
shahulhameed k t
ഞങ്ങൾ സംവിധായകനെ തേടിയിറങ്ങിയതാണ്. അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് നഗരത്തിലാരംഭിക്കുകയാണെന്നറിഞ്ഞു. ടി.വി.ചാനലുകളുടെ പ്രാണവായുവാണല്ലോ സിനിമ. അതിനാൽ സിനിമയെ ജനനം മുതൽ പൈന്തുടരുകയെന്നത് ചാനൽജീവനക്കാരായ ഞങ്ങളുടെ കർത്തവ്യമാണ്. കായലോരത്തെ റിസോർട്ടിലെത്തിയ ഞങ്ങൾക്ക് സംവിധായകനെ കാണാൻ ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. സിനിമയുടെ പൂജ നടക്കുകയാണത്രെ. മന്ത്രോച്ചാരണങ്ങളും മണിയൊച്ചകളും. ചന്ദനത്തിരികളുടെയും കർപ്പൂരത്തിന്റെയും സുഗന്ധം നിറഞ്ഞ അന്തരീക്ഷത്തുനിന്ന് ഞങ്ങൾക്കരികിലേക്കു തെറിച്ച തേങ്ങാമുറികൾക്കൊപ്പം സംവിധായകനും പുറത്തേക്കു വന്നു. 'സി ടെലിവിഷനിൽനിന്നാണ്..."'പറയൂ...'താങ്കളുടെ പുതിയ സിനിമയെക്കുറിച്ചറിയാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നു. നോക്കൂ, നമ്മുടെ നവോത്ഥാനമൂല്യങ്ങൾ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പകർച്ചവ്യാധികൾപോലെ സമൂഹത്തിൽ പടരുകയാണ്. ഇതിനെതിരെയാണ് എന്റെ പുതിയ സിനിമ ശബ്ദിക്കുന്നത്. ചിരിയോടെ ക്യാമറമാൻ തേങ്ങാമുറികളിലേക്കു ക്യാമറ സൂം ചെയ്യുമ്പോൾ അവതാരകൻ ക്യാമറ നായികയിലേക്കു തിരിക്കാൻ ആജ്ഞാപിച്ചു.