Saturday, October 2, 2010


sivana

(സമൂഹത്തിൽ നിന്നും സ്വയം അടർന്ന്‌ മാറി സ്വന്തം മുറിയിൽ പുസ്തകങ്ങൾക്കൊപ്പം അടച്ചിരിക്കുന്ന എഴുത്തുകാരുടെ പരമ്പരയിൽ പെടുത്തി എന്നെ കാണാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌- ഒർഹാൻ പാമുക്‌)

ഈ മുറി മാത്രം
ഈ മൗനം മാത്രം
ഈ ജാലകത്തിന്റെ
പകലിരവു മാത്രം

ദൂരേ മലകളിൽ
പെയ്തു തുലയുമോ
രേതോമഴത-
ന്നിരമ്പൽ മാത്രം

ചക്രവാളങ്ങളിൽ
ദിക്കറ്റുഴലുന്ന
ഏകാകിയാം കടൽ
കാറ്റുമാത്രം

മരണം മണക്കുന്ന
ചിത്തബ്ഭ്രമത്തിന്റെ
കാണാത്ത ഘോര
ദൃശ്യങ്ങൾ മാത്രം

ഈ മുറി മാത്രം
ഈ മൗനം മാത്രം
ഈ മനം പായു-
മഴലുമാത്രം

സന്ധ്യയ്ക്കു വീടിന്റെ
യുമ്മറത്തെന്തിനോ
കണ്ണുനീർ വാർക്കു
ന്നൊരമ്മ മാത്രം

കനിവറ്റ മുറ്റത്ത്‌
കൈക്കുഞ്ഞുമായ്‌ പിച്ച
തെണ്ടും വിശപ്പിന്റെ
തേങ്ങൽ മാത്രം

വ്യർത്ഥജന്മത്തിന്റെ
കുരിശുമായ്‌ ജീവിതം
വേച്ചു നടക്കുമീ
കാഴ്ചമാത്രം

ഈ മുറി മാത്രം
ഈ മൗനം മാത്രം
ഈ വിഷം നൽകുന്ന
ശാന്തി മാത്രം

വേരറ്റുവീഴുന്ന
രക്തബന്ധങ്ങളിൽ
പൊട്ടിച്ചിരിക്കുന്ന
തത്വശാസ്ത്രം

കെട്ടിപ്പുണർന്നു
കിടക്കും മനസ്സിലും
ഞെക്കിക്കൊലയ്ക്കുള്ള
തൃഷ്ണമാത്രം

കുടപ്പിറപ്പിന്റെ
പെണ്ണിനെ പ്രാപിക്കു-
മാധ്യാത്മചിത്തന്റെ
വേദശാസ്ത്രം

ഒരു തുണ്ടു മണ്ണിനാ-
യച്ചനെക്കൊല്ലുന്നൊ-
ഭ്യസ്തവിദ്യന്റെ
പ്രത്യയശാസ്ത്രം

ഈ മുറിമാത്രം
ഈ മൗനം മാത്രം
ഈ മുറിക്കപ്പുറം
ചുടുകാടു മാത്രം

ദൈവം പണത്തിന്റെ
കാൽക്കൽ നമിക്കുമ്പോ-
ളെങ്ങും പിശാചിന്റെ
നീതിമാത്രം

പച്ചനോട്ടിന്റെ
മടിയിൽ തൻ പ്രാണനെ
വെച്ചുമടങ്ങുന്ന
ഗർഭപാത്രം

തീരാത്ത ഭൗതികാ-
സക്തിതൻ ചൂളയിൽ
പൊട്ടിത്തെറിക്കും
ജഡങ്ങൾ മാത്രം

അന്ത്യവിധിവരും
മുമ്പീ നിഷാദന്റെ
അന്ത്യാഭിലാഷമാം
ഭ്രാന്തുമാത്രം
ഈ മുറി മാത്രം
ഈ മൗനം മാത്രം
ഈയക്ഷരത്തിന്റെ
കനിവ്‌ മാത്രം
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.