Wednesday, October 6, 2010


abraham joseph


കഥ തുടരുന്നു...
എന്‍റെ ദിവാസ്വപ്നങ്ങളില്‍
മുഖമില്ലാത്ത ഒരു പെണ്ണിന്‍റെ
നഗ്നശരീരം എന്നെ വേട്ടയാടുന്നു,
കൊതിപ്പിക്കുന്നു.


*
പ്രണയമെന്നാല്‍ വിരഹമെന്നും
വിരഹമെന്നാല്‍ വേദനയെന്നും
വേദനയെന്നാല്‍ മുറിവെന്നും
പുറത്തുവന്ന അവന്‍റെ ഹൃദയം
കാട്ടിത്തന്നു, വലിയ ഒരു വടുവുള്ള
അവന്‍റെ ഹൃദയം


*
മുന്നില്‍ക്കാണുന്ന ചിത്രങ്ങളുടെ
നിറം മങ്ങിവരുമ്പോഴാണവന്
മനസ്സിലായത് അവന്‍റെ കാഴ്ച
നഷ്ടപ്പെടുന്നുവെന്ന്

*

മേഘാവൃതമായ ആകാശത്തെ നോക്കി
അവന്‍ പാടിയിരുന്നു, പിന്നീട്
മഴപെയ്തപ്പോള്‍ അവന്‍റെ
പാട്ടുകള്‍ മോഷ്ടിച്ച് അതിലെ ലിംഗരൂപങ്ങള്‍
മാറ്റി അവള്‍ അത് മറ്റൊരുവനായി പാടി.
പാട്ടുകേട്ടവന്‍ അവളുടെ
കഴുത്തില്‍ അണിയിച്ചു സര്‍പ്പ-
ത്തിന്‍റെ തലയുള്ള ഒരു താലിമാല


*
മഞ്ഞുമൂടിയ വഴികളിലൂടെ
നടന്നപ്പോള്‍ അവര്‍ കൈകള്‍
കോര്‍ത്തുപിടിച്ചിരുന്നു, പിന്നീട്
ആളൊഴിഞ്ഞ ഒരീറ്റക്കുടിലില്‍
അവള്‍ കിടന്നപ്പോളവരുടെ കാലുകള്‍
പിണഞ്ഞുകിടന്നിരുന്നു.
പിന്നീടവന്‍ മാത്രമായപ്പോള്‍
അവന്‍റെ കാലുകള്‍ ഒരുമിച്ച്
കൂട്ടി ബന്ധിച്ചിരുന്നു,
അവള്‍ വച്ചെ ഒരുണങ്ങിയ പൂവ്
മാത്രമായിരുന്നു അവന് കൂട്ട്

*
നൊമ്പരം വിടവാങ്ങിയ താഴ്വരകളിലവന്‍
അലഞ്ഞു നടന്നിരുന്നു.
വേണുഗാനമോ, ശീതലഛായയോ
ഇല്ലാതെ; അവന്‍റെ ഉള്‍വശം
പൊള്ളയായിരുന്നു.
അതാവാം, ആ തടാകത്തിലവന്‍
പൊങ്ങിക്കിടന്നിരുന്നത്,
നഗ്നനായി, വെറും നഗ്നനായി....


*
ഒരു കാറ്റു വന്നെന്‍റെ ചെവിയില്‍ മൂളി,
മേലേ മരങ്ങള്‍ക്ക് ചുവട്ടില്‍ തീ കായുന്ന
ഒരു പൊന്‍മുകില്‍ ഉണ്ടെന്ന്,
കരയാന്‍ വെമ്പിയിരിക്കുന്ന
ഒരു പൊന്‍മുകില്‍.
പക്ഷെ, മുകളിലേക്കോടുവാന്‍ അവന്
ശക്തിയുണ്ടായിരുന്നില്ല.
അതിനാലവണം, കുറെ സമയത്തിനുശേഷം
ഒരു തുള്ളി സ്വര്‍ണം അവന്‍റെ കാലില്‍
മഴയായി വന്നു പതിച്ചത്.

*
തെരുവുനാടകക്കാര്‍ മറന്നിട്ട് പോയ
ഒരു ചെണ്ടക്കോല്‍ കിട്ടി അവന്,
താളം പിടിക്കാന്‍ ഒരു കൈയ്യും, പിന്നെ-
യൊരു തുകല്‍പ്പുറവും തേടിനടന്ന
ഒരു ഒടിഞ്ഞ ചെണ്ടക്കോല്‍.
മേളത്തിന്‍റെയൊടുവില്‍
താളത്തിനും ശബ്ദ്ത്തിനുമിടയില്‍
ഒടിഞ്ഞ, കാലത്തിന്‍റെ ദൃക്സാക്ഷിയായി
ആ കോല്‍ അവന്‍റെ കയ്യിലിരുന്നു വിറച്ചു.

*

റോഡുവക്കിലെ ചുവന്ന തപാല്‍പ്പെട്ടി
എന്നെ നോക്കി ചിരിക്കുന്നു,
വാക്കുകള്‍ വിടരാത്ത സന്ധ്യകളില്‍
വാക്കുക്കളുടെ പൂന്തോട്ടം തേടിപ്പോയ എന്നെ.
ഒരുപാട് പ്രണയങ്ങളെ ഉള്ളില്‍ സുക്ഷിച്ച
ആ പെട്ടി,
ഉള്ളിന്‍റെയുള്ളില്‍ പ്രണയത്തിന്‍റെ അണയാന്‍
പോകുന്ന തീക്കനലുമായി നടക്കുന്ന എന്നെ
നോക്കി ദാഹത്തോടെ നില്ക്കുന്നു,
അവനെപ്പോലെ, അകം പൊള്ളയായ
എന്നെത്തന്നെ നോക്കി ചിരിക്കുന്നു

Tuesday, October 5, 2010

latha lakshmi


ശ്വാസം സുഖം
പുതപ്പിൽ
മറക്കും
ശത്രുവിനെ;
മിത്രങ്ങളെയും.


ഉണരാൻ ഉറക്കം
ആശയും സാന്ത്വനം
മയക്കം വീഴുമ്പോൾ
കണ്ണീർ വഴികളിൽ
തലോടൽ വര
എല്ലാമെറിഞ്ഞ് യാത്ര
ഉണരേണ്ടയുറക്കം

കാത്തിരിക്കാത്തത്
ഉണരും
കരുതിയത്
നിശ്ചയമായുള്ളത്
നിശ്ചലത .
മുഴുനിദ്രയിൽ
വൈകി അല്ലെങ്കിൽ
വളരെ അടുത്ത്
ഉണരാത്ത ഉറക്കം

Monday, October 4, 2010


Interview with v c sreejan



1. വിമർശകന്റെ ജീവിതവ്യാഖ്യാനമാണോ കൃതിയുടെ പഠനമാണോ ശരി?

ഒരു കൃതിയെ ആധാരമാക്കി വിമർശകൻ അവതരിപ്പിക്കുന്ന ജീവിതവ്യാഖ്യാനവും ആ കൃതിയും തമ്മിൽ എന്തെങ്കിലും വൈരുദ്ധ്യങ്ങൾ ഉണ്ടെങ്കിൽ, ഇവയിൽ ഏതെങ്കിലുമൊന്ന്‌ തെരഞ്ഞെടുക്കേണ്ടിവരികയാണെങ്കിൽ സംശയമില്ല, കൃതിയ്ക്കു മുൻഗണനം കൊടുക്കണം. എന്നു പറഞ്ഞാൽ തമ്മിൽ വൈരുദ്ധ്യമോ സംശയമോ തോന്നുകയാണെങ്കിൽ വിമർശകന്റെ വ്യാഖ്യാനത്തെ പുറംതള്ളി കൃതിയെ സ്വീകരിക്കുക.

2. വിമർശകൻ എന്തിനെഴുതുന്നു?
ഞാൻ ഇ
താ ഇവിടെ ജീവിച്ചിരിക്കുന്നു എന്ന്‌ സഹജീവികളെ ഓർമ്മിപ്പിക്കാൻ വിമർശകൻ കണ്ടെത്തുന്ന വഴിയാണ്‌ അവന്റെ എഴുത്ത്‌. ഈലോകം വിട്ടു പോകുന്നതിനുമുമ്പേ ഇവിടെ ഇങ്ങനെയൊരുവൻ ജീവിച്ചിരുന്നു എന്നതിനു ചില തെളിവുകൾ ബാക്കിയാക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു
. വിമർശകൻ അവശേഷിപ്പിക്കുന്ന അടയാളങ്ങളാണ്‌ അവന്റെ എഴുത്ത്‌.
3. സമകാലവിമർശനത്തിൽ മൂല്യനിർണ്ണയം ആവശ്യമുണ്ടോ? എന്തുകൊണ്ട്‌?
വിമർശനത്തിൽ മൂല്യനിർണ്ണയം ആവശ്യമില്ല.സ്വയം മൂല്യം നിർണ്ണയിക്കാൻ വായനക്കാർക്ക്‌ കഴിവുണ്ട്‌. മൂല്യമൊക്കെ അവർ സ്വയം നിർണ്ണയിക്കട്ടെ. മറ്റൊരാളുടെ മൂല്യനിർണ്ണയം എന്നെ സംബന്ധിച്ചിടത്തോളം തെറ്റായിപ്പോകുന്നതു നന്നെ ചെറുപ്പത്തിലേ എനിക്ക്‌ അനുഭവമാണ്‌. ക്ലാസ്സിലെ കുട്ടികളെല്ലാം നല്ല കഥ എന്ന്‌ ആവേശത്തോടെ വാഴ്ത്തിയ, എല്ലാവരും തട്ടിപ്പറിച്ചുകൊണ്ടുപോകുന്നതിനാൽ എനിക്ക്‌ ഒരിക്കലും കിട്ടാതെ പോയ ഒന്നായിരുന്നു എം.ടിയുടെ മാണിക്യക്കല്ല്‌. അവസാനം ഒരു കൂട്ടുകാരന്റെ കാരുണ്യംകൊണ്ട്‌ അതു വായിക്കാൻ കിട്ടിയപ്പോൾ ഓ. ഇതാണോ ഇത്ര വലിയ കഥ എന്ന്‌ എനിക്കു നിരാശയായി. കൂട്ടുകാരുടെ മൂല്യനിർണ്ണയത്തിൽ വിശ്വാസം നഷ്ടപ്പെടുകയും ചെയ്തു. വളരെ വേഗത്തിൽ,
പക്ഷെ ഒന്നും വിടാതെ വായിക്കാൻ എനിക്കു കഴിയുമായിരുന്നു. മാണിക്യക്കല്ലിന്റെ വായന മിനുട്ടുകൾകൊണ്ട്‌ അവസാനിച്ചതുപോലെ തോന്നി.
4. എന്താണ്‌ വിമർശനെന്ന നിലയിൽ താങ്കളുടെ ആദർശവും പ്രായോഗികതയും?

ഒരു സാഹിത്യകൃതി വായിക്കാത്ത വായനക്കാരനുപോലും ആ കൃതിയെക്കുറിച്ചുള്ള വിമർശനം താത്പര്യത്തോടെ വായിക്കാൻ കഴിയുമെങ്കിൽ അതാണ്‌ യഥാർത്ഥവിമർശനം എന്ന യീവ്‌ ബെർത്തറായുടെ നിരീക്ഷണം ഞാൻ എന്നും ഓർമ്മിക്കും. ഒരു വിമർശകനെന്ന നിലയിൽ എന്റെ ആദർശം
അത്തരം വിമർശനം എഴുതുക എന്നതാണ്‌. ഓരോ ലേഖനത്തിലും ഈ ആദർശത്തെ സാക്ഷാത്കരിക്കാനാണ്‌ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാൽ അതിലൊന്നും ഞാൻ വിജയിച്ചിട്ടില്ല എന്നതാണ്‌ വിമർശകനെന്ന നിലയിൽ എന്റെ പ്രായോഗികത.
5. സർഗ്ഗാത്മകവിമർശനം ഉണ്ടോ? എങ്ങനെ?

സാഹിത്യകാരന്റെ മൂല്യം നിർണ്ണയിച്ച്‌ അവനെ തകർത്തുതരിപ്പണമാക്കുന്ന വിമർശനമൊഴികെ ഏതു നിരൂപണവും ഏറിയോ കുറഞ്ഞോ സർഗ്ഗാത്മകമായിരിക്കും. അല്ലാതെ ഭാവനാലോകത്തേക്ക്‌ പറന്നുയർന്ന്‌ അടിമുടി സർഗ്ഗാത്മകമായ തരം വിമർശനങ്ങൾ ഇതുവരെ കണ്ടിട്ടില്ല. യൂറോപ്യൻ വിമർശകരുടെ രചനകൾ വളരെ വിശ്വസ്തമായി കൃതികളെ പിന്തുടരുന്നതായിട്ടാണ്‌ എനിക്ക്‌
തോന്നിയി
ട്ടുള്ളത്‌. അവരുടെ സർഗ്ഗാത്മകത ഫിക്ടീവ്‌ അല്ല, ടെക്സ്റ്റ്‌ ബെയ്സ്ഡ്‌ ആണ്‌. കെട്ടുകളില്ലാത്ത സർഗ്ഗാത്മകത ഒരു നിരൂപണത്തിലും കാണാൻ കഴിഞ്ഞിട്ടില്ല.
6. യഥാർത്ഥ നിരൂപകൻ എഴുത്തുകാരിൽ നിന്ന്‌ അകന്നു ജീവിക്കണോ?
അതാണ്‌ നല്ലത്‌. അടുത്താൽ മാഷേ, ഒരു പഠനം, ഒരു അവതാരിക, ഒരു റിവ്യൂ എന്നൊക്കെ പറഞ്ഞ്‌ നമ്മളെ സമീപിക്കും. ചെയ്തുകൊടുത്തില്ലെങ്കിൽ നമ്മളെ ആജീവനാന്തശത്രുവായി പ്രഖ്യാനിച്ച്‌ പുലഭ്യം പറഞ്ഞു നടക്കുകയും ചെയ്യും. ഭിക്ഷകൊടുക്കാതെ മടക്കുമ്പോൾ യാചകർ നമ്മളെ ചീത്തപറയുന്നതുപോലെ.

7. പ്ര
സാധകൻ,
എഡിറ്റർ, വായനക്കാരൻ ഇവർക്കിടയിൽ വിമർശകന്‌ ഏകാന്തത നഷ്ടമാകുന്ന ഘട്ടമുണ്ടോ?

എന്നെ സംബന്ധിച്ചേടത്തോളം ഒരിക്കലുമില്ല. ഏകാന്തത്ത നഷ്ടപ്പെടുന്ന തരത്തിൽ ഇവരാരും എന്നെ സമീപിക്കാറില്ല. നേരെ മറിച്ച്‌ ഞാൻ അങ്ങോട്ടുചെന്ന്‌ ശല്യംചെയ്ത്‌ പ്രസാധകന്റെയും, എഡിറ്ററുടേയും, വായനക്കാരന്റെയും ഏകാന്തത നഷ്ടമാക്കുകയാണ്‌ പതിവ്‌.

8. മലയാളസാഹിത്യത്തിലെ ഏറ്റവും ഫലസമൃദ്ധമായ കാലമേതാണ്‌?

അത്‌ ഇനി
യും വരാനിരിക്കുന്നതേയുള്ളു.

9. സമകാലീനതയെ എങ്ങനെയാണ്‌ കണ്ടെത്തുന്നത്‌?

നീണ്ട രണ്ടുമൂന്നു പതിറ്റാണ്ടു കാലം എന്റെ തൊഴിലുപകരണങ്ങൾ പതിനേഴിനും ഇരുപത്തി
മൂന്നിനുമിടയിൽ പ്രായമുള്ള ചെറുപ്പക്കാരായിരുന്നു. സമകാലികതയെ ഞാൻ കണ്ടെത്തിയത്‌ അവരിലൂടെയാണ്‌. പിന്നെ മാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും.

10. ഈ കാലഘട്ടത്തിലെ എഴുത്തിനെ നശിപ്പിക്കുന്ന ജീവിതരീതികൾ, മൂല്യങ്ങൾ ഉള്ളതായി തോന്നുന്നുണ്ടോ?

എഴുത്തിനെ നശിപ്പിക്കുന്ന, എന്നു പറയാനാമോ എന്നറിയില്ല. എഴുത്തിനും, അതിനെക്കാൾ ഭാഷയ്ക്കും എതിരായ ഒരു സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്‌. മലയാളത്തോട്‌ വൈകാരികമായ അടുപ്പമില്ലാത്ത കുട്ടികളെയും ചെറുപ്പക്കാരെയും കൂടുതലായി സൃഷ്ടിക്കുന്നു എന്നതാണാ സാഹചര്യം. മലയാളത്തെ പുച്ഛിക്കുന്ന പുതുതലമുറകളെ വാർത്തെടുക്കുന്നതിൽ രക്ഷിതാക്കൾ അസൂയാവഹമായ വിജയം നേടിയിരിക്കുന്നു.

11.
കൺസ്യൂമറിസത്തിന്റെയും കാഴ്ചയുടെയും ചന്തകളിൽ വെറും പുസ്തകജന്യമായ സാഹിതീയ അറിവുകൾ പ്രയോഗിക്കാനാവുന്നുണ്ടോ?

"വെറും പുസ്തകജന്യമായ സാഹിതീയ അറിവുകൾ" എന്നു പറയുമ്പോൾ ഏതോ ചില പോരായ്മകൾ ഉള്ള അറിവുകൾ എന്ന സൂചനയില്ലല്ലോ
. കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും ഇ-ബുക്ക്‌ റീഡറിന്റെയും എസ്‌.എം.എസ്സിന്റെയും പുതിയ കാലത്ത്‌ പുസ്തകങ്ങൾക്കും അവയിൽ പറഞ്ഞ കാര്യങ്ങൾക്കും പെട്ടെന്ന്‌ വില കുറഞ്ഞു എന്ന ഭാവത്തിൽ പലരും സംസാരിക്കുന്നതു കേട്ടിട്ടുണ്ട്‌. ഇത്‌ ശരിയല്ല. അറിവുകൾ എഴുതി സൂക്ഷിക്കാൻ സൗകര്യമായ ഉപകരണം മാത്രമാണ്‌ പുസ്തകം. എഴുതി സൂക്ഷിക്കാൻ കൂറെക്കൂടി നല്ല ഉപകരണങ്ങൾ പ്രചാരത്തിലായാൽ പഴയ ഉപകരണം കാലഹരണപ്പെടുമെന്നല്ലാതെ അവയിൽ പറഞ്ഞ അറിവുകൾ ഉപകരണം പഴകിയെന്ന കാരണത്താൽ കാലഹരണപ്പെടുകയില്ല. അവ കാലഹരണപ്പെടണമെങ്കിൽ പുതിയ അറിവുകൾ ഉണ്ടാകണം, പുതിയ ഉപകരണങ്ങൾ മാത്രം ഉണ്ടായാൽ പോരാ. പുസ്തകജന്യമായതുകൊണ്ടു മാത്രം അറിവുകൾ കാലഹരണപ്പെടുകയില്ല. പുസ്തകങ്ങൾ അച്ചടിച്ചു എന്നതുകൊണ്ട് വിഷയങ്ങളിലെ പുതിയ അറിവുകൾ അപ്രായോഗികമാകുന്നില്ലല്ലോ.
ഇനി, പു
സ്തകജന്യമായ 'ശാസ്ത്ര-സാങ്കേതിക അറിവുകൾ' പ്രയോഗക്ഷമമാണെങ്കിലും 'പുസ്കജന്യമായ സാഹിതീയ അറിവുകൾ' അങ്ങനെ അല്ല എന്നു പറയുന്നതിലും ഉണ്ട്‌ പ്രയാസം. എഴുത്തുകാരൻ തന്റെ ചുറ്റും നടക്കുന്ന സമകാലീക സംഭവങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും ശേഖരിച്ചവയാണ്‌ സാഹിതീയമായ അറിവുകൾ. പുസ്കത്തിലേക്ക്‌ കയറിപ്പോയി എന്നതുകൊണ്ടു മാത്രം എഴുത്തുകാരൻ ശേഖരിച്ച അറിവുകൾക്കു വില കുറയുന്നില്ല.
അടുത്തത്തായി, കൺസ്യൂമറിസത്തിന്റെയും കാഴ്ചയുടെയും ചന്തകളിൽ പ്രയോഗിക്കാൻ കഴിയുന്നതാണ്‌ ശരിയായ, അല്ലെങ്കിൽ സ്വീകാര്യമായ അറിവ്‌ എന്നുണ്ടെങ്കിൽ, അത്തരമറിവ്‌ പുസ്തകത്തിൽ രേഖപ്പെടുത്താൻ വയ്യാത്തതോ പാടില്ലാത്തതോ ആകണമെന്നില്ല.
ഇനി ചോദ്യത്തിലേക്കു വരാം, കൺസ്യൂമറിസത്തിന്റെയും കാഴ്ചയുടേയും ചന്തകളെകുറിച്ചുള്ള വിചിന്തനത്തിൽ പ്രയോഗിക്കേണ്ടത്‌ കൺസ്യൂമറിസത്തേയും കാഴ്ചകളേയും സംബന്ധിച്ച്‌ വിദഗ്ധർ രൂപപ്പെടുത്തിയ അറിവുകളാണ്‌. കൺസ്യൂമറിസത്തിന്റെയും കാഴ്ചയുടേയും ചന്തകൾ രൂപം കൊള്ളുന്നതിനുമുമ്പു സൃഷ്ടിക്കപ്പെട്ടിരിക്കാവുന്ന സാഹിതീയമായ അറിവുകൾ കൺസ്യൂമറിസത്തിന്റെയും കാഴ്ചയുടെയും ചന്തകളെ സംബന്ധിച്ച വിചാരത്തിൽ പ്രയോഗിക്കാൻ ശ്രമിക്കുന്നത്‌ അസ്ഥാനത്തായിരിക്കും.

12. പ്രസാധകൻ, എഴുത്തുകാരൻ,വായനക്കാരൻ തുടങ്ങിയ വേർതിരിവുകൾ അസ്തമിക്കുകയാണെന്ന്‌ കരുതു
ന്നുണ്ടോ?

ഇല്ല. പ്രസാധകൻ, എഴുത്തുകാരൻ, വായനക്കാരൻ തുടങ്ങിയവർ പരമ്പരാഗതമായ ഏജൻസികളാണ്‌. അച്ചടി കണ്ടുപിടിച്ചതിന്റെ അനന്തരഫലമാണ്‌ പ്രസാധകൻ എന്ന സ്ഥാപനം. ഏതു കൃതി പുറത്തിറക്കണം ഏതു കൃതി ഒഴിവാക്കണം എന്നൊക്കെ തീരുമാനിക്കുന്നത്‌ പ്രസാധകനാണ്‌. അറിയപ്പെടുന്ന പ്രസാധകന്റെ പേരിൽ ഇറങ്ങുന്ന പുസ്തകത്തിന്‌ അതിന്റേതായ മാന്യത കാണും. വെബ്‌ പ്രകാശനമായാലും വിൽപ്പന ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഒരു പ്രസാധകൻ അത്യാവശ്യമാണ്‌. എന്നാൽ സൗജന്യമായി കൃതികൾ കൊടുക്കാൻ തയ്യാറാണെങ്കിൽ പ്രസാധകൻ ആവശ്യമില്ല. എന്നാൽ ആയിരക്കണക്കിനെഴുത്തുകാർ പതിനായിരക്കണക്കിന്‌ സാഹിത്യകൃതികൾ രചിക്കുകയും അവയെല്ലാം വെബ്സൈറ്റുകളിൽ സൗജന്യമായി ലഭ്യമാക്കുകയും ചെയ്താൽ ഏതു വായിക്കണമെന്നറിയാതെ വായനക്കാരൻ തലകറങ്ങിപ്പോകും. ആർക്കും നിയന്ത്രിക്കാനാവാത്ത ശബ്ദശല്യമായിരിക്കും അത്‌. ഇന്നത്തെ അച്ചടി മാധ്യമത്തിന്‌
എന്തെല്ലാം ദോഷങ്ങളുണ്ടെന്നാലും അതാത്‌ അച്ചടി സ്ഥാപനങ്ങളിൽ നിന്നും പുറത്തിറങ്ങുന്ന കൃതികൾക്ക്‌ കൂടിയതോ കുറഞ്ഞതോ ആയ ഒരു നിലാവരമുണ്ടായിരിക്കും എന്ന ഗുണമുണ്ട്‌. വായനക്കാർക്ക്‌ അതു മനസ്സിൽ വച്ച്‌ കൃതികൾ വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്യാം. വെബ്ബിലെന്നപോലെ എല്ലാവരും എഴുത്തുകാരും എല്ലാവരും പ്രസാധകരുമായി മാറിയാൽ വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാൻ പ്രയാസമാകും. ഇങ്ങനെ ഒരു അവ്യവസ്ഥ ഉണ്ടാകുന്നത്‌ ഒഴുവാക്കാൻ പ്രസാധകൻ എന്ന ഏജൻസി ഭാവിയിലും ഉണ്ടായിരിക്കണം. എഴുത്തിനു പണം കിട്ടണമെന്നു പ്രതീക്ഷിക്കുന്ന എഴുത്തുകാർക്ക്‌ വെബ്ബിലായാലും പ്രസാധകൻ കൂടിയേ തീരു. ഏകാകിയും അജ്ഞാതനുമായ ഒരു ലിറ്റററി വെണ്ടർ വെബ്ബ്‌ സൈറ്റിൽ വിൽപ്പനയ്ക്കു വയ്ക്കുന്ന കൃതി ഏതായാലും ഞാൻ വാങ്ങുകയില്ല.

13. മലയാള സാഹിത്യത്തിൽ ഏറ്റവും അന്വേഷണാത്മകമായ പുസ്തകം, വ്യക്തി ആരാണ്‌?
ഇനിയും ഏറ്റവും കൂടുതൽ അന്വേഷിക്കേണ്ടതായ, പഠിക്കേണ്ടതായ മലയാള സാഹിത്യപുസ്തകം ഏതെന്നാണുദ്ദേശിക്കുന്നതെങ്കിൽ 'ഖസാക്കിന്റെ ഇതിഹാസം' എന്നാണ്‌ എന്റെ ഉത്തരം. പക്ഷെ വ്യക്തി വിജയനാവില്ല. 'ഖസാക്കിന്റെ ഇതിഹാസം' എനിക്കു ഏറെ ഇഷ്ടമായ നോവലാണ്‌. എന്നുവച്ച്‌ അത്‌ ലോകസാഹിത്യമാണെന്നൊന്നും ഞാൻ പറയില്ല. അന്വേഷിക്കേണ്ടതായ വ്യക്തി എന്നു പറയാൻ ഒരു പേരും ഓർമ്മയിൽ വരുന്നില്ല.

14. എന്താണ്‌ വിമർശനത്തിന്റെ ഭാവി?

നിരൂപണത്തിന്റെ ഇന്നത്തെ അവസ്ഥയിൽ എനിക്കഭിമാനം ഉണ്ട്‌. അതിന്റെ ഭാവി പ്രവചിക്കാനാണ്‌ വിഷമം. നിരൂപണത്തിൽ വായനക്കാർക്കോ, എഴുത്തുകാർക്കോ, പത്രമാസികകൾക്കോ താൽപ്പര്യമില്ല എന്നു കേൾക്കുന്നു. സാഹിത്യത്തെക്കുറിച്ചുള്ള ഗൗരവമുള്ള പഠനങ്ങളിൽ സാധാരണ വായനക്കാർക്ക്‌ താൽപ്പര്യം കാണില്ല. അത്തരം പഠനങ്ങൾ വെബ്ബ്സൈറ്റിൽ ഇട്ടാൽ മതിയാകും. താൽപ്പര്യമുള്ളവർക്കു നോക്കാമല്ലോ. പുതിയ ആളുകൾ വിമർശന രംഗത്തേക്കുവരുന്നില്ല എന്നു പലരും പറയുന്നു. ഭാവിയിൽ പുസ്തകവിൽപ്പനയെ പ്രമോട്ട്‌ ചെയ്യുന്ന ചിയർ ഗേൾസായി വിമർശകരെ നിയമിക്കാൻ സന്മനസ്സു കാട്ടിയാൽ ഉപകാരം. വ്യക്തിപരമായി പറഞ്ഞാൽ വിമർശനം ഇതാ ഈ നിമിഷം അസ്തമിച്ചു പോയാലും എനിക്കൊന്നുമില്ല. മരിക്കുന്നതിനു മുമ്പ്‌ എല്ലാം കൂടി ഒരു മൂവായിരം അച്ചടിച്ച പേജുകൾ എഴുതിത്തീർക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഏതാണ്ട്‌ അതിനടുത്തെത്തിക്കഴിഞ്ഞു. ഇനി ഒന്നും എഴുതിയില്ലെങ്കിലും അച്ചടിച്ചില്ലെങ്കിലും പ്രശ്നമില്ല.

15. വിമർശകൻ എന്ന നിലയിലുള്ള താങ്കളുടെ ദർശനം എന്താണ്‌?

മലയാള സാഹിത്യത്തെ മലയാള ഭാഷയുടെ സൂക്ഷ്മ ചൈതന്യമായി കാണുന്നു എന്നതാണ്‌ എന്റെ സാഹിത്യ ദർശനം. ഭാഷ മരിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്‌. മലയാളത്തിന്റെ ആയുസ്സും അതിന്റെ അന്തസ്സും നിലനിർത്താൻ ശ്രമിക്കുന്നവരുടെ കൂടെ നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിരൂപകനെന്ന നിലയിൽ ഞാൻ ചെയ്യാൻ ശ്രമിക്കുന്നത്‌ അതാണ്‌.
ഒരു സാഹിത്യകൃതിയിലെ പരസ്പര സമ്പർക്കങ്ങളെ അനാവരണം ചെയ്യുന്ന തരം അർത്ഥ വ്യഖ്യാനമാണ്‌ എന്റെ സങ്കൽപത്തിലെ നിരൂപണം. കാവ്യത്തിൽ സൂചിതമായ അർത്ഥങ്ങളും ധ്വനികളും പുറത്തുകൊണ്ടുവരുന്ന പഴയ വ്യാഖ്യാന സമ്പ്രദായത്തിന്റെ തുടർച്ചയായി ആരെങ്കിലും എന്റെ നിരൂപണത്തെക്കണ്ടാൽ സന്തോഷമായി.



എഴുത്ത് ഓൺലൈനിനുവേണ്ടി എം . കെ ഹരികുമാർ

Sunday, October 3, 2010


a q mahdi


ആഗസ്റ്റ്‌ മാസത്തിലെ ഒരു ഞായറാഴ്ച. പ്രഭാതവേളയിലെ പത്രവായനയ്ക്കിടയിലാണ്‌ ആ വാർത്ത വായിച്ചതു. ഇന്ത്യൻ റെയിൽവേ നേതൃത്വം നൽകുന്ന 'ഭാരത്ദർശൻ' തീവണ്ടിയാത്രയെപ്പറ്റി. ആ പ്രത്യേക ട്രെയിനിന്റെ ആദ്യ കേരള സഞ്ചാരത്തെപ്പറ്റി വാർത്തയിൽ പ്രത്യേകം പരാമർശിച്ചിരുന്നു.
രണ്ടുവർഷം മുമ്പാണ്‌ 'ഭാരത്ദർശൻ' പരിപാടിയെപ്പറ്റിയുള്ള ആദ്യപത്രവാർത്ത ഞാൻ ശ്രദ്ധിച്ചതു. അന്നുമുതൽ തുടങ്ങിയ അന്വേഷണം അവസാനിപ്പിച്ചതു, ആഗസ്റ്റിലെ ഈ വാർത്തയിലൂടെയാണ്‌. കേരളത്തിലൊഴികെ ഇതര തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ ഭാരത്ദർശൻ യാത്രകൾ ഇന്ത്യൻ റെയിൽവേ നേരത്തെതന്നെ ആരംഭിച്ചിരുന്നുവേന്നും അറിവായി.
തിരുവനന്തപുരത്തനിന്നും യാത്രതിരിക്കുന്ന ഈ 'സ്പേഷ്യൽ ട്രെയിൻ' പന്ത്രണ്ടുനാൾ നീണ്ടുനിൽക്കുന്ന സഞ്ചാരപഥം പൂർത്തിയാക്കിയിട്ടാവും തിരികെ എത്തുക എന്നും സൂചിപ്പിക്കപ്പെട്ടിരുന്നു.
യാത്രാനിരക്ക്‌ ശ്രദ്ധിച്ചപ്പോൾ വിസ്മയമാണ്‌ തോന്നിയത്‌. വളരെ വളരെ ന്യായമായ ഒരു തുക. 6295 രൂപയാണ്‌ ഒരാൾക്കുള്ള ടിക്കറ്റ്‌ നിരക്ക്‌. 12 ദിവസത്തെ യാത്ര, മൂന്നുനേരം വെജിറ്റേറിയൻ ഭക്ഷണം, താമസസൗകര്യം, ഒക്കെ ഈ തുകയ്ക്കുള്ളിൽ ഒരുങ്ങുന്നു. കുട്ടികൾക്ക്‌ പകുതി നിരക്കും.
ഇതൊരു പ്രത്യേക തീവണ്ടിയാണെന്നും അറിയിപ്പുണ്ടായിരുന്നു. 10 ബോഗികൾ മാത്രമുള്ള 420 യാത്രക്കാർക്ക്‌ വേണ്ടിയുള്ള ഒരു ടൂറ്റിസ്റ്റ്‌ ട്രെയിൻ. ഓരോ കോച്ചിനും റെയിൽവേ വക സെക്യൂരിറ്റി ഗാർഡ്‌, കോച്ച്‌ മാനേജർ, ക്ലീനിങ്ങ്‌ സ്റ്റാഫ്‌, ഭക്ഷണ വിതരണത്തിനുള്ള ആൾക്കാർ ഇവ ഉണ്ടാകുമെന്നും സൊ‍ാചപ്പിക്കപ്പെട്ടിരുന്നു. ഓരോ കമ്പാർട്ട്‌മന്റിലും മ്യൂസിക്‌ സിസ്റ്റവും ഉണ്ടാവുമെന്ന്‌ അറിയിപ്പിൽ പറഞ്ഞിരുന്നു.
തീവണ്ടിയുടെ യാത്രാപഥവും വിവരിക്കപ്പെട്ടിരുന്നു. തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന ട്രെയിൻ കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ മാത്രം നിർത്തി ആളെക്കയറ്റി, സഞ്ചാരം തുടർന്ന്‌, ആദ്യം ഗോവയിലും പിന്നീട്‌ നേരിട്ട്‌ ജയപ്പൂരിലും, തുടർന്ന്‌ ഡെൽഹി, ആഗ്ര, ഹൈദ്രാബാദ്‌ എന്നീ സ്ഥലങ്ങളും സന്ദർശിച്ച്‌ മടങ്ങിയെത്തുമെന്നായിരുന്നു അറിയിപ്പ്‌. ടൂറിസ്റ്റുകൾക്കു മാത്രമുള്ള ഈ ട്രെയിനിൽ മറ്റ്‌ സാധാരണ യാത്രക്കാർക്ക്‌ പ്രവേശനം ഉണ്ടാവുകയില്ല.

എന്നെപ്പോലെത്തന്നെ ഒരു യാത്രാപ്രേമിയാണ്‌ ഭാര്യയും. സഞ്ചാരപ്രിയയായ അവൾ, ഇന്ത്യയിലും പുറത്തുമായി നിരവധി യാത്രകൾ എന്നോടൊപ്പം നടത്തിയിട്ടുണ്ട്‌. ഞാൻ ഒട്ടാകെ സന്ദർശിച്ച 43 ലോകരാജ്യങ്ങളിൽ മിക്കതിലും അവളും ഒപ്പമുണ്ടായിരുന്നു. എങ്കിൽപ്പോലും, ഒരു പ്രത്യേകട്രെയിനിലൂടെയുള്ള ഈ 'ഭാരത്ദർശൻ' യാത്രയോട്‌ ഞങ്ങൾക്കൊരു പ്രത്യേക ആഭിമുഖ്യം തോന്നുകയായിരുന്നു. പ്രധാനമായും പേരക്കുട്ടികളെ വടക്കേഇന്ത്യ കാണിക്കാൻ അവസരം കാത്തിരിക്കുമ്പോഴാണ്‌ ഈ യാത്രപാക്കേജിനെക്കുറിച്ചുള്ള അറിയിപ്പു വായിക്കാനിടവന്നത്‌.
ഞാൻ, ഭാര്യ, മകൾ, അവളുടെ രണ്ടു ചെറിയ കുട്ടികൾ ഇവരായിരുന്നു യാത്രാസംഘത്തിലെ അംഗങ്ങൾ.

ആഗസ്റ്റ്‌ 28-ന്‌ ആ സ്പേഷ്യൽ തീവണ്ടി കൊല്ലം സ്റ്റേഷനിൽ വന്നു നിന്നു. തീവണ്ടികളോട്‌ ഒരു ഹോബിയെന്ന നിലയിൽ പ്രത്യേക മമത പുലർത്തുന്ന പേരമകൻ അഞ്ചുവയസ്സുകാരൻ ഫർദീൻ, ഫ്ലാറ്റ്ഫോമിൽ നിന്നുതന്നെ തന്റെ കുഞ്ഞികൈവിരലുകൾ മടക്കി ബോഗികൾ ഒന്നൊന്നായി എണ്ണാൻ ശ്രമം നടത്തി. വൺ-ടൂ-ത്രീ... അവൻ ആകെ എണ്ണം എന്നെ അറിയിച്ചു.
"പപ്പാജീ.... എഞ്ചിൻകൂടാതെ 10 കമ്പാർട്ട്‌മന്റ്‌ മാത്രമേ ഉള്ളൂ ഈ ട്രെയിനിന്‌. എത്ര ചെറിയ ട്രെയിൻ, അല്ലേ.....?
ചെറുമകൻ എണ്ണിയ പത്തുബോഗികളിൽ എഴെണ്ണം മാത്രമാണ്‌ യാത്രക്കാർക്കുള്ളത്‌. എട്ടാമത്തേത്‌ ഭക്ഷണപദാർത്ഥങ്ങൾ, കുടിവെള്ളം, ധാന്യം, പച്ചക്കറികൾ, പലവ്യജ്ഞനങ്ങൾ ഇവ സൂക്ഷിക്കാൻ വേണ്ടിയുള്ളതാണ്‌. മറ്റൊരു ബോഗി പൂർണ്ണമായും പാൻട്രി കാർ ആണ്‌, ട്രെയിനിലെ അടുക്കള. പത്താമത്തെ കമ്പാർട്ട്‌മന്റിൽ ട്രെയിൻ സ്റ്റാഫ്‌ താമസിക്കുന്നു. ചീഫ്‌ ടൂർ മാനേജർ, ഗൈഡുകൾ, കോച്ച്‌ മാനേജർമാർ ഒക്കെ അന്തിയുറങ്ങുന്നത്‌ ഈ പത്താമത്തെ ബോഗിയിലാണ്‌.
കൊല്ലത്തുനിന്നും കയറിയത്‌ രാവിലെ 9 മണിക്കാണ്‌. യാത്രയിലെ ആദ്യഭക്ഷണം ബ്രേക്ക്ഫാസ്റ്റ്‌ കൊല്ലത്തുവച്ചുതന്നെ അവർ വിളമ്പി. വളരെ രുചികരമായിരുന്നു കേരളീയമായ ആ പ്രാതൽ. എറണാകുളം എത്തുമ്പോഴേക്കും ആദ്യ ഉച്ചഭക്ഷണവും ലഭ്യമായി.
ഇതൊരു സമ്പൂർണ്ണ യാത്രാവിവരണമല്ല, മൊത്തത്തിൽ ഈ യാത്രയെപ്പറ്റിയും, യാത്രയിലെ ചില പ്രത്യേക അനുഭവങ്ങളെക്കുറിച്ചും ഉള്ള ഒരു ചെറുവിവരണം മാത്രം. കാരണമുണ്ട്‌. ഈ ഭാരത്ദർശൻ യാത്രയ്ക്കുവേണ്ടി ഇക്കുറി രണ്ടായിരത്തിലധികം പേർ അപേക്ഷിച്ചിരുന്നുവേന്നും, കേവലം 420 പേർക്കു മാത്രമേ അവസരം ലഭ്യമായുള്ളുവേന്നും ഈ സഞ്ചാരപരിപാടിയുടെ ബുക്കിങ്ങ്‌ ചുമതല നിർവഹിച്ച കോഴിക്കോട്ടെ ട്രാവൽ ഏജൻസിയിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. മലയാളി കുടുംബങ്ങൾക്ക്‌ തങ്ങളുടെ കുട്ടികളെയും കൂട്ടി നടത്താവുന്ന അതീവസുരക്ഷിതവും ചിലവും നന്നേ കുറഞ്ഞതുമായ ഒരു ടൂർ പരിപാടിയാണ്‌ ഇതെന്ന അറിയിപ്പ്‌ വായനക്കാർക്കു നൽകാനാണ്‌ ഞാനീ യാത്രക്കുറിപ്പു തയ്യാറാക്കിയത്‌. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്കു മാത്രമായി തയ്യാറാക്കപ്പെട്ട ഈ പരിപാടിയുടെ ഉപജ്ഞാതാവായ മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ്‌ യാദവിനെ നന്ദിപൂർവ്വം സ്മരിക്കാതെ ഈ വരികൾ പൂർത്തിയാക്കാനാവില്ല.

മുറിയിലെ സ്പീക്കർ ബോക്സിലൂടെ ഒഴുകിവന്നത്‌ പുതിയ 'അടിപൊളി' ഗാനങ്ങളും, ഇടയ്ക്കിടെ യാത്രാപഥത്തെക്കുറിച്ചുള്ള അറിയിപ്പുകളുമായിരുന്നു. പക്ഷേ മെലഡി ഗാനങ്ങൾ ഇഷ്ടപ്പെടുന്ന ഞാൻ, അത്തരം ഗാനങ്ങളുടെ രണ്ടുമൂന്നു സി.ഡികൾ കരുതിയിരുന്നത്‌ റെയിൽവേയ്ക്ക്‌ സംഭാവന ചെയ്തപ്പോൾ, പിന്നീട്‌ യാത്രയിലുടനീളം പഴയ ഗാനങ്ങളും കേൾക്കാനവസരമുണ്ടായി.
ഒരു രാത്രിമുഴുവൻ നിർത്താതെ ഓടി, വണ്ടി കോംഗ്കൺ പാതയിലൂടെ ഗോവയിൽ എത്തിച്ചേർന്നു.
ഈ യാത്രയിൽ ഒട്ടാകെ മൂന്നു ദിവസങ്ങൾ മാത്രമാണ്‌ പുറത്ത്‌ ഉറങ്ങേണ്ടിവരുന്നത്‌. ബാക്കി ദിവസങ്ങളിലെ താമസവും ഉറക്കവുമൊക്കെ ട്രെയിനിൽ തന്നെ. പുറത്തു താമസിക്കേണ്ടി വരുന്നത്‌, ഗോവയിൽ ഒരു നാളും, ഡെൽഹിയിൽ രണ്ടു ദിവസവുമാണ്‌.
യാത്രയോടൊപ്പം റെയിൽവേ ഓഫർ ചെയ്യുന്ന സൗജന്യ താമസസൗകര്യമാവട്ടെ, ഡോർമെറ്ററി സമ്പ്രദായത്തിലുള്ളതാണ്‌, ഓരോരുത്തർക്കും ഓരോ കിടക്കവിരിക്കാൻ സൗകര്യമുള്ള ഹാളുകളിൽ ഗ്രൂപ്പായി അവസരം നൽകുക. പ്രത്യേക ഹോട്ടൽ മുറികൾ തന്നെ വേണമെന്നുള്ളവർക്ക്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോൾ മുറിക്കുവേണ്ടിയും പണമടയ്ക്കാം. കുട്ടികൾകൂടി അടങ്ങുന്ന കുടുംബമായതിനാൽ ഞാൻ, ഞങ്ങൾക്കായി ഹോട്ടൽ മുറിതന്നെ ബുക്ക്‌ ചെയ്തിരുന്നു.
കൊല്ലത്തുനിന്നും രാവിലെ പുറപ്പെട്ട തീവണ്ടി മഡ്ഗോവ സ്റ്റേഷനിൽ എത്തിയത്‌ പിറ്റേന്ന്‌ പുലർച്ചയ്ക്കാണ്‌. ആ സ്റ്റേഷനിൽ നിന്നും ഒരു മണിക്കൂർ വഴി ദൂരമുണ്ട്‌. ഗോവയ്ക്ക്‌.
12 ലക്ഷ്വറി ബസ്സുകളാണ്‌ ഞങ്ങളെക്കാത്ത്‌ സ്റ്റേഷൻ പരിസരത്ത്‌ കിടന്നിരുന്നത്‌.
അന്നും പിറ്റേന്നുമായി രണ്ടു പകലുകൾകൊണ്ട്‌ ഞങ്ങൾ ഗോവയിലെ എല്ലാ പ്രധാന ടൂറിസ്റ്റ്‌ സെന്ററുകളും പൂർത്തിയാക്കുകയുണ്ടായി. മനോഹരമായ ബീച്ചുകളാണ്‌ ഗോവയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന്‌. പ്രസിദ്ധപ്പെട്ട കലങ്ങോട്ട്‌, കോൾവ ബീച്ചുകളിലെ സന്ദർശനം അതീവ ഹൃദ്യമായിരുന്നു. മങ്കേഷ്‌ ക്ഷേത്രവും ചില പുരാതന ക്രിസ്ത്യൻ പള്ളികളും ഞങ്ങൾ സന്ദർശിച്ചു. സെന്റ്‌ ഫ്രാൻസിസ്‌ സേവിയർ ദേവാലയവും കാണേണ്ട ഒരു ചരിത്രസ്മാരകം തന്നെ.

മഡ്ഗോവയിൽ നിന്നും നേരെ ജയപ്പൂരേയ്ക്കാണ്‌ തീവണ്ടി നീങ്ങിയത്‌. രണ്ടു രാത്രിയും ഒരു പകളും നീണ്ടുനിന്ന സുദീർഘമായ ഒരു യാത്ര. ഈ രണ്ടു രാത്രികളിലെ ഉറക്കവും തീവണ്ടിമുറിയിൽ തന്നെ. ഇടയ്ക്ക്‌ എവിടെ നിന്നും യാത്രക്കാരെ കയറ്റാനില്ലാത്തതിനാൽ ഒരു സ്റ്റേഷനിലും നിർത്താതെയുള്ള നോൺസ്റ്റോപ്പ്‌ ഓട്ടമായിരുന്നു. എഞ്ചിൻ ഡ്രൈവറെയും ടെക്നിക്കൽ സ്റ്റാഫിനേയും മാറ്റാനും. ടോയ്‌ലറ്റിൽ വെള്ളം നിറയ്ക്കാനുമല്ലാതെ, വണ്ടി വഴിയിലെങ്ങും നിർത്തുമായിരുന്നില്ല.
ഇതിനകം ബോഗിയ്ക്കുള്ളിലെ എല്ലാ യാത്രക്കാരും, കുടുംബങ്ങളും അതീവ സൗഹൃദത്തിൽ എത്തിക്കഴിഞ്ഞിരുന്നു. കൊച്ചുകുട്ടികൾ സുരക്ഷിതബോധത്തോടെ കമ്പാർട്ട്‌മന്റിനുള്ളിൽ ഓടിച്ചാടി നടന്നു. വാതിലുകൾ പൂർണ്ണമായി ബന്ധിച്ചിരുന്നതിനാവും സെക്യൂരിറ്റി ഗാർഡ്‌ ഉണ്ടായിരുന്നതിനാലും ആർക്കും തങ്ങളുടെ പൈതലുകളെപ്പറ്റി തെല്ലും ആശങ്ക തോന്നിയുമില്ല. സ്വന്തം വീട്ടിലെന്നപോലെ ഭക്ഷണം കഴിഞ്ഞുള്ള ഉച്ചയുറക്കവും ബോഗിയ്ക്കുള്ളിൽ എനിക്കു തരമായി.
മരുഭൂമിയുടെയും ഒട്ടകങ്ങളുടെയും നാട്ടിൽ തീവണ്ടി ഓടിക്കിതച്ചെത്തി. ഇടയ്ക്കൊരു ചെറിയ സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ പുറത്തുനിന്നും തീരെ ചെറിയ മൺകലങ്ങളിൽ കിട്ടിയ മസാലച്ചായ ഒരു പുതുമയെന്നോണം എല്ലാവരും വാങ്ങിക്കുടിച്ചു. പുതുമ മാത്രമല്ല, രുചികരവുമായിരുന്നു ആ ചായ.

ഉഷ്ണം പകർത്തുന്ന കടുത്ത ഊഷ്മാവിന്റെ നഗരമായ ജയ്പ്പൂരിൽ എത്തിയപ്പോൾ അന്തരീക്ഷത്തെക്കുളിരണിയിച്ചുകൊണ്ട്‌ ഒരു നല്ല മഴപെയ്തു. അലറിപ്പെയ്ത ആ പേമാരി ബസ്സിൽ കയറുവാൻ അൽപ്പം അസ്വാസ്ഥ്യം സൃഷ്ടിച്ചുവേങ്കിലും, പിന്നീട്‌ നഗരത്തിലുള്ള ഞങ്ങളുടെ മണിക്കൂറുകൾ ആ കാലാവസ്ഥ സുഖകരമാക്കിത്തീർത്തു. പൊള്ളിയ്ക്കുന്ന ചൂളക്കാറ്റിനു പകരം പിന്നീട്‌ ചുറ്റിനും വീശിയത്‌, മഴ ഈർപ്പമണിയിച്ച കുളിർകാറ്റായിരുന്നുവേന്നത്‌, ജയ്പ്പൂർ പിങ്ക്‌ സിറ്റിയിലെ കാഴ്ചകാണലുകളുടെ ചാരുത നന്നേ വർദ്ധിച്ചു.
നഗരപ്രദിക്ഷണത്തിനു ശേഷം, സുപ്രസിദ്ധമായ ഹലാമഹൽ, സിറ്റിപാലസ്‌, അമർഫോർട്ട്‌ ഒക്കെക്കണ്ട്‌ തീവണ്ടിയിൽ മടങ്ങിയെത്തി.
അഞ്ചാം ദിവസമായിട്ടും തീവണ്ടിയിൽ സെർവ്വ്ചെയ്ത ഭക്ഷണത്തിന്റെ രുചിയും ആസ്വാദ്യതയും അടിക്കടി കൂടിവന്നതേയുള്ളു. ഇതിന്റെ നന്ദിസ്മരണാർത്ഥം ഞങ്ങളുടെ ബോഗിയിലെ യാത്രക്കാരെ സംഘടിപ്പിച്ച്‌, ഞാൻ, പാചകവിദഗ്ധർക്ക്‌ ഒരു പാരിതോഷികം-പിരിവെടുത്ത്‌ ഒരു തുക- നൽകാൻ ഒരുങ്ങി. ഇത്‌ കേട്ടറിഞ്ഞ്‌, മറ്റു ബോഗികളിലെ യാത്രക്കാരും സന്മനസ്സോടെ തങ്ങളുടെ സഹകരണം വാഗ്ദാനം ചെയ്തു. മടുപ്പൊന്നും തോന്നാതിരിക്കാൻ ഓരോ നേരത്തും വ്യത്യസ്ഥത പുലർത്തുന്ന ഭക്ഷണപദാർത്ഥങ്ങളാണ്‌ അവർ തയ്യാറാക്കി വിളമ്പിയത്‌. നാലഞ്ചുദിവസം കൊണ്ട്‌ എന്റെ ഭാര്യ തന്റെ അടുക്കളപോലും മറന്ന മട്ടിലായി. ഒരു നോൺവെജ്‌ ഫാമിലിയിലെ ഞങ്ങളുടെ കുട്ടികൾ, ആദ്യമായാണ്‌ മീനും ഇറച്ചിയും തൊടാതെ നാലഞ്ചു ദിവസമായി സസ്യഭക്ഷണം മാത്രം തുടരുന്നത്‌. അവർക്കെന്നല്ല, ആർക്കും ഭക്ഷണവിഷയത്തിൽ ഒരു മടുപ്പോ പരാതിയോ തോന്നിയില്ല എന്നതാണു യാഥാർത്ഥ്യം.
ജയ്പ്പൂരിൽ നിന്നും ഡൽഹിയ്ക്കുള്ള യാത്രയ്ക്ക്‌ ഒരു രാത്രിയെ വേണ്ടിവന്നുള്ളു. ചുട്ടുപഴുത്ത, എങ്ങും പൊടിപാറുന്ന ഡൽഹിയും ഒരു മഴയോടെയാണ്‌ ഞങ്ങളെ വരവേറ്റത്‌. ഇവിടെ രണ്ടുനാൾ ഒരു ഹോട്ടൽമുറിയിൽ ഞങ്ങൾക്ക്‌ തങ്ങേണ്ടതുണ്ട്‌.
ഡൽഹിയിലെ ആദ്യദിവസം റെയിൽവേ ഏർപ്പാടു ചെയ്യുന്ന കാഴ്ചകാണിക്കലുകളും, രണ്ടാംനാൾ സ്വന്തമായി ഷോപ്പിങ്‌ നടത്താനായി വിട്ടുതരലുമായിരുന്നു. ഡൽഹിയും ബസ്സുകൾ തയ്യാറായി കിടപ്പുണ്ടായിരുന്നു.
രാജ്ഘട്ട്‌, ഇന്ത്യാഗേറ്റ്‌, ഇന്ദിരാഗാന്ധി മ്യൂസിയം, ലോട്ടസ്‌ ടെമ്പിൾ, കുത്തബ്മീനാർ, തീൻമൂർത്തിഭവൻ, അക്ഷർത്ഥാം ലക്ഷ്മിനാരായൺ ക്ഷേത്രം, പ്രസിദ്ധപ്പെട്ട ബിർലാമന്ദിർ ഇവയായിരുന്നു പ്രധാന കാഴ്ചകൾ.

സ്വന്തമായി ഷോപ്പിങ്ങിനു പോകാനുള്ളതായിരുന്നു ഡൽഹിയിലെ രണ്ടാംദിവസം. പഴയ ദില്ലിയും, ന്യൂഡൽഹിയും മെട്രോ ട്രെയിനിലൂടെ പലകുറി സഞ്ചരിച്ച്‌, കുട്ടികൾക്ക്‌ ഭൂഗർഭറെയിൽ ഞങ്ങൾ പരിചയപ്പെടുത്തി. വളരെ സ്തുത്യർഹമായ നിലയിൽ ഏതൊരു പാശ്ചാത്യനഗരത്തിലേയും സർവ്വീസുകളെ വെല്ലുംവിധം തന്നെയായിരുന്നു ഡൽഹി മെട്രോയുടെ സേവനമെന്നും എനിക്കു ബോധ്യമായി.
കൊണാട്‌ പ്ലേസ്‌, പാലികാ അണ്ടർഗ്രൗണ്ട്‌, മാർക്കറ്റ്‌, ചാന്ദ്നി ചൗക്ക്‌, മീനാ ബസാർ, ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക്‌ കമ്പോളമായ ജയ്ഹിണ്ട്‌ മാർക്കറ്റ്‌ തുടങ്ങിയ പ്രധാന ഷോപ്പിങ്ങ്‌ സെന്ററുകളിൽനിന്നും ഞങ്ങളും കുറേ സാധനങ്ങൾ വാങ്ങുകയുണ്ടായി. എത്ര സാധനങ്ങൾ വാങ്ങിയാലും ലഗ്ഗേജ്‌ നൽകാതെ കൊണ്ടുപോരാൻ തീവണ്ടിയിൽ ഏർപ്പാടുണ്ടായിരുന്നു.
കുട്ടികൾക്കുള്ള ചില ഉടയാടകളും, എനിക്കൊരു ജോഡി ലെത്തർഷൂവ്‌ ഉൾപ്പെടെ കുടുംബത്തിനു മുഴുവൻ പാദരക്ഷകളും ഡൽഹിയിൽ നിന്നും ഞങ്ങൾ വാങ്ങി. ചെരിപ്പുകൾക്ക്‌ നാട്ടിലേതിന്റെ പകുതിയിൽ താഴെ വിലയേയുള്ളു ഡൽഹിയിൽ. ചെരിപ്പുകൾക്കു മാത്രമല്ല, പല വസ്തുക്കൾക്കും ഡൽഹിയിൽ നന്നേ വിലക്കുറവാണ്‌.
രണ്ടുനാളത്തെ താമസത്തിനുശേഷം ഇന്ദ്രപ്രസ്ഥത്തിൽ നിന്നും ഞങ്ങളുടെ കുടുംബട്രെയിൻ പുറപ്പെട്ടു. അടുത്ത ലക്ഷ്യം ആഗ്രയാണ്‌. നാലഞ്ചു മണിക്കൂർ പകൽയാത്രയ്ക്കുശേഷം ട്രെയിൻ ടാജിന്റെ നാട്ടിലെത്തി.
പഴയ മുഗൾ സാമ്രാജ്യത്തിന്റെ ഈ തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ കാഴ്ച, ലോകമഹാത്ഭുതങ്ങളിൽ ഒന്നായ ടാജ്മഹൽ തന്നെ. ടാജിനു പുററെ, ആഗ്രാഫോർട്ട്‌, ഫത്‌യേപ്പൂർ സിക്രി, ഒക്കെക്കണ്ട്‌ ഞങ്ങൾ തീവണ്ടിയിൽ മടങ്ങിയെത്തി.
വളരെ നിർഭാഗ്യകരമായി ഞങ്ങൾക്കു തോന്നിയതും, അനുഭവപ്പെട്ടതും, ആഗ്രാനഗരത്തിന്റെ വൃത്തിഹീനമായ പരിസരവും അന്തരീക്ഷവുമാണ്‌. ലോകടൂറിസ്റ്റുകളുടെ പറുദീസയായ ഈ 'ടാജിന്റെ നഗരം' ശ്വാസം മുട്ടിക്കുന്ന ദുർഗന്ധം കൊണ്ടും മനസ്സ്‌ മടുപ്പിക്കുന്ന മാലിന്യക്കൂമ്പാരം കൊണ്ടും നിറഞ്ഞിരുന്നു. ഇതായിരുന്നു നഗരത്തിലെ അനുഭവമെങ്കിലും, ലോകാത്ഭുതങ്ങളെ വെല്ലുന്ന 'ടാജ്മഹൽ' ഞങ്ങളുടെ നിരാശാബോധത്തിന്റെ ആഴം നന്നേ കുറച്ചുതന്നു.

രാത്രി 11 ന്‌ ട്രെയിൻ അടുത്ത താവളത്തിലേയ്ക്ക്‌ നീങ്ങി. ഹൈദ്രാബാദ്‌ ആണ്‌ ഇനിയുള്ള ലക്ഷ്യം. വീണ്ടും രണ്ടു രാത്രിയും ഒരു പകളും നീണ്ടുനിൽക്കുന്ന യാത്ര. ഇതിനിടെ ഈ യാത്രയ്ക്കിടയിൽ, തീവണ്ടിയിലെ ഞങ്ങളുടെ അന്നദാതാക്കൾക്കുള്ള പാരിതോഷികം നൽകലിനു കളമൊരുക്കി. ഓരോ ബോഗിയിലെ യാത്രക്കാർ കൈയ്യയച്ചു നൽകിയ സംഭാവനകളൊക്കെ ചേർത്തുവച്ചപ്പോൾ മോശമല്ലാത്ത ഒരു തുകയുണ്ടായിരുന്നു. ആ തുക ഞങ്ങൾ പാൻട്രികാർ സ്റ്റാഫിനെ ഏൽപ്പിച്ചപ്പോൾ, തമിഴരായ ആ ഡൈനിങ്ങ്‌ സ്റ്റാഫിനു വളരെ സന്തോഷമായി. പതിനെണ്ണായിരം ഉറുപ്പികയുണ്ടായിരുന്നു ആ തുക.

ഇത്ര സുദീർഘമായ യാത്രയായിട്ടും, ഞങ്ങൾ വീട്ടിൽ നിന്നും കരുതിക്കൊണ്ടുവന്ന 10-15 ലിറ്റർ കുടിവെള്ളം നിറച്ച ജാറുകൾ അധികമൊന്നും തുറക്കേണ്ടിവന്നില്ല. ഓരോ നേരം ഭക്ഷണം വിതരണം ചെയ്യുമ്പോഴും ഒരാൾക്ക്‌ ഒരു ലിറ്റർ പാക്കറ്റ്ജലം അവർ തന്നുകൊണ്ടിരുന്നു. ഞങ്ങളുടെ കുടുംബത്തിന്‌ ദിവസേന കിട്ടിക്കൊണ്ടിരുന്നത്‌ 15 ലിറ്റർ മിനറൽ വാട്ടർ, അതുതന്നെ ആവശ്യത്തിലധികമായിരുന്നു.
ഹൈദ്രാബാദിലും നിരവധി കാഴ്ചകൾ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. സലാർജങ്ങ്‌ മ്യൂസിയം, ചാർമിനാർ ഗോപുരം, എൻ.ടി.ആർ പാർക്ക്‌, മെക്കാപള്ളി, ലുംബിനി പാർക്ക്‌ തുടങ്ങിയവ കാണലോ, അതല്ലെങ്കിൽ ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ ആയ 'രാമോജി ഫിലിം സിറ്റി' സന്ദർശനമോ, ഇവയിൽ ഏതെങ്കിലും ഒന്ന്‌ യാത്രക്കാർക്ക്‌ തിരഞ്ഞെടുക്കാമായിരുന്നു. കാരണം ഹൈദ്രാബാദിൽ ഒരു പകൽമാത്രമേ ലഭ്യമായിരുന്നുള്ളു.
ഫിലിംസിറ്റി രണ്ടുമാസം മുമ്പ്‌ ഞങ്ങൾ സകുടുംബം സന്ദർശിച്ചിരുന്നതിനാൽ, ഇക്കുറി ഗ്രൂപ്പ്‌ വിട്ട്‌, നഗര സന്ദർശനത്തിനും ഷോപ്പിങ്ങിനുമായി ഞങ്ങൾ മാത്രം പ്രത്യേകം പോവുകയായിരുന്നു.
ഹൈദ്രാബാദായിരുന്നു ഈ യാത്രയിലെ അവസാന സന്ദർശന സ്ഥലം.
രാത്രി 11 ന്‌ ഹൈദ്രാബാദിൽ നിന്നും മടക്കയാത്ര ആരംഭിച്ചു. രണ്ടുരാത്രിയും ഒരു പകളും നീണ്ടുനിന്ന മടക്കയാത്ര.

പന്ത്രണ്ടാംനാൾ പകൽ രണ്ടുമണിക്ക്‌ കൊല്ലത്ത്‌ ട്രെയിനെത്തുംമുമ്പ്‌ ണല്ലോരു ഉച്ചയൂണുകൂടി അവർ വിളമ്പിത്തരികയുണ്ടായി.
അങ്ങിനെ, വളരെ താൽപര്യജനകമായ ഒരു 'ഭാരത്ദർശൻ' യാത്രയ്ക്ക്‌ തിരശ്ശീല വീഴുന്നു.


phone. 9895180442

rajanandini

ദാമ്പത്യം,
തിബത്തൻ പീഠ ഭൂമിപോലെയാണ്‌
വാഗ്വാദത്തിന്റെ പൊടിക്കാറ്റേറ്റ്‌
കണ്ണുകൾ പൂട്ടേണ്ടിവരും
അഹന്തയുടെ ഉയരങ്ങൾ താണ്ടുമ്പോൾ
കിതപ്പാറ്റാൻ
നിസ്സംഗതയുടെ കരിമ്പാറകൾ ശരണം
കർത്തവ്യങ്ങൾ മലയിടുക്കുകളിൽ
ഒളിക്കുമ്പോൾ..
മാതൃത്വം അരഞ്ഞാണം വിൽക്കുന്നു.
കാമത്തിന്റെ ഗിരിശിഖരങ്ങൾ
കലഹത്തിന്റെ മഞ്ഞു പുതയ്ക്കുമ്പോൾ
തൃഷ്ണയുരുക്കുന്ന ഹിമജലത്തിലൂടെ
തുഴഞ്ഞെത്തുന്ന സ്വപ്നങ്ങൾ
സ്വർണ്ണ അരയന്നങ്ങളായി
മാനസ സരസ്സിൽ മുങ്ങാംകുഴിയിടുന്നു
തെളിനീരിനുള്ളിലെ പ്രകാശനക്ഷത്രങ്ങളെ
തിരയുന്നു.
അവ, ഊർജ്ജ മന്ത്രമായ
സൂര്യനിൽ ഉണർവു തേടുമ്പോൾ
നീലമേലാപ്പിൽ മാറ്റത്തിന്റെ
ആയിരം കണ്ണുകൾ
പകൽ നക്ഷത്രങ്ങളായുദിക്കുന്നു

aryad vasudevan

അതാണ്‌
തെക്കൊരിടത്ത്‌
ഒരാൾ
ദൈവപ്രതിഷ്ഠയ്ക്ക്‌
അരുൾ, ചെയ്തത്‌

എല്ലായിടത്തും
മണവാട്ടിക്കു
മാറ്റു കൂട്ടുവാൻ
മാൻ പേടമിഴികൾ നൽകി
തീർപ്പുകൽപിക്കുന്നത്‌

മുടിയഴകിന്‌
കട്ടിംഗിനും ഷേവിംഗിനും
സഹായിയായി
മാന്യതയുടെ
മനം മയപ്പെടുത്തുന്നത്‌
ഇടയ്ക്കൊരിടത്ത്‌
ഈയവും ചെമ്പും ചേർത്ത്‌
ഉമിയും മരോട്ടിയെണ്ണയും കൂട്ടി
തെളിച്ച്‌
ആഗോള പ്രശസ്തി നേടുന്നത്‌
ആരെന്തുരച്ചാലും
ചങ്ങാതിയെക്കാണ്മാൻ
എനിയ്ക്ക്‌
ആവശ്യം വേണ്ടത്‌
മറ്റൊന്നുമല്ല.


rajesh chithira.

പകലുകളെ മാത്രം
പെറ്റു കൂട്ടുന്ന ദിവസശരശയ്യകളില്‍
ഉറങ്ങാതെ ഉറക്കം ‍ ‍
ഇരുട്ട് മോഹിപ്പിക്കുന്ന വ്യാമോഹം

നീ പിരിഞ്ഞ സന്ധ്യ
കാഴ്ചക്ക് സമ്മാനിച്ച അതേയിരുട്ട്

നിദ്രാടകനെ പോലെ
ചില്ലകളെ കീഴ്പെടുത്തി
മരത്തിന്റെ നെറുകയില്‍
ഇരുട്ടിന്റെ കൂടുതേടി
എന്‍റെ ഏകാന്തത


മുകളില്‍ ,
ചന്ദ്രസ്മിതം
തിരയുന്ന കണ്ണുകള്‍ക്ക്‌ മേല്‍
മേഘകാമിനിമാര്‍ക്കിടയില്‍
മനം നിറഞ്ഞൊരു കാമുകന്‍

മേഘ തിരയിളക്കങ്ങളില്‍
മറ്റൊരു പകല്‍
ആകാശം,
തിരകള്‍ മറന്നൊരു കടല്‍

ചുറ്റും
ശിഖരശൂന്യമാം മരങ്ങളില്‍
മിഴി തുറന്ന് നക്ഷത്രപൂക്കള്‍
യന്ത്രമേഘനൃത്തച്ചുവടുകളില്‍
താഴെ,
ഭൂമിയുമാകാശതുല്യം

രണ്ടാകാശങ്ങള്‍ക്കിടയില്‍
ഞാന്‍, കാറ്റ് കൈവിട്ടൊരു പായ് വഞ്ചി
ദിക്കു മറന്നൊരു സൂചി
ഏതു വിളക്കാവും ഇരുട്ടിന്‍റെ
കണ്ണെറിഞ്ഞെന്നെ മയക്കുക ...
ഏതു ഗ്രഹണമാകും
ഇരുട്ടുമാത്രമുള്ള കരയിലെന്നെ കൈവിടുക
woman at window, by dali
ezhuth online october 2010
contents

editorial- mathew nellickunnu

sukshmananda swami





sreedevi nair

നീലാകാശമേ നിന്നെ നോക്കി
എത്രമേൽക്കാലം ഞാൻ കാത്തുനിന്നു
മൂടുപടമിട്ട നിന്മുഖം തന്നിൽ ഞാൻ
എത്രയോ വട്ടം ഒളിഞ്ഞുനോക്കി

കണ്ടില്ലൊരിക്കലും നിന്മുഖം സുന്ദരം
കണ്ടില്ലൊരിക്കലും വേദനയും
വൈകുമീ വേളയിൽ നിന്നെക്കുറിച്ചു
എന്തിനേറെ ചിന്തിച്ചിടുന്നു

എന്നുമീയാകാശചാമരം തന്നിൽ നീ
എന്നുമെനിക്കദൃശ്യയായി
കൽപ്പാന്തകാലം തപസ്സിരിക്കും
സൂര്യന്റെ ചൂടേറ്റു മങ്ങിടാതെ
നിത്യതേജസ്വിയാം സൂര്യനു നീയെന്നും
ധർമ്മം വെടിയാനുള്ള ധർമ്മപത്നി
മറയും മേഘം ഞാൻ നിന്നെ നോക്കി
എന്നും കനവുകൾ നെയ്‌തിടുന്നു.


sukshmananda swami


Official love, official tolerance and official harmony are ugly. All these are in one way or another ego-oriented acts and not beyond-ego acts. Therefore , it always induces problems, as is happening in current societies.
In fact, harmony , love and compassion are not the products of religion as they are known to be.
They are spiritual as they are spiritual products,spiritual property.Many people, not interested in religion try to avoid these emotions because of their religious connotations.These remarkable virtues are not the products of the ego and can consequently not be the property of religion, as it emerges from the beyond -ego states and is, therefore , beyond religion.


mathew nellickunnu
അഭിമാനിക്കാവുന്ന നിമിഷം

മലയാളകവിതയെ ദേശീയതലത്തിൽ എത്തിച്ച ശ്രീ ഒ എൻ വിയെ ഞങ്ങൾ ആദരിക്കുന്നു.
തീർച്ചയായും ഇതു കവിതയ്ക്ക് വെല്ലുവിളികൾ നിറഞ്ഞ കാലമാണ്‌.
മനുഷ്യന്റെ വൈകാരികഭാവങ്ങൾ അവനവനിലേക്ക് മാത്രമായി ചുരുങ്ങിപ്പോയ കാലമാണിത്.
കുറ്റകൃത്യങ്ങളും തിന്മകളും ഏറിവരുകയാണ്‌.
ഭാവി തന്നെ ഭീഷണിയിലാണ്‌.
കവിതകൊണ്ട് എന്താണോ ലക്ഷ്യമിട്ടത് അതിൽ നിന്നെല്ലാം മനുഷ്യൻ താഴെ വീണിരിക്കുന്നു.
നമുക്ക് വലിയ ഉത്തോലകങ്ങൾ ആവശ്യമായ കാലമാണിത്.
കവിതയെ നമ്മുടെ ജീവിതത്തിന്റെ ശരിയായതും നൂതനവുമായ അവസ്ഥയാക്കി ഉയർത്തേണ്ടതുണ്ട് .
ഒ എൻ വിക്ക് ലഭിച്ച ജ്ഞാനപീഠത്തിലൂടെ നമുക്ക് കവിതയിലേക്കും തിരിച്ചുവരാനാകണം. കാട്ടാളത്തത്തിനു ഒരു അവധി കൊടുക്കാൻ കഴിയണം.
സർവ്വവും മായമായി തീർന്ന ഈ ദശാസന്ധിയിൽ നമുക്ക് സ്വന്തം ഭാഷയിലും സാഹിത്യത്തിലും വിശ്വസിക്കാൻ കിട്ടിയ അവസരമാണ്‌ ഇതിലൂടെ കൈവന്നിരിക്കുന്നത്.
എല്ലാവർക്കും അഭിമാനിക്കാവുന്ന നിമിഷം.
dr. yacob mar ireneos

സ്വയംനിരാസത്തിലൂന്നിയ 'നവാദ്വൈതം' കേവലം അചലമായ ഒരു വിചാരമല്ല, മറിച്ച്‌ നവവിപ്ലവഛായയുള്ള ഒരു ചിന്താധാരായാണ്‌

[അവതാരികയിൽ നിന്ന് ]
ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുരോഗമിച്ചുവന്നപ്പോഴാണ്‌ ദുരൂഹത എന്നു നിരൂപിച്ചതിന്റെ അകംപൊരുൾ അത്ര നിസ്സാരമല്ലെന്ന്‌ ഒരു വെളിപാടുപോലെ ബോധോദയമുണ്ടായത്‌. വായിച്ചുതീരാറായപ്പോഴേക്കും ആശ്ചര്യം കൗതുകമായി മാറിക്കഴിഞ്ഞിരുന്നു! സ്വയംനിരാസത്തിലൂന്നിയ മറ്റൊരദ്വൈതവിചാരമുണർത്തിവിടുന്ന ഒരു "കലാപ"മാണിതിന്റെ ഉള്ളടക്കം."വസ്തുവിനെ അതിൽ നിന്നു മോചിപ്പിക്കുന്ന "സാഹസത്തെയാണ്‌ 'കലാപ'മെന്ന്‌ ഇവിടെ വിവക്ഷിക്കുന്നത്‌. എവിടെയായിരുന്നാലും അസ്വസ്ഥതയുളവാക്കുന്നതാണ്‌ കലാപം. അസ്വസ്ഥതയില്ലാതെ സ്വസ്ഥതയും സ്വസ്ഥതയുടെ രുചിയുമില്ലല്ലോ.

ഈ വിചാരവിശേഷത്തെ 'നവാദ്വൈതം' എന്ന്‌ ഹരികുമാർ വ്യവഹരിക്കുന്നു. മൗലികമായ അദ്വൈതചിന്തക്ക്‌ ഒരുതരം 'നിരാസം' നൽകി, പുനർജനി നൽകാനുള്ള തീവ്രശ്രമമാണിതിൽ. ഈ ശ്രമം പുതുമയാണ്‌. ഗരിമയുള്ളതുമാണ്‌. ഭാഷാപരമായും, ആശയപരമായും ആവനാഴിയിൽ സംഭരിച്ചിരിക്കുന്ന സമസ്തായുധങ്ങളും ഗ്രന്ഥകാരൻ ഈ 'കലാപ'ത്തിൽ എടുത്തുപ്രയോഗിച്ചിട്ടുണ്ട്‌. അവതരണരീതിയും, അതിൽ നമ്മെ വിശ്വസിപ്പിക്കാൻ പോരുന്നതാണ്‌. പ്രസ്തുത 'കലാപ'സാഹസം അഭിനന്ദനാർഹമെന്നതിൽ അശേഷം തർക്കമില്ല.

'സ്വയം നിരാസം' ഗ്രന്ഥകാരന്‌ ഒരു തപസ്യപോലെയാണ്‌. സംസ്കൃതമനസ്സുകൾക്ക്‌ എത്രയും ഹൃദ്യമായ ഈ വിചാരധാരയിൽ നിന്ന്‌ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ അദ്ദേഹം പദമുറപ്പിച്ചുതന്നെ നിലകൊള്ളുന്നു. ആ നിൽപിലുമുണ്ടൊരു 'നിരാസം'. ചിന്തയുടെ നവംനവങ്ങളായ ദീപ്തമേഖലകളിലേക്ക്‌ അനുവാചകരെ അതു 'പരിഭാഷപ്പെടുത്തു'ന്നുമുണ്ട്‌. സ്വയംനിരാസത്തിലൂന്നിയ 'നവാദ്വൈതം' കേവലം അചലമായ ഒരു വിചാരമല്ല, മറിച്ച്‌ നവവിപ്ലവഛായയുള്ള ഒരു ചിന്താധാരായാണ്‌. അത്‌ ശബ്ദത്തെ യും, വെളിച്ചത്തെയും ഗതിവേഗത്തെയുമെല്ലാം ഉൾക്കൊള്ളുകയും, നിർമമതയോടെ അവയെ നിരസിച്ച്‌ അതിർലംഘിക്കുകയും, അനുസ്യൂത നവസൃഷ്ടിയെന്ന നഭസ്സിലെത്തിക്കുകയും ചെയ്യുന്ന ചാലക ശക്തിയായി കാണപ്പെടുകയും ചെയ്യുന്നു. തുടർന്നങ്ങോട്ട്‌ അവിരാമമായ യാത്രതന്നെ. പരിചിതമായ സംസ്കൃതിയെ പൂർണ്ണമായി പുനർനിർമ്മിച്ച്‌, ഒരു പുത്തൻ സുതാര്യതയിലേക്ക്‌ ആനയിക്കണമെന്ന ഗ്രന്ഥകാരന്റെ ഇതിവൃത്തത്തിന്റെ ധ്വനിയും പ്രതിധ്വനിയും ഈ ഗ്രന്ഥത്തിലുടനീളം മുഴങ്ങുന്ന ഭാവമാണ്‌. (overwhelming concern)നിലവിലുള്ള ഘടനകളെയും വിചാരവിധികളെയും വിമർശനപരമായി നേരിടാതെ ഇത്തരമൊരു ഉദ്യമം അസാദ്ധ്യമാകയാൽ , ഇന്നത്തെ സാമാന്യ ചിന്താവിശേഷങ്ങളെ ഒരുതരം പരസ്യവിചാരണയ്ക്കു വിധേയമാക്കുന്നുണ്ട്‌:-
"സമയമെടുത്തു ചിന്തിക്കുന്നത്‌ അസാന്മാർഗ്ഗികവും പരിഹാസ്യവുമായിത്തീരുന്നു." (ഭാഷ മരിച്ചു)
ഗ്രന്ധവിചാരം സമാരംഭിച്ചിരിക്കുന്നത്‌ 'മൗലികവാദ'ത്തിന്‌ ഒരു പുതിയ നിർവചനവ്യാപ്തി നൽകിക്കൊണ്ടാണ്‌. "സ്വയം നിരസിക്കാനുള്ള തരത്തിൽ തത്വബോധത്തെ വികസിപ്പിച്ചില്ലെങ്കിൽ ഏതു ആശയവും മൗലികവാദമായിത്തീരും." (സ്വയം നിരാസം)
പലതരം മൗലികവാദങ്ങൾ അവയുടെ അർത്ഥനൈർമല്യം കൈവെടിഞ്ഞ്‌ ഹിംസാത്മകതയ്ക്ക്‌ കുഴലൂത്തു നടത്തുന്ന ആധുനിക കാലത്ത്‌ ഈ നിർവചനം തീർച്ചയായും ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. സമസ്ത മൗലികവാദ സമീപനങ്ങളുടെയും പുനർനിർമ്മിതിയുടെ കൺവേയർ ബൽറ്റാണിവിടെ തത്വശാസ്ത്രം. യാഥാസ്ഥിതിക കൺവേയർ ബൽറ്റിൽ സഞ്ചരിക്കുന്ന വസ്തുക്കൾക്ക്‌ മാറ്റമുണ്ടാകുന്നില്ല, സ്ഥാനചലനം മാത്രം. ഇവിടെയാകട്ടെ ചലനത്തോടൊപ്പം 'ആന്തരിക സ്വയം നിരാസ'മെന്ന പ്രക്രിയയും തുടരെ അരങ്ങേറുന്നതായി കാണാം. ആത്മാർത്ഥമായി സ്നേഹിക്കുന്നതിനുപോലും സ്വത്വനിരാസം അനിവാര്യമാണെന്ന്‌ ഈ പ്രമാണം വെളിപ്പെടുത്തുന്നു.

ഇക്കാലത്ത്‌ 'സ്വത്വബോധ'മെന്ന ആശയം പ്രത്യയശാസ്ത്ര വീക്ഷണങ്ങളിൽ തർക്കവിഷയമായിട്ടുണ്ട്‌. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സ്വത്വനിഷേധം, മറ്റൊരു സ്വത്വനിർണ്ണയത്തിലേക്കുള്ള ആഹ്വാനമായി അസ്തമിക്കുന്നു. ഹരികുമാറിന്റെ വീക്ഷണത്തിൽ സ്വയംനിരാസം ചലനാത്മകമായ മറ്റനേകം ലോകങ്ങളിലേക്കുള്ള നിരന്തരപരിണാമത്തിനു ഹേതുവാണ്‌. അങ്ങനെ വരുമ്പോൾ സ്വയം നിരാസം തന്നെ യഥാർത്ഥ 'സ്വത്വബോധ' മാണെന്നു വരുന്നു. സ്വയം നിരാസത്തിലൂടെ 'ശൂന്യതാ നിർമ്മാണ'മല്ല ലക്ഷ്യം. നവനിർമ്മാണത്തിനാണിവിടെ ഊന്നൽ.
ഹരികുമാറിന്റെ ഹരിത ദർശനങ്ങളിൽ വിശ്വചിന്താധാരകളിലെ പ്രചുര ദർശനങ്ങളുടെ സമാന്തരരേഖകളും ഒളിയും കാണാം.

'പുനർജനി' എന്നത്‌ കേവലം ഒരു യുക്തിചിന്ത എന്നതിലപ്പുറം, യാഥാർത്ഥ്യത്തെ കവിയുന്ന യാഥാർത്ഥ്യമായി പല മതചിന്തകളിലും തെളിയുന്നുണ്ട്‌. വീണ്ടും ജനിക്കാതെ സ്വർഗ്ഗപ്രാപ്തിയില്ല എന്ന്‌ യേശക്രിസ്തു അരുൾ ചെയ്തു. അത്‌ ഒരവസ്ഥയും, അനുഭവവും മാനസിക സ്ഥിതിയും സംസ്കാരവും എല്ലാമായിട്ടാണ്‌ വ്യാഖ്യാനിക്കപ്പെടുന്നത്‌.
Pseudo Dionysius എന്ന വിഖ്യാതനായ സിറിയൻ ദർശകൻ 'നേതി'യുടെ മറ്റൊരു പ്രോക്താവാണ്‌. അദ്ദേഹത്തിന്റെ വേദവൈജ്ഞാനിക സങ്കൽപങ്ങളിൽ നിരാസങ്ങളുടെ ഒരു ഘോഷയാത്രയാണ്‌. ഉണ്മയെ തേടുന്നതിൽ നിരാസം ഒരു പ്രധാന ആയുധമായി അദ്ദേഹം പ്രയോഗിക്കുന്നു. കുറിവാക്യങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ രചനകളിലെ ചില ഭാഗങ്ങൾക്കരികെ, ഹരികുമാറിന്റെ സദൃശ്യവാക്യങ്ങൾപോലുള്ള ചില പരാമർശനങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്‌. ഈ സാമ്യം ബോധപൂർവ്വം ചമച്ചതാണെന്നു കരുതാൻ ന്യായമില്ല.

John Donne യുടെയും കുഞ്ഞുണ്ണിമാഷിന്റെയും അളന്നുകുറിച്ചെടുത്തതുപോലെ ഉതിരുന്ന കുറിവാക്യങ്ങൾ പലതും ഇവിടെ സംഗതവും സാമ്യമുള്ളവയുമായി കാണപ്പെടുന്നു.
"Death thou shalt die[Donne:'holy sonnets']
വീടുവീടായ്‌ വരുമ്പോഴേ
നാടു നാടായ്‌ നടക്കൂ (കുഞ്ഞുണ്ണി)
ഇന്ദ്രിയാതീത തലങ്ങളിലേക്കുള്ള ഒരു ക്ഷണം ഇതിൽ മിന്നിമായുന്നുണ്ട്‌. മേൽപ്പറഞ്ഞ ഗണത്തിൽ വരുന്ന കുറിവാക്യങ്ങളുടെ ശൈലി ഹരികുമാറിന്റെ രചനയിലും കാണുന്നത്‌ അത്ഭുതാവഹമാണ്‌.
വഴിയാണ്‌ യാത്ര, യാത്രയാണു വഴി'
വഴി നമുക്കൊരു ലക്ഷ്യമല്ല, വഴിക്കു സ്ഥായീഭാവമില്ല'
വേഗമില്ലെങ്കിൽ യാത്രയില്ല. - (ഹരികുമാർ 'വഴികൾ')

യേശുക്രിസ്തു ഇങ്ങനെ മൊഴിഞ്ഞു: 'എന്റെ ശിഷ്യനാകാൻ ഇച്ഛിക്കുന്നവൻ തന്നത്താൻ നിഷേധിച്ച്‌, ദിനംതോറും തന്റെ കുരിശുമെടുത്തു കൊണ്ട്‌ എന്റെ പിന്നാലെ വരണം' ഇവിടെ ശിഷ്യത്വം മൊട്ടിടുന്നത്‌ സ്വയംനിരാസത്തിലാണ്‌. സമസ്ത ഭൗതിക അവകാശവാദങ്ങൾക്കും ഇവിടെ വിരാമമാകുന്നു. മാനദണ്ഡങ്ങളും മാഞ്ഞുപോകുന്നു. സ്വയം നിഷേധിക്കുമ്പോൾ അതുമറ്റൊന്നിലേക്ക്‌ അഥവാ മറ്റുപലതിലേക്കു ലയിക്കുകയാണ്‌. ആ യാത്ര അവസാനിക്കുന്നുമില്ല. നിലവിലുള്ളതും അറിയുന്നതുമായ എല്ലാ ആത്മീക-സാമൂഹ്യ സങ്കൽപങ്ങളുടെ നിരാസം തന്നെയാണ്‌ ഇവിടെ പ്രമേയം. കുരിശുമെടുത്തുകൊണ്ട്‌ എന്നു പറഞ്ഞിരിക്കുന്നതിൽ, ഇത്‌ ഒരുതരം മരണവും പുനർജനിയുമാണെന്നു വ്യക്തമാകുന്നു. സാമാന്യമായി, മരണത്തിലൂടെയാണ്‌ പുനരുത്ഥാനത്തിലേക്കുള്ള വഴി. മരണരഹിതമായ രൂപാന്തരം മറ്റൊരു സാധ്യതയാണെന്ന്‌ സെയിന്റ്‌ പോൾ പറയുന്നുണ്ട്‌.

സ്വയം നിരാസത്തിന്റെ നാനാർത്ഥങ്ങളും വൈവിദ്ധ്യങ്ങളും യേശുക്രിസ്തുവിന്റെ 'പർവ്വത പ്രഭാഷണ' ത്തിൽ നിറയെക്കാണുന്നുണ്ട്‌.
"ദുഃഖിക്കുന്നവൻ ഭാഗ്യവാന്മാർ'
'നീതി നിമിത്തമായി പീഢനമേൽക്കുന്നവർ ഭാഗ്യമുള്ളവർ'
'ജനങ്ങൾ നിങ്ങളെ നിന്ദിക്കുകയും, സകല ദുർഭാഷണങ്ങളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യമുള്ളവർ."
'അടയാളങ്ങളും അത്ഭുതങ്ങളും' കാണാനാഗ്രിച്ച യഹൂദനേതാക്കന്മാരോട്‌ യേശുപറഞ്ഞു: 'ഈ മന്ദിരം പൊളിക്കുവിൻ, മൂന്നുദിവസം കൊണ്ട്‌ ഞാനതിനെ വീണ്ടും പണിയും' 46 നീണ്ട വർഷങ്ങൾകൊണ്ട്‌ പടുത്തുയർത്തിയ യരുശലേം ദേവാലയത്തെക്കുറിച്ചാണ്‌ അദ്ദേഹം പറഞ്ഞത്‌ എന്ന്‌ അവർ ധരിച്ചുപോയി! അദ്ദേഹമാകട്ടെ, തന്റെ ശരീരമെന്ന മന്ദിരത്തെപ്പറ്റിയാണ്‌ പറഞ്ഞത്‌. തന്റെ മരണം, പുനരുത്ഥാനം ഇവയെ സ്പർശിക്കുന്നതായിരുന്നു വിചിത്രമായ ഈ പ്രസ്താവന. 'നിരാസ'മെന്ന അടിസ്ഥാന ചിന്ത ഇവിടെ പല മാനങ്ങൾ തേടുന്നു.

നിസ്സായിലെ വിശുദ്ധ ഗ്രിഗോറിയോസിന്റെ (നാലാം നൂറ്റാണ്ട്‌] വേദഭാഷ്യപ്രധാനമായ ഗ്രന്ഥമാണ്‌, 'മോശയുടെ ജീവചരിത്രം'. വെളിച്ചത്തിന്റെ പ്രഭവസ്ഥാനം തേടി മലകയറുന്ന മോശ ഒന്നൊന്നായി 'പടികൾ കയറുന്നു'. ഒരു പടികയറുമ്പോൾ മറ്റൊന്നു മുമ്പിൽ തെളിയുന്നു. അങ്ങനെ വീണ്ടും വീണ്ടും .ഈ പുസ്തകത്തിലെ അനിതര സാധാരണമായ ഒരു അവതരണമാണീ ഭാഗം. മനുഷ്യജീവിതത്തിൽ, ആത്മീയ വളർച്ചയും പുരോഗതിയ്ക്കും സ്ഥായീഭാവമല്ല. നിരന്തര പരിണാമത്തിലൂടെയുള്ള അവിരാമായ പുരോഗതി എന്ന ആരോഹണമാണത്‌ എന്നാണ്‌ ഗ്രിഗോറിയോസിന്റെ വാദം. 'അവസാനിക്കാത്ത വളർച്ച' എന്ന്‌ അദ്ദേഹം ഈ യാത്രയെ വിളിക്കുന്നു. ആയിത്തീരൽ (becoming])എന്ന തുടർപ്രക്രിയ ഒരിക്കലും പൂർണ്ണമായും ആയിത്തീരുന്നില്ല (being). അവിരാമമായ ഈ വളർച്ചയ്ക്ക്‌ ഊർജ്ജവും സൗന്ദര്യവുമുണ്ട്‌. അത്തരം ജീവിതം ഒരു വെല്ലുവിളിയായിത്തുടരുന്നു. ആയിത്തീർന്നാൽ പിന്നെ വളരാനൊന്നുമില്ലല്ലോ. ഈ പശ്ചാത്തലത്തിൽ ഹരികുമാറിന്റെ 'സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല' എന്ന ലേഖനത്തിലെ ചില വരികൾ നവോന്മേഷത്തോടെ എഴുന്നു നിൽക്കുന്നതുകാണാം.
"എല്ലാവരും ദൈവമാകുമ്പോൾ, പിന്നെ പ്രാർത്ഥനയോ, ക്ഷേത്രമോ ഒന്നും വേണമെന്നില്ല. ഇതു മനുഷ്യനെയെന്നല്ല, എല്ലാറ്റിനെയും അഹങ്കാരിയാക്കും.... ദൈവമായിത്തീരാൻ കഴിഞ്ഞാൽപ്പിന്നെ ജീവിതമെന്തിന്‌?"
മൗലികമായ അദ്വൈത തത്ത്വത്തെ വിശകലനം ചെയ്തുകൊണ്ടാണ്‌ ഈ പ്രസ്താവന. പ്രത്യക്ഷത്തിൽ നിർവ്വാണം നേടി ലയിക്കുക എന്നതിൽ നിന്നും ഭിന്നമാണീ ദർശനം. ഇവിടെ വളർച്ചയും വികാസവുമെന്ന ആരോഹണം ഒരു തുടർക്കഥയാണ്‌. എപ്പോഴും തൽസ്ഥിതിയെ നിരസിക്കുന്നതാണ്‌ അതിന്റെ നൈസർഗ്ഗിക ശൈലി. നിരാസത്തിലൂടെയുള്ള നവനിർമ്മിതിയെ ഹരികുമാർ ഇങ്ങനെ വ്യാഖ്യാനിക്കുന്നു.
"ഓരോ വസ്തുവിന്റെയും ഉള്ളിലുള്ള മൗലികവാദത്തെയും
ഗതകാല ആഭിമുഖ്യത്തെയും നിശ്ചലാവസ്ഥയെയും മാറ്റി, പ്രപഞ്ചികമായ ലോകാവസ്ഥയ്ക്ക്‌ പ്രധാനമായ ഉണ്മകളിലേക്ക്‌ പരിവർത്തനം ചെയ്യുന്നതിനാണ്‌ ഈ പുനർനിർമ്മാണം."

പ്രപഞ്ച ഉണ്മകൾ, നിശ്ചലാവസ്ഥയ്ക്കും ചലനാത്മകതയ്ക്കും അതീതമാണെന്നാണ്‌ സൂചന. ഹരികുമാറിന്റെ വീക്ഷണത്തിൽ, സ്വയം നിരാസത്തിലൂടെയുള്ള തുടർപരിണാമം, ഭ്രാന്തമായ അവ്യവസ്ഥിതിയിലേക്കു നീന്തിക്കയറുന്നതല്ല. അതു സൃഷ്ടിപരവും, സംസ്കരിച്ചെടുക്കലുമാണ്‌. സാഹിത്യത്തിനും മതത്തിനും ശാസ്ത്രത്തിനുമെല്ലാം ഇതു ബാധകമാണെന്നത്‌ ഗ്രന്ഥകാരന്റെ ശക്തമായ വീക്ഷണമാണ്‌. പരന്നവായന ആത്മീയപരിവർത്തനത്തിലേക്കു നയിച്ചേക്കാം. എന്നാൽ 'നിരാസ'രാഹിത്യരംഗത്ത്‌ 'ഭാഷ മരിക്കുന്നു' എന്നു ഗ്രന്ഥകാരൻ സമർത്ഥിക്കാൻ ശ്രമിക്കുന്നു.
"പ്രത്യേകിച്ച്‌ ഒന്നും വിനിമയം ചെയ്യാനില്ലാത്ത വാക്കുകൾ നടത്തുന്ന മാംസപ്രദർശനം ഭാഷയുടെ മരണത്തിനു നിമിത്തമാണ്‌." (ഭാഷ മരിച്ചു)

ഗ്രന്ഥകാരന്റെ മനനം ഇവ്വിധം ഗതിവേഗമാർജിക്കുമ്പോൾ, ആത്മീകതയ്ക്കും ഒരു നവമാനം കൽപിച്ചിട്ടുണ്ട്‌. ദൈവത്തെ ചുറ്റിപ്പറ്റിയുള്ള ചിന്തയല്ല, "സകലത്തിനെയും സ്വാംശീകരിച്ചുകൊണ്ടുള്ള ആത്മീകതയാണ്‌ സാഹിത്യത്തിന്റേത്‌." എന്നാണ്‌ അദ്ദേഹത്തിന്റെ മതം. വാസ്തവത്തിൽ കാമ്പുള്ള മതവിശ്വാസങ്ങളെ സ്വാധീനിച്ചിട്ടുള്ള ചിന്തത്തന്നെയാണിത്‌. പൗരസ്ത്യ ക്രൈസ്തവ വേദശാസ്ത്ര ദർശനത്തിൽ സകല സൃഷ്ടിയെയും ഉൾക്കൊള്ളാത്ത ആത്മീകതയുമില്ല, ആരാധനയുമില്ല. സാഹിത്യഗന്ധിയായ ഈ ആത്മീകതയെ, ഹരികുമാർ 'ബദൽ ആത്മീകത' എന്നു വിളിക്കുന്നുവെങ്കിലും സനാതനവും മൗലികവുമായ ആത്മീകതയുടെ രൂപം തന്നെയാണിത്‌.

'ചലനവും പുരോഗതി'യും ഗ്രന്ഥകാരന്‌ ഒരു obsession പോലെയാണ്‌. അത്‌ സ്വാഗതാർഹവുമാണ്‌. ചിന്തയ്ക്കു കുളിർമയരുളുന്ന ഈ ദർശനം ഈ ഗ്രന്ഥത്തിലെ പ്രതിപാദനങ്ങളിലുടനീളം ദൃശ്യമാണ്‌. ഇതാ 'വഴികൾ' എന്ന ലേഖനത്തിൽ നിന്ന്‌:-
"പ്രകാശത്തെക്കാൾ എത്രയോ ഇരട്ടി വേഗത്തിൽ നാം മനസ്സുകൊണ്ടു സഞ്ചരിക്കുന്നു."
" ആകാശത്തിലൂടെ നക്ഷത്രങ്ങൾ അതിവേഗത്തിൽ ഓടിക്കളിക്കുന്നു."
"നക്ഷത്രയാത്ര സർവ്വലോകങ്ങളെയും കടന്നുപോകുന്നു."
"നിശ്ചിത പഥമില്ലാത്തതുകൊണ്ട്‌, നമ്മുടെ യാത്രകൾക്കു വേഗം കൂടും." (നക്ഷത്രങ്ങളുടെ വൈവിധ്യമാർന്ന സഞ്ചാരപഥങ്ങളെ ഭാരതത്തിലെ പുരാതന വാനഗവേഷകർ നിർണ്ണയിച്ചിട്ടുണ്ട്‌!) അനന്തമായ സഞ്ചാര-പുരോഗതിയുടെ ഗതി ഗ്രന്ഥകാരൻ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു.
"വീണ്ടും എവിടേയ്ക്കോ പൊയ്ക്കൊണ്ടിരിക്കും." (വഴികൾ)
ഇത്രയുമെല്ലാം വിശദമായും സധൈര്യവും എഴുതിയെങ്കിലും ഗ്രന്ഥകാരൻ ഒരു ജാമ്യാപേക്ഷപോലെ കുറിച്ചിട്ടു:
നവാദ്വൈതം സാഹിത്യചിന്തയിലാണ്‌ മുഖ്യമായും പ്രയോഗിക്കുന്നത്‌." (ഉത്തരങ്ങൾക്കു വേണ്ടി) എത്ര സംഗതമായ ഒരു തിരിച്ചറിവാണിത്‌! സ്വയംനിരാസത്തിന്റെ (നവാദ്വൈതമെന്നു ഭാഷ്യം) പ്രായോഗികത, അദ്ദേഹം കണ്ടെത്തി നിർവചിക്കുകയും അതിൽ മനുഷ്യന്റെ ഭാഗധേയം നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു.

"വസ്തുക്കളെ അവയുടെ പരിസരത്തുനിന്നുയർത്തി കൂടുതൽ വലിയ ലോകവുമായി സംവാദത്തിലേർപ്പെടുത്തേണ്ട ജോലിയാണ്‌ മനുഷ്യന്റേത്‌" (സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല)
അപ്പോൾ പരിണാമവിധേയമായ മനസ്സാണ്‌ നവാദ്വൈതചിന്തയുടെ പ്രാണൻ എന്നു സിദ്ധിക്കുന്നു.

മേൽപ്പറഞ്ഞ വിവരണങ്ങളുടെ ആകെത്തുകയാണ്‌ 'നവാദ്വൈതം'. ആത്മാവും പരമാത്മാവും തമ്മിൽ, ദൃശ്യവും അദൃശ്യവും തമ്മിൽ, ഭൗമവും അഭൗമവും തമ്മിൽ പിളർപ്പും ഭേദവുമില്ലെന്ന്‌ അദ്വൈതം വിധിക്കുന്നു. സ്വയം നിരാസമെന്ന പ്രക്രിയയിലൂടെ, പുറംലോകത്തെ വിശദാംശങ്ങളുമായി താദാത്മ്യമാകുമെന്ന്‌ 'നവാദ്വൈതം' പറയുന്നു. അങ്ങനെ നവാദ്വൈതത്തിലുമുണ്ട്‌ ഒരദ്വൈതം. 'മനുഷ്യൻ പ്രവൃത്തിയിലൂടെ മറ്റൊന്നായി മാറുമ്പോൾ, വലിയലോകത്തേക്കു കൂടിക്കലരുമ്പോൾ രണ്ടും തമ്മിൽ ഭേദമില്ലാതെ വരും. (സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല) ഈ ഭേദരാഹിത്യം നവാദ്വൈതത്തിന്റെ കാതലാണ്‌. സ്വയംനിഷേധിക്കുന്നതിലൂടെ പുറംലോകവുമായി ഭേദമില്ലാതെ വരുന്നു.

'നവാദ്വൈത'മെന്ന തനതായ സങ്കൽപത്തിന്‌ ഹരികുമാർ ഈ 'മാനിഫെസ്റ്റോ'യിലൂടെ ഒരു പുതുഭാഷ്യം ചമച്ചിരിക്കുന്നു. അക്കൂട്ടത്തിൽ ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന്‌ പ്രൗഢവും മനഃശാസ്ത്രപരവുമായ ഒരു വിമർശന വിചാരവും അവതരിപ്പിച്ചിരിക്കുന്നു.

'നവാദ്വൈത'ത്തിന്റെ കാതൽ, ജീവിതത്തിലെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്നതാണ്‌. സ്വാർത്ഥതയിൽ നിന്നുള്ള വിടുതൽ, വരണ്ട യാഥാസ്ഥിതികത്വത്തിൽ നിന്നുള്ള മോചനം, ആത്മാവില്ലാതെ വഴിപാടുപോലെ അവതരിക്കുന്ന സാഹിത്യസപര്യയിൽ നിന്നുള്ള വിമുക്തി, യഥാർത്ഥ ആത്മീകതയുടെ പരിഗ്രഹണം ഇവയെല്ലാം നവാദ്വൈതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിക്കുന്നതിന്റെ ലക്ഷണമാണല്ലോ മാറ്റങ്ങൾ. മാറ്റങ്ങൾ ജീവിക്കുന്ന മനുഷ്യന്റെ പ്രകൃതിയിൽത്തന്നെയുള്ളതാണ്‌. നിഷേധാത്മകമായ നിരസമല്ല ഇവിടെ വിവക്ഷ. അത്‌ ക്രിയാത്മകവും, ചലനാത്മകവുമായ ആരോഹണത്തിന്റെ തുടർനിമിത്തമാണ്‌. ഈ വിഷയത്തിൽ ഹരികുമാറിന്റെ ആഖ്യാനം പല ഗതകാല ചിന്തകരുടെയും സർഗ്ഗശക്തിയുടെ ഉന്മേഷത്തെ അനുസ്മരിപ്പിക്കുന്നുണ്ട്‌. തത്വചിന്താപരമായ ഇത്തരംകൃതികൾ മലയാളത്തിൽ സുലഭമല്ല.

പ്രിയപ്പെട്ട ഹരികുമാറിന്റെ പ്രയത്നം ശ്ലാഘനീയമാണ്‌. പ്രൗഢഗംഭീരവും ആഴമുള്ളതുമായ ചിന്തകൾ ഈ ഗ്രന്ഥത്തിൽ ഉതിരുന്നത്‌ തികച്ചും അനായാസേനയാണ്‌. കടൽപ്പരപ്പിൽ പൊങ്ങിക്കിടക്കുന്നവയെ ശേഖരിക്കുകയല്ല, ആഴക്കടലിൽ മുങ്ങി, മുത്തുകൾ വാരുകയാണ്‌ ഗ്രന്ഥകാരൻ. ലഭിച്ച മുത്തുകളോ വർണ്ണാങ്കിതങ്ങളും അമൂല്യങ്ങളുമാണ്‌. ഇനിയും സാഹസികനായ ഈ മുക്കുവൻ മുത്തുകൾ വാരിക്കൂട്ടട്ടെ! ചിന്താശീലരും, മനുഷ്യരാശിയുടെ പുരോഗതികാംക്ഷിക്കുന്നവരുമായവർക്ക്‌ വഴികാട്ടിയായി അദ്ദേഹം വളരട്ടെ.
ഗ്രന്ഥകാരന്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

സ്വാർത്ഥതയിൽ നിന്നുള്ള വിടുതൽ, വരണ്ട യാഥാസ്ഥിതികത്വത്തിൽ നിന്നുള്ള മോചനം, ആത്മാവില്ലാതെ വഴിപാടുപോലെ അവതരിക്കുന്ന സാഹിത്യസപര്യയിൽ നിന്നുള്ള വിമുക്തി, യഥാർത്ഥ ആത്മീകതയുടെ പരിഗ്രഹണം ഇവയെല്ലാം നവാദ്വൈതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിക്കുന്നതിന്റെ ലക്ഷണമാണല്ലോ മാറ്റങ്ങൾ. മാറ്റങ്ങൾ ജീവിക്കുന്ന മനുഷ്യന്റെ പ്രകൃതിയിൽത്തന്നെയുള്ളതാണ്‌. നിഷേധാത്മകമായ നിരസമല്ല ഇവിടെ വിവക്ഷ. അത്‌ ക്രിയാത്മകവും, ചലനാത്മകവുമായ ആരോഹണത്തിന്റെ തുടർനിമിത്തമാണ്‌. ഈ വിഷയത്തിൽ ഹരികുമാറിന്റെ ആഖ്യാനം പല ഗതകാല ചിന്തകരുടെയും സർഗ്ഗശക്തിയുടെ ഉന്മേഷത്തെ അനുസ്മരിപ്പിക്കുന്നുണ്ട്‌. തത്വചിന്താപരമായ ഇത്തരംകൃതികൾ മലയാളത്തിൽ സുലഭമല്ല.
പ്രിയപ്പെട്ട ഹരികുമാറിന്റെ പ്രയത്നം ശ്ലാഘനീയമാണ്‌. പ്രൗഢഗംഭീരവും ആളമുള്ളതുമായ ചിന്തകൾ ഈ ഗ്രന്ഥത്തിൽ ഉതിരുന്നത്‌ തികച്ചും അനായാസേനയാണ്‌. കടൽപ്പരപ്പിൽ പൊങ്ങിക്കിടക്കുന്നവയെ ശേഖരിക്കുകയല്ല, ആഴക്കടലിൽ മുങ്ങി, മുത്തുകൾ വാരുകയാണ്‌ ഗ്രന്ഥകാരൻ. ലഭിച്ച മുത്തുകളോ വർണ്ണാങ്കിതങ്ങളും അമൂല്യങ്ങളുമാണ്‌. ഇനിയും സാഹസികനായ ഈ മുക്കുവൻ മുത്തുകൾ വാരിക്കൂട്ടട്ടെ! ചിന്താശീലരും, മനുഷ്യരാശിയുടെ പുരോഗതികാംക്ഷിക്കുന്നവരുമായവർക്ക്‌ വഴികാട്ടിയായി അദ്ദേഹം വളരട്ടെ.
ഗ്രന്ഥകാരന്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.




ente manifesto


[literary philosophy]


m k harikumar




green books


trichur-1


phone- 0487 2422515



janaki

മണ്ണിൽ പൊടുന്നനെ യുണ്ടായ ഒരു പൊട്ടി പിളർപ്പിലൂടെ അവൾ വീണ്ടും ഭൂമിയുടെ പരപ്പിലേയ്ക്കു തെറിച്ചു വീണു..അഗ്നിശുദ്ധി വരുത്തിയ ദേഹത്തും വസ്ത്രങ്ങളിലും..അമ്മയുടെ സ്നേഹം പുരണ്ടിരുന്നു. മലർന്നു കിടന്ന് യുഗങ്ങൾക്കൊപ്പം മാറിയവെളിച്ചത്തിന്റെ തീവ്രതയിലേയ്ക്ക് അവളുടെ കണ്ണുകൾ വേദനിച്ചു തുറന്നു…

‘ത്രേതായുഗത്തിലേയ്ക്ക് എത്തി നോക്കുമ്പോൾ കലപ്പ തട്ടി മിഴിച്ച കണ്ണുകൾക്ക് ഇത്ര നോവുണ്ടായിരുന്നില്ല..അന്നത്തെ അത്ഭുതവും സന്തോഷവും കലർന്ന അനേക ഭാവങ്ങളുടെ ഇടയിലേയ്ക്കല്ല ഇപ്പോൾ വന്നിരിക്കുന്നത് ‘

അൽ‌പ്പമകലെ വിജനമായ കടൽ ഉപ്പുകാറ്റു കൊണ്ട് തൊട്ടു വിളിച്ചു.. തീരവുംവിജനമാണ്….ആര്.? സീതയോ വീണ്ടും….?! എന്ന് തിരിഞ്ഞു നോക്കി ആരും കടന്നു പോകുന്നില്ല…

അയോദ്ധ്യ എത്ര അകലെയാണ്…വസ്ത്രഞ്ചലം ഇഴച്ചു നടക്കുമ്പോൾ അവൾ ആലോചിച്ചു അത് സീത വെറുക്കുന്നിടമാണ്..പക്ഷെ ഇപ്പൊൾ മുന്നിൽ രാമപാദമുദ്രകൾ പതിഞ്ഞ രാമസേതു കടൽ മൂടി കിടപ്പുണ്ട്….അശോകവനവും, ലങ്കാതീരവും..പുറകിൽ മറയുമ്പോൾ ചേർന്നുനിന്ന് രാമഗന്ധം ശ്വസിച്ചു കടന്ന കൽച്ചിറ ശരിക്കൊന്നു നോക്കി കാണുവാൻ അന്നു മറന്നു പോയിരുന്നൊ..!? കാരണം…ആ യാത്രയിൽ പുനസമാഗമത്തിന്റെ ആവേശവും.,ആർത്തിയും അണയാൻ പോകുന്ന തീനാളമായി ജ്വലിച്ചു നിൽക്കുകയായിരുന്നു..

ദൈവാംശമുള്ളവൻ സ്വയം മറന്ന് വെറും മനുഷ്യനും..,വെറും പുരുഷനുമായി മാറുന്നത് താൻ കണ്ടിടത്തോളം മറ്റാരുകണ്ടു…?


സീതയുടെ മുഖത്ത് പുച്ഛം വില്ലു കുലച്ചു നിന്നു.

“ രാമാ…നീ എവിടെയാണ്…” സീത ഉറക്കെ തിരകളിലേയ്ക്ക് വിളിച്ചു ചോദിച്ചു

“വന്നു നോക്കു..ഇത് മജ്ജയും .മംസവും,ജീവനുമുള്ള സീതയാണ്.. കഞ്ചനമല്ല….സീത അന്നുമുണ്ട്…ഇന്നുമുണ്ട്…ചോദ്യം ചെയ്യപ്പെടാത്ത അസ്തിത്വവുമായി തന്നെ..”

ദ്രുക്പഥങ്ങളിൽ സമുദ്രം മാത്രമാണ്…തിരകൾ പറയിൽ തകർന്നു തെറിച്ചൊരു തുള്ളി വരണ്ട ചുണ്ടിൽ വീണു..ദിനരാത്രങ്ങളോളം ലങ്കയിലേയ്ക്ക്

അണ കെട്ടിയ ശരീരങ്ങളുടെ ശ്രമജലം അവൽക്കു രുചിച്ചു..യുഗങ്ങൾക്കിപ്പുറം രാമസേതു സാക്ഷ്യപ്പെടുത്താനൊന്നുമില്ലാതെ നിസ്സഹായമായി മറഞ്ഞിരിക്കുന്നു ..ഉണ്ടെങ്കിൽ തന്നെ…” രാമാ……സീത അഴിച്ചിട്ട മുടിയിളക്കി ചിരിച്ചു.. ”നീയുണ്ടായിരുന്നോ എന്നതിനാണ് ഇപ്പോൾ സാക്ഷ്യപത്രങ്ങളില്ലാത്തത്….”

കടൽ വെള്ളത്തിലേയ്ക്ക് കൊലുസൊഴിഞ്ഞ പാദമെടുത്ത് വയ്ക്കുമ്പോൾ ചുമലിൽ..,പുറകിൽ നിന്നും വിറയ്ക്കുന്ന കൈകൾ പതിഞ്ഞ തിരിച്ചറിവിൽ സീത തിരിഞ്ഞു നോക്കി,

കാത്തിരിപ്പിന്റെ ആഴങ്ങളിലേയ്ക്കാണ്ടു കുഴിഞ്ഞ്,തടങ്ങളിൽ നിരാശയുടെ കറുപ്പു പടർന്ന കണ്ണുകളോടെ..,മോക്ഷം ശാപമായേറ്റു വാ‍ങ്ങി മഹിഷി ചിരിച്ചു നിന്നു

“ സീതേ..തഴയപ്പെട്ട നിന്റേയും.,ശപിക്കപ്പെട്ട എന്റെയും കണ്ണുനീരിന്റെ ഉപ്പ്,ഈ കടലിന് ആവശ്യമുണ്ടെന്നു തോന്നുന്നില്ല..മുജ്ജന്മ പാപങ്ങളെന്തൊക്കെയോ ഉണ്ടായിരുന്നു..ശാപങ്ങളേൽക്കാത്ത ജന്മങ്ങളെല്ലാം ക്രതയുഗത്തിൽ തന്നെ തുടങ്ങിയൊടുങ്ങിയല്ലൊ…

സീത പുറം കൈ കൊതടഞ്ഞു..”ക്രതയുഗമോ.?പാപപങ്കിലമായ മനുഷ്യ ജന്മങ്ങൾ,കുറ്റബോധം കൊണ്ട് നീറി…സ്വയം ആശ്വസിക്കാൻ.., ‘ഉണ്ടായിരുന്നു’ എന്ന് സങ്കൽ‌പ്പിച്ചെടുത്ത മായായുഗം മാത്രമാണത്..

മഹിഷിയുടെ കറുത്ത വസ്ത്രങ്ങളിൽ നിന്നും .., ഭസ്മവും ,കർപൂരവും,നെയ്യും കൂടികലർന്ന ഗന്ധം ശ്വസിച്ച് സീത അവളെ അടിമുടി വീക്ഷിച്ച് ചോദിച്ചു…

“കറുപ്പ് ദുഖത്തിന്റെ നിറം മാത്രമല്ല മാളികപ്പുറത്തിന് അല്ലെ..?

“അല്ല ചതിയുടേതും കൂടിയാ‍ണ് സീതേ….“: അനേകം ശരങ്ങൾ കൊത്തിയ മനസ്സിലെ വടുക്കളിൽ നിന്ന് രക്തമൊഴുകാൻ തുടങ്ങിയത് മഹിഷി സ്വയം തടഞ്ഞു..

“മഹിഷീ..വിഡ്ഡിയാണു നീ…കന്നി അയ്യപ്പന്മാർ വരാതിരിക്കാൻ ജനനമില്ലതാവണം..,മോഹമില്ലാതാവണം….,കാമമില്ലാതാവണം.അറിയുമോ.?അനുഗ്രഹത്തിനുള്ളിലെ പടുകുഴിയിലേയ്ക്ക് എടുത്തു ചാടിയ നീ എന്നേക്കാൾ വിഡ്ഡിയാണ്..”

“കാത്തിരിപ്പ് കമിതാവിനു വേണ്ടിയോ,ഭർത്താവിനു വേണ്ടിയോ.. ഏതായാലും ഒന്നിനൊന്നു മുകളിലാണ്..ലക്ഷ്മണനു വേണ്ടി ഓരോ രാത്രിയിലും ആയിരം വട്ടം ഊർമ്മിള നിന്നെ ശപിച്ചിട്ടുണ്ടാകും..അവൾക്കതിനു തീർച്ചയായും കഴിഞ്ഞിരിക്കും..കാരണം മുന്നിൽ തൊഴുകൈകളോടെ നിൽക്കുന്നവരിൽ നിന്നും മുഖം തിരിച്ചു പിടിച്ച് ശാപവാക്കുകൾ ഉരുവിടാൻ എനിക്കു കഴിയുന്നു…”

“ഉവ്വോ…”ഒരു നിമിഷം സീതയ്ക്കു അവിശ്വസനീയതയുണ്ടായി…

“ശരം കുത്തിയാൽ വരെ ചെന്ന് ബോധിച്ച് പരിഹാസ്യയായി തിരിച്ചു പോരാൻ ഞാൻ ഇനി ഒരുങ്ങുന്നില്ല..രോമങ്ങൾ മുറ്റിയ പുരുഷ ശരീരങ്ങളേയും..നിഷ്കളങ്കരായ കുഞ്ഞുങ്ങളേയും…വയസ്സരേയും കണ്ടു മടുത്തു. സ്വപ്നങ്ങളും..നിഗൂഡ സങ്കൽ‌പ്പങ്ങളും നിറച്ച കണ്ണുകളോടെ യുവതികൾ മലകയറി വരുമെന്നു ഞാൻ പ്രതീക്ഷിച്ചു..അയ്യപ്പസന്നിധിയെലേയ്ക്കല്ല സഫലമാകാതെ പോയ പ്രണയ സ്മാരകത്തിലേയ്ക്ക്….”

മഹിഷിപറഞ്ഞു നിർത്തിയിട്ട് നിഷേധമാർന്ന് തലയാട്ടി.. “പക്ഷേ…ആട്ടിയോടിക്കപ്പെടുകയാണ്…ആദ്യം പുറത്തു പോകേണ്ടതു ഞാനായിരുന്നു..ഒരു പാടു വൈകി…”

വരണ്ട കൈകൾ കൊണ്ട് സീത, മഹിഷിയെ തലോടി..ഒരു യുഗത്തിന്റെ മുഴുവൻ സാന്ത്വനവുമേറ്റ് മഹിഷി കടൽ തീരത്ത് കുത്തിയിരുന്നു..

“എങ്ങോട്ടാണു പോകേണ്ടത്… വരു…എന്റെ കൈ പിടിയ്ക്കൂ.” സീത കൈ നീട്ടി..

“ഇനിയും ഭൂമിയുടെ പിളർപ്പിലേയ്ക്കു തള്ളിയിടാൻ യുഗങ്ങൾ കടന്ന് ആരാണു വരാനുള്ളത്….പിന്നെ രാമൻ..! സ്വയം തിരഞ്ഞു തിരഞ്ഞ് ഉണ്ടായിരുന്നോ.,ഇല്ലായിരുന്നോ.എന്ന കുറെ സംശയാനുകൂല്യങ്ങളിലേയ്ക്ക് അദ്ദേഹം തന്നെ പിളർന്ന് താണു പോയിരിക്കുന്നു..”

“രാമനു വേണ്ടി എന്തു കൊണ്ടു നീ കരയുന്നില്ല..?

“അദ്ദേഹത്തിനു വേണ്ടി എന്റെ കണ്ണുനീർ ലങ്കയെ നനച്ചിറങ്ങി ത്രികൂടത്തെ സ്പർശിച്ചതാണ്..അത്രയും ധാരാളം…വരൂ…”

വിരലുകൾ കോർത്ത് തിരകളെ മുട്ടി നടക്കുമ്പോൾ മഹിഷി സ്വയം ചോദിച്ചു …..എവിടേയ്ക്കാണ്….?എത്ര ദൂരം….?

ലോകത്തിന്റെ അറ്റത്തേയ്ക്ക് കാഴ്ചയെ മുട്ടിച്ചു കൊണ്ട് സീത മഹിഷിയുടെ മനസ്സിനു മറുപടി കൊടുത്തു

“കലിയുഗമല്ലേ….കാലപുരുഷന്റെ ആട്ടം കഴിയുന്നതു വരെ നമുക്കു നടക്കാം….അത്രയും ദൂരം……..”

Saturday, October 2, 2010

chithrakaran


കുട്ടി പറഞ്ഞു:
പൂമ്പാറ്റേ...
നിന്റെ ചിറകുകള്‍ക്കെന്തു ഭംഗി!
എനിക്കു നിന്റെ ചിറകു തരുമോ?

ഉയര്‍ന്നു പോങ്ങിയ ശലഭം
തന്റെ വര്‍ണ്ണ ചിറകുകള്‍
കുട്ടിക്കു സമ്മാനിച്ചു.

കുട്ടി പൂമ്പാറ്റയുടെ
ജീവനില്ലാത്ത വര്‍ണ്ണ ചിറകുകള്‍
പുസ്തകത്തിലൊട്ടിച്ചു.
കണ്ടവരെല്ലാം പറഞ്ഞു:
പുസ്തകം മനോഹരം!!!
കുട്ടിക്ക് അവര്‍ ഉമ്മ കൊടുത്തു.

ചിറകറ്റ പൂമ്പാറ്റയെ
ഭക്ഷിച്ചുകൊണ്ടിരുന്ന ഉറുമ്പുകള്‍ പറഞ്ഞു:
ചിത്രത്തില്‍ കുറച്ച് ഉപ്പു കുറവുണ്ട്.
കാശ്മീരി മുളകു ചേര്‍ത്തിരുന്നെങ്കില്‍...
നിറങ്ങള്‍ക്ക് നല്ല എരിവുണ്ടായേനേ.

ചിത്രശലഭം പതിവുപോലെ
മനസ്സിനകത്തേക്കുനോക്കി ചിരിച്ചു.
അവസാനത്തെ പിടയലിന്റെ ഓളങ്ങളായി..
ആ ചിരി നിശ്ചലതയെ പ്രാപിച്ചു.




e vasu

പദവികൾ തമ്മിലുള്ള അന്തരം ഇല്ലാതാകണമെങ്കിൽ എല്ലാവരും ആഹാരത്തിനുവേണ്ടി അധ്വാനിക്കുന്നവരായി മാറണം എന്നാണ്‌ ഗാന്ധിജി അഭിപ്രായപ്പെട്ടത്‌.
ആർത്ഥികമായ സുഖം ആർത്ഥികമായ ദുഃഖത്തിന്റെ മറ്റൊരു രൂപമാണെങ്കിൽ ഇന്ത്യ വളരെ അസന്തുഷ്ടി നിറഞ്ഞ ഒരു രാജ്യമാണെന്ന്‌ സ്ഥിതിവിവര കണക്കുകൾ കാണിക്കുന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുപ്രകാരം 35 കോടി ഇന്ത്യാക്കാർ, ജീവിയ്ക്കാനാവശ്യമായ ഏറ്റവും ചുരുങ്ങിയ ആഹാരത്തിന്റെ അഭാവത്തിൽ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നു.
27 കോടി ജനങ്ങളാണ്‌ മുതിർന്നവരിൽ നിരക്ഷരരായുള്ളത്‌.
25 കോടി ശുചീകരണ പദ്ധതികളുടെ അഭാവത്തിൽ ദുരിതമനുഭവിക്കുന്നവരായുണ്ട്‌.
അതേസമയം രണ്ടരകോടി ആളുകളെങ്കിലും സ്കോച്ചുവിസ്കി കഴിക്കുന്നവരായുണ്ട്‌. ഉദാരവൽക്കരണം അതിന്റെ ഇറക്കുമതി ഇപ്പോൾ ലളിതമാക്കി.
തൃശ്ശൂരിലെ ഒരു മുന്തിയ ഹോട്ടലിനോട്‌ അനുബന്ധമായുള്ള ബാറിന്റെ പേര്‌ പ്രതീക്ഷാബാർ എന്നാണ്‌. ഇവിടെ ആരുടെ പ്രതീക്ഷയാണ്‌ മുന്നിലുള്ളതെന്ന്‌ പറയാതെ തന്നെ വ്യക്തമാണ്‌.
അതേസമയം സ്വാതന്ത്ര്യത്തിനു മുമ്പ്‌ നാൽപതുവയസുവരെ മാത്രമേ ജീവിക്കു എന്ന നിലയിലായിരുന്ന ഇന്ത്യാക്കാരന്റെ പ്രതീക്ഷിതായുസ്സ്‌ ഇപ്പോൾ 60 ഉയരുകയും ചെയ്തിരിക്കുന്നു.
ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ളവരുടെ എണ്ണം പ്രതിവർഷം 35 ലക്ഷം വർദ്ധിച്ചു വരുന്നു എന്ന വസ്തുതകൂടി ചേർത്തുവച്ച്‌ ആലോചിക്കുമ്പോൾ ഇന്ത്യ 'ചത്തതിനോക്കുമേ ജീവിച്ചിരക്കിലും' എന്ന നിലയിൽ കഴിയുന്നവരെ കൊണ്ടാണോ നിറയുന്നത്‌ എന്ന സംശയം ഉളവാകുന്നു.
മുൻഗണനകൾ മാറ്റി നിർണ്ണയിച്ച്‌ സാമ്പത്തികസമീകരണം ലക്ഷ്യമാക്കുകയാണെങ്കിൽ സാമൂഹ്യനീതി കൈവരിക്കാനാകും എന്ന ഒരവസ്ഥ മൊത്തം ദേശീയോൽപാദനത്തിന്റെയും ദേശീയ സമ്പത്തിന്റെയും ആശാവഹമായ ചിത്രം നൽകാതിരിക്കുന്നില്ല. ആദർശാത്മകമായ സാമൂഹ്യസൃഷ്ടി അപ്പോൾ ഏത്‌ അടിസ്ഥാനത്തിലായിരിക്കും?
നിറഞ്ഞു തുളുമ്പുന്ന ഫ്രിഡ്ജ്‌, പട്ടുവസ്ത്രങ്ങൾ, നിറഞ്ഞുപുറത്തേക്കു ചാടുന്ന അലമാര, ഗ്യാരേജിൽ പുത്തൻകാർ, മുറിതോറും ടെലിവിഷൻ, കമ്പ്യൂട്ടർ...
ഓരോ കുടുംബവും അത്തരം നിലകൈവരിക്കുന്ന സമൂഹം സുരക്ഷിതമാണെന്ന്‌ പറയാമോ? മനഃശാസ്ത്രപരമായി അങ്ങേയറ്റം അരക്ഷിതവും നൈതികമായി പാപ്പരായതും എന്നാണ്‌ ഗാന്ധിജി അത്തരം അവസ്ഥയ്ക്ക്‌ നൽകിയ വിശദീകരണം. വസ്തുവകകൾ കണക്കറ്റ്‌ വാരിവിഴുങ്ങുന്നതിനും ദൈന്യത സൃഷ്ടിക്കുന്ന ദാരിദ്ര്യത്തിലും ഇടയ്ക്കുള്ള ശരിയായ ഒരു വഴിയെക്കുറിച്ചാണ്‌ ഗാന്ധിജി ചിന്തിച്ചതു. ആഗോളമായ ഒരടിസ്ഥാനവും പലപ്പോഴും ഇത്തരം ചിന്തകൾക്ക്‌ കൈവന്നു.
ആറുലക്ഷം ഗ്രാമങ്ങളിലാണ്‌ ഇന്ത്യ എന്ന വിശ്വാസമായിരുന്നു ഇതിന്‌ കാരണം. അവർക്ക്‌ അന്യമായി ഏതാനും സ്ഥലത്ത്‌ സമൃദ്ധിയുടെ തുരുത്തുകൾ ഉണ്ടാകുന്നത്‌ കോടിക്കണക്കിന്‌ ഗ്രാമവാസികളുടെ ദൈന്യം നിറഞ്ഞ നിത്യജീവിതത്തെ ബാധിക്കുന്നതെങ്ങനെ? അവ കർമ്മോന്മുഖമല്ലാത്ത തുരുത്തുകളായിത്തന്നെ അവശേഷിക്കും.
നഗരങ്ങളിൽ കോടിക്കളക്കിന്‌ തിങ്ങി വിങ്ങി ഞെരുങ്ങി കഴിയുന്ന ഗ്രാമീണർക്ക്‌ സ്വസ്ഥമായി ജീവിതം നയിക്കാനാവുകയില്ല. നമുക്കതുകൊണ്ട്‌ ഗ്രാമങ്ങളിൽ പാർക്കേണ്ടതായി വരും. "അവിടത്തെ കൊട്ടാരങ്ങളിലല്ല, കുടിലുകളിൽ" എന്ന്‌ ഗാന്ധിജി നെഹ്‌റുവിനെ ഉപദേശിക്കുകയുണ്ടായി. പാശ്ചാത്യ മാതൃകകളെ നിരാകരിച്ചുകൊണ്ട്‌ സസ്യഭുക്കായ ഗാന്ധി എഴുതിയ 'ഹിണ്ട്‌ സമാജ്‌' എന്ന പുസ്തകം പരിസ്ഥിതി വാദികളും പ്രകൃതി പക്ഷക്കാരും കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ പോലെ ഉയർത്തിപിടിക്കാൻ മാത്രം ശക്തിമത്തായി കരുതുന്നുണ്ടെങ്കിലും 'അപ്രായോഗികം'എന്ന വിശേഷണമാണ്‌ കോൺഗ്രസ്‌ നേതാക്കളായ ഗോഖലെയും നെഹ്‌റുവും അതിന്‌ നൽകിയത്‌. 'വിഡ്ഢിത്തം നിറഞ്ഞ സ്വപ്നം'എന്ന വിശേഷണവുമുണ്ടായി.
ഇന്ത്യയുടെ പാരമ്പര്യം മതം, എന്നിവ അടിസ്ഥാനമാക്കി ഏത്‌ തരത്തിലുള്ള യുഗസൃഷ്ടിക്കാണ്‌ നാം തുനിയേണ്ടത്‌ എന്ന ചിന്ത തുടച്ചുനിൽക്കുന്ന ഹിണ്ട്‌ സ്വരാജ്‌ നഗരസംസ്കൃതിയുടെ നിരാകരണമാണ്‌. കണ്ണഞ്ചിപ്പിക്കുന്ന പാശ്ചാത്യപുരോഗതിയിൽ നാം വീഴരുതെന്നാണ്‌ അത്‌ ആവർത്തിച്ചു പറയുന്നത്‌.
നഗരവൽക്കരണത്തെ അനുകൂലിക്കുന്നവരുടെ കണ്ണിൽ ഗ്രാമങ്ങൾ അന്ധവിശ്വാസം നിറഞ്ഞവയാണ്‌. അവിടെ പുരോഗതി സംബന്ധിച്ച ആധുനിക സ്വപ്നങ്ങൾക്ക്‌ സ്ഥാനമില്ല. ജാതി അടിസ്ഥാനമാക്കിയുള്ള മതചിന്ത ഗ്രാമങ്ങളെ മുഴുവൻ പട്ടണങ്ങളാക്കി മുന്നോട്ടുള്ള പ്രയാണം ത്വരിതപ്പെടുത്തണം. പഴമയെ ചവുട്ടിത്താഴ്ത്താതെ മുന്നോട്ടുപോകാൻ വയ്യ.

ദൈവം മുകളിലുണ്ടെങ്കിൽ
ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ലഭിച്ച അംബേദ്കർ തൊട്ട്‌ ജിന്ന-നെഹ്‌റു വരെയുള്ള എല്ലാ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടേയും ഉള്ളിലിരുപ്പ്‌ അതാണെന്ന്‌ ഗാന്ധിജിയ്ക്ക്‌ അറിയാമായിരുന്നു. അതുകൊണ്ടാണ്‌ നഗരവാസികളെപ്പറ്റി രാഷ്ട്രപിതാവ്‌ ഇപ്രകാരം പറഞ്ഞത്‌.
"ഭാരതത്തിലെ അരപ്പട്ടിണിക്കാരായ ജനസമൂഹം പതുക്കെ ജീവനില്ലാത്ത അവസ്ഥയിലേക്ക്‌ താഴ്‌ന്നുകൊണ്ടിരിക്കുന്നതിനെപറ്റി നഗരവാസികൾക്ക്‌ വളരെ കുറച്ചു മാത്രമേ അറിയുകയുള്ളു. നാഗരികർക്ക്‌ അനുഭവിക്കാവുന്ന ദൈന്യതയാർന്ന സുഖം വിദേശികളായ ചൂഷകരുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്നതിന്റെ പ്രതിഫലനമാണെന്നും അതിന്‌ ലഭിക്കുന്ന ലാഭവും ഇടനിലക്കാരായി നിൽക്കുന്നതിന്റെ വരുമാനവും ജനസമൂഹത്തെ പിഴിഞ്ഞുണ്ടാക്കുന്നതാണെന്നും അവർ അറിയാതെ പോകുന്നു. ബ്രിട്ടൺ ഇന്ത്യയിൽ നിയമം മുഖേന സ്ഥാപിച്ചു എന്ന പറയുന്ന സർക്കാർ ഇങ്ങനെ പാവപ്പെട്ടവരെ ചൂഷണം ചെയ്യാനുള്ളതാണെന്നും അവർക്കറിഞ്ഞുകൂടാ. കണക്കുകൾ കൊണ്ടുള്ള ജാലവിദ്യയ്ക്കോ മയം വരുത്തിയ പെരുമാറ്റത്തിനോ ഗ്രാമങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണാൻ കഴിയുന്ന അസ്ഥികൂടങ്ങളുടെ തെളിവ്‌ വിശദീകരിച്ച്‌ തരാനാവില്ല. ഒരു കാര്യത്തിൽ എനിക്ക്‌ സംശയം യാതൊന്നുമില്ല. ഇംഗ്ലണ്ടും ഇന്ത്യയിലെ നഗരവാസികളും ദൈവം മുകളിലുണ്ടെങ്കിൽ, ചരിത്രത്തിൽ ഒരു പക്ഷേ അന്യമായിരിക്കുന്ന ഈ മനുഷ്യധ്വംസനത്തിന്‌ മറുപടി പറയേണ്ടതായി വരും."
പ്രകോപനം സൃഷ്ടിച്ച്‌ ക്രമസമാധാനനില തകർക്കുന്ന ലേഖനങ്ങൾ എഴുതിയതിന്‌ ഗാന്ധിജി ആറു വർഷത്തേക്ക്‌ ശിക്ഷിക്കപ്പെട്ടതു തന്നെ ഏറ്റവും കൂടുതൽ ശിക്ഷ നൽകി ജയിലിലടയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴാണ്‌. (നിയമപ്രകാരം പരമാവധി ശിക്ഷ ആറുവർഷമാണ്‌) വിധ്വംസകമായ എഴുത്തിലൂടെ അക്രമപ്രവണതകൾ അഴിച്ചുവിട്ടു എന്നതിനായിരുന്നു വിചാരണ. അസമത്വത്തിന്‌ പരിഹാരം തേടിയുള്ള പ്രയാണം മുമ്പേ തുടങ്ങിയിട്ടുണ്ട്‌. 1931 ൽ കറാച്ചിയിൽ ചേർന്ന 48-​‍ാം കോൺഗ്രസ്സ്‌ ഒരു പ്രമേയം മുഖേന ആവശ്യപ്പെട്ടു- സാധുജനങ്ങളെ ഒരു വിഭാഗം ചൂഷണം ചെയ്യുന്നത്‌ അവസാനിപ്പിക്കണം. അതിന്‌ രാഷ്ക്രീയ സ്വാതന്ത്ര്യം മതിയാവുകയില്ല. രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിക്കുന്നതിനോടൊപ്പം പട്ടിണിപാവങ്ങളുടെ യഥാർത്ഥമായ സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പുവരുത്തണം. ബനാറിസ്‌ കോൺഗ്രസ്സിൽ സംപൂർണ്ണാനന്ദ ഒരു പടി കൂടികടന്ന്‌ ആവശ്യപ്പെട്ടു. 'രക്തരഹിത വിപ്ലവം അപ്രായോഗികം, രക്തം ചൊരിയണം'.
സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ദാരിദ്ര്യം നിലനിൽക്കുന്നത്‌ സന്തുലിതമായ ആസൂത്രണത്തിന്റെ അഭാവം മാത്രമല്ല വ്യക്തമാക്കുന്നത്‌. പദ്ധതികൾക്ക്‌ രൂപം നൽകുന്നത്‌ നഗരങ്ങളിൽ സുരക്ഷിതമായ സ്ഥാനങ്ങളിലിരിക്കുന്ന അഭ്യസ്തവിദ്യരാണ്‌. അവർ ഗ്രാമങ്ങളുമായി ബന്ധമില്ലാത്തവരാണ്‌.
പദ്ധതികൾ നടപ്പാക്കുന്നവർക്ക്‌ നഷ്ടപ്പെട്ട ഗ്രാമീണാഭിമുഖ്യമാണ്‌ പ്രധാനപ്പെട്ട പ്രശ്നം. ജനങ്ങളുടെ സൂക്ഷിപ്പുകാർ എന്ന നില വിട്ട്‌ ജനങ്ങളുടെ യജമാനന്മാരാണെന്ന ഭാവം ഭരണകർത്താക്കളായി വന്ന ജനസേവകർക്കു കൈവന്നു. സ്വാതന്ത്ര്യത്തിനു മുമ്പുള്ള വിദേശികളുടെ കഠിനഹൃദയത്തിനു പകരം അധികാരത്തിലേറിയ അഭ്യസ്തവിദ്യരായ ഇന്ത്യക്കാരുടെ കഠിനഹൃദയമാണ്‌ ഇന്ന്‌ ഗ്രാമങ്ങളുടെ പ്രശ്നം.
ഇന്ത്യയിലെ സി.ഡി.പി (കമ്മ്യൂണിറ്റി ഡെവലപ്‌മന്റ്‌ പ്രോഗ്രാം) അഥവാ ഗ്രാമീണ വികസനം 'ബൂർഷ്വാ ആസ്ഥാനത്തിനെതിരെ ബോംബ്‌ വർഷിക്കുക' എന്ന 1949ലെ ചൈനീസ്‌ വിപ്ലവനേതാവ്‌ മാവോവിന്റെ ആഹ്വാനം നക്സൽബാരിയിലും ശ്രീകാകുളത്തും പ്രതിധ്വനിച്ച പശ്ചാത്തലത്തിൽ പരിശോധിക്കണം.
എട്ടാവാ അനുഭവം
തെലുങ്കാന അടക്കമുള്ള ജനകീയ സമരങ്ങളെ ഇന്ത്യൻ പട്ടാളം അടിച്ചമർത്തിയ സാഹചര്യത്തിൽ 1951 കാലഘട്ടത്തിൽ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരും ഫോഡ്‌ ഫൗണ്ടേഷൻ പ്രതിനിധികളും ഇന്ത്യയിലെ 800 ഗ്രാമങ്ങളെ തെരഞ്ഞെടുത്ത്‌ 55 കമ്മ്യൂണിറ്റി പ്രോജക്റ്റുകൾ ആരംഭിച്ചതു 11 ലക്ഷം ഗ്രാമീണരെ ലക്ഷ്യമാക്കിയാണ്‌. ഗാന്ധിജിയുടെ ജന്മനാളായ ഒക്ടോബർ 2 ന്‌ (1952) ഒരു കുട്ട മണ്ണു ചുമന്നുകൊണ്ട്‌ നെഹ്‌റു ഉദ്ഘാടനം ചെയ്തപ്പോൾ അമേരിക്കൻ അംബാസിഡർ ചെസ്റ്റർ ബൗൾസ്‌ പറഞ്ഞത്‌ ഇപ്രകാരമാണ്‌.
"പ്രധാനമായും എട്ടാവാ അനുഭവങ്ങളെ മുൻനിർത്തിയുള്ള ഈ ഗ്രാമീണ പരിപാടി അടുത്ത മൂന്നുനാലു വർഷത്തിനകം നാലരശതമാനത്തിൽ കൂടുതൽ വരുമാനം പ്രാദേശികമായി സൃഷ്ടിക്കും."
ആസൂത്രണ കമ്മീഷൻ മുഖേന നടപ്പാക്കിയ ഇത്‌ ഇന്ത്യയെ അട്ടിമറിക്കാനാണെന്നും ഇതിന്റെ മുഖ്യനിർവാഹകൻ എസ്‌.കെ.ഡെ അമേരിക്കക്കാരനാണെന്നും സി.ഐ.എ. ചാരഭയമുള്ള ഒരു എം.പി ഒന്നും അറിയാതെ പറഞ്ഞുപോയതല്ല. വാഗ്ദാനം ചെയ്ത ഗ്രാമസ്വർഗ്ഗം സാക്ഷാത്ക്കരിക്കാനാവാതെ 1957ൽ നെഹ്‌റു സർക്കാർ ബൽവന്തറായ്‌ മേത്ത കമ്മറ്റിയെ ഗ്രാമീണ ദാരിദ്ര്യം സംബന്ധിച്ച നടപടി ക്രമങ്ങൾക്ക്‌ നിശ്ചയിച്ചു. പദ്ധതി എട്ടായപ്പോൾ ദരിദ്രമോചന മന്ത്രമായി ഐ.ആർ.ഡി.പി (സംയോജിത ഗ്രാമ വികസന പദ്ധതി) ആവിഷ്കരിച്ചു. ഇത്‌ 1952 മുതൽ നടപ്പിലാക്കിയ നിരവധി പേരുകളിലുള്ള നാൽപതോളം ഉദ്ധാരണപരിപാടികൾ പരാജയമടഞ്ഞു എന്ന കുറ്റസമ്മതത്തോടെയാണ്‌. ക്രാഷ്‌ പ്രോഗ്രാം, റൂറൽമാൻ പവർ പ്രോഗ്രാം, പാക്കേജ്‌ പ്രോഗ്രാം എന്നിങ്ങനെ ഇംഗ്ലീഷിൽ ഗ്രാമീണരെ ഭയപ്പെടുത്തുന്ന പരമ്പരയിൽ അവസാനത്തെ ഐ.ആർ.ഡി.പി പ്രകാരമുള്ള പണം കേന്ദ്രത്തിൽ നിന്ന്‌ നേരിട്ട്‌ ഗ്രാമങ്ങളിലേക്കു വന്നു. സംസ്ഥാനം പകുതി സംഭാവന ചെയ്യുന്ന ദരിദ്രരിൽ ദരിദ്രരായവർക്ക്‌ ആദ്യം എന്ന സങ്കൽപത്തിൽ നടപ്പാക്കി തുടങ്ങിയ ഈ പദ്ധതിയനുസരിച്ച്‌ ദുർബലവിഭാഗങ്ങൾക്ക്‌ പണം നേരിട്ട്‌ കൊടുക്കുന്നില്ല പകരം തൊഴിലെടുക്കാനുള്ള പണിയായുധം മതി എന്ന മട്ടിലുള്ള അവിശ്വാസം നിലനിന്നു. പിന്നീട്‌ ഒമ്പതാം പദ്ധതിയായപ്പോഴേക്കും പണമായും സഹായം നൽകാമെന്നു വന്നതോടെ മുമ്പ്‌ നടപ്പാക്കി ദുർവ്യയം ചെയ്ത 40 പദ്ധതികളുടെ വഴിയ്ക്കുതന്നെ സംയോജിത വികസനവും നീങ്ങിത്തുടങ്ങി. ഗ്രാമങ്ങളിൽ ഇപ്പോഴും പഞ്ചായത്തുകൾ വഴി പണം നൽകുന്ന സംയോജിത പദ്ധതിയുടെ പേരിൽ വീണ്ടും മാറ്റം വന്നു. സ്വർണ്ണജയന്തി ഗ്രാമറോസ്ഗാർ യോജന. ഇതിന്റെ ഗുണഭോക്താക്കൾ സ്വറോസ്ഗാരികൾ എന്നറിയപ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ സേവനം ചെയ്ത ആൽബർട്ട്‌ മേയർ എന്ന അമേരിക്കക്കാരൻ ഉത്തർപ്രദേശിലെ ഒരു കുഗ്രാമമായ എട്ടാവാ അടിസ്ഥാനമാക്കി ആവിഷ്കരിച്ച പെയിലട്ട്പദ്ധതിയെയാണ്‌ നമ്മുടെ ഗ്രാമീണ ആസൂത്രണത്തിന്‌ അടിസ്ഥാനശിലയാക്കിയത്‌. 1948-ൽ മേയർ ഒരു കൃഷി വിദഗ്ദ്ധന്റെയും കാർഷിക എഞ്ചിനീയറുടെയും വ്യവസായ വിദഗ്ദ്ധന്റെയും സഹായത്തോടെ 364 ഗ്രാമങ്ങളിലേക്ക്‌ പിന്നീട്‌ വ്യാപിപ്പിച്ച എട്ടാവാ പദ്ധതി അതിനുമുമ്പ്‌ ടാഗോർ തുടങ്ങിവച്ച ശ്രീനികേതൻ (1921), മാർത്താണ്ഡത്ത്‌ സ്പെൻസർ ഹാച്ചും കെ.ടി.പോളും തുടങ്ങിയ ഗ്രാമീണ കേന്ദ്രം, ഗാന്ധിജിയുടെ സേവാഗ്രാമം (1936), എസ്‌.കെ.ഡെയുടെ നീലോഖരി(1948) എന്നിവയോട്‌ ആദർശപരമായ ദാർഡ്യം പുലർത്തി. അഭയാർത്ഥിപ്രശ്നം ഉള്ളുലച്ചപ്പോൾ എഞ്ചിനീയറുദ്യോഗം ഉപേക്ഷിച്ച്‌ ഒരുറുപ്പിക മാത്രം ശമ്പളം സ്വീകരിച്ച്‌ സ്വരാജ്യത്ത്‌ മാതൃകാ സാമൂഹ്യ കേന്ദ്രം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ എസ്‌.കെ.ഡെ. എന്ന പഞ്ചാബി പിന്നീട്‌ കേന്ദ്രത്തിൽ സാമൂഹ്യ വികസന മന്ത്രിയായി. കൃഷിവകുപ്പിന്റെ കീഴിലാണെങ്കിലും തന്നെപ്പോലെ ജനസേവനം വ്രതമാക്കുന്നവരെ രാഷ്ട്രീയതാൽപര്യങ്ങൾക്കതീതമായി സാമൂഹ്യതാൽപ്പര്യം മുൻനിർത്തി ഗ്രാമപ്രസ്ഥാനത്തിലേക്ക്‌ ആകർഷിക്കാൻ സാധിച്ച ഡേയ്ക്ക്‌ ആദർശപരിമളം നഷ്ടപ്പെട്ട ഭരണാധികാരികൾ അടുത്ത തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റു നൽകിയില്ല. സാമൂഹ്യവികസനം എന്ന വകുപ്പ്‌ സാമൂഹ്യപുനർനിർമ്മാണ വകുപ്പ്‌, ഗ്രാമവികസന വകുപ്പ്‌ എന്നിങ്ങനെ പേരുമാറ്റി കേന്ദ്രത്തിൽ കൃഷിവകുപ്പിന്റെ അനുബന്ധമായി. ഭാരിച്ച തുക ചെലവഴിക്കുന്ന കാർഷിക സർവ്വകലാശാലകൾ സ്റ്റേറ്റുകളിലും കൃഷിവകുപ്പിന്റെ കീഴിലാണ്‌. അപ്പോഴും ബജറ്റിലെ മൊത്തം തുകയുടെ 20-25 ശതമാനം ഗ്രാമങ്ങളുടെ പേരിൽ വകയിരുത്തപ്പെട്ടു.

പഞ്ചവത്സര പദ്ധതി സരിഗമ.....
1921-ൽ ഗാന്ധിജി പറഞ്ഞത്‌ "എല്ലാവരും ഖാദി മതപ്രവർത്തനത്തിലേർപ്പെട്ടാൽ ഒരു വർഷത്തിനകം സ്വാതന്ത്ര്യം" എന്നായിരുന്നു. ഇറക്കുമതി തുണി ഉപേക്ഷിച്ചതോടെ ആഭ്യന്തരാവശ്യങ്ങൾക്കുള്ള ഖദർ ഇവിടെ ഉദ്പാദിപ്പിക്കപ്പെടാത്തതിനാൽ വ്യവസായികൾ മിൽത്തുണി നിർമ്മിച്ച്‌ ലാഭമുണ്ടാക്കി.
സ്വാതന്ത്ര്യാനന്തരം യന്ത്രം അനിയന്ത്രിതമായി ഉപയോഗിക്കുന്ന സ്വകാര്യ വ്യവസായികളുടെ സുഭിക്ഷത വർദ്ധിപ്പിക്കുന്ന നടപടികളാണ്‌ വന്നത്‌. രാജ്യരക്ഷാ ഉപകരണങ്ങളുടെ നിർമ്മാണവും ആണവോർജ്ജവും റയിൽവേയും സർക്കാർ നിയന്ത്രണത്തിലായപ്പോൾ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കേണ്ടതില്ല എന്ന്‌ 1948 ഏപ്രിൽ ആറാംതീയതി അംഗീകരിച്ച അഖിലേന്ത്യാ വ്യവസായ നയം പ്രഖ്യാപിച്ചു. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ആരംഭം ലൈസൻസ്‌-പെർമിറ്റ്‌ രാജ്‌ ഉദ്ഘാടനത്തോടൊപ്പമായിരുന്നു. ഗ്രാമങ്ങളിൽ ആലസ്യവും നഗരങ്ങളിൽ സമ്പത്തിന്റെ കേന്ദ്രീകരണവും നടന്നു. വിഘടനവാദവും ജാതിമത ശൈഥില്യവുമെല്ലാം നഗരം അടിസ്ഥാനമാക്കിയുള്ള ആസൂത്രണത്തിന്റെ കെടുതികളാണ്‌. ഖാദി നിർമ്മാണം ആസ്പദമാക്കി ഗ്രാമങ്ങളുടെ പുനഃസംവിധാനം നടത്താത്ത പക്ഷം ഇന്ത്യയ്ക്ക്‌ ഭാവിയില്ലെന്ന ഗാന്ധിവചനം പ്രവചനാത്മകമായി. കൃത്യമായ കണക്കുകളുടെ അഭാവത്തിൽ സ്ഥിതി വിവരക്കണക്കുകൊണ്ടുള്ള കസർത്തായി വാർഷിക ബജറ്റും പഞ്ചവത്സരപദ്ധതികളും മാറി.
ഗ്രാമം പുരോഗതി പ്രാപിക്കാൻ മനുഷ്യർക്ക്‌ സത്യവും അഹിംസയും വേണം. അതിന്റെ അർത്ഥം മണ്ണിൽ അടിത്തറ കെട്ടി കല്ലും കമ്പിയും കോൺക്രീറ്റും കൊണ്ട്‌ മേൽക്കൂര പണിത വീടുപോലുള്ള ആസൂത്രണത്തിന്റെ ഊടും പാവും മാറ്റിത്തീർക്കണം എന്നതാണ്‌. ആസൂത്രകരും നിർവ്വഹണ ചുമതലയുള്ളവരും കാഠിന്യത്തിനുപകരം ഗാന്ധിജിയുടെ ഹൃദയനൈർമല്യമുള്ളവരായി പരിണമിയ്ക്കാൻ നഷ്ടപ്പെട്ട ഗ്രാമീണാഭിമുഖ്യം തിരിച്ചുവരണം.

pala t j varkey
മൗനമോ,
തിളയ്ക്കുന്ന
ലാവയും
വാല്മീകമോ,
ചേതന
വിങ്ങിച്ചുഴിയും
മാംസവൽക്കം
മദ്ധ്യാകാശ
ചില്ലമേൽ
തൂങ്ങും
അമ്പേറ്റ പക്ഷിപോൽ
നോവിൻ
ഹൃദയപ്പാടുകൾ....!
അറിയാം......
കാത്തിരിപ്പുണ്ട്‌ നീ
എൻപ്രകാശവും
മഴവിൽ കുലപ്പതും നോക്കി
കണ്ണീർകണങ്ങൾക്കുമപ്പുറം


pala t j varkey

കരളും പിളർന്നാണ്‌
നോവും നിറഞ്ഞാണ്‌
പ്രാസവും ഛന്ദസ്സുമുലച്ചാണ്‌
ചിദാരണ്യം ചടുലമെരിച്ചാണ്‌
രാത്രികൾ വരുന്നത്‌......!

നിറം നിറമായ്‌
പൊഴിച്ചൊഴിഞ്ഞ്‌
ദളം ദളമായ്‌
കൊഴിച്ചൊഴിഞ്ഞ്‌
ആകാശമാവോള-
മുരിഞ്ഞെറിഞ്ഞ്‌
ജീവന്റെ നൃത്തം വരപ്പൂ....

ആകാശമെത്രയുരിഞ്ഞെറിഞ്ഞാലും
നിന്നിലപാരത ബാക്കി
നിറങ്ങളെത്ര പൊഴിച്ചൊഴിഞ്ഞാലും
ഒരു മുഴുമഴവില്ലു ബാക്കി
നിൻജരാനരയ്ക്കുള്ളിലും
കോടിയൗവനം ബാക്കി....
ചായം പടരാതെയും
ആടകളുലയാതെയും
വിയർപ്പിൽ കുളിച്ച്‌
ഗണേശവന്ദനം....
indira balan


ഭാവങ്ങള്‍ തന്‍ മഴവില്ലു തീര്‍ത്തു
നടനവൈഭവ കാന്തി പരത്തി
അഭിനയ ലാവണ്യത്തിന്‍ തങ്ക-
ത്തിടമ്പഴിച്ചു വെച്ചു യാത്രയായി

അടര്‍ന്നുവീഴുന്നു ശിവമയമാം
സൌഗന്ധിക നിമിഷങ്ങള്‍ ഹന്ത
തേങ്ങുന്നു നിറഭേദങ്ങളാം
വിരഹത്തിന്‍ നിസ്വനങ്ങള്‍

സിന്ദൂരശോഭ പകരില്ലിനി
രാവിന്‍ കമലദളങ്ങള്‍ തീര്‍ക്കുവാന്‍
വിരിയില്ലിനി മണിനൂപുരത്തിന്‍
മന്ത്രധ്വനികളായി മലരുകളും

അരങ്ങിലെ ഒറ്റത്താമരപ്പൂവായി
ഇന്ദ്രനീലപ്രഭാഭാസുരമായി
മറഞ്ഞു തിരശ്ശീലക്കകത്തേക്കു
കാലത്തിന്‍ അഭിനയ നൈപുണ്യം

പെണ്ണഴകിന്‍ പ്രപഞ്ചമൊരുക്കി
സ്വത്വപ്രധാനമാം ശക്തിയേകി
അര്‍ത്ഥപൂര്‍ണ്ണങ്ങളാക്കി കടന്നുപോയി
കനകോജ്ജ്വലങ്ങളാം നിമിഷങ്ങളും

നിലച്ചു ചിറകടിയും ഒഴിഞ്ഞു തിരകളും
പെണ്‍പ്രാഭവത്തിന്നരങ്ങും ഘനീഭവം
കണ്ണടച്ചു മൂകം കളിവിളക്കും
നമ്രശിരസ്ക്കരാവുന്നു ചരാചരങ്ങളും


padma das

പ്രണയം:
നിലയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ
എടുത്തുചാടപ്പെടുന്ന ഒരാഴക്കയം

നൃത്തം:
നർത്തനം കഴിഞ്ഞാലും
നർത്തകിയൊഴിഞ്ഞാലും
നിത്യവും ചിത്തം തന്നിൽ
പീലി നീർത്തിടുവത്‌.

ഗന്ധർവൻ:
മഴനൂലിഴകളിൽ ഊർന്നിറങ്ങി
ഞൊടിയിട നീണ്ട മുത്തം കൊണ്ട്‌
കുളക്കടവിലെ കന്യയിൽ
ആരോരുമറിയാതെ
ജീവന്റെ വിത്തെറിഞ്ഞുപോയവൻ

പെണ്ണുടൽ:
അക്ഷൗഹിണികളില്ലാതെ
പടഹധ്വനികളില്ലാതെ
അധിനിവേശിച്ചു കീഴ്പ്പെടുത്താൻ
നിന്റെ വാഗ്ദത്തഭൂമി!

ജീവിതം:
ആറ്റിക്കുറുക്കി ആറ്റിക്കുറുക്കി
കുടിയ്ക്കാറാവുമ്പോഴേയ്ക്കും
തീർന്നു പോവുന്നത്‌.

അമ്മ:
കണ്ണീർ കുടിച്ചുതളർന്ന
ആർദ്രയായൊരു
മഷിത്തണ്ട്‌

വീട്‌:
എവിടെ പറിച്ചുനട്ടാലും
ഏതു പറുദീസയിൽ നിന്നും
നിന്നെ തിരിച്ചുവിളിക്കുന്ന
ഒരു ഇമയനക്കം

മുഖംമൂടി:
എടുത്തണിയാൻ എനിക്കൊന്ന്‌
എടുത്തെറിയാൻ നിനക്കൊന്ന്‌

നഗരം:
വക്കു ചിന്നിയ
കുടിയ്ക്കാനാവാത്ത
പാനപാത്രം

ഉന്മാദി:
കാലിൽ
ചങ്ങലകൾ വലിഞ്ഞുമുറുകുമ്പോഴും
തലയിൽ നിന്ന്‌
ദേശാടനക്കിളികളെ പറത്തിവിട്ട്‌
സ്വാതന്ത്ര്യത്തിലേയ്ക്ക്‌
ഊളിയിട്ടവൻ

വേട്ടക്കാരൻ:
ഇരയായ്ത്തീരും വരെ
ചര്യ വേട്ടയാക്കിയോൻ

മരണം:
കാർട്ടൂണിലെ ജെറി
എങ്ങനെയും കണ്ടെടുക്കും
ജയിക്കാനുള്ള വഴി

കവി:
ഇരവിന്റെ മറുകര താണ്ടാതെയും
പകൽ വെളിച്ചത്തിലേയ്ക്ക്‌
കൂപ്പുകുത്തുവാൻ

കവിത:
നിർവചനങ്ങളുടെ
തമോസീമകൾ ലംഘിച്ച്‌
അനന്തവിഹായസ്സിലേക്ക്‌
പറന്നലിയുന്ന
ഈറൻ നിലാവ്‌ .

sivana

(സമൂഹത്തിൽ നിന്നും സ്വയം അടർന്ന്‌ മാറി സ്വന്തം മുറിയിൽ പുസ്തകങ്ങൾക്കൊപ്പം അടച്ചിരിക്കുന്ന എഴുത്തുകാരുടെ പരമ്പരയിൽ പെടുത്തി എന്നെ കാണാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌- ഒർഹാൻ പാമുക്‌)

ഈ മുറി മാത്രം
ഈ മൗനം മാത്രം
ഈ ജാലകത്തിന്റെ
പകലിരവു മാത്രം

ദൂരേ മലകളിൽ
പെയ്തു തുലയുമോ
രേതോമഴത-
ന്നിരമ്പൽ മാത്രം

ചക്രവാളങ്ങളിൽ
ദിക്കറ്റുഴലുന്ന
ഏകാകിയാം കടൽ
കാറ്റുമാത്രം

മരണം മണക്കുന്ന
ചിത്തബ്ഭ്രമത്തിന്റെ
കാണാത്ത ഘോര
ദൃശ്യങ്ങൾ മാത്രം

ഈ മുറി മാത്രം
ഈ മൗനം മാത്രം
ഈ മനം പായു-
മഴലുമാത്രം

സന്ധ്യയ്ക്കു വീടിന്റെ
യുമ്മറത്തെന്തിനോ
കണ്ണുനീർ വാർക്കു
ന്നൊരമ്മ മാത്രം

കനിവറ്റ മുറ്റത്ത്‌
കൈക്കുഞ്ഞുമായ്‌ പിച്ച
തെണ്ടും വിശപ്പിന്റെ
തേങ്ങൽ മാത്രം

വ്യർത്ഥജന്മത്തിന്റെ
കുരിശുമായ്‌ ജീവിതം
വേച്ചു നടക്കുമീ
കാഴ്ചമാത്രം

ഈ മുറി മാത്രം
ഈ മൗനം മാത്രം
ഈ വിഷം നൽകുന്ന
ശാന്തി മാത്രം

വേരറ്റുവീഴുന്ന
രക്തബന്ധങ്ങളിൽ
പൊട്ടിച്ചിരിക്കുന്ന
തത്വശാസ്ത്രം

കെട്ടിപ്പുണർന്നു
കിടക്കും മനസ്സിലും
ഞെക്കിക്കൊലയ്ക്കുള്ള
തൃഷ്ണമാത്രം

കുടപ്പിറപ്പിന്റെ
പെണ്ണിനെ പ്രാപിക്കു-
മാധ്യാത്മചിത്തന്റെ
വേദശാസ്ത്രം

ഒരു തുണ്ടു മണ്ണിനാ-
യച്ചനെക്കൊല്ലുന്നൊ-
ഭ്യസ്തവിദ്യന്റെ
പ്രത്യയശാസ്ത്രം

ഈ മുറിമാത്രം
ഈ മൗനം മാത്രം
ഈ മുറിക്കപ്പുറം
ചുടുകാടു മാത്രം

ദൈവം പണത്തിന്റെ
കാൽക്കൽ നമിക്കുമ്പോ-
ളെങ്ങും പിശാചിന്റെ
നീതിമാത്രം

പച്ചനോട്ടിന്റെ
മടിയിൽ തൻ പ്രാണനെ
വെച്ചുമടങ്ങുന്ന
ഗർഭപാത്രം

തീരാത്ത ഭൗതികാ-
സക്തിതൻ ചൂളയിൽ
പൊട്ടിത്തെറിക്കും
ജഡങ്ങൾ മാത്രം

അന്ത്യവിധിവരും
മുമ്പീ നിഷാദന്റെ
അന്ത്യാഭിലാഷമാം
ഭ്രാന്തുമാത്രം
ഈ മുറി മാത്രം
ഈ മൗനം മാത്രം
ഈയക്ഷരത്തിന്റെ
കനിവ്‌ മാത്രം

r manu

(രാധാകൃഷ്ണന്മാർ പ്രണയസാന്ത്വനങ്ങളുടെ പരസ്പരാശ്വാസങ്ങളാണ്‌. ആധുനിക ഫെമിനിസം ദുർവ്യാഖ്യാനങ്ങളുടെ തീവ്രമായ ഭാഷയിലെത്തുമ്പോൾ അത്‌ അങ്ങനെയൊക്കെയല്ലാതെ കൂടുതൽ ജുഗുപ്സാവഹമായിത്തീരുന്നു)

കണ്ണനെവിട്ടു വേണു കവർന്നു
ചിലങ്കചുട്ടുമീ കാളിന്ദിയിൽ
കാർക്കിച്ചടിയൊഴുക്കിലുടയാടയൂരി
യറിഞ്ഞൊടുവിൽ രാധ തേങ്ങുന്നു.

കർക്കിടകക്കാറ്റു പെയ്യും മഴയിലീ
ക്കാഴ്ച മങ്ങിയ തിരകളിൽ
കാഴ്ചബംഗ്ലാവിലൊരു മൂല-
യിലാരോ മുരളിയൂതുന്നു.

വേണുകവർന്ന രാധയല്ല
നിശാസംഗീത രാപ്പാടിക്കൂട്ടങ്ങളല്ല
പിന്നെയാരാണതെന്തിനാണെന്നു-
റക്കെ ചോദിച്ച യാദവപ്രജകളലിയുന്നു.

കാട്ടുതീയൂതിപ്പിടിപ്പിച്ചു കാളിന്ദി വറ്റിച്ചു
കാർകൊണ്ട മുകിലുകൾ
കരിമഴയായ്‌ പെയ്തുതീരുന്നു
കഠിനാമാം വജ്രത്തിലീത്തെരുവിലെ
നെയ്ത്തുകാരന്റെ സൂചിതറയുന്നു
രാജവീഥി തന്റരികിലൊരു
യാദവൻ ഗോമാതമാംസം വിൽക്കുന്നു

രസനയിൽ രക്തരേണുക്കൾ കിനിയുന്നു
പൂതനാ മുലഞ്ഞെട്ടു മുളപൊന്തി
നന്ദന്റെ വസതിക്കു തണലായ്‌
തൊടിയിൽ ശ്വേതചെമ്പരത്തി-
പ്പൂവിൻ കുരുന്നുകൾ കരിവീണ
പനിനീരു പൂക്കളാകുന്നു

വാക്കുകൾ കൂനകൂടിയിരിക്കുന്ന
വാതിലിൻ പടികളിൽ
ബലഭദ്ര ഗദയോ
എലിതിന്നലങ്കാരപടമായ്‌

മച്ചിൻപുറത്തു നിന്നും
താളിയോലക്കൂട്ടങ്ങൾ കൂട്ടി-
യിട്ടെരിച്ചൊടുവിൽ ചൂടുകായുന്ന
രാധ പേപിടിച്ചലയുന്ന രാജന്റെ
ദുഷ്ചിത്രമോർത്തു തേങ്ങുന്നു.

രാജവീഥിയിൽ രാധ വിധവ-
യെപ്പോലന്തിച്ചു നിൽക്കുന്നു
കുപ്പിവളപ്പൊട്ടുകളിൽ
ചിതൽനാമ്പുകൾ നക്കുന്നു
ചന്ദ്രനൊരു ചീത്ത
കണ്ണുകൊണ്ടുറ്റുനോക്കുന്നു
കാവൽകുന്തമുനകളിൽ
കുഷ്ഠരേണുക്കൾ മാത്രം

ജന്മാന്തരദോഷവിദ്വേഷ
പർണ്ണശാലാതളങ്ങളിൽ
പാമ്പുകൾ പിണയുന്ന
പിന്നാമ്പുറങ്ങളിൽ
പാപങ്ങൾ കുമ്പസാര-
ക്കൂട്ടിലൂതിയുരുക്കുന്ന പോലെ
യദുനാഥനെരിയുന്ന
മനസ്സിന്റെയഗ്നികുണ്ഠങ്ങളിൽ
കണ്ണുനീരിറ്റുവീഴ്ത്തി-
ശ്ശാന്തമീ നിദ്രയെപ്പുൽകുന്നു....

ആലിലത്തുഞ്ചത്തുനിന്നൂർ-
ന്നിറങ്ങുന്നു വേണുനാദം
വേടന്റെ ഞാണൊലിയെങ്ങോ മറഞ്ഞു
പിന്നെയാരാണതെന്തിനാണെന്നുറക്കെ
ച്ചോദിച്ചയാദവപ്രജകളൂടുവഴികൾ തിരയുന്നു.


padma das

ബാല്യം അഭിരമിച്ചതു
കൊത്താങ്കല്ലിലും പൂത്താങ്കിരിയിലും
മയിൽപ്പീലി പ്രസവത്തിലും
കൗമാരം
ഗന്ധർവ്വമോഹങ്ങളിൽ
ദാമ്പത്യം വിരുന്നു വിളിച്ചതു
പതിനേഴിന്റെ പടിവാതിൽക്കൽ
ഈറൻ സ്വപ്നങ്ങളെ
തെക്കിനിയിലെ അയയിൽ
ഉണക്കാനിട്ടാണ്‌
അവൻ അതിനു പിറകേ പോയത്‌
കുഞ്ഞുൽപാദനയന്ത്രമായാലും
അലക്കുകല്ലും അരകല്ലായുമാണ്‌
യൗവ്വനം തേഞ്ഞരഞ്ഞ്‌
മധ്യവയസ്സിന്‌ വഴിമാറിയത്‌
വാർദ്ധക്യത്തിന്റെ സമ്മാനമായിരുന്നു
സമ്പൂർണ്ണ പരിചാരികാ പട്ടം
ഇനിയും ചാവികൊടുത്ത്‌
ആരും മുറുക്കാനിന്ന് വന്നപ്പോഴാണ്‌
തനിയെ നൃത്തമാടാനുള്ള
തന്റെ കഴിവില്ലായ്മ
അവൾ തിരിച്ചറിഞ്ഞത്‌.


v p ramesan


ഇത്‌ ബുണ്ഡേൽഖണ്ഡ്‌. പടയോട്ടങ്ങളും കുതിരകുളമ്പടികളും രഥചക്രങ്ങളുടെ സംഗീതവും വാൾ വീശലിന്റെ ഈശലുകളും കേട്ട്‌ പുളകം കൊണ്ട ഭൂമി. കൈബർ ചുരം വഴി ഇറങ്ങിവന്ന ആക്രമണകാരികളെ നേരിട്ട വീരന്മാരുടെ വിശ്രമഭൂമി. ബുണ്ഡേൽഖണ്ഡിന്റെ വിരിമാറിനകത്ത്‌ ധീരദേശാഭിമാനികളുടെ ആത്മാക്കൾ ചങ്കിടിച്ചു നിൽക്കുന്നു. മനുഷ്യനും പ്രകൃതിയും ചേർന്ന്‌ പാടിയ പാട്ടിൽ വിളഞ്ഞ ഗോതമ്പുമണികളും ഇന്ന്‌ വിസ്മൃതിയിലാണ്‌. ബുണ്ഡേൽഖണ്ഡിന്റെ മൺവീടുകൾ രണ്ടുവർഷമായി തുടരുന്ന കൊടുംവേനലിൽ പട്ടിണിയാണ്‌. മൺവീടുകളുടെ മേൽ വിതറിയ ഗോതമ്പ്‌ വൈക്കോൽ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. സൂര്യവെളിച്ചം ചെളിത്തറയിൽ വട്ടങ്ങളിട്ട്‌ മനോഹരമാക്കുമ്പോൾ മൺവീടുകളിലെ മനുഷ്യജന്മങ്ങൾ ഇരുട്ടിലാണ്‌. പതിനൊന്നുമണിയുടെ ചൂടിൽ കിഷൻചണ്ട്‌ മൺവീടിന്റെ ചെളി വരാന്തയിൽ കിടന്ന്‌ മയങ്ങുന്നു. ചെയ്യുവാനൊന്നുമില്ല. വീടിനുമുമ്പിലെ റെയിൽപാളത്തിലൂടെ ഡെൽഹിക്കും ജമ്മുതാവിയ്ക്കും പായുന്ന ട്രെയിനുകളുടെ ഇരമ്പലൊന്നും കിഷൻചന്ദിനെ ഉണർത്തുന്നില്ല. പാളത്തിനപ്പുറത്തെ എട്ട്‌ ബിഗ നിലം വിണ്ടു കീറി കിടക്കാൻ തുടങ്ങിയിട്ട്‌ രണ്ട്‌ വർഷം കഴിഞ്ഞു. അച്ഛൻ രാംപാലിന്റെ കാലത്ത്‌ വസന്തം നൃത്തമാടിയിരുന്ന നിലം തീയിൽ കിടന്നു ചുട്ടു പഴുക്കുന്നു.
കിഷൻചണ്ട്‌ ചരിത്രത്തിൽ പി.ജി.ക്കാരനാണ്‌. രാംപാലിന്റെ ഏകമകനെ കർഷകനായ അച്ഛൻ രാജനഗരമായ ഗ്വാളിയാറിൽ താമസിപ്പിച്ചു പഠിപ്പിച്ചു. ഉദ്യോഗസ്ഥനാവാൻ തന്നെയായിരുന്നു. പക്ഷെ കിഷൻചണ്ട്‌ വയലിന്റെ സംഗീതത്തെ പ്രണയിക്കുവാൻ തുടങ്ങിയിരുന്നു. കിളിയും വിതയും കൊയ്ത്തും യന്ത്രങ്ങളായപ്പോൾപ്പോലും ആ പ്രണയം പൊലിഞ്ഞില്ല. കിഷൻചണ്ട്‌ എന്ന ചരിത്രം പഠിച്ച പി.ജി.ക്കാരൻ കൃഷിക്കാരൻ. ഡൽഹിയിലെ പൃഥിരാജ്‌ ചൗഹാനെയും കനൗജിലെ സംയുക്ത രാജകുമാരിയെയും ത്ധാൻസിയിലെ റാണിലക്ഷ്മീഭായിയെയും പോലെ പ്രണയവും യുദ്ധവും കൊണ്ടുനടന്ന അവരോടുള്ള ആരാധനയ്ക്കൊപ്പം അയൽവാസിയായ മാധവസിംഗിന്റെ ഏകമകൾ അനുരാധയിലുള്ള തീവ്രപ്രണയത്താലുമായിരുന്നു കിഷൻചണ്ട്‌ കൃഷിക്കാരനായത്‌.
കിഷൻചന്ദിന്റെ സ്വപ്നങ്ങളിൽ ഹസ്തിനപുരിയിലെ ഹിന്ദുരാജാവായ പൃഥിരാജിന്റെ രാജഹംസങ്ങൾ കനൗജിൽ പറന്നിറങ്ങുന്നതും രാജകുമാരിയുടെ തോഴി ചകോരിയ്ക്ക്‌ പ്രണയ സന്ദേഹം നൽകുന്നതും മിഴിവുറ്റു നിൽക്കും. കനൗജിലെ രാജാവ്‌ ജയചന്ദ്രൻ ഗാന്ധാരത്തുനിന്ന്‌ മുഹമ്മദ്ഗോറിയെ വിളിച്ചുവരുത്തി പൃഥിരാജിനെയും കവി ചന്ദ്രവരദായിയെയും പിടികൂടി മുഹമ്മദ്ഗോറി കൈബർ ചുരം കടന്ന്‌ പായുന്നതും പ്രണയിനികളായ സംയുക്തയും ചകോരിയും വിലപിക്കുന്നതും വല്ലാതെ മനസ്സുലയ്ക്കാറുണ്ട്‌. കവി ചന്ദ്രവരദായിയുടെ കാമുകി ചകോരിയും പൃഥിരാജിന്റെ പ്രണയിനി സംയുക്തരാജകുമാരിയും അപായപ്പെടുന്നതും കിഷൻചണ്ട്‌ സ്വപ്നത്തിൽ ഭയത്തോടെ കാണും. ബുണ്ഡേൽഖണ്ഡിന്റെ സ്വാതന്ത്ര്യത്തിനായി പൊരുത്തിയ ദിവാൻ ശത്രുഘ്നൻ സിംഗ്‌ എന്ന ബുണ്ഡേൽഖണ്ഡ്‌ ഗാന്ധിയും കേസരിയും അദ്ദേഹത്തിന്റെ ഭാര്യ റാണി രാജേന്ദ്രകുമാരിയും ചരിത്രത്തിലിറങ്ങി നിൽക്കുമ്പോൾ കിഷൻചന്ദിനെ കോരിത്തരിപ്പിക്കും. ബ്രട്ടീഷ്‌ പട്ടാളത്തോട്‌ പന്ത്രണ്ടാം നാട്ടുപടയോടൊപ്പം മുൻ നിന്ന്‌ പൊരുതിമരിച്ച ത്ധാൻസിയിലെ ലക്ഷ്മീഭായി കിഷൻചന്ദിനെ ആവേശം കൊള്ളിക്കും. യമുനയുടെ തെക്കേ കരയിലെ ബുണ്ഡേൽഖണ്ഡിന്റെ സന്തതിയായ കിഷൻചണ്ട്‌ ഡൽഹി സെക്രട്ടറിയേറ്റിൽ ജോലി കിട്ടിയിട്ടും പോവാതിരുന്നത്‌. അനുരാധയെപ്പോലെ ബുണ്ഡേൽഖണ്ഡിനെയും കിഷൻചണ്ട്‌ പ്രണയിച്ചിരുന്നു. രാംപാൽ ലോകം വെടിയുമ്പോൾ കിഷൻചണ്ട്‌ അനുരാധയെ ഭാര്യയാക്കി കഴിഞ്ഞിരുന്നു. അവർക്കുണ്ടായ ഏകമകൻ രൂപേഷ്‌ എൽ.കെ.ജിയിലാണ്‌ കൃഷിയിടത്തിൽ കണ്ണും തിരുമ്മി എഴുന്നേറ്റു പോവുന്ന കിഷൻചന്ദിനെ പിടിച്ചു കരയ്ക്കു കയറ്റുന്നത്‌ അനുരാധയാണ്‌. വയൽ വരമ്പത്തിരുന്ന്‌ കിഷൻചന്ദും അനുരാധയും ഭക്ഷണം കഴിക്കുമ്പോൾ നീർകാക്കകൾ ബാക്കി വറ്റുകൾക്കായി കാത്തിരിക്കും. യമുനയെപ്പോലെ മനോഹരമായി ഒഴുകിയ ബുണ്ഡേൽഖണ്ഡിന്റെ ജീവിതനദി വറ്റിയത്‌ യമുന ബുണ്ഡേൽഖണ്ഡിനെയുരുമ്മി നിന്നിടത്ത്‌ നേർത്തു നേർത്തു വന്നപ്പോഴാണ്‌. യമുന ചാലാവുന്തോറും ബുണ്ഡേൽഖണ്ഡ്‌ വരണ്ടു വന്നു. അവിടെ ജീവിതങ്ങൾ വരണ്ടു. കിഷൻചന്ദിന്റെ സ്വപ്നങ്ങൾ വാടി. പിന്നെ കരഞ്ഞു. കിഷൻചണ്ട്‌ പിടിച്ചുനിന്നു. അനുരാധയുടെയും രൂപേഷിന്റെയും മുഖമണച്ചു കിടന്നു. ബുണ്ഡേൽഖണ്ഡിൽ കൃഷിയിടങ്ങൾ പലിശക്കാർ കൊണ്ടുപോയി. കർഷകർ ആത്മഹത്യ ചെയ്തു. മനുഷ്യർ തീവണ്ടിയാഫീസുകളിൽ തിക്കി തിരക്കി കയറി ഡൽഹിയിലെ തെരുവിലേയ്ക്കിറങ്ങി. കിഷൻചന്ദിന്റെ പാതിമയക്കത്തിലെ സ്വപ്ന-ജാഗ്രതാ അവസ്ഥകളിൽ തെളിയുന്നതൊക്കെ സങ്കടമാണ്‌. ഉച്ചയായിട്ടും ഉറങ്ങുന്ന കിഷൻചന്ദിനെ അനുരാധ അരുകിലിരുന്നു കുലുക്കി വിളിച്ചു.
"ദേ, എണീക്കുന്നേ. എന്തുറക്കവാ. ഭക്ഷണം കഴിക്കേണ്ടേ?" കണ്ണു തുറന്നു നോക്കുമ്പോൾ കിഷൻചണ്ട്‌ അനുരാധയുടെ കയ്യിലെ പാത്രത്തിലേയ്ക്ക്‌ നോക്കി.
"ഇതെവിടുന്നാ?"
"കുറച്ചു ചോളം കുൽസും ബീവി തന്നതാ."
കിഷൻചണ്ട്‌ ഒന്നും മിണ്ടാതെ എഴുന്നേറ്റിരുന്നു. നല്ല വിശപ്പുണ്ട്‌. അനുരാധയും രൂപേഷും കഴിച്ചുവോ എന്നു ചോദിക്കാതെ കിഷൻചണ്ട്‌ കിഴക്ക്‌ നോക്കിയിരുന്നു. അടുത്തു ചേർന്നിരുന്ന അനുരാധയുടെ ഇളംചൂട്‌ ശരീരത്തിലേയ്ക്ക്‌ പ്രവഹിക്കുന്നു.
"ഞാൻ വൈകുന്നേരം ത്ധാൻസി-ഡൽഹി എക്സ്പ്രസ്സിൽ ഡൽഹിക്കു പോവുന്നു. ഒപ്പം പഠിച്ച ഷമീർ ഡൽഹിയിൽ കമ്പനി ജോലിക്കാരനാണ്‌. ചെല്ലാൻ പറഞ്ഞിട്ടുണ്ട്‌. നിലം ഏതായാലും ഹീരാഭായി ജപ്തി ചെയ്യും. പിന്നെ അത്‌ കിട്ടിയിട്ടും കാര്യമില്ലല്ലോ? അയാൾ കൊണ്ടുപോകട്ടെ." കിഷൻചണ്ട്‌ ഇങ്ങനെ പറയുമ്പോൾ അനുരാധ അമ്പരന്നു. ഒന്നും ആലോചിക്കാതെ പെട്ടെന്ന്‌ അങ്ങനെ തീരുമാനിക്കുന്ന ആളല്ല കിഷൻചണ്ട്‌. അനുരാധയെ കൂടാതെ സ്വയം തീരുമാനിക്കുന്ന പതിവില്ല. കിഷൻചണ്ട്‌ പതിവ്‌ വിടുന്നു എന്ന്‌ അനുരാധ സങ്കടത്തോടെ മനസ്സിലാക്കി.
"അപ്പോൾ ഞാനും മോനും എന്തുചെയ്യും?"
അനുരാധ കിഷൻചന്ദിന്റെ മുഖം തിരിച്ചു പിടിച്ചു ചോദിക്കുമ്പോൾ അവൻ പറഞ്ഞു.
"തൽക്കാലം നിന്റെ വീട്ടിൽ പോയി നിൽക്കു. ഞാൻ അവിടെ ചെന്ന്‌ കാര്യങ്ങളൊക്കെ ഒന്നു ശരിയാവട്ടെ. എന്നിട്ട്‌ തീരുമാനിക്കാം."
നാലുമണിയായപ്പോൾ കിഷൻചണ്ട്‌ റെഡിയായി. റെഡിയാവാൻ ഒന്നുമില്ല. ഒരു ഹാന്റ്‌ ബാഗ്‌ മാത്രം. കാത്തുനിൽക്കുന്നത്‌ അനുരാധ സ്കൂളിൽ നിന്നും കൂട്ടിവരുന്ന രൂപേഷിനെ കണ്ട്‌ യാത്ര പറയാൻ. കിഷൻചന്ദിന്റെ മനസ്സിൽ ഒരു കടൽ അലറുകയാണ്‌. കടൽമൂളുന്നത്‌ ഭയത്തോടെ കേൾക്കുകയാണ്‌ അവൻ. അവൻ വിട പറയുകയാണെന്ന്‌ അവന്‌ മാത്രമേ അറിയൂ. പ്രാണന്റെ പ്രാണനായ അനുരാധയും രൂപേഷും ഒന്നുമറിയുന്നില്ല. റെയിൽപാളത്തിനപ്പുറത്ത്‌ പോവുന്ന വെയിലിൽ കിടന്നു മയങ്ങുന്ന തന്റെ എട്ടു ബിഗനിലം മനം കുളിർക്കെ കണ്ടുനിൽക്കുമ്പോൾ ഒരു വിളി.
"അച്ഛാ. എവിടെ പോവ്വാ. അമ്മ പറഞ്ഞു അച്ഛൻ പോവുന്നെന്ന്‌. അമ്മേം എന്നേം എന്താ കൂട്ടാത്തെ അച്ഛാ".
കിഷൻചണ്ട്‌ മകനെ വാരിപ്പുണർന്നു. ഒരവസാനപുണരലെന്നപോലെ. മുത്തമിട്ടു ഇരുകവിളുകളിലും.
"മോനെ, അച്ഛൻ ഡൽഹിയിൽ പോവുകയാണ്‌. ജോലി വേണ്ടേ? അച്ഛനവിടെ ജോലി ശരിയായി. മോൻ കരയരുത്‌. അച്ഛൻ ഡൽഹിയിൽ ചെന്നു വിളിക്കാം. കണ്ണീരു പൊടിഞ്ഞു നിൽക്കുകയാണ്‌ അനുരാധ. അവളെ ചേർത്തു പിടിച്ച്‌ രൂപേഷിനെ മറുകയ്യിലെടുത്ത്‌ കിഷൻചണ്ട്‌ നടക്കുകയാണ്‌. റെയിൽപാളത്തിലേയ്ക്ക്‌ കയറുമ്പോൾ മകനെ താഴെ നിറുത്തി ഉമ്മ വച്ചു. നിവർന്ന്‌ അനുരാധയെ പുണർന്ന്‌ ചുംബിക്കുമ്പോൾ അവൾക്ക്‌ വല്ലാതെ പൊള്ളി.
പാളത്തിലൂടെ നടന്നുപോകുന്ന കിഷൻചന്ദിനെ മറയുംവരെ നോക്കി നിന്നു അനുരാധയും രൂപേഷും.
ത്ധാൻസി-ഡൽഹി എക്സ്പ്രസ്സിൽ ജനറൽ കംപാർട്ട്‌മന്റിൽ കയറിനിന്നു കിഷൻചണ്ട്‌. താൻ പോകുന്നത്‌ എന്തിനാണെന്ന്‌ കിഷൻചന്ദിനു മാത്രമറിയാം. ബുണ്ഡേൽഖണ്ഡിൽ കർഷകർ ആത്മഹത്യ ചെയ്യുന്നതിനാൽ അധികൃതർ നാണക്കേട്‌ മറയ്ക്കാൻ കീടനാശിനിയും മറ്റും നിരോധിച്ചു. ഗതികെട്ട കർഷകർ മരണത്തെ വരിച്ചതു ഹെയർഡൈ കഴിച്ചാണ്‌. ബുണ്ഡേൽഖണ്ഡിൽ ഹെയർഡൈ ഇപ്പോൾ നിരോധിച്ചു. കിഷൻചന്ദിന്‌ ഹെയർഡൈയുടെ രണ്ട്‌ പാക്കറ്റ്‌ വേണം. അത്‌ ഡൽഹിയിൽ കിട്ടും. അതിനാണ്‌ കിഷൻചണ്ട്‌ ഡൽഹിയിൽ പോകുന്നത്‌. ത്ധാൻസിയിൽനിന്ന്‌ ഡൽഹിക്ക്‌ 12 മണിക്കൂർ യാത്രയാണ്‌. രാവിലെ നാലിന്‌ ഡൽഹിയിൽ. കിഷൻചണ്ട്‌ രാത്രിയായപ്പോൾ കംപാർട്ടുമന്റിന്റെ നിലത്തിരുന്നു. ഉറക്കം വരുന്നില്ല. കംപാർട്ടുമന്റിൽ തിരക്കും കുറവാണ്‌. ആളുകൾ ഉറക്കം തൂങ്ങുകയും കിടന്നുറങ്ങുകയും ചെയ്യുന്നു.
ഇടയ്ക്കെന്നോ കിഷൻചണ്ട്‌ ചരിഞ്ഞു കിടന്നു. കണ്ണിൽ കുത്തുന്ന പ്ലാറ്റ്ഫോം വെളിച്ചവും യന്ത്രമണിയുടെ മുഴക്കവും കേട്ടുണരുമ്പോൾ ഡൽഹിയാണെന്ന്‌ മനസ്സിലായി. ആളുകൾ ഇറങ്ങി തുടങ്ങി. ആളുകൾ ഒഴിഞ്ഞപ്പോൾ കിഷൻചണ്ട്‌ എഴുന്നേറ്റു. റെയിൽവേ കാന്റീനിൽ നിന്ന്‌ നാസ്താ കഴിച്ചു. ഇനി ഇതേ വണ്ടിതന്നെ വൈകിയിട്ടാണ്‌. അടുത്ത ദിവസം വെളുപ്പിന്‌ നാലിന്‌ ഝാൻസിയിലെത്തും. അതുവരെ എങ്ങും പോവാനില്ല. ജീവിച്ചിരിക്കുമ്പോഴുള്ള അവസാനത്തെ ഉറക്കം സ്റ്റേഷനിലെ സിമന്റ്‌ ബെഞ്ചിലിക്കാം. കിഷൻചണ്ട്‌ മനസ്സിൽ പറഞ്ഞു. റെയിൽവേ സ്റ്റാളിൽനിന്ന്‌ നാല്‌ പാക്കറ്റ്‌ ഹെയർഡൈ വാങ്ങി ഹാന്റ്‌ ബാഗിലാക്കി. നാല്‌ രൂപ. ബാഗ്‌ തലയ്ക്കൽ വച്ച്‌ കിഷൻചണ്ട്‌ ഉറങ്ങി. എല്ലാം മറന്ന്‌.
മൂന്നിന്‌ തന്നെ ഡൽഹി-ഝാൻസി വണ്ടി ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ പിടിച്ചിട്ടു. കിഷൻചണ്ട്‌ കയറിയിരുന്നു. സീറ്റ്‌ കിട്ടിയിരുന്നു. അവസാനത്തെ യാത്രയും സുഖപ്രദമായ കാഴ്ചകളും കണ്ണുനിറയെ മനസ്സുനിറയെ യാത്രയിലുടനീളം ആർത്തിയോടെ കണ്ടു. ഇരുട്ടിയപ്പോൾ സീറ്റിൽ ചാരിയിരുന്നു മയങ്ങി.
വെളുപ്പിന്‌ നാലിനുതന്നെ ട്രെയിൻ ഝാൻസിയിലെത്തി. കിഷൻചണ്ട്‌ രണ്ടുമണിയ്ക്കുതന്നെ ഉണർന്നിരുന്നു. വണ്ടിയിൽ നിന്നിറങ്ങി. അരണ്ട വെളിച്ചത്തിൽ ട്രാക്കിലൂടെ തന്നെ വടക്കോട്ടു നടന്നു. വീടിനു മുന്നിലെത്തി. ആളനക്കമില്ലാത്ത വീടിന്റെ വരാന്തയിൽ കയറിയിരുന്നു. നിമിഷങ്ങൾ കഴിയുമ്പോൾ കിഷൻചണ്ട്‌ റെയിൽപാളം കടന്ന്‌ തന്റെ ഹൃദയഭൂമിയായ കൃഷിക്കളത്തിൽ ചെന്നിരുന്നു. ഹാന്റ്‌ ബാഗിൽ നിന്ന്‌ രണ്ട്‌ പാക്കറ്റ്‌ ഹെയർഡൈ എടുത്ത്‌ പൊട്ടിച്ച്‌ ഒന്നൊന്നായി വായിലൊഴിച്ചു.
തല കറങ്ങുന്നതുപോലെ. പതുക്കെ മണ്ണിൽ ചേർന്നു കിടന്നു. ഭൂമി പിളർന്ന്‌ താൻ പോവുകയാണ്‌. അമ്മ ഭൂമിദേവി തന്നെ താങ്ങികൊണ്ടുപോവുന്നു. കിഷൻചണ്ട്‌ സ്വപ്നം കാണുന്നു. മരണവഴിയിലാണെന്നറിഞ്ഞു തന്നെ.
കാക്കകൾ വല്ലാതെ വട്ടമിട്ടു പറന്ന്‌ കരയുമ്പോൾ ഗ്രാമമുണർന്നു. പറക്കുന്ന കാക്കകൂട്ടങ്ങൾക്കു താഴെ ഭൂമിയിലേയ്ക്ക്‌ കണ്ണുകൾ പായിച്ച ഗ്രാമീണർ ഞെട്ടി. കിഷൻചണ്ട്‌ എന്ന കർഷകൻ ആത്മഹത്യ ചെയ്തിരിക്കുന്നു.
ഇൻക്വസ്റ്റ്‌ തയ്യാറാക്കി തഹ്സിൽ ഓഫീസർ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. തിരിയെ കൊണ്ടുവന്ന ജഡം കൃഷിക്കളത്തിൽ കുഴിയെടുത്തു മൂടാൻ ഗ്രാമമുഖ്യന്റെ നേതൃത്വത്തിൽ ഗ്രാമവാസികൾ മുതിരുമ്പോൾ രണ്ടു സ്ത്രീകളുടെ കയ്യിൽ തൂങ്ങി അനുരാധ അവസാന നോക്കിനായി വന്നു.
രൂപേഷ്‌ അച്ഛനെന്നു വരുമെന്ന്‌ അനുരാധയോട്‌ എന്നും ചോദിക്കുമ്പോൾ അവൾ മകൻ കാണാതെ നിന്നു കരയും. വീട്ടിൽ വരുന്നവരോട്‌ ഉത്സാഹത്തോടെ രൂപേഷ്‌ പറയും "പപ്പാ ഡൽഹി മേം ഹും, വോഹ്‌ ജൽദി ലൗട്ടായേഗാ." കേൾക്കുന്നവൻ ചങ്കുപൊടിഞ്ഞ്‌ കരയും. ഗ്രാമവും. അനുരാധ അകത്തുകയറി ഏങ്ങലടിക്കുന്നത്‌ രൂപേഷ്‌ കാണാറില്ല. കേൾക്കാറില്ല. അവൻ വടക്കോട്ട്‌ റെയിൽപാളത്തിലേയ്ക്ക്‌ നോക്കിയിരിക്കും. ഡൽഹി-ഝാൻസി എക്സ്പ്രസ്സ്‌ അവന്റെ വീടും കുലുക്കി പാഞ്ഞു വരുന്നതു കാണാൻ. അതിലവന്റെ പാപ്പാ ഉണ്ടെന്ന പ്രതീക്ഷ മുറ്റി നിൽക്കുന്ന കണ്ണുകളുമായ്‌. രൂപേഷ്‌ കാണുന്നവരോടൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു. "പാപ്പാ ജൽദി ലൗട്ടായേഗാ."
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.