ഒരു കട്ട ഞാൻ വച്ചു
രണ്ടാം കട്ട നീ വച്ചു
ഭൂമി തീർന്നല്ലോ!
ഭൂമി തീർന്നെങ്കിലെന്ത്
വായുവിനുമുണ്ടല്ലോ
എനിക്കും നിനക്കുമവകാശം
മൂന്നാം കട്ട ഞാനെൻ
കട്ടയ്ക്കുമേൽ വയ്ക്കുന്നു
നാലാം കട്ട നീനിൻ
കട്ടയ്ക്കുമേൽ വച്ചുകൊൾക
കട്ടകൾ വളരുന്നു -
പെരുകുന്നു
ഇപ്പോൾ വായുവോ
കട്ടയോ വലുത് !
ഇനി കട്ടവയ്ക്കാൻ
ഭൂവിതിൽ വായുവെവിടെ?
ഇനി കട്ട ഞാൻ നിൻ
ഹൃദയത്തിൽ വച്ചിടാം
നീയെൻ ഹൃത്തിലും
ഇഷ്ടിക നിരത്തുമല്ലോ
ഹൃത്തടങ്ങളിലിനി
കടലാക്രമണമുണ്ടാവില്ല
മതിലുകൾ ഉയരംപൂണ്ടു
ശക്തമായ്, നിയുക്തമായ്
സ്നേഹത്തിരകൾ...
തഴുകുകിൽ
മതിലിനപ്പുറം -
കടക്കുകില്ലല്ലോ!