സലില മുല്ലന്‍
അലപോലുമിളകാത്ത
മറവിതന്‍ കട്ടിക്കരിമ്പടത്താല്‍ മൂടി
നിന്റെലോകത്തുനിന്നെന്നെ
പ്പുറത്താക്കി
എങ്ങോട്ടുപോയി നീ,
എന്നെത്തനിച്ചാക്കി ?
സ്വപ്‌ന,മോഹങ്ങള്‍
ഒന്നിച്ചു പങ്കിട്ട ബാല്യ കൌമാരങ്ങളെന്നേ
കഴിഞ്ഞുപോയ്.
രണ്ടു ചിറകുകളൊന്നിച്ചു ചേര്‍ത്തു നാം
പാരതന്ത്ര്യത്തിന്റെ വേലികള്‍
ഖണ്ഡിച്ചു .
ചിരിച്ചും കരഞ്ഞും
ഒന്നിച്ചുറങ്ങിയും മൂന്നു ദശാബ്ദങ്ങ-
ളൊന്നായ് കഴിഞ്ഞു നാം.
നിത്യ സൌഹാര്‍ദ്ദത്തിന്‍
നേരടയാളമായ്
നമ്മള്‍ തിളങ്ങീ,
നമിച്ചു ലോകം നമ്മെ.
ഒടുവിലൊരു നാളില്‍
എല്ലാം മറന്നു നീ
എന്നെ ചവിട്ടിക്കടന്നുപോയ്
നിര്‍ദ്ദയം !
ഇടനെഞ്ചിലൊരു കൊട്ട
ക്കനല്‍കോരിയിട്ടിട്ട്
ചൂടകറ്റാനായി
വിശറിയാല്‍ വീശുന്നു.
നെഞ്ചകം പൊള്ളി
പ്പിടയുന്നതു കണ്ടു
തീകെടുത്താനായി
എണ്ണ നനക്കുന്നു !
നെഞ്ചിലെരിയുന്ന കനലിനെ
ചിരികൊണ്ടു മൂടീട്ട്
എല്ലാം തണുത്തെന്നു
വെറുതെ നടിക്കുന്നു,
ഞാന്‍ വെറുതെ നടിക്കുന്നൂ.
ഒറ്റച്ചിറകിനാല്‍ തപ്പിത്തടഞ്ഞു
പറക്കാന്‍ ശ്രമിക്കുന്നു,
ഞാന്‍ വീണു പിടയുന്നൂ...