Saturday, February 2, 2013


ശ്രീപാര്‍വ്വതി 



വൃദ്ധസദനത്തില്‍ പോകാനുള്ള പ്രായം ആകാഞ്ഞിട്ടും അവിടെ എത്തിപ്പെടേണ്ടി വന്ന യുവാവായ വൃദ്ധനായിരുന്നു എന്‍റെ വായനയില്‍ കൊച്ചുബാവ. ടി വി കൊച്ചുബാവ തന്നെ. അദ്ദേഹത്തിന്‍റെ "വൃദ്ധസദനം" എന്ന നോവല്‍ വായിക്കുമ്പോള്‍ എഴുത്തുകാരനെ കുറിച്ച് അറിവില്ലാതിരുന്ന ഒരു തുടക്കക്കാരി മാത്രമാണ്, ഞാനന്ന്. വായനയെ എഴുത്തുകാരന്‍റേതാക്കാതെ അക്ഷരങ്ങളുടേതെന്ന് മാത്രം കരുതി പോയിരുന്ന എന്‍റെ പ്രായം. പുസ്തകത്തിന്‍റെ പുറകിലുള്ള ചട്ടയിലെ എഴുത്തുകാരന്‍റെ ചിരിയ്ക്കുന്ന മുഖത്തെ സിറിയക്ക് ആന്‍റണി എന്ന "വൃദ്ധസദന"ത്തിലെ അന്‍പത്തിയഞ്ചുകാരന്‍റെ മുഖമാകുമ്പോള്‍ വായനയ്ക്ക് കുറച്ചു കൂടി ഊര്‍ജ്ജം കിട്ടിയിരുന്നു.


കൊച്ചുബാവ എന്ന ആ പുഞ്ചിരിക്കുന്ന മുഖം എനിക്ക് "വൃദ്ധസദനം" എന്ന നോവലില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു, പിന്നീട് പലപ്പോഴും വായനശാലകളില്‍ എം ടിയുടേയും സേതുവിന്‍റേയുമൊക്കെ ഇടയില്‍ കൊച്ചുബാവ ഞെരിഞ്ഞമരുന്നുന്നുണ്ടോ എന്ന് നോക്കിയിരുന്നു, പക്ഷേ എന്തോ എന്‍റെ യുവാവായ വൃദ്ധനെ പിന്നീട് എന്‍റെ ശുഷ്കിച്ച് വായനയില്‍ കണ്ടു കിട്ടിയതേയില്ല. പക്ഷേ സിറിയക്ക് ആന്‍റണി എന്ന അപ്പാപ്പന്‍ നല്‍കിയ സ്നേഹം എന്നും ആര്‍ദ്രതയായി. രണ്ടാം ഭാര്യയായ സാറയുടെ നിര്‍ബന്ധത്തിനു വഴങ്ങി വൃദ്ധസദനത്തിന്‍റെ അടച്ചുറപ്പിലേയ്ക്ക് എത്തിപ്പെടുമ്പോള്‍ നഷ്ടമാകാത്ത യൌവ്വനത്തെ മുറിയ്ക്ക് പുറത്തിറക്കി കതകടച്ച് ഒറ്റപ്പെട്ട് ജീവിക്കുന്ന സിറിയക്ക് ആന്‍റണി വായനയില്‍ അലോസരമായില്ലെങ്കിലേ അതിശയമുള്ളൂ.

കൊച്ചുബാവ പിന്നീട് വായനയിലെത്തിയത് വര്‍ഷങ്ങള്‍ കഴിഞ്ഞ്, സാഹിത്യം വിരല്‍തുമ്പിന്‍റെ ആഗോളീകരണത്തിലെത്തിയപ്പോഴായിരുന്നു. പ്രിയ കഥാകൃത്ത് സിത്തു ചേച്ചിയുടെ(സിത്താര എസ്) ഒരു ലേഖനത്തില്‍. കൊച്ചുബാവയെ കുറിച്ച് ഞാന്‍ വായിച്ച അതീവ ഹൃദയസ്പര്‍ശിയായ ഒരു അനുഭവക്കുറിപ്പ്. ചില ആത്ബന്ധങ്ങള്‍ നമുക്ക് നിര്‍വ്വചിക്കത്തക്കതല്ല, പക്ഷേ ഒരിക്കലും കണ്ടിട്ടില്ലെങ്കില്‍ പോലും കൂടുതല്‍ വായിച്ചിട്ടില്ലെങ്കില്‍ പോലും പലരും നമ്മില്‍ കുടിയേറിപ്പാര്‍ക്കും. അതായിരുന്നു എന്നില്‍ കൊച്ചുബാവ എന്ന എഴുത്തുകാരന്‍ നടത്തിയത്. അതൊരു യുദ്ധമായിരുന്നു, ഓര്‍മ്മയുടെ മുള്‍വേലിയ്ക്കപ്പുറമിരുന്നു കൊണ്ടും കാലത്തിനോട് കണക്കു പറഞ്ഞ് ഒരാളിലേയ്ക്ക് ഓര്‍മ്മയെ തുളച്ച് എത്തിപ്പെടുക അതൊരു നിയോഗമാണെന്ന് വിശ്വസിക്കുന്നു. സിത്തു ചേച്ചിയുടെ വരികളില്‍ കൊച്ചുബാവയെന്ന നോവലിസ്റ്റിനപ്പുറം തനിക്കും ചുറ്റും നില്‍ക്കുന്നവരില്‍ അതീവശ്രദ്ധാലുവായ ഒരു രക്ഷിതാവിനേ കൂടി കണ്ടു. എന്നിട്ടും പിന്നെയും സ്നേഹം എത്രയോ ബാക്കി വച്ച് ഇത്ര പെട്ടെന്ന് വാര്‍ദ്ധക്യത്തിലേയ്ക്ക് കാലു വയ്ക്കാതെ ഒരു യാത്രയില്‍ നിന്ന് മറ്റൊരു യാത്രയിലേയ്ക്ക് കുടിയേറിയതെന്തിന്, എന്ന് മനസ്സിലാകുന്നില്ല. 
"വൃദ്ധസദന"ത്തിലെ സിറിയക്ക് ആന്‍റണിയുടെ ഒരു വാചകം ഓര്‍മ്മ വരുന്നു , " ഏതു കാര്യവും മൂന്നു പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടാല്‍ അതു സത്യമാകും" , അബോധതലത്തില്‍ ഈ ഒരു വാചകം വല്ലാതെ പിടിച്ചിരിക്കുന്നതുകോണ്ടോ എന്തോ പലപ്പോഴും പലയിടത്തും ഇതെന്നില്‍ സ്ത്യവാചകമായി തീരാറുള്ളത്. ഞാനും കൊച്ചുബാവയും തമ്മിലുള്ള ഒരു നേര്‍ത്ത ബന്ധം. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധം പലപ്പോഴും പലതാകും എന്നറിയാം, ഇതുമൊരു നിയ്യൊഗമായിരിക്കാം , എട്ടുകാലി വലയുടെ നേര്‍ത്ത നൂലുപോലെ അതീവ ലോലമായ ഒരു കെട്ടുപാട്, പക്ഷേ അദ്ദേഹം ചിലവാചകങ്ങളാല്‍ വായനക്കാരിയായ എന്നെ പശ തേച്ച് ചില വാചകങ്ങളില്‍ ഒട്ടിച്ചു വച്ചിരിക്കുന്നു. പക്ഷേ ഇരയാകാന്‍ എനിക്കിഷ്ടമാണ്. എങ്കിലും ഒരു കാഴ്ച്ചയുടെ മുന്നിലെത്താതെ യാത്രയ്ക്കായി വാശിപിടിച്ച് ഒറ്റയ്ക്കിറങ്ങിപ്പോയ കൊച്ചുബാവയോട് എന്താണ്, വേട്ടക്കാരനോടുള്ള ഭയമല്ല, ചില നേരങ്ങളില്‍ ഇരയ്ക്ക് വേട്ടക്കാരനോട് അതിരറ്റ ഇഷ്ടവും തോന്നാമല്ലോ...
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.