Showing posts with label saju pullan. Show all posts
Showing posts with label saju pullan. Show all posts

Wednesday, March 7, 2012



സാജു പുല്ലൻ

സമരങ്ങളുടെ ചരിത്രമില്ലാത്ത സ്വാതന്ത്രം....
രക്ത സാക്ഷ്യങ്ങൾ ഇല്ലാത്തത്‌
പെറ്റിട്ടപ്പോൾ കിട്ടിയത്‌.

ഊടുവഴികളിൽ മൂത്രം ഇറ്റിച്ചും
ദാഹിച്ചപ്പോൾ ഓടവെള്ളം കുടിച്ചും
വിശന്നപ്പോൾ മണം പിടിച്ചും
തളർന്നു വീണിടത്തുറങ്ങിയും
എന്നും സ്വാതന്ത്ര്യദിനാഘോഷം....

താനേ വളർന്നു
കാമ പ്രായത്തിലും തനിയേ നടന്നു....

ഉറക്കം ഞെട്ടിയ ചില പാതിരകളിൽ
ഉറക്കെ കുരച്ചു
ആരും കേൾക്കാനല്ല
കുരക്കാത്ത പട്ടി -
ശ്ശൊ- എന്തൊക്കെയാണ്‌ ഞാനീ എഴുതിക്കൂട്ടുന്നത്‌?

എഴുതുന്നത്‌
ഒരു തെരുവുജീവിയുടെ ചരിത്രമാണെങ്കിലും;
ഉപമകൾക്കിത്തിരി
ന്യായമൊക്കെ വേണ്ടയോ? -

അത്താഴമുണ്ടവൻ ഉപേക്ഷിച്ച എച്ചിലിലയിൽ
പറ്റിപിടിച്ചിരുന്ന വറ്റിനുവേണ്ടി
പട്ടിയുമായി മത്സരിച്ചപ്പോൾ
പട്ടികടിച്ചവനെ
പട്ടിയോടുപമിക്കാമോ-?....

Monday, August 29, 2011







സാജു പുല്ലൻ

ഉയർന്നുപൊങ്ങി

അതിർത്തിക്ക്‌ അപ്പുറത്ത്‌ ആനപ്പറമ്പിൽ

രണ്ടുനിലയുള്ള വീട്‌

അഞ്ച്‌ കിടപ്പറ

ഹാൾ അടുക്കള

സിറ്റൗട്ട്‌ കാർപോർച്ച്‌ ഗാർഡൻ

മാർബിളിൽ തിളങ്ങിമുറ്റം

മുറികൾ വിട്രിഫൈഡ്‌ ടെയിൽസിൽ

ലക്ഷങ്ങളായിട്ടുണ്ടാവും,

അതിർത്തിക്കിപ്പുറത്തെ അണ്ണാൻ കുടിയിലെ ഓലക്കൂട്ടിലിരുന്ന്‌

അയാളും വീട്ടുകാരിയും കണക്കുകൂട്ടി

ഉച്ചക്ക്‌ പോകണം *പേരകുടിക്ക്‌ -ക്ഷണിച്ചിട്ടില്ലെങ്കിലും

ഇല്ലെങ്കിൽ

കുറുക്കൻപറമ്പിലെ അയൽക്കാർ പറയും;

ഹൊ-അസൂയക്കും കഷണ്ടിക്കും മരുന്നില്ല!

*പേരകുടി - ആദ്യത്തെ പാലുകാച്ചലും സദ്യയും.



Thursday, March 31, 2011


saju pullan




എനിക്ക്‌ വേണ്ടിയിരുന്നത്‌
അടിവയറ്റിൽ കുരുത്തത്‌ പിറക്കാനുള്ള ശുശ്രൂഷയും
അതിന്‌ താലിയുറപ്പുമായിരുന്നു
അവൻ കുറിച്ചതാകട്ടെ
അതിനെ കളയുന്ന മരുന്ന്‌

വൈദ്യൻ കൽപിച്ച മരുന്ന്‌
കുപ്പകുഴിക്ക്‌ തിന്നാൻ കൊടുത്തു
പകരം
സ്വയം കുറിച്ച മരുന്ന്‌
മുമ്പിൽ വച്ചിതുമാത്രം
മരണക്കുറിപ്പിലപേക്ഷിക്കുന്നു
കുറ്റവാളിയാക്കരുതേ കൂടപ്പിറപ്പുകളേ...
കണ്ണീരിൽ മുക്കിയിത്‌ തിന്നതിന്‌...

Tuesday, February 1, 2011


saju pullan

അവൻ ചിറകുള്ള ഒരു പാമ്പായിരുന്നു
പറുദീസയിൽ നിന്നവൻ
ഭൂമിയിലേക്ക്‌ പറന്നിറങ്ങി;
പറുദീസ വാഴുന്ന പാപികളുടെ
പടയാളിയാവാൻ വേണ്ട യോഗ്യതയെങ്കിലും
അവനില്ലായിരുന്നു പോലും!
മണ്ണിലെ രാജാക്കന്മാർക്കവൻ
പാതാളത്തിന്റെ മാലാഖയായിരുന്നു
അവർക്കറിയേണ്ടിയിരുന്നത്‌
അവിടത്തെ രഹസ്യങ്ങളെപ്പറ്റിയായിരുന്നു
പാതാളത്തിന്റെ സൗന്ദര്യങ്ങളറിയുവാൻ
അവൻ അവിടേക്ക്‌ ഇഴഞ്ഞു.
മുള്ള്‌ മുളച്ച വഴികളിലൂടെയായിരുന്നു യാത്രയെങ്കിലും
തളരുമ്പോൾ കിടക്കാൻ
കാഞ്ഞിരമെത്തയുണ്ടായിരുന്നു
വിശക്കുമ്പോൾ തിന്നാൻ നരകാഗ്നിയും
മുറിവുണങ്ങാൻ ഏറ്റവും നല്ലത്‌ ഉപ്പുവെള്ളമാണെന്ന്‌
ആ യാത്രയിലാണവൻ കണ്ടുപിടിച്ചതു
പക്ഷേ കണ്ണിൽ നിന്നത്‌ താനേ ഇറ്റണം
സ്വന്തം രക്തം പാനം ചെയ്ത്‌
ദാഹിക്കുന്നവർക്കവൻ മാതൃകയായി
അതുകൊണ്ടൊക്കെ ആയിരിക്കാം
അവന്റെ വാക്കുകൾ പതിഞ്ഞ പുസ്തകതാളുകളിൽ
തീ തീ
എന്ന്‌ നമ്മൾ ആർത്തു വിളിച്ചതു
അവന്റെ വാക്കുകൾ നുണഞ്ഞ
നമ്മുടെ ഹൃദയങ്ങൾ രക്തം രുചിച്ചതു
അഗ്നി മദ്ധ്യേ പൊള്ളിയും
രക്തം പുളിച്ചും ആയിരിക്കുന്നോടത്തോളം കാലം
ഓർക്കുക
നമ്മെ ഉപേക്ഷിച്ച്‌ പോവില്ലവൻ
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.