Saturday, February 2, 2013

ശിവശങ്കരന്‍ കാരാവില്‍ 

ചെയ്ത്തുകളുടെ കാലവരികളില്‍ നിന്നും
അടര്‍ന്നുമാറി
യാത്രപോകാറുണ്ട്
അപൂര്‍വ്വം ചില മുഖങ്ങള്‍.

ഊതിപ്പെരുപ്പിക്കാനാവാത്ത
കൃതാശയങ്ങള്‍ക്കിടയില്‍
പരുപരുത്ത ജീവിതനേരുകളെക്കൊണ്ട്
ആയുര്‍ഭ്രമണം
പൂര്‍ത്തിയാക്കുന്നവരുമുണ്ട്.

കാലയളവിലൂന്നി
വിസ്മൃതമാകാത്ത ചെയ്ത്തുകളാല്‍
ശ്രദ്ധിക്കപ്പെടുന്നവര്‍.

ആരെയും കൂസാത്ത
പെരുമാറ്റതന്ത്രം കൊണ്ട്
ഏറെ തെറ്റിദ്ധരിക്കപ്പെടുന്നവര്‍.

സ്വസ്ഥമല്ലാത്ത മുഹൂര്‍ത്തങ്ങളില്‍
അപരന്റെ മനസ്സ്
മുറിവേറ്റു നോവുമ്പോഴും
സ്വന്തം ചിന്താധാരയുടെ
സര്‍വ്വവിസ്താരവും സാധിച്ചെടുക്കുന്നവര്‍.

സഹയാത്രികരുടെ സങ്കടങ്ങള്‍
എത്ര പെറ്റു വീണാലും
മൃദുല വിനയ സൌമ്യങ്ങളുടെ
പ്രസരണവഴികളൊന്നും
ആവേശിക്കാന്‍ കഴിയാത്തവര്‍.

പതിവുപോലെ
പ്രാര്‍ഥിക്കാനേ ആവൂ.

''കനിവൂറ്റിക്കരിഞ്ഞ നേരത്തും
കിനാവു കാണ്മുഞാന്‍
ഒരു ലോകം
അതിലൊരു കണിയായ് ,
കനിയായ്
നിലാസ്പന്ദമായ്
വീശിടാന്‍,
നീയെന്ന മാരുതനഭംഗുരം...! ''

മിഴി പൂട്ടാതിരിക്കാം
ഇന്നിന്‍
നന്മക്കായി നമുക്ക് .
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.