Wednesday, August 31, 2011



സിന്ധു. എസ്‌

കവിതേ,

ഞാൻ നിന്നെ

ഏറെ തിരഞ്ഞു

പാതവക്കിൽ

വഴിയമ്പലത്തിൽ

നായ്ക്കുട്ടികൾ

ആട്ടിയകറ്റപ്പെടുന്ന

പീടികത്തിണ്ണയിൽ

പിച്ചപ്പാത്രത്തിൽ

തെരുവുപെണ്ണിന്റെ

പേറ്റുനോവിൽ

ദാരിദ്ര്യത്തിന്റെ

നിസ്സഹായതയിൽ

അങ്ങനെയങ്ങനെ...

ഒരുപാട്‌ ദൂരത്തിനപ്പുറം

നിന്നെ ഞാൻ കണ്ടു.

വിഷയദാരിദ്ര്യച്ചൂളയിൽ

കൈയ്യിലെ വിലങ്ങിലേക്ക്‌

നിസ്സഹായയായി നോക്കി

ഇരുട്ടിലേക്കു തുറക്കുന്ന

കമ്പിയഴികളിലൂടെ

വെളിച്ചവും തേടി

നീ ദൂരേയ്ക്കു മറയുന്നത്‌.

എനിക്കൊന്നിനുമായില്ല

തിരിച്ചുവിളിക്കാൻ

സാന്ത്വനിപ്പിക്കാൻ

ഒന്നിനും.

കവിതേ...

മാപ്പ്‌.







പ്രഫുല്ലൻ തൃപ്പൂണിത്തുറ



ഏക്കാളവും പൂത്തും ചിരിച്ചും

പൂക്കാവടി വീണ്ടും ചമച്ചും

നിർന്നിമേഷനായ്‌ നിൽപ്പാണെന്നും

പവിഴമല്ലി, തെക്കേച്ചുറ്റിലിന്നും

എന്നുമൊരേപോലെ നിന്നും കൊഴിഞ്ഞും

കാലചക്രത്തെ താനേ തിരിച്ചും

ക്ഷേത്രാങ്കണത്തിൽഹരിതാഭ നെയ്തും

നിൽപ്പൂ പുത്തൻ കഥകൾ ചമച്ചും

കാലത്തിനൊപ്പം ചിരിച്ചും കളിച്ചും

ഗ്രാമചരിതം തിരുത്തിക്കുറിച്ചും

ശ്രീമൂലസ്ഥാനമറിയിച്ചുകൊണ്ടും

നിൽപു തണലാകെ സൃഷ്ടിച്ചുകൊണ്ടും

കാനനം നാടായി മാറിയശേഷം

നൂറ്റാണ്ടു മുൻപേ ജനിച്ചൊരു സസ്യം

ഭക്തർക്കു സായൂജ്യമേകുന്നരംഗം

കാണുന്നു സാക്ഷ്യം ദേവീസഹായം .





മാത്യൂ നെല്ലിക്കുന്ന്


ഓണം , ഓർമ്മകളുടെ വസന്തമാണ്.


ഓണം നമ്മുടെ ഓർമ്മകൾക്കുള്ളതാണ്.
ഒരിടത്തും ഉറയ്ക്കാതെയുള്ള ഓട്ടത്തിൽ അല്പം തിരിഞ്ഞ് നിൽക്കാനുള്ള അവസരം നാം നഷ്ടപ്പെടുത്തരുത്.

കുറച്ച് പൂവിടാം.
പൂക്കളുടെ പേരുകൾ മറന്നു പോയവരെ ഓർമ്മിപ്പിക്കണം.
പ്രത്യേകിച്ച് പ്രയോജനമൊന്നും ഇല്ലെങ്കിലും പൂക്കൾ നമ്മെ സമാശ്വസിപ്പിക്കും.
അവ നമ്മെ നോക്കി ഒന്നും പ്രതീക്ഷിക്കാതെ.
ഓണത്തിനു പുത്തൻ വസ്ത്രങ്ങൾ അണിയാൻ എല്ലാവർക്കും കഴിയട്ടെ.
പൂവിളി വേണം.
വിക്കിലീക്സ് കുഴ്പ്പിച്ചില്ലെങ്കിൽ ഓണം പുതിയ ഒന്നും വെളിപ്പെടുത്താതെതന്നെ ആഘോഷിക്കാം.
പൂക്കൾ പറിക്കാൻ കുറെ ദൂരം പോകണം.

അത് ഒരു ത്യാഗമായി നാമെല്ലാം ഏറ്റെടുക്കണം. നമ്മുടെ സംസ്കൃതിക്കുള്ള ത്യാഗം
മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പൂക്കൾകൊണ്ട് പൂക്കളം തീർക്കുന്നതിൽ ഒരു ത്രില്ലില്ല.
ചുറ്റുവട്ടത്തുള്ള തൊടികളിൽ അല്പം ചുറ്റണം.
തൊടികളില്ലെങ്കിൽ ഒരു ചെറിയ യാത്ര നല്ലതാണ്.

പൂ കിട്ടാതിരിക്കില്ല.


ഓണം , ഓർമ്മകളുടെ വസന്തമാണ്.






എം.കെ.ഹരികുമാർ


ഒരു പക്ഷി കല്ലിൽ വന്നിരുന്നു.

കല്ലിനുള്ളിലെ പക്ഷി അതിനോട് പറഞ്ഞു :

വരൂ.

എന്നൽ ആദ്യമായി അവിടെ

പറന്നിറങ്ങിയ പക്ഷി

ഒരു ആഹ്വാനവും കേട്ടില്ല.

അതിന്റെ ചിറകുകളിലെ കീടങ്ങൾ

അവിടെ ചത്തുവീണുകൊണ്ടിരുന്നു.

പറന്നു പോയ പക്ഷിയെ ഓർത്തു വിഷാദിച്ച

കല്ലിനുള്ളിലെ പക്ഷി വീണ്ടും കരഞ്ഞു.

ഒരിക്കലും ഇനിയൊരു സമാഗമം ഇല്ലല്ലൊ എന്നോർത്തപ്പോൾ അത് കല്ലിനുള്ളിൽ തലയടിച്ച് വീണു.







































സിന്ധു എസ്

















































Monday, August 29, 2011




എം.കെ.ഖരീം


മീരാ, പ്രണയ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ ആകാശത്തിനു എന്ത് ശോഭ! ഞാന്‍ എന്താണോ അത് തന്നെയാണ് ആകാശത്തു അനുഭവിക്കുന്നത് എന്ന നിന്റെ കത്തിലെ വരികള്‍ ഇന്ന് സഞ്ചാരിയെ കേള്‍പ്പിച്ചു. ഓരോ ഹൃദയത്തിലും പ്രണയം വിരിയട്ടെ എന്ന് അദ്ദേഹം.. പിന്നെ ഈ പ്രപഞ്ചത്തില്‍ നിന്നും ഇരുട്ട് മായുമല്ലോ!

പ്രണയമേ, എവിടെയാണ് നമുക്ക് പിഴച്ചത്? വെളിച്ചം കളഞ്ഞു ഇരുട്ട് വാങ്ങിയതിലോ, അഹങ്കാരത്തിന്റെ തെരുവായി മാറിയതിലോ?

ഈസാ നബിയെ കുരിശില്‍ തറച്ചവര്‍ വെട്ടം കളഞ്ഞ് ഇരുട്ട് വാങ്ങുകയായിരുന്നു. കുരിശില്‍ കിടന്നുപിടഞ്ഞ ഉടലും ചിരിച്ചുപോയ ആത്മാവും. ആത്മാവിന്റെ കൂട് തകര്‍ക്കാം. ആത്മാവിനെ പിളര്‍ക്കാന്‍ ആയുധങ്ങള്‍ക്കാവില്ലല്ലോ. മൂന്നാം നാള്‍ ഉയിര്‍ത്തത് അവനല്ല , അവനിലെ അതാണ്‌. സ്ത്രീയോ പുരുഷനോ അല്ലാത്ത അത്. മൂന്നു നാളത് ഭൂമിയില്‍ ഇരിക്കാന്‍ ഇരിപ്പിടം തേടി അലഞ്ഞു. മനുഷ്യ ഹൃദയങ്ങള്‍ ചേറിലും അഹന്തയിലും മുങ്ങി പോയിരുന്നു. ആരും ഏറ്റെടുക്കാനില്ലെന്ന് കണ്ടു അത് ആകാശത്തേക്ക് ഉയരുകയായിരുന്നു. മറ്റൊരു ഉടലില്‍ മടങ്ങിയെത്താന്‍ കാത്തിരിക്കുന്നു. മൂന്നാം പക്കം ഭൂമിയില്‍ നിന്നും ഉയര്‍ന്ന വെട്ടം ഈസയെന്നു തെറ്റിദ്ധരിച്ചു. കണ്ടവര്‍ നാലു പാടും ചിതറി രൂപം പണിതു പ്രാര്‍ഥിക്കാന്‍ തുടങ്ങുകയും... അത് ഈസയല്ല. എന്നിലും നിന്നിലും പാരിലും ഉള്ള അത്. അതിന്റെ സാന്നിധ്യമാണ് ഭൂമിയിലും ആകാശത്തും സ്വര്‍ഗത്തിലും സമാധാനം പരത്തുന്നത്.

പ്രണയമേ ,എന്റെ പാനപാത്രം നിറക്കുക.
എന്നില്‍ തുള്ളി തുളുമ്പുക.
നമുക്ക് പണ്ടത്തെ ആകാശങ്ങളിലേക്ക് മടങ്ങാം.
അശാന്തിയുടെയും കലാപത്തിന്റെയും
ഇടങ്ങളില്‍ നിന്നും പുറത്തു കടക്കാം.
പണ്ടത്തെ മരുഭൂമിയില്‍ നിന്നും
കാറ്റിന്റെ ഹുങ്കാരത്തില്‍ നിന്നും
നമുക്കാ പ്രണയം വായിച്ചെടുക്കാം.
എല്ലാം തടുത്തു കൂട്ടി
മഞ്ചാടി പെറുക്കി വയ്ക്കുന്ന
ആ കളിക്കൂട്ടുകാരായി അലയാം.


ജ്ഞാനിയുടെ പാതകളെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് അജ്ഞതയുടെ കാല്‍പ്പാടുകളെ...
ജ്ഞാനി പുസ്തകങ്ങളില്‍ നിന്നും ഉദ്ധരിക്കുന്നു; അജ്ഞന്‍ ചോദ്യങ്ങള്‍ എയ്യുകയും... സംശയത്തിന്റെ വേരുകളിലാണ് സത്യങ്ങള്‍ മുളക്കുക. അത് കരിയില മൂടി കിടക്കുന്നു. നാമോ അത് കാണാതെ ആകാശം നോക്കി നില്‍ക്കുകയും. ജ്ഞാനിയുടെ പുസ്തകങ്ങള്‍ പിന്തുടര്‍ന്ന് പരാശക്തിയെ പിടിക്കാന്‍ നടക്കുന്നു. ഭൂതകണ്ണാടി പിടിച്ചെടുക്കുന്ന ചിത്രങ്ങള്‍ ചുവരില്‍ തറച്ചു പ്രാര്‍ഥിക്കുന്നു.
നീ നിന്നിലേക്ക്‌ തിരിയുക , ഉള്ളിന്റെയുള്ളില്‍ തിരയുക. നിന്നിലെ ഇരുട്ടു മാറാന്‍ പ്രാര്‍ഥിച്ചുകൊണ്ട് പരാശക്തി ഇരിക്കുന്നു.


പ്രണയത്തെ കുറിച്ച്
ആയിരം കവിത രചിക്കാം.
ഒരു നിമിഷത്തിലെങ്കിലും
പ്രണയത്തിലാവുക എത്ര ദുഷ്കരം...
പരാശക്തിയെ കുറിച്ച്
ഗ്രന്ഥങ്ങള്‍ രചിക്കാം,
പരാശക്തിയിലാവുക എത്ര ദുഷ്കരം...

അവര്‍ പ്രണയത്തെ കുറിച്ച്
ഗ്രന്ഥങ്ങളുണ്ടാക്കി
കാമം ആളിക്കുന്നു.
ഞാനോ പ്രണയം തേടി അലയുകയും...

മരുഭൂമിയുടെ ആകാശമേ
എനിക്കെന്റെ പ്രണയത്തെ മടക്കി തരിക.
എനിക്കെന്റെ പ്രാണനെ തിരിച്ചു തരിക.
ഈ ചാരത്തില്‍ നിന്നും ഞാന്‍ ഉയിര്‍ക്കട്ടെ...



എം. കെ. ഹരികുമാർ






ഭാവന മരിക്കുന്നില്ല. അത്‌ പുതിയ മിത്തുകൾ തേടുകയാണ്‌. പഴയ മിത്തുകളെ പുനരാവിഷ്കരിച്ചുകൊണ്ടും നിഷേധിച്ചുകൊണ്ടും മനുഷ്യഭാവന പുതിയൊരു കാലിഡോസ്കോപ്പിക്‌ പരീക്ഷണത്തിന്‌ തയ്യാറെടുക്കുകയാണിന്ന്‌. അത്‌ തകർന്ന ലോകത്തെ മുന്നിൽവച്ചുകൊണ്ട്‌ കാണാതായ കണ്ണികൾ തേടുകയാണ്‌. കവിക്കും കഥാകൃത്തിനും, ഇന്ന്‌, ശൂന്യതയെ അഭിമുഖീകരിക്കുന്നതോടൊപ്പംതന്നെ പുതിയ ലോകങ്ങൾക്കുവേണ്ടിയുള്ള അന്വേഷണങ്ങളും ഏറ്റെടുക്കേണ്ടിവരുന്നു. എല്ലാ മനുഷ്യബന്ധങ്ങളും ചിലപ്പോൾ നാമമാത്രമായേക്കാം. എല്ലാവരും ഒറ്റുകാരോ ആശയങ്ങളുടെ ദല്ലാൾമാരോ ആയേക്കാം. ആശയങ്ങൾതന്നെ നിലനിൽക്കുന്നുണ്ടോ എന്ന്‌ സംശയം ഉയർന്നുവന്നേക്കാം. എല്ലാ മൃദുലവിചാരങ്ങളും വാണിജ്യവത്കരിക്കപ്പെടുകയും ചെയ്തേക്കാം. എന്നാൽ ഇതൊക്കെ സാഹിത്യത്തിന്റെ ആത്മാവ്‌ നഷ്ടപ്പെടുത്തുമെന്ന്‌ വിചാരിക്കുന്നത്‌ തെറ്റായിരിക്കും.



ഈ ലോകം തകർന്നു എന്ന്‌ വിശ്വസിക്കുന്നവരുണ്ട്‌. മനുഷ്യൻ കമ്പോളത്തിലെ വസ്തുവായതോടെ അത്‌ ബലപ്പെടുകയും ചെയ്തു. നൂറ്റാണ്ടുകളായി നിന്ന പലതരം വൈരങ്ങളിലൂടെ എന്തെല്ലാം വന്ധ്യംകരിക്കപ്പെട്ടു! അരുതായ്കകളാണ്‌ നടന്നതിലേറെയും. എങ്കിലും ആത്മാവിന്റെ ആവശ്യത്തിനു പ്രേമിക്കാതിരിക്കാൻ പറ്റുമോ? സ്ത്രീക്കായാലും പുരുഷനായാലും തങ്ങളുടെ സർവ്വ സങ്കടങ്ങളും നിശ്ശബ്ദമായി ഏറ്റുപറഞ്ഞുകൊണ്ട്‌, പശ്ചാത്താപത്തിന്റെയും കാമത്തിന്റേയും അഗ്നിയിൽ വീണെരിഞ്ഞുകൊണ്ട്‌, ശരീരത്തിന്റെയും മനസ്സിന്റെയും പ്രലോഭനങ്ങളിൽ അഭിരമിച്ചുകൊണ്ട്‌ പരസ്പരം ഇണചേരാതിരിക്കാൻ കഴിയുമോ? കഴിയില്ല. ഇതാണ്‌ ജീവിതം. ഭാവന മൃതമായി എന്ന്‌ പറയുമ്പോൾ മനുഷ്യന്റെ ആന്തരിക ലോകം യന്ത്രസമാനമായി എന്ന്‌ തോന്നാനിടയുണ്ട്‌. അല്ലെങ്കിൽ മനുഷ്യന്റെ സർഗ്ഗാത്മകമായ കർമ്മങ്ങൾ ചിട്ടയായ വ്യവസ്ഥയ്ക്കുവേണ്ടി മാത്രം ഉത്പാദിപ്പിക്കാനുള്ളതാണെന്നും ധരിക്കേണ്ടിവരും. ഇതൊന്നുമല്ല ശരി.



ഭാവനയ്ക്ക്‌ ഓരോ കാലഘട്ടത്തിലും അതിന്റെ ചാലുകൾ മാറ്റേണ്ടിവരുന്നു എന്നതാണ്‌ സത്യം. പുതിയ വഴിയും കൂട്ടും ഘടനയും അതിന്‌ ആവശ്യമായി വരുന്നു. മനുഷ്യന്‌ ഇന്ന്‌ കാലത്തിന്റേയും തൊഴിലിന്റെയും അടിമയാകേണ്ടിവന്നിട്ടുണ്ട്‌, മുമ്പെന്നത്തേക്കാളും. ഒരു മിനിറ്റ്‌ തെറ്റിയാൽ സകല പദ്ധതിയും കീഴ്മേൽ മറിയും. അതുകൊണ്ട്‌ മാനസികമായി, നല്ല അഭ്യാസിയുടെ കരുത്ത്‌ നേടിയാലേ പിടിച്ചു നിൽക്കാനോക്കു.



മാനസികമായി പലതിനുവേണ്ടി വ്യഭിചരിക്കപ്പെടുന്നത്‌ ഇന്ന്‌ അംഗീകൃത തത്ത്വശാസ്ത്രമാണ്‌. ഇവിടെയെല്ലാം ഭാവന പഴയ വഴി ഉപേക്ഷിച്ച്‌, കൂട്ടുഘടകങ്ങൾ കണ്ടുപിടിച്ച്‌ പുതിയ വഴിയിലേക്ക്‌ പ്രവേശിച്ച്‌ സ്വയം രൂപപ്പെടുന്നു. ഭാവന ഇന്ന്‌ എല്ലാ വൈരുദ്ധ്യങ്ങളെയും കൂട്ടിക്കലർത്തി

പുതിയ വ്യക്തിയെയും ഭാഷയെയും കണ്ടെത്തുന്നു. ഉപയോഗശൂന്യമായ ചെരിപ്പുകൾ, പ്ലാസ്റ്റിക്‌ പാത്രങ്ങൾ, കുപ്പിച്ചില്ലുകൾ, ഫൈബർ പാത്രങ്ങൾ, പ്ലാസ്റ്റിക്‌ കൂടുകൾ, തകരപ്പാത്രങ്ങൾ എന്നിവയെല്ലാം ശേഖരിച്ചുകൊണ്ടുപോകുന്നത്‌ ഇന്ന്‌ നമ്മുടെ നാട്ടിലെല്ലാം കാണാം. അതിനോക്കെ ഉപയോഗമുണ്ട്‌. അച്ചടിച്ച കടലാസ്സുതന്നെ പൾപ്പാക്കി വീണ്ടും കടലസ്സാക്കുന്നു. ഇത്‌ നിർമ്മാണപരമായ സാധ്യതയാണ്‌. എന്നാൽ വിനോദ നോവലുകൾ, നർമ്മ കഥകൾ, വിനോദ സിനിമകൾ, ആക്ഷൻ ജീവിതരീതികൾ, മിമിക്രി വീഡിയോ കാസറ്റുകൾ, തമാശപ്പാട്ടുകൾ എല്ലാം പാഴ്‌വസ്തുക്കളുടെ വലിയ ശേഖരം കലയിൽ സൂക്ഷിച്ചിട്ടുണ്ട്‌. ഇതെല്ലാം അഭിമുഖീകരിക്കുന്ന ഒരാൾക്ക്‌ മറ്റൊരു രീതിയിൽ അവയെ ഉപയോഗിക്കാൻ കഴിയേണ്ടതാണ്‌. അങ്ങനെ ഓരോ വസ്തുവിന്റെയും വ്യാവസായിക കമ്പോളമൂല്യം മനസ്സിലാക്കി, അതുപയോഗപ്പെടുത്തി ഭാവന ഇന്നത്തെ മനുഷ്യരുടെ ചിന്തയെ ഭരിക്കുന്ന വിവിധതരം ആവേഗങ്ങൾ കണ്ടെത്തുന്നു. സമകാലീനത കലയ്ക്ക്‌ ഒരാവശ്യമാണെന്ന്‌ തിരിച്ചറിയുക കൂടിയാണ്‌. ഇവിടെ ഭാവന അതിന്റെ അന്ത്യം കാണുകയല്ല, പുതിയ വഴിയിലൂടെ സഞ്ചരിക്കുകയാണ്‌.





ഭാവന മരിച്ചു എന്ന്‌ ഉദ്ഘോഷിക്കുന്ന അരുന്ധതി റോയിയോട്‌ ഈ ചുറ്റുപാടുകളിൽ യോജിക്കാൻ കഴിയുന്നില്ല. ആശയങ്ങളുടെയും അനുഭവങ്ങളുടെയും ലോകത്ത്‌ മനുഷ്യൻ അനാഥനല്ല എന്ന്‌ വിശ്വസിച്ച സാഹിത്യകാരന്മാരുടെ പാരമ്പര്യത്തിൽനിന്നുള്ള വഴുതിമാറൽ കഴിഞ്ഞകാല സാഹിത്യത്തിന്റെ പ്രധാന സ്വഭാവമായിരുന്നു. അത്‌ പ്രതീക്ഷയുടെ കാഹളമായിരുന്നു. ആശയങ്ങൾക്ക്‌ മതപരവും രാഷ്ട്രീയവുമായ സ്ഥാപനങ്ങളുടെ പിൻതുണയുണ്ടെന്ന് വരുത്തിത്തീർത്ത്‌ അതിലൂടെ മനുഷ്യന്റെ യാഥാർത്ഥ്യത്തിന്റെ താപത്തെ മറികടക്കാമെന്ന്‌ പലരും മോഹിച്ചു. ആദർശാത്മകമായ മുഖം മൂടികൾ അത്‌ ചരിത്രത്തിന്‌ നൽകി. മനുഷ്യനെ വീണ്ടെടുക്കാൻ യുക്തികൊണ്ട്‌ ഒരു സംഘം ആളുകൾ പടവെട്ടിക്കൊണ്ടിരുന്നു. ഷെല്ലി, ബൈറൺ, കീറ്റ്സ്‌....യുക്തിവാദികളുടെ ആക്രാന്തങ്ങൾക്കിടയിലും മനുഷ്യനെ മറക്കാനുള്ള ശ്രമം നടന്നു, ബോദ്‌ലേർ , സ്പിനോസ, മല്ലാർമെ.... എന്നാൽ ആ ശ്രമങ്ങളുടെയെല്ലാം കലുഷമായ പുകമറയിൽനിന്ന്‌, മനുഷ്യമനസ്സിൽ അടിഞ്ഞുകൂടിയ നിരാശയിൽനിന്ന്‌ പിറവിയെടുത്ത ആധുനികതയാകട്ടെ, പിക്കാസോ, കാഫ്ക, ബെക്കറ്റ്‌.... ആശയങ്ങളെയും അനുഭവങ്ങളെയും മനുഷ്യനിൽ നിന്ന്‌ പറത്തിവിട്ടു. മനുഷ്യന്റെ സ്വകാര്യദുഃഖമോ ശാരീരിക ചലനങ്ങളോ ലക്ഷ്യം തെറ്റിയ പക്ഷികളെപ്പോലെ അവനിൽ നിന്ന്‌ പറന്നുപോയി. ശരീരത്തിന്റെയും വികാരത്തിന്റെയും ഒടുവിലാണ്‌ ആധുനികതയുടെ ചിന്ത ആരംഭിക്കുന്നത്‌. ഒരിക്കൽപോലും അവനവനെ നേരിൽ കാണേണ്ടിവന്നിട്ടില്ലാത്ത കഥാപാത്രങ്ങൾ അങ്ങനെ ഉണ്ടായി. ഏത്‌ മനുഷ്യനും കഥാപാത്രമാകുന്നില്ലെന്ന്‌ ആധുനികത പ്രഖ്യാപിച്ചു. മറിച്ച്‌ പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളാകട്ടെ മനുഷ്യശരീരത്തിനപ്പുറമുള്ള കാൽപനികതയായി. ചെറിയ പ്രശ്നങ്ങൾ വലിയ സമസ്യകളും ദാർശനികമായ വേദനകളുമായി. ബെക്കറ്റിന്റെ 'ഗോദോയെ കാത്ത്‌' എന്ന നാടകം ലഘുവായ അനുഭവങ്ങൾ പോലും അസ്പൃശ്യമാണെന്ന്‌ സിദ്ധാന്തിക്കാനുള്ള ശ്രമമായിരുന്നു.





ആധുനികത എപ്പോഴെങ്കിലും പ്രകൃതിയിലേക്ക്‌ പോകണമെന്ന്‌ ശഠിച്ചെങ്കിൽ അത്‌ കാപട്യമാണ്‌. കാരണം, പ്രകൃതിയിലേക്ക്‌ പോകുക എന്നത്‌, ആധുനിക നാഗരികാവസ്ഥയിൽ മോഹനസ്വപ്നം മാത്രമാണ്‌. പ്രകൃതി ഇന്നില്ല എന്നതാണ്‌ സത്യം. കവിത്വത്തിന്റെ, സർഗ്ഗാത്മകതയുടെ ഏറ്റവും പ്രാഥമികമായ ഘട്ടം മാത്രമാണ്‌ പ്രകൃതിയെ ആസ്പദിച്ചുള്ള സങ്കൽപം. ആ സങ്കൽപം സമകാല നാഗരികതയുമായി സംഘർഷത്തിലാകുമ്പോഴേ ഫലമുണ്ടാകൂ. അതിലൂടെ ചരിത്രത്തിന്റെ ഗതിയിൽ വേറിട്ട മാനം ഉണ്ടാകുന്നു. ഭാവന, ഇവിടെ പുതിയ സങ്കര ഉള്ളടക്കമായിത്തീരുകയാണ്‌. കുറേക്കൂടി ജീവിതത്തെ സംഭരിച്ച മനുഷ്യാവസ്ഥയെ അവതരിപ്പിക്കുകയാണ്‌ .





പ്രകൃതിയോട്‌ അടുപ്പം കാണിക്കുന്നു എന്ന്‌ ഭാവിക്കുക മാത്രമാണ്‌ ആധുനികത ചെയ്തത്‌. അതും ഗുപ്തവും വികലവുമായി . വാസ്തവത്തിൽ മനുഷ്യചരിത്രത്തെ വിസ്മരിക്കാനുള്ള ഉള്ളിലെ ആവേശത്തെ, ആശയങ്ങളെയും അനുഭവങ്ങളെയും മനുഷ്യനിൽ നിന്ന്‌ പുറത്തു കടത്തിക്കൊണ്ടു പോകാനുള്ള താത്പര്യത്തെ അവർ താലോലിക്കുകയായിരുന്നു. പ്രകൃതിയിലേക്കുള്ള യാത്ര അപ്രാപ്യമാണെന്നറിഞ്ഞുകൊണ്ടുള്ള ഗൃഹാതുരത്വം ശുദ്ധമായ കാൽപനികയാണ്‌ പകരുന്നത്‌. എന്നാൽ രണ്ടു പ്രാവശ്യം പറഞ്ഞാൽ കത്തിക്കരിഞ്ഞുപോകുന്ന വാക്കുകളുടെ ഈ ജീവിതത്തിൽ ഓരോ വാക്കിന്റെയും സാക്ഷാത്കാരമെവിടെ? വാക്കുകൾ മുനകുത്തി വീഴുന്നതുകൊണ്ട്‌ പുതിയ മേച്ചിൽപ്പുറങ്ങൾ തേടാനും ആധുനികർക്കായില്ല. ജീവിതത്തിന്റെ ഒരിടം കണ്ടെത്തിയതിലാണ്‌ അവർ പരാജയപ്പെട്ടത്‌. അവർ കണ്ടെത്തിയ ലോകം നിഗൂഢവും വികാരരഹിതവും ശരീരത്തിനു വെളിയിലുള്ളതുമാണ്‌. ഇതിൽനിന്നുള്ള തിരിച്ചുവരവ്‌ ഇനി ജീവിതത്തിലേക്കാണ്‌.





ശരീരത്തിലേക്കും മനസ്സിലേക്കും ,കഴിഞ്ഞകാല സാഹിത്യധാരകളുടെ ചക്രപ്പാടിൽ നിന്നു മാറി സഞ്ചരിക്കേണ്ട കാലമാണിത്‌. ഇന്ന്‌ സാഹിത്യത്തിന്‌ അനുവദിക്കപ്പെട്ട സമയവും സ്ഥാനവും ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്‌. സാഹിത്യത്തെ അതിന്റേതായ പാരമ്പര്യങ്ങളുടെ നിശ്ചലതയിൽനിന്നു മോചിപ്പിക്കുക മാത്രമാണ്‌ ഇന്നത്തെ സമസ്യ. കലാശിൽപത്തെ സംബന്ധിച്ച ധാരണ മാറുക എന്നതാണ്‌ പ്രധാനം. സകല മനുഷ്യാനുഭവങ്ങളുടെയും സമഗ്രമായ ആവിഷ്കാരം എന്ന നിലയിൽ സാഹിത്യം നിലകൊള്ളുമ്പോൾതന്നെ അനുഭവങ്ങളെ ആവരണം ചെയ്യുന്ന അയഥാർത്ഥ്യങ്ങളിൽനിന്നുള്ള മോചനവും ചോദ്യമുയർത്തുന്നു. പഴകിയ ശൈലിയിൽ, സാഹിത്യമെന്നത്‌, ഉള്ളതിനെ പെരുപ്പിച്ചുകാട്ടലായി മാറി. യഥാർത്ഥ്യത്തെ, ദുഃഖത്തെ ജീവിതസാഹചര്യത്തിൽ നിന്ന്‌ മാറ്റി നിർത്തി നിരീക്ഷിക്കുകയും അനന്തമായ പരിവേഷം നൽകി അയഥാർത്ഥമായ സൗന്ദര്യം ആരോപിക്കുകയും ചെയ്തു. അതുകൊണ്ട്‌ സാഹിത്യമെന്ന അയഥാർത്ഥ്യത്തിനെതിരെ സൂക്ഷ്മചരിത്രമെന്ന സാഹിത്യംകൊണ്ട്‌ പൊരുതേണ്ടിയിരിക്കുന്നു. എന്നല്ല സാഹിത്യം എന്നത്‌ സാഹിത്യചിന്തയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിക്കഴിഞ്ഞു. .





ചപ്പുചവറുകൾ പെറുക്കിയെടുത്ത്‌ വീണ്ടും ഉപയോഗത്തിലേക്ക്‌ കൊണ്ടുവരുന്ന സാങ്കേതിക സമ്പദ്‌മേഖലയാണ്‌ ഇന്നത്തേത്‌. സാഹിത്യത്തിലുമുണ്ട്‌ ഈ സമ്പദ്മേഖല . വലിച്ചെറിയുന്ന ആശയങ്ങൾ, ചിന്തകൾ എല്ലാം ഉപയോഗിച്ച്‌ പുതിയ സാമഗ്രികൾ ഉണ്ടാകുന്നു. പ്ലാസ്റ്റിക്‌ റിഫ്രഷിംഗിന്റെ അതേ ഇക്കോണമി സാഹിത്യത്തിലുമുണ്ടെന്നാണ്‌ ഇതെല്ലാം സൂചിപ്പിക്കുന്നത്‌. നവീന സാഹിത്യം കഴിഞ്ഞകാല ആശയസമ്പാദന രീതിയെയാണ്‌ ഭേദ്യം ചെയ്യുന്നത്‌. കാലത്തെ സാമ്പ്രദായിക തത്ത്വശാസ്ത്രങ്ങളിൽ നിന്ന്‌ മോചിപ്പിക്കുകയും ദൈനംദിനജീവിതത്തിന്റെ നാഗരികാനുഭവങ്ങളിൽ തിരിച്ചറിയുകയാണ്‌ ഇന്നത്തെ സാഹിത്യം. പുതിയ സാഹിത്യം ചതുരവടിവുള്ള പ്രമേയങ്ങൾ തിരക്കി ഉത്കണ്ഠാകുലമാകുന്നില്ല. പ്രമേയങ്ങൾ ആണ്‌ എവിടെയും. അല്ലെങ്കിൽ ഓരോ നിമിഷവും പ്രമേയമായിത്തീരുകയാണ്‌. ട്രെയിൻ ഓടുന്നത്‌, മരങ്ങളുടെ ഇലകൾ കാറ്റിൽ ആടുന്നത്‌ തുടങ്ങി സാധാരണ ദൃശ്യങ്ങൾപോലും പ്രമേയങ്ങളാണ്‌. അവ പുതിയ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടിൽ സൃഷ്ടിക്കുന്ന അർത്ഥങ്ങളും അതിനോട്‌ കെട്ടുപിണഞ്ഞ്‌ മോചനമില്ലാതായിത്തീരുന്ന നാഗരികതയുമാണ്‌ പ്രമേയം. അവിടെ, ഓരോ നിമിഷത്തിന്റേയും അണു അതിനോടുതന്നെ നടത്തുന്ന സംഘട്ടനമാണ്‌ ആത്മീയത. പ്രതിഷേധമോ ആസ്വാദനമോ മാത്രമല്ല പ്രമേയം.





മുഖവും രൂപവുമില്ലാത്ത അനുഭവങ്ങൾപോലും ഏതോ ബൃഹത്തായ അറിവുകളുടെ സുപ്രധാന രേഖകളാണ്‌. ഓരോ നിമിഷവും ജീവന്റെ സമഗ്രാവസ്ഥയുടെ അംശങ്ങളായി നിൽക്കുന്നു. ഓരോ കണവും ഓരോ സ്വതന്ത്ര്യ സ്വയംസുഘടിത ഇതിവൃത്തമാണ്‌ എന്ന തത്ത്വചിന്തയാണ്‌ ഇന്നത്തെ സാഹിത്യം മുന്നോട്ടുവെക്കുന്നത്‌. ഇത്‌ പുതിയ ജീവിതത്തിന്റെ സംഘർഷാത്മകമായ അറിവിൽനിന്നുണ്ടായ തത്ത്വശാസ്ത്രംതന്നെയാണ്‌.



സ്വതന്ത്ര ഇതിവൃത്തമെന്നത്‌ അമൂർത്തമായ ആശയമേയല്ല. ഒരാൾ പാടുന്നത്‌, പ്രേമിക്കുന്നത്‌, ചെടിക്ക്‌ വെള്ളമൊഴിക്കുന്നത്‌ എന്നിവയെല്ലാം ഓരോ സ്വാതന്ത്ര്യ ഘടനകളാണ്‌. പാടുമ്പോൾ അയാൾ സ്വയം ആവിഷ്കരിക്കുന്നു. അത്‌ മനസ്സിന്‌ ആനന്ദം പകരുന്നു. എന്നാൽ അയാൾ പാടുന്നത്‌ മറ്റൊരാളെ അനുകരിച്ചാണെങ്കിൽ അതിൽ അയാളുടെ മൗലികമല്ലാത്ത ജീവിതമാണുള്ളത്‌. പാടാനുള്ള ജീവിതാവസ്ഥ അയാൾക്ക്‌ എങ്ങനെ വന്നു വന്നുചേർന്നുവെന്നതാണ്‌ അടുത്ത പ്രശ്നം. ആനന്ദംകൊണ്ടാണോ പാടുന്നത്‌? അതോ സങ്കടംകൊണ്ടോ? എങ്കിൽ ആനന്ദം എങ്ങനെയുണ്ടായി? സങ്കടം എങ്ങനെയുണ്ടായി? അയാൾ മറ്റുള്ളവരുമായി സഹവസിക്കുന്നതിലെ താളം ഉൾക്കൊണ്ട്‌ മനമലിഞ്ഞ്‌ പാടുകയാണോ? അതോ ജീവിക്കാൻവേണ്ടി കൂലിക്കുവേണ്ടി പാടുകയാണോ? എങ്കിൽ അത്‌ രാഷ്ട്രീയത്തിലെ ചോദ്യമാണ്‌.



പാട്ടുപാടിക്കൊണ്ട്‌ എല്ലാം മറക്കുകയാണെങ്കിൽ ആക്ടിവിസ്റ്റുകളോട്‌ അയാൾ എങ്ങനെ പ്രതികരിക്കും? അതുകൊണ്ട്‌ ആധുനിക നഗരത്തിലെ ഏത്‌ വൈകാരിക, വൈചാരിക അനുഭവവും ചെന്നുചേരുന്നത്‌ അറിവിന്റെ അനന്തമായ കാരാഗൃഹങ്ങളിലാണ്‌. നൂറുനൂറ്‌ ആത്മീയ ഘടനകളിലാണ്‌. എന്നാൽ കാരാഗൃഹമാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ ഒരാൾ പെസിമിസ്‌റ്റോ ഒപ്റ്റിമിസ്റ്റോ ആകുന്നില്ല.



ജീവിതത്തിൽ ഒപ്റ്റിമിസവും പെസിമിസവും കൂടിക്കുഴഞ്ഞാണ്‌ കിടക്കുന്നതെന്നറിയുക. അവയെ വേർതിരിച്ച്‌ ശുഭാപ്തിബോധത്തിലോ നിരാശാബോധത്തിലോ, ഏതെങ്കിലും ഒന്നിൽ, ഉറപ്പിച്ചു നിർത്തുന്നത്‌ ആശയപരമായ ആധിപത്യവും മാനുഷികമായ തകർച്ചയുമാണ്‌. ഇതുകൊണ്ട്‌ പുതിയ സാഹിത്യം വർത്തമാന ജീവിതത്തിന്റെ വിവിധങ്ങളായ ദേശീയ, പ്രാദേശിക ജീവിതപരിതോവസ്ഥകളിലൂടെ കടന്നുപോകുന്നു.



അതിവിപുലമായ സംവേദനമെന്ന ആശയത്തിന്റെയോ അനുഭവത്തിന്റെയോ സ്വതന്ത്രമായ സ്വയംസുഘടിത ഘടനയാണ്‌ സാഹിത്യമായി തീരുന്നത്‌. ആന്ദ്രേ ബ്രിങ്കിന്റെയോ മൈക്കേൾ ഒണ്ടാത്ജെയുടെയോ സാഹിത്യത്തിലെ ശിൽപത്തെ സാഹിത്യപരമായി പുനഃക്രമീകരിക്കുന്നതുകൊണ്ട്‌ നമുക്ക്‌ മറ്റൊരു ചരിത്രസന്ദർഭം ലഭിച്ചേക്കാം. മൈക്കലാഞ്ചലോയുടെ ശിൽപത്തെയും പുനഃക്രമീകരിച്ച്‌ മനസ്സിലാക്കാവുന്നതാണ്‌. പുതിയ സാഹിത്യത്തിന്റെ ചരിത്രവീക്ഷണവും മാറിക്കഴിഞ്ഞു എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ആകെയുള്ള ചരിത്രബോധത്തെ കാൽപനികമായി ഇന്നത്തെ സാഹിത്യം തേടുന്നില്ല. ചരിത്രത്തെ ആഭരണങ്ങളണിയിച്ച്‌ മനുഷ്യസാമാന്യതയിൽ നിന്ന്‌ അകറ്റിക്കൊണ്ടുപോകുന്നുമില്ല.





എല്ലാവരും ചരിത്രമെന്ന്‌ വിളിച്ച്‌ അംഗീകരിക്കുന്നത്‌ ഇവിടെ വീണ്ടുവിചാരത്തിനും നവീകരണത്തിനും വിധേയമാവുന്നു. വേർപെടുത്തപ്പെട്ട ഓരോ ചലനവും ഓരോ ചരിത്രാംശമായി മാറുകയാണ്‌ ഇന്ന്‌. അതിന്റെയർത്ഥം ജീവിതം അതിസ്ഥൂലതയിൽ അതിസൂക്ഷ്മമായി എന്നതാണ്‌. ലോകത്തെ ഒന്നായി കാണുമ്പോൾതന്നെ ലോകത്തിലെ ഓരോ അണുവും പരസ്പരം സംഘട്ടനത്തിലേർപ്പെടുന്നു. ഓരോ സത്തയും മറ്റേതോ സത്തയ്ക്കെതിരെ പൊരുതുകയും അതീതമായ ഏതോ സത്തയിൽ ലയിക്കാൻ യത്നിക്കുകയും ചെയ്യുന്നു. ഇത്‌ ഒരേ കാലത്തിലുള്ള വലിയ വൈരുദ്ധ്യമാണ്‌. ലോകം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നുവെന്ന് വൈറ്റ്‌ഹെഡ്‌ പറഞ്ഞു. നിരന്തര ചലനങ്ങളിൽനിന്ന്‌ ഏതെങ്കിലും അർത്ഥത്തിന്റെയോ അറിവിന്റെയോ കടമെടുത്ത്‌ സ്വാഭാവികതയെ പകർത്തുന്നതിൽ ഇന്നത്തെ രചനയുടെ യാഥാർത്ഥ്യമുണ്ട്‌. പുതിയ സാഹിത്യം വെറും യാഥാർത്ഥ്യവാദത്തിന്റെ രൂപഭാവം മാറ്റുന്നു . അത്‌ പുതിയ ചരിത്ര സമീക്ഷകൾക്ക്‌ വഴിമാറിക്കൊടുക്കുകയും ചെയ്യുന്നു. വിജയന്റെ 'പ്രവാചകന്റെ വഴി' എന്ന നോവൽ പുതിയ പ്രതീക്ഷകൾ തരുന്നത്‌ ഈ സാഹചര്യത്തിലാണ്‌.





വ്യാമിശ്രമായ ജീവിതാവബോധം ഇത്‌ തരുന്നു. അത്‌ ഗുണിതങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഏതെങ്കിലും തത്ത്വശാസ്ത്രമോ പ്രത്യയശാസ്ത്രമോ ആകുന്നതിനുമുമ്പേതന്നെ അറിവ്‌ മനുഷ്യചരിത്രമായി ഉയർന്നുവരണം. വർത്തമാനകാലം ചിന്തകളുടെ അമൂർത്തരൂപം കൈക്കൊണ്ട്‌ ഗുപ്തമാകാനും പാടില്ല. പുതിയ സാഹിത്യത്തിനു കരുത്ത്‌ നേടാൻ കഴിയുന്നത്‌ ഇതിൽ നിന്നാണ്‌. അവിടെ കാലമോ ചരിത്രമോ ആരവങ്ങളുടെ മുഖംമൂടികളണിഞ്ഞ്‌ വർത്തമാനകാലജീവിതത്തിൽ നിന്ന്‌ ഒളിച്ചോടുന്നില്ല



link : m k harikumar









രാംമോഹൻ പാലിയത്ത്


[സമര്‍പ്പണം: വിദഗ്ദ വിശ്രുത വില്ലനായിരുന്നിട്ടും വണ്ടിച്ചെക്കുകള്‍ തലയിണയാക്കിക്കിടന്ന് മരിച്ചെന്നു കേട്ട ബാലന്‍ കെ. നായര്‍ക്ക്]



സരസ്വതീം മഹാലക്ഷ്മീം ചേരുകില്ലെന്ന് നാട്ടുകാര്‍

[നാലു തലകള്‍ ചേരും നാലു മുലകള്‍ നഹി!]



കാലം മാറി വന്നപ്പോള്‍ ബില്‍ ഗേറ്റ്സിന്‍ വീട്ടിലെത്തിയാ-

മങ്കമാര്‍ രണ്ടുമാനന്ദം പങ്കുവെച്ചു കളിച്ചതോ?



MS Word സരസ്വതി, എക്സെലാണ് മഹാലക്ഷ്മി

സംഗീതമപിസാഹിത്യം പോലല്ലോ പവറും മണീം.



ടൈപ്പിംഗ് പഠിച്ച കാലത്തിന്‍ ബാക്കിപത്രങ്ങളാകണം

മലയാളികള്‍ മുക്കാലും വേഡില്‍ പുലികളാണുപോല്‍.



Qwerty യാം പശുവെങ്ങാനും പുല്ലു കണ്ടാല്‍ കൊതിയ്ക്കുമോ?

സമ്പത്ത് പാപമെന്നല്ലോ തൊഴുത്തിന്‍ ചെറുജീവിതം.



കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി, എംടിയോളം മിടുക്കനോ?

മിഡ് ല്‍ ക്ലാസ് ഹീറോസോളം വരുമോ ബിസിനസ്സുകാര്‍?



മലയാളികള്‍ മുക്കാലും വേഡില്‍ പുലികളാണുപോല്‍

എക്സെല്ലില്‍ കൈ വിറച്ചീടും Auto Sumലൊതുങ്ങിടും



MS Word സരസ്വതി, എക്സെലാണ് മഹാലക്ഷ്മി

ബാലന്‍സില്ലെങ്കില്‍ വീഴും ബാലന്‍ കെ. നായരാകിലും.



എക്സെല്ലില്‍ പണിയാന്‍ നോക്കൂ, കണക്കില്‍ കല കണ്ടിടൂ

കണ്ടാണശ്ശേരിയില്‍ത്തന്നെ Kovilan ഉം Ujala യും!






സനൽ ശശിധരൻ


എത്ര നിസാരമായും ഒരു കൊലപാതകം നടത്താം.

പക്ഷേ നിനക്കതറിയില്ല.

പെരുവിരലും ചൂണ്ടുവിരലും ചേർത്തമർത്തി

ഞാൻ പുഴുക്കളെ കൊല്ലുന്നത് കണ്ട് നീ ഛർദ്ദിച്ചു.

പുഴു ചത്തതിലല്ല, എന്റെ വിരലിൽ

അതിന്റെ ചലം പുരണ്ടതിലായിരുന്നു നിനക്ക് പ്രശ്നം.

ഒരു കല്ലെടുത്ത് പുഴുവിന്റെ തലയിൽ

ഇടിച്ചാൽ മതിയായിരുന്നു.

നീ പറഞ്ഞു.

കഴുത്ത് കയർ പോലെ പിരിച്ച് ഞാൻ

ഒരു കോഴിയെ കൊന്നത് കണ്ടും നീ ചുറ്റി വീണു.

കോഴി ചത്തതിലല്ല അതിന്റെ ആ പിടപിടപ്പ്

ഞാൻ കണ്ടു നിന്നതിലാണ് നിനക്ക് പ്രശ്നം.

ദൂരെയെവിടെയെങ്കിലും കൊണ്ട്പോയി

കെട്ടിത്തൂക്കിയിട്ടു പോന്നാൽ മതിയായിരുന്നു

നീ പറഞ്ഞു.

പാറ്റകളെ, ചിലന്തികളെ, കരിച്ചകളെ ഞാൻ

നഗ്നപാദം കൊണ്ട് ചവുട്ടിക്കൊന്നാൽ

നീ നിലവിളിക്കും,

ഒരു ചൂലെടുത്ത് തല്ലിക്കൊല്ലൂ എന്ന്.

ഉറുമ്പുകളെ ചുവരോട് ചേർത്ത് കൈപ്പത്തികൊണ്ട് ഞെരിച്ചാൽ

നിനക്കിഷ്ടമാവില്ല.

എന്തായാലും അവറ്റകൾ ചാവുകയല്ലേ,

എന്തായാലും ഞാൻ കൊല്ലുകയല്ലേ,

പിന്നെ എന്താണൊരു വ്യത്യാസം...?

നിനക്ക് എല്ലാം സങ്കീർണമാക്കണം.

നിനക്കറിയില്ലല്ലോ,

എത്ര എളുപ്പത്തിൽ ഒരുകൊലപാതകം നടത്താമെന്ന്.

ഒരുനാൾ അത് നീ പഠിക്കും,

ഞാൻ നിന്നെയോ നീ എന്നെയോ കൊല്ലുമ്പോൾ.

ലളിതമായി എത്രയും ലളിതമായി....





ചിത്രകാരൻ

തേക്കിലയില്‍ പൊതിഞ്ഞ

മത്തിക്കു പോലും

ചെറിയൊരു കുലീനത്വമുണ്ട്.

കടലാസില്‍ പൊതിഞ്ഞാല്‍ തറവാടിത്വമായി.

പാക്കറ്റിലാക്കിയാല്‍ ആഢ്യത്വമായി.

വെറും കയ്യില്‍ മലര്‍ത്തിപ്പിടിച്ചു

നടന്നാല്‍...നാണക്കേടായി.

കാക്ക കൊണ്ടോവും മാനം.



അരവണ ടിന്നിലാക്കുംബോള്‍

കോടികളൊഴുകും.

പരിപാവന പ്രസാദമാകും-

പാതിവെന്ത അരി,

ഈച്ച,പാറ്റ,എലിവാല്‍... !!!

കയ്യിലൊഴിച്ചുകൊടുത്താല്‍...

നക്കിയ മിച്ചം തൂണില്‍ തേക്കും,

കല്ലിലും,ദ്വാരപാലകന്റെ തുടയിലും.

വേണ്ടായിരുന്നു..ഈ പണ്ടാര പായസം ..

കയ്യിലൊട്ടുന്നു.

പവിത്രതക്ക് ടിന്നും,

പണവും,കരിഞ്ചന്തയും അകംബടി.



പാക്കറ്റില്ലെങ്കില്‍ സൌന്ദര്യമില്ല...

മൂല്യമില്ല.

പാക്കറ്റാണു മൂല്യം;

മൂല്യമാണു പാക്കറ്റ്.

സ്നേഹത്തിനു: കാപട്യം മൂല്യം;

സൌഹൃദത്തിനു: വഞ്ചന;

കലക്കും,സാഹിത്യത്തിനും: ധ്വനി,മൌനം,നിരൂപകന്‍;

ആത്മീയതക്ക്:മനുഷ്യ ദൈവങ്ങള്‍,പൂജാരിമാര്‍;

ദൈവത്തിന്:മതങ്ങള്‍,ദേവാലയങ്ങള്‍;

ജോലിക്ക് : ശംബളക്കവറുകള്‍, കഴുത്തിലെ കയറുകള്‍........



സത്യത്തിനു മാത്രം പൊതിയില്ല...!!

സത്യം... അതാര്‍ക്കും വേണ്ടാത്ത,

പൊതിയാത്ത വസ്തു.

മൂല്യമില്ലാത്ത വസ്തു !

കണ്ടാലും,തൊട്ടാലും...

പൊള്ളുന്ന,മാനം‌പോക്കുന്ന,

അയിത്തമാക്കുന്ന സത്യം.



(ജീവിത വിജയത്തിന് -?-ആവശ്യമായ പാഠങ്ങള്‍ അഥവ പാക്കറ്റ് വിജ്ഞാനം.)




ആർ.മനു

മഴക്കാലമായ്‌ പിന്നെയും

നിഴൽക്കാടുവീഴ്ത്തിയ

പഴങ്കാലം പെയ്തിറങ്ങും

മഴനിഴൽത്താഴ്‌വാരം

നിലാവർണ്ണത്തെളിയായ്‌

മണിത്തൂവൽക്കുട നിവർത്തി

ഇളംതെന്നൽ തെറിപ്പിക്കും

മഴത്തുള്ളി പൊഴിയും

വയൽപ്പൂവിൽ ജ്വലിക്കും

മയിൽപ്പീലിയായോർമ്മകൾ

മാറുമുകർന്നു നുണയും

മുലപ്പാലിൻ മണമൂറും മഴത്തുള്ളി

നേരുനിറഞ്ഞുചൊരിയും

പഴഞ്ചൊല്ലിൻ നനവൂറും മഴത്തുള്ളി

മഴക്കാറ്റുകൊഴിക്കും വെളിച്ചത്തിൽ

മിഴിനീരണിയും മഴക്കാല സൂര്യൻ

മഴക്കാലം പടരുന്നു പിന്നെയും

അഴിച്ചിട്ട വഴിയോര വാണിഭം പോൽ

മഴക്കൂണു കുടപിടിക്കും യൗവ്വനം

മഴക്കാലവ്യാധിയായ്പ്പടരുന്നു

മണൽക്കൂനയൊലിച്ചഴലിൽ

കരിക്കിൻ ശിരശ്ച്ഛേദ കാഴ്ച

മഴശ്വാസമൊഴുക്കായ്‌ പുലർകാല

രാമായണസ്സാന്ത്വനം

മഴച്ചാറ്റൽ വാവുതർപ്പണം ചെയ്തു

തൃപ്പുത്തരിപ്പൂന്നെൽനിറകാത്ത

വയലിറമ്പിൽ നാട്ടുവേഴമ്പലായ്‌

മഴക്കാലം മടങ്ങുന്നു പിന്നെയും.









ഇസ്മയിൽ മേലടി

ഉടലുടച്ച്‌

പൂവിന്റെ

ദലമുതിർന്ന്‌

പീഡിപ്പിച്ചശേഷം

പ്ലാസ്റ്റിക്‌ കവറിൽ

പൊതിഞ്ഞെടുത്ത്‌

ചില്ലിട്ട സദസ്സിൽ

നാലാൾ കാൺകെ

ഉൽപ്രേക്ഷയും

അലങ്കാരവും ചേർത്ത്‌

സദ്യവിളമ്പി

ഉണ്ടവർ തന്നെ

വീണ്ടും വീണ്ടും

ഏമ്പക്കമിട്ട്‌

തൊട്ടുകൂട്ടി

രസിച്ചുകൊണ്ടിരിക്കുന്ന

കുപ്പായം കത്തിക്കുന്നതും

പുതിയ കുപ്പായം

തയ്ക്കുന്നതും

ഒരേ വ്യവസായശാലയിൽ







കെ.എസ്.ചാർവാകൻ

വലിച്ചെറിയാവുന്ന ഗ്ലാസ്‌.

വലിച്ചെറിയാവുന്ന പ്ലെയിറ്റ്‌.

വലിച്ചെറിയാവുന്ന സെൽഫോൺ.

വലിച്ചെറിയാവുന്ന അപ്പൻ

വലിച്ചെറിയാവുന്ന അമ്മ

വലിച്ചെറിയാവുന്ന കാമുകി

വലിച്ചെറിയാവുന്ന കാമുകൻ

വലിച്ചെറിയാവുന്ന ബന്ധുക്കൾ

വലിച്ചെറിയാവുന്ന കൂട്ടുകാർ

എല്ലാം വലിച്ചെറിയുന്ന

ഏറുകാരനെ എറിഞ്ഞാൽ

ശുദ്ധം...സുഖം...സുന്ദരം...

ബുദ്ധം...ലയം...ലാവണ്യം...







സാജു പുല്ലൻ

ഉയർന്നുപൊങ്ങി

അതിർത്തിക്ക്‌ അപ്പുറത്ത്‌ ആനപ്പറമ്പിൽ

രണ്ടുനിലയുള്ള വീട്‌

അഞ്ച്‌ കിടപ്പറ

ഹാൾ അടുക്കള

സിറ്റൗട്ട്‌ കാർപോർച്ച്‌ ഗാർഡൻ

മാർബിളിൽ തിളങ്ങിമുറ്റം

മുറികൾ വിട്രിഫൈഡ്‌ ടെയിൽസിൽ

ലക്ഷങ്ങളായിട്ടുണ്ടാവും,

അതിർത്തിക്കിപ്പുറത്തെ അണ്ണാൻ കുടിയിലെ ഓലക്കൂട്ടിലിരുന്ന്‌

അയാളും വീട്ടുകാരിയും കണക്കുകൂട്ടി

ഉച്ചക്ക്‌ പോകണം *പേരകുടിക്ക്‌ -ക്ഷണിച്ചിട്ടില്ലെങ്കിലും

ഇല്ലെങ്കിൽ

കുറുക്കൻപറമ്പിലെ അയൽക്കാർ പറയും;

ഹൊ-അസൂയക്കും കഷണ്ടിക്കും മരുന്നില്ല!

*പേരകുടി - ആദ്യത്തെ പാലുകാച്ചലും സദ്യയും.









ഹരിദാസ്‌ വളമംഗലം

പഴയ പ്രണയങ്ങളുടെ ഇണകളെവിടെ

അവരുടെ പൂക്കളും കാവുമെവിടെ

അവരുടെ മൊഴിയും പുഴയുമെവിടെ

അവരുടെ വിതുമ്പും കടലെവിടെ

പോയകാലത്തിന്റെ മദിരയെവിടെ

കവിതയും വിപ്ലവവീര്യവും ചൊല്ലിയ

പുതുവെളിമൈതാനക്കൂട്ടമെവിടെ

അകലുന്നബന്ധങ്ങളകലുന്ന സൗഹൃദം





NISHA. G


When in love you were blind
I knew that cupid had shot
his sharpest arrows on you.
It had gone so deep that
You had forgotten yourself.
You were mad...
madly in love
You could see in my tired eyes
The brightest glitter
You could see in my withered lips
The sweeetest smile
You could see in my weakest limbs
Enthusiasm flowing out
You wished me sweet slumber
And the sweetest dreams
And promised me the hottest kisses
On my burning lips
Your eyes glowed with love for me
Your ears waited for my noisy steps
O! dear when in love you were mad
You were blind !


സി. വി. വിജയകുമാർ

'പീറ ജീവിത വെറ്റിലയിന്മേൽ

നൂറുതേച്ചിടും നിൻപരിഹാസം



വൈലോപ്പിള്ളിയുടെ ഈ വരികൾ ഇവിടെ ഉദ്ധരിക്കുന്നതിന്റെ സാംഗത്യത്തെപ്പറ്റി സംശയം തോന്നിയേക്കാം. എന്നാൽ, മാത്യുനെല്ലിക്കുന്നിന്റെ 'വേലിയിറക്കം' എന്ന നോവലിനെപ്പറ്റി എഴുതുമ്പോൾ എനിക്ക്‌ ഇങ്ങനെ തുടങ്ങാനേ കഴിയൂ. കാരണം നമ്മൾ പ്രതീക്ഷാനിർഭരമായി കെട്ടിയുയർത്തുന്ന, നമുക്കേറ്റവും വിലപ്പെട്ട ജീവിതം പീറ ജീവിതമായിത്തീരുന്നതിന്റെ ദയനീയമായ കഥയാണീ നോവൽ. പരിഹസിക്കുന്ന കോമാളി ക്രൂരനായ വിധിയാണെന്ന വ്യത്യാസം മാത്രം.



അതുകൊണ്ടാണ്‌ നടുക്കടലിലേക്ക്‌ പോയ തോണി എന്ന്‌ ഞാനതിനെ വിളിക്കുന്നത്‌. ദൗർഭാഗ്യങ്ങളുടെ കൊടുങ്കാറ്റിൽപ്പെട്ട്‌, വേലിയിറക്കത്തിൽ നടുക്കടലിലേക്ക്‌ ഒഴുകിപ്പോവുകയാണിവിടെ നായകന്റെ ജീവിത നൗക. ഹെമിങ്‌ വേയുടെ വിഖ്യാതമായ നായകനായ സാന്തിയാഗോയുടെ ചൂണ്ടയിൽ വലിയൊരു മെർലിൻ മത്സ്യത്തിന്റെ അസ്ഥിപഞ്ജരം ശേഷിച്ചിരുന്നത്‌ നമുക്കോർമ്മയുണ്ട്‌. അത്‌ കൈവിട്ടുപോയ ഭാഗ്യത്തിന്റെയും പ്രതീക്ഷയുടെയും തിരുശേഷിപ്പായിരുന്നു. മറ്റൊരർത്ഥത്തിൽ അത്‌ മനുഷ്യജീവിതത്തിന്റെ പരമമായ ഭാഗധേയത്തിന്റെ പ്രതീകവുമാകുന്നു. ഗതിവിഗതികളുടെ ചുഴികളിലും അടിയൊഴുക്കുകളിലും പെട്ട്‌ രാജൻ എന്ന അമേരിക്കൻ മലയാളി വേലിയിറക്കത്തിൽ ജീവിതത്തിന്റെ തീരത്ത്‌ നിന്നും നടുക്കടലിലെ ജലാരണ്യത്തിലേക്ക്‌ ഒറ്റപ്പെട്ടു പോവുകയാണ്‌.



മനുഷ്യാവസ്ഥയുടെ മറ്റൊരുദയനീയാവസ്ഥയിലേക്ക്‌. കുമാർഗ്ഗങ്ങളിലൂടെ അനിയന്ത്രിതമായി ഓടാൻ വെമ്പുന്ന മനുഷ്യമനസ്സിനെ കടിഞ്ഞാൺ കെട്ടാൻ ധർമ്മപാശങ്ങളില്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥയുടെ ഇരയാവുകയാണയാൾ. രതിയുടെയും ലഹരിയുടെയും ഉന്മാദസമുദ്രത്തിലെ വേലിയേറ്റങ്ങളിൽ, വേലിയിറക്കത്തിന്റെ ചെങ്കുത്തായ ആഴങ്ങളെപ്പറ്റി അവിടെ ആരും ആലോചിച്ചുനോക്കാറില്ല.

ആസക്തികളുടെ തരംഗലീലയിൽ അവരങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കും. സ്വയം മറന്നുകൊണ്ട്‌ രാജൻ നടത്തുന്ന ഈ മദിരോത്സവങ്ങളിൽ നാശത്തിലേക്ക്‌ പോകുന്ന നൃത്തച്ചുവടുകളാണുള്ളതെന്ന്‌ അവൻ അറിയുമ്പോഴേക്കും നെല്ലികുന്നു തന്നെ പറയുംപോലെ തിളങ്ങുന്ന ശൂന്യത തൊട്ടടുത്തെത്തിയിട്ടുണ്ടാവും. അങ്ങനെ വേഗതപോരാ പോരായെന്നു തോന്നിയ സമയസൂചികകൾ അയാളെ മറികടന്നുപോവുകയും ചെയ്യും.



ഇങ്ങനെ ദുരന്തങ്ങളുടെ പ്രയാണ സ്ഥലികളിലേക്ക്‌ പുറപ്പെടാൻ വെമ്പുന്ന മനുഷ്യർക്കുള്ള മൂന്നാര്റിയിപ്പായി രാജന്റെ ജീവിതത്തെ തുറന്നുകാട്ടുകയാണീ നോവൽ. അതിൽ വേലിയിറക്കങ്ങളിൽപ്പെട്ട്‌ നടുക്കടലിലേക്ക്‌ ഒഴുകിപ്പോകാതിരിക്കാനുള്ള ഓർമ്മപ്പെടുത്തലുകൾ ഉണർന്നിരിക്കുക കൂടി ചെയ്യുന്നു. എന്റെ ശ്യേഷ്ഠ ഉത്തരവാദിത്തം നിനക്കു തന്നെ എന്നും അത്‌ നമ്മോട്‌ സുവിശേഷിക്കുന്നു.



ബന്ധങ്ങളുടെ സമ്പദ്ഘടന


പെൺകുട്ടികളുടെ ഹൃദയത്തിലാണ്‌ കാലത്തിന്റെ അർത്ഥവും രഹസ്യവും ഒളിച്ചിരിക്കുന്നതെന്ന്‌ ഖലീൽ ജിബ്രാൽ ഒരിടത്ത്‌ പറഞ്ഞിട്ടുണ്ട്‌. ഏറ്റവും ജ്ഞാന ദീപ്തമായൊരു ദർശനമാണത്‌. എന്നാൽ, കനകവും കാമിനിയും സൃഷ്ടിക്കുന്ന കലഹങ്ങളെപ്പറ്റി കുഞ്ചൻ നമ്പ്യാരും സൂചിപ്പിച്ചിട്ടുണ്ട്‌. പുരുഷനെ മോക്ഷത്തിന്റെ പരമപദത്തിൽ നിന്നും സംസാരബന്ധനത്തിലേക്ക്‌ കൂപ്പുകുത്തിയ്ക്കുന്ന പ്രലോഭനമെന്ന നിലയ്ക്കുള്ള ആധ്യാത്മികമായൊരു ചിന്താധാരയിൽ നിന്നാണ്‌ എഴുത്തച്ഛൻ പറഞ്ഞിരിക്കുന്നത്‌.



സ്ത്രീ ഹൃദയത്തിൽ സ്വാർത്ഥതയുടെ നിഗോ‍ൂഡമായ ഇരുൾപ്പറപ്പുകളും അവിടെ ക്രൂരതയുടെ ഹിംസ്രമൃഗങ്ങൾ പതിയിരിക്കുന്നുണ്ടെന്നും പുരുഷന്റെ ഇന്നുവരെയുള്ള അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. വേലിയിറക്കം എന്ന നോവലിൽ നാം തൊട്ടനുഭവിക്കുന്നതും ഈ ഇരുണ്ട സ്ത്രീ ഹൃദയത്തിലെ ദംഷ്ട്രകളുടെ ക്രൂരതയാണ്‌. ബന്ധങ്ങളുടെ സമ്പട്ഘടനാപരമായ അസ്തിത്വത്തെപ്പറ്റി, അതും കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തെപ്പറ്റിയുള്ള തത്ത്വചിന്താപരമായ ആലോചന, മാത്യുനെല്ലിക്കുന്നിന്റെ കൃതികളുടെ മുഖ്യ ചർച്ചാധാരകളിലൊന്നാണ്‌.



ഏതു ബന്ധത്തിന്റെയും നിലനിൽപ്പിന്റെ ആധാരം സമ്പത്താണെന്ന്‌ മാർക്ക്സ്‌ മുമ്പേ പറഞ്ഞുവച്ചിട്ടുണ്ട്‌. സ്നേഹത്തിന്റെ ഈ കറൻസിമൂല്യത്തെപ്പറ്റിയും കമ്പോള മനോഭാവം സ്ത്രീപുരുഷ ബന്ധങ്ങളിൽ സംഭവിപ്പിക്കുന്ന മൂല്യനിരാസത്തെപ്പറ്റിയുമുള്ള ക്ഷോഭജനകമായ ചോദ്യചിഹ്നങ്ങൽ അത്‌ നമ്മുടെ ചിന്തയിൽ വരച്ചിടുകയും ചെയ്യുന്നുണ്ട്‌. ശക്തിയും സമ്പത്തും ക്ഷയിക്കുമ്പോൾ കുടുംബബഹിഷ്കൃതരായിത്തീരുന്ന പുരുഷന്മാരുടെ കഥാകാരനായി അങ്ങനെ മാത്യു നെല്ലിക്കുന്നു മാറുകയും ചെയ്യുന്നു. വേലിയിറക്കത്തിലെ രാജനും സൂര്യവെളിച്ചത്തിലെ തോമയുമെല്ലാം ഈ പ്രതിസന്ധിയുടെ ദാരുണനിയോഗത്തിൽപ്പെട്ടു പോകുന്നവരാണ്‌.



അതുകൊണ്ട്‌ നെല്ലിക്കുന്നിന്റെ നോവലുകളിലെ സ്ത്രീകഥാപാത്രങ്ങളുടെ പക്ഷം ചേർന്നുനിൽക്കുന്ന വായനക്കാരുടെ എണ്ണം കുറഞ്ഞുപോകുന്നു. സമൂഹത്തിൽ സ്ത്രീവിലാപങ്ങളെക്കാൾ ദാരുണമായ പുരുഷവിലാപങ്ങളുടെ അശാന്തിസ്ഥലികളെ ഏറ്റവും തീവ്രതയിൽ അടയാളപ്പെടുത്തുന്നതുകൊണ്ട്‌ മാത്യു നെല്ലിക്കുന്നിന്റെ രചനാശിൽപം പുരുഷകേന്ദ്രീകൃതംകൂടിയാണ്‌. ചഞ്ചലമായ സ്ത്രീമനസ്സ്പോലെ തന്നെ തന്റെ സ്ത്രീകഥാപാത്രങ്ങളുടെ സ്ഥിരതയും ചഞ്ചലമാകുന്നു. ജീവിതത്തിന്റെ അതിശയകരമായ ചപലതകളെപ്പറ്റിയുള്ള ഈ ശോകാത്മ ദർശനമാണ്‌ മാത്യുവിനെ മനുഷ്യസ്നേഹിയായ എഴുത്തുകാരനാക്കുന്നത്‌.



ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക മൂലഗ്രന്ഥ കർത്താവ്‌ :-

ശ്രീരമൺലാൽ തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി



അദ്ധ്യായം - പത്ത്‌

സംഗീതം വാസ്തവത്തിൽ ഒരു രത്നാകരമാണ്‌ ഏതോ ഒരു കവി പാടിയിട്ടുണ്ട്‌. "സംഗീതമപി സാഹിത്യം സരസ്വത്യാ: സ്തനദ്വയം" എന്ന്‌, അത്‌ മനുഷ്യനെ വളർത്തുന്ന രസിപ്പിക്കുന്നു. വിരക്തനാക്കുകയും ചെയ്യുന്നു.

രാജേശ്വരി പാടാൻ തുടങ്ങി

കുഞ്ഞുവനങ്ങളിലൂഞ്ഞാലാടിന

കണ്ണൻ തന്നുടെ മുമ്പിൽ

മഞ്ജീരത്തിൻ ശിഞ്ജിതമോടെ

നൃത്തം രാധ തുടരുന്നു,



രാജേശ്വരി ആംഗ്യം കൊണ്ട്‌ മയിൽപ്പീലി മുടിക്കെട്ടിൽ നിരത്തിക്കെട്ടിയതിന്‌ ശേഷം ഓടക്കുഴൽ ഊതിക്കൊണ്ടു രാധയോടൊപ്പം നൃത്തമാടി നടക്കുന്ന ശ്രീകൃഷ്ണന്റെ രൂപം അന്തരീക്ഷത്തിൽ സൃഷ്ടിച്ചു. ഗോപസ്ത്രീകൾ നൃത്തം നിർത്തി കൃഷ്ണനെ മാടിവിളിച്ചു. ചിത്രകാരൻ ചിത്രം വരച്ചു കാണിക്കുന്ന രീതിയിൽ അവൾ വിരൽകൊണ്ട്‌ കൈകൾ കൊണ്ടു ആകാശത്തിൽ താൻ പാടിയ പാട്ടിന്റെ അർത്ഥം ഭാവരൂപത്തിൽ പകർത്തി കാണികളുടെ മുമ്പിൽ ശ്രീകൃഷ്ണന്റെ രാസക്രീഡ വിലാസഭംഗി കാണിച്ചു കൊടുത്തു. ജ്ഞാനികളും അജ്ഞാനികളും അന്തർ നേത്രംകൊണ്ടും നേത്രങ്ങൾ കൊണ്ടും അത്‌ വീക്ഷിച്ചു രസിച്ചു. ഗായിക വരച്ചു കാണിച്ച ചിത്രം അവർ ഭാവനയിൽ ദർശിച്ചു മിഴകളടച്ചിരുന്നുപോയി. എന്നാലും വിലാസ രസികരായ സാമാന്യ ജനങ്ങളിൽ ചിലർ "ബലേഭേഷ്‌" ശബ്ദം മുഴക്കിക്കൊണ്ടിരുന്നു. ഇതൊന്നും ഗൗനിക്കാതെ ഗായിക ഗാനം തുടർന്നുകൊണ്ടിരുന്നു ഇത്തവണ അവൾ ഗീതയിലെ ഒരു പദ്യമാണ്‌ പാടിയത്‌.





സർവ്വധർമ്മാൻ പരിത്യജ്യ

മാമേകം ശരണംപ്രജ

അഹംത്വാംസർവ്വപാപേഭ്യോ

മോചയിഷ്യാമിചാഗുച:

തിലകം രുദ്രാക്ഷമാല കമണ്ഡലം മുതലായവ ധരിച്ച ഹിന്ദു സന്യാസി, മുഖം കൈകാൽ മുതലായവ ശുദ്ധമാക്കി പടിഞ്ഞാറെ കോൺ നോക്കി മുട്ടിന്മേൽ നിന്ന്‌ നിസ്കരിക്കുന്നു മുസൽമാൻ, മുട്ടിന്മേൽ നിന്നു കുരിശുവരച്ചു പ്രാർത്ഥിക്കുന്ന ക്രിസ്ത്യാനി ഇവരുടെ ഭാവങ്ങൾ സരസമായി പ്രദർശിപ്പിച്ചതിനുശേഷം ഇവയെല്ലാം ഭിന്നമായി തോന്നാമെങ്കിലും വാസ്തവത്തിൽ ഏകത്വത്തിലാണ്‌ ചെന്നവസാനിക്കുന്നതെന്ന ഭാവപ്രകടനത്തിലൂടെ പ്രേക്ഷകരെ ബോധ്യപ്പെടുത്തി.



ഇവയെല്ലാം കണ്ട അവിനാശൻ മന്ത്രമുഗ്ധനെപ്പോലെ നിശ്ചലനായിരുന്നു. ഇങ്ങനത്തെ സദസ്സിൽ അയാൾ ആദ്യമായാണ്‌ പോകുന്നത്‌ സാധാരണ രീതിയിലുള്ള ഭാരതീയനൃത്തങ്ങൾ കണ്ടിട്ട്‌ അയാൾക്കു വെറുപ്പുതോന്നിയിരുന്നു. സാധാരണ നാടകങ്ങളോ സംഗീതങ്ങളോ അയാളെ ആകർഷിച്ചില്ല. വിദേശനൃത്തം അയാളെ രസിപ്പിച്ചു. ഭാരതീയനൃത്തത്തിൽ തന്മയത്വം കല ഇവയുണ്ടെന്ന്‌ ഇന്നയാൾക്ക്‌ ബോധ്യമായി. സ്ത്രീകൾക്ക്‌ സമുന്നതമായ ഒരു സ്ഥാനമാണയാൾ കൽപിച്ചിരുന്നത്‌. വിവാഹം മനുഷ്യന്‌ ആവശ്യമില്ലെന്നായിരുന്നു അയാളുടെ ഇദഃപര്യന്തമുള്ള വിചാരം. എന്നാൽ ഇപ്പോൾ അത്‌ ഒഴിച്ചുകൂടാത്ത ആവശ്യമാണെന്നയാൾ നിശ്ചയിച്ചു. അയാളുടെ ഹൃദയത്തിൽ ഒരു പാട്ടുകാരി കയറി ഇരുന്നു തീവണ്ടിയിൽ ക്ഷണികമായും നാമമാത്രവുമായുണ്ടായ ആ പരിചയം ശിവനാഥ ശാസ്ത്രികളുടെയും വക്കീൽ പത്മനാഭന്റെയും രഹസ്യജീവിതവുമായി ബന്ധപ്പെടുത്തി നോക്കിയപ്പോൾ അകാരണമായ ഒരു വെമ്പൽ അയാളുടെ ഹൃദയത്തിലുണ്ടായി. അതിന്റെ ശമനത്തിനാണ്‌ രജനിയുടെ നിർബന്ധത്തിന്‌ വഴങ്ങി അയാൾ നൃത്തം കാണാൻ പോയത്‌ ആ സദസ്സിൽ വച്ച്‌ തന്റെ ഹൃദയഭിത്തിയിൽ പോറലുണ്ടാക്കിയ ആ ഗായികയെ ഗണികയെ അവളുടെ വിജൃംഭിതവും സൗന്ദര്യത്തിന്റെ ആകർഷകരൂപത്തിലും അയാൾ ദർശിച്ചും തന്റെ മനസ്സിനെ ആകർഷിച്ച രൂപവതിയായ ആ യുവതിയെ അപമാനിക്കുന്നതയാൾ കണ്ടു. ലോകത്തിലുള്ള സകലസ്ത്രീകളെയും അപമാനിക്കുന്നതായാണയാൾക്ക്‌ തോന്നിയത്‌. രാജേശ്വരിയുടെ കലയുമായി അയാൾക്ക്‌ അടക്കാനാവാത്ത മമതാബന്ധമുണ്ടായി. അതോടെ അവൾ അയാൾക്ക്‌ പ്രിയംകരയായി തോന്നി. ഈ ഭാവമാറ്റം അവളുടെ വിലാസചേഷ്ടകൾ കണ്ടിട്ടുണ്ടായതാണോ കലയോടുള്ള ബഹുമാനം മൂലമാണോ എന്ന്‌ അയാൾക്ക്‌ നിശ്ചയിക്കാൻ കഴിഞ്ഞില്ല.





ഭാരതീയനൃത്തം അതിന്റെ അനാവൃത ഭാവത്തിൽ ഹൃദ്യമായ വിധത്തിൽ അയാളിന്നു മനസ്സിലാക്കി. അതാകട്ടെ ദർശന ശാസ്ത്രത്തിന്റെ അത്യുത്തമവും അതിഗഹനവുമായ ഭാഗങ്ങൾ അഭിനയത്തിൽ ആവേശിപ്പിച്ച്‌ കൊണ്ടും രാജേശ്വരിയുടെ നോട്ടം ഇടയ്ക്കിടയ്ക്ക്‌ അവിനാശനിൽ പതിയുന്നുണ്ടായിരുന്നു. പക്ഷേ ഗംഭീരനായ ആ സമുദായ സേവകൻ മറ്റുള്ള വിഷയലമ്പടന്മാരായ പ്രേക്ഷകരെപ്പോലെ യാതൊരു കോമാളിത്തരവും പ്രദർശിപ്പിക്കാനെ കലാസ്വാദനത്തിൽ മാത്രം ബദ്ധശ്രദ്ധനായിരിക്കുന്നതും അവൾ കണ്ടു. അഭിനന്ദനങ്ങളായ കലാപ്രദർശനഭാഗം വരുമ്പോളത്‌ മനസ്സിലാക്കി ആസ്വദിക്കുന്നതും ആവേശംകൊണ്ട്‌ ചാപല്യംകാട്ടുന്ന കീകാസേട്ടുവിനെ നോക്കി വെറുപ്പുകാണിക്കുന്നതും ചിലപ്പോൾ മുഖത്ത്‌ വിഷാദഛായ പരക്കുന്നതും അവൾ സൂക്ഷ്മനിരീക്ഷണത്തിലൂടെ മനസ്സിലാക്കിയിരുന്നു.





ഭാവാഭിനയം അഭിനന്ദനമായിരുന്നു. പ്രേക്ഷകരെ ഭ്രാന്ത്‌ പിടിപ്പിക്കണമെന്ന വിചാരം അഭിനേത്രിക്കില്ലായിരുന്നു. അൽപം രസം ആസ്വദിക്കാനാണിങ്ങനെയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ വരുന്നത്‌. നൃത്തം കണ്ടാനന്ദിക്കണം. ഗാനം കേട്ടാസ്വദിക്കണം. പക്ഷേ സന്യാസം പഠിക്കണമെന്ന ഉദ്ദേശം ആർക്കെങ്കിലുമുണ്ടാകയില്ലല്ലോ. ദൗർഭാഗ്യം കൊണ്ട്‌ ചിലർക്ക്‌ വീടുകളിൽ നിന്നും ലഭിക്കുന്ന തിക്താനുഭവങ്ങൾകൊണ്ടും അവരെ കുത്സിത ചേഷ്ടകളിലേക്ക്‌ വലിച്ചിഴച്ചേക്കാം. അനഭ്യസ്ഥ വിദ്യകളും സൗന്ദര്യബോധവിഹീനകളും ഭർത്താവിന്റെ എല്ലാ കാര്യങ്ങളും നോക്കാൻ" മാത്രം വശമുള്ളവരുമായ തന്റെ കടമ നിർവഹിച്ചു തൃപ്തിയടയുന്ന ഭാര്യമാരെക്കൊണ്ട്‌ പൊറുതിമുട്ടിയ വിലാസരസികന്മാരായ ചില ഭർത്താക്കന്മാർ ഇങ്ങനെ വീണുകിട്ടുന്ന സുവർണ്ണാവസരങ്ങൾ പാഴാക്കുമോ? രസം കൂടുമ്പോൾ അവരുടെ മനസ്സിൽ കോമാളിത്തരവും കൂടിയെന്നുവരും.

രാജേശ്വരിഗാനം നിർത്തിയത്‌ അധികം പേരും അറിഞ്ഞതേയില്ല. രാജേശ്വരി എന്താ, ഇത്രേം നേരാ ഭജനമിരിക്കുകയാണോ" രാജു സേട്ട്‌ ചോദിച്ചു ഇനി ഒരു നൃത്തം തുടങ്ങി കൂടെ? "

ജാനകി രാജേശ്വരിയുടെ പാദങ്ങളിൽ ചിലങ്ക അണിയിച്ചു. അവൾ തറയിൽ ഒന്നമർത്തി ചവിട്ടി. ചിലങ്കയുടെ കിലുകിലു ശബ്ദത്തോടൊപ്പം കാണികളുടെ ഹൃദയത്തിലും ഒരു കിരുകിരുപ്പുണ്ടായത്തവൾക്ക്‌ തോന്നി. താളമേളങ്ങളോടെ അവൾ നൃത്തമാരംഭിച്ചപ്പോൾ ജനങ്ങളുടെ ആനന്ദം കരകവിഞ്ഞൊഴുകി.





അവളുടെ കൈകൾ ആകാശത്തിൽ ആയിരം കൈകൾ സൃഷ്ടിച്ചു. ലോല ശരീരിണിയായ അവൾ വായുവിൽ ആയിരം മെയിൽ വേഗത്തിൽ കറങ്ങിത്തുടങ്ങി. നിതംബവും കഴുത്തും ഓരോ വശത്ത്‌ ഇളകിയും വെട്ടിച്ചും കൊണ്ടുള്ള നൃത്തം കണ്ട്‌ രസിക്കാത്തവർ കൊമ്പും കുളമ്പുമില്ലാത്ത വെറും ഇരുകാലിമൃഗങ്ങളാണെന്നു പറയാം. വർത്തളം, അർദ്ധവർത്തളം ഈ പരിധിയിൽ അവൾ നൃത്തംചെയ്തു കൊണ്ടിരുന്നു.





ലോലമായ അവളുടെ അംഗവസ്ത്രം നൃത്തസമീരനിൽ പലവശത്തും പാറിപറന്നു കൊണ്ടിരുന്നു. ചിലപ്പോൾ ശരീരം വലയും ചെയ്തു. ചിലപ്പോൾ സമീരണൻ അംഗവസ്ത്രം ശരീരത്തിൽ നിന്നും അകറ്റിപ്പാറിപ്പിക്കുമ്പോൾ ദൃശ്യമായിരുന്നു മോഹനസ്തനഭാരം കാണികളുടെ ഹൃദയത്തിൽ ഇക്കിളി ഉളവാക്കിക്കൊണ്ടിരുന്നു എന്നാൽ അവിനാശനത്‌ കണ്ടു കണ്ണുചിമ്മിക്കളഞ്ഞു.

പെട്ടെന്ന്‌ ധിം എന്നൊരുശബ്ദം കേട്ടു. നൃത്തം നിലച്ചു എല്ലാവരും ശബ്ദം കേട്ട സ്ഥലത്തേക്ക്‌ നോക്കിയപ്പോൾ കേട്ടത്‌ പന്നീടെ മോനെ'ന്നാണ്‌.

വഴക്കുകൂട്ടാൻ കണ്ടസ്ഥലം എല്ലാവർക്കും നൃത്തം കാണാൻ അവകാശമില്ലോ കണ്ണടച്ചിരുന്നു ധ്യാനിക്കേണ്ട സ്ഥലമല്ലല്ലോ നൃത്തമണ്ഡലം.

ബഹളം മൂക്കുന്നതിൽ മുമ്പേ രജനി അവിനാശനെ പിടിച്ചുവലിച്ചുകൊണ്ട്‌ പുറത്തേക്ക്പോയി. അവിനാശന്റെ മുമ്പിലിരുന്ന ഒരു മധ്യവയസ്കന്റെ പുറം അയാൾ തിരുമ്മുന്നത്‌ അടുത്തിരുന്ന ആൾ കണ്ടു. താൻ നൃത്തം കണ്ടാനന്ദിച്ചിരിക്കെ ഒരാൾ തന്റെ മുതുകത്തിടിച്ചു. കാരണമെന്തെന്നറിഞ്ഞില്ല. ആളെ കണ്ടതുമില്ല എന്നയാൾ പറഞ്ഞു.





അവിനാശനെ ആർക്കും പരിചയമില്ലായിരുന്നു. തന്റെ ഒരു മിത്രത്തിന്‌ ഒരു ക്ഷണക്കത്ത്‌ വേണമെന്ന്‌ രജനി സേട്ടുവിനോട്‌ ചോദിച്ചപ്പോൾ മിത്രമാരെന്ന്‌ സേട്ടു ചോദിച്ചില്ല രജനി പറഞ്ഞുമില്ല. അകത്ത്‌ പലരും പലതും പറഞ്ഞിരുന്നു 'അകത്തെന്തോ അൽപം ചെലുത്തീട്ടുണ്ടായിരുന്നു." ബീഡി ചോദിച്ചിട്ട്‌ കൊടുക്കഞ്ഞിട്ടാണ്‌ എന്തൊക്കെ.

അവിനാശനെയും കൊണ്ട്‌ രജനി പുറത്തേയ്ക്ക്‌ പോകുന്നതും വക്കീൽ പത്മനാഭൻ കണ്ടിരുന്നു.

താനെന്ത്‌ പണിയാണ്‌ ചങ്ങാതി ഒപ്പിച്ചതു. രജനി ചോദിച്ചു.

"തെമ്മാടികൾ ആഭാസന്മാർ വഷളന്മാർ" അവിനാശൻ വളരെ പണിപ്പെട്ടാണ്‌ കോപമടക്കിയത്‌.

ഇത്പോലുള്ള സ്ഥലങ്ങളിൽ പലരും വരും. നിങ്ങളിവരെകണ്ട്‌ ബഹളം കൂട്ടിയാലോ അന്യരെ ഇടിച്ചു നന്നാക്കാൻ നോക്കുന്നതു അത്ര എളുപ്പമുള്ള കാര്യമാണോ.

ഇടിക്കയല്ല വേണ്ടത്‌. കഴുത്ത്‌ ഞെരിച്ചു കണ്ണു തുറിപ്പിക്കണം.





"അൽപം കൂടി ക്ഷമിക്കൂ അവിനാശ' ഭരണം നിങ്ങളുടെ കൈയിൽ വരട്ടെ. അതുവരെ ക്ഷമിച്ച്‌ ഒതുങ്ങിക്കഴിയണം. മറ്റുള്ളവരുടെ മുതുകത്ത്‌ നിങ്ങൾ താളം പിടിച്ചാൽ അവരുടെ കൈ നിങ്ങളുടെ നെഞ്ച്‌ മദ്ദളമായി കരുതിയെന്നും വരും.

ഈ താന്തോന്നികളുടെ തെമ്മാടിത്തരം കളഞ്ഞ്‌ എത്രനേരം ക്ഷമിച്ചിരിക്കും.

ഇത്പോലുള്ള സ്ഥലങ്ങളിൽ എല്ലാവരും അച്ചടക്കം പാലിച്ചെന്നവരില്ല. വരൂ നമുക്ക്‌ അകത്ത്‌ ചെന്നിരിക്കാം.

ഇല്ല, ഞാനില്ല ഈ പന്നിക്കൂട്ടിലെ മുക്രകേക്കാൻ'

"ശരി എല്ലാവരെയും നന്നാക്കി എടുക്കാൻ ഒരു കൺട്രാക്റ്റ്‌ എടുക്കൂ"

മതി ചങ്ങാതി കണ്ടോളൂ ഞാനിവരെയൊക്കെ നന്നാക്കുമോ എന്ന്‌.

നമുക്ക്‌ വീട്ടിൽ പോയിക്കിടന്നുറങ്ങാം, വരൂ

"അതേ പോകാം ഇവിടെ ഇരിക്കുന്നതിനേക്കാൾ അതാണ്‌ നല്ലത്‌.

രണ്ടു പേരും വീട്ടിലേക്കു തിരിച്ചു. അവിനാശന്റെ സ്വഭാവം രജനിക്ക്‌ നന്നായറിയാം. എന്നാൽ ഇന്നത്തെ സംഭവത്തിന്റെ യഥാർത്ഥ കാരണം അയാളറിഞ്ഞില്ല.

സ്ത്രീ സൗന്ദര്യം അനുഭവിക്കാത്തവർ ലോകത്തിലാരുമുണ്ടാകില്ല. അമ്മ, സഹോദരി, സഹോദരഭാര്യ, ഗുരുപത്നി, അധ്യാപിക, പാട്ടുകാരി, ഗണിക ഇങ്ങനെ സ്ത്രീകൾ ഭിന്ന രൂപത്തിലുണ്ട്‌. എന്നാൽ അവരുടെ സൗന്ദര്യം നാം ആസ്വദിക്കുന്നതു ഭിന്നരൂപത്തിലാണല്ലോ. ഒരിക്കൽ മറാട്ടാ നേതാവായ ശിവജിയുടെ ഒരു സേനാനായകൻ തടവുകാരിയായി പിടിച്ച ഒരു നവാബിന്റെ ഭാര്യയെ ശിവജിക്ക്‌ കാഴ്ചവച്ചിട്ട്‌ പറഞ്ഞു "തിരുമേനി, ഇവരെയഥേഷ്ടം അനുഭവിക്കാം എന്ന്‌.





ശിവജി ആ സ്ത്രീയുടെ പർദ്ദപൊക്കി മുഖംനോക്കിക്കൊണ്ട്‌ തൊഴുകകൈയ്യോടെ പറഞ്ഞു" അമ്മേ, ക്ഷമിക്കണം. അവിടുന്ന്‌ എനിക്ക്‌ ജന്മം തന്നിരുന്നെങ്കിൽ ഞാനെത്ര സുന്ദരനായിരുന്നേനെ അടുത്ത ജന്മത്തിലെങ്കിലും അവിടുന്നു എനിക്ക്‌ അമ്മയായിരിക്കാൻ ഞാൻ ജഗന്നിയന്താവിനോട്‌ പ്രാർത്ഥിക്കും" എന്നു പറഞ്ഞു അവരെ ബഹുമാനത്തോടെ അവരുടെ ആൾക്കാരെ ഏൽപിക്കാൻ ആജ്ഞാപിച്ചത്രേ' എല്ലാവരും ഇതുപോലെ സദാചാരനിരതരായി മനഃകരുത്താർജ്ജിച്ചവരാകുമെന്ന്‌ കരുതുണമോ രാജേശ്വരിയുടെ നൃത്തം ശിവജി കണ്ടിരുന്നെങ്കിൽ.

വ്യാഘ്രങ്ങളുടെ നടുവിൽ പെട്ടുപോയ മാൻപേടയുടെ അവസ്ഥയാണ്‌ രാജേശ്വരിയുടെയെന്നാണ്‌ അവിനാശൻ ധരിച്ചുപോയത്‌. വാസനാപൂർണ്ണങ്ങളായ നേത്രങ്ങളാൽ ആരും അവളെ നോക്കുന്നത്‌ അയാളിഷ്ടപ്പെട്ടില്ല. അയാൾക്കത്‌ സഹിക്കാൻ കഴിഞ്ഞില്ല. അവിനാശന്റെ മുമ്പിലിരുന്ന ഒരുത്തൻ രാജേശ്വരിയുടെ വികാരദായകങ്ങളായ ഭാഗങ്ങൾ നൃത്തസമീരണന്റെ വിവേകരഹിതമായ കുസൃതികൊണ്ട്‌ കാണാനിടവന്നപ്പോൾ അയാൾക്ക്‌ ലഹരി അടക്കിവയ്ക്കാൻ കഴിയാതെയായി. "ഒരു ദിവസത്തേക്കു അവളെ ആസ്വദിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്നു കൂട്ടുകാരനോടു പറഞ്ഞുപോയി. അപ്പോഴാണ്‌ അവിനാശന്റെ മുഷ്ടിയും അയാളുടെ മുതുകും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്‌. അവിനാശൻ ആദർശജീവിതം നയിക്കാനാഗ്രഹിക്കുന്ന ഒരു പുത്തൻപരിഷ്കാരിയാണ്‌. രാജേശ്വരിയെ ചെന്ന്‌ കണ്ട്‌ ജനങ്ങളുടെ ഈ വക ആഭാസത്തരങ്ങൾ ക്ഷമിക്കണമെന്നു പറയാൻ അയാൾ ആഗ്രഹിച്ചു.



"നിങ്ങളുടെ ഈ സുഖക്കേട്‌ വിവാഹം ചെയ്താലേ മാറുകയുള്ളു അവിനാശ"

അവിനാശന്‌ താപവും കോപവും ഒരേസമയം ഉണ്ടായി. മറ്റുള്ളവരെപ്പോലെ തന്നെയും രജനി കണക്കാക്കുന്നത്‌ കഷ്ടമാണെന്നയാൾക്കു തോന്നി. മനുഷ്യന്റെ മനസ്സിൽ പിശാച്ച്‌ കയറുമ്പോഴാണ്‌ വിവാഹം ചെയ്യുന്നതെന്നയാൾ പറയാറുള്ളത്‌. രജനിയുടെ ഈ വാക്കുകളിൽ തനിക്ക്‌ കടുത്ത അപമാനം ജനിക്കത്തക്ക ആശയമാണുള്ളതെന്നയാൾക്കു തോന്നി.

"ഞാൻ രാജേശ്വരിയെ കാണാനാഗ്രഹിക്കുന്നതെന്തിനാണെന്ന്‌ നിങ്ങൾ കരുതുന്നത്‌.

"മനസ്സിലാക്കാനെന്തിരിക്കുന്നു. അത്‌ പകൽ വെളിച്ചംപ്പോലെ സ്പഷ്ടമല്ലേ."രജനി ചിരിച്ചു.

"ചിരിച്ചാൽ ചെകിടത്ത്‌ രണ്ട്‌ പെട തരും."

"അങ്ങനെ ചെയ്യല്ലേ ചങ്ങാതി. ഞാൻ ധരിച്ചിരിക്കുന്നത്‌ അടിയും ഇടിയും ഒരു പരിശുദ്ധ കർമ്മമാണെന്നാണ്‌ ചിരി അടക്കിയേക്കാം.

എന്ത്‌ തന്നെയായാലും ഞാൻ രാജേശ്വരിയെ കണ്ടു ഖേദം പ്രകടിപ്പിക്കും തീർച്ച".

അതിന്‌ നിങ്ങൾ തെറ്റൊന്നും അവളോട്‌ ചെയ്തിട്ടില്ലല്ലോ.

സദസ്യർ അവളെ അവമാനിച്ചില്ലേ

നിങ്ങളവമാനിച്ചില്ലല്ലോ

സദസ്യരിൽ ഞാനുമുൾപ്പെട്ടിട്ടില്ലേ.

സദസ്യരോട്‌ ചെന്നു ചോദിക്കൂ' ഞാൻ നിങ്ങളുടെ പ്രതിനിധിയായി, നിങ്ങൾ ചെയ്ത തെറ്റിന്‌ രാജേശ്വരിയോട്‌ ഖേദം പ്രകടിപ്പിക്കും. അല്ലെങ്കിൽ ഞാൻ തുമ്പക്കടയിൽ കെട്ടിത്തൂങ്ങി ആത്മഹത്യചെയ്യുമെന്ന്‌.



"ഞാൻ ആരുടെയും പ്രാതിനിദ്ധ്യം കാംക്ഷിക്കുന്നില്ല.

രാജേശ്വരിക്ക്‌ നിങ്ങളുടെ ഖേദപ്രകടനം ആവശ്യമില്ലെങ്കിലോ".

അവളുടെ സമ്മതം നോക്കീട്ടല്ല മനുഷ്യത്വമോർത്തിട്ട്‌.

"നിങ്ങളെ അവൾ വീട്ടിൽകയറ്റിയില്ലെങ്കിലോ

അങ്ങനെയും സംഭവിക്കാം. അവൾക്കുമില്ലേ അഭിമാനം

നിങ്ങളൊരുബുദ്ദൂസാണ്‌ സ്ത്രീകൾക്ക്‌ നിങ്ങളെക്കാൾ ബുദ്ധിയുണ്ട്‌. രാജേശ്വരിയെപ്പോലുള്ള സ്ത്രീകളെ നിങ്ങൾ ശരിക്കും മനസ്സിലാക്കിയിട്ടില്ല.

"ഞാൻ അവളെ ശരിക്കും മനസ്സിലാക്കിക്കഴിഞ്ഞു. അവളുടെ മനോവിചാരംപോലും.

നോക്കൂ അവിനാശ! ഞാൻ വിവാഹിതനാണ്‌. രമയെ എനിക്കു വിശ്വാസവുമാണ്‌. എന്നാലും അവളുടെ മനോവിചാരങ്ങൾ അതറിയാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല.

അതിന്റെ അർത്ഥം ഒരു പതിയാകാൻ നിങ്ങൾ യോഗ്യനല്ലെന്നല്ലേ?

"നിങ്ങൾ എന്നിൽ എത്ര അയോഗ്യത ആരോപിച്ചാലും നിങ്ങളോടെനിക്ക്‌ ലേശംപോലും വിരോധമില്ല. രമയ്ക്കും അങ്ങനെ തന്നെയായിരിക്കും.

നിങ്ങളുടെ ഹിന്ദുസമുദായത്തിനുള്ള ഒരു ദോഷമാണിത്‌. അവർക്ക്‌ വിവാഹംവരെ കാണാനുള്ള കണ്ണുകളേ ഈശ്വരൻ കൊടുത്തിട്ടുള്ളൂ. ലോകജീവിതം അതിനപ്പുറവും ഉണ്ടെന്നവർ അറിയുന്നില്ല.

"നിങ്ങളുടെ അഭിപ്രായം വിവാഹം കൂടാതെയുള്ള ബന്ധമാണ്‌ നല്ലതെന്നാണോ"

വിവാഹബന്ധങ്ങളിൽ സ്വാതന്ത്ര്യം വേണം. അടിമത്വം പാടില്ല.

"നിങ്ങൾ അടിമത്വമായി കാണുന്നത്‌ മറ്റുള്ളവർ പരമസുഖമായിട്ടാണ്‌ കരുതുന്നത്‌. അവർ ആ അടിമത്വത്തിന്‌ വേണ്ടി വെമ്പൽ കൊള്ളുന്നു. വിവാഹ ജീവിതത്തിൽ കൂടി മാത്രമേ മനുഷ്യധർമ്മം നിറവേറ്റപ്പെടുകയുള്ളു അവിനാശാ!

എനിക്കൊന്നും മനസ്സിലാകുന്നില്ല. ജയിൽ ജീവിതംപോലെയാണ്‌ വിവാഹജീവിതം. പെണ്ണുകെട്ടിയാൽ കണ്ണുകെട്ടി എന്നു പറയുന്നതും നിങ്ങളുടെ സമുദായം തെന്നെയല്ലേ. വാദ പ്രതിവാദം കൊണ്ട്‌ ഒരു കാര്യവും നേടാനാകുന്നതല്ല.





ഗിരീഷ്‌വർമ്മ ബാലുശ്ശേരി

നിന്നെ ചുഴുന്ന ഗഹനതയാണെന്നെ

നിര്‍ന്നിമേഷനാക്കുന്നത്.



നിന്റെ ഏകാന്തതയിലെ

യുഗങ്ങളോളമുള്ള നിര്‍വികാരത

പൊടുന്നനെയൊരു

അട്ടഹാസമായ് മാറുന്നതും

നിന്റെ വ്യര്‍ത്ഥതയിലെ

ചരടനക്കം മാത്രം.



ഒരു പൂവില്‍ നീ പ്രതിഫലിക്കുന്നു.

ഒരു മഞ്ഞുതുള്ളിയില്‍ നീ ചിരിക്കുന്നു .

ഒരു ചോരത്തുള്ളിയില്‍ നീ പിടയുന്നു.



മന്വന്തരങ്ങളുടെ മിടിപ്പുകള്‍

നിന്റെ സിരകളില്‍,

നിന്റെ നിതാന്തമൌനത്തില്‍

പെരുമ്പറകള്‍ മുഴക്കുന്നുവോ ?



കാറ്റടിച്ചുലയുന്ന

ജീവനാളങ്ങള്‍

നിന്റെ മുന്‍പില്‍ കൈകൂപ്പി

നിന്നിലേയ്ക്ക് തന്നെ .



മണലാരണ്യവും

മുളങ്കാടുകളും

സമുദ്രങ്ങളും

സ്വച്ഛവനങ്ങളും

തരിശുനിലങ്ങളും

നിന്റെ മൃദുമര്‍മ്മരങ്ങള്‍

ഏറ്റുപറയുന്നു.



സ്വപ്നാടനങ്ങളുടെ

സ്വര്‍ണ്ണവനങ്ങളില്‍

കാറ്റേറ്റ് മയങ്ങുന്ന

നിന്റെ സന്തതികള്‍.



കടല്‍ചെരുക്കോടെ

നിശായാനത്തിന്റെ

സഞ്ചാരപഥങ്ങളില്‍

തുഴയെറിയുന്ന

എകാന്തയാത്രികനും....



ഒരിയ്ക്കല്‍ കൂടി

പിറന്നിരുന്നുവെങ്കില്‍ .

നിന്റെ നിലാകമ്പളങ്ങള്‍

വാരിപ്പുതച്ചുറങ്ങിയേനെ ഞാന്‍ ...

ഇനിയും കൊതി..

തീരാത്ത കൊതി...











വി. ജയദേവ്




ഞങ്ങളപ്പനപ്പൂപ്പന്മാരായി
പണ്ടേക്കു പണ്ടേ വേട്ടക്കാരാ.
എണ്ണം പറഞ്ഞ വെടിക്കാരും.
കാട്ടാനകളുടെ
കണ്ണില്‍കണ്ണ് നോക്കും.
കാട്ടാറുകള്‍ കുടിച്ചുവറ്റിക്കും.
ദാക്ഷായണിവിലാസിനിമാരെ
ചൂണ്ടുമര്മത്തില്‍ മയക്കി
മലര്തിക്കിടത്തിയിരിക്കും.
വന്നുവന്ന് ഇപ്പോള്‍
പാട്ട കൊട്ടിയും ചെണ്ടയടിച്ചും
തടുത്തുകൂട്ടുന്ന വാക്കുകളൊക്കെ
നോക്കുമ്പോഴേക്കും നിന്നുമുള്ളിയും
ഒന്നു തൊടുമ്പോഴേക്കും കിടന്നുവാടിയും
രുചിക്കുമ്പോഴേക്കും ഉള്ളം പിടച്ചും,
ഇമ്മട്ടില്‍ കഷ്ടമാണ് കാര്യങ്ങള്‍.
എന്നാലും, ഉന്നങ്ങളെയിന്നും
എണ്ണയിട്ടു മിനുക്കുന്നതും
മൂര്ച്ചകളെ രാകുന്നതും
വേഗങ്ങളെ കൊതിച്ചുനോക്കുന്നതും
ഓരോ ശീലങ്ങളങ്ങനെ
എന്നതുകൊന്ടെന്നെ പറയേണ്ടൂ.




-സലാം പൊട്ടേങ്ങല്‍






"എടുക്കുന്ന സാധനങ്ങള്‍ പിടി തരാതെ ചിലപ്പോള്‍ എന്‍റെ കയ്യില്‍ നിന്ന് വീണുടയാറുണ്ട്"

കുട്ടി പറഞ്ഞു.

"എനിക്കും പറ്റാറുണ്ട് അതൊക്കെ"

വൃദ്ധന്‍ കുട്ടിക്ക് സാന്ത്വനം പകര്‍ന്നു.

"ഞാന്‍ ചിലപ്പോള്‍ ഉറക്കത്തില്‍ മുള്ളാറുണ്ട്"

കുട്ടി വിഷാദത്തോടെ പകുതി മന്ത്രിച്ചു

"ഈയിടെയായി ഇത് എനിക്കും സംഭവിക്കാറുണ്ട്"

വൃദ്ധന്‍ ചിരിച്ചു.

"ഞാന്‍ ഇടയ്ക്കിടെ കരയാറുണ്ട്" കുട്ടി പരിദേവനം കൊണ്ടു.

"ഞാനും" വൃദ്ധന്‍ പ്രതിവചിച്ചു .

"പക്ഷെ ഏറ്റവും സങ്കടം എനിയ്ക്ക്", കുട്ടി ഗദ്ഗദ കണ്ഠനായി, " മുതിര്‍ന്നവര്‍ എന്നെ, ഞാന്‍ പറയുന്നതിനെ ഗൌനിക്കാത്തതിലാണ്"

വൃദ്ധന്‍ ദുര്‍ബലമായ തന്‍റെ കൈകള്‍ കൊണ്ട് കുട്ടിയെ അധികമായൊരാശ്ലേഷത്തിലമര്‍ത്തി.

"നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്"

വൃദ്ധന്‍റെ വാക്കുകള്‍ മുറിഞ്ഞു വീണു.






സയൻസൺ പുന്നശ്ശേരി



2017 ജൂൺ ഒന്നിനു

ചേർത്തലയിലെ എൽ.പി.സ്കൂളിലെ

ഒന്നാം ക്ലാസിലെത്തിയ

ജിഷടീച്ചർക്ക്

മൂപ്പെത്തും മുൻപ് പറിച്ചെടുത്ത്

കാർബൈഡിൽ പഴുപ്പിച്ച്

ചായം പൂശി മൂടി പിന്നിക്കെട്ടി

മുല്ലപ്പൂ ചൂടിയ വിദ്യാർഥികൾ

നല്ല നമസ്കാരം പറഞ്ഞു

പേരും പൊരുളും

ചോദിച്ച് ക്ലാസ് തുടങ്ങാനുറച്ച്

ടീച്ചർ ചോദ്യങ്ങളെയ്തുതുടങ്ങി



പേരിനു മാത്രമേ മാറ്റമുള്ളു

പേറിനു മാറ്റമില്ലാത്തതിനാൽ

എല്ലാ ചോദ്യങ്ങൾക്കും ഒരുത്തരമായിരുന്നു

ഒരേ പ്രായത്തിന്റെ ഭാവവും

അവധിയെടുക്കാൻ

പുതിയ ഉത്തരം കണ്ടെത്തിയതിന്റെ

ഇരകളാണ്

ടീച്ചർക്ക് മുന്നിൽ ചോദ്യങ്ങളായി

നിരന്നിരിക്കുന്നത്

നക്ഷത്രഭാഗ്യം തെട്ടാതിരിക്കാൻ

അമ്മയുടെ വയർ കീറിയെത്തുന്ന

സമയപ്പൊരുത്തം

എണ്ണിയൊതുക്കാമായിരുന്ന

കണക്കായിരുന്നെങ്കിൽ

പിന്നിക്കെട്ടിയിട്ടും

ചിതറിപ്പോവുന്ന

കുസൃതി തലമുടികണക്കെ

കളാസും സ്കൂളും കവിഞ്ഞ്

പാൽചിരി നാടാകെ പെരുകുന്നു

Thursday, August 18, 2011

 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.