട്ടുകൾ (CIGARS) അമേരിക്കയിൽ ഇറക്കാൻ അനുവാദമില്ല. മാത്രമല്ല, കൊണ്ടുവരുന്നവരെ ശിക്ഷിക്കുകയും ചെയ്യും.
ബഹാമസിനു വളരെ അകലെയല്ല അമേരിക്കയുടെ ആജന്മശത്രുവായ, ലോകത്ത്‌ ഇപ്പോഴും കമ്മ്യൂണിസം നിലനിൽക്കുന്ന അപൂർവ്വരാജ്യങ്ങളിലൊന്നായ ക്യൂബ; ഫീഡൽ കാസ്ട്രോയുടെ ക്യൂബ. അമേരിക്ക എത്രയോ പതിറ്റാണ്ടുകളായി കിണഞ്ഞു പരിശ്രമിച്ചിട്ടും ക്യൂബയെ തങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. അവർ ഒരു തരത്തിലും അമേരിക്കയെ അംഗീകരിച്ചിട്ടുമില്ല. ആ കൊച്ചു രാജ്യത്തോട്‌ തോൽവി സമ്മതിച്ച അമേരിക്ക, ഇപ്പോൾ ഇത്തരം ചെറിയ പൊടിക്കൈകളിലൂടെ ക്യൂബയോട്‌ പ്രതികാരം ചെയ്ത്‌ സ്വയം ആശ്വാസം കൊള്ളുകയാണ്‌.
ക്യൂബയോട്‌ അമേരിക്ക സ്വീകരിച്ചിട്ടുള്ള നയം വിമർശനവിധേയമാണെങ്കിൽപോലും ഒരു യാഥാർത്ഥ്യം മറച്ചുവയ്ക്കാനാവില്ല. കഴിഞ്ഞ പത്തറുപത്‌ വർഷക്കാലം കമ്മ്യൂണിസ്റ്റ്‌ ഭരണത്തിൻ കീഴിൽ കഴിഞ്ഞിട്ടും ക്യൂബയിലെ ജനങ്ങൾക്ക്‌ മാന്യമായ വരുമാനമോ, അവശ്യമായ ജിവിതസൗകര്യങ്ങളോ ഉണ്ടാക്കിക്കൊടുക്കാൻ ഭരണകൂടത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്‌, കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിലെ ഒരു അപചയത്തെയാണ്‌ സൂചിപ്പിക്കുന്നതെന്നു വിലയിരുത്തപ്പെടുന്നു.
ഇമിഗ്രേഷൻ, പരിശോധനകൾ കഴിഞ്ഞു. കസ്റ്റംസ്‌ ചെക്കിങ്ങിനിടയിൽ ഒരു ഓഫീസർ, അൽപ്പം ഉറക്കെത്തന്നെ പൊതുവായി എല്ലാവരോടുമെന്ന നിലയിൽ ചോദിച്ചു.
" ആരുടെയെങ്കിലും പക്കൽ ക്യൂബൻ ചുരുട്ടുകൾ ഉണ്ടോ...............?"
"നോ സർ............................." എല്ലാവരും ഒരേ സ്വരത്തിൽ മറുപടി പറഞ്ഞപ്പോൾ, ക്യൂബൻ ഗവണ്‍മന്റിനെ മുട്ടുകുത്തിച്ചുവേന്ന സംതൃപ്തഭാവത്തോടെ അയാൾ, ആ ഓഫീസർ പറഞ്ഞു, "ശരി..... കടന്നു വന്നോളൂ...."
പെട്ടിയൊന്നും അവർ തുറന്നു നോക്കാൻ തുനിഞ്ഞുമില്ല. ഞങ്ങൾ പുറത്തിറങ്ങി, മൂന്നുനാളിനുശേഷം വീണ്ടും അമേരിക്കൻ വായു ശ്വസിച്ചുകൊണ്ട്‌ ഓർലന്റോയിൽ കാലുകുത്തി.
ezhuth online may 2010
എഡിറ്റോറിയൽ


ജോസ്‌ മൈലാൻ

book review

column


sukshmananda swami


മാത്യൂ നെല്ലിക്കുന്നു

സുകുമാർ അരിക്കുഴ

അംബിക


ഡോണ മയൂര

ബ്രിന്ദ

രാജനന്ദിനി


എ. ക്യു മഹ്ദി

സത്യ നാരായണൻ

ആഷ ശ്രീകുമാർ

രാജേഷ്‌

സി .ഗണേഷ്‌

കെ.പി.എം. നവാശ്‌

ശ്രീദേവി നായർ

ഇന്ദിരാബാലൻ

കയ്യുമ്മു കോട്ടപ്പടി

എം. കെ. ജനാർദ്ദനൻ

വേണു വി ദേശം

ആർ മനു

ഷീല ടോമി

ബാബുരാജ്‌ ടി. വി.

സാജു പുല്ലൻ/അനിൽ ശിവൻ

വിജയൻ വിളക്കുമാടം

സതീശൻ ഇരിട്ടി


മറ്റു വായനകൾ

എം. കെ. ഹരികുമാർ

sukumar azhikode

v k prabhakaran

p somanathan

dr. rosy thampy

dr. e sandhya

seema sreehari menon


 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.