manampur rajanbabu
ഇനി സമത്വത്തിൻ മുഹൂർത്തമായി
സകലർക്കുമുന്മാദ ലഹരിയായി
തിന്നും കുടിച്ചും തിമിർത്തും തകർക്കുവാൻ
ഞങ്ങൾക്കു കൈവന്ന സ്വർണ്ണരാത്രി!
എന്താണു സൂര്യനെന്നറിയാത്തവർ, നീല-
വാന, മന്തിച്ചോപ്പ്, പച്ചപ്പുകൾ...
ഒന്നും ഉദിക്കാ ചിദാകാശമെങ്കിലും
ഞങ്ങൾ തൻ ദുഃഖത്തിനൊറ്റ വർണ്ണം!
കുയിലിന്റെ പാട്ടും കുറുക്കന്റെ ഓരിയും
കൂരിരുൾ കീറും ചീവീടും പാടും
ധ്വനി തുരംഗങ്ങളെ പൂട്ടുന്ന തേരുമി-
ല്ലരികിൽ മൗനത്തിന്റെയട്ടഹാസം!
കൈകളില്ലാത്തവർ, കാൽകളില്ലാത്തവർ,
അഴലിൽ നീങ്ങുന്നവർ അംഗഹീനർ
നിർത്താതെ, നിർത്താതെ പൊട്ടിച്ചിരിക്കുവോർ
`അധിപ`ന്റെ ദണ്ഡാൽ പുളഞ്ഞിടുന്നോർ...
എങ്കിലും ഞങ്ങൾക്കു `നാഥ`നായുണ്ടൊരാൾ
ഞങ്ങളെപ്പോൽ വികാലാംഗനല്ല
കേഴും മനസ്സുകൾക്കൊക്കെയും സാന്ത്വനം
ആ മനസ്സിന്റെയോരത്തു നിത്യം
അധിപനോടേറ്റെന്നുമടിയരെ കാക്കൂമീ
അതിധീരശക്തിയാൽ ഞങ്ങളൊന്നായ്
ഈ അരക്കില്ലത്തിനുള്ളിലാണെങ്കിലും
ഈടുവയ്പൊന്നേ നമുക്ക് സ്നേഹം.
ഒറ്റയ്ക്കൊരാൾക്കും അടർത്തുവാനാവാത്തൊ-
രുൽകൃഷ്ടപുഷ്പമായ് ഞങ്ങൾ നില്ക്കേ,
അധിപൻ പറ, `ഞ്ഞിനി കൂട്ടിന്നു ഞാനുമു-
ണ്ടുലകമെമ്പാടും വരുന്നു മാറ്റം.
എങ്കിലും, വികലാംഗർ നിങ്ങൾക്കു നാഥനായ്
പൂർണകായൻ വിരോധാഭാസമാം
അതിനാൽ, സമത്വം പുലർന്നു കാണാൻ
നാഥനും വികലാംഗനായിടണ്ടേ?
അതിനായൊരവയവം മെല്ലെ നീക്കാം.`
-ഒടുവിലെല്ലാവരും സമ്മതിച്ചു.
അതു സമത്വത്തിൻ മുഹൂർത്തമായി
സകലർക്കുമുന്മാദലഹരിയായി
തിന്നും കുടിച്ചും തിമിർത്തുമൊന്നായ് ഞങ്ങൾ
നാഥൻ ശയിക്കുന്നിടത്തുമെത്തി.
ദിക്കുകൾ സ്തബ്ധമായ്, ഞങ്ങൾ വീണു
കാണുവാനാവാതെയസ്തമിച്ചു
`മാറ്റിയൊരവയവം ശിരസ്സാണു കൂട്ടരേ...`
-കണ്ണില്ലാത്തോരും കരഞ്ഞുടഞ്ഞു
ഒരു കബന്ധത്തിന്റെ
വിഗ്രഹം പൂജിച്ചു
കഴിയുന്നു ഞങ്ങൾ
സനാഥരായി!