ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക മൂലഗ്രന്ഥ കർത്താവ് :-
ശ്രീരമൺലാൽ തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി
അദ്ധ്യായം - പത്ത്
സംഗീതം വാസ്തവത്തിൽ ഒരു രത്നാകരമാണ് ഏതോ ഒരു കവി പാടിയിട്ടുണ്ട്. "സംഗീതമപി സാഹിത്യം സരസ്വത്യാ: സ്തനദ്വയം" എന്ന്, അത് മനുഷ്യനെ വളർത്തുന്ന രസിപ്പിക്കുന്നു. വിരക്തനാക്കുകയും ചെയ്യുന്നു.
രാജേശ്വരി പാടാൻ തുടങ്ങി
കുഞ്ഞുവനങ്ങളിലൂഞ്ഞാലാടിന
കണ്ണൻ തന്നുടെ മുമ്പിൽ
മഞ്ജീരത്തിൻ ശിഞ്ജിതമോടെ
നൃത്തം രാധ തുടരുന്നു,
രാജേശ്വരി ആംഗ്യം കൊണ്ട് മയിൽപ്പീലി മുടിക്കെട്ടിൽ നിരത്തിക്കെട്ടിയതിന് ശേഷം ഓടക്കുഴൽ ഊതിക്കൊണ്ടു രാധയോടൊപ്പം നൃത്തമാടി നടക്കുന്ന ശ്രീകൃഷ്ണന്റെ രൂപം അന്തരീക്ഷത്തിൽ സൃഷ്ടിച്ചു. ഗോപസ്ത്രീകൾ നൃത്തം നിർത്തി കൃഷ്ണനെ മാടിവിളിച്ചു. ചിത്രകാരൻ ചിത്രം വരച്ചു കാണിക്കുന്ന രീതിയിൽ അവൾ വിരൽകൊണ്ട് കൈകൾ കൊണ്ടു ആകാശത്തിൽ താൻ പാടിയ പാട്ടിന്റെ അർത്ഥം ഭാവരൂപത്തിൽ പകർത്തി കാണികളുടെ മുമ്പിൽ ശ്രീകൃഷ്ണന്റെ രാസക്രീഡ വിലാസഭംഗി കാണിച്ചു കൊടുത്തു. ജ്ഞാനികളും അജ്ഞാനികളും അന്തർ നേത്രംകൊണ്ടും നേത്രങ്ങൾ കൊണ്ടും അത് വീക്ഷിച്ചു രസിച്ചു. ഗായിക വരച്ചു കാണിച്ച ചിത്രം അവർ ഭാവനയിൽ ദർശിച്ചു മിഴകളടച്ചിരുന്നുപോയി. എന്നാലും വിലാസ രസികരായ സാമാന്യ ജനങ്ങളിൽ ചിലർ "ബലേഭേഷ്" ശബ്ദം മുഴക്കിക്കൊണ്ടിരുന്നു. ഇതൊന്നും ഗൗനിക്കാതെ ഗായിക ഗാനം തുടർന്നുകൊണ്ടിരുന്നു ഇത്തവണ അവൾ ഗീതയിലെ ഒരു പദ്യമാണ് പാടിയത്.
സർവ്വധർമ്മാൻ പരിത്യജ്യ
മാമേകം ശരണംപ്രജ
അഹംത്വാംസർവ്വപാപേഭ്യോ
മോചയിഷ്യാമിചാഗുച:
തിലകം രുദ്രാക്ഷമാല കമണ്ഡലം മുതലായവ ധരിച്ച ഹിന്ദു സന്യാസി, മുഖം കൈകാൽ മുതലായവ ശുദ്ധമാക്കി പടിഞ്ഞാറെ കോൺ നോക്കി മുട്ടിന്മേൽ നിന്ന് നിസ്കരിക്കുന്നു മുസൽമാൻ, മുട്ടിന്മേൽ നിന്നു കുരിശുവരച്ചു പ്രാർത്ഥിക്കുന്ന ക്രിസ്ത്യാനി ഇവരുടെ ഭാവങ്ങൾ സരസമായി പ്രദർശിപ്പിച്ചതിനുശേഷം ഇവയെല്ലാം ഭിന്നമായി തോന്നാമെങ്കിലും വാസ്തവത്തിൽ ഏകത്വത്തിലാണ് ചെന്നവസാനിക്കുന്നതെന്ന ഭാവപ്രകടനത്തിലൂടെ പ്രേക്ഷകരെ ബോധ്യപ്പെടുത്തി.
ഇവയെല്ലാം കണ്ട അവിനാശൻ മന്ത്രമുഗ്ധനെപ്പോലെ നിശ്ചലനായിരുന്നു. ഇങ്ങനത്തെ സദസ്സിൽ അയാൾ ആദ്യമായാണ് പോകുന്നത് സാധാരണ രീതിയിലുള്ള ഭാരതീയനൃത്തങ്ങൾ കണ്ടിട്ട് അയാൾക്കു വെറുപ്പുതോന്നിയിരുന്നു. സാധാരണ നാടകങ്ങളോ സംഗീതങ്ങളോ അയാളെ ആകർഷിച്ചില്ല. വിദേശനൃത്തം അയാളെ രസിപ്പിച്ചു. ഭാരതീയനൃത്തത്തിൽ തന്മയത്വം കല ഇവയുണ്ടെന്ന് ഇന്നയാൾക്ക് ബോധ്യമായി. സ്ത്രീകൾക്ക് സമുന്നതമായ ഒരു സ്ഥാനമാണയാൾ കൽപിച്ചിരുന്നത്. വിവാഹം മനുഷ്യന് ആവശ്യമില്ലെന്നായിരുന്നു അയാളുടെ ഇദഃപര്യന്തമുള്ള വിചാരം. എന്നാൽ ഇപ്പോൾ അത് ഒഴിച്ചുകൂടാത്ത ആവശ്യമാണെന്നയാൾ നിശ്ചയിച്ചു. അയാളുടെ ഹൃദയത്തിൽ ഒരു പാട്ടുകാരി കയറി ഇരുന്നു തീവണ്ടിയിൽ ക്ഷണികമായും നാമമാത്രവുമായുണ്ടായ ആ പരിചയം ശിവനാഥ ശാസ്ത്രികളുടെയും വക്കീൽ പത്മനാഭന്റെയും രഹസ്യജീവിതവുമായി ബന്ധപ്പെടുത്തി നോക്കിയപ്പോൾ അകാരണമായ ഒരു വെമ്പൽ അയാളുടെ ഹൃദയത്തിലുണ്ടായി. അതിന്റെ ശമനത്തിനാണ് രജനിയുടെ നിർബന്ധത്തിന് വഴങ്ങി അയാൾ നൃത്തം കാണാൻ പോയത് ആ സദസ്സിൽ വച്ച് തന്റെ ഹൃദയഭിത്തിയിൽ പോറലുണ്ടാക്കിയ ആ ഗായികയെ ഗണികയെ അവളുടെ വിജൃംഭിതവും സൗന്ദര്യത്തിന്റെ ആകർഷകരൂപത്തിലും അയാൾ ദർശിച്ചും തന്റെ മനസ്സിനെ ആകർഷിച്ച രൂപവതിയായ ആ യുവതിയെ അപമാനിക്കുന്നതയാൾ കണ്ടു. ലോകത്തിലുള്ള സകലസ്ത്രീകളെയും അപമാനിക്കുന്നതായാണയാൾക്ക് തോന്നിയത്. രാജേശ്വരിയുടെ കലയുമായി അയാൾക്ക് അടക്കാനാവാത്ത മമതാബന്ധമുണ്ടായി. അതോടെ അവൾ അയാൾക്ക് പ്രിയംകരയായി തോന്നി. ഈ ഭാവമാറ്റം അവളുടെ വിലാസചേഷ്ടകൾ കണ്ടിട്ടുണ്ടായതാണോ കലയോടുള്ള ബഹുമാനം മൂലമാണോ എന്ന് അയാൾക്ക് നിശ്ചയിക്കാൻ കഴിഞ്ഞില്ല.
ഭാരതീയനൃത്തം അതിന്റെ അനാവൃത ഭാവത്തിൽ ഹൃദ്യമായ വിധത്തിൽ അയാളിന്നു മനസ്സിലാക്കി. അതാകട്ടെ ദർശന ശാസ്ത്രത്തിന്റെ അത്യുത്തമവും അതിഗഹനവുമായ ഭാഗങ്ങൾ അഭിനയത്തിൽ ആവേശിപ്പിച്ച് കൊണ്ടും രാജേശ്വരിയുടെ നോട്ടം ഇടയ്ക്കിടയ്ക്ക് അവിനാശനിൽ പതിയുന്നുണ്ടായിരുന്നു. പക്ഷേ ഗംഭീരനായ ആ സമുദായ സേവകൻ മറ്റുള്ള വിഷയലമ്പടന്മാരായ പ്രേക്ഷകരെപ്പോലെ യാതൊരു കോമാളിത്തരവും പ്രദർശിപ്പിക്കാനെ കലാസ്വാദനത്തിൽ മാത്രം ബദ്ധശ്രദ്ധനായിരിക്കുന്നതും അവൾ കണ്ടു. അഭിനന്ദനങ്ങളായ കലാപ്രദർശനഭാഗം വരുമ്പോളത് മനസ്സിലാക്കി ആസ്വദിക്കുന്നതും ആവേശംകൊണ്ട് ചാപല്യംകാട്ടുന്ന കീകാസേട്ടുവിനെ നോക്കി വെറുപ്പുകാണിക്കുന്നതും ചിലപ്പോൾ മുഖത്ത് വിഷാദഛായ പരക്കുന്നതും അവൾ സൂക്ഷ്മനിരീക്ഷണത്തിലൂടെ മനസ്സിലാക്കിയിരുന്നു.
ഭാവാഭിനയം അഭിനന്ദനമായിരുന്നു. പ്രേക്ഷകരെ ഭ്രാന്ത് പിടിപ്പിക്കണമെന്ന വിചാരം അഭിനേത്രിക്കില്ലായിരുന്നു. അൽപം രസം ആസ്വദിക്കാനാണിങ്ങനെയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ വരുന്നത്. നൃത്തം കണ്ടാനന്ദിക്കണം. ഗാനം കേട്ടാസ്വദിക്കണം. പക്ഷേ സന്യാസം പഠിക്കണമെന്ന ഉദ്ദേശം ആർക്കെങ്കിലുമുണ്ടാകയില്ലല്ലോ. ദൗർഭാഗ്യം കൊണ്ട് ചിലർക്ക് വീടുകളിൽ നിന്നും ലഭിക്കുന്ന തിക്താനുഭവങ്ങൾകൊണ്ടും അവരെ കുത്സിത ചേഷ്ടകളിലേക്ക് വലിച്ചിഴച്ചേക്കാം. അനഭ്യസ്ഥ വിദ്യകളും സൗന്ദര്യബോധവിഹീനകളും ഭർത്താവിന്റെ എല്ലാ കാര്യങ്ങളും നോക്കാൻ" മാത്രം വശമുള്ളവരുമായ തന്റെ കടമ നിർവഹിച്ചു തൃപ്തിയടയുന്ന ഭാര്യമാരെക്കൊണ്ട് പൊറുതിമുട്ടിയ വിലാസരസികന്മാരായ ചില ഭർത്താക്കന്മാർ ഇങ്ങനെ വീണുകിട്ടുന്ന സുവർണ്ണാവസരങ്ങൾ പാഴാക്കുമോ? രസം കൂടുമ്പോൾ അവരുടെ മനസ്സിൽ കോമാളിത്തരവും കൂടിയെന്നുവരും.
രാജേശ്വരിഗാനം നിർത്തിയത് അധികം പേരും അറിഞ്ഞതേയില്ല. രാജേശ്വരി എന്താ, ഇത്രേം നേരാ ഭജനമിരിക്കുകയാണോ" രാജു സേട്ട് ചോദിച്ചു ഇനി ഒരു നൃത്തം തുടങ്ങി കൂടെ? "
ജാനകി രാജേശ്വരിയുടെ പാദങ്ങളിൽ ചിലങ്ക അണിയിച്ചു. അവൾ തറയിൽ ഒന്നമർത്തി ചവിട്ടി. ചിലങ്കയുടെ കിലുകിലു ശബ്ദത്തോടൊപ്പം കാണികളുടെ ഹൃദയത്തിലും ഒരു കിരുകിരുപ്പുണ്ടായത്തവൾക്ക് തോന്നി. താളമേളങ്ങളോടെ അവൾ നൃത്തമാരംഭിച്ചപ്പോൾ ജനങ്ങളുടെ ആനന്ദം കരകവിഞ്ഞൊഴുകി.
അവളുടെ കൈകൾ ആകാശത്തിൽ ആയിരം കൈകൾ സൃഷ്ടിച്ചു. ലോല ശരീരിണിയായ അവൾ വായുവിൽ ആയിരം മെയിൽ വേഗത്തിൽ കറങ്ങിത്തുടങ്ങി. നിതംബവും കഴുത്തും ഓരോ വശത്ത് ഇളകിയും വെട്ടിച്ചും കൊണ്ടുള്ള നൃത്തം കണ്ട് രസിക്കാത്തവർ കൊമ്പും കുളമ്പുമില്ലാത്ത വെറും ഇരുകാലിമൃഗങ്ങളാണെന്നു പറയാം. വർത്തളം, അർദ്ധവർത്തളം ഈ പരിധിയിൽ അവൾ നൃത്തംചെയ്തു കൊണ്ടിരുന്നു.
ലോലമായ അവളുടെ അംഗവസ്ത്രം നൃത്തസമീരനിൽ പലവശത്തും പാറിപറന്നു കൊണ്ടിരുന്നു. ചിലപ്പോൾ ശരീരം വലയും ചെയ്തു. ചിലപ്പോൾ സമീരണൻ അംഗവസ്ത്രം ശരീരത്തിൽ നിന്നും അകറ്റിപ്പാറിപ്പിക്കുമ്പോൾ ദൃശ്യമായിരുന്നു മോഹനസ്തനഭാരം കാണികളുടെ ഹൃദയത്തിൽ ഇക്കിളി ഉളവാക്കിക്കൊണ്ടിരുന്നു എന്നാൽ അവിനാശനത് കണ്ടു കണ്ണുചിമ്മിക്കളഞ്ഞു.
പെട്ടെന്ന് ധിം എന്നൊരുശബ്ദം കേട്ടു. നൃത്തം നിലച്ചു എല്ലാവരും ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കിയപ്പോൾ കേട്ടത് പന്നീടെ മോനെ'ന്നാണ്.
വഴക്കുകൂട്ടാൻ കണ്ടസ്ഥലം എല്ലാവർക്കും നൃത്തം കാണാൻ അവകാശമില്ലോ കണ്ണടച്ചിരുന്നു ധ്യാനിക്കേണ്ട സ്ഥലമല്ലല്ലോ നൃത്തമണ്ഡലം.
ബഹളം മൂക്കുന്നതിൽ മുമ്പേ രജനി അവിനാശനെ പിടിച്ചുവലിച്ചുകൊണ്ട് പുറത്തേക്ക്പോയി. അവിനാശന്റെ മുമ്പിലിരുന്ന ഒരു മധ്യവയസ്കന്റെ പുറം അയാൾ തിരുമ്മുന്നത് അടുത്തിരുന്ന ആൾ കണ്ടു. താൻ നൃത്തം കണ്ടാനന്ദിച്ചിരിക്കെ ഒരാൾ തന്റെ മുതുകത്തിടിച്ചു. കാരണമെന്തെന്നറിഞ്ഞില്ല. ആളെ കണ്ടതുമില്ല എന്നയാൾ പറഞ്ഞു.
അവിനാശനെ ആർക്കും പരിചയമില്ലായിരുന്നു. തന്റെ ഒരു മിത്രത്തിന് ഒരു ക്ഷണക്കത്ത് വേണമെന്ന് രജനി സേട്ടുവിനോട് ചോദിച്ചപ്പോൾ മിത്രമാരെന്ന് സേട്ടു ചോദിച്ചില്ല രജനി പറഞ്ഞുമില്ല. അകത്ത് പലരും പലതും പറഞ്ഞിരുന്നു 'അകത്തെന്തോ അൽപം ചെലുത്തീട്ടുണ്ടായിരുന്നു." ബീഡി ചോദിച്ചിട്ട് കൊടുക്കഞ്ഞിട്ടാണ് എന്തൊക്കെ.
അവിനാശനെയും കൊണ്ട് രജനി പുറത്തേയ്ക്ക് പോകുന്നതും വക്കീൽ പത്മനാഭൻ കണ്ടിരുന്നു.
താനെന്ത് പണിയാണ് ചങ്ങാതി ഒപ്പിച്ചതു. രജനി ചോദിച്ചു.
"തെമ്മാടികൾ ആഭാസന്മാർ വഷളന്മാർ" അവിനാശൻ വളരെ പണിപ്പെട്ടാണ് കോപമടക്കിയത്.
ഇത്പോലുള്ള സ്ഥലങ്ങളിൽ പലരും വരും. നിങ്ങളിവരെകണ്ട് ബഹളം കൂട്ടിയാലോ അന്യരെ ഇടിച്ചു നന്നാക്കാൻ നോക്കുന്നതു അത്ര എളുപ്പമുള്ള കാര്യമാണോ.
ഇടിക്കയല്ല വേണ്ടത്. കഴുത്ത് ഞെരിച്ചു കണ്ണു തുറിപ്പിക്കണം.
"അൽപം കൂടി ക്ഷമിക്കൂ അവിനാശ' ഭരണം നിങ്ങളുടെ കൈയിൽ വരട്ടെ. അതുവരെ ക്ഷമിച്ച് ഒതുങ്ങിക്കഴിയണം. മറ്റുള്ളവരുടെ മുതുകത്ത് നിങ്ങൾ താളം പിടിച്ചാൽ അവരുടെ കൈ നിങ്ങളുടെ നെഞ്ച് മദ്ദളമായി കരുതിയെന്നും വരും.
ഈ താന്തോന്നികളുടെ തെമ്മാടിത്തരം കളഞ്ഞ് എത്രനേരം ക്ഷമിച്ചിരിക്കും.
ഇത്പോലുള്ള സ്ഥലങ്ങളിൽ എല്ലാവരും അച്ചടക്കം പാലിച്ചെന്നവരില്ല. വരൂ നമുക്ക് അകത്ത് ചെന്നിരിക്കാം.
ഇല്ല, ഞാനില്ല ഈ പന്നിക്കൂട്ടിലെ മുക്രകേക്കാൻ'
"ശരി എല്ലാവരെയും നന്നാക്കി എടുക്കാൻ ഒരു കൺട്രാക്റ്റ് എടുക്കൂ"
മതി ചങ്ങാതി കണ്ടോളൂ ഞാനിവരെയൊക്കെ നന്നാക്കുമോ എന്ന്.
നമുക്ക് വീട്ടിൽ പോയിക്കിടന്നുറങ്ങാം, വരൂ
"അതേ പോകാം ഇവിടെ ഇരിക്കുന്നതിനേക്കാൾ അതാണ് നല്ലത്.
രണ്ടു പേരും വീട്ടിലേക്കു തിരിച്ചു. അവിനാശന്റെ സ്വഭാവം രജനിക്ക് നന്നായറിയാം. എന്നാൽ ഇന്നത്തെ സംഭവത്തിന്റെ യഥാർത്ഥ കാരണം അയാളറിഞ്ഞില്ല.
സ്ത്രീ സൗന്ദര്യം അനുഭവിക്കാത്തവർ ലോകത്തിലാരുമുണ്ടാകില്ല. അമ്മ, സഹോദരി, സഹോദരഭാര്യ, ഗുരുപത്നി, അധ്യാപിക, പാട്ടുകാരി, ഗണിക ഇങ്ങനെ സ്ത്രീകൾ ഭിന്ന രൂപത്തിലുണ്ട്. എന്നാൽ അവരുടെ സൗന്ദര്യം നാം ആസ്വദിക്കുന്നതു ഭിന്നരൂപത്തിലാണല്ലോ. ഒരിക്കൽ മറാട്ടാ നേതാവായ ശിവജിയുടെ ഒരു സേനാനായകൻ തടവുകാരിയായി പിടിച്ച ഒരു നവാബിന്റെ ഭാര്യയെ ശിവജിക്ക് കാഴ്ചവച്ചിട്ട് പറഞ്ഞു "തിരുമേനി, ഇവരെയഥേഷ്ടം അനുഭവിക്കാം എന്ന്.
ശിവജി ആ സ്ത്രീയുടെ പർദ്ദപൊക്കി മുഖംനോക്കിക്കൊണ്ട് തൊഴുകകൈയ്യോടെ പറഞ്ഞു" അമ്മേ, ക്ഷമിക്കണം. അവിടുന്ന് എനിക്ക് ജന്മം തന്നിരുന്നെങ്കിൽ ഞാനെത്ര സുന്ദരനായിരുന്നേനെ അടുത്ത ജന്മത്തിലെങ്കിലും അവിടുന്നു എനിക്ക് അമ്മയായിരിക്കാൻ ഞാൻ ജഗന്നിയന്താവിനോട് പ്രാർത്ഥിക്കും" എന്നു പറഞ്ഞു അവരെ ബഹുമാനത്തോടെ അവരുടെ ആൾക്കാരെ ഏൽപിക്കാൻ ആജ്ഞാപിച്ചത്രേ' എല്ലാവരും ഇതുപോലെ സദാചാരനിരതരായി മനഃകരുത്താർജ്ജിച്ചവരാകുമെന്ന് കരുതുണമോ രാജേശ്വരിയുടെ നൃത്തം ശിവജി കണ്ടിരുന്നെങ്കിൽ.
വ്യാഘ്രങ്ങളുടെ നടുവിൽ പെട്ടുപോയ മാൻപേടയുടെ അവസ്ഥയാണ് രാജേശ്വരിയുടെയെന്നാണ് അവിനാശൻ ധരിച്ചുപോയത്. വാസനാപൂർണ്ണങ്ങളായ നേത്രങ്ങളാൽ ആരും അവളെ നോക്കുന്നത് അയാളിഷ്ടപ്പെട്ടില്ല. അയാൾക്കത് സഹിക്കാൻ കഴിഞ്ഞില്ല. അവിനാശന്റെ മുമ്പിലിരുന്ന ഒരുത്തൻ രാജേശ്വരിയുടെ വികാരദായകങ്ങളായ ഭാഗങ്ങൾ നൃത്തസമീരണന്റെ വിവേകരഹിതമായ കുസൃതികൊണ്ട് കാണാനിടവന്നപ്പോൾ അയാൾക്ക് ലഹരി അടക്കിവയ്ക്കാൻ കഴിയാതെയായി. "ഒരു ദിവസത്തേക്കു അവളെ ആസ്വദിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്നു കൂട്ടുകാരനോടു പറഞ്ഞുപോയി. അപ്പോഴാണ് അവിനാശന്റെ മുഷ്ടിയും അയാളുടെ മുതുകും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. അവിനാശൻ ആദർശജീവിതം നയിക്കാനാഗ്രഹിക്കുന്ന ഒരു പുത്തൻപരിഷ്കാരിയാണ്. രാജേശ്വരിയെ ചെന്ന് കണ്ട് ജനങ്ങളുടെ ഈ വക ആഭാസത്തരങ്ങൾ ക്ഷമിക്കണമെന്നു പറയാൻ അയാൾ ആഗ്രഹിച്ചു.
"നിങ്ങളുടെ ഈ സുഖക്കേട് വിവാഹം ചെയ്താലേ മാറുകയുള്ളു അവിനാശ"
അവിനാശന് താപവും കോപവും ഒരേസമയം ഉണ്ടായി. മറ്റുള്ളവരെപ്പോലെ തന്നെയും രജനി കണക്കാക്കുന്നത് കഷ്ടമാണെന്നയാൾക്കു തോന്നി. മനുഷ്യന്റെ മനസ്സിൽ പിശാച്ച് കയറുമ്പോഴാണ് വിവാഹം ചെയ്യുന്നതെന്നയാൾ പറയാറുള്ളത്. രജനിയുടെ ഈ വാക്കുകളിൽ തനിക്ക് കടുത്ത അപമാനം ജനിക്കത്തക്ക ആശയമാണുള്ളതെന്നയാൾക്കു തോന്നി.
"ഞാൻ രാജേശ്വരിയെ കാണാനാഗ്രഹിക്കുന്നതെന്തിനാണെന്
"മനസ്സിലാക്കാനെന്തിരിക്കുന്നു. അത് പകൽ വെളിച്ചംപ്പോലെ സ്പഷ്ടമല്ലേ."രജനി ചിരിച്ചു.
"ചിരിച്ചാൽ ചെകിടത്ത് രണ്ട് പെട തരും."
"അങ്ങനെ ചെയ്യല്ലേ ചങ്ങാതി. ഞാൻ ധരിച്ചിരിക്കുന്നത് അടിയും ഇടിയും ഒരു പരിശുദ്ധ കർമ്മമാണെന്നാണ് ചിരി അടക്കിയേക്കാം.
എന്ത് തന്നെയായാലും ഞാൻ രാജേശ്വരിയെ കണ്ടു ഖേദം പ്രകടിപ്പിക്കും തീർച്ച".
അതിന് നിങ്ങൾ തെറ്റൊന്നും അവളോട് ചെയ്തിട്ടില്ലല്ലോ.
സദസ്യർ അവളെ അവമാനിച്ചില്ലേ
നിങ്ങളവമാനിച്ചില്ലല്ലോ
സദസ്യരിൽ ഞാനുമുൾപ്പെട്ടിട്ടില്ലേ.
സദസ്യരോട് ചെന്നു ചോദിക്കൂ' ഞാൻ നിങ്ങളുടെ പ്രതിനിധിയായി, നിങ്ങൾ ചെയ്ത തെറ്റിന് രാജേശ്വരിയോട് ഖേദം പ്രകടിപ്പിക്കും. അല്ലെങ്കിൽ ഞാൻ തുമ്പക്കടയിൽ കെട്ടിത്തൂങ്ങി ആത്മഹത്യചെയ്യുമെന്ന്.
"ഞാൻ ആരുടെയും പ്രാതിനിദ്ധ്യം കാംക്ഷിക്കുന്നില്ല.
രാജേശ്വരിക്ക് നിങ്ങളുടെ ഖേദപ്രകടനം ആവശ്യമില്ലെങ്കിലോ".
അവളുടെ സമ്മതം നോക്കീട്ടല്ല മനുഷ്യത്വമോർത്തിട്ട്.
"നിങ്ങളെ അവൾ വീട്ടിൽകയറ്റിയില്ലെങ്കിലോ
അങ്ങനെയും സംഭവിക്കാം. അവൾക്കുമില്ലേ അഭിമാനം
നിങ്ങളൊരുബുദ്ദൂസാണ് സ്ത്രീകൾക്ക് നിങ്ങളെക്കാൾ ബുദ്ധിയുണ്ട്. രാജേശ്വരിയെപ്പോലുള്ള സ്ത്രീകളെ നിങ്ങൾ ശരിക്കും മനസ്സിലാക്കിയിട്ടില്ല.
"ഞാൻ അവളെ ശരിക്കും മനസ്സിലാക്കിക്കഴിഞ്ഞു. അവളുടെ മനോവിചാരംപോലും.
നോക്കൂ അവിനാശ! ഞാൻ വിവാഹിതനാണ്. രമയെ എനിക്കു വിശ്വാസവുമാണ്. എന്നാലും അവളുടെ മനോവിചാരങ്ങൾ അതറിയാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല.
അതിന്റെ അർത്ഥം ഒരു പതിയാകാൻ നിങ്ങൾ യോഗ്യനല്ലെന്നല്ലേ?
"നിങ്ങൾ എന്നിൽ എത്ര അയോഗ്യത ആരോപിച്ചാലും നിങ്ങളോടെനിക്ക് ലേശംപോലും വിരോധമില്ല. രമയ്ക്കും അങ്ങനെ തന്നെയായിരിക്കും.
നിങ്ങളുടെ ഹിന്ദുസമുദായത്തിനുള്ള ഒരു ദോഷമാണിത്. അവർക്ക് വിവാഹംവരെ കാണാനുള്ള കണ്ണുകളേ ഈശ്വരൻ കൊടുത്തിട്ടുള്ളൂ. ലോകജീവിതം അതിനപ്പുറവും ഉണ്ടെന്നവർ അറിയുന്നില്ല.
"നിങ്ങളുടെ അഭിപ്രായം വിവാഹം കൂടാതെയുള്ള ബന്ധമാണ് നല്ലതെന്നാണോ"
വിവാഹബന്ധങ്ങളിൽ സ്വാതന്ത്ര്യം വേണം. അടിമത്വം പാടില്ല.
"നിങ്ങൾ അടിമത്വമായി കാണുന്നത് മറ്റുള്ളവർ പരമസുഖമായിട്ടാണ് കരുതുന്നത്. അവർ ആ അടിമത്വത്തിന് വേണ്ടി വെമ്പൽ കൊള്ളുന്നു. വിവാഹ ജീവിതത്തിൽ കൂടി മാത്രമേ മനുഷ്യധർമ്മം നിറവേറ്റപ്പെടുകയുള്ളു അവിനാശാ!
എനിക്കൊന്നും മനസ്സിലാകുന്നില്ല. ജയിൽ ജീവിതംപോലെയാണ് വിവാഹജീവിതം. പെണ്ണുകെട്ടിയാൽ കണ്ണുകെട്ടി എന്നു പറയുന്നതും നിങ്ങളുടെ സമുദായം തെന്നെയല്ലേ. വാദ പ്രതിവാദം കൊണ്ട് ഒരു കാര്യവും നേടാനാകുന്നതല്ല.