Saturday, October 2, 2010





e vasu

പദവികൾ തമ്മിലുള്ള അന്തരം ഇല്ലാതാകണമെങ്കിൽ എല്ലാവരും ആഹാരത്തിനുവേണ്ടി അധ്വാനിക്കുന്നവരായി മാറണം എന്നാണ്‌ ഗാന്ധിജി അഭിപ്രായപ്പെട്ടത്‌.
ആർത്ഥികമായ സുഖം ആർത്ഥികമായ ദുഃഖത്തിന്റെ മറ്റൊരു രൂപമാണെങ്കിൽ ഇന്ത്യ വളരെ അസന്തുഷ്ടി നിറഞ്ഞ ഒരു രാജ്യമാണെന്ന്‌ സ്ഥിതിവിവര കണക്കുകൾ കാണിക്കുന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുപ്രകാരം 35 കോടി ഇന്ത്യാക്കാർ, ജീവിയ്ക്കാനാവശ്യമായ ഏറ്റവും ചുരുങ്ങിയ ആഹാരത്തിന്റെ അഭാവത്തിൽ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നു.
27 കോടി ജനങ്ങളാണ്‌ മുതിർന്നവരിൽ നിരക്ഷരരായുള്ളത്‌.
25 കോടി ശുചീകരണ പദ്ധതികളുടെ അഭാവത്തിൽ ദുരിതമനുഭവിക്കുന്നവരായുണ്ട്‌.
അതേസമയം രണ്ടരകോടി ആളുകളെങ്കിലും സ്കോച്ചുവിസ്കി കഴിക്കുന്നവരായുണ്ട്‌. ഉദാരവൽക്കരണം അതിന്റെ ഇറക്കുമതി ഇപ്പോൾ ലളിതമാക്കി.
തൃശ്ശൂരിലെ ഒരു മുന്തിയ ഹോട്ടലിനോട്‌ അനുബന്ധമായുള്ള ബാറിന്റെ പേര്‌ പ്രതീക്ഷാബാർ എന്നാണ്‌. ഇവിടെ ആരുടെ പ്രതീക്ഷയാണ്‌ മുന്നിലുള്ളതെന്ന്‌ പറയാതെ തന്നെ വ്യക്തമാണ്‌.
അതേസമയം സ്വാതന്ത്ര്യത്തിനു മുമ്പ്‌ നാൽപതുവയസുവരെ മാത്രമേ ജീവിക്കു എന്ന നിലയിലായിരുന്ന ഇന്ത്യാക്കാരന്റെ പ്രതീക്ഷിതായുസ്സ്‌ ഇപ്പോൾ 60 ഉയരുകയും ചെയ്തിരിക്കുന്നു.
ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ളവരുടെ എണ്ണം പ്രതിവർഷം 35 ലക്ഷം വർദ്ധിച്ചു വരുന്നു എന്ന വസ്തുതകൂടി ചേർത്തുവച്ച്‌ ആലോചിക്കുമ്പോൾ ഇന്ത്യ 'ചത്തതിനോക്കുമേ ജീവിച്ചിരക്കിലും' എന്ന നിലയിൽ കഴിയുന്നവരെ കൊണ്ടാണോ നിറയുന്നത്‌ എന്ന സംശയം ഉളവാകുന്നു.
മുൻഗണനകൾ മാറ്റി നിർണ്ണയിച്ച്‌ സാമ്പത്തികസമീകരണം ലക്ഷ്യമാക്കുകയാണെങ്കിൽ സാമൂഹ്യനീതി കൈവരിക്കാനാകും എന്ന ഒരവസ്ഥ മൊത്തം ദേശീയോൽപാദനത്തിന്റെയും ദേശീയ സമ്പത്തിന്റെയും ആശാവഹമായ ചിത്രം നൽകാതിരിക്കുന്നില്ല. ആദർശാത്മകമായ സാമൂഹ്യസൃഷ്ടി അപ്പോൾ ഏത്‌ അടിസ്ഥാനത്തിലായിരിക്കും?
നിറഞ്ഞു തുളുമ്പുന്ന ഫ്രിഡ്ജ്‌, പട്ടുവസ്ത്രങ്ങൾ, നിറഞ്ഞുപുറത്തേക്കു ചാടുന്ന അലമാര, ഗ്യാരേജിൽ പുത്തൻകാർ, മുറിതോറും ടെലിവിഷൻ, കമ്പ്യൂട്ടർ...
ഓരോ കുടുംബവും അത്തരം നിലകൈവരിക്കുന്ന സമൂഹം സുരക്ഷിതമാണെന്ന്‌ പറയാമോ? മനഃശാസ്ത്രപരമായി അങ്ങേയറ്റം അരക്ഷിതവും നൈതികമായി പാപ്പരായതും എന്നാണ്‌ ഗാന്ധിജി അത്തരം അവസ്ഥയ്ക്ക്‌ നൽകിയ വിശദീകരണം. വസ്തുവകകൾ കണക്കറ്റ്‌ വാരിവിഴുങ്ങുന്നതിനും ദൈന്യത സൃഷ്ടിക്കുന്ന ദാരിദ്ര്യത്തിലും ഇടയ്ക്കുള്ള ശരിയായ ഒരു വഴിയെക്കുറിച്ചാണ്‌ ഗാന്ധിജി ചിന്തിച്ചതു. ആഗോളമായ ഒരടിസ്ഥാനവും പലപ്പോഴും ഇത്തരം ചിന്തകൾക്ക്‌ കൈവന്നു.
ആറുലക്ഷം ഗ്രാമങ്ങളിലാണ്‌ ഇന്ത്യ എന്ന വിശ്വാസമായിരുന്നു ഇതിന്‌ കാരണം. അവർക്ക്‌ അന്യമായി ഏതാനും സ്ഥലത്ത്‌ സമൃദ്ധിയുടെ തുരുത്തുകൾ ഉണ്ടാകുന്നത്‌ കോടിക്കണക്കിന്‌ ഗ്രാമവാസികളുടെ ദൈന്യം നിറഞ്ഞ നിത്യജീവിതത്തെ ബാധിക്കുന്നതെങ്ങനെ? അവ കർമ്മോന്മുഖമല്ലാത്ത തുരുത്തുകളായിത്തന്നെ അവശേഷിക്കും.
നഗരങ്ങളിൽ കോടിക്കളക്കിന്‌ തിങ്ങി വിങ്ങി ഞെരുങ്ങി കഴിയുന്ന ഗ്രാമീണർക്ക്‌ സ്വസ്ഥമായി ജീവിതം നയിക്കാനാവുകയില്ല. നമുക്കതുകൊണ്ട്‌ ഗ്രാമങ്ങളിൽ പാർക്കേണ്ടതായി വരും. "അവിടത്തെ കൊട്ടാരങ്ങളിലല്ല, കുടിലുകളിൽ" എന്ന്‌ ഗാന്ധിജി നെഹ്‌റുവിനെ ഉപദേശിക്കുകയുണ്ടായി. പാശ്ചാത്യ മാതൃകകളെ നിരാകരിച്ചുകൊണ്ട്‌ സസ്യഭുക്കായ ഗാന്ധി എഴുതിയ 'ഹിണ്ട്‌ സമാജ്‌' എന്ന പുസ്തകം പരിസ്ഥിതി വാദികളും പ്രകൃതി പക്ഷക്കാരും കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ പോലെ ഉയർത്തിപിടിക്കാൻ മാത്രം ശക്തിമത്തായി കരുതുന്നുണ്ടെങ്കിലും 'അപ്രായോഗികം'എന്ന വിശേഷണമാണ്‌ കോൺഗ്രസ്‌ നേതാക്കളായ ഗോഖലെയും നെഹ്‌റുവും അതിന്‌ നൽകിയത്‌. 'വിഡ്ഢിത്തം നിറഞ്ഞ സ്വപ്നം'എന്ന വിശേഷണവുമുണ്ടായി.
ഇന്ത്യയുടെ പാരമ്പര്യം മതം, എന്നിവ അടിസ്ഥാനമാക്കി ഏത്‌ തരത്തിലുള്ള യുഗസൃഷ്ടിക്കാണ്‌ നാം തുനിയേണ്ടത്‌ എന്ന ചിന്ത തുടച്ചുനിൽക്കുന്ന ഹിണ്ട്‌ സ്വരാജ്‌ നഗരസംസ്കൃതിയുടെ നിരാകരണമാണ്‌. കണ്ണഞ്ചിപ്പിക്കുന്ന പാശ്ചാത്യപുരോഗതിയിൽ നാം വീഴരുതെന്നാണ്‌ അത്‌ ആവർത്തിച്ചു പറയുന്നത്‌.
നഗരവൽക്കരണത്തെ അനുകൂലിക്കുന്നവരുടെ കണ്ണിൽ ഗ്രാമങ്ങൾ അന്ധവിശ്വാസം നിറഞ്ഞവയാണ്‌. അവിടെ പുരോഗതി സംബന്ധിച്ച ആധുനിക സ്വപ്നങ്ങൾക്ക്‌ സ്ഥാനമില്ല. ജാതി അടിസ്ഥാനമാക്കിയുള്ള മതചിന്ത ഗ്രാമങ്ങളെ മുഴുവൻ പട്ടണങ്ങളാക്കി മുന്നോട്ടുള്ള പ്രയാണം ത്വരിതപ്പെടുത്തണം. പഴമയെ ചവുട്ടിത്താഴ്ത്താതെ മുന്നോട്ടുപോകാൻ വയ്യ.

ദൈവം മുകളിലുണ്ടെങ്കിൽ
ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ലഭിച്ച അംബേദ്കർ തൊട്ട്‌ ജിന്ന-നെഹ്‌റു വരെയുള്ള എല്ലാ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടേയും ഉള്ളിലിരുപ്പ്‌ അതാണെന്ന്‌ ഗാന്ധിജിയ്ക്ക്‌ അറിയാമായിരുന്നു. അതുകൊണ്ടാണ്‌ നഗരവാസികളെപ്പറ്റി രാഷ്ട്രപിതാവ്‌ ഇപ്രകാരം പറഞ്ഞത്‌.
"ഭാരതത്തിലെ അരപ്പട്ടിണിക്കാരായ ജനസമൂഹം പതുക്കെ ജീവനില്ലാത്ത അവസ്ഥയിലേക്ക്‌ താഴ്‌ന്നുകൊണ്ടിരിക്കുന്നതിനെപറ്റി നഗരവാസികൾക്ക്‌ വളരെ കുറച്ചു മാത്രമേ അറിയുകയുള്ളു. നാഗരികർക്ക്‌ അനുഭവിക്കാവുന്ന ദൈന്യതയാർന്ന സുഖം വിദേശികളായ ചൂഷകരുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്നതിന്റെ പ്രതിഫലനമാണെന്നും അതിന്‌ ലഭിക്കുന്ന ലാഭവും ഇടനിലക്കാരായി നിൽക്കുന്നതിന്റെ വരുമാനവും ജനസമൂഹത്തെ പിഴിഞ്ഞുണ്ടാക്കുന്നതാണെന്നും അവർ അറിയാതെ പോകുന്നു. ബ്രിട്ടൺ ഇന്ത്യയിൽ നിയമം മുഖേന സ്ഥാപിച്ചു എന്ന പറയുന്ന സർക്കാർ ഇങ്ങനെ പാവപ്പെട്ടവരെ ചൂഷണം ചെയ്യാനുള്ളതാണെന്നും അവർക്കറിഞ്ഞുകൂടാ. കണക്കുകൾ കൊണ്ടുള്ള ജാലവിദ്യയ്ക്കോ മയം വരുത്തിയ പെരുമാറ്റത്തിനോ ഗ്രാമങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണാൻ കഴിയുന്ന അസ്ഥികൂടങ്ങളുടെ തെളിവ്‌ വിശദീകരിച്ച്‌ തരാനാവില്ല. ഒരു കാര്യത്തിൽ എനിക്ക്‌ സംശയം യാതൊന്നുമില്ല. ഇംഗ്ലണ്ടും ഇന്ത്യയിലെ നഗരവാസികളും ദൈവം മുകളിലുണ്ടെങ്കിൽ, ചരിത്രത്തിൽ ഒരു പക്ഷേ അന്യമായിരിക്കുന്ന ഈ മനുഷ്യധ്വംസനത്തിന്‌ മറുപടി പറയേണ്ടതായി വരും."
പ്രകോപനം സൃഷ്ടിച്ച്‌ ക്രമസമാധാനനില തകർക്കുന്ന ലേഖനങ്ങൾ എഴുതിയതിന്‌ ഗാന്ധിജി ആറു വർഷത്തേക്ക്‌ ശിക്ഷിക്കപ്പെട്ടതു തന്നെ ഏറ്റവും കൂടുതൽ ശിക്ഷ നൽകി ജയിലിലടയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴാണ്‌. (നിയമപ്രകാരം പരമാവധി ശിക്ഷ ആറുവർഷമാണ്‌) വിധ്വംസകമായ എഴുത്തിലൂടെ അക്രമപ്രവണതകൾ അഴിച്ചുവിട്ടു എന്നതിനായിരുന്നു വിചാരണ. അസമത്വത്തിന്‌ പരിഹാരം തേടിയുള്ള പ്രയാണം മുമ്പേ തുടങ്ങിയിട്ടുണ്ട്‌. 1931 ൽ കറാച്ചിയിൽ ചേർന്ന 48-​‍ാം കോൺഗ്രസ്സ്‌ ഒരു പ്രമേയം മുഖേന ആവശ്യപ്പെട്ടു- സാധുജനങ്ങളെ ഒരു വിഭാഗം ചൂഷണം ചെയ്യുന്നത്‌ അവസാനിപ്പിക്കണം. അതിന്‌ രാഷ്ക്രീയ സ്വാതന്ത്ര്യം മതിയാവുകയില്ല. രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിക്കുന്നതിനോടൊപ്പം പട്ടിണിപാവങ്ങളുടെ യഥാർത്ഥമായ സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പുവരുത്തണം. ബനാറിസ്‌ കോൺഗ്രസ്സിൽ സംപൂർണ്ണാനന്ദ ഒരു പടി കൂടികടന്ന്‌ ആവശ്യപ്പെട്ടു. 'രക്തരഹിത വിപ്ലവം അപ്രായോഗികം, രക്തം ചൊരിയണം'.
സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ദാരിദ്ര്യം നിലനിൽക്കുന്നത്‌ സന്തുലിതമായ ആസൂത്രണത്തിന്റെ അഭാവം മാത്രമല്ല വ്യക്തമാക്കുന്നത്‌. പദ്ധതികൾക്ക്‌ രൂപം നൽകുന്നത്‌ നഗരങ്ങളിൽ സുരക്ഷിതമായ സ്ഥാനങ്ങളിലിരിക്കുന്ന അഭ്യസ്തവിദ്യരാണ്‌. അവർ ഗ്രാമങ്ങളുമായി ബന്ധമില്ലാത്തവരാണ്‌.
പദ്ധതികൾ നടപ്പാക്കുന്നവർക്ക്‌ നഷ്ടപ്പെട്ട ഗ്രാമീണാഭിമുഖ്യമാണ്‌ പ്രധാനപ്പെട്ട പ്രശ്നം. ജനങ്ങളുടെ സൂക്ഷിപ്പുകാർ എന്ന നില വിട്ട്‌ ജനങ്ങളുടെ യജമാനന്മാരാണെന്ന ഭാവം ഭരണകർത്താക്കളായി വന്ന ജനസേവകർക്കു കൈവന്നു. സ്വാതന്ത്ര്യത്തിനു മുമ്പുള്ള വിദേശികളുടെ കഠിനഹൃദയത്തിനു പകരം അധികാരത്തിലേറിയ അഭ്യസ്തവിദ്യരായ ഇന്ത്യക്കാരുടെ കഠിനഹൃദയമാണ്‌ ഇന്ന്‌ ഗ്രാമങ്ങളുടെ പ്രശ്നം.
ഇന്ത്യയിലെ സി.ഡി.പി (കമ്മ്യൂണിറ്റി ഡെവലപ്‌മന്റ്‌ പ്രോഗ്രാം) അഥവാ ഗ്രാമീണ വികസനം 'ബൂർഷ്വാ ആസ്ഥാനത്തിനെതിരെ ബോംബ്‌ വർഷിക്കുക' എന്ന 1949ലെ ചൈനീസ്‌ വിപ്ലവനേതാവ്‌ മാവോവിന്റെ ആഹ്വാനം നക്സൽബാരിയിലും ശ്രീകാകുളത്തും പ്രതിധ്വനിച്ച പശ്ചാത്തലത്തിൽ പരിശോധിക്കണം.
എട്ടാവാ അനുഭവം
തെലുങ്കാന അടക്കമുള്ള ജനകീയ സമരങ്ങളെ ഇന്ത്യൻ പട്ടാളം അടിച്ചമർത്തിയ സാഹചര്യത്തിൽ 1951 കാലഘട്ടത്തിൽ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരും ഫോഡ്‌ ഫൗണ്ടേഷൻ പ്രതിനിധികളും ഇന്ത്യയിലെ 800 ഗ്രാമങ്ങളെ തെരഞ്ഞെടുത്ത്‌ 55 കമ്മ്യൂണിറ്റി പ്രോജക്റ്റുകൾ ആരംഭിച്ചതു 11 ലക്ഷം ഗ്രാമീണരെ ലക്ഷ്യമാക്കിയാണ്‌. ഗാന്ധിജിയുടെ ജന്മനാളായ ഒക്ടോബർ 2 ന്‌ (1952) ഒരു കുട്ട മണ്ണു ചുമന്നുകൊണ്ട്‌ നെഹ്‌റു ഉദ്ഘാടനം ചെയ്തപ്പോൾ അമേരിക്കൻ അംബാസിഡർ ചെസ്റ്റർ ബൗൾസ്‌ പറഞ്ഞത്‌ ഇപ്രകാരമാണ്‌.
"പ്രധാനമായും എട്ടാവാ അനുഭവങ്ങളെ മുൻനിർത്തിയുള്ള ഈ ഗ്രാമീണ പരിപാടി അടുത്ത മൂന്നുനാലു വർഷത്തിനകം നാലരശതമാനത്തിൽ കൂടുതൽ വരുമാനം പ്രാദേശികമായി സൃഷ്ടിക്കും."
ആസൂത്രണ കമ്മീഷൻ മുഖേന നടപ്പാക്കിയ ഇത്‌ ഇന്ത്യയെ അട്ടിമറിക്കാനാണെന്നും ഇതിന്റെ മുഖ്യനിർവാഹകൻ എസ്‌.കെ.ഡെ അമേരിക്കക്കാരനാണെന്നും സി.ഐ.എ. ചാരഭയമുള്ള ഒരു എം.പി ഒന്നും അറിയാതെ പറഞ്ഞുപോയതല്ല. വാഗ്ദാനം ചെയ്ത ഗ്രാമസ്വർഗ്ഗം സാക്ഷാത്ക്കരിക്കാനാവാതെ 1957ൽ നെഹ്‌റു സർക്കാർ ബൽവന്തറായ്‌ മേത്ത കമ്മറ്റിയെ ഗ്രാമീണ ദാരിദ്ര്യം സംബന്ധിച്ച നടപടി ക്രമങ്ങൾക്ക്‌ നിശ്ചയിച്ചു. പദ്ധതി എട്ടായപ്പോൾ ദരിദ്രമോചന മന്ത്രമായി ഐ.ആർ.ഡി.പി (സംയോജിത ഗ്രാമ വികസന പദ്ധതി) ആവിഷ്കരിച്ചു. ഇത്‌ 1952 മുതൽ നടപ്പിലാക്കിയ നിരവധി പേരുകളിലുള്ള നാൽപതോളം ഉദ്ധാരണപരിപാടികൾ പരാജയമടഞ്ഞു എന്ന കുറ്റസമ്മതത്തോടെയാണ്‌. ക്രാഷ്‌ പ്രോഗ്രാം, റൂറൽമാൻ പവർ പ്രോഗ്രാം, പാക്കേജ്‌ പ്രോഗ്രാം എന്നിങ്ങനെ ഇംഗ്ലീഷിൽ ഗ്രാമീണരെ ഭയപ്പെടുത്തുന്ന പരമ്പരയിൽ അവസാനത്തെ ഐ.ആർ.ഡി.പി പ്രകാരമുള്ള പണം കേന്ദ്രത്തിൽ നിന്ന്‌ നേരിട്ട്‌ ഗ്രാമങ്ങളിലേക്കു വന്നു. സംസ്ഥാനം പകുതി സംഭാവന ചെയ്യുന്ന ദരിദ്രരിൽ ദരിദ്രരായവർക്ക്‌ ആദ്യം എന്ന സങ്കൽപത്തിൽ നടപ്പാക്കി തുടങ്ങിയ ഈ പദ്ധതിയനുസരിച്ച്‌ ദുർബലവിഭാഗങ്ങൾക്ക്‌ പണം നേരിട്ട്‌ കൊടുക്കുന്നില്ല പകരം തൊഴിലെടുക്കാനുള്ള പണിയായുധം മതി എന്ന മട്ടിലുള്ള അവിശ്വാസം നിലനിന്നു. പിന്നീട്‌ ഒമ്പതാം പദ്ധതിയായപ്പോഴേക്കും പണമായും സഹായം നൽകാമെന്നു വന്നതോടെ മുമ്പ്‌ നടപ്പാക്കി ദുർവ്യയം ചെയ്ത 40 പദ്ധതികളുടെ വഴിയ്ക്കുതന്നെ സംയോജിത വികസനവും നീങ്ങിത്തുടങ്ങി. ഗ്രാമങ്ങളിൽ ഇപ്പോഴും പഞ്ചായത്തുകൾ വഴി പണം നൽകുന്ന സംയോജിത പദ്ധതിയുടെ പേരിൽ വീണ്ടും മാറ്റം വന്നു. സ്വർണ്ണജയന്തി ഗ്രാമറോസ്ഗാർ യോജന. ഇതിന്റെ ഗുണഭോക്താക്കൾ സ്വറോസ്ഗാരികൾ എന്നറിയപ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ സേവനം ചെയ്ത ആൽബർട്ട്‌ മേയർ എന്ന അമേരിക്കക്കാരൻ ഉത്തർപ്രദേശിലെ ഒരു കുഗ്രാമമായ എട്ടാവാ അടിസ്ഥാനമാക്കി ആവിഷ്കരിച്ച പെയിലട്ട്പദ്ധതിയെയാണ്‌ നമ്മുടെ ഗ്രാമീണ ആസൂത്രണത്തിന്‌ അടിസ്ഥാനശിലയാക്കിയത്‌. 1948-ൽ മേയർ ഒരു കൃഷി വിദഗ്ദ്ധന്റെയും കാർഷിക എഞ്ചിനീയറുടെയും വ്യവസായ വിദഗ്ദ്ധന്റെയും സഹായത്തോടെ 364 ഗ്രാമങ്ങളിലേക്ക്‌ പിന്നീട്‌ വ്യാപിപ്പിച്ച എട്ടാവാ പദ്ധതി അതിനുമുമ്പ്‌ ടാഗോർ തുടങ്ങിവച്ച ശ്രീനികേതൻ (1921), മാർത്താണ്ഡത്ത്‌ സ്പെൻസർ ഹാച്ചും കെ.ടി.പോളും തുടങ്ങിയ ഗ്രാമീണ കേന്ദ്രം, ഗാന്ധിജിയുടെ സേവാഗ്രാമം (1936), എസ്‌.കെ.ഡെയുടെ നീലോഖരി(1948) എന്നിവയോട്‌ ആദർശപരമായ ദാർഡ്യം പുലർത്തി. അഭയാർത്ഥിപ്രശ്നം ഉള്ളുലച്ചപ്പോൾ എഞ്ചിനീയറുദ്യോഗം ഉപേക്ഷിച്ച്‌ ഒരുറുപ്പിക മാത്രം ശമ്പളം സ്വീകരിച്ച്‌ സ്വരാജ്യത്ത്‌ മാതൃകാ സാമൂഹ്യ കേന്ദ്രം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ എസ്‌.കെ.ഡെ. എന്ന പഞ്ചാബി പിന്നീട്‌ കേന്ദ്രത്തിൽ സാമൂഹ്യ വികസന മന്ത്രിയായി. കൃഷിവകുപ്പിന്റെ കീഴിലാണെങ്കിലും തന്നെപ്പോലെ ജനസേവനം വ്രതമാക്കുന്നവരെ രാഷ്ട്രീയതാൽപര്യങ്ങൾക്കതീതമായി സാമൂഹ്യതാൽപ്പര്യം മുൻനിർത്തി ഗ്രാമപ്രസ്ഥാനത്തിലേക്ക്‌ ആകർഷിക്കാൻ സാധിച്ച ഡേയ്ക്ക്‌ ആദർശപരിമളം നഷ്ടപ്പെട്ട ഭരണാധികാരികൾ അടുത്ത തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റു നൽകിയില്ല. സാമൂഹ്യവികസനം എന്ന വകുപ്പ്‌ സാമൂഹ്യപുനർനിർമ്മാണ വകുപ്പ്‌, ഗ്രാമവികസന വകുപ്പ്‌ എന്നിങ്ങനെ പേരുമാറ്റി കേന്ദ്രത്തിൽ കൃഷിവകുപ്പിന്റെ അനുബന്ധമായി. ഭാരിച്ച തുക ചെലവഴിക്കുന്ന കാർഷിക സർവ്വകലാശാലകൾ സ്റ്റേറ്റുകളിലും കൃഷിവകുപ്പിന്റെ കീഴിലാണ്‌. അപ്പോഴും ബജറ്റിലെ മൊത്തം തുകയുടെ 20-25 ശതമാനം ഗ്രാമങ്ങളുടെ പേരിൽ വകയിരുത്തപ്പെട്ടു.

പഞ്ചവത്സര പദ്ധതി സരിഗമ.....
1921-ൽ ഗാന്ധിജി പറഞ്ഞത്‌ "എല്ലാവരും ഖാദി മതപ്രവർത്തനത്തിലേർപ്പെട്ടാൽ ഒരു വർഷത്തിനകം സ്വാതന്ത്ര്യം" എന്നായിരുന്നു. ഇറക്കുമതി തുണി ഉപേക്ഷിച്ചതോടെ ആഭ്യന്തരാവശ്യങ്ങൾക്കുള്ള ഖദർ ഇവിടെ ഉദ്പാദിപ്പിക്കപ്പെടാത്തതിനാൽ വ്യവസായികൾ മിൽത്തുണി നിർമ്മിച്ച്‌ ലാഭമുണ്ടാക്കി.
സ്വാതന്ത്ര്യാനന്തരം യന്ത്രം അനിയന്ത്രിതമായി ഉപയോഗിക്കുന്ന സ്വകാര്യ വ്യവസായികളുടെ സുഭിക്ഷത വർദ്ധിപ്പിക്കുന്ന നടപടികളാണ്‌ വന്നത്‌. രാജ്യരക്ഷാ ഉപകരണങ്ങളുടെ നിർമ്മാണവും ആണവോർജ്ജവും റയിൽവേയും സർക്കാർ നിയന്ത്രണത്തിലായപ്പോൾ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കേണ്ടതില്ല എന്ന്‌ 1948 ഏപ്രിൽ ആറാംതീയതി അംഗീകരിച്ച അഖിലേന്ത്യാ വ്യവസായ നയം പ്രഖ്യാപിച്ചു. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ആരംഭം ലൈസൻസ്‌-പെർമിറ്റ്‌ രാജ്‌ ഉദ്ഘാടനത്തോടൊപ്പമായിരുന്നു. ഗ്രാമങ്ങളിൽ ആലസ്യവും നഗരങ്ങളിൽ സമ്പത്തിന്റെ കേന്ദ്രീകരണവും നടന്നു. വിഘടനവാദവും ജാതിമത ശൈഥില്യവുമെല്ലാം നഗരം അടിസ്ഥാനമാക്കിയുള്ള ആസൂത്രണത്തിന്റെ കെടുതികളാണ്‌. ഖാദി നിർമ്മാണം ആസ്പദമാക്കി ഗ്രാമങ്ങളുടെ പുനഃസംവിധാനം നടത്താത്ത പക്ഷം ഇന്ത്യയ്ക്ക്‌ ഭാവിയില്ലെന്ന ഗാന്ധിവചനം പ്രവചനാത്മകമായി. കൃത്യമായ കണക്കുകളുടെ അഭാവത്തിൽ സ്ഥിതി വിവരക്കണക്കുകൊണ്ടുള്ള കസർത്തായി വാർഷിക ബജറ്റും പഞ്ചവത്സരപദ്ധതികളും മാറി.
ഗ്രാമം പുരോഗതി പ്രാപിക്കാൻ മനുഷ്യർക്ക്‌ സത്യവും അഹിംസയും വേണം. അതിന്റെ അർത്ഥം മണ്ണിൽ അടിത്തറ കെട്ടി കല്ലും കമ്പിയും കോൺക്രീറ്റും കൊണ്ട്‌ മേൽക്കൂര പണിത വീടുപോലുള്ള ആസൂത്രണത്തിന്റെ ഊടും പാവും മാറ്റിത്തീർക്കണം എന്നതാണ്‌. ആസൂത്രകരും നിർവ്വഹണ ചുമതലയുള്ളവരും കാഠിന്യത്തിനുപകരം ഗാന്ധിജിയുടെ ഹൃദയനൈർമല്യമുള്ളവരായി പരിണമിയ്ക്കാൻ നഷ്ടപ്പെട്ട ഗ്രാമീണാഭിമുഖ്യം തിരിച്ചുവരണം.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.