Monday, October 4, 2010


Interview with v c sreejan



1. വിമർശകന്റെ ജീവിതവ്യാഖ്യാനമാണോ കൃതിയുടെ പഠനമാണോ ശരി?

ഒരു കൃതിയെ ആധാരമാക്കി വിമർശകൻ അവതരിപ്പിക്കുന്ന ജീവിതവ്യാഖ്യാനവും ആ കൃതിയും തമ്മിൽ എന്തെങ്കിലും വൈരുദ്ധ്യങ്ങൾ ഉണ്ടെങ്കിൽ, ഇവയിൽ ഏതെങ്കിലുമൊന്ന്‌ തെരഞ്ഞെടുക്കേണ്ടിവരികയാണെങ്കിൽ സംശയമില്ല, കൃതിയ്ക്കു മുൻഗണനം കൊടുക്കണം. എന്നു പറഞ്ഞാൽ തമ്മിൽ വൈരുദ്ധ്യമോ സംശയമോ തോന്നുകയാണെങ്കിൽ വിമർശകന്റെ വ്യാഖ്യാനത്തെ പുറംതള്ളി കൃതിയെ സ്വീകരിക്കുക.

2. വിമർശകൻ എന്തിനെഴുതുന്നു?
ഞാൻ ഇ
താ ഇവിടെ ജീവിച്ചിരിക്കുന്നു എന്ന്‌ സഹജീവികളെ ഓർമ്മിപ്പിക്കാൻ വിമർശകൻ കണ്ടെത്തുന്ന വഴിയാണ്‌ അവന്റെ എഴുത്ത്‌. ഈലോകം വിട്ടു പോകുന്നതിനുമുമ്പേ ഇവിടെ ഇങ്ങനെയൊരുവൻ ജീവിച്ചിരുന്നു എന്നതിനു ചില തെളിവുകൾ ബാക്കിയാക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു
. വിമർശകൻ അവശേഷിപ്പിക്കുന്ന അടയാളങ്ങളാണ്‌ അവന്റെ എഴുത്ത്‌.
3. സമകാലവിമർശനത്തിൽ മൂല്യനിർണ്ണയം ആവശ്യമുണ്ടോ? എന്തുകൊണ്ട്‌?
വിമർശനത്തിൽ മൂല്യനിർണ്ണയം ആവശ്യമില്ല.സ്വയം മൂല്യം നിർണ്ണയിക്കാൻ വായനക്കാർക്ക്‌ കഴിവുണ്ട്‌. മൂല്യമൊക്കെ അവർ സ്വയം നിർണ്ണയിക്കട്ടെ. മറ്റൊരാളുടെ മൂല്യനിർണ്ണയം എന്നെ സംബന്ധിച്ചിടത്തോളം തെറ്റായിപ്പോകുന്നതു നന്നെ ചെറുപ്പത്തിലേ എനിക്ക്‌ അനുഭവമാണ്‌. ക്ലാസ്സിലെ കുട്ടികളെല്ലാം നല്ല കഥ എന്ന്‌ ആവേശത്തോടെ വാഴ്ത്തിയ, എല്ലാവരും തട്ടിപ്പറിച്ചുകൊണ്ടുപോകുന്നതിനാൽ എനിക്ക്‌ ഒരിക്കലും കിട്ടാതെ പോയ ഒന്നായിരുന്നു എം.ടിയുടെ മാണിക്യക്കല്ല്‌. അവസാനം ഒരു കൂട്ടുകാരന്റെ കാരുണ്യംകൊണ്ട്‌ അതു വായിക്കാൻ കിട്ടിയപ്പോൾ ഓ. ഇതാണോ ഇത്ര വലിയ കഥ എന്ന്‌ എനിക്കു നിരാശയായി. കൂട്ടുകാരുടെ മൂല്യനിർണ്ണയത്തിൽ വിശ്വാസം നഷ്ടപ്പെടുകയും ചെയ്തു. വളരെ വേഗത്തിൽ,
പക്ഷെ ഒന്നും വിടാതെ വായിക്കാൻ എനിക്കു കഴിയുമായിരുന്നു. മാണിക്യക്കല്ലിന്റെ വായന മിനുട്ടുകൾകൊണ്ട്‌ അവസാനിച്ചതുപോലെ തോന്നി.
4. എന്താണ്‌ വിമർശനെന്ന നിലയിൽ താങ്കളുടെ ആദർശവും പ്രായോഗികതയും?

ഒരു സാഹിത്യകൃതി വായിക്കാത്ത വായനക്കാരനുപോലും ആ കൃതിയെക്കുറിച്ചുള്ള വിമർശനം താത്പര്യത്തോടെ വായിക്കാൻ കഴിയുമെങ്കിൽ അതാണ്‌ യഥാർത്ഥവിമർശനം എന്ന യീവ്‌ ബെർത്തറായുടെ നിരീക്ഷണം ഞാൻ എന്നും ഓർമ്മിക്കും. ഒരു വിമർശകനെന്ന നിലയിൽ എന്റെ ആദർശം
അത്തരം വിമർശനം എഴുതുക എന്നതാണ്‌. ഓരോ ലേഖനത്തിലും ഈ ആദർശത്തെ സാക്ഷാത്കരിക്കാനാണ്‌ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാൽ അതിലൊന്നും ഞാൻ വിജയിച്ചിട്ടില്ല എന്നതാണ്‌ വിമർശകനെന്ന നിലയിൽ എന്റെ പ്രായോഗികത.
5. സർഗ്ഗാത്മകവിമർശനം ഉണ്ടോ? എങ്ങനെ?

സാഹിത്യകാരന്റെ മൂല്യം നിർണ്ണയിച്ച്‌ അവനെ തകർത്തുതരിപ്പണമാക്കുന്ന വിമർശനമൊഴികെ ഏതു നിരൂപണവും ഏറിയോ കുറഞ്ഞോ സർഗ്ഗാത്മകമായിരിക്കും. അല്ലാതെ ഭാവനാലോകത്തേക്ക്‌ പറന്നുയർന്ന്‌ അടിമുടി സർഗ്ഗാത്മകമായ തരം വിമർശനങ്ങൾ ഇതുവരെ കണ്ടിട്ടില്ല. യൂറോപ്യൻ വിമർശകരുടെ രചനകൾ വളരെ വിശ്വസ്തമായി കൃതികളെ പിന്തുടരുന്നതായിട്ടാണ്‌ എനിക്ക്‌
തോന്നിയി
ട്ടുള്ളത്‌. അവരുടെ സർഗ്ഗാത്മകത ഫിക്ടീവ്‌ അല്ല, ടെക്സ്റ്റ്‌ ബെയ്സ്ഡ്‌ ആണ്‌. കെട്ടുകളില്ലാത്ത സർഗ്ഗാത്മകത ഒരു നിരൂപണത്തിലും കാണാൻ കഴിഞ്ഞിട്ടില്ല.
6. യഥാർത്ഥ നിരൂപകൻ എഴുത്തുകാരിൽ നിന്ന്‌ അകന്നു ജീവിക്കണോ?
അതാണ്‌ നല്ലത്‌. അടുത്താൽ മാഷേ, ഒരു പഠനം, ഒരു അവതാരിക, ഒരു റിവ്യൂ എന്നൊക്കെ പറഞ്ഞ്‌ നമ്മളെ സമീപിക്കും. ചെയ്തുകൊടുത്തില്ലെങ്കിൽ നമ്മളെ ആജീവനാന്തശത്രുവായി പ്രഖ്യാനിച്ച്‌ പുലഭ്യം പറഞ്ഞു നടക്കുകയും ചെയ്യും. ഭിക്ഷകൊടുക്കാതെ മടക്കുമ്പോൾ യാചകർ നമ്മളെ ചീത്തപറയുന്നതുപോലെ.

7. പ്ര
സാധകൻ,
എഡിറ്റർ, വായനക്കാരൻ ഇവർക്കിടയിൽ വിമർശകന്‌ ഏകാന്തത നഷ്ടമാകുന്ന ഘട്ടമുണ്ടോ?

എന്നെ സംബന്ധിച്ചേടത്തോളം ഒരിക്കലുമില്ല. ഏകാന്തത്ത നഷ്ടപ്പെടുന്ന തരത്തിൽ ഇവരാരും എന്നെ സമീപിക്കാറില്ല. നേരെ മറിച്ച്‌ ഞാൻ അങ്ങോട്ടുചെന്ന്‌ ശല്യംചെയ്ത്‌ പ്രസാധകന്റെയും, എഡിറ്ററുടേയും, വായനക്കാരന്റെയും ഏകാന്തത നഷ്ടമാക്കുകയാണ്‌ പതിവ്‌.

8. മലയാളസാഹിത്യത്തിലെ ഏറ്റവും ഫലസമൃദ്ധമായ കാലമേതാണ്‌?

അത്‌ ഇനി
യും വരാനിരിക്കുന്നതേയുള്ളു.

9. സമകാലീനതയെ എങ്ങനെയാണ്‌ കണ്ടെത്തുന്നത്‌?

നീണ്ട രണ്ടുമൂന്നു പതിറ്റാണ്ടു കാലം എന്റെ തൊഴിലുപകരണങ്ങൾ പതിനേഴിനും ഇരുപത്തി
മൂന്നിനുമിടയിൽ പ്രായമുള്ള ചെറുപ്പക്കാരായിരുന്നു. സമകാലികതയെ ഞാൻ കണ്ടെത്തിയത്‌ അവരിലൂടെയാണ്‌. പിന്നെ മാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും.

10. ഈ കാലഘട്ടത്തിലെ എഴുത്തിനെ നശിപ്പിക്കുന്ന ജീവിതരീതികൾ, മൂല്യങ്ങൾ ഉള്ളതായി തോന്നുന്നുണ്ടോ?

എഴുത്തിനെ നശിപ്പിക്കുന്ന, എന്നു പറയാനാമോ എന്നറിയില്ല. എഴുത്തിനും, അതിനെക്കാൾ ഭാഷയ്ക്കും എതിരായ ഒരു സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്‌. മലയാളത്തോട്‌ വൈകാരികമായ അടുപ്പമില്ലാത്ത കുട്ടികളെയും ചെറുപ്പക്കാരെയും കൂടുതലായി സൃഷ്ടിക്കുന്നു എന്നതാണാ സാഹചര്യം. മലയാളത്തെ പുച്ഛിക്കുന്ന പുതുതലമുറകളെ വാർത്തെടുക്കുന്നതിൽ രക്ഷിതാക്കൾ അസൂയാവഹമായ വിജയം നേടിയിരിക്കുന്നു.

11.
കൺസ്യൂമറിസത്തിന്റെയും കാഴ്ചയുടെയും ചന്തകളിൽ വെറും പുസ്തകജന്യമായ സാഹിതീയ അറിവുകൾ പ്രയോഗിക്കാനാവുന്നുണ്ടോ?

"വെറും പുസ്തകജന്യമായ സാഹിതീയ അറിവുകൾ" എന്നു പറയുമ്പോൾ ഏതോ ചില പോരായ്മകൾ ഉള്ള അറിവുകൾ എന്ന സൂചനയില്ലല്ലോ
. കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും ഇ-ബുക്ക്‌ റീഡറിന്റെയും എസ്‌.എം.എസ്സിന്റെയും പുതിയ കാലത്ത്‌ പുസ്തകങ്ങൾക്കും അവയിൽ പറഞ്ഞ കാര്യങ്ങൾക്കും പെട്ടെന്ന്‌ വില കുറഞ്ഞു എന്ന ഭാവത്തിൽ പലരും സംസാരിക്കുന്നതു കേട്ടിട്ടുണ്ട്‌. ഇത്‌ ശരിയല്ല. അറിവുകൾ എഴുതി സൂക്ഷിക്കാൻ സൗകര്യമായ ഉപകരണം മാത്രമാണ്‌ പുസ്തകം. എഴുതി സൂക്ഷിക്കാൻ കൂറെക്കൂടി നല്ല ഉപകരണങ്ങൾ പ്രചാരത്തിലായാൽ പഴയ ഉപകരണം കാലഹരണപ്പെടുമെന്നല്ലാതെ അവയിൽ പറഞ്ഞ അറിവുകൾ ഉപകരണം പഴകിയെന്ന കാരണത്താൽ കാലഹരണപ്പെടുകയില്ല. അവ കാലഹരണപ്പെടണമെങ്കിൽ പുതിയ അറിവുകൾ ഉണ്ടാകണം, പുതിയ ഉപകരണങ്ങൾ മാത്രം ഉണ്ടായാൽ പോരാ. പുസ്തകജന്യമായതുകൊണ്ടു മാത്രം അറിവുകൾ കാലഹരണപ്പെടുകയില്ല. പുസ്തകങ്ങൾ അച്ചടിച്ചു എന്നതുകൊണ്ട് വിഷയങ്ങളിലെ പുതിയ അറിവുകൾ അപ്രായോഗികമാകുന്നില്ലല്ലോ.
ഇനി, പു
സ്തകജന്യമായ 'ശാസ്ത്ര-സാങ്കേതിക അറിവുകൾ' പ്രയോഗക്ഷമമാണെങ്കിലും 'പുസ്കജന്യമായ സാഹിതീയ അറിവുകൾ' അങ്ങനെ അല്ല എന്നു പറയുന്നതിലും ഉണ്ട്‌ പ്രയാസം. എഴുത്തുകാരൻ തന്റെ ചുറ്റും നടക്കുന്ന സമകാലീക സംഭവങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും ശേഖരിച്ചവയാണ്‌ സാഹിതീയമായ അറിവുകൾ. പുസ്കത്തിലേക്ക്‌ കയറിപ്പോയി എന്നതുകൊണ്ടു മാത്രം എഴുത്തുകാരൻ ശേഖരിച്ച അറിവുകൾക്കു വില കുറയുന്നില്ല.
അടുത്തത്തായി, കൺസ്യൂമറിസത്തിന്റെയും കാഴ്ചയുടെയും ചന്തകളിൽ പ്രയോഗിക്കാൻ കഴിയുന്നതാണ്‌ ശരിയായ, അല്ലെങ്കിൽ സ്വീകാര്യമായ അറിവ്‌ എന്നുണ്ടെങ്കിൽ, അത്തരമറിവ്‌ പുസ്തകത്തിൽ രേഖപ്പെടുത്താൻ വയ്യാത്തതോ പാടില്ലാത്തതോ ആകണമെന്നില്ല.
ഇനി ചോദ്യത്തിലേക്കു വരാം, കൺസ്യൂമറിസത്തിന്റെയും കാഴ്ചയുടേയും ചന്തകളെകുറിച്ചുള്ള വിചിന്തനത്തിൽ പ്രയോഗിക്കേണ്ടത്‌ കൺസ്യൂമറിസത്തേയും കാഴ്ചകളേയും സംബന്ധിച്ച്‌ വിദഗ്ധർ രൂപപ്പെടുത്തിയ അറിവുകളാണ്‌. കൺസ്യൂമറിസത്തിന്റെയും കാഴ്ചയുടേയും ചന്തകൾ രൂപം കൊള്ളുന്നതിനുമുമ്പു സൃഷ്ടിക്കപ്പെട്ടിരിക്കാവുന്ന സാഹിതീയമായ അറിവുകൾ കൺസ്യൂമറിസത്തിന്റെയും കാഴ്ചയുടെയും ചന്തകളെ സംബന്ധിച്ച വിചാരത്തിൽ പ്രയോഗിക്കാൻ ശ്രമിക്കുന്നത്‌ അസ്ഥാനത്തായിരിക്കും.

12. പ്രസാധകൻ, എഴുത്തുകാരൻ,വായനക്കാരൻ തുടങ്ങിയ വേർതിരിവുകൾ അസ്തമിക്കുകയാണെന്ന്‌ കരുതു
ന്നുണ്ടോ?

ഇല്ല. പ്രസാധകൻ, എഴുത്തുകാരൻ, വായനക്കാരൻ തുടങ്ങിയവർ പരമ്പരാഗതമായ ഏജൻസികളാണ്‌. അച്ചടി കണ്ടുപിടിച്ചതിന്റെ അനന്തരഫലമാണ്‌ പ്രസാധകൻ എന്ന സ്ഥാപനം. ഏതു കൃതി പുറത്തിറക്കണം ഏതു കൃതി ഒഴിവാക്കണം എന്നൊക്കെ തീരുമാനിക്കുന്നത്‌ പ്രസാധകനാണ്‌. അറിയപ്പെടുന്ന പ്രസാധകന്റെ പേരിൽ ഇറങ്ങുന്ന പുസ്തകത്തിന്‌ അതിന്റേതായ മാന്യത കാണും. വെബ്‌ പ്രകാശനമായാലും വിൽപ്പന ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഒരു പ്രസാധകൻ അത്യാവശ്യമാണ്‌. എന്നാൽ സൗജന്യമായി കൃതികൾ കൊടുക്കാൻ തയ്യാറാണെങ്കിൽ പ്രസാധകൻ ആവശ്യമില്ല. എന്നാൽ ആയിരക്കണക്കിനെഴുത്തുകാർ പതിനായിരക്കണക്കിന്‌ സാഹിത്യകൃതികൾ രചിക്കുകയും അവയെല്ലാം വെബ്സൈറ്റുകളിൽ സൗജന്യമായി ലഭ്യമാക്കുകയും ചെയ്താൽ ഏതു വായിക്കണമെന്നറിയാതെ വായനക്കാരൻ തലകറങ്ങിപ്പോകും. ആർക്കും നിയന്ത്രിക്കാനാവാത്ത ശബ്ദശല്യമായിരിക്കും അത്‌. ഇന്നത്തെ അച്ചടി മാധ്യമത്തിന്‌
എന്തെല്ലാം ദോഷങ്ങളുണ്ടെന്നാലും അതാത്‌ അച്ചടി സ്ഥാപനങ്ങളിൽ നിന്നും പുറത്തിറങ്ങുന്ന കൃതികൾക്ക്‌ കൂടിയതോ കുറഞ്ഞതോ ആയ ഒരു നിലാവരമുണ്ടായിരിക്കും എന്ന ഗുണമുണ്ട്‌. വായനക്കാർക്ക്‌ അതു മനസ്സിൽ വച്ച്‌ കൃതികൾ വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്യാം. വെബ്ബിലെന്നപോലെ എല്ലാവരും എഴുത്തുകാരും എല്ലാവരും പ്രസാധകരുമായി മാറിയാൽ വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാൻ പ്രയാസമാകും. ഇങ്ങനെ ഒരു അവ്യവസ്ഥ ഉണ്ടാകുന്നത്‌ ഒഴുവാക്കാൻ പ്രസാധകൻ എന്ന ഏജൻസി ഭാവിയിലും ഉണ്ടായിരിക്കണം. എഴുത്തിനു പണം കിട്ടണമെന്നു പ്രതീക്ഷിക്കുന്ന എഴുത്തുകാർക്ക്‌ വെബ്ബിലായാലും പ്രസാധകൻ കൂടിയേ തീരു. ഏകാകിയും അജ്ഞാതനുമായ ഒരു ലിറ്റററി വെണ്ടർ വെബ്ബ്‌ സൈറ്റിൽ വിൽപ്പനയ്ക്കു വയ്ക്കുന്ന കൃതി ഏതായാലും ഞാൻ വാങ്ങുകയില്ല.

13. മലയാള സാഹിത്യത്തിൽ ഏറ്റവും അന്വേഷണാത്മകമായ പുസ്തകം, വ്യക്തി ആരാണ്‌?
ഇനിയും ഏറ്റവും കൂടുതൽ അന്വേഷിക്കേണ്ടതായ, പഠിക്കേണ്ടതായ മലയാള സാഹിത്യപുസ്തകം ഏതെന്നാണുദ്ദേശിക്കുന്നതെങ്കിൽ 'ഖസാക്കിന്റെ ഇതിഹാസം' എന്നാണ്‌ എന്റെ ഉത്തരം. പക്ഷെ വ്യക്തി വിജയനാവില്ല. 'ഖസാക്കിന്റെ ഇതിഹാസം' എനിക്കു ഏറെ ഇഷ്ടമായ നോവലാണ്‌. എന്നുവച്ച്‌ അത്‌ ലോകസാഹിത്യമാണെന്നൊന്നും ഞാൻ പറയില്ല. അന്വേഷിക്കേണ്ടതായ വ്യക്തി എന്നു പറയാൻ ഒരു പേരും ഓർമ്മയിൽ വരുന്നില്ല.

14. എന്താണ്‌ വിമർശനത്തിന്റെ ഭാവി?

നിരൂപണത്തിന്റെ ഇന്നത്തെ അവസ്ഥയിൽ എനിക്കഭിമാനം ഉണ്ട്‌. അതിന്റെ ഭാവി പ്രവചിക്കാനാണ്‌ വിഷമം. നിരൂപണത്തിൽ വായനക്കാർക്കോ, എഴുത്തുകാർക്കോ, പത്രമാസികകൾക്കോ താൽപ്പര്യമില്ല എന്നു കേൾക്കുന്നു. സാഹിത്യത്തെക്കുറിച്ചുള്ള ഗൗരവമുള്ള പഠനങ്ങളിൽ സാധാരണ വായനക്കാർക്ക്‌ താൽപ്പര്യം കാണില്ല. അത്തരം പഠനങ്ങൾ വെബ്ബ്സൈറ്റിൽ ഇട്ടാൽ മതിയാകും. താൽപ്പര്യമുള്ളവർക്കു നോക്കാമല്ലോ. പുതിയ ആളുകൾ വിമർശന രംഗത്തേക്കുവരുന്നില്ല എന്നു പലരും പറയുന്നു. ഭാവിയിൽ പുസ്തകവിൽപ്പനയെ പ്രമോട്ട്‌ ചെയ്യുന്ന ചിയർ ഗേൾസായി വിമർശകരെ നിയമിക്കാൻ സന്മനസ്സു കാട്ടിയാൽ ഉപകാരം. വ്യക്തിപരമായി പറഞ്ഞാൽ വിമർശനം ഇതാ ഈ നിമിഷം അസ്തമിച്ചു പോയാലും എനിക്കൊന്നുമില്ല. മരിക്കുന്നതിനു മുമ്പ്‌ എല്ലാം കൂടി ഒരു മൂവായിരം അച്ചടിച്ച പേജുകൾ എഴുതിത്തീർക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഏതാണ്ട്‌ അതിനടുത്തെത്തിക്കഴിഞ്ഞു. ഇനി ഒന്നും എഴുതിയില്ലെങ്കിലും അച്ചടിച്ചില്ലെങ്കിലും പ്രശ്നമില്ല.

15. വിമർശകൻ എന്ന നിലയിലുള്ള താങ്കളുടെ ദർശനം എന്താണ്‌?

മലയാള സാഹിത്യത്തെ മലയാള ഭാഷയുടെ സൂക്ഷ്മ ചൈതന്യമായി കാണുന്നു എന്നതാണ്‌ എന്റെ സാഹിത്യ ദർശനം. ഭാഷ മരിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്‌. മലയാളത്തിന്റെ ആയുസ്സും അതിന്റെ അന്തസ്സും നിലനിർത്താൻ ശ്രമിക്കുന്നവരുടെ കൂടെ നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിരൂപകനെന്ന നിലയിൽ ഞാൻ ചെയ്യാൻ ശ്രമിക്കുന്നത്‌ അതാണ്‌.
ഒരു സാഹിത്യകൃതിയിലെ പരസ്പര സമ്പർക്കങ്ങളെ അനാവരണം ചെയ്യുന്ന തരം അർത്ഥ വ്യഖ്യാനമാണ്‌ എന്റെ സങ്കൽപത്തിലെ നിരൂപണം. കാവ്യത്തിൽ സൂചിതമായ അർത്ഥങ്ങളും ധ്വനികളും പുറത്തുകൊണ്ടുവരുന്ന പഴയ വ്യാഖ്യാന സമ്പ്രദായത്തിന്റെ തുടർച്ചയായി ആരെങ്കിലും എന്റെ നിരൂപണത്തെക്കണ്ടാൽ സന്തോഷമായി.



എഴുത്ത് ഓൺലൈനിനുവേണ്ടി എം . കെ ഹരികുമാർ
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.