rajanandini
ദാമ്പത്യം,
തിബത്തൻ പീഠ ഭൂമിപോലെയാണ്
വാഗ്വാദത്തിന്റെ പൊടിക്കാറ്റേറ്റ്
കണ്ണുകൾ പൂട്ടേണ്ടിവരും
അഹന്തയുടെ ഉയരങ്ങൾ താണ്ടുമ്പോൾ
കിതപ്പാറ്റാൻ
നിസ്സംഗതയുടെ കരിമ്പാറകൾ ശരണം
കർത്തവ്യങ്ങൾ മലയിടുക്കുകളിൽ
ഒളിക്കുമ്പോൾ..
മാതൃത്വം അരഞ്ഞാണം വിൽക്കുന്നു.
കാമത്തിന്റെ ഗിരിശിഖരങ്ങൾ
കലഹത്തിന്റെ മഞ്ഞു പുതയ്ക്കുമ്പോൾ
തൃഷ്ണയുരുക്കുന്ന ഹിമജലത്തിലൂടെ
തുഴഞ്ഞെത്തുന്ന സ്വപ്നങ്ങൾ
സ്വർണ്ണ അരയന്നങ്ങളായി
മാനസ സരസ്സിൽ മുങ്ങാംകുഴിയിടുന്നു
തെളിനീരിനുള്ളിലെ പ്രകാശനക്ഷത്രങ്ങളെ
തിരയുന്നു.
അവ, ഊർജ്ജ മന്ത്രമായ
സൂര്യനിൽ ഉണർവു തേടുമ്പോൾ
നീലമേലാപ്പിൽ മാറ്റത്തിന്റെ
ആയിരം കണ്ണുകൾ
പകൽ നക്ഷത്രങ്ങളായുദിക്കുന്നു