Wednesday, March 7, 2012


രാം മോഹൻ പാലിയത്ത്

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ആറ് കിടിലന്‍ പരസ്യ തലക്കെട്ടുകളെപ്പറ്റി എഴുതാന്‍ തോന്നുന്നു.

1) ഓഞ്ഞാന്‍ മലയാളിക്കടകളുടെ പരസ്യങ്ങളില്‍ സ്ഥിരം കണ്ടു മടുത്ത ഒരു അവിഞ്ഞ വാചകമുണ്ട് - ഞങ്ങള്‍ക്ക് മറ്റെങ്ങും ബ്രാഞ്ചുകളില്ല [അതു വായിക്കുമ്പോഴെല്ലാം തോന്നാറുള്ളത് ‘നിങ്ങള്‍ക്ക് മറ്റെങ്ങും ബ്രാഞ്ചുകളില്ലെങ്കില്‍ എനിയ്ക്ക് ഡാഷണ്‘ എന്നാണ്]. ആ ബോറന്‍ വാചകം മാത്രം അതേപടി ഉപയോഗിച്ച് ക്രിയേറ്റിവിറ്റിയുടെ ആകാശം കാണിച്ച ഒരു പരസ്യമുണ്ട്. തൊണ്ണൂറുകളില്‍ മൌറീഷ്യസ് ടൂറിസത്തിനു വേണ്ടി ഇന്ത്യന്‍ പരസ്യ ഏജന്‍സിയായ ട്രികായ ഗ്രേ ചെയ്ത ആ പരസ്യം നെറ്റില്‍ തപ്പിയപ്പോള്‍ കിട്ടി. മൌറീഷ്യസിലെ മനോഹരമായ ഒരു ബീച്ച് ആ‍ണ് ചിത്രത്തില്‍. ഞങ്ങള്‍ക്ക് മറ്റെങ്ങും ബ്രാഞ്ചുകളില്ല്ല എന്ന് തലക്കെട്ട്. അക്കാലം മുതലേ പ്രധാനമായും ടൂറിസം കൊണ്ട് ജീവിക്കുന്ന മൌറീഷ്യസിന് ഒരു കിണ്ണങ്കാച്ചി അടിക്കുറിപ്പും അവര്‍ നല്‍കിയിരുന്നു:

മൌറീഷ്യസ്
99% ഫണ്‍, 1% ലാന്‍ഡ്

2) സ്പെയിനിലെ ഒരാര്‍ട്ട് ഗാലറിയ്ക്കുവേണ്ടി ആരോ ചെയ്ത ഒരു പരസ്യത്തില്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള യേശുക്രിസ്തുവിന്റെ ഒരു മനോഹര പെയ്ന്റിംഗാണ് വിഷ്വലില്‍. പണി പൂര്‍ത്തിയാക്കാന്‍ വേണ്ടി വീണ്ടും വരാമെന്നു പറഞ്ഞിട്ടുപോയ മറ്റൊരു മരപ്പണിക്കാരന്‍ എന്ന് തലക്കെട്ട്.

3) അവളൊരു ദേവതയായിരുന്നു എന്ന് മലയാളത്തില്‍ ഞാന്‍ വിളിക്കുന്ന ഷിവാസ് റീഗലിന്റെ ഒരു പരസ്യം ഫൊര്‍ച്യൂണ്‍ മാഗസിന്റെ ബാക്ക് കവറിലാണ് കണ്ടത്. കറുത്ത പശ്ചാത്തലം. മുകളിലെ ഷിവാസിന്റെ കുപ്പിയില്‍ നിന്ന് സ്വര്‍ണനിറമുള്ള ദേവത താഴെയുള്ള ഗ്ലാസിലെ ഐസ് കട്ടകളിലേയ്ക്ക് ഒഴുകി വീഴുന്ന ദൃശ്യം. Give an ordinary ice-cube its moment of glory എന്നു മാത്രം കോപ്പി. [ഇത്തിരി സ്വാതന്ത്ര്യമെടുത്ത് ആ വാചകം ‘ഒരു സാധാരണ ഐസുകട്ടയുടെ ജീവിതം സഫലമാക്കൂ‘ എന്നാക്കിയാലോ?]



4) 2002-ല്‍ ഇന്ത്യാ റ്റുഡെ ഇംഗ്ലീഷ് എഡിഷന്റെ ബാക്ക് കവറില്‍ കണ്ട ബജാജ് ഓട്ടോയുടെ പരസ്യമാണ് മറ്റൊന്ന്. മുംബൈയിലെ ലിയോ ബണെറ്റാണ് അതീവ മനോഹരമായ ആ പരസ്യത്തിന്റെ സൃഷ്ടാക്കള്‍. ചര്‍ക്കയില്‍ നൂല്‍ക്കുന്ന [നൂലല്ലേ നൂല്‍ക്കാന്‍ പറ്റൂ, അതുകൊണ്ട് ‘നൂല്‍ നൂല്‍ക്കുന്ന’ എന്നെഴുതുന്നില്ല] ഗാന്ധിജിയുടെ ഒരു പെയ്ന്റിംഗാണ് ദൃശ്യം. ചര്‍ക്കയുടെ ഇരുചക്രം മാത്രം ചലിപ്പിച്ച് ഒരു രാഷ്ട്രത്തെത്തന്നെ ചലിപ്പിച്ച മഹാത്മാവിനുള്ള ആദരമാണ് പരസ്യം. ‘Often, all it takes to move a nation are just two wheels' [പലപ്പോഴും ഒരു രാഷ്ട്രത്തെ ചലിപ്പിക്കാന്‍ രണ്ടു ചക്രം മതിയാകും] എന്നു മാത്രമാണ് ആകെ ഈ പരസ്യത്തിലുള്ള ടെക്സ്റ്റ്. രാഷ്ട്രത്തെ ചലിപ്പിക്കുന്ന ഇരുചക്ര നേതാവായ ബജാജിന്റെ ആത്മവിശ്വാസം വംഗ്യം.


5) Paco Rabanne എന്ന ആണുങ്ങളുടെ പെര്‍ഫ്യൂമിന്റെ പരസ്യം, പിറ്റേന്നു വെളുപ്പിന് കിടക്കയില്‍ തനിച്ചായ ആണും തലേന്ന് രാത്രി കൂടെയുണ്ടായിരുന്ന പെണ്ണും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണരൂപത്തിലാണ്. രാവിലെ വരുമ്പോള്‍ നിന്റെ പകൊ റബാന്‍ ഞാന്‍ മോഷ്ടിച്ചു എന്ന് പറയുന്നുണ്ട് പെണ്ണ്. ആണുങ്ങളുടെ പെര്‍ഫ്യൂം നിനക്കെന്തിനാ, രഹസ്യകാമുകന് കൊടുക്കാനോ എന്ന് തിരിച്ചടിക്കുന്നു ചെക്കന്‍. അല്ല, ഇന്നു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇത്തിരിയെടുത്ത് ഞാന്‍ ദേഹം മുഴുവന്‍ പുരട്ടും, എന്നിട്ട് നിന്നെപ്പറ്റിയുള്ള ഓരോ ചെറിയ കാര്യവും ഇന്നലെ നിന്നോടൊപ്പം പങ്കിട്ട രാത്രിയും ഓര്‍ക്കും എന്നാണ് പെങ്കൊച്ചിന്റെ മറുപടി. What is remembered is up to you എന്ന സൂപ്പര്‍ തലക്കെട്ടിന്റെ സ്ഥാനം പരസ്യത്തിന്റെ അടിഭാഗത്ത്.

Double-click to read
6) ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ പ്രസിദ്ധമായ മുദ്രാവാ‍ക്യമാണ് Keep Discovering. ദുബായ്-ലണ്ടന്‍ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചുകൊണ്ട് വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സ് ദുബായില്‍ ലോഞ്ച് ചെയ്തപ്പോള്‍ ഉപയോഗിച്ച സ്ലോഗന്‍ ‘Keep Discovering Until You Find the Best!

Man Cannot Live by Bread Alone എന്ന യേശുവചനം എന്നെങ്കിലും ഏതെങ്കിലും ജാം/ചീസ്/ബട്ടര്‍ ബ്രാന്‍ഡിന് തലക്കെട്ടാക്കണമെന്ന് എനിയ്ക്ക് മോഹമുണ്ട്. എന്നാല്‍ അതിലും വലിയ മോഹം ‘ഇന്ന് കട മുടക്കം’ 'Conditions Apply' എന്നീ വാചകങ്ങള്‍ ക്രിയേറ്റീവായി ഉപയോഗിക്കാനാണ്.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.