Saturday, February 2, 2013രാംമോഹന്‍ പാലിയത്ത്‌

'' നമ്മുടെ സ്ഥാപനത്തിലെത്തുന്ന ഏറ്റവും പ്രമുഖ സന്ദര്‍ശകനാണ് ഒരു ഉപഭോക്താവ്. അദ്ദേഹം നമ്മളെ ആശ്രയിക്കുകയല്ല, നമ്മള്‍ അദ്ദേഹത്തെയാണ് ആശ്രയിക്കുന്നത്. നമ്മുടെ ബിസിനസിനെ സംബന്ധിച്ച് അദ്ദേഹം പുറത്തുനിന്നുള്ള ഒരാളല്ല; അതിന്റെ ഭാഗം തന്നെയാണ്. സേവനം നല്‍കുന്നതിലൂടെ നമ്മള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ല. മറിച്ച് അതിന് അവസരം നല്‍കുന്നതിലൂടെ അദ്ദേഹം
നമ്മള്‍ക്ക് ഒരു സഹായം നല്‍കുകയാണ് ചെയ്യുന്നത്''


മഹാത്മജിയെ ഒരു എന്‍ആര്‍ഐ ആയി സങ്കല്‍പ്പിക്കാന്‍ എളുപ്പമല്ല. പക്ഷേ ഗാന്ധിജി ഒരു എന്‍ആര്‍ഐ ആയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതും ഒന്നും രണ്ടുമല്ല, 22 വര്‍ഷം (1893-1915) . ദക്ഷിണാഫ്രിക്കയിലെ പൗരാവകാശ സമരങ്ങളാണ് ഗാന്ധിജിയിലെ നേതാവിനെ പുറത്തു കൊണ്ടുവന്നത്. ധീരുഭായ് അംബാനിയുടെ തുടക്കവും ആഫ്രിക്കയിലായിരുന്നു. 1950-കളിലായിരുന്നു അംബാനിയുടെ പ്രവാസം, യെമനില്‍.

ഗാന്ധിജിയും അംബാനിയും ഗുജറാത്തികളായിരുന്നു. ഗുജറാത്തികളുടെ ആഫ്രിക്കന്‍ കുടിയേറ്റത്തിന് ഒരു നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. പക്ഷേ പറയാന്‍ വന്നത് അതല്ല. തിരിച്ചു വരുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ മാറ്റി മറിക്കാന്‍ സാധിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഗാന്ധിജിയും അംബാനിയും. ഗാന്ധിജിയേയും അംബാനിയേയും ഒരേ വാചകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ക്ഷോഭിക്കുന്നവരുണ്ടാകാം. ഇന്ത്യയെ മാറ്റിമറിച്ചു എന്നതിനപ്പുറം മറ്റൊരു താരതമ്യവും ഇവിടെ ഉദ്ദേശിക്കുന്നില്ല.

എങ്കിലും ഒരു കാര്യം കൂടി പറയാതെ വയ്യ. ബിസിനസ്സുകാരോട് അലര്‍ജിയുള്ള ആളായിരുന്നില്ല ഗാന്ധിജി. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ജി. ഡി. ബിര്‍ള. കസ്റ്റമറാണ് ഒരു വ്യാപാരസ്ഥാപനത്തിലെ ഏറ്റവും പ്രധാന സന്ദര്‍ശകന്‍ എന്നു തുടങ്ങുന്ന പ്രസിദ്ധമായ ഗാന്ധിവചനം ഇന്നും പല വ്യാപാരസ്ഥാപനങ്ങളിലും ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? ഒരു ബനിയ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പരമ്പരാഗതമായി വ്യാപാരം ചെയ്യുന്നവരാണ് ബനിയകള്‍.

പാക്കേജിങ് എന്നാല്‍ പൊതിഞ്ഞു കെട്ടല്‍ മാത്രമല്ല എന്ന് അക്കാലത്തു തന്നെ കാണിച്ചു തന്ന ആളും ഗാന്ധിജി തന്നെ. ഗാന്ധിജിയുടെ കാലത്ത് ഉടുക്കാന്‍ തുണിയില്ലാത്തവരായിരുന്നു ഭൂരിപക്ഷം ഇന്ത്യക്കാരും. അവര്‍ക്കിടയില്‍ ഒരാളായിത്തീര്‍ന്ന് അവരെ നയിക്കാന്‍ അദ്ദേഹം ആദ്യം ചെയ്തത് മേല്‍വസ്ത്രം ഉപേക്ഷിക്കലായിരുന്നല്ലൊ. പാക്കേജിങ്ങിന്റെ മറ്റൊരു ധ്രുവം. (പെട്രോകെമിക്കല്‍സ് സംരംഭങ്ങളിലൂടെ പോളിയെസ്റ്റര്‍ ജനകീയമാക്കി, വസ്ത്രക്ഷാമം പരിഹരിക്കുന്നതില്‍ പങ്കുവഹിച്ച അംബാനിയാകട്ടെ പുതിയ തലമുറയിലെ രാഷ്ട്രീയക്കാര്‍ക്ക് പാക്കേജിങ്ങില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയുംചെയ്തു) .

ഗുജറാത്തികള്‍ക്ക് ആഫ്രിക്ക പോലെയാണ് മലയാളികള്‍ക്ക് ഗള്‍ഫ്. ആഫ്രിക്കയില്‍ നിന്ന് തിരിച്ചു വന്ന ഗാന്ധിജിയും അംബാനിയും രണ്ടു കാലഘട്ടങ്ങളില്‍ ഇന്ത്യയെ രണ്ടുരീതിയില്‍ മാറ്റി മറിച്ചു. വിവിധ കാരണങ്ങളാല്‍ ഒട്ടേറെ ഗള്‍ഫ് മലയാളികള്‍ തിരിച്ചു വന്നു തുടങ്ങിയിരിക്കുന്നു. അതിലുപരിയായി ഗള്‍ഫില്‍ വന്‍വിജയങ്ങള്‍ രചിച്ച ഒട്ടേറെപ്പേര്‍ നാട്ടിലും വന്‍തോതില്‍ത്തന്നെ അവരുടെ ബിസിനസ് സാമ്രാജ്യങ്ങള്‍ക്ക് അടിത്തറയിടുന്നു. ഗാന്ധിജിയും അംബാനിയും ഇന്ത്യയെത്തന്നെ മാറ്റിമറിച്ചപോലെ തിരിച്ചുവരുന്ന ഗള്‍ഫ് മലയാളികള്‍ ഇന്ത്യയെ വീണ്ടും മാറ്റിമറിച്ചില്ലെങ്കിലും കേരളത്തെയെങ്കിലും പോസീറ്റീവായി മാറ്റുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

പ്രസിദ്ധമായ കേരളാ മോഡലിന്റെ ശില്‍പ്പികളെ വേണമെങ്കില്‍ നമുക്ക് വ്യക്തമായി ഓര്‍മിച്ചെടുക്കാവുന്നതാണ്. 1)യേശുക്രിസ്തു 2 ) കാറല്‍ മാര്‍ക്‌സ് 3 ) ശ്രീനാരായണ ഗുരു 4 ) ഗള്‍ഫ് മലയാളി. കഴിഞ്ഞ പത്തമ്പതു വര്‍ഷമായി കേരളാ മോഡല്‍ എന്നാല്‍ ഗള്‍ഫ് കേരളാ മോഡലാണെന്ന വസ്തുത എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്.

എന്നാല്‍ ഗള്‍ഫില്‍ ജീവിച്ചിരുന്ന മലയാളികളില്‍ ഭൂരിപക്ഷത്തിന്റേയും തിരിച്ചുവരവ് കേരളത്തിന് ഒരു ബാധ്യതയാവുമോ എന്ന് ശങ്കിക്കുന്നവരുമുണ്ട്. ഇതിന്റെ മറ്റേഅറ്റമാണ് ഗള്‍ഫില്‍ നിന്നു തിരിച്ചുവരുന്നവരെല്ലാം കേറി ബിസിനസ് തുടങ്ങുന്നത്. ബിസിനസ്സിന്റെ ബാലപാഠം പോലുമറിയാത്ത, കൈയില്‍ കുറച്ചധികം പണം മാത്രമുള്ള ചില ഗള്‍ഫുകാര്‍ വന്ന് ബിസിനസ് തുടങ്ങി പൊളിഞ്ഞു - അതിന്റെ കുറ്റം മുഴുവനുമോ കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കും തൊഴിലാളികള്‍ക്കും.

ഇവിടെയാണ് താനൊരു കുഞ്ഞു ഗാന്ധിയാണോ അംബാനിയാണോ എന്നെല്ലാം ഓരോ ഗള്‍ഫ് റിട്ടേണിയും സ്വയം ചോദിക്കേണ്ടതിന്റെ പ്രാധാന്യം. മറുനാട്ടില്‍ നിന്ന് നിങ്ങള്‍ എന്തു പഠിച്ചു, നിങ്ങളുടെ അടിസ്ഥാനപരമായ മനോഭാവവും കഴിവുകളും എന്തൊക്കെ എന്നതിനെയൊക്കെ ആശ്രയിച്ചാണ് തിരിച്ചു വന്നു കഴിഞ്ഞാല്‍ ഏതു രംഗത്താണ് നിങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ കഴിയുക എന്ന സംഗതിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവരും അംബാനിമാരല്ല, യൂസഫ് അലിമാരുമല്ല. പിന്നെ? എന്തിനു ചുരുക്കണം, ആര്‍ക്കറിയാം തിരിച്ചു വരുന്ന ഒരു ഗള്‍ഫ് മലയാളിയില്‍ പുതിയ കാലത്തിന് ആവശ്യമായ ഒരു ഗാന്ധിജി ഒളിഞ്ഞുകിടപ്പില്ലെന്ന ് ? അല്ലെങ്കില്‍ എം.കെ.കെ. നായരെയോ കെ.പി.പി. നമ്പ്യാരെയോ പോലെ ഒരു ബിസിനസ് അഡ്മിനിസ്‌ട്രേറ്റര്‍? അമുല്‍ കുര്യനേയോ ഫാബ്ഇന്ത്യാ സ്ഥാപകന്‍ ജോണ്‍ ബിസ്സെല്ലിനെയോപോലെ വിപ്ലവകാരിയായ ഒരു സാമൂഹ്യസംരംഭകന്‍? സമൂഹത്തിന് ആവശ്യം ബിസിനസ്സുകാരെ മാത്രമല്ല. അഥവാ രാഷ്ട്രനിര്‍മാണവും ഒരു ബിസിനസ്സാണ്. വ്യത്യസ്തമായ ചില സ്‌കില്ലുകള്‍ ആവശ്യപ്പെടുന്ന ഒരു തനി ബിസിനസ്.

ഏറ്റവും മികച്ച വ്യവസായവിജയം വരിച്ച ഗള്‍ഫ് മലയാളികളില്‍ ഒരാളായ ഫൈസല്‍ കൊട്ടിക്കൊള്ളോന്‍ എന്ന മാഹിക്കാരന്റെ ഷാര്‍ജ ഹംറിയ ഫ്രീസോണിലെ ഫൗണ്ട്‌റി സന്ദര്‍ശിച്ചത് ഓര്‍ക്കുന്നു.

തൊഴിലാളികള്‍ക്കായി രണ്ട് വലിയ ജിംനേഷ്യങ്ങള്‍, യോഗാ സെന്റര്‍, ലൈബ്രറി, കമ്പ്യൂട്ടറും ഇംഗ്ലീഷും പരിശീലിപ്പിക്കാനുള്ള സൗകര്യങ്ങള്‍, കാന്റീന്‍ എന്നിവയുള്‍പ്പെടെ 24 മില്യന്‍ ദിര്‍ഹം (ഏതാണ്ട് 35. 9 കോടി രൂപ) ചെലവില്‍ 2400 ച.മീ. വിസ്തീര്‍ണത്തില്‍ അവിടെ സ്ഥാപിച്ചിരിക്കുന്ന ലോകോത്തരമായ കമ്യൂണിറ്റി സെന്ററില്‍, വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും തൊഴിലാളികള്‍ക്കായി ആറ്റന്‍ബൊറോയുടെ ഗാന്ധി സിനിമ പ്‌റദര്‍ശിപ്പിക്കുമെന്നു പറഞ്ഞു അവര്‍. ദേശസ്‌നേഹം ഉണര്‍ത്താനല്ല എന്ന് ഉടന്‍ വന്നു വിശദീകരണം. ഗാന്ധിജി ഒരു ദേശസ്‌നേഹി എന്നതിനേക്കാള്‍ ഉപരിയായി അവിടെ മാതൃകയാക്കപ്പെടുന്നത് ഒരു ലീഡര്‍ എന്ന നിലയിലാണ്. വ്യത്യസ്ത നാട്ടുരാജ്യങ്ങളില്‍ വ്യത്യസ്ത ഭാഷകള്‍ സംസാരിച്ചു കഴിഞ്ഞിരുന്ന കോടിക്കണക്കിനു വരുന്ന ജനങ്ങളെ വിജയകരമായി നയിച്ച, ലോകം കണ്ട എക്കാലത്തെയും ഏറ്റവും മികച്ച മാനേജ്‌മെന്റ് വിദഗ്ധരിലൊരാള്‍ എന്ന നിലയില്‍.

വിദേശത്തു നിന്നുള്ള തിരിച്ചുവരവ് എങ്ങനെ സാര്‍ത്ഥകമാക്കാമെന്നും അതേ ഗാന്ധിജി തന്നെയാണ് തെളിയിച്ചത്. പുറത്തു നിന്നു നമുക്കു പലതും പഠിക്കാം. പുറത്തു നിന്ന് നമുക്ക് മറ്റൊരു കണ്ണിലൂടെ ജന്മനാടിനെ കാണാം. വ്യത്യസ്തങ്ങളായ ആ സ്‌കില്ലുകള്‍ അവ വിലപ്പോവുന്ന വ്യത്യസ്ത മേഖലകളില്‍ ഉപയോഗപ്പെടുത്താനായിരിക്കട്ടെ ഓരോ തിരിച്ചുവരവും.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.