വിവർത്തനം: വി.രവികുമാർ
എന്റെ നേർക്കു പറക്കുമ്പോൾ, പ്രിയേ,
എന്തിതു, നിന്റെ കൈകളുടെ ചുണ്ടുകളിൽ?
എന്റെ ചുണ്ടുകളിൽ പൊടുന്നനേയവ
പറക്ക നിർത്തുന്നതുമെന്താവാം?
പണ്ടേ കണ്ടറിഞ്ഞിരിക്കുന്നവയെ ഞാനെ-
ന്നെനിക്കു തോന്നുന്നതുമെന്താവാം,
മുമ്പേ തൊട്ടിരിക്കുന്നു ഞാനവയെയെന്നപോലെ,
ജന്മമെടുക്കും മുമ്പേ പരിചയിച്ചിരിക്കുന്നവ
എന്റെ നെറ്റിയുമരക്കെട്ടുമെന്നപോലെ?
കാലത്തിനു മേൽ, കടലിനു മേൽ,
പുകയ്ക്കു മേൽ, വസന്തത്തിനു മേൽ പറ-
ന്നെന്നിലേക്കെത്തുന്നവയുടെ മാർദ്ദവം,
എന്റെ മാറത്തു നീ കൈകൾ വയ്ക്കുമ്പോൾ
എനിക്കോർമ്മ വരുന്നു,
ഒരു മാടപ്രാവിന്റെ പൊൻചിറകുകൾ,
ആ കളിമണ്ണും, ഗോതമ്പുനിറവും.
ഒരായുസ്സവയെത്തേടി ഞാനലഞ്ഞു.
കോണിപ്പടികൾ കേറി ഞാൻ,
നിരത്തുകൾ മുറിച്ചുകടന്നു,
തീവണ്ടികൾ എന്നെക്കൊണ്ടുപോയി,
തിരകളെന്നെയെത്തിച്ചു,
മുന്തിരിയുടെ ചർമ്മത്തിൽ
നിന്നെത്തൊട്ടുവെന്നും ഭ്രമിച്ചു ഞാൻ.
പിന്നെ കാട്ടുമരത്തിൽപ്പൊടുന്നനേ
നിന്റെ സ്പർശം ഞാനറിഞ്ഞു,
ബദാം ഘോഷിച്ചു
നിന്റെ നിഗൂഢമാർദ്ദവം,
പിന്നെയല്ലേ നിന്റെ കൈകൾ
എന്റെ മാറത്തണഞ്ഞു,
അവിടെ രണ്ടു ചിറകുകൾ പോലെ
അവയുടെ യാത്രയ്ക്കന്ത്യവുമായി.