Wednesday, April 20, 2011


എം.കെ.ഹരികുമാർ 




നിശ്ചലമായിരിക്കുക എന്നതാണ്‌ പ്രകൃതിവിരുദ്ധമായിട്ടുള്ളത്‌. ആശയങ്ങളുടെ തലത്തിൽ നിശ്ചലമായിരിക്കൽ പലർക്കും അവകാശം പോലുമാണ്‌. വ്യവസ്ഥാപിതത്വം, എത്തിച്ചേരൽ, പൂർവ്വകാലത്തിന്റെ ഉടമസ്ഥാവകാശം എല്ലാം ആശയപരമായ നിശ്ചലമാകലാണ്‌. ചരിത്രത്തെ കണ്ടെത്താം; വ്യാഖ്യാനിക്കാം. എന്നാൽ ചരിത്രമാകാൻ ശ്രമിക്കുന്നത്‌ നിശ്ചലാവസ്ഥയാണ്‌. ചരിത്രത്തിൽ സംഭവിച്ചതിനൊപ്പം നിൽക്കാം. എന്നാൽ അതിനപ്പുറത്തേക്ക്‌ നോക്കാൻ വിസമ്മതിക്കുന്നത്‌, നാമെന്താണോ അത്‌ കണ്ടെത്താൻ തടസ്സമാകും.




 മനുഷ്യൻ ശരീരം മാത്രമാണെന്ന്‌ സ്ഥാപിക്കരുത്‌. ശരീരത്തിനുള്ളിൽ ചിന്തിക്കുന്ന ഒരു ജീവിയുമുണ്ട്‌. ചിന്തിക്കുന്ന ജീവികൾ മുന്നോട്ട്‌ വളരുകയാണ്‌ ചെയ്യുന്നത്‌. കാലത്തിലാണ്‌ ഈ വളർച്ച. ഭൂതകാലത്തിലേക്ക്‌ പോകുമ്പോൾ, അതും കാലത്തിലുള്ള വളർച്ചയാണ്‌. ഏതൊന്നാണോ നാമെന്ന്‌ വ്യക്തമായിക്കഴിഞ്ഞാൽ, സ്ഥിരീകരിച്ചാൽ, പിന്നെ വളർച്ചയില്ല. അതായിത്തീരാനുള്ള പ്രയത്നം മുഴുവൻ നിശ്ചലാവസ്ഥയെതന്നെ അഴിക്കുകയും പണിയുകയും ചെയ്തുകൊണ്ടിരിക്കും.
 നമുക്ക്‌ നാം എന്താണെന്ന്‌ പൂർണ്ണമായി വ്യക്തമാക്കാൻ കഴിയില്ല. ഭാവിയുടെ വളർച്ചയും ഇന്നിന്റെ ചിന്തകളുമെല്ലാം അവ്യവസ്ഥാപരമാണ്‌. അവയ്ക്കൊന്നും സ്ഥിരമായ രൂപമില്ല. മാറിക്കൊണ്ടിരിക്കുകയാണ്‌ അതിന്റെ വിധി. യുക്തി തന്നെ ഇവിടെ അയുക്തിയായിത്തീരുന്നു. യുക്തികൊണ്ട്‌ നിർമ്മിക്കുന്നത്‌ അയുക്തിയെത്തന്നെയാണ്‌. യുക്തിയാണെന്ന്‌ വിചാരിച്ചതു, അടുത്ത നിമിഷം അയുക്തിയായിമാറുന്നു. അതുകൊണ്ട്‌ നമുക്ക്‌ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത ഒന്നായിതീരുന്നു, നമ്മുടെ അസ്തിത്വം.


 നമുക്ക്‌ നമ്മെ തന്നെ പൂർണ്ണമായി നിർവ്വചിക്കാനായാൽ, പിന്നെ, അതായിരിക്കാനേ കഴിയൂ, പിന്നെ ഒന്നും തേടേണ്ടതില്ല. ഇത്‌ വളർച്ചയുടെ അവസാനമാണ്‌. അതുകൊണ്ട്‌ എന്താണോ നാം, അത്‌ ജീവിതാന്ത്യംവരെയും അന്വേഷിക്കേണ്ടിവരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, എന്താണോ നാം അതിനെത്തന്നെ നിരാകരിക്കുന്നത്‌, ശാശ്വതമായ അന്വേഷണമായിത്തീരുന്നു. ഈ യാത്രയിൽ, ഒരിടത്തും വ്യവസ്ഥാപിതത്വമില്ല. ഏത്‌ വസ്തുവിനും അതിനെ തന്നെ നിരാകരിക്കാൻ കഴിയും എന്ന ആശയത്തിലേക്കാണ്‌ ഇത്‌ നയിക്കുന്നത്‌. നവാദ്വൈതത്തിലെ പ്രധാന ആശയമായ നിരാസം ഇതാണ്‌.


 നിരാസം എപ്പോഴുമുണ്ട്‌. നിരാസം ആശയങ്ങളുടെയും പ്രവൃത്തികളുടെയും അനുസ്യൂത പ്രവാഹത്തിനുള്ള ഊർജ്ജമാണ്‌. ഈ ഊർജ്ജമില്ലെങ്കിൽ ഒരു വസ്തുവിനും മറ്റൊന്നിനെ കാണാൻ പോലുമാകില്ല; വൈരുദ്ധ്യങ്ങളെ കാണേണ്ടിവരില്ല. വൈരുദ്ധ്യമുണ്ടെന്ന്‌ അറിയുന്നതുപോലും, ഈ നിരാസവാഞ്ചകൊണ്ടാണ്‌. ഏത്‌ വസ്തുവും അതിന്റെ ഐഡന്റിറ്റിയെ പൊട്ടിച്ച്‌ പുറത്തു കടക്കാനാണ്‌ ആന്തരികമായി ശ്രമിക്കുന്നത്‌. ഉദാഹരണത്തിനു, പ്രാർത്ഥന എന്ന വസ്തു അല്ലെങ്കിൽ യാഥാർത്ഥ്യം അതിനെത്തന്നെ നിരസിക്കാനുള്ള വെമ്പൽ ഉള്ളിൽ സൂക്ഷിക്കുന്നു. അല്ലെങ്കിൽ, ഉണ്മ എന്ന വസ്തു അതിനെത്തന്നെ നിരസിക്കാൻ എപ്പോഴും തുനിയുന്നു. ഇത്‌ ആന്തരികാവസ്ഥയാണ്‌. നാം ഉണ്മയെ ബന്ധനസ്ഥനാക്കിയാൽപ്പോലും, ഈ ഉദ്യമം നിലനിൽക്കുന്നു. കാരണം പ്രാർത്ഥനയും ഉണ്മയും യാഥാർത്ഥ്യങ്ങളായിരിക്കുന്നിടത്തോളം അവയ്ക്ക്‌ പുറം ലോകവുമായി ബന്ധമില്ല. അവ അവയുടെ കേന്ദ്രത്തിൽ ഉറച്ചുപോയിരിക്കയാണ്‌. പ്രാർത്ഥനയും ഉണ്മയും അവയുടെ മൗലികാവസ്ഥകളാണ്‌. അവയുടെ ലോകം എത്ര വലുതായാലും, ചെറുതായാലും അതിനു മൗലികവാദപരമായ സ്വഭാവമുണ്ട്‌. ആ മൗലികവാദപരമായ അവസ്ഥ വളർച്ചയെ തടസ്സപ്പെടുത്തുന്നതുമാണ്‌. പ്രാർത്ഥന, അല്ലെങ്കിൽ ഉണ്മ എന്നൊക്കെ പറയുന്നത്‌ പ്രകൃതിയാണ്‌. പ്രകൃതിയിലെ ഈ അനുഭവങ്ങൾക്ക്‌ വളർച്ചയില്ലെങ്കിൽ അത്‌ ജൈവപരമായ, ആശയപരമായ സ്തംഭനമാണ്‌. അർത്ഥങ്ങൾ മുരടിച്ച, അന്വേഷണങ്ങൾ അസ്തമിച്ച മൗലികവാദപരമായ സമാധിയാണ്‌ ഇവിടെ കാണാനാകുന്നത്‌. ആശയങ്ങളെ, അനുഭവങ്ങളെ അവയുടെ ഭാവിയിൽ നിന്ന്‌ അടർത്തിമാറ്റി തുറുങ്കിലടയ്ക്കുന്നതുപോലെയാണിത്‌. ഇതിനെതിരെയാണ്‌ നവാദ്വൈതത്തിന്റെ  നിരാസം ഉണ്ടാകുന്നത്‌. നിരാസ പ്രകൃതിയിലേക്ക്‌ കൂട്ടിച്ചേർക്കുന്നതല്ല. പ്രകൃതിയിൽ തന്നെയുള്ള വസ്തുവാണ്‌. നിരാസം അതിനെത്തന്നെ നിരസിക്കുകയും ചെയ്യും. നിരാസത്തിലൂടെ വീണ്ടും നിരാസം തുടരുകയാണ്‌. പ്രാർത്ഥന സംസ്കാരത്തിന്റെ അടയാളമായി, പ്രകൃതിയുടെ ചിഹ്നമായി മറ്റിടങ്ങളിൽ ഉപയോഗിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌.


 ആശയ, ദാർശനികതലത്തിൽ പ്രാർത്ഥനയോ, ഉണ്മയോ അതായിരിക്കാൻ വിസമ്മതിക്കുന്നു. അത്‌ പ്രകൃതിയുടെ പ്രവാഹത്തിലേക്ക്‌ എത്താൻ കുതിക്കുകയാണ്‌. മനുഷ്യന്റെ ജോലി, അതിനെ സഹായിക്കുകയെന്നതാണ്‌.നവീകരണത്തിനും പുനർജനനത്തിനും ഇതാവശ്യമാണ്‌.
 ഏത്‌ നിമിഷത്തിലും സ്വയം നിരസിച്ചുകൊണ്ടാണ്‌ ഓരോ വസ്തുവും വിഭിന്ന ആശയലോകങ്ങളെ സമന്വയിപ്പിക്കുന്നത്‌. ശരിക്കും ഓരോ വസ്തുവും വലയിലെ കണ്ണികൾപോലെ ബന്ധപ്പെട്ട്‌ നിൽക്കുന്നത്‌ കാണാം. എന്നാൽ ആന്തരികമായി അവ സ്വയം നിരസിക്കുകയും ചെയ്യുന്നു. സ്ഥിരമായി ഭാവിക്കുന്നത്‌, ഒരിടത്ത്‌ ഒരു വസ്തുവിനെത്തന്നെ പ്രതിനിധീകരിക്കുന്നത്‌ മൗലികവാദമാണ്‌. അതുകൊണ്ട്‌ മനുഷ്യർ ഓരോന്നിനെയും അതിൽ നിന്ന്‌ മോചിപ്പിക്കുന്നു. ഈ വിമോചനം അഥവാ നിരാസമാണ്‌ കലയിലും ടെക്നോളജിയിലും ചിന്തയിലും എല്ലാം കാണുന്നത്‌. വസ്തുക്കളുടെ സ്വയം നിരാസം മനുഷ്യചിന്തയിലൂടെയാണ്‌ നാം അറിയുന്നത്‌. നാം പുതിയ ക്രമങ്ങളിൽ വസ്തുക്കളെ ബഡ്ഡ്‌ ചെയ്തെടുക്കുന്നു. ചിത്രങ്ങൾ, ബിംബങ്ങൾ, ചരിത്ര സന്ദർഭങ്ങൾ എല്ലാം അതാതിന്റെ ഇടത്ത്‌ നിന്ന്‌ എടുത്ത്‌ മാറ്റി മറ്റൊരിടത്ത്‌ വയ്ക്കുമ്പോൾ അത്‌ പുതിയ പ്രവാഹത്തിൽ എത്തുന്നു. സ്വയം നിരസിച്ച്‌ അത്‌ മറ്റൊരു ഒഴുക്കിലെത്തുന്നു. നവാദ്വൈതത്തിന്റെ സംസ്കാരം ഇതാണ്‌.


 സ്വയം നിരാസം അവസാനിക്കാത്ത നിർമ്മാണം കൂടിയാണ്‌. നിരസിക്കുന്നതിലൂടെയാണല്ലോ മറ്റൊന്നാക്കുന്നത്‌. പ്രകൃതിയിലും ഈ നിർമ്മാണമുണ്ട്‌. ബാല്യത്തെ നിരസിച്ച്‌ കൗമാരത്തിലും യൗവ്വനത്തിലും വാർദ്ധക്യത്തിലുമെത്തുന്നതുപോലെയാണിത്‌.
 ജീവിതത്തിൽ ഒരു അദ്വൈതമേയുള്ളു. നിരാസത്തിലൂടെ മറ്റൊന്നായി മാറുന്നതിന്റെ പ്രവാഹം മാത്രമേയുള്ളു. ഈ അദ്വൈതമാണ്‌ നവീനമായ അദ്വൈതം. ഒന്നും അതായിനിൽക്കുന്നില്ല. എപ്പോഴും മാറുന്നു. ഓരോ വസ്തുവിലും മറ്റൊന്നായി മാറാനുള്ള തൃഷ്ണയാണുള്ളത്‌. ഭാവനയിലും കലയിലും  സംസ്കാരത്തിലുമെല്ലാം ഈ രൂപപരിവർത്തിനവും പ്രവാഹവുമാണുള്ളത്‌. ഏതൊന്നാണോ നാം സ്ഥിരമെന്നനിലയിൽ പ്രതിഷ്ഠിക്കുന്നത്‌, അത്‌ മറ്റുള്ളവയിൽ നിന്നെല്ലാം അകന്ന്‌ മാറി, അതായിമാത്രം നിൽക്കുന്നതോടെ സ്തംഭനാവസ്ഥയിലേക്ക്‌ നീങ്ങുന്നു. അതായത്‌, നിരാസവും നിർമ്മാണവും നവാദ്വൈതത്തിൽ ഒരു യാഥാർത്ഥ്യത്തിന്റെ തന്നെ രണ്ട്‌ വശങ്ങളാണ്‌. ഒരു വസ്തു അല്ലെങ്കിൽ ഒരാശയം അതിനെതന്നെ പ്രതിനിധാനം ചെയ്യുന്നത്‌ മതിയാക്കി, അതിനു പുറത്തുള്ള പ്രാപഞ്ചികമായ സമയത്തിന്റെ ചലനാത്മകമായ പ്രവാഹത്തിലേക്ക്‌ എത്തുന്നു. വസ്തുവിനെ, ആശയത്തെ അസംഖ്യം കോണുകളിൽ നിന്ന്‌ സമീപിക്കാനുള്ള സാധ്യതകൾ അതിനുള്ളതാണ്‌. ചെറിയൊരു ബ്രോഷറിന്റെ നിർമ്മാണകലയിൽപ്പോലും സംസ്കാരവും നിരാസവും നിർമ്മിതിയും സംയോജിക്കുന്നത്‌ കാണാം. ബ്രോഷറിനുപയോഗിക്കുന്ന വർണ്ണങ്ങൾ ഒന്നും തന്നെ പൂർവ്വനിശ്ചിതമല്ല. ഡിസൈനറുടെ അന്നേരത്തെ ഇഷ്ടമാണ്‌ ഇതിനു പിന്നിലുള്ളത്‌. അതിനാവശ്യമായി വരുന്ന പ്രത്യേകതരം ഫോണ്ടുകളും മുൻവിധിയിൽ നിന്ന്‌ സ്വതന്ത്രമായി കടന്നുവരുന്നതാണ്‌. ബ്രോഷറിൽ ഭാവാത്മകതയ്ക്കായി ചേർക്കുന്ന ചില പെയിന്റിംഗിന്റെ ഭാഗങ്ങൾ, ഫോട്ടോകളുടെ ഭാഗങ്ങൾ എല്ലാം സൂചിതാർത്ഥങ്ങളും സാംസ്കാരികച്ചിഹ്നങ്ങളുമാണ്‌. കഥകളിതലയോ, വാദ്യോപകരണങ്ങളോ, പ്രകൃതിദൃശ്യങ്ങളോ, ചേർക്കുമ്പോൾ അവയൊന്നും ബ്രോഷറിന്റെ പ്രമേയവുമായി ചേരണമെന്ന ചിന്തപോലും അപ്രസക്തമാണ്‌. ആ ബിംബങ്ങൾ അർത്ഥത്തിന്റെ പ്രതിനിധാനമല്ല, അർത്ഥരാഹിത്യത്തിന്റെ പ്രതിനിധാനമാണ്‌. അർത്ഥരഹിതമായി തന്നെ സാന്നിദ്ധ്യമറിയിക്കുന്ന ആ ചിത്രഭാഗങ്ങളും ബിംബങ്ങളും നിറങ്ങളും ഫോണുകളും എന്താണോ ബ്രോഷറിലെ സന്ദേശമെന്നതിനപ്പുറം പോകുന്നു. അങ്ങനെ ബ്രോഷറിന്റെ സന്ദേശത്തിനു സ്വയം നിരസിച്ച്‌ മറ്റൊന്നാകാനുള്ള അവസരമൊരുക്കുന്നു.


നിരാസമില്ലെങ്കിൽ നിർമ്മാണമില്ല. നവാദ്വൈതത്തിൽ ഒന്നിന്റെയും ഐഡന്റിറ്റി സ്ഥിരമല്ല. സ്ഥിരമായ ഐഡന്റിറ്റി എന്നത്‌ ജഡാവസ്ഥയാണ്‌. അത്‌ സ്തംഭനമാണ്‌. വിചാരം എപ്പോഴും പുതുതാകാനുള്ളതാണ്‌. ഐഡന്റിറ്റി ഒരാളെ സ്വയം ബന്ധനസ്ഥനാക്കുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌, വസ്തുക്കളുടെ, ആശയങ്ങളുടെയുള്ളിലുള്ള പ്രവാഹാത്മകത, അനേകം പാറ്റേണുകൾ സൃഷ്ടിക്കാനുള്ള ചലനാത്മക ഘടനയാണ്‌. ഇതിനെ ഭേദിക്കുകയാണ്‌ ആധുനിക സംസ്കാരത്തിന്റെ സ്വഭാവവും രീതിയും.


 ഇന്ന്‌ പാരമ്പര്യത്തിന്റെ ചിഹ്നങ്ങളെല്ലാം ആധുനിക മനുഷ്യരുടെ സ്വയംനിരാസത്തിനും പുനർനിർമ്മാണത്തിനുമുള്ളതാണ്‌. ഓരോ നിമിഷവും ഓരോ വസ്തുവും പുതുതാകുന്നു എന്ന ആശയത്തിന്റെ വിപുലീകരണമാണിത്‌. എല്ലാ ചിഹ്നങ്ങളും, ഏത്‌ സംയുക്തവസ്തുവിലാണോ ഉള്ളത്‌, അതിനോട്‌ ബാഹ്യവും ആന്തരികവുമായി രണ്ടുതരം ബന്ധം പുലർത്തുന്നത്‌ കാണാം. ഒരു പോത്തിന്റേതലയിൽ, ഒരു കാടുണ്ട്‌. അത്‌ പിറവിയിലേ കൊണ്ടുനടക്കുന്ന വനജീവിതത്തിന്റെ കാടാണത്‌. എന്നാൽ പോത്തിന്റെ തല, അസ്ഥിമാത്രമായി, പെയിന്റ്‌ ചെയ്ത്‌ വീട്ടിലോ റസ്റ്റോറന്റിലോ ആർട്ട്‌ ഗാലറിയിലോ വയ്ക്കുമ്പോൾ, അത്‌ കാടല്ല, സംസ്കാരമാണ്‌. കാടിനെ നിഷേധിക്കുന്ന ഉൽപന്നമാണത്‌. അത്‌ മറ്റൊരു വിനിമയമാണ്‌. പോത്ത്‌ എന്ന ജീവിയുടെ തലയായിരിക്കുമ്പോഴുള്ള ലക്ഷ്യത്തിൽ നിന്ന്‌, മാർഗ്ഗത്തിൽ നിന്ന്‌ മാറി, മറ്റൊന്നായി നിലനിൽക്കയാണ്‌. പോത്തിൻതല, പൊതുവേദികളിൽ ഓർമ്മയുടെ ബിംബമാണ്‌. നഷ്ടപ്പെട്ട ബന്ധങ്ങളുടെ ഓർമ്മയായി അത്‌ പുനർജനിക്കുന്നു. ഏത്‌ വസ്തുവിനും ഇങ്ങനെ, അതിന്റെ പിറവിയിലോ, സംയുക്താവസ്ഥയിലോ ഉള്ള ഘടകം എന്ന നിലയിലുള്ള അസ്തിത്വം കാലികവും ആപേക്ഷികവും ദ്വന്ദാത്മകവുമാണ്‌. രണ്ട്‌ തരം പ്രത്യക്ഷതകൾ അതിനുണ്ട്‌. സംയുക്തമണ്ഡലത്തിന്റെ, അല്ലെങ്കിൽ സംയുക്തവസ്തുവിന്റെ ഭാഗമായിരിക്കാനുള്ള ദൗത്യം. മറ്റൊന്ന്‌, അനേകം അനന്തര അവസ്ഥകളിൽ വെറും ഘടകമായിരിക്കാനും സാംസ്കാരികാവസ്ഥകളിൽ ഉദ്ദേ‍ീപനം നടത്താനുമുള്ള ദൗത്യം. ഇതുരണ്ടും കാണുകയാണെങ്കിൽ, ഏത്‌ വസ്തുവിനും വിമോചനമുണ്ടെന്ന്‌ മനസ്സിലാക്കാം. ഒന്ന്‌,  ആ വസ്തുവിന്‌ സ്വയം വിമോചിപ്പിക്കാനുള്ള ആന്തരികവാഞ്ചയുണ്ട്‌. അതിനെ സ്വന്തം മൗലികാവസ്ഥയിൽ, സ്ഥിരമായി ഉരുക്കിപ്പിടിപ്പിച്ചിട്ടില്ല. അത്‌ പലതാണ്‌. രണ്ട്‌, അത്‌ മനുഷ്യചിന്തയിലൂടെ, സാംസ്കാരിക നിർമ്മിതികളിലൂടെ, വിഭിന്നസാഹചര്യങ്ങളിലൂടെ അനേകം വസ്തുക്കളുടെ, ആശയങ്ങളുടെ വിഭിന്നഘടകങ്ങളായി മാറുന്നു. ഒരു ലാൻഡ്സ്കേപ്പ്‌ ഫോട്ടോഗ്രാഫ്‌ ഉദാഹരണമായെടുക്കാം. അതിലെ ആകാശക്കീറുകളും മരങ്ങളും സമതലങ്ങളുമെല്ലാം ചേർന്നാണല്ലോ സംയുക്തചിത്രം ഉണ്ടായിട്ടുള്ളത്‌. അതിൽ നിന്ന്‌ ആകാശക്കീറുകളുടെ ഭാഗം മാത്രം വെട്ടിയെടുത്ത്‌ ഗ്രാഫിക്‌ ഡിസൈനിംഗിനായി ഉപയോഗിക്കുമ്പോൾ, ആ ആകാശക്കീറ്‌ ഡിസൈനിംഗിലെ പൊതുസന്ദേശത്തിനു ബലം വർദ്ധിപ്പിക്കുന്ന ഘടകമായി മാറുകയാണ്‌. ആകാശക്കീറ്‌ ഫോട്ടോഗ്രാഫിലേതിൽ നിന്ന്‌ വ്യത്യസ്തമായി, ഗ്രാഫിക്സിനു വേണ്ടതായ സഹജസ്വഭാവത്തെ കണ്ടെത്തുമ്പോൾ മാത്രമേ നിരാസവും നിർമ്മാണവും ഒത്തുവരുകയുള്ളു.


 വസ്തുക്കൾ അല്ലെങ്കിൽ ആശയങ്ങൾ ഏതെങ്കിലും ശാസ്ത്രത്തിന്റെ തത്ത്വത്തിന്റെ ഘടകമായിരിക്കെത്തന്നെ അവ മറ്റു പല നിർമ്മാണങ്ങളുടെയും അസംസ്കൃതവസ്തുക്കളുമാണ്‌. ഒരു വസ്തുവിന്റെയോ, യാഥാർത്ഥ്യത്തിന്റെയോ മാത്രമായി ഒരു ഘടകവുമില്ല. അതിന്റെ അർത്ഥം ഒന്നിനും നിശ്ചിതമായ അർത്ഥമോ, സംസ്കാരമോ ഇല്ലെന്നാണ്‌. പുനക്രമീകരിച്ചാൽ പുതിയ യാഥാർത്ഥ്യമായി. നമ്മുടെ യാഥാർത്ഥ്യത്തെ നമുക്ക്‌ തന്നെ കൂട്ടിയോജിപ്പിക്കുകയോ പുനസംഘടിപ്പിക്കുകയോ ചെയ്യാനാകും. അങ്ങനെ ചെയ്യാത്തപ്പോൾ, ഏത്‌ വസ്തുവും  ചിഹ്നവിജ്ഞാനീയമായി പരിവർത്തിക്കപ്പെടുന്നു. ഇത്‌ നിരാസവും നിർമ്മാണവുമാണ്‌.
 സ്വയം നിരാസവും നിർമ്മാണവും പ്രാചീനമായ എല്ലാ തത്ത്വങ്ങൾക്കും സമാന്തരമായാണ്‌ നീങ്ങുന്നത്‌. ഇത്‌ കലകളെപ്പറ്റിയുള്ള വ്യവസ്ഥാപിതസങ്കൽപങ്ങളെതന്നെ അട്ടിമറിക്കുകയാണ്‌. തെരുവിൽ പാടുന്ന ഗായകരെ ഞാൻ ഓർക്കുകയാണ്‌. ഒരു ദിവസം സന്ധ്യയ്ക്ക്‌ മൂവാറ്റുപുഴയിൽ നിന്ന്‌ തൃപ്പൂണിത്തുറയിലേക്ക്‌ ബസ്സിൽ വരുകയായിരുന്നു. കോലഞ്ചേരിയിൽ ഏതാനും അന്ധയുവതികൾ പാടിയ വിഷാദ ഗാനം എനിക്ക്‌ സ്വയം നിരാസത്തിന്റെയും നിർമ്മാണത്തിന്റെയും അനുഭവമായി. അവർ വളരെ പ്രശസ്തമായ ഒരു സിനിമാഗാനം (ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരംപേർവരും, കരയുമ്പോൾ കൂടെ കരയാൻ നിൻനിഴൽമാത്രം വരും...) ആലപിക്കുകയായിരുന്നു. എസ്‌.ജാനകി പാടിയ ആ ഗാനം മറ്റൊന്നായി അവിടെ രൂപാന്തരപ്പെടുകയായിരുന്നു. ആ അന്ധയുവതികൾ അവരുടേതായ യാഥാർത്ഥ്യത്തിൽ, അവർ ഒരുക്കിയെടുത്ത വിവിധ ജീവിത ഘടകങ്ങൾകൊണ്ട്‌ നിർമ്മിച്ചെടുത്ത യാഥാർത്ഥ്യത്തിൽ പാടിയ ആ ഗാനം പഴയ സിനിമാഗാനത്തെ നിരസിച്ച്‌ പുതിയ ഒന്നാക്കി. യഥാർത്ഥഗാനം പാടിയ ജാനകിയെ, ഈ ഗായകർ സ്മൃതികളിലൂടെ വിദൂരതകളിലേക്ക്‌ പറഞ്ഞയച്ചു. ജാനകിയുടെ ഗാനത്തിന്റെ സന്ദർഭമോ, അർത്ഥമോ, ചരിത്രമോ ഒന്നും ഈ ഗായകർക്ക്‌ ആവശ്യമില്ല. ചരിത്രം അതിന്റെ തന്നെ പാഴ്‌വസ്തുക്കളെ നിർമ്മിക്കുന്ന സന്ദർഭമാണിത്‌. ജാനകിയുടെ യഥാർത്ഥഗാനത്തിന്റെ സകലഘടകങ്ങളെയും ഉപയോഗശൂന്യമായ വസ്തുക്കളായി കണ്ട്‌, ഈ ഗായകർ വലിച്ചെറിയുന്നു. പകരം അവർ സൃഷ്ടിക്കുന്ന യാഥാർത്ഥ്യം, പഴയ ഗാനത്തിന്റെ ഘടകങ്ങൾക്ക്‌ പുതിയ അർത്ഥം ഉണ്ടാക്കുന്നതിനെക്കുറിച്ചാണ്‌. ഇവിടെ സംഭവിക്കുന്നതെന്താണ്‌? ഏത്‌ ചരിത്രവസ്തുവും പല ഘടകങ്ങളാണ്‌, പല ചിഹ്നങ്ങളാണ്‌. ആ ചരിത്രവസ്തുവിനെ അവിടെ നിന്ന്‌ മാറ്റി, മറ്റൊരു സ്ഥലത്ത്‌ വച്ച്‌ പുനരാവിഷ്കരിക്കുമ്പോൾ അതിനു പുതിയ ചില ഘടകങ്ങൾ സാംസ്കാരത്തിന്റെ ഉപാധികളായി ലഭിക്കുന്നു. അന്ധഗായകർ കൂട്ടി ഘടിപ്പിച്ചെടുത്ത യാഥാർത്ഥ്യത്തിൽ, അവർ സ്വന്തം ജീവിതത്തെയും സാംസ്കാരിക ഉൽപാദനോപാധിയെന്ന നിലയിൽ ഉൾപ്പെടുത്തുന്നു. ഇത്‌ പഴയ ഗാനത്തിന്റെ സ്വയം നിരാസവും, ഗായകരുടെ നിർമ്മാണവുമാണ്‌.


 മുഴുനീള ആസ്വാദനമോ, ഇതിവൃത്തമോ, ആഖ്യാനമോ ഇന്ന്‌ പ്രസക്തമല്ല. ചെറുതുണ്ടുകളാണ്‌ മുഖ്യപ്രമേയങ്ങളാകുന്നത്‌. അനേകം ചെറുതുണ്ടുകൾ സിനിമാറ്റിക്ക്‌ അനുഭവം എന്നപോലെ വന്ന്‌, പരസ്പര ഭിന്നമെങ്കിലും ഏകാനുഭവമായി മാറുന്നു. ടെലിവിഷൻ ദൃശ്യങ്ങളുടെ നേരെയുള്ള നമ്മുടെ സമീപനം ഇതിനുദാഹരണമാണ്‌. ഒരു വിഷ്വൽ ഒരിടത്തും ഒറ്റയ്ക്കാവുന്നില്ല. മുഖ്യമാകുന്നില്ല. ഒന്ന്‌ കഴിഞ്ഞാൽ മറ്റൊന്ന്‌ എന്നിങ്ങനെ പ്രാമുഖ്യം നേടുകയാണ്‌. ഒന്നു കഴിഞ്ഞാൽ അതിന്റെ തുടർച്ച കുറച്ചുനേരത്തേക്കുണ്ട്‌. മറ്റൊരു പരിപാടിയാവും പിന്നീട്‌ വരുക. എന്നാൽ പ്രോഗ്രാം മുഴുമിപ്പിക്കാതെ നാം മറ്റൊരു ചാനലിലേക്ക്‌ പോകാനുള്ള സാധ്യതയാണ്‌ എപ്പോഴുമുള്ളത്‌. ഈ തുണ്ടുകളിലൂടെയുള്ള യാത്ര നമുക്ക്‌ ഒന്നിനൊന്ന്‌ ഭിന്നമായ ആഭിമുഖ്യങ്ങളല്ല, വലിയ ഒരു അനുഭവത്തിന്റെ ഘടകങ്ങളായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. ഭിന്നമായ ദൃശ്യങ്ങൾകൊണ്ട്‌, നാം സാങ്കൽപികമായ ബൃഹത്‌ അനുഭവം നേടുന്നു. ഇത്‌ പ്രതീതി യഥാർത്ഥ്യമാണ്‌.


 മുഴുനീള പ്രമേയങ്ങൾ സ്വയം നിരാസത്തിനോ നിർമ്മാണത്തിനോ പറ്റിയതല്ല എന്നാണ്‌ പുതിയ സാംസ്കാരിക ജീവിതം നൽകുന്ന സൊ‍ാചന. ഓരോ നിമിഷത്തിലും ഓരോ വസ്തുവും പുതിയതാണ്‌. അങ്ങനെയൊരു പ്രതീതിയുണ്ട്‌. കല്ലിനുള്ളിൽ ഏത്‌ രൂപത്തിലുള്ള പ്രതിമകൾ ഉണ്ടെന്നതുപോലെത്തന്നെ, ഓരോ വസ്തുവിനും സ്വയം നിരസിക്കാനും മറ്റൊന്നാകാനുമുള്ള സ്വഭാവമുണ്ട്‌. ഇത്‌ വസ്തുവിൽ നിക്ഷിപ്തമാണ്‌. അതുകൊണ്ട്‌, വസ്തുവിന്റെ നിമിഷയാഥാർത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട്‌ അതിനുമേൽ ബൃഹത്‌ പ്രമേയത്തിന്റെ പുതപ്പ്‌ പുതപ്പിക്കുന്നത്‌ അയഥാർത്ഥമാണ്‌. ഓരോ നിമിഷത്തിന്റെയും തുണ്ടുകളിലൂടെ സഞ്ചരിക്കുമ്പോൾ, അതിനെതന്നെ നിരാകരിക്കാനും മറ്റൊന്നാകുക എന്ന അസ്തിത്വത്തിന്റെ വിധി ഏറ്റെടുക്കാനും സാധ്യതതെളിയുന്നു.


 മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന സിനിമകളോ കലാപ്രകടനങ്ങളോ കാണാൻ ഇന്നത്തെ തിരക്കുപിടിച്ച കാലത്ത്‌ സമയം ലഭിക്കുകയില്ല. ദീർഘിച്ച ആഖ്യാനങ്ങൾ, അസ്തിത്വ വിരുദ്ധമാണ്‌. ചെറുതുണ്ടുകളിലൂടെ തന്നെ മനുഷ്യനു ആവശ്യമായ കലയും സംസ്കാരവും നേടാമെന്നിരിക്കെ, മുഴുനീള ആഖ്യാനങ്ങൾ ഭാരമായിത്തീരുന്നു.


 കലയുടെയോ സംസ്കാരത്തിന്റെയോ വക്താവാകാൻ, അതുകൊണ്ട്‌ തന്നെ ഇന്നത്തെ മനുഷ്യർക്ക്‌ പ്രയാസമായിരിക്കും. പലതരം കലകൾ, സംസ്കാരങ്ങൾ, ഉപഭോക്തൃവസ്തുക്കൾ, സാങ്കേതികമികവ്‌ പ്രകടിപ്പിക്കുന്ന ഉപകരണങ്ങൾ എന്നിവയിലൂടെയാണ്‌ ഒരാൾ ഇന്ന്‌ താൻ ഒരു സംസ്കാരിക ജീവിയാണെന്ന്‌ തിരിച്ചറിയുന്നത്‌. എന്നാൽ അയാൾക്ക്‌ ജീവിതകാലം മുഴുവൻ പ്രത്യേകപാറ്റേണിലോ, ചിട്ടയിലോ ഉള്ള സാംസ്കാരിക ജീവിയാകേണ്ട ബാധ്യതയില്ല. കാരണം അയാൾക്ക്‌ സ്വയം നിരസിക്കാനുള്ള വാഞ്ചയുണ്ട്‌. പുതിയ ഉൽപന്നങ്ങളിലൂടെ അയാൾ തന്റെ അസ്തിത്വത്തെ പരീക്ഷണവസ്തുവാക്കുന്നു. സാഹസികത, രചന, ഉപഭോഗം എന്നിവയിലെല്ലാം അയാൾ സ്വയം പരീക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌. ഇങ്ങനെ ആശയത്തിന്റെ അഖണ്ഡാവസ്ഥയിൽ നിന്ന്‌, സാമ്പ്രദായികതയുടെ ഏക ലക്ഷ്യത്തിൽ നിന്ന്‌ അയാൾ പലതുണ്ടുകളായി ചിതറി, പല വസ്തുക്കളായി പരിണമിച്ച്‌, ഓരോ നിമിഷവും സ്വയം നവീകരിക്കുന്നു. നിശ്ചിതമായ സ്വത്വമോ, ഭാവുകത്വമോ ഇവിടെയില്ല. സ്വത്വവും ഭാവുകത്വവും, സ്വച്ഛന്ദമായ പ്രവാഹത്തിനെതിരാണ്‌.




നവീനമായ ഡിജിറ്റൽ ടെക്നോളജിയിലും ഈ സ്വയം നിരാസവും നവീകരണവുമാണുള്ളത്‌. പ്രതീതി യാഥാർത്ഥ്യത്തിന്റെ കാര്യം തന്നെയെടുക്കാം. ഇന്റർനെറ്റ്‌ വെബ്‌ പേജുകൾ ഒന്നിൽ തന്നെ പലതാണ്‌. ലിങ്കുകളിലൂടെയാണ്‌ ഈ പലവിധ പേജുകൾ യാഥാർത്ഥ്യമാവുന്നത്‌. എന്നാൽ അതിനു ക്രമമോ ചരിത്രമോ വ്യക്തിനിഷ്ഠതയോ വസ്തുനിഷ്ഠതയോ ഇല്ല. അത്‌ നാം എങ്ങനെ ഉപയോഗിക്കുന്നുവോ അതിനനുസരിച്ച്‌ മാറിക്കൊണ്ടിരിക്കും. തിരഞ്ഞെടുക്കുന്നയാളിന്റെ ഇഷ്ടത്തിനനുസരിച്ച്‌, ഒരു പേജിൽ നിന്ന്‌ സഞ്ചരിച്ചുകൊണ്ടിരിക്കും. തുടങ്ങിയ പേജിലേക്ക്‌ തിരിച്ചുവരണമെന്നില്ല. ഓരോ വഴി തുറക്കപ്പെടുന്നത്‌, നിമിഷത്തിന്റെ കൗതുകമനുസരിച്ചാണ്‌. മത്സ്യസഞ്ചാരങ്ങളാണ്‌ ഇതിനുസാദൃശ്യം പറയാവുന്ന പ്രതിഭാസം. മത്സ്യങ്ങൾക്ക്‌ സൂക്ഷിക്കാനായി വഴികളില്ല. എല്ലാ വഴികളും അവയുടെ നൈമിഷികമായ ചോദനയാൽ നിർമ്മിക്കപ്പെടുന്നു. അപ്പോൾ തന്നെ അതു വിസ്മൃതമാവുകയും ചെയ്യുന്നു. ഇതുതന്നെയാണ്‌ നവാദ്വൈതവും. ഓരോ നിമിഷത്തിലുമുള്ള സഞ്ചാരം സ്വയം നിരാസവും നിർമ്മാണവുമായിത്തീരുന്നു. അതാകട്ടെ, പിന്നീട്‌ തിരിച്ചുവരാനുള്ളതല്ല. ഓർമ്മകൾ കൊണ്ട്‌ തുഴഞ്ഞ്‌ സ്വയം മറവിയാകാനുള്ളതാണ്‌ ഈ സ്വയം നിരാസം. പുനർ നിർമ്മാണത്തിലും, ഓർമ്മയും മറവിയും ഇരുവശങ്ങളിലുമായി ഒട്ടിച്ചുവച്ചിരിക്കുന്നു. സൈബർ പേജുകൾക്കൊന്നിനും ചരിത്രത്തിന്റെ മാതൃത്വം ഏറ്റെടുക്കാനാവില്ല. അവയെല്ലാം വസ്തുവിന്റെയുള്ളിലെ അനേകം രൂപങ്ങൾപോലെ, പലവിധ നിർമ്മിതികൾക്കായി പ്രതീതി യാഥാർത്ഥ്യങ്ങൾ സൂക്ഷിക്കുന്നു. ഓരോപേജും അസംഖ്യം പേജുകളാണ്‌. എന്നാൽ ഇവ പരസ്പരം പ്രമേയത്തിലോ, രൂപത്തിലോ സാമ്യം പുലർത്തുന്നില്ല.


നവാദ്വൈത ദർശനത്തിലെ നിമിഷങ്ങളുടെ സ്വയം നിരാസത്തിലും നിർമ്മാണത്തിലും ഇതുപോലെ അസംഖ്യം സാധ്യതകളുണ്ട്‌. പരസ്പരബന്ധം പുലർത്താൻ കഴിയാത്ത വിധം അനന്തമായ പ്രവാഹാത്മകതയാണിതിലുള്ളത്‌. ഒന്നിൽ നിന്ന്‌ നാം തിരഞ്ഞെടുക്കുന്നത്‌ നമ്മുടെ ഇഷ്ടമനുസരിച്ചാണ്‌. അതിനു ക്രമമോ, തുടർച്ചയോ, ആശയപരമായ പൊരുത്തമോ ഒന്നുമില്ല. ഏതൊന്നാണോ നാം, അതിനെ തള്ളിക്കളഞ്ഞ്‌ മറ്റൊന്നാകാൻ ശ്രമിക്കുന്നതിലൂടെ, നാം ഒന്നുമല്ല എന്ന പരോക്ഷമായ സന്ദേശംകൂടി നൽകുന്നു. ഈ സന്ദേശം ആരെയെങ്കിലും ഉദ്ദേശിച്ചു നിർമ്മിക്കുന്നതല്ല. അതും പ്രതീതിയാണ്‌.

Sunday, April 10, 2011

Pranaya kathakal
By Ganesh Panniyath
Papyrus Books
Kozhikode
04953253826
rs 95/
Prism of Love
[love poems]
By Nisha G
Papyrus Books
Kozhikode
rs
70/

Kailasayathra
By Rajanandini
Paridhi Publications
Trivandrum
04712339334
rs 80/
Swarapanchamam
By Rajanandini
poems
Paridhi Publications
Trivandrum
phone: 04712339334
rs.55/

Monday, April 4, 2011


dhanyadas

തിരക്കുണ്ടോ..?
ഇല്ലെങ്കില്‍
വീട്ടിലേക്കുള്ള ഒടുവിലത്തെ ബസ്സും പറഞ്ഞയച്ചിട്ട്
ഇന്നലത്തെ ഏഴുമണി നേരത്തേക്ക്
ഇപ്പോഴെന്റെയൊപ്പം വരണം.

ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്.

അവിടെ
നിനക്ക് പരിചയമുള്ള ആരുമുണ്ടാവില്ല.
കൂട്ടച്ചിരികള്‍ നിന്നെ നോക്കിയിട്ടുമല്ല.

എനിക്കറിയാം
എത്രയൊക്കെ പറഞ്ഞാലും
പിന്നെയുമങ്ങനെതന്നെ ചിന്തിച്ചെടുക്കുമെന്ന്.

ഒച്ചകളില്ലാത്തൊരു തുരുത്ത്
നീയതിനുള്ളില്‍ കണ്ടെത്തുമെന്നും.

അറിയാതെ ഒരു നോട്ടം
നിനക്ക് നേരെ പന്തലിച്ചുവരുമ്പോഴേക്കും
മറ്റൊരു നോട്ടം
അത് പിഴുതുകളഞ്ഞേക്കും.

പക്ഷെ
നീയെന്നെ ശ്രദ്ധിച്ചുകൊണ്ടേയിരിക്കണം.
നമുക്കിടയില്‍ ഒരു ചെടി നട്ടുപിടിപ്പിക്കണം.
പറിച്ചുനടാന്‍ പാകത്തില്‍
അര മണിക്കൂറിനുള്ളില്‍
അതിനെ വളര്‍ത്തിയെടുക്കണം.

ഇടയിലൊരു റിംഗ്ടോണില്‍
ഞാനില്ലാതെയാകുന്നത് നീ കാണും.
ശബ്ദങ്ങള്‍
പിന്‍കഴുത്തിലൂടെ
നമ്മള്‍ കയറിവന്ന അതേ സ്റ്റെപ്പുകളിറങ്ങിപ്പോകുന്നതും.

വിളിച്ചതാരെന്നു വേവലാതിപ്പെടരുത്.
തൊട്ടടുത്ത നിമിഷം
രണ്ടാംനിലയെ തുപ്പിയെറിഞ്ഞ്
റോഡുകള്‍ പോകുമ്പോള്‍ മാത്രം
ഞാന്‍ നിന്നെ ശ്രദ്ധിച്ചുതുടങ്ങും.

നമുക്കിടയില്‍ തഴച്ചുനില്‍ക്കുന്ന പച്ചത്തണ്ടുകള്‍
എന്റെയോ നിന്റെയോ
ഞരമ്പുകളെന്നോര്‍മ വരും.

ഇന്നലെ രാത്രി മുഴുവന്‍
നമ്മള്‍
സമയസൂചികളെ
പിന്നോട്ട് നടക്കാന്‍ പഠിപ്പിക്കും,

അകലങ്ങളില്‍ അന്നേരം
ഓരോ വിരലും
ആയിരം വഴികളായി മാറുന്നുണ്ടാവും.

Sunday, April 3, 2011


arathy gopal

ഉണ്ണി ജോത്സ്യരെ കണ്ടുമടങ്ങുമ്പോൾ വളരെ നിരാശനായിരുന്നു. കേശുക്കണിയാര്‌ പറഞ്ഞാൽ അച്ചിട്ടാണത്രെ! ഏറെ പ്രതീക്ഷയോടെയാണ്‌ കണിയാരെ കാണാനെത്തിയത്‌.
"പൊരുത്തം ഇശ്ശിനോക്കിയിരിക്കണു, ഇക്കുറിയെങ്കിലും ഒന്നൊക്കുമോ കണിയാരേ?" ആകാംക്ഷയോടെ ചോദിച്ചു.
അയാൾ വിരലുകൾ മടക്കി നിവർത്തി എന്തൊക്കെയോ കൂട്ടിക്കിഴിച്ച്‌, പിന്നെ തീരെമയമില്ലാതെ പറഞ്ഞു, "ഒന്നും അങ്ങ്ട്‌ തെളിയുന്നില്ല അടിയന്‌".
"അപ്പോ എനിക്ക്‌ മംഗല്യഭാഗ്യം ഇല്ല്യാന്നണ്ടോ കേശുവേ?, വേവലാതിയോടെ ചോദിച്ചുപോയി.
"തിരുമേനി പോയിട്ട്‌ ഒരാറുമാസം കഴിഞ്ഞു വരാ. ദശാസന്ധി ഒന്നുമാറട്ടെ. അപ്പോ നോക്കാം."
പിന്നീടവിടെ നിൽക്കാൻ കഴിഞ്ഞില്ല. പടിയ്ക്കലെത്തി കിതപ്പോടെ നിൽക്കേ അടുത്ത വേലിയ്ക്കൽ പൂ നുള്ളുന്നൊരുകുട്ടി. കുട്ടി എന്ന്‌ പറഞ്ഞൂടാ, ഒരു യുവതി.
നീ ഏതാ? മുമ്പിവിടെ കണ്ടിട്ടില്ല്യാല്ലോ?
"ഞാൻ...ഞാൻ...സാവിത്രി... തെക്കേലെ ജാനൂന്റെ മോളാ...."
"ജാനൂന്‌ ഇങ്ങനൊരു മോളോ? വിശ്വസിക്കാൻ പറ്റണില്ല്യാ"
"ഞാൻ ഇവിടെത്തന്നെ ഉണ്ടായിരുന്നു.
ഉണ്ണ്യേട്ടൻ ശ്രദ്ധിച്ചിട്ടുണ്ടാവില്യാ. ഞാൻ എത്ര കണ്ടിരിക്കണു"
അതിരിക്കട്ടെ. എന്താ ഇപ്പോ പൂനുള്ളാൻ?
' ദേവന്‌ ചാർത്താനാ'.
'ആരാ കുട്ടീടെ ദേവൻ?'
അങ്ങനെ ചോദിച്ചാൽ..."
എന്താനിശ്ശല്യാന്നുണ്ടോ. എന്നാൽ ഈ ദേവന്‌ ചാർത്തിക്കോളൂ."
വിരോധല്യാച്ചാ ഞാൻ റെഡി,,
"ആവാല്ലോ".
അങ്ങനെ സാവിത്രി ഉണ്ണീടെ വേളിയായി. പിന്നീട്‌ വർഷങ്ങൾ എത്രയോ ഒഴുകി അകന്നിരിക്കുന്നു. നന്ദുമോനെ മടിയിലിരുത്തി വാർദ്ധക്യത്തിന്റെ അവശതകളോടെ ഉണ്ണിമുത്തശ്ശൻ മുത്തശ്ശിയെ വിളിച്ചു.
"നന്ദൂന്റെ മുത്തശ്ശൻ എന്നെ വിളിച്ചുവോ?"
"ഉവ്വ്‌, ഒരു കള്ളച്ചിരിയോടെ മുത്തശ്ശൻ ചോദിച്ചു. അന്ന്‌ സാവിത്രിയെ കണ്ടില്ലായിരുന്നെങ്കിൽ നമ്മളിന്ന്‌ നന്ദുമോന്റെ മുത്തശ്ശനും മുത്തശ്ശിയും ആകുമായിരുന്നോ?"
"നന്ദൂന്റെ മുത്തശ്ശന്റെ ഒരു കാര്യേ...പേരക്കിടാവിനെ ചേർത്തു പിടിച്ച്‌ മൂർദ്ധാവിൽ മുഖമമർത്തി മുത്തശ്ശി ചിരിച്ചു, ഉൾപ്പുളകങ്ങളോടെ...

Saturday, April 2, 2011

Pathways to higher consciousness
The master game
by Robert S.De Ropp

This book is a clear and concise set of formulate for achieving a higher state of consciousness and gradation of reason. De Ropp outlines the field of battle, and shows how an individual ,armed with deep understanding,discipline and real necessity, can wage his or her own personal war against sleep.

NEW AGE INDIA BOOKS
A-44,NARAINA INDUSTRIAL AREA,PHASE 1
NEW DELHI[INDIA]
110028
EMAIL: nab@vsnl.in
web:www.newagebooksindia.com
rs 295/




t a sasi

ഒഴുകിപ്പോകണേ..!
മനുഷ്യശരീരം
വിയര്‍ത്തു വരുമ്പോള്‍
അതില്‍ നിന്നും ഉപ്പുണ്ടാക്കാ-
മെന്നൊരവസ്ഥയില്ലല്ലൊ;
അതു നന്നായി.

അതല്ലെങ്കില്‍
ചില മനുഷ്യര്‍
ഉപ്പുവെള്ളത്തേക്കാള്‍
വില കുറഞ്ഞവരായതിനാൽ
ചിലപ്പോള്‍ ശിക്ഷിച്ചും
വെയിലത്തു നിര്‍ത്തിയും
കിടത്തിയും വിയര്‍പ്പിച്ച്
ശരീരത്തില്‍ നിന്നും
ഉപ്പുകല്ലുകള്‍ അടര്‍ത്തിയെടുത്തേനെ;
വേറേയും മനുഷ്യര്‍.

മനുഷ്യരില്‍ നിന്നും
ഉപ്പടര്‍ത്തരുതെന്ന
നിയമം വരുമെങ്കില്‍ കൂടി
വിയര്‍പ്പ് എപ്പോഴും
ഒഴുകിപ്പോകണേ..!.


അല്‍ഷിമേഴ്സ്
തലയ്ക്കുള്ളില്‍ നിന്ന്
ഓര്‍മ്മകളിടിഞ്ഞ്
ശരീരത്തിനുള്ളിലേക്കു
വീഴുന്നു.

ഓര്‍മ്മ മാംസവുമായി
കൂടിച്ചേര്‍ന്ന്
വീഴ്ച്ചയില്‍ ദഹിച്ചവരെ
പ്പോലെയും
ഒരിക്കലും
എഴുന്നേല്‍ക്കാത്തവരെ
പ്പോലെയും.

വല്ലപ്പോഴെങ്കിലും
വീഴ്ച്ചയില്‍ നിന്നും
എണീല്‍ക്കുന്നുവെന്ന
തോന്നലിന്‍ കണ്ണീര്‍പ്പൊട്ട്
തലയിലേക്കെത്തുന്നു;

കണ്ണുകളെപ്പോഴും
തീക്കുടങ്ങള്‍ പോലെയൊ
ജലാശയം പോലെയോ
ആകാതിരുന്നിട്ടും.

Friday, April 1, 2011


m k harikumar

കാറ്റില്‍ പതിയിരുന്ന കഴുകന്‍

ചാടിയത്‌ ഒരു സൂചിയും നൂലുമായി

കണ്ണില്‍ കണ്ടവരെയെല്ലാം കോര്‍ത്തെടുത്തു.

ഒരു തീജ്വാല അത്‌ അരയില്‍ തിരുകിയിട്ടുണ്ടായിരുന്നു.

ഇഷ്ടപ്പെട്ടവരെയെല്ലാം ആ കഴുകന്‍ തീയില്‍ മുക്കി തുന്നി.

സ്വപ്നത്തിലും ജീവിതത്തിലും അദൃശ്യനായി വരാന്‍ അവന്‌ കഴിഞ്ഞു.

എല്ലാ ഭംഗികളെയുമവന്‍ സ്പര്‍ശിച്ചു,അവന്‍റെ രീതിയില്‍.

അവന്‌ സ്പര്‍ശനം ഒരു ഉണര്‍വ്വായിരുന്നു.

വറ്റി വരണ്ട മനസ്സുകളെ അവന്‍ അവ അറിയാതെ ,

പ്രതിമയിലെന്നപോലെ

തീ സ്പര്‍ശങ്ങള്‍ നല്‍കി ആദരിച്ചു, പ്രേമിച്ചു.

m k harikumar




t a sasi

പാളങ്ങൾക്കിരുപുറങ്ങളിലെ
നാറും തെരുവുകൾക്കരികിലെ
മനുഷ്യവിസർജ്ജ്യംപോലെയാണ്‌
ഓടയിൽ കുളിക്കുന്നവരുടെ ജന്മം
കുളി കഴിഞ്ഞ്‌
അരയോളം വെള്ളത്തിൽ
ഇറങ്ങി നിന്ന്‌ പിഴിഞ്ഞു തുവർത്തും
തുണിക്കും ഉടലിനും
ആർക്കുന്ന കാക്കകൾക്കും
ഒരേ നിറം
നേരഭേദം മറന്ന്‌
അലച്ചുറങ്ങുമ്പോഴും പൊതുശ്മശാനം
അടുത്തില്ലെന്ന ഭയവുമില്ലവർക്ക്‌.
chithrakaran

ബ്ലോഗുകള്‍ വംശനാശഭീഷണി നേരിടുന്നു എന്നെല്ലാമാണ് നമ്മുടെ സാംസ്ക്കാരിക കാരണവന്മാരുടെ ജല്‍പ്പനങ്ങള്‍ !!! (വംശനാശം നേരിടുന്ന എന്‍.എസ്.മാധവനും,സന്തോഷ് എച്ചിക്കാനവും !)ഒരു സാഹിത്യ തൊഴിലാളിയായോ,കൂലിയെഴുത്തുകാരനായോ,എഴുത്ത് സംഘടനയുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായോ നിലനില്‍ക്കാനുള്ള അവസരമാണ്/ലാവണമാണ് എഴുത്തുകാരന് നവ മാധ്യമങ്ങള്‍ എന്നു ധരിച്ചിരിക്കുന്നവര്‍ക്ക് ബ്ലോഗും ഫേസ് ബുക്കും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളും വംശനാശ ഭീഷണി ഉയര്‍ത്തുന്നുണ്ടാകാം. എന്നാല്‍ ജനാധിപത്യത്തിന്റേയും,സാമൂഹ്യ സമത്വത്തിന്റേയും,രാഷ്ട്രീയ ബോധത്തിന്റേയും,ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റേയും നിലപാടുതറയായി സൈബര്‍ മാധ്യമത്തെ ദര്‍ശിക്കുന്നവര്‍ക്ക് അനന്തമായ സാധ്യതയും,സാംസ്ക്കാരികമായ സുരക്ഷയും നല്‍കുന്ന ഈ നവ മാധ്യമത്തെ തള്ളിപ്പറയാനാകില്ലെന്നു മാത്രമല്ല, അതിനോട് പറഞ്ഞാല്‍ തീരാത്തത്ര കൃതജ്ഞതയാണു ഉണ്ടാകുക. തന്നാലാകുന്ന എത്ര ചെറിയ സാമൂഹ്യ സാംസ്ക്കാരിക സംഭാവനയും ഇടനിലക്കാരില്ലാതെ സമൂഹത്തിനു നേരിട്ട് അര്‍പ്പിക്കാന്‍ ഇന്റെര്‍നെറ്റ് അധിഷ്ഠിതമായ സൈബര്‍ മാധ്യമം ഓരോ നെറ്റ് ഉപയോക്താവിനും അവസരം നല്‍കുന്നുണ്ട്. അത്തരം ഒരു സാഹചര്യം സൃഷ്ടിക്കുന്ന ജനാധിപത്യവികാസമാണ് നാം ഇപ്പോള്‍ അറേബ്യന്‍ രാഷ്ട്രങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, അഴിമതിയും, സ്വജന പക്ഷപാതവും, ഉദ്ദ്യോഗസ്ത ദുഷ്പ്രഭുത്വവും കൊടികുത്തി വാഴുന്ന എല്ലാ രാജ്യങ്ങളിലും ഇന്റെര്‍ നെറ്റ് വഴിയുള്ള ആശയവിനിമയത്തെ തടസ്സപ്പെടുത്താനും, നിയന്ത്രിച്ചു നിര്‍ത്താനുമുള്ള നിയമങ്ങള്‍ വരും നാളുകളില്‍ മണല്‍ ചിറകളെപ്പോലെ ധാരാളമായി നിര്‍മ്മിക്കപ്പെടാനിടയുണ്ട്. അവയെ ചെറുക്കുക എന്നതുതന്നെ നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുന്നതാണ്. ജനാഭിലാഷങ്ങള്‍ക്ക് വിരുദ്ധമായി നാടു ഭരിക്കാന്‍ ഒരു ഭരണാധികാരിക്കും, ഉദ്ദ്യോഗസ്ത കൂട്ടായ്മക്കും, നിയമത്തിനും, കോടതിക്കും ജനാധിപത്യ വ്യവസ്ഥയില്‍ അവകാശമില്ലെന്ന കാര്യം ജനം മനസ്സിലാക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോ, സാംസ്ക്കാരിക നേതാക്കളോ, മത മേലദ്ധ്യക്ഷന്മാരോ, ഉദ്ദ്യോഗസ്തദുഷ്പ്രഭുക്കളോ, നമ്മളെയെല്ലാം മൊത്തത്തില്‍ രക്ഷിച്ചുകളയാം എന്ന് ടെണ്ടറെടുത്ത് സൂപ്പര്‍മാന്‍ ചമയുന്നതല്ല ജനാധിപത്യം. അത്, ജനങ്ങളുടെ സ്വാഭാവിക വികാസവും, സമൂഹത്തിന്റെ വളര്‍ച്ചയും, സ്വയം നിര്‍ണ്ണയിക്കുന്ന എല്ലാ ജനങ്ങളുടേയും ക്ഷേമവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതാണ്. അഹിംസയിലൂന്നിയുള്ള സാംസ്ക്കാരികമായ ജനാധിപത്യമൂല്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ വ്യാഒഇക്കട്ടെ എന്ന് ചിത്രകാരന്‍ ആശിക്കുന്നു. ഇന്നത്തെ മാതൃഭൂമിയില്‍ (10.3.11) അറേബ്യന്‍ ലോകത്ത് ജനാധിപത്യത്തിന്റെ സാംസ്ക്കാരിക യുദ്ധക്കളമൊരുക്കുന്ന ബ്ലോഗ് ഫേസ്ബുക്ക് തുടങ്ങിയ സൈബര്‍ മാധ്യമങ്ങളുടെ സംഭാവനയെക്കുറിച്ച് നല്ലൊരു ലേഖനം ബി.എസ്.ബിമിനിത് എഴുതിയിരിക്കുന്നു. ബി.എസ്.ബിമിനിതിനും, മാതൃഭൂമിക്കും ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!!


courtesy: earesto netto
contents







m k janardanan

എം. കെ ഹരികുമാറിന്റെ എന്റെ മാനിഫെസ്റ്റോ വായിച്ചു.
ആ രചന എനിക്കു കിട്ടിയ ഒരു അക്ഷരസൗഭാഗ്യമായി കരുതുന്നു.
ഒരു സാഹിറ്റ്യ രചയിതാവു അഥവാ ധ്യാന യാത്രികൻ എന്തെഴുതനം എന്ന ,എഴുത്തിന്റെ സുവിശേഷമോ തത്ത്വശാസ്ത്രമോ ഈ പുസ്തകം വിളംബരം ചെയ്യുന്നു.
ഏതൊരാളുടെയും രചനയുടെ ഗൃഹപാഠപുസ്തമായിരിക്കനം ഇത്.

എന്ത്നെയെങ്കിലും ഓർത്തു വിങ്ങുകയും ഉത്തരമില്ലാതിരിക്കുകയും ചെയ്യുന്ന ആത്മാവിന്റെ ഘനമൗനങ്ങളോട്,ചക്രവാളത്തിന്റെ മൊഴികളും ധ്വനികളും വന്നു സംവദിക്കുകയണിതിൽ.
അതാണ്‌ ഈ രചനയുടെ തനത് മഹത്വം, സൃഷ്ടി സൗഭാഗ്യം.
വായിച്ചു പോകുമ്പോൾ വാഗർഥങ്ങൾ പുതിയ ദർശനങ്ങളിലേക്ക് -പുതിയ പിപാസകളിലേക്ക് , കാഴ്ചദൂരങ്ങളുടെ അനന്ത ചൈതന്യപ്രഭകളിലേക്ക് വരികളിലേറ്റി വളർത്തി വളർത്തിക്കൊണ്ടുപോകുന്നു.
ആത്മഖനികളെ ഊട്ടി നിറയ്ക്കുന്നു.രചനാപാഠങ്ങളുടെ പുതുനിറവുകളാണ്‌ ഇതു മുഴുവനും.ഇതിന്റെ രചന നിർവ്വഹിച്ച ധ്യാനാലയമായമനസ്സിന്‌ അഭിവാദനങ്ങൾ.
m k janardanan
pho: 9495676147
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.