Monday, August 29, 2011





ആർ.മനു

മഴക്കാലമായ്‌ പിന്നെയും

നിഴൽക്കാടുവീഴ്ത്തിയ

പഴങ്കാലം പെയ്തിറങ്ങും

മഴനിഴൽത്താഴ്‌വാരം

നിലാവർണ്ണത്തെളിയായ്‌

മണിത്തൂവൽക്കുട നിവർത്തി

ഇളംതെന്നൽ തെറിപ്പിക്കും

മഴത്തുള്ളി പൊഴിയും

വയൽപ്പൂവിൽ ജ്വലിക്കും

മയിൽപ്പീലിയായോർമ്മകൾ

മാറുമുകർന്നു നുണയും

മുലപ്പാലിൻ മണമൂറും മഴത്തുള്ളി

നേരുനിറഞ്ഞുചൊരിയും

പഴഞ്ചൊല്ലിൻ നനവൂറും മഴത്തുള്ളി

മഴക്കാറ്റുകൊഴിക്കും വെളിച്ചത്തിൽ

മിഴിനീരണിയും മഴക്കാല സൂര്യൻ

മഴക്കാലം പടരുന്നു പിന്നെയും

അഴിച്ചിട്ട വഴിയോര വാണിഭം പോൽ

മഴക്കൂണു കുടപിടിക്കും യൗവ്വനം

മഴക്കാലവ്യാധിയായ്പ്പടരുന്നു

മണൽക്കൂനയൊലിച്ചഴലിൽ

കരിക്കിൻ ശിരശ്ച്ഛേദ കാഴ്ച

മഴശ്വാസമൊഴുക്കായ്‌ പുലർകാല

രാമായണസ്സാന്ത്വനം

മഴച്ചാറ്റൽ വാവുതർപ്പണം ചെയ്തു

തൃപ്പുത്തരിപ്പൂന്നെൽനിറകാത്ത

വയലിറമ്പിൽ നാട്ടുവേഴമ്പലായ്‌

മഴക്കാലം മടങ്ങുന്നു പിന്നെയും.



 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.