Saturday, February 2, 2013സുധാകരൻ ചന്തവിള


     


മദ്യവും മദിരാക്ഷിയും എന്നത്‌ വളരെ മുമ്പേയുള്ള മനോഹരമായ ഒരു
പ്രയോഗമാണ്‌. ആദ്യാക്ഷരപ്രാസമെന്നതുപോലെ അർത്ഥത്തിലും ഭാവത്തിലും
സാമ്യമുള്ളതാണ്‌ ഈ വാക്കുകൾ.
        മദ്യത്തിലുള്ള ആസക്തിയും ആധിപത്യവും പൂർണ്ണമായി വിട്ടൊഴിയാൻ
മനുഷ്യവർഗ്ഗത്തിനു ഒരു കാലത്തും സാധിച്ചിട്ടില്ല. ഏതുസമൂഹത്തിലും
അതിന്റെ സ്വാധീനം ഒഴിച്ചുകൂടാനാകാത്തത്തായിത്തീർ

ന്നിട്ടുണ്ട്‌. ഇന്ത്യയിൽ പ്രാചീനകാലം മുതൽ മദ്യം ഉപയോഗിച്ചുവന്ന ചരിത്രമാണുള്ളത്‌. മഹർഷിമാർ തൊട്ട്‌ രാജാക്കന്മാർവരെ മദ്യം ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട്‌.
രാജാക്കന്മാരുടെ സപ്തവ്യസനങ്ങളിൽ ഒന്നായി മദ്യപാനത്തെ കരുതിയിരുന്നതായും
രേഖകളുണ്ട്‌.
        ഏതെങ്കിലും ഒരു ലഹരിക്കടിമപ്പെടാത്ത മനുഷ്യരില്ല. ബാഹ്യവും
ആഭ്യന്തരവുമായ ലഹരിയാകാം അത്‌. ഇപ്പോൾ സ്ത്രീകൾപോലും യഥേഷ്ടം മദ്യം
ഉപയോഗിക്കുന്നതായി വാർത്തകൾ വരുന്നു; എന്നല്ല സ്ത്രീകൾതന്നെ അത്‌
സമ്മതിക്കുന്നുമുണ്ട്‌. മനുഷ്യന്റെ സുഖവും സംതൃപ്തിയോടുള്ള ആർത്തിയും
ആഘോഷങ്ങളോടുള്ള ആസക്തിയുമെല്ലാം വർദ്ധിക്കുന്നതിനനുസരിച്ച്‌  ലഹരിയിലുള്ള
ആവേശവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
        സർഗ്ഗാത്മകപ്രവർത്തനങ്ങളിൽ പലപ്പോഴും മദ്യത്തിന്റെ-ലഹരിയുടെ സ്വാധീനം
കണ്ടുവരുന്നുണ്ട്‌. പല വിശ്വോത്തര എഴുത്തുകാരും അതിന്റെ അടിമകളായിരുന്നു
എന്നതുശരിയാണ്‌. ലഹരി ഉപയോഗിക്കുന്നവരെല്ലാം കലയും സാഹിത്യവും
സൃഷ്ടിക്കണമെന്നില്ല. എന്നാൽ ഏറ്റവും നല്ല സാഹിത്യം രചിച്ചവരിൽ ഏറിയകൂറും
ലഹരി ഉപയോഗിച്ചിട്ടുള്ളവരാണ്‌. ലഹരിക്കടിമയായി സമൂഹത്തിനു നിരക്കാത്ത
പ്രവർത്തനങ്ങൾ നടത്തി ജയിൽവാസംവരെ അനുഭവിച്ചിട്ടുള്ള എഴുത്തുകാരുണ്ട്‌.
അവരുടെ ജീവിതത്തെയല്ല, വായനക്കാർ വായിക്കുന്നത്‌. അവർ കൃതികളിൽ
ആവിഷ്കരിച്ച ജീവിതാവബോധത്തെയും ദർശനത്തെയുമാണ്‌.
        സർഗ്ഗാത്മകതയുള്ളവരിൽ അധികം പേരും ധിഷണാപരമായ ധിക്കാരമുള്ളവരാണ്‌. അഥവാ
അവർ ധിക്കാരികളാണ്‌. അവർ മറ്റുള്ളവരുമായി സാമാന്യമായി ഇടപെടുന്നതിന്‌
സന്നദ്ധരാകാറില്ല. മാത്രമല്ല ഇവർ സമൂഹജീവിതത്തിന്റെ ഗതിക്കനുസരിച്ച്‌
ജീവിക്കുന്നവരുമല്ല. പി. കുഞ്ഞിരാമൻ നായരും ചങ്ങമ്പുഴ കൃഷ്ണപിള്ളയും ജോൺ
എബ്രഹാമും എ. അയ്യപ്പനുമെല്ലാം  മലയാളത്തിൽ നിന്നുഎടുത്തുകാട്ടാവുന്ന
ഏറ്റവും നല്ല ഉദാഹരണങ്ങളാണ്‌. പുതുചിന്തകളും ഭാവനകളും കൊണ്ടുനിറഞ്ഞ
സർഗ്ഗാത്മകപ്രതിഭകളുടെ മാനസികളോകം പൊരുത്തപ്പെടലുകൾക്ക്‌ വഴങ്ങുന്നതല്ല.
അവർ എതിർക്കാനും എതിർക്കപ്പെടാനും വേണ്ടി ജനിച്ചവരാണ്‌. അതുകൊണ്ടാണ്‌ പി.
കേശവദേവ്‌ തന്റെ ആത്മകഥയ്ക്ക്‌ 'എതിർപ്പുകൾ' എന്ന്‌ പേരിട്ടത്‌. അങ്ങനെ
എതിർക്കപ്പെടുന്ന-വ്യതിരിക്തമായ ചിന്തകളുണ്ടാകുന്നതിൽ മദ്യം വഹിക്കുന്ന
പങ്കും സ്വാതന്ത്ര്യബോധവും എടുത്തുപറയേണ്ടതാണ്‌.
        ബലരാമന്റെ ശക്തി-സൗന്ദര്യങ്ങൾ അവതരിപ്പിക്കപ്പെടുന്ന വൈലോപ്പിള്ളിയുടെ
ജലസേചനം എന്ന കവിതയിൽ
"പച്ചിലക്കുമ്പിളിൽ തുള്ളുമിളം കള്ളിൽ-
 മജ്ജനം ചെയ്കയായ്‌ തൻ ഹൃദയം"-എന്ന്‌ പറഞ്ഞിട്ടുണ്ട്‌. മഴകിട്ടാത്ത
കാരണത്താൽ വർദ്ധിച്ച വേദന പൂണ്ട ഗോവർദ്ധനവാസികൾക്ക്‌ പരിഹാരം കാണാൻ
ബലരാമന്‌ കഴിഞ്ഞത്​‍്‌ അൽപം കള്ള്‌ പച്ചിലക്കുമ്പിളിൽ പകർന്നു
കുടിച്ചപ്പോൾ മാത്രമാൺ​‍്‌. മദ്യം നൽകുന്ന ഉന്മേഷം അഥവാ മദ്യം നൽകിയ
ആത്മബലം കൊണ്ടുമാത്രമാണ്‌ ബലരാമൻ കാളിന്ദീ നദിയെ കലപ്പകൊണ്ട്‌
വലിച്ചുകീറിയത്‌.  അതാകട്ടെ എല്ലാകൃഷിക്കാർക്കും നെല്ലായ്‌, പശുക്കൾക്ക്‌
പുല്ലായ്‌ കിളിർക്കുകയും ചെയ്തു.
        മദ്യത്തിന്റെ ലഹരിപോലെത്തന്നെ പ്രണയത്തിന്റെ ലഹരിയും
എഴുത്തിനെ-കലാപ്രവർത്തനങ്ങളെ ഉന്മേഷഭരിതമാക്കാറുണ്ട്‌.
പ്രണയത്തെക്കുറിച്ചെഴുതാത്ത എഴുത്തുകാരില്ല, വരയ്ക്കാത്ത
ചിത്രകാരന്മാരില്ല. പാടാത്ത പാട്ടുകാരില്ല. വിശ്വപ്രസിദ്ധ
ചിത്രകാരന്മാരായ പിക്കാസോയും ഡാവിഞ്ചിയും രാജാരവിവർമ്മയുമെല്ലാം പ്രണയ
സംബന്ധിയായി വരച്ച ചിത്രങ്ങൾക്ക്‌ ഏറെ മാറ്റുവർദ്ധിച്ചിട്ടുണ്ട്‌.
കാളിദാസൻ ശകുന്തളയെ വാക്കുകൾ കൊണ്ട്‌ വരച്ചുവച്ചപ്പോൾ രവിവർമ്മ
ശകുന്തളയുടെ സൗന്ദര്യമെന്തെന്ന്‌ പ്രത്യക്ഷമായിത്തന്നെ ലോകത്തിനു
കാട്ടിക്കൊടുക്കുകയായിരുന്നു.
        എഴുത്തിൽ, കലയിൽ പ്രണയാനുഭവം സ്വാഭാവികമായി കടന്നു വരുകയാണു പതിവ്‌.
പ്രണയരംഗങ്ങളില്ലാത്ത ഒരു സിനിമയോ നാടകമോ സങ്കൽപിക്കാൻ പ്രേക്ഷകർക്ക്‌
സാധ്യമല്ല. മാത്രമല്ല പ്രണയമില്ലാത്ത കലയ്ക്ക്‌ എന്തോ തകരാറ്‌
സംഭവിച്ചതായും ജനങ്ങൾ ധരിക്കുന്നു. സാഹിത്യത്തിലും അങ്ങനെതന്നെ. ഒരു
കവിതയോ കഥയോ മനോഹരവും ആത്മാവിഷ്കാരപരവുമായി അനുഭവപ്പെടുന്നത്‌ അവയിൽ
ആവിഷ്കരിച്ചിരിക്കുന്ന പ്രണയസന്ദർഭങ്ങളോ വരികളോ വർണ്ണനകളോ കൊണ്ടാകാം.
സർഗ്ഗാത്മകപ്രതിഭകളിൽ ഭൂരിപക്ഷവും ജീവിതപങ്കാളിയെ
തിരഞ്ഞെടുക്കുന്നതുപോലും പ്രണയനിഷ്ഠമായിട്ടായിരിക്കും. അതിനവർ
പ്രായത്തെയോ വർഗ്ഗത്തെയോ ജാതിയേയോ പരിഗണിക്കാറില്ലതന്നെ. മഹാനായ വില്യം
ഷേക്സ്പിയർ പോലും തന്നെക്കാൾ ഏഴുവയസ്സിനു പ്രായക്കൂടുതലുള്ള ആളിനെ
ജീവിതസഖിയായി സ്വീകരിച്ചതു അങ്ങനെയാണ്‌.
        ഫ്രഞ്ച്‌ എഴുത്തുകാരനായ ഴാങ്ങ്‌ പോൾ സാർത്രേ പ്രണയത്തെ സംബന്ധിച്ച്‌
പ്രത്യേക രീതി അവലംബിച്ച്‌ ജീവിതാവസാനം വരെ വിവാഹമെന്ന ബന്ധത്തിൽ
ഇടപെടാതെ തനിക്കിഷ്ടപ്പെട്ട സ്ത്രീയുമായി ശാരീരികവും മാനസികവുമായ ബന്ധം
പുലർത്തി ജീവിച്ചയാളാണ്‌. ഇപ്പോൾ സ്വവർഗ്ഗപ്രണയത്തെയും
വിവാഹപൂർവ്വബന്ധങ്ങളെയും കുറിച്ച്‌ വളരെ സ്വതന്ത്രമായ അഭിപ്രായങ്ങൾ
പുറത്തുവന്നുകൊണ്ടിരിക്കുന്നു. എന്നാൽ  പ്രസിദ്ധനായ എഴുത്തുകാരൻ ഓസ്കാർ
വൈൽഡിന്റെ കാലത്ത്‌ അങ്ങനെയൊരവസരം സാധ്യമായിരുന്നില്ല. പക്ഷേ,
അതുമനസ്സിലാക്കിക്കൊണ്ടുതന്നെ അദ്ദേഹം അതിൽ ഇടപെട്ടു. അങ്ങനെ
സ്വവർഗ്ഗപ്രണയത്തിന്റെ പേരിൽ ഓസ്കാർ വൈൽഡ്‌ ജയിലിലടയ്ക്കപ്പെട്ടു.
        കാമ്പസ്‌ അനുഭവങ്ങളിൽ കവിതയും സാഹിത്യവും പ്രണയവുമെല്ലാം പരസ്പരം
ഇഴപിരിഞ്ഞാണു ഉത്ഭവിക്കുന്നത്​‍്‌.  ഒരുപക്ഷേ, നല്ല കവിതയും
കാവ്യപാരായണവുമെല്ലാം നല്ല കാമുകീ-കാമുക ബന്ധവും അതിൽ നിന്ന്‌ നല്ല ജീവിത
പങ്കാളികളായിത്തീരുന്ന അവസ്ഥയും സംജാതമാകാറുണ്ട്‌.  ലോകത്തെത്തന്നെ
മാറ്റിത്തീർക്കാമെന്ന യൗവ്വനസഹജമായ രാഷ്ട്രീയ-സാമൂഹ്യബോധത്തിൽ  അൽപം
കലയും സാഹിത്യവും കൂടിച്ചേരുന്നത്‌ ഉത്തമമാണ്‌. അതിന്‌ മേമ്പൊടിയായി
വർണ്ണാഭമായ കുഞ്ഞുപ്രണയവും കൂടിയാകുമ്പോൾ ജീവിതം കൂടുതൽ ധന്യമാകും.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.