ഫൈസല്‍ ബാവ |
“അരുവികളിലൂടെയും
പുഴകളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂര്‍വികരുടെ ജീവ
രക്തമാണത്. ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം അത് പവിത്രമാണെന്ന്.
അരുവികളിലെ സ്വച്ഛന്ദമായ ജലത്തിലെ ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മകള്‍ വിളിച്ചു
പറയുന്നുണ്ട്. അരുവികളുടെ മര്‍മരത്തിലൂടെ സംസാരിക്കുന്നത് എന്റെ പിതാ മഹന്മാരാണ്.
പുഴകള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. ഞങ്ങളുടെ ദാഹമകറ്റുന്നത് അവരാണ്. ഞങ്ങളുടെ
ചിറ്റോടങ്ങളെ ഒഴുക്കുന്നവര്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍, അതു കൊണ്ട് ഒരു
സഹോദരനു നല്‍കേണ്ട സ്നേഹവും ദയാവായ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട്” – റെഡ്
ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന്
അയച്ച കത്തിലെ വരികളാണിത്. ആ തലമുറ പുഴകളെയും ജലാശയങ്ങളേയും എങ്ങിനെ കണ്ടിരുന്നു
എന്ന് ഈ ഹൃദയാക്ഷരങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
ജീവന്റെ നിലനില്‍പ്പു തന്നെ ജലമാണ്, അതു കൊണ്ട് തന്നെ ജലത്തെ പറ്റിയുള്ള ആകുലതകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ശുദ്ധ ജലത്തിനായി കേഴുന്നവരുടെ നിര ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു, ഒപ്പം ജല വിനിയോഗത്തിന്റെ ധൂര്‍ത്തും ജല വിപണിയും. വെള്ളം വിപണന വസ്തുവായി മാറുന്നതോടെ ഏറെ പ്രതിസന്ധികള്‍ നെരിടേണ്ടി വരുമെന്ന യാഥാര്‍ഥ്യം നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഭൂഗര്‍ഭ ജല വിതാനം വര്‍ഷത്തില്‍ ഒരു മീറ്റര്‍ വെച്ച് താഴുകയാണെന്ന ഞെട്ടിക്കുന്ന സത്യം നില നില്‍ക്കെയാണ് ജല വിപണി സജ്ജീവമാകുന്നത്. ആഗോളവല്‍ക്കരണത്തിന് സായുധ രൂപം ഉണ്ടായതോടെ ലോകത്തിന്റെ ജല സമ്പത്ത് വന്‍ ശക്തികളുടെ നിയന്ത്രണത്തില്‍ ആയി കൊണ്ടിരിക്കുന്നു. വന്‍ ജലസ്രോതസ്സുകള്‍ കൈവശ പ്പെടുത്തി ഇവര്‍ വില പറയുമ്പോള്‍ ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനത വെറും ഉപഭോക്താവ് മാത്രമായി ചുരുങ്ങും. കടം വാങ്ങി വിധേയത്വം സീകരിച്ചു കഴിഞ്ഞ മൂന്നാം ലോക രാജ്യങ്ങള്‍ക്കു മേലെ ഉയരുന്ന നിയന്ത്രണങ്ങള്‍ കോടി ക്കണക്കിന് ദരിദ്ര ജനങ്ങളെ ഇരകളാക്കും. അധിനിവേശത്തില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് ഇതൊരു എളുപ്പ വഴിയാകും. വരാനിരിക്കുന്ന യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടിയാകും എന്ന പ്രവചനം ശരിയാകുന്ന തരത്തിലേക്കാണ് ലോകം പോയി കൊണ്ടിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മില്‍ ജല തര്‍ക്കങ്ങള്‍ കൂടി വരികയാണ്. 250 നദികള്‍ രാജ്യാതിര്‍ത്തികള്‍ മറി കടന്ന് ഒഴുകി കൊണ്ടിരിക്കു ന്നുണ്ടെന്നത് ഈ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കും. 2025 ആകുന്നതോടെ 300 കോടി ജനങ്ങള്‍ കടുത്ത ജല ക്ഷാമത്തിന് ഇരയാകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ വെള്ളം യുദ്ധ കൊതിയന്മാര്‍ക്ക് പുതിയ വഴി ഒരുക്കി കൊടുക്കും എന്നതിന് സംശയമില്ല. വെള്ളത്തിനു വേണ്ടി ഇസ്രയേല്‍ നടത്തുന്ന ഗൂഡ തന്ത്രം അമേരിക്ക ഇറാഖിലൂടെ സഫലീകരിച്ചു കൊടുക്കുകയായിരുന്നു. ഗള്‍ഫ് മേഖലയില്‍ ശുദ്ധ ജലം ഒഴുകുന്ന ഒരേയൊരു രാജ്യം ഇറാഖ് ആണെന്നും അവിടെ എണ്ണ മാത്രമല്ല എന്നും, ടൈഗ്രീസും യൂഫ്രട്ടീസും ഒഴുകുന്ന ഇറാഖിലെ ജല സമ്പത്ത് ചെറുതല്ലെന്നും ഉള്ള കാര്യം അധിനിവേശം നടത്തുന്നവര്‍ക്ക് നന്നായി അറിയാം. കുത്തക കമ്പനികള്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജല സമ്പത്തിനായി മത്സരിക്കുകയാണ്. മൊണ്‍സാന്റൊ, മിത്സുബിഷി, ഹൊയണ്ടായ്, ന്യൂയസ് ലിയോനായിസ് ഡിയോക്സ്, വിവന്റി, അക്വാഡി ബാഴ്സിലോണ, തേംസ് വാട്ടര്‍, ആംഗ്ലിയന്‍ വാട്ടര്‍, ബെക്ടെല്‍ തുടങ്ങിയ ആഗോള കുത്തക കമ്പനികള്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജല സമ്പത്ത് ലക്ഷ്യമിട്ട് ചതിയുടെ സഹായ ഹസ്തങ്ങള്‍ നീട്ടുമ്പോള്‍ അതത് രാജ്യങ്ങളിലെ ഭരണ കൂടങ്ങള്‍ വികസനം എന്ന പേരില്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നു. വിവിധ തരത്തിലുള്ള പദ്ധതികളായി അവതരിപ്പിക്കുകയും പദ്ധതിയുടെ യഥാര്‍ഥ ഗുണ ഭോക്താക്കള്‍ കുത്തക കമ്പനികളാകുന്നു. കുത്തക കമ്പനികളുടെ സ്വാധീനത്തിനു വഴങ്ങി മൂന്നാം ലോക രാജ്യങ്ങളിലെ അതത് ഭരണ കൂടങ്ങള്‍ ജല വില്‍പ്പനക്ക് കൂട്ടു നില്‍ക്കുന്നു. ലോകത്ത് ആകമാനം നടന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ഉദാര വല്‍ക്കരണ ത്തിന്റെ ഭാഗമായി ചില കൈകളില്‍ മാത്രം സമ്പത്ത് കുന്നു കൂടുകയും വലിയൊരു വിഭാഗം ദരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്തു കൊണ്ടിരി ക്കുകയാണ്. വന്‍ ശക്തികളുടെ ഈ ചൂഷണത്തിനു മുന്നില്‍ മൂന്നാം ലോക രാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങള്‍ ഇല്ലാതായി കൊണ്ടിരി ക്കുകയാണ്. വന്‍ ശക്തികളുടെ സുഖ സൌകര്യങ്ങക്കായി ധൂര്‍ത്തടിച്ച് ഉപയോഗിക്കുന്ന അവസ്ഥ വര്‍ദ്ധിച്ചു വരുന്നു. പ്രകൃതിക്ക് അനുസൃതം അല്ലാത്ത പദ്ധതികള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ അടിച്ചേല്‍പിച്ച് അവിടെ വിഭവ ത്തകര്‍ച്ച സൃഷ്ടിച്ച് വിപണി കണ്ടെത്തുകയാണ് കുത്തക കമ്പനികളുടെ ലക്ഷ്യം. മുതലാളിത്ത രാജ്യങ്ങളില്‍ ഒരാള്‍ ‘ഫ്ലഷ്’ ചെയ്തു കളയുന്ന ജലം പോലും മൂന്നാം ലോക രാജ്യത്തെ ഒരാളുടെ മുഴുവന്‍ ആവശ്യത്തിനു പോലും ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. യുദ്ധങ്ങളും ജല മലിനീകരണവും മൂലം ഉണ്ടാകുന്ന ദുരിതങ്ങള്‍ ഒട്ടനവധിയാണ്. ഓരോ യുദ്ധങ്ങളും നോക്കുക, ജല സംഭണികള്‍ തകര്‍ക്കുക എന്നത് ഒരു യുദ്ധ ലക്ഷ്യമാണ് . ഇറാഖിനെ അമേരിക്ക ആക്രമിച്ചപ്പോള്‍ അവിടുത്തെ ജല സംഭരണികള്‍ ബോംബിട്ട് തകര്‍ത്തത് നാം കണ്ടതാണ്. ആദ്യ ബോംബ് സദ്ദാമിന്റെ കൊട്ടാരത്തെ ലക്ഷ്യമാക്കി ആയിരുന്നെങ്കില്‍ രണ്ടാമത്തെ ബോംബ് ശുദ്ധ ജല സംഭരണിക്കു നേരെ ആയിരുന്നു. ഈ ശുദ്ധ ജല പ്ലാന്റ് തകര്‍ത്തതിലൂടെ ജല വിതരണം മുടക്കി യുദ്ധ മുന്നേറ്റം നടത്തിയ അമേരിക്ക യുദ്ധാനന്തരം ഇറാഖിലെ ജല വിതരണത്തിന് ബെക്ടെല്‍ എന്ന കുത്തക കമ്പനിയെയാണ് ചുമതലപ്പെടുത്തിയത്. ആഗോള വല്‍ക്കരണത്തിന്റെ ഭീകര മുഖമാണ് ഇവിടെ നാം കണ്ടത്. ഇത്തരത്തില്‍ തകര്‍ക്കുക: പുനര്‍നിര്‍മ്മിക്കുക എന്ന മുതലാളിത്ത തന്ത്രം വെള്ള കച്ചവടത്തിലും വന്നിരിക്കുന്നു. യുദ്ധങ്ങള്‍ മൂലമുണ്ടാകുന്ന ജല മലിനീകരണത്തിന് വന്‍ ശക്തികളല്ലാതെ മറ്റാരാണ് ഉത്തരവാദി? വരാനിരിക്കുന്ന യുദ്ധങ്ങള്‍ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി ആകുമെന്നത് ഏറെ ക്കുറെ ശരിയായി തുടങ്ങിയിരിക്കുന്നു. ജലം ഇല്ലെങ്കില്‍ ജീവനില്ല എന്ന സത്യത്തെ വിപണിയില്‍ എത്തിച്ച് വന്‍ ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന നൂറു കണക്കിന് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യയേയും ലക്ഷ്യമിടുന്നുണ്ട്. ആഗോള വല്‍ക്കരണ നയങ്ങള്‍ക്കൊപ്പം ഓടാന്‍ വെമ്പുന്ന നമ്മുടെ ഭരണ കര്‍ത്താക്കള്‍ ഇന്ത്യയില്‍ കുത്തകള്‍ക്ക് വിപണി ഒരുക്കി കൊടുക്കുകയാണ്. 110 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യ വലിയൊരു വിപണിയാണെന്ന് അവരും മനസിലാക്കിയിരിക്കുന്നു. കുപ്പി വെള്ളം വാങ്ങി കുടിക്കുക എന്നത് മാന്യതയായി കരുതുന്ന നമ്മുടെ സമൂഹത്തില്‍ ജല ചൂഷണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വരും കാലം വെള്ളത്തിനായി പൊരുതേണ്ടി വരുമോ? ജല യുദ്ധങ്ങള്‍ വരുന്ന വഴി നാം തന്നെ വെട്ടി കൊടുക്കണോ? ഇതിനിടയിലാണ് ജലത്തര്‍ക്കം മുല്ലപെരിയാറിലൂടെ നാം അനിഭവിച്ചു കൊണ്ടോരിക്കുന്നത്. കുറച്ച് മുമ്പ് തമിഴ്നാട് തര്‍ക്കിച്ചത് കര്‍ണാടകയുമായിട്ടായിരുന്നു അന്ന് കാവേരിയിലെ ജലമാണ് തര്‍ക്ക വിഷയമെങ്കില്‍ ഇന്ന് മുല്ലപെരിയാറില്‍ അണക്കെട്ട് കെട്ടുന്നതിനെ സമ്പന്ധിച്ച തര്‍ക്കമാണ് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ പരസ്പരം പോരടിക്കുന്ന തരത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത്. ഇടുക്കി എന്ന ജില്ലയെ ആസൂത്രണമില്ലാത്ത വിവിധ പദ്ധതികളാല്‍ അണകെട്ടി ഈ അപകടാവസ്ഥയില്‍ എത്തിച്ചത് മറ്റാരുമല്ല. ലോകം ജലത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന കാലം വരുമെന്ന ദീര്‍ഘവീക്ഷണം നമുക്ക് പണ്ടേ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഇന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം.
ഇനി
അണക്കെട്ട് കേട്ടുകയല്ലാതെ മറ്റുവഴിയില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചതും
മറ്റാരുമല്ല. നമ്മുടെ അരുവികളും തോടുകളും കുളങ്ങളും പുഴകളും സംരക്ഷിക്കാന്‍ ഇന്നും
നമുക്കൊരു ആസൂത്രണമില്ല എന്ന അവസ്ഥയെ ഇതിനോട് ചേര്‍ത്ത് വായിക്കണം. അതായത്
മുല്ലപെരിയാര്‍ പ്രശ്നം പരിഹരിച്ചാലും നാം നേരിടാന്‍ പോകുന്ന കടുത്ത
ജലക്ഷാമത്തേയും, വെള്ളകച്ചവടത്തേയും അതിജീവിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും.
മുല്ലപെരിയാര്‍ ഇന്ന് രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു. ആകുലത പേറിയ വലിയൊരു
ജനപഥം അണക്കെട്ടിനു താഴെ ജീവിക്കുന്നു. ഒരു ഭൂമികുലുക്കമോ മറ്റോ കേരളത്തിന്‍റെ
ഭൂമിശാസ്ത്രം തന്നെ മാറ്റിമറിക്കുന്ന തരത്തില്‍ ദുരന്തം ഉണ്ടായാല്‍ അതില്‍
അത്ഭുതപെടേണ്ട. ഈ പേടിപ്പെടുത്തുന്ന അവസ്ഥയക്ക് പരിഹാരം കാണാന്‍ തടസ്സമായി
നില്‍ക്കുന്നത് കേവലം പ്രാദേശിക രാഷ്ട്രീയ വാശിമാത്രമാണ് എന്നതാണ് ദുരവസ്ഥ.
ഇതിന്റെ മറുവശം മലയാളി മറക്കരുത് വേപ്പില മുതല്‍ ഓണത്തിന് പൂക്കളമിടാന്‍ പൂവും,
സദ്യക്ക് വാഴയില വരെ തരുന്നത് തമിഴരാണ്. നാമിന്നും കറിവേപ്പില വരെ കൃഷി ചെയ്യാന്‍
തയ്യാറായിട്ടില്ല. പകരം റിയല്‍ എസ്റ്റേറ്റ് ബിസിനസിനും റിസോര്‍ട്ടുകള്‍ക്കും വേണ്ടി
ഇന്നും നമ്മുടെ പ്രകൃതിയെ ചൂഷണം ചെയ്യാന്‍ നമുക്കൊരു മടിയിമില്ല.
വെട്ടിവെളുപ്പികുമ്പോള്‍ ഒന്നും നാം ജലത്തെ പറ്റിയോ പ്രകൃതിയെ ഒന്നും നാം
ചിന്തിക്കുന്നില്ല. തമിഴ്നാടിന്റെ രാഷ്ട്രീയ വാശിയേ ഇവിടെ അംഗീകരിക്കുന്നില്ല.
അതിനോടൊപ്പം മേല്പറഞ്ഞ നമ്മുടെ കുറവുകളെ പറ്റിയും നാം ചിന്തിക്കണം. ജലത്തെ
പറ്റിയുള്ള ചിന്ത ലോകം മുഴുമന്‍ വ്യാപിക്കുകയാണ് എന്നാല്‍ നമുക്കിടയില്‍
മുല്ലപെരിയാര്‍ മാത്രമാണ് വിഷയം. അതും പുതിയ അണക്കെട്ട് കെട്ടുന്നതോടെ ആ പ്രശ്നവും
തീരുമെന്ന് അര്‍ഥം. അവിടെ നില്‍ക്കരുത് കാര്യങ്ങള്‍ എന്നാണു അര്‍ത്ഥമാക്കുന്നത്.
കൊക്കോകോള കമ്പനി പ്ലാച്ചിമടയിലെ ജലമൂറ്റി ഒരു പ്രദേശത്തെ മുഴുവന്‍ കൊടും
വരള്‍ച്ചയിലേക്ക് നയിച്ചതിനെതിരെ നമ്മുടെ ഭരണ കൂടങ്ങള്‍ എടുത്ത സമീപനം ഓര്‍ക്കുക
ഇപ്പോള്‍ പ്ലാച്ചിമട സമരത്തിന്റെ ഫലം എന്തായിരുന്നു. കമ്പനി പൂട്ടിപോയി
എന്നതിലപ്പുറം എന്തു ഗുണമാണ് ഇരകള്‍ക്ക് ലഭിച്ചത്. നഷ്ടം നഷ്ടമായി തുടരുന്നു.
പെരിയാര്‍ നദിയെ നാശത്തിലേക്ക് നയിക്കുന്ന തരത്തില്‍ മലിനീകരണം തുടരുന്ന നമ്മുടെ
വ്യവസായിക വികസനത്തെ കേരള ജനത ഇതുവരെ ഏറ്റെടുത്തതോ? ചക്കംകണ്ടം അടക്കം കേരളത്തില്‍
അങ്ങോളമിങ്ങോളം വിവിധ തരത്തില്‍ ജലമലിനീകരണം തുടരുന്നത് നാം കാണുന്നില്ലേ? ശുദ്ധജല
സ്രോതസ്സായ വനങ്ങളും കുന്നുകളും ദിനം പ്രതി ഇല്ലാതാകുന്നത് നമ്മുടെ കണ്മുമ്പില്‍
തന്നെയല്ലേ? ആറുമാസം മണ്‍സൂണ്‍ കനിഞ്ഞ് തുടര്‍ച്ചയായി മഴ ലഭിക്കുകയും 44 നദികള്‍
ഒഴുകുകയും ചെയ്യുന്ന കേരളത്തിലെ ഒടുമിക്ക പഞ്ചായത്തുകളിലും മുനിസിപാലിറ്റികളിലും
ജൂണ്‍ കഴിയുന്നതോടെ തന്നെ കടുത്ത ജലക്ഷാമം നേരിടേണ്ടിവരുന്ന അവസ്ഥയെ പറ്റി ഇന്നും
നാം ചിന്തിച്ചു തുടങ്ങിയിട്ടുണ്ടോ? ഈ ചിന്തകള്‍ കൂടി നമുക്കിടയിലൂടെ കടന്നു
പോകേണ്ടാതല്ലേ?
എന്നാല്‍ അതുണ്ടാകുന്നില്ല എന്നതാണ് ഏറെ ദു:ഖകരം. ജലയുദ്ധം
നമുക്കിടയില്‍ വന്നു കഴിഞ്ഞു... മുല്ലപെരിയാറും, ചക്കംകണ്ടവും, പ്ലാച്ചിമടയും,
പെരിയാര്‍ നദിയുടെ മലിനീകരണവും. പമ്പയുടെ ശോഷണവും, വറ്റിവരണ്ട നിളയും നല്‍കുന്ന
സൂചന അതാണ്. ആഗോളമായി ചിന്തിക്കുകയും പ്രാദേശികമായി ഇടപെടുകയും ചെയ്യുന്ന സമീപനവും
ഇനിയെങ്കിലും നമുക്കുണ്ടാവണം. ഉടനെ തീരുമാനമെടുക്കേണ്ട മുല്ലപെരിയാറും, അതോടൊപ്പം
ഇനിയെങ്കിലും പരിഹാരത്തിനായി ശ്രമിക്കേണ്ടവയാണ് മേല്‍ സൂചിപ്പിച്ച പലതും... ജലത്തെ
പറ്റിയുള്ള ആകുലത ലോകം മുഴുവന്‍ വ്യാപിക്കുമ്പോള്‍ നമുക്കായി മാറി നില്ക്കാന്‍
ആവില്ല. ഇനിയെങ്കിലും നമ്മുടെ വികസന സങ്കല്‍പ്പത്തില്‍ മാറ്റം ഉണ്ടാവട്ടെ.
“കാടുകള്‍ വെട്ടി വെളുത്തു, കരിമണ്‍ - മേടുകള്‍ പൊങ്ങി കമ്പനി വക്കില്‍ ആറുകളില്‍ കുടി വെള്ളം വിഷമായ് മാറുകയാം കെടു രാസ ജലത്താല്‍” കൊന്നപ്പൂക്കളിലെ വൈലോപ്പിള്ളിയുടെ വരികള്‍ എത്ര ദീര്‍ഘ വീക്ഷണത്തോടെ ആയിരുന്നു. കാടുകള്‍ വെട്ടി ത്തെളിച്ച് നാം വികസന മന്ത്രം ചൊല്ലുമ്പോള്‍ ഒന്നോര്‍ക്കുക വരും കാലം ജലത്തിനു വേണ്ടി നാം ഏറെ പൊരുതേണ്ടി വരുമെന്ന്! നമുക്ക് ബാക്കിയായ ജലാശയങ്ങളെങ്കിലും കാത്തു സൂക്ഷിക്കാം. വരും തലമുറക്ക് അതെങ്കിലും നമുക്ക് ബാക്കി വെക്കേണ്ടേ? ജലം സൂക്ഷിച്ച് ഉപയോഗിക്കാന്‍ നമുക്ക് പരിശീലിക്കാം, ഒപ്പം നമ്മുടെ കുട്ടികളേയും പഠിപ്പിക്കാം. അങ്ങനെ നമുക്കും ജല സാക്ഷരത നേടേണ്ടതുണ്ട്. |