Wednesday, March 7, 2012



സാജു പുല്ലൻ

സമരങ്ങളുടെ ചരിത്രമില്ലാത്ത സ്വാതന്ത്രം....
രക്ത സാക്ഷ്യങ്ങൾ ഇല്ലാത്തത്‌
പെറ്റിട്ടപ്പോൾ കിട്ടിയത്‌.

ഊടുവഴികളിൽ മൂത്രം ഇറ്റിച്ചും
ദാഹിച്ചപ്പോൾ ഓടവെള്ളം കുടിച്ചും
വിശന്നപ്പോൾ മണം പിടിച്ചും
തളർന്നു വീണിടത്തുറങ്ങിയും
എന്നും സ്വാതന്ത്ര്യദിനാഘോഷം....

താനേ വളർന്നു
കാമ പ്രായത്തിലും തനിയേ നടന്നു....

ഉറക്കം ഞെട്ടിയ ചില പാതിരകളിൽ
ഉറക്കെ കുരച്ചു
ആരും കേൾക്കാനല്ല
കുരക്കാത്ത പട്ടി -
ശ്ശൊ- എന്തൊക്കെയാണ്‌ ഞാനീ എഴുതിക്കൂട്ടുന്നത്‌?

എഴുതുന്നത്‌
ഒരു തെരുവുജീവിയുടെ ചരിത്രമാണെങ്കിലും;
ഉപമകൾക്കിത്തിരി
ന്യായമൊക്കെ വേണ്ടയോ? -

അത്താഴമുണ്ടവൻ ഉപേക്ഷിച്ച എച്ചിലിലയിൽ
പറ്റിപിടിച്ചിരുന്ന വറ്റിനുവേണ്ടി
പട്ടിയുമായി മത്സരിച്ചപ്പോൾ
പട്ടികടിച്ചവനെ
പട്ടിയോടുപമിക്കാമോ-?....

 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.