Wednesday, March 7, 2012

എൻ.എസ്.സരിജ


ചൂളം വിളിച്ചു കൊണ്ട്‌ ഒരു കാറ്റ്‌ മലയിറങ്ങി വന്നു. അപ്പോഴും അകലങ്ങളിലേക്ക് അഴിഞ്ഞു വീഴുന്ന നോട്ടവുമായ് അയാള്‍ കാവലിരിക്കയാണ്. ആ ഒറ്റയടിപ്പാതയുടെ വിദൂരതയില്‍ അവളുടെ രൂപം തെളിയുന്നുവോ? ഇല്ല, അവള്‍ വരില്ല. എങ്കിലും അവസാനമില്ലാത്ത പ്രതീക്ഷകള്‍ പിന്നെയും മുന്നോട്ട് നടത്തുന്നു.

ഇലകൊഴിച്ചു നില്‍ക്കുന്ന റബ്ബര്‍മരങ്ങള്‍ക്കപ്പുറം മലഞ്ചെരുവില്‍ പാറക്കൂട്ടങ്ങളാണ്‌. അവയ്ക്ക് കുടയായി‍ തഴച്ചു വളരുന്ന ഊതൂണി മരങ്ങള്‍. ഓര്‍മ്മകളുടെ കുടീരം പോലെ അവയിന്നും തലയുയര്‍ത്തി നില്‍ക്കുന്നു. ഹൃദയത്തിലെ മുറിവുകള്‍ ഒന്നു വിങ്ങിയോ...? മലയിറങ്ങി വന്ന കാറ്റ് ആര്‍ദ്രമായ് താഴ്വരകളിലെങ്ങും വീശിത്തുടങ്ങി. അടക്കാനാവാത്ത ഒരു വേദനയില്‍ അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

ഇവിടെ ഇല കൊഴിക്കുന്ന മരങ്ങളും, നാരകത്തില്‍ നിന്ന് അടര്‍ന്നു വീഴുന്ന പൂക്കളും എന്നെ കാലത്തിന്‍റെ ഒഴുക്കറിയിക്കുന്നു; അയാളോര്‍ത്തു. ഒരിക്കല്‍ ഈ മലഞ്ചെരിവുകള്‍ കുറ്റിക്കാടുകളായിരുന്നു. കുന്നിക്കുരുവും കാട്ടുചെത്തിയും സമൃദ്ധമായി വളരുന്നയിടം. ഓണക്കാലങ്ങളില്‍ പൂക്കള്‍ തേടിവരുന്ന കുട്ടികളൊഴിച്ചാല്‍ എല്ലായ്പ്പോഴും ഈ മലയോരങ്ങള്‍ വിജനമാണ്. വായനശാലയില്‍ നിന്നെടുക്കുന്ന പുസ്തകങ്ങളുമായി നേരെ വരുന്നത് ഇവിടേക്കായിരുന്നു. ഈ കുന്നിന്‍ ചെരിവുകളിലിരുന്ന് റഷ്യയിലെ മഞ്ഞുകാലം വിഭാവനം ചെയ്ത നാളുകള്‍... ഇന്ന് മലഞ്ചെരിവുകളേറെയും തരിശ്ശായിരിക്കുന്നു. ബാക്കിയുള്ളിടത്ത് മുള്ളിന്‍ പൂക്കളും കലമ്പട്ടയും മാത്രം.

വരയും വര്‍ണ്ണങ്ങളും ലഹരിയും നഷ്ടപ്പെടുത്തിയ ഒരു ജീവിതത്തിന്‍റെ ബാക്കിപത്രം. വരച്ചു കൂട്ടിയ ചിത്രങ്ങളും മടുത്തു പോയൊരു മനസ്സുമായി ഗ്രാമത്തില്‍ വണ്ടിയിറങ്ങുമ്പോള്‍ മൂര്‍ച്ചയുള്ള ഒരായുധത്തിനായി സിരകള്‍ ദാഹിച്ചിരുന്നു. അന്ന്‌ എല്ലാം അവസാനിക്കേണ്ടതായിരുന്നു, അവസാനിപ്പിക്കേണ്ടതായിരുന്നു. പക്ഷെ...

ജീവിതത്തിലേക്ക് വീണ്ടും എന്നെ കൈപിടിച്ചുയര്‍ത്തിയത് അവളാണ്. എന്‍റെ കൌമാര സ്വപ്നങ്ങള്‍ക്ക് കളിപ്പറമ്പായ ആ മലയോരങ്ങളിലേക്ക് അവസാനമായി ഒരിക്കല്‍ക്കൂടി നടക്കണമെന്നു തോന്നിയ നിമിഷം. അത് അവളിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ യാത്രയിലെ ദൂരങ്ങള്‍ താണ്ടാന്‍ തനിക്കായില്ല എന്നയാള്‍ വേദനയോടെ തിരിച്ചറിഞ്ഞു. ഊതൂണി മരങ്ങളുടെ പച്ചപ്പില്‍ പുസ്തകത്താളുകളിലേക്ക് മുഖം പൂഴ്ത്തി അവളുണ്ടായിരുന്നു. ആ ഇലക്കൂടുകളില്‍ അവളുടെ സ്വപ്നങ്ങളുടെ തണുപ്പായിരുന്നു. ആത്മാവിലേക്കു വീണുകിട്ടിയ ആ തണുപ്പാണ്‌ ഇന്നും എന്‍റെ ജീവിതം.

കാറ്റിന്‍റെ ശബ്ദം നിറഞ്ഞ പാറക്കെട്ടുകള്‍ക്കിടയില്‍, തണല്‍ വിരിച്ചു നിന്ന ഊതൂണി മരങ്ങള്‍ക്കു താഴെ വിസ്മയം നിറഞ്ഞ കണ്ണുകളോടെ അവള്‍ അയാളെ നോക്കി നിന്നു. കാറ്റ്‌ ഇലകളിലടിച്ച്‌ ശബ്ദമുണ്ടാക്കുമ്പോള്‍ ഓര്‍മ്മകളും ഉള്ളില്‍ കലമ്പുന്നത് അയാളറിഞ്ഞു. മരണം അവളെക്കണ്ട് അയാളില്‍ നിന്ന് ദൂരെ മാറി നിന്നു. അക്ഷരങ്ങള്‍ ആത്മാവിനോട്‌ ചേര്‍ത്തു വച്ചവള്‍ നിറങ്ങള്‍ നെഞ്ചിലേറ്റിയവന്‍റെ വഴികാട്ടിയായി.

ജീവിതം ഒരിക്കല്‍ക്കൂടി എനിക്കവസരം നല്‍കുകയായിരുന്നു. ജയിക്കണം എന്ന്‌ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ ഒപ്പം അവളും. ഒടുവില്‍... വിജയങ്ങള്‍ കാണാന്‍ അവളുണ്ടായിരുന്നില്ല. ആത്മാവിലെ മുറിപ്പാടുകളെ തൊട്ടു വരുന്ന ഒരു നിശ്വാസത്തൊടെ അയാള്‍ മന്ത്രിച്ചു “അതെ തെറ്റ് എന്‍റേതാണ്, എനിക്കാണ്‌ തെറ്റിയത്‌. ആ പെണ്മനസ്സ് എന്‍റെ മനസ്സിലാക്കലുകളില്‍ നിന്നെത്രയോ ദൂരെയായിരുന്നു... “

ഇലക്കൂടാരങ്ങളില്‍ ഇരുട്ട്‌ വീഴാന്‍ തുടങ്ങിയ ഒരു സന്ധ്യ. ഏതു ശാപം പിടിച്ച നിമിഷങ്ങളിലാണ്‌ ഞാന്‍ അവളില്‍ ഒരു പ്രണയിനിയെ തേടിയത്‌? അവളുടെ സാന്ത്വനത്തിന്‌ , സ്നേഹത്തിന്‌ പ്രണയം എന്നര്‍ത്ഥം കൊടുത്തത്‌? മങ്ങിയ നാട്ടുവെളിച്ചം പരന്ന ഒറ്റയടിപ്പാതയില്‍ അവള്‍ക്കു പിന്നില്‍ ഞാന്‍ നിശബ്ദനായി നടന്നു. മരങ്ങള്‍ക്കിടയിലൂടെ മിന്നാമിനുങ്ങുകളുടെ പച്ച പ്രകാശം പറന്നു കളിക്കുന്നു. ഒറ്റയടിപ്പാതയുടെ അടുത്ത തിരിവില്‍ അവള്‍ യാത്ര പറയും. ഹൃദയത്തില്‍ ഒരു വ്യഥ നിറയുന്നത്‌ ഞാനറിഞ്ഞു. ഇലകൊഴിഞ്ഞ മരങ്ങള്‍ക്കു മേല്‍ നിലാവുദിച്ചു. അകലെ ഒറ്റയടിപ്പാത ഇരുവഴിയായി പിരിയുന്നു. ഒരു നിമിഷം.... അവളെ ഞാനെന്‍റെ നെഞ്ചോട്‌ ചേര്‍ത്തു. മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ കാറ്റ്‌ ഓടിയൊളിച്ചു. നിലാവിനുമേല്‍ വീണ്ടും ഇരുട്ട്‌ പരന്നു. എന്നില്‍ നിന്നു കുതറിമാറിയ അവളുടെ നേരെ നോക്കാന്‍ എനിക്ക്‌ ധൈര്യമുണ്ടായിരുന്നില്ല. നിശബ്ദതയുടെ ആ നിമിഷങ്ങളില്‍ ഞാനില്ലാതെയായിരുന്നെങ്കില്‍.... മങ്ങിയ നിലാവിലൂടെ അവള്‍ നടന്നു മറയുമ്പോള്‍ ഞാനറിഞ്ഞിരുന്നില്ല ഈ മലയോരങ്ങളില്‍ , ഇലക്കൂടാരങ്ങളില്‍ ഇനി ഞാനൊറ്റയ്ക്കാകുമെന്ന്.

ഒരു പെണ്‍കിളി കൂടുപേക്ഷിച്ചു പറന്നു പോയിരിക്കുന്നു. അതിന്‍റെ ഓരോ ചിറകടിയും എന്‍റെ ഹൃദയത്തില്‍ മുറിവുകളാകുന്നു. നിസ്സഹായതയുടെ, ഒറ്റപ്പെടലിന്‍റെ ആഴങ്ങളിലേക്ക് എന്നെ വലിച്ചെറിഞ്ഞ് നീ പോയതെന്തിന്? ഏതോ നിമിഷത്തില്‍ നിന്നോട് തോന്നിപ്പോയ പ്രണയം, അത് ഇത്രമാത്രം നിന്നെ വേദനിപ്പിച്ചിരുന്നോ? . താഴ്വരയുടെ ഏകാന്തയില്‍ ഇന്നും ഞാന്‍ തനിച്ചാണ്, അവളുടെ ഇലക്കൂടാരത്തിന് കാവലായ്. ഹൃദയത്തില്‍ ഒരു നീറ്റലായ് പറയാന്‍ മറന്ന ഒരു പിടി വാക്കുകള്‍, അത് കേള്‍ക്കാനായെങ്കിലും അവള്‍ വന്നെങ്കില്‍...
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.