m k janardanan
ഉറങ്ങാത്തനിശയിലെ എന്റെ തോന്നലിൽ ഞാനോർത്തു
എനിക്കാരുമില്ല. ഞാനൊറ്റപ്പെട്ടിരിക്കുന്നു
ഉയരത്തിരുന്ന ഒരു നക്ഷത്രം അതുകേട്ടുചിരിച്ചു
നക്ഷത്രം പറഞ്ഞു
ഒറ്റക്കല്ല. ഞങ്ങൾ നക്ഷത്രകോടികൾ കൂട്ടുണ്ട്
പിന്നെ വെളിച്ചങ്ങളുടെ കോടികരങ്ങളാൽ
നക്ഷത്രങ്ങൾ എല്ലാം ചേർന്നെന്നെ
കെട്ടിവരിഞ്ഞു ചുംബിച്ചു!
പകലിന്റെ വിചാരങ്ങളിൽ ഞാനോർത്തു
എനിക്കെല്ലാവരുമുണ്ട് കൂട്ട്. കോടി മനുഷ്യർ-
കോടി സൗഹൃദങ്ങൾ
പക്ഷേ ആരുമില്ലായിരുന്നു
വീണ്ടും ഞാൻ വിഭാതത്തെ നോക്കുമ്പോൾ
പൂന്തോപ്പുനിറയെ പൂക്കൾ
പൂക്കൾ നിറയെ ശലഭങ്ങൾ പൊന്തകൾ-
നിറയെ കിളികൾ ഞാൻ വിലപിച്ചു
എനിക്കാരുമില്ല...
അപ്പോൾ കിളികൾ ചിലച്ചതിനെ ഞാനിങ്ങനെ
വായിച്ചെടുത്തു
ഒറ്റക്കല്ല. ഞങ്ങളെല്ലാവരുമുണ്ട്.
അവർ ഗാനങ്ങളാലപിച്ചെന്നെ ആനന്ദമൗന-
ത്തിലാറാടിച്ചു. ഗാനശേഷം
പൂമൊഴികൾ കാറ്റിൽ
ഒറ്റക്കല്ല. ഞങ്ങളെല്ലാവരുമുണ്ട്
മൂന്നാഴ്ച മാത്രം ജീവിത ദൈർഘ്യമുള്ള
ശലഭമാകണോ അതോ പൂവാകണോ?
ഞാനറിയിച്ചു. പൂവായാൽ മതി
പിന്നെ ദ്രുതവേഗത്തിൽ
ഒരു സുഗന്ധി
പ്പൂവിലേക്കു ഞാനെന്നെപറിച്ചുനട്ടു
പിന്നെ ഒരു പകലിലേക്ക്
മാത്രമായി
ആയുസ്സു ചുരുക്കിക്കിട്ടാൻ ഭൂമിയോടു പ്രാർത്ഥിച്ചു
എന്റെ ആത്മമൊഴികേട്ട് തൃപ്തനായ
വനേപ്പോലെ പ്രപഞ്ചം നിറ-
ചിരിയോടെ എന്റെ മുന്നിൽ
ആകാശങ്ങളെ ചുമലിലണിഞ്ഞുനിന്നു!