Saturday, February 2, 2013



എം.കെ.ഹരികുമാർ

സാഹിത്യകാരന്റെ കൃതി ഉയർത്തുന്നത്‌ യാഥാർത്ഥ്യമാണെന്ന്‌ നാം പറയും. മാക്സിംഗോർക്കി അമ്മയെന്ന യാഥാർത്ഥ്യം അവതരിപ്പിക്കുന്നുവേന്നും ടോൾസ്റ്റോയി അന്നാകരേനിന എന്ന സ്ത്രീയുടെ ജീവിതത്തെ പച്ചയായി പകർത്തുന്നുവേന്ന്‌ വാദിക്കാം. എന്നാൽ ഈ കൃതികളിലുള്ള ജീവിതാവസ്ഥകൾ യഥാർത്ഥമാണോ? യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ടോ?
    ഒരു യാഥാർത്ഥ്യമെന്നത്‌ തന്നെ ഏകശിലയല്ല. അത്‌ സങ്കീർണമായ ട്രാഫിക്‌ കരുക്കുകളുള്ള ഒരു ജംഗ്ഷൻപോലെയാണ്‌. അല്ലെങ്കിൽ പലരീതിയിൽ വ്യാഖ്യാനിച്ചെടുക്കേണ്ട, കാഫ്കയുടെ 'ചൈനയുടെ വൻമതിൽ' എന്ന കഥപോലെയാണ്‌. യാഥാർത്ഥ്യം യഥാർത്ഥമല്ല; അത്‌ വ്യാഖ്യാനവും അപേക്ഷികമായ അർത്ഥവും ധ്വനിയുമാണ്‌.
    യാഥാർത്ഥ്യം ഏകശിലയല്ലെങ്കിൽ പിന്നെ അതിന്റെ ഭൗതികമായ രൂപമെന്താണ്‌? അതിനോട്‌ മനുഷ്യവ്യക്തി പുലർത്തുന്ന വ്യക്തിനിഷ്ടമായ സമീപനമാണ്‌ ശരിയെങ്കിൽ, അതിനപ്പുറമുള്ള ശൂന്യാകാശം എവിടെയാണ്‌? അത്‌ എന്തായിരിക്കും അവശേഷിപ്പിക്കുക. 
    സാഹിത്യകൃതിയുടെ യാഥാർത്ഥ്യം ആപേക്ഷികമാണ്‌. അത്‌ സാമൂഹികമോ, പ്രത്യയശാസ്ത്രപരമോ ആയ ഒരു ഫ്രെയിമിനെ മുൻ ധാരണയോടെ പ്രതിഷ്ഠിക്കുക മാത്രമാണ്‌. നിയമങ്ങളും പ്രകൃതിയും എല്ലാം അവിടെ സ്വാഭാവികമായി ഉരുത്തിരിയുന്നുണ്ട്‌. അതുകൊണ്ട്‌ എഴുത്തുകാരന്റെ നിർമ്മിതി എന്ന്‌ പറയാവുന്നത്‌, നിരൂപകന്റേതു കൂടിയാണ്‌. കാഫ്കയുടെ Josephine the singer and the Mousefolk എന്ന കഥയിലെ എലിയുടെ ജീവിതം ഒരേ സമയം ജീവിതത്തിന്റെ അതാര്യതയും ലഘുത്വവും കാണിച്ചു തരുന്നു. അനന്യതയുടെ സൗന്ദര്യം അന്വേഷിക്കാൻ പ്രേരിപ്പിക്കുന്നതെന്തും സാഹിത്യമാണ്‌. കാഫ്ക നേരിട്ട്‌ പറയാത്ത കാര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കുന്ന ആൾക്ക്‌, കാഫ്കയുടെ ലോകമല്ല കീറിമുറിക്കാനുള്ളത്‌; സ്വന്തം മണ്ഡലമാണ്‌. അതാര്യതകൾ, നിരൂപകനാണ്‌ സുതാര്യതകളാകുന്നത്‌. അതുകൊണ്ട്‌ അയാളുടെ തുരന്നെടുക്കൽ, ആഖ്യാനമാണ്‌. അതയാളുടെ സ്വന്തമാണ്‌.
[MELIND BOOKS,  trivandrum .RS 70/ 

    യാഥാർത്ഥ്യം നിലനിൽക്കാതിരിക്കുകയും അതാര്യതകൾ നിരൂപകന്റെ സ്വന്തം ആഖ്യാനമാവുകയും ചെയ്യുമ്പോൾ എന്തുകൊണ്ട്‌ സാങ്കൽപിക കൃതിയെപ്പറ്റി ചിന്തിച്ചുകൂടാ. ആരും എഴുതാത്ത ഒരു കൃതി ഉള്ളതായി സങ്കൽപിക്കുക. അതിൽ നിരൂപകൻ സ്വന്തം ഇഷ്ടപ്രകാരം ചില കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. പ്രകൃതിയെ വിന്യസിക്കുന്നു. അത്‌ വ്യാഖ്യാനിക്കുന്നു.
    നിലവിലില്ലാത്ത കൃതിയായതുകൊണ്ട്‌, നിരൂപകൻ എഴുതുന്ന പ്രബന്ധം അസംഗതമാവുകയില്ല. കാരണം, അയാൾ യുക്തിയും ദാർശനികതയും സൃഷ്ടിക്കാൻ ശ്രമിക്കുന്നത്‌ സ്വന്തം ഭാഷയിലും കലയിലുമാണ്‌. ഭാഷ ആരുടെയും സ്വന്തമല്ല; എന്നാൽ അത്‌ പല കാലങ്ങളെയും സംഭരിക്കുകയും സംസാരിപ്പിക്കുകയും ചെയ്യും. ഭാഷാ, നിരൂപകന്‌ ഒരു മാധ്യമമെന്ന നിലയിൽ, സ്വയമാവിഷ്കരിക്കാനുള്ള ഉപാധിയാണ്‌. അയാൾ സൃഷ്ടിക്കുന്ന അസംസ്കൃതവസ്തുവിനെത്തന്നെ അയാൾക്ക്‌ വ്യാഖ്യാനിക്കാനും ഭേദിക്കാനും കഴിയേണ്ടതാണ്‌. അതുകൊണ്ട്‌ ഭാഷയിൽ രണ്ട്‌ പ്രതിച്ഛായകളെ നിർമ്മിക്കാൻ അയാൾ നിർബന്ധിതനായിത്തീരുന്നു.
    ഇവിടെ സംഗതമായ പ്രശ്നം, അയാൾ കണ്ടെത്തുന്ന ഭാഷയെന്ന മാധ്യമത്തിലും അസംസ്കൃതവസ്തുവിലും വ്യക്തിനിഷ്ടമായ സന്ദർഭമാണോ തേടേണ്ടതെന്നാണ്‌. നിരൂപകന്റെ, അല്ലെങ്കിൽ തത്ത്വചിന്തകന്റെ ഭയാശങ്കകളും വേദനകളും ഇറക്കിവയ്ക്കേണ്ടിവരുന്നത്‌ താണതരം അഭിരുചിയെ സൃഷ്ടിക്കും.
    നിരൂപകന്‌ വ്യക്തിനിഷ്ടതയ്ക്ക്‌ പുറത്തുകടക്കാൻ കഴിയുന്നതോടെ അയാൾ തന്റെ മണ്ഡലത്തിന്‌ അപേക്ഷികതയും സന്ദർഭവും നൽകുകയാണ്‌. എന്റെ ജലാത്മകത (എന്റെ മാനിഫെസ്റ്റോ, ഗ്രീൻബുക്സ്‌) മത്സ്യം: എന്നീ ലേഖനങ്ങൾ, സാങ്കൽപിക കൃതിയെ അധിഷ്ടിതമായി കണ്ടുകൊണ്ടുള്ള നിരൂപണങ്ങളാണ്‌. ഈ രണ്ടു ലേഖനങ്ങളിലും, ഞാൻ സാങ്കൽപികമായ ഒരു കൃതിയുടെ ധ്വനി ഉൾക്കൊള്ളുകയായിരുന്നു. ജലമാണ്‌, ഒരു ലേഖനവിഷയം. ജലം എന്ന വസ്തുവിന്റെ കഥാപരവും ദാർശനികവുമായ ഘടനകളാണ്‌ പരിശോധിക്കപ്പെടുന്നത്‌. ജലം പ്രമേയമായി വരുന്ന ഏതെങ്കിലും സാഹിത്യകൃതിയുണ്ടായിരിക്കുകയും, അതിൽ ജലത്തിന്‌ അനന്യതയും, ആപേക്ഷികതയും, സ്വയം നിരാസവും നിർമ്മാണവും, കണ്ടെത്തപ്പെടുകയും ചെയ്യുമ്പോൾ, ഇതുപോലെ സംഭവിക്കും. മത്സ്യത്തെപ്പറ്റിയുള്ള ലേഖനവും, സാങ്കൽപിക കൃതിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌.
    സാഹിത്യകൃതിയിലെ കഥാപാത്രങ്ങളെയും ഇടയ്ക്കിടെ മിന്നിത്തെളിയുന്ന അർത്ഥങ്ങളെയും  ചുറ്റിപ്പറ്റി നിൽക്കുന്ന ചംക്രമണാത്മക (discirsive)സ്വഭാവം വിമർശകന്‌ കുറേക്കൂടി അഗാധമായ അനുഭവം തേടാനുള്ള പ്രലോഭനമാണ്‌. എന്നാൽ ഇതിന്റെ പിന്നാലെയുള്ള പോക്കിൽ, വിമർശകൻ പ്രസ്തുത കൃതിയെ തന്നെ വിസ്മരിച്ച്‌, തിരസ്കരിച്ച്‌ സ്വന്തം അതാര്യതകളെ അഴിച്ചെടുക്കാനുള്ള ത്വരയിൽ മുഴുകും. ഇതാണ്‌ ഞാൻ 'ആത്മായനങ്ങളുടെ ഖസാക്ക്‌' (1984) എന്ന കൃതിയെഴുതിയപ്പോൾ സംഭവിച്ചതു. അത്‌ ഖസാക്ക്‌ എന്ന മൂലകൃതിയുടെ വ്യാഖ്യാനമല്ല; ഖസാക്കിന്റെ പ്രത്യക്ഷതകൾക്കപ്പുറമുള്ള അതാര്യതകളെ പൈന്തുടർന്ന്‌, എന്റെ തന്നെ അതാര്യതകളുമായി ബന്ധമുള്ള, മറ്റൊരു ആപേക്ഷിക കൃതിയുടെ രചനയാണ്‌. യഥാർത്ഥ ഖസാക്കിനെ പ്രതീതി എന്ന നിലയിൽ സമീപിക്കാനും വിമർശകന്റെ സ്വന്തം നിഗോ‍ൂഢതകളെ അനാവരണം ചെയ്യാനുമാണ്‌ ശ്രമം. ഖസാക്കിന്റെ ഇതിഹാസത്തിന്‌ സമാന്തരമായി, അതിന്റെ 'വ്യാജ'വായനയാണത്‌. ഒരു ബദൽ നിരൂപകകൃതിയുടെ സാധ്യതയെപ്പറ്റിയുള്ള ആരായലാണ്‌. അങ്ങനെയത്‌ എന്റെ, സാങ്കൽപിക നോവലിന്റെ രഹസ്യാത്മക വായനയും അതിന്റെ ഉന്മാദകരമായ അറിവുകളെപ്പറ്റിയുള്ള ഭ്രമാത്മക ആഖ്യാനവുമാണ്‌.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.