രശ്മി കെ.എം
കാല്‍ക്കീഴില്‍ ഭൂമി വഴുതിക്കളിച്ചപ്പോള്‍
ചുടുകാറ്റിന്റെ തിരയിളക്കത്തില്‍ മുങ്ങിപ്പോയപ്പോള്‍
എന്തെല്ലാമോ ചെയ്യണമെന്നു വിചാരിച്ചു.
ഒന്നും സംഭവിച്ചില്ല.
ഉണക്കുവീണു തുടങ്ങിയ കണ്ണുകളില്‍
വീണ്ടും നീരു പൊടിഞ്ഞു.
അത്രമാത്രം.
ഇരുട്ടിലേക്കു വീണുപോയ അവകളെ
കണ്ടവരോ അറിഞ്ഞവരോ ഇല്ല.
പുറന്തള്ളിയ കണ്ണുകള്‍ക്കും വേണ്ട.
ഏറ്റുവാങ്ങാന്‍ ആളില്ലാതെ
ഒഴുക്കിന്റെ തുടര്‍ച്ചപോലും നഷ്ടപ്പെട്ട്
ചിതറിവീണു മരിച്ചു.
അതിന്റെ ചൂടേറ്റ് ഇരുട്ടിനു പൊള്ളിയിട്ടുണ്ടാകുമോ...
നനവു ഭൂമിയില്‍ പ്രളയമുണ്ടാക്കിയിട്ടുണ്ടാകുമോ...
ആവിയാക്കാനാകാതെ സൂര്യന്‍ വിയര്‍ത്തിട്ടുണ്ടാകുമോ...
ഉപ്പുപാറകളുടെ പര്‍വ്വതം കയറുവാന്‍
ആരോഹകര്‍ പുറപ്പെട്ടിട്ടുണ്ടാകുമോ...
അതിന്റെ ഭാരത്താല്‍ വിറച്ച്
ഭൌമാന്തരത്തില്‍ വിള്ളലുകളുണ്ടായത്
റിക്ടര്‍ മെഷീനുകള്‍ മണത്തറിഞ്ഞിട്ടുണ്ടാകുമോ...
ഉണ്ടാകാതിരിക്കില്ല.
പ്രപഞ്ചപഠനങ്ങളുടെ പ്രബന്ധവരികളില്‍
എവിടെയെങ്കിലും ആരെങ്കിലും
അവയെ എഴുതി വയ്ക്കും.
സുനാമി പോലെ ഭംഗിയുള്ള ഒരു പേര്
പതിച്ചു കൊടുക്കും.