v dethan
അകലെ മൂവുരു തെളിഞ്ഞ ദീപം ക-
ണ്ട,തീവ ഭക്തിയില്‍ തൊഴുതു ശാസ്താവില്‍
നിറഞ്ഞ വിശ്വാസമിരട്ടി വര്‍ദ്ധിച്ചു
മലയിറങ്ങിയ പരമ സാധുക്കള്‍
പെരിയ സ്വാമിമാര്‍,കന്നിയയ്യപ്പന്മാര്‍
പലകുറി മല ചവിട്ടിപ്പോയവര്‍,
ചവിട്ടടിയില്പെട്ടരഞ്ഞു കേവലം
ശവങ്ങളായിട്ടു പരിണമിക്കുന്നു.
കുടലു പൊട്ടിയും കരള്‍ കലങ്ങിയും
ഉടലും ശീര്‍ഷവും മുറിഞ്ഞും കീറിയും
പിടഞ്ഞൊടുങ്ങിയ മനുഷ്യ ജന്മങ്ങള്‍,
കിടപ്പു ഭക്തിയെ പരിഹസിക്കും പോല്‍.
ശരണ മന്ത്രങ്ങള്‍ വിളിച്ച ചുണ്ടിന്മേല്‍
മരണം ചുംബിച്ചു നിശബ്ദമാക്കുമ്പോള്‍
ശബരീനാഥനും ഹരിഹരന്മാരും
ശരണമേകിയില്ലിവര്‍ക്കു തെല്ലുമേ.
വിധിയെന്നും സര്‍ക്കാര്‍ പിടിപ്പു കേടെന്നും
വിവിധരീതിയില്‍ മരണ ഹര്‍ജിയില്‍
വിധി പറഞ്ഞവര്‍ പലരും കണ്ടില്ല
വിരുതെഴുന്നതാമെഥാര്‍ത്ഥ വില്ലരെ.
മനുഷ്യര്‍ കത്തിയ്ക്കും മലവിളക്കിനെ
മകരജ്യോതിയാ,യഭൗമ തേജസ്സായ്,
പ്രചരിപ്പിച്ചവര്‍,മനുജ ദൗര്‍ബ്ബല്യം
മുതലെടുത്തവര്‍,കപട ഭക്തന്മാര്‍,
വിപണി തന്ത്രങ്ങള്‍ മിനഞ്ഞ വിശ്വാസ-
വികല ബുദ്ധികള്‍,വികട തന്ത്രിമാര്‍,
വരുത്തി വച്ചതീ വനസ്ഥലിയിലെ
ദുരന്ത;-മേറുന്ന ദുര നിമിത്തമായ്.
തെളിയും ദീപത്തില്‍ ഭ്രമിച്ച,തില്‍ ചാടി
ക്കരിഞ്ഞു ചാകുന്ന ചെറു ശലഭങ്ങള്‍
കണക്കിനിയുമീ ഗഗന ഗര്‍ഭത്തി-
ലണഞ്ഞു ജീവിതം കെടുത്തുവാന്‍ ഭക്ത
ശതങ്ങളെത്തുവാനിടകൊടുക്കാതെ
നിറുത്തണം ജ്യോതി തെളിക്കുന്ന കള്ള
പ്പണിയും തന്ത്രവും പ്രചാരണങ്ങളും.
മനുഷ്യ നന്മയെ കരുതി പൂര്‍വ്വികര്‍
ചമച്ച മുക്കോടി പരദൈവങ്ങള്‍ക്കും
കഴിവില്ലാരെയും പരിരക്ഷിക്കുവാന്‍-
മൃതിയിലും ഘോര വിപത്തിലും നിന്നെ-
ന്നറിയുവാനീ 'ക്കള്ള വെളിച്ച'മേകിയ
ദുരന്തം മാലോകര്‍ക്കുപകരിക്കട്ടെ.