Monday, August 29, 2011



എം. കെ. ഹരികുമാർ






ഭാവന മരിക്കുന്നില്ല. അത്‌ പുതിയ മിത്തുകൾ തേടുകയാണ്‌. പഴയ മിത്തുകളെ പുനരാവിഷ്കരിച്ചുകൊണ്ടും നിഷേധിച്ചുകൊണ്ടും മനുഷ്യഭാവന പുതിയൊരു കാലിഡോസ്കോപ്പിക്‌ പരീക്ഷണത്തിന്‌ തയ്യാറെടുക്കുകയാണിന്ന്‌. അത്‌ തകർന്ന ലോകത്തെ മുന്നിൽവച്ചുകൊണ്ട്‌ കാണാതായ കണ്ണികൾ തേടുകയാണ്‌. കവിക്കും കഥാകൃത്തിനും, ഇന്ന്‌, ശൂന്യതയെ അഭിമുഖീകരിക്കുന്നതോടൊപ്പംതന്നെ പുതിയ ലോകങ്ങൾക്കുവേണ്ടിയുള്ള അന്വേഷണങ്ങളും ഏറ്റെടുക്കേണ്ടിവരുന്നു. എല്ലാ മനുഷ്യബന്ധങ്ങളും ചിലപ്പോൾ നാമമാത്രമായേക്കാം. എല്ലാവരും ഒറ്റുകാരോ ആശയങ്ങളുടെ ദല്ലാൾമാരോ ആയേക്കാം. ആശയങ്ങൾതന്നെ നിലനിൽക്കുന്നുണ്ടോ എന്ന്‌ സംശയം ഉയർന്നുവന്നേക്കാം. എല്ലാ മൃദുലവിചാരങ്ങളും വാണിജ്യവത്കരിക്കപ്പെടുകയും ചെയ്തേക്കാം. എന്നാൽ ഇതൊക്കെ സാഹിത്യത്തിന്റെ ആത്മാവ്‌ നഷ്ടപ്പെടുത്തുമെന്ന്‌ വിചാരിക്കുന്നത്‌ തെറ്റായിരിക്കും.



ഈ ലോകം തകർന്നു എന്ന്‌ വിശ്വസിക്കുന്നവരുണ്ട്‌. മനുഷ്യൻ കമ്പോളത്തിലെ വസ്തുവായതോടെ അത്‌ ബലപ്പെടുകയും ചെയ്തു. നൂറ്റാണ്ടുകളായി നിന്ന പലതരം വൈരങ്ങളിലൂടെ എന്തെല്ലാം വന്ധ്യംകരിക്കപ്പെട്ടു! അരുതായ്കകളാണ്‌ നടന്നതിലേറെയും. എങ്കിലും ആത്മാവിന്റെ ആവശ്യത്തിനു പ്രേമിക്കാതിരിക്കാൻ പറ്റുമോ? സ്ത്രീക്കായാലും പുരുഷനായാലും തങ്ങളുടെ സർവ്വ സങ്കടങ്ങളും നിശ്ശബ്ദമായി ഏറ്റുപറഞ്ഞുകൊണ്ട്‌, പശ്ചാത്താപത്തിന്റെയും കാമത്തിന്റേയും അഗ്നിയിൽ വീണെരിഞ്ഞുകൊണ്ട്‌, ശരീരത്തിന്റെയും മനസ്സിന്റെയും പ്രലോഭനങ്ങളിൽ അഭിരമിച്ചുകൊണ്ട്‌ പരസ്പരം ഇണചേരാതിരിക്കാൻ കഴിയുമോ? കഴിയില്ല. ഇതാണ്‌ ജീവിതം. ഭാവന മൃതമായി എന്ന്‌ പറയുമ്പോൾ മനുഷ്യന്റെ ആന്തരിക ലോകം യന്ത്രസമാനമായി എന്ന്‌ തോന്നാനിടയുണ്ട്‌. അല്ലെങ്കിൽ മനുഷ്യന്റെ സർഗ്ഗാത്മകമായ കർമ്മങ്ങൾ ചിട്ടയായ വ്യവസ്ഥയ്ക്കുവേണ്ടി മാത്രം ഉത്പാദിപ്പിക്കാനുള്ളതാണെന്നും ധരിക്കേണ്ടിവരും. ഇതൊന്നുമല്ല ശരി.



ഭാവനയ്ക്ക്‌ ഓരോ കാലഘട്ടത്തിലും അതിന്റെ ചാലുകൾ മാറ്റേണ്ടിവരുന്നു എന്നതാണ്‌ സത്യം. പുതിയ വഴിയും കൂട്ടും ഘടനയും അതിന്‌ ആവശ്യമായി വരുന്നു. മനുഷ്യന്‌ ഇന്ന്‌ കാലത്തിന്റേയും തൊഴിലിന്റെയും അടിമയാകേണ്ടിവന്നിട്ടുണ്ട്‌, മുമ്പെന്നത്തേക്കാളും. ഒരു മിനിറ്റ്‌ തെറ്റിയാൽ സകല പദ്ധതിയും കീഴ്മേൽ മറിയും. അതുകൊണ്ട്‌ മാനസികമായി, നല്ല അഭ്യാസിയുടെ കരുത്ത്‌ നേടിയാലേ പിടിച്ചു നിൽക്കാനോക്കു.



മാനസികമായി പലതിനുവേണ്ടി വ്യഭിചരിക്കപ്പെടുന്നത്‌ ഇന്ന്‌ അംഗീകൃത തത്ത്വശാസ്ത്രമാണ്‌. ഇവിടെയെല്ലാം ഭാവന പഴയ വഴി ഉപേക്ഷിച്ച്‌, കൂട്ടുഘടകങ്ങൾ കണ്ടുപിടിച്ച്‌ പുതിയ വഴിയിലേക്ക്‌ പ്രവേശിച്ച്‌ സ്വയം രൂപപ്പെടുന്നു. ഭാവന ഇന്ന്‌ എല്ലാ വൈരുദ്ധ്യങ്ങളെയും കൂട്ടിക്കലർത്തി

പുതിയ വ്യക്തിയെയും ഭാഷയെയും കണ്ടെത്തുന്നു. ഉപയോഗശൂന്യമായ ചെരിപ്പുകൾ, പ്ലാസ്റ്റിക്‌ പാത്രങ്ങൾ, കുപ്പിച്ചില്ലുകൾ, ഫൈബർ പാത്രങ്ങൾ, പ്ലാസ്റ്റിക്‌ കൂടുകൾ, തകരപ്പാത്രങ്ങൾ എന്നിവയെല്ലാം ശേഖരിച്ചുകൊണ്ടുപോകുന്നത്‌ ഇന്ന്‌ നമ്മുടെ നാട്ടിലെല്ലാം കാണാം. അതിനോക്കെ ഉപയോഗമുണ്ട്‌. അച്ചടിച്ച കടലാസ്സുതന്നെ പൾപ്പാക്കി വീണ്ടും കടലസ്സാക്കുന്നു. ഇത്‌ നിർമ്മാണപരമായ സാധ്യതയാണ്‌. എന്നാൽ വിനോദ നോവലുകൾ, നർമ്മ കഥകൾ, വിനോദ സിനിമകൾ, ആക്ഷൻ ജീവിതരീതികൾ, മിമിക്രി വീഡിയോ കാസറ്റുകൾ, തമാശപ്പാട്ടുകൾ എല്ലാം പാഴ്‌വസ്തുക്കളുടെ വലിയ ശേഖരം കലയിൽ സൂക്ഷിച്ചിട്ടുണ്ട്‌. ഇതെല്ലാം അഭിമുഖീകരിക്കുന്ന ഒരാൾക്ക്‌ മറ്റൊരു രീതിയിൽ അവയെ ഉപയോഗിക്കാൻ കഴിയേണ്ടതാണ്‌. അങ്ങനെ ഓരോ വസ്തുവിന്റെയും വ്യാവസായിക കമ്പോളമൂല്യം മനസ്സിലാക്കി, അതുപയോഗപ്പെടുത്തി ഭാവന ഇന്നത്തെ മനുഷ്യരുടെ ചിന്തയെ ഭരിക്കുന്ന വിവിധതരം ആവേഗങ്ങൾ കണ്ടെത്തുന്നു. സമകാലീനത കലയ്ക്ക്‌ ഒരാവശ്യമാണെന്ന്‌ തിരിച്ചറിയുക കൂടിയാണ്‌. ഇവിടെ ഭാവന അതിന്റെ അന്ത്യം കാണുകയല്ല, പുതിയ വഴിയിലൂടെ സഞ്ചരിക്കുകയാണ്‌.





ഭാവന മരിച്ചു എന്ന്‌ ഉദ്ഘോഷിക്കുന്ന അരുന്ധതി റോയിയോട്‌ ഈ ചുറ്റുപാടുകളിൽ യോജിക്കാൻ കഴിയുന്നില്ല. ആശയങ്ങളുടെയും അനുഭവങ്ങളുടെയും ലോകത്ത്‌ മനുഷ്യൻ അനാഥനല്ല എന്ന്‌ വിശ്വസിച്ച സാഹിത്യകാരന്മാരുടെ പാരമ്പര്യത്തിൽനിന്നുള്ള വഴുതിമാറൽ കഴിഞ്ഞകാല സാഹിത്യത്തിന്റെ പ്രധാന സ്വഭാവമായിരുന്നു. അത്‌ പ്രതീക്ഷയുടെ കാഹളമായിരുന്നു. ആശയങ്ങൾക്ക്‌ മതപരവും രാഷ്ട്രീയവുമായ സ്ഥാപനങ്ങളുടെ പിൻതുണയുണ്ടെന്ന് വരുത്തിത്തീർത്ത്‌ അതിലൂടെ മനുഷ്യന്റെ യാഥാർത്ഥ്യത്തിന്റെ താപത്തെ മറികടക്കാമെന്ന്‌ പലരും മോഹിച്ചു. ആദർശാത്മകമായ മുഖം മൂടികൾ അത്‌ ചരിത്രത്തിന്‌ നൽകി. മനുഷ്യനെ വീണ്ടെടുക്കാൻ യുക്തികൊണ്ട്‌ ഒരു സംഘം ആളുകൾ പടവെട്ടിക്കൊണ്ടിരുന്നു. ഷെല്ലി, ബൈറൺ, കീറ്റ്സ്‌....യുക്തിവാദികളുടെ ആക്രാന്തങ്ങൾക്കിടയിലും മനുഷ്യനെ മറക്കാനുള്ള ശ്രമം നടന്നു, ബോദ്‌ലേർ , സ്പിനോസ, മല്ലാർമെ.... എന്നാൽ ആ ശ്രമങ്ങളുടെയെല്ലാം കലുഷമായ പുകമറയിൽനിന്ന്‌, മനുഷ്യമനസ്സിൽ അടിഞ്ഞുകൂടിയ നിരാശയിൽനിന്ന്‌ പിറവിയെടുത്ത ആധുനികതയാകട്ടെ, പിക്കാസോ, കാഫ്ക, ബെക്കറ്റ്‌.... ആശയങ്ങളെയും അനുഭവങ്ങളെയും മനുഷ്യനിൽ നിന്ന്‌ പറത്തിവിട്ടു. മനുഷ്യന്റെ സ്വകാര്യദുഃഖമോ ശാരീരിക ചലനങ്ങളോ ലക്ഷ്യം തെറ്റിയ പക്ഷികളെപ്പോലെ അവനിൽ നിന്ന്‌ പറന്നുപോയി. ശരീരത്തിന്റെയും വികാരത്തിന്റെയും ഒടുവിലാണ്‌ ആധുനികതയുടെ ചിന്ത ആരംഭിക്കുന്നത്‌. ഒരിക്കൽപോലും അവനവനെ നേരിൽ കാണേണ്ടിവന്നിട്ടില്ലാത്ത കഥാപാത്രങ്ങൾ അങ്ങനെ ഉണ്ടായി. ഏത്‌ മനുഷ്യനും കഥാപാത്രമാകുന്നില്ലെന്ന്‌ ആധുനികത പ്രഖ്യാപിച്ചു. മറിച്ച്‌ പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളാകട്ടെ മനുഷ്യശരീരത്തിനപ്പുറമുള്ള കാൽപനികതയായി. ചെറിയ പ്രശ്നങ്ങൾ വലിയ സമസ്യകളും ദാർശനികമായ വേദനകളുമായി. ബെക്കറ്റിന്റെ 'ഗോദോയെ കാത്ത്‌' എന്ന നാടകം ലഘുവായ അനുഭവങ്ങൾ പോലും അസ്പൃശ്യമാണെന്ന്‌ സിദ്ധാന്തിക്കാനുള്ള ശ്രമമായിരുന്നു.





ആധുനികത എപ്പോഴെങ്കിലും പ്രകൃതിയിലേക്ക്‌ പോകണമെന്ന്‌ ശഠിച്ചെങ്കിൽ അത്‌ കാപട്യമാണ്‌. കാരണം, പ്രകൃതിയിലേക്ക്‌ പോകുക എന്നത്‌, ആധുനിക നാഗരികാവസ്ഥയിൽ മോഹനസ്വപ്നം മാത്രമാണ്‌. പ്രകൃതി ഇന്നില്ല എന്നതാണ്‌ സത്യം. കവിത്വത്തിന്റെ, സർഗ്ഗാത്മകതയുടെ ഏറ്റവും പ്രാഥമികമായ ഘട്ടം മാത്രമാണ്‌ പ്രകൃതിയെ ആസ്പദിച്ചുള്ള സങ്കൽപം. ആ സങ്കൽപം സമകാല നാഗരികതയുമായി സംഘർഷത്തിലാകുമ്പോഴേ ഫലമുണ്ടാകൂ. അതിലൂടെ ചരിത്രത്തിന്റെ ഗതിയിൽ വേറിട്ട മാനം ഉണ്ടാകുന്നു. ഭാവന, ഇവിടെ പുതിയ സങ്കര ഉള്ളടക്കമായിത്തീരുകയാണ്‌. കുറേക്കൂടി ജീവിതത്തെ സംഭരിച്ച മനുഷ്യാവസ്ഥയെ അവതരിപ്പിക്കുകയാണ്‌ .





പ്രകൃതിയോട്‌ അടുപ്പം കാണിക്കുന്നു എന്ന്‌ ഭാവിക്കുക മാത്രമാണ്‌ ആധുനികത ചെയ്തത്‌. അതും ഗുപ്തവും വികലവുമായി . വാസ്തവത്തിൽ മനുഷ്യചരിത്രത്തെ വിസ്മരിക്കാനുള്ള ഉള്ളിലെ ആവേശത്തെ, ആശയങ്ങളെയും അനുഭവങ്ങളെയും മനുഷ്യനിൽ നിന്ന്‌ പുറത്തു കടത്തിക്കൊണ്ടു പോകാനുള്ള താത്പര്യത്തെ അവർ താലോലിക്കുകയായിരുന്നു. പ്രകൃതിയിലേക്കുള്ള യാത്ര അപ്രാപ്യമാണെന്നറിഞ്ഞുകൊണ്ടുള്ള ഗൃഹാതുരത്വം ശുദ്ധമായ കാൽപനികയാണ്‌ പകരുന്നത്‌. എന്നാൽ രണ്ടു പ്രാവശ്യം പറഞ്ഞാൽ കത്തിക്കരിഞ്ഞുപോകുന്ന വാക്കുകളുടെ ഈ ജീവിതത്തിൽ ഓരോ വാക്കിന്റെയും സാക്ഷാത്കാരമെവിടെ? വാക്കുകൾ മുനകുത്തി വീഴുന്നതുകൊണ്ട്‌ പുതിയ മേച്ചിൽപ്പുറങ്ങൾ തേടാനും ആധുനികർക്കായില്ല. ജീവിതത്തിന്റെ ഒരിടം കണ്ടെത്തിയതിലാണ്‌ അവർ പരാജയപ്പെട്ടത്‌. അവർ കണ്ടെത്തിയ ലോകം നിഗൂഢവും വികാരരഹിതവും ശരീരത്തിനു വെളിയിലുള്ളതുമാണ്‌. ഇതിൽനിന്നുള്ള തിരിച്ചുവരവ്‌ ഇനി ജീവിതത്തിലേക്കാണ്‌.





ശരീരത്തിലേക്കും മനസ്സിലേക്കും ,കഴിഞ്ഞകാല സാഹിത്യധാരകളുടെ ചക്രപ്പാടിൽ നിന്നു മാറി സഞ്ചരിക്കേണ്ട കാലമാണിത്‌. ഇന്ന്‌ സാഹിത്യത്തിന്‌ അനുവദിക്കപ്പെട്ട സമയവും സ്ഥാനവും ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്‌. സാഹിത്യത്തെ അതിന്റേതായ പാരമ്പര്യങ്ങളുടെ നിശ്ചലതയിൽനിന്നു മോചിപ്പിക്കുക മാത്രമാണ്‌ ഇന്നത്തെ സമസ്യ. കലാശിൽപത്തെ സംബന്ധിച്ച ധാരണ മാറുക എന്നതാണ്‌ പ്രധാനം. സകല മനുഷ്യാനുഭവങ്ങളുടെയും സമഗ്രമായ ആവിഷ്കാരം എന്ന നിലയിൽ സാഹിത്യം നിലകൊള്ളുമ്പോൾതന്നെ അനുഭവങ്ങളെ ആവരണം ചെയ്യുന്ന അയഥാർത്ഥ്യങ്ങളിൽനിന്നുള്ള മോചനവും ചോദ്യമുയർത്തുന്നു. പഴകിയ ശൈലിയിൽ, സാഹിത്യമെന്നത്‌, ഉള്ളതിനെ പെരുപ്പിച്ചുകാട്ടലായി മാറി. യഥാർത്ഥ്യത്തെ, ദുഃഖത്തെ ജീവിതസാഹചര്യത്തിൽ നിന്ന്‌ മാറ്റി നിർത്തി നിരീക്ഷിക്കുകയും അനന്തമായ പരിവേഷം നൽകി അയഥാർത്ഥമായ സൗന്ദര്യം ആരോപിക്കുകയും ചെയ്തു. അതുകൊണ്ട്‌ സാഹിത്യമെന്ന അയഥാർത്ഥ്യത്തിനെതിരെ സൂക്ഷ്മചരിത്രമെന്ന സാഹിത്യംകൊണ്ട്‌ പൊരുതേണ്ടിയിരിക്കുന്നു. എന്നല്ല സാഹിത്യം എന്നത്‌ സാഹിത്യചിന്തയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിക്കഴിഞ്ഞു. .





ചപ്പുചവറുകൾ പെറുക്കിയെടുത്ത്‌ വീണ്ടും ഉപയോഗത്തിലേക്ക്‌ കൊണ്ടുവരുന്ന സാങ്കേതിക സമ്പദ്‌മേഖലയാണ്‌ ഇന്നത്തേത്‌. സാഹിത്യത്തിലുമുണ്ട്‌ ഈ സമ്പദ്മേഖല . വലിച്ചെറിയുന്ന ആശയങ്ങൾ, ചിന്തകൾ എല്ലാം ഉപയോഗിച്ച്‌ പുതിയ സാമഗ്രികൾ ഉണ്ടാകുന്നു. പ്ലാസ്റ്റിക്‌ റിഫ്രഷിംഗിന്റെ അതേ ഇക്കോണമി സാഹിത്യത്തിലുമുണ്ടെന്നാണ്‌ ഇതെല്ലാം സൂചിപ്പിക്കുന്നത്‌. നവീന സാഹിത്യം കഴിഞ്ഞകാല ആശയസമ്പാദന രീതിയെയാണ്‌ ഭേദ്യം ചെയ്യുന്നത്‌. കാലത്തെ സാമ്പ്രദായിക തത്ത്വശാസ്ത്രങ്ങളിൽ നിന്ന്‌ മോചിപ്പിക്കുകയും ദൈനംദിനജീവിതത്തിന്റെ നാഗരികാനുഭവങ്ങളിൽ തിരിച്ചറിയുകയാണ്‌ ഇന്നത്തെ സാഹിത്യം. പുതിയ സാഹിത്യം ചതുരവടിവുള്ള പ്രമേയങ്ങൾ തിരക്കി ഉത്കണ്ഠാകുലമാകുന്നില്ല. പ്രമേയങ്ങൾ ആണ്‌ എവിടെയും. അല്ലെങ്കിൽ ഓരോ നിമിഷവും പ്രമേയമായിത്തീരുകയാണ്‌. ട്രെയിൻ ഓടുന്നത്‌, മരങ്ങളുടെ ഇലകൾ കാറ്റിൽ ആടുന്നത്‌ തുടങ്ങി സാധാരണ ദൃശ്യങ്ങൾപോലും പ്രമേയങ്ങളാണ്‌. അവ പുതിയ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടിൽ സൃഷ്ടിക്കുന്ന അർത്ഥങ്ങളും അതിനോട്‌ കെട്ടുപിണഞ്ഞ്‌ മോചനമില്ലാതായിത്തീരുന്ന നാഗരികതയുമാണ്‌ പ്രമേയം. അവിടെ, ഓരോ നിമിഷത്തിന്റേയും അണു അതിനോടുതന്നെ നടത്തുന്ന സംഘട്ടനമാണ്‌ ആത്മീയത. പ്രതിഷേധമോ ആസ്വാദനമോ മാത്രമല്ല പ്രമേയം.





മുഖവും രൂപവുമില്ലാത്ത അനുഭവങ്ങൾപോലും ഏതോ ബൃഹത്തായ അറിവുകളുടെ സുപ്രധാന രേഖകളാണ്‌. ഓരോ നിമിഷവും ജീവന്റെ സമഗ്രാവസ്ഥയുടെ അംശങ്ങളായി നിൽക്കുന്നു. ഓരോ കണവും ഓരോ സ്വതന്ത്ര്യ സ്വയംസുഘടിത ഇതിവൃത്തമാണ്‌ എന്ന തത്ത്വചിന്തയാണ്‌ ഇന്നത്തെ സാഹിത്യം മുന്നോട്ടുവെക്കുന്നത്‌. ഇത്‌ പുതിയ ജീവിതത്തിന്റെ സംഘർഷാത്മകമായ അറിവിൽനിന്നുണ്ടായ തത്ത്വശാസ്ത്രംതന്നെയാണ്‌.



സ്വതന്ത്ര ഇതിവൃത്തമെന്നത്‌ അമൂർത്തമായ ആശയമേയല്ല. ഒരാൾ പാടുന്നത്‌, പ്രേമിക്കുന്നത്‌, ചെടിക്ക്‌ വെള്ളമൊഴിക്കുന്നത്‌ എന്നിവയെല്ലാം ഓരോ സ്വാതന്ത്ര്യ ഘടനകളാണ്‌. പാടുമ്പോൾ അയാൾ സ്വയം ആവിഷ്കരിക്കുന്നു. അത്‌ മനസ്സിന്‌ ആനന്ദം പകരുന്നു. എന്നാൽ അയാൾ പാടുന്നത്‌ മറ്റൊരാളെ അനുകരിച്ചാണെങ്കിൽ അതിൽ അയാളുടെ മൗലികമല്ലാത്ത ജീവിതമാണുള്ളത്‌. പാടാനുള്ള ജീവിതാവസ്ഥ അയാൾക്ക്‌ എങ്ങനെ വന്നു വന്നുചേർന്നുവെന്നതാണ്‌ അടുത്ത പ്രശ്നം. ആനന്ദംകൊണ്ടാണോ പാടുന്നത്‌? അതോ സങ്കടംകൊണ്ടോ? എങ്കിൽ ആനന്ദം എങ്ങനെയുണ്ടായി? സങ്കടം എങ്ങനെയുണ്ടായി? അയാൾ മറ്റുള്ളവരുമായി സഹവസിക്കുന്നതിലെ താളം ഉൾക്കൊണ്ട്‌ മനമലിഞ്ഞ്‌ പാടുകയാണോ? അതോ ജീവിക്കാൻവേണ്ടി കൂലിക്കുവേണ്ടി പാടുകയാണോ? എങ്കിൽ അത്‌ രാഷ്ട്രീയത്തിലെ ചോദ്യമാണ്‌.



പാട്ടുപാടിക്കൊണ്ട്‌ എല്ലാം മറക്കുകയാണെങ്കിൽ ആക്ടിവിസ്റ്റുകളോട്‌ അയാൾ എങ്ങനെ പ്രതികരിക്കും? അതുകൊണ്ട്‌ ആധുനിക നഗരത്തിലെ ഏത്‌ വൈകാരിക, വൈചാരിക അനുഭവവും ചെന്നുചേരുന്നത്‌ അറിവിന്റെ അനന്തമായ കാരാഗൃഹങ്ങളിലാണ്‌. നൂറുനൂറ്‌ ആത്മീയ ഘടനകളിലാണ്‌. എന്നാൽ കാരാഗൃഹമാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ ഒരാൾ പെസിമിസ്‌റ്റോ ഒപ്റ്റിമിസ്റ്റോ ആകുന്നില്ല.



ജീവിതത്തിൽ ഒപ്റ്റിമിസവും പെസിമിസവും കൂടിക്കുഴഞ്ഞാണ്‌ കിടക്കുന്നതെന്നറിയുക. അവയെ വേർതിരിച്ച്‌ ശുഭാപ്തിബോധത്തിലോ നിരാശാബോധത്തിലോ, ഏതെങ്കിലും ഒന്നിൽ, ഉറപ്പിച്ചു നിർത്തുന്നത്‌ ആശയപരമായ ആധിപത്യവും മാനുഷികമായ തകർച്ചയുമാണ്‌. ഇതുകൊണ്ട്‌ പുതിയ സാഹിത്യം വർത്തമാന ജീവിതത്തിന്റെ വിവിധങ്ങളായ ദേശീയ, പ്രാദേശിക ജീവിതപരിതോവസ്ഥകളിലൂടെ കടന്നുപോകുന്നു.



അതിവിപുലമായ സംവേദനമെന്ന ആശയത്തിന്റെയോ അനുഭവത്തിന്റെയോ സ്വതന്ത്രമായ സ്വയംസുഘടിത ഘടനയാണ്‌ സാഹിത്യമായി തീരുന്നത്‌. ആന്ദ്രേ ബ്രിങ്കിന്റെയോ മൈക്കേൾ ഒണ്ടാത്ജെയുടെയോ സാഹിത്യത്തിലെ ശിൽപത്തെ സാഹിത്യപരമായി പുനഃക്രമീകരിക്കുന്നതുകൊണ്ട്‌ നമുക്ക്‌ മറ്റൊരു ചരിത്രസന്ദർഭം ലഭിച്ചേക്കാം. മൈക്കലാഞ്ചലോയുടെ ശിൽപത്തെയും പുനഃക്രമീകരിച്ച്‌ മനസ്സിലാക്കാവുന്നതാണ്‌. പുതിയ സാഹിത്യത്തിന്റെ ചരിത്രവീക്ഷണവും മാറിക്കഴിഞ്ഞു എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ആകെയുള്ള ചരിത്രബോധത്തെ കാൽപനികമായി ഇന്നത്തെ സാഹിത്യം തേടുന്നില്ല. ചരിത്രത്തെ ആഭരണങ്ങളണിയിച്ച്‌ മനുഷ്യസാമാന്യതയിൽ നിന്ന്‌ അകറ്റിക്കൊണ്ടുപോകുന്നുമില്ല.





എല്ലാവരും ചരിത്രമെന്ന്‌ വിളിച്ച്‌ അംഗീകരിക്കുന്നത്‌ ഇവിടെ വീണ്ടുവിചാരത്തിനും നവീകരണത്തിനും വിധേയമാവുന്നു. വേർപെടുത്തപ്പെട്ട ഓരോ ചലനവും ഓരോ ചരിത്രാംശമായി മാറുകയാണ്‌ ഇന്ന്‌. അതിന്റെയർത്ഥം ജീവിതം അതിസ്ഥൂലതയിൽ അതിസൂക്ഷ്മമായി എന്നതാണ്‌. ലോകത്തെ ഒന്നായി കാണുമ്പോൾതന്നെ ലോകത്തിലെ ഓരോ അണുവും പരസ്പരം സംഘട്ടനത്തിലേർപ്പെടുന്നു. ഓരോ സത്തയും മറ്റേതോ സത്തയ്ക്കെതിരെ പൊരുതുകയും അതീതമായ ഏതോ സത്തയിൽ ലയിക്കാൻ യത്നിക്കുകയും ചെയ്യുന്നു. ഇത്‌ ഒരേ കാലത്തിലുള്ള വലിയ വൈരുദ്ധ്യമാണ്‌. ലോകം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നുവെന്ന് വൈറ്റ്‌ഹെഡ്‌ പറഞ്ഞു. നിരന്തര ചലനങ്ങളിൽനിന്ന്‌ ഏതെങ്കിലും അർത്ഥത്തിന്റെയോ അറിവിന്റെയോ കടമെടുത്ത്‌ സ്വാഭാവികതയെ പകർത്തുന്നതിൽ ഇന്നത്തെ രചനയുടെ യാഥാർത്ഥ്യമുണ്ട്‌. പുതിയ സാഹിത്യം വെറും യാഥാർത്ഥ്യവാദത്തിന്റെ രൂപഭാവം മാറ്റുന്നു . അത്‌ പുതിയ ചരിത്ര സമീക്ഷകൾക്ക്‌ വഴിമാറിക്കൊടുക്കുകയും ചെയ്യുന്നു. വിജയന്റെ 'പ്രവാചകന്റെ വഴി' എന്ന നോവൽ പുതിയ പ്രതീക്ഷകൾ തരുന്നത്‌ ഈ സാഹചര്യത്തിലാണ്‌.





വ്യാമിശ്രമായ ജീവിതാവബോധം ഇത്‌ തരുന്നു. അത്‌ ഗുണിതങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഏതെങ്കിലും തത്ത്വശാസ്ത്രമോ പ്രത്യയശാസ്ത്രമോ ആകുന്നതിനുമുമ്പേതന്നെ അറിവ്‌ മനുഷ്യചരിത്രമായി ഉയർന്നുവരണം. വർത്തമാനകാലം ചിന്തകളുടെ അമൂർത്തരൂപം കൈക്കൊണ്ട്‌ ഗുപ്തമാകാനും പാടില്ല. പുതിയ സാഹിത്യത്തിനു കരുത്ത്‌ നേടാൻ കഴിയുന്നത്‌ ഇതിൽ നിന്നാണ്‌. അവിടെ കാലമോ ചരിത്രമോ ആരവങ്ങളുടെ മുഖംമൂടികളണിഞ്ഞ്‌ വർത്തമാനകാലജീവിതത്തിൽ നിന്ന്‌ ഒളിച്ചോടുന്നില്ല



link : m k harikumar

 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.