Monday, August 29, 2011




എം.കെ.ഖരീം


മീരാ, പ്രണയ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ ആകാശത്തിനു എന്ത് ശോഭ! ഞാന്‍ എന്താണോ അത് തന്നെയാണ് ആകാശത്തു അനുഭവിക്കുന്നത് എന്ന നിന്റെ കത്തിലെ വരികള്‍ ഇന്ന് സഞ്ചാരിയെ കേള്‍പ്പിച്ചു. ഓരോ ഹൃദയത്തിലും പ്രണയം വിരിയട്ടെ എന്ന് അദ്ദേഹം.. പിന്നെ ഈ പ്രപഞ്ചത്തില്‍ നിന്നും ഇരുട്ട് മായുമല്ലോ!

പ്രണയമേ, എവിടെയാണ് നമുക്ക് പിഴച്ചത്? വെളിച്ചം കളഞ്ഞു ഇരുട്ട് വാങ്ങിയതിലോ, അഹങ്കാരത്തിന്റെ തെരുവായി മാറിയതിലോ?

ഈസാ നബിയെ കുരിശില്‍ തറച്ചവര്‍ വെട്ടം കളഞ്ഞ് ഇരുട്ട് വാങ്ങുകയായിരുന്നു. കുരിശില്‍ കിടന്നുപിടഞ്ഞ ഉടലും ചിരിച്ചുപോയ ആത്മാവും. ആത്മാവിന്റെ കൂട് തകര്‍ക്കാം. ആത്മാവിനെ പിളര്‍ക്കാന്‍ ആയുധങ്ങള്‍ക്കാവില്ലല്ലോ. മൂന്നാം നാള്‍ ഉയിര്‍ത്തത് അവനല്ല , അവനിലെ അതാണ്‌. സ്ത്രീയോ പുരുഷനോ അല്ലാത്ത അത്. മൂന്നു നാളത് ഭൂമിയില്‍ ഇരിക്കാന്‍ ഇരിപ്പിടം തേടി അലഞ്ഞു. മനുഷ്യ ഹൃദയങ്ങള്‍ ചേറിലും അഹന്തയിലും മുങ്ങി പോയിരുന്നു. ആരും ഏറ്റെടുക്കാനില്ലെന്ന് കണ്ടു അത് ആകാശത്തേക്ക് ഉയരുകയായിരുന്നു. മറ്റൊരു ഉടലില്‍ മടങ്ങിയെത്താന്‍ കാത്തിരിക്കുന്നു. മൂന്നാം പക്കം ഭൂമിയില്‍ നിന്നും ഉയര്‍ന്ന വെട്ടം ഈസയെന്നു തെറ്റിദ്ധരിച്ചു. കണ്ടവര്‍ നാലു പാടും ചിതറി രൂപം പണിതു പ്രാര്‍ഥിക്കാന്‍ തുടങ്ങുകയും... അത് ഈസയല്ല. എന്നിലും നിന്നിലും പാരിലും ഉള്ള അത്. അതിന്റെ സാന്നിധ്യമാണ് ഭൂമിയിലും ആകാശത്തും സ്വര്‍ഗത്തിലും സമാധാനം പരത്തുന്നത്.

പ്രണയമേ ,എന്റെ പാനപാത്രം നിറക്കുക.
എന്നില്‍ തുള്ളി തുളുമ്പുക.
നമുക്ക് പണ്ടത്തെ ആകാശങ്ങളിലേക്ക് മടങ്ങാം.
അശാന്തിയുടെയും കലാപത്തിന്റെയും
ഇടങ്ങളില്‍ നിന്നും പുറത്തു കടക്കാം.
പണ്ടത്തെ മരുഭൂമിയില്‍ നിന്നും
കാറ്റിന്റെ ഹുങ്കാരത്തില്‍ നിന്നും
നമുക്കാ പ്രണയം വായിച്ചെടുക്കാം.
എല്ലാം തടുത്തു കൂട്ടി
മഞ്ചാടി പെറുക്കി വയ്ക്കുന്ന
ആ കളിക്കൂട്ടുകാരായി അലയാം.


ജ്ഞാനിയുടെ പാതകളെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് അജ്ഞതയുടെ കാല്‍പ്പാടുകളെ...
ജ്ഞാനി പുസ്തകങ്ങളില്‍ നിന്നും ഉദ്ധരിക്കുന്നു; അജ്ഞന്‍ ചോദ്യങ്ങള്‍ എയ്യുകയും... സംശയത്തിന്റെ വേരുകളിലാണ് സത്യങ്ങള്‍ മുളക്കുക. അത് കരിയില മൂടി കിടക്കുന്നു. നാമോ അത് കാണാതെ ആകാശം നോക്കി നില്‍ക്കുകയും. ജ്ഞാനിയുടെ പുസ്തകങ്ങള്‍ പിന്തുടര്‍ന്ന് പരാശക്തിയെ പിടിക്കാന്‍ നടക്കുന്നു. ഭൂതകണ്ണാടി പിടിച്ചെടുക്കുന്ന ചിത്രങ്ങള്‍ ചുവരില്‍ തറച്ചു പ്രാര്‍ഥിക്കുന്നു.
നീ നിന്നിലേക്ക്‌ തിരിയുക , ഉള്ളിന്റെയുള്ളില്‍ തിരയുക. നിന്നിലെ ഇരുട്ടു മാറാന്‍ പ്രാര്‍ഥിച്ചുകൊണ്ട് പരാശക്തി ഇരിക്കുന്നു.


പ്രണയത്തെ കുറിച്ച്
ആയിരം കവിത രചിക്കാം.
ഒരു നിമിഷത്തിലെങ്കിലും
പ്രണയത്തിലാവുക എത്ര ദുഷ്കരം...
പരാശക്തിയെ കുറിച്ച്
ഗ്രന്ഥങ്ങള്‍ രചിക്കാം,
പരാശക്തിയിലാവുക എത്ര ദുഷ്കരം...

അവര്‍ പ്രണയത്തെ കുറിച്ച്
ഗ്രന്ഥങ്ങളുണ്ടാക്കി
കാമം ആളിക്കുന്നു.
ഞാനോ പ്രണയം തേടി അലയുകയും...

മരുഭൂമിയുടെ ആകാശമേ
എനിക്കെന്റെ പ്രണയത്തെ മടക്കി തരിക.
എനിക്കെന്റെ പ്രാണനെ തിരിച്ചു തരിക.
ഈ ചാരത്തില്‍ നിന്നും ഞാന്‍ ഉയിര്‍ക്കട്ടെ...

 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.