a q mahdi
ആഗസ്റ്റ് മാസത്തിലെ ഒരു ഞായറാഴ്ച. പ്രഭാതവേളയിലെ പത്രവായനയ്ക്കിടയിലാണ് ആ വാർത്ത വായിച്ചതു. ഇന്ത്യൻ റെയിൽവേ നേതൃത്വം നൽകുന്ന 'ഭാരത്ദർശൻ' തീവണ്ടിയാത്രയെപ്പറ്റി. ആ പ്രത്യേക ട്രെയിനിന്റെ ആദ്യ കേരള സഞ്ചാരത്തെപ്പറ്റി വാർത്തയിൽ പ്രത്യേകം പരാമർശിച്ചിരുന്നു.
രണ്ടുവർഷം മുമ്പാണ് 'ഭാരത്ദർശൻ' പരിപാടിയെപ്പറ്റിയുള്ള ആദ്യപത്രവാർത്ത ഞാൻ ശ്രദ്ധിച്ചതു. അന്നുമുതൽ തുടങ്ങിയ അന്വേഷണം അവസാനിപ്പിച്ചതു, ആഗസ്റ്റിലെ ഈ വാർത്തയിലൂടെയാണ്. കേരളത്തിലൊഴികെ ഇതര തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ ഭാരത്ദർശൻ യാത്രകൾ ഇന്ത്യൻ റെയിൽവേ നേരത്തെതന്നെ ആരംഭിച്ചിരുന്നുവേന്നും അറിവായി.
തിരുവനന്തപുരത്തനിന്നും യാത്രതിരിക്കുന്ന ഈ 'സ്പേഷ്യൽ ട്രെയിൻ' പന്ത്രണ്ടുനാൾ നീണ്ടുനിൽക്കുന്ന സഞ്ചാരപഥം പൂർത്തിയാക്കിയിട്ടാവും തിരികെ എത്തുക എന്നും സൂചിപ്പിക്കപ്പെട്ടിരുന്നു.
യാത്രാനിരക്ക് ശ്രദ്ധിച്ചപ്പോൾ വിസ്മയമാണ് തോന്നിയത്. വളരെ വളരെ ന്യായമായ ഒരു തുക. 6295 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. 12 ദിവസത്തെ യാത്ര, മൂന്നുനേരം വെജിറ്റേറിയൻ ഭക്ഷണം, താമസസൗകര്യം, ഒക്കെ ഈ തുകയ്ക്കുള്ളിൽ ഒരുങ്ങുന്നു. കുട്ടികൾക്ക് പകുതി നിരക്കും.
ഇതൊരു പ്രത്യേക തീവണ്ടിയാണെന്നും അറിയിപ്പുണ്ടായിരുന്നു. 10 ബോഗികൾ മാത്രമുള്ള 420 യാത്രക്കാർക്ക് വേണ്ടിയുള്ള ഒരു ടൂറ്റിസ്റ്റ് ട്രെയിൻ. ഓരോ കോച്ചിനും റെയിൽവേ വക സെക്യൂരിറ്റി ഗാർഡ്, കോച്ച് മാനേജർ, ക്ലീനിങ്ങ് സ്റ്റാഫ്, ഭക്ഷണ വിതരണത്തിനുള്ള ആൾക്കാർ ഇവ ഉണ്ടാകുമെന്നും സൊാചപ്പിക്കപ്പെട്ടിരുന്നു. ഓരോ കമ്പാർട്ട്‌മന്റിലും മ്യൂസിക് സിസ്റ്റവും ഉണ്ടാവുമെന്ന് അറിയിപ്പിൽ പറഞ്ഞിരുന്നു.
തീവണ്ടിയുടെ യാത്രാപഥവും വിവരിക്കപ്പെട്ടിരുന്നു. തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന ട്രെയിൻ കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ മാത്രം നിർത്തി ആളെക്കയറ്റി, സഞ്ചാരം തുടർന്ന്, ആദ്യം ഗോവയിലും പിന്നീട് നേരിട്ട് ജയപ്പൂരിലും, തുടർന്ന് ഡെൽഹി, ആഗ്ര, ഹൈദ്രാബാദ് എന്നീ സ്ഥലങ്ങളും സന്ദർശിച്ച് മടങ്ങിയെത്തുമെന്നായിരുന്നു അറിയിപ്പ്. ടൂറിസ്റ്റുകൾക്കു മാത്രമുള്ള ഈ ട്രെയിനിൽ മറ്റ് സാധാരണ യാത്രക്കാർക്ക് പ്രവേശനം ഉണ്ടാവുകയില്ല.
എന്നെപ്പോലെത്തന്നെ ഒരു യാത്രാപ്രേമിയാണ് ഭാര്യയും. സഞ്ചാരപ്രിയയായ അവൾ, ഇന്ത്യയിലും പുറത്തുമായി നിരവധി യാത്രകൾ എന്നോടൊപ്പം നടത്തിയിട്ടുണ്ട്. ഞാൻ ഒട്ടാകെ സന്ദർശിച്ച 43 ലോകരാജ്യങ്ങളിൽ മിക്കതിലും അവളും ഒപ്പമുണ്ടായിരുന്നു. എങ്കിൽപ്പോലും, ഒരു പ്രത്യേകട്രെയിനിലൂടെയുള്ള ഈ 'ഭാരത്ദർശൻ' യാത്രയോട് ഞങ്ങൾക്കൊരു പ്രത്യേക ആഭിമുഖ്യം തോന്നുകയായിരുന്നു. പ്രധാനമായും പേരക്കുട്ടികളെ വടക്കേഇന്ത്യ കാണിക്കാൻ അവസരം കാത്തിരിക്കുമ്പോഴാണ് ഈ യാത്രപാക്കേജിനെക്കുറിച്ചുള്ള അറിയിപ്പു വായിക്കാനിടവന്നത്.
ഞാൻ, ഭാര്യ, മകൾ, അവളുടെ രണ്ടു ചെറിയ കുട്ടികൾ ഇവരായിരുന്നു യാത്രാസംഘത്തിലെ അംഗങ്ങൾ.
ആഗസ്റ്റ് 28-ന് ആ സ്പേഷ്യൽ തീവണ്ടി കൊല്ലം സ്റ്റേഷനിൽ വന്നു നിന്നു. തീവണ്ടികളോട് ഒരു ഹോബിയെന്ന നിലയിൽ പ്രത്യേക മമത പുലർത്തുന്ന പേരമകൻ അഞ്ചുവയസ്സുകാരൻ ഫർദീൻ, ഫ്ലാറ്റ്ഫോമിൽ നിന്നുതന്നെ തന്റെ കുഞ്ഞികൈവിരലുകൾ മടക്കി ബോഗികൾ ഒന്നൊന്നായി എണ്ണാൻ ശ്രമം നടത്തി. വൺ-ടൂ-ത്രീ... അവൻ ആകെ എണ്ണം എന്നെ അറിയിച്ചു.
"പപ്പാജീ.... എഞ്ചിൻകൂടാതെ 10 കമ്പാർട്ട്‌മന്റ് മാത്രമേ ഉള്ളൂ ഈ ട്രെയിനിന്. എത്ര ചെറിയ ട്രെയിൻ, അല്ലേ.....?
ചെറുമകൻ എണ്ണിയ പത്തുബോഗികളിൽ എഴെണ്ണം മാത്രമാണ് യാത്രക്കാർക്കുള്ളത്. എട്ടാമത്തേത് ഭക്ഷണപദാർത്ഥങ്ങൾ, കുടിവെള്ളം, ധാന്യം, പച്ചക്കറികൾ, പലവ്യജ്ഞനങ്ങൾ ഇവ സൂക്ഷിക്കാൻ വേണ്ടിയുള്ളതാണ്. മറ്റൊരു ബോഗി പൂർണ്ണമായും പാൻട്രി കാർ ആണ്, ട്രെയിനിലെ അടുക്കള. പത്താമത്തെ കമ്പാർട്ട്‌മന്റിൽ ട്രെയിൻ സ്റ്റാഫ് താമസിക്കുന്നു. ചീഫ് ടൂർ മാനേജർ, ഗൈഡുകൾ, കോച്ച് മാനേജർമാർ ഒക്കെ അന്തിയുറങ്ങുന്നത് ഈ പത്താമത്തെ ബോഗിയിലാണ്.
കൊല്ലത്തുനിന്നും കയറിയത് രാവിലെ 9 മണിക്കാണ്. യാത്രയിലെ ആദ്യഭക്ഷണം ബ്രേക്ക്ഫാസ്റ്റ് കൊല്ലത്തുവച്ചുതന്നെ അവർ വിളമ്പി. വളരെ രുചികരമായിരുന്നു കേരളീയമായ ആ പ്രാതൽ. എറണാകുളം എത്തുമ്പോഴേക്കും ആദ്യ ഉച്ചഭക്ഷണവും ലഭ്യമായി.
ഇതൊരു സമ്പൂർണ്ണ യാത്രാവിവരണമല്ല, മൊത്തത്തിൽ ഈ യാത്രയെപ്പറ്റിയും, യാത്രയിലെ ചില പ്രത്യേക അനുഭവങ്ങളെക്കുറിച്ചും ഉള്ള ഒരു ചെറുവിവരണം മാത്രം. കാരണമുണ്ട്. ഈ ഭാരത്ദർശൻ യാത്രയ്ക്കുവേണ്ടി ഇക്കുറി രണ്ടായിരത്തിലധികം പേർ അപേക്ഷിച്ചിരുന്നുവേന്നും, കേവലം 420 പേർക്കു മാത്രമേ അവസരം ലഭ്യമായുള്ളുവേന്നും ഈ സഞ്ചാരപരിപാടിയുടെ ബുക്കിങ്ങ് ചുമതല നിർവഹിച്ച കോഴിക്കോട്ടെ ട്രാവൽ ഏജൻസിയിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. മലയാളി കുടുംബങ്ങൾക്ക് തങ്ങളുടെ കുട്ടികളെയും കൂട്ടി നടത്താവുന്ന അതീവസുരക്ഷിതവും ചിലവും നന്നേ കുറഞ്ഞതുമായ ഒരു ടൂർ പരിപാടിയാണ് ഇതെന്ന അറിയിപ്പ് വായനക്കാർക്കു നൽകാനാണ് ഞാനീ യാത്രക്കുറിപ്പു തയ്യാറാക്കിയത്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്കു മാത്രമായി തയ്യാറാക്കപ്പെട്ട ഈ പരിപാടിയുടെ ഉപജ്ഞാതാവായ മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവിനെ നന്ദിപൂർവ്വം സ്മരിക്കാതെ ഈ വരികൾ പൂർത്തിയാക്കാനാവില്ല.
മുറിയിലെ സ്പീക്കർ ബോക്സിലൂടെ ഒഴുകിവന്നത് പുതിയ 'അടിപൊളി' ഗാനങ്ങളും, ഇടയ്ക്കിടെ യാത്രാപഥത്തെക്കുറിച്ചുള്ള അറിയിപ്പുകളുമായിരുന്നു. പക്ഷേ മെലഡി ഗാനങ്ങൾ ഇഷ്ടപ്പെടുന്ന ഞാൻ, അത്തരം ഗാനങ്ങളുടെ രണ്ടുമൂന്നു സി.ഡികൾ കരുതിയിരുന്നത് റെയിൽവേയ്ക്ക് സംഭാവന ചെയ്തപ്പോൾ, പിന്നീട് യാത്രയിലുടനീളം പഴയ ഗാനങ്ങളും കേൾക്കാനവസരമുണ്ടായി.
ഒരു രാത്രിമുഴുവൻ നിർത്താതെ ഓടി, വണ്ടി കോംഗ്കൺ പാതയിലൂടെ ഗോവയിൽ എത്തിച്ചേർന്നു.
ഈ യാത്രയിൽ ഒട്ടാകെ മൂന്നു ദിവസങ്ങൾ മാത്രമാണ് പുറത്ത് ഉറങ്ങേണ്ടിവരുന്നത്. ബാക്കി ദിവസങ്ങളിലെ താമസവും ഉറക്കവുമൊക്കെ ട്രെയിനിൽ തന്നെ. പുറത്തു താമസിക്കേണ്ടി വരുന്നത്, ഗോവയിൽ ഒരു നാളും, ഡെൽഹിയിൽ രണ്ടു ദിവസവുമാണ്.
യാത്രയോടൊപ്പം റെയിൽവേ ഓഫർ ചെയ്യുന്ന സൗജന്യ താമസസൗകര്യമാവട്ടെ, ഡോർമെറ്ററി സമ്പ്രദായത്തിലുള്ളതാണ്, ഓരോരുത്തർക്കും ഓരോ കിടക്കവിരിക്കാൻ സൗകര്യമുള്ള ഹാളുകളിൽ ഗ്രൂപ്പായി അവസരം നൽകുക. പ്രത്യേക ഹോട്ടൽ മുറികൾ തന്നെ വേണമെന്നുള്ളവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുറിക്കുവേണ്ടിയും പണമടയ്ക്കാം. കുട്ടികൾകൂടി അടങ്ങുന്ന കുടുംബമായതിനാൽ ഞാൻ, ഞങ്ങൾക്കായി ഹോട്ടൽ മുറിതന്നെ ബുക്ക് ചെയ്തിരുന്നു.
കൊല്ലത്തുനിന്നും രാവിലെ പുറപ്പെട്ട തീവണ്ടി മഡ്ഗോവ സ്റ്റേഷനിൽ എത്തിയത് പിറ്റേന്ന് പുലർച്ചയ്ക്കാണ്. ആ സ്റ്റേഷനിൽ നിന്നും ഒരു മണിക്കൂർ വഴി ദൂരമുണ്ട്. ഗോവയ്ക്ക്.
12 ലക്ഷ്വറി ബസ്സുകളാണ് ഞങ്ങളെക്കാത്ത് സ്റ്റേഷൻ പരിസരത്ത് കിടന്നിരുന്നത്.
അന്നും പിറ്റേന്നുമായി രണ്ടു പകലുകൾകൊണ്ട് ഞങ്ങൾ ഗോവയിലെ എല്ലാ പ്രധാന ടൂറിസ്റ്റ് സെന്ററുകളും പൂർത്തിയാക്കുകയുണ്ടായി. മനോഹരമായ ബീച്ചുകളാണ് ഗോവയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന്. പ്രസിദ്ധപ്പെട്ട കലങ്ങോട്ട്, കോൾവ ബീച്ചുകളിലെ സന്ദർശനം അതീവ ഹൃദ്യമായിരുന്നു. മങ്കേഷ് ക്ഷേത്രവും ചില പുരാതന ക്രിസ്ത്യൻ പള്ളികളും ഞങ്ങൾ സന്ദർശിച്ചു. സെന്റ് ഫ്രാൻസിസ് സേവിയർ ദേവാലയവും കാണേണ്ട ഒരു ചരിത്രസ്മാരകം തന്നെ.
മഡ്ഗോവയിൽ നിന്നും നേരെ ജയപ്പൂരേയ്ക്കാണ് തീവണ്ടി നീങ്ങിയത്. രണ്ടു രാത്രിയും ഒരു പകളും നീണ്ടുനിന്ന സുദീർഘമായ ഒരു യാത്ര. ഈ രണ്ടു രാത്രികളിലെ ഉറക്കവും തീവണ്ടിമുറിയിൽ തന്നെ. ഇടയ്ക്ക് എവിടെ നിന്നും യാത്രക്കാരെ കയറ്റാനില്ലാത്തതിനാൽ ഒരു സ്റ്റേഷനിലും നിർത്താതെയുള്ള നോൺസ്റ്റോപ്പ് ഓട്ടമായിരുന്നു. എഞ്ചിൻ ഡ്രൈവറെയും ടെക്നിക്കൽ സ്റ്റാഫിനേയും മാറ്റാനും. ടോയ്‌ലറ്റിൽ വെള്ളം നിറയ്ക്കാനുമല്ലാതെ, വണ്ടി വഴിയിലെങ്ങും നിർത്തുമായിരുന്നില്ല.
ഇതിനകം ബോഗിയ്ക്കുള്ളിലെ എല്ലാ യാത്രക്കാരും, കുടുംബങ്ങളും അതീവ സൗഹൃദത്തിൽ എത്തിക്കഴിഞ്ഞിരുന്നു. കൊച്ചുകുട്ടികൾ സുരക്ഷിതബോധത്തോടെ കമ്പാർട്ട്‌മന്റിനുള്ളിൽ ഓടിച്ചാടി നടന്നു. വാതിലുകൾ പൂർണ്ണമായി ബന്ധിച്ചിരുന്നതിനാവും സെക്യൂരിറ്റി ഗാർഡ് ഉണ്ടായിരുന്നതിനാലും ആർക്കും തങ്ങളുടെ പൈതലുകളെപ്പറ്റി തെല്ലും ആശങ്ക തോന്നിയുമില്ല. സ്വന്തം വീട്ടിലെന്നപോലെ ഭക്ഷണം കഴിഞ്ഞുള്ള ഉച്ചയുറക്കവും ബോഗിയ്ക്കുള്ളിൽ എനിക്കു തരമായി.
മരുഭൂമിയുടെയും ഒട്ടകങ്ങളുടെയും നാട്ടിൽ തീവണ്ടി ഓടിക്കിതച്ചെത്തി. ഇടയ്ക്കൊരു ചെറിയ സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ പുറത്തുനിന്നും തീരെ ചെറിയ മൺകലങ്ങളിൽ കിട്ടിയ മസാലച്ചായ ഒരു പുതുമയെന്നോണം എല്ലാവരും വാങ്ങിക്കുടിച്ചു. പുതുമ മാത്രമല്ല, രുചികരവുമായിരുന്നു ആ ചായ.
ഉഷ്ണം പകർത്തുന്ന കടുത്ത ഊഷ്മാവിന്റെ നഗരമായ ജയ്പ്പൂരിൽ എത്തിയപ്പോൾ അന്തരീക്ഷത്തെക്കുളിരണിയിച്ചുകൊണ്ട് ഒരു നല്ല മഴപെയ്തു. അലറിപ്പെയ്ത ആ പേമാരി ബസ്സിൽ കയറുവാൻ അൽപ്പം അസ്വാസ്ഥ്യം സൃഷ്ടിച്ചുവേങ്കിലും, പിന്നീട് നഗരത്തിലുള്ള ഞങ്ങളുടെ മണിക്കൂറുകൾ ആ കാലാവസ്ഥ സുഖകരമാക്കിത്തീർത്തു. പൊള്ളിയ്ക്കുന്ന ചൂളക്കാറ്റിനു പകരം പിന്നീട് ചുറ്റിനും വീശിയത്, മഴ ഈർപ്പമണിയിച്ച കുളിർകാറ്റായിരുന്നുവേന്നത്, ജയ്പ്പൂർ പിങ്ക് സിറ്റിയിലെ കാഴ്ചകാണലുകളുടെ ചാരുത നന്നേ വർദ്ധിച്ചു.
നഗരപ്രദിക്ഷണത്തിനു ശേഷം, സുപ്രസിദ്ധമായ ഹലാമഹൽ, സിറ്റിപാലസ്, അമർഫോർട്ട് ഒക്കെക്കണ്ട് തീവണ്ടിയിൽ മടങ്ങിയെത്തി.
അഞ്ചാം ദിവസമായിട്ടും തീവണ്ടിയിൽ സെർവ്വ്ചെയ്ത ഭക്ഷണത്തിന്റെ രുചിയും ആസ്വാദ്യതയും അടിക്കടി കൂടിവന്നതേയുള്ളു. ഇതിന്റെ നന്ദിസ്മരണാർത്ഥം ഞങ്ങളുടെ ബോഗിയിലെ യാത്രക്കാരെ സംഘടിപ്പിച്ച്, ഞാൻ, പാചകവിദഗ്ധർക്ക് ഒരു പാരിതോഷികം-പിരിവെടുത്ത് ഒരു തുക- നൽകാൻ ഒരുങ്ങി. ഇത് കേട്ടറിഞ്ഞ്, മറ്റു ബോഗികളിലെ യാത്രക്കാരും സന്മനസ്സോടെ തങ്ങളുടെ സഹകരണം വാഗ്ദാനം ചെയ്തു. മടുപ്പൊന്നും തോന്നാതിരിക്കാൻ ഓരോ നേരത്തും വ്യത്യസ്ഥത പുലർത്തുന്ന ഭക്ഷണപദാർത്ഥങ്ങളാണ് അവർ തയ്യാറാക്കി വിളമ്പിയത്. നാലഞ്ചുദിവസം കൊണ്ട് എന്റെ ഭാര്യ തന്റെ അടുക്കളപോലും മറന്ന മട്ടിലായി. ഒരു നോൺവെജ് ഫാമിലിയിലെ ഞങ്ങളുടെ കുട്ടികൾ, ആദ്യമായാണ് മീനും ഇറച്ചിയും തൊടാതെ നാലഞ്ചു ദിവസമായി സസ്യഭക്ഷണം മാത്രം തുടരുന്നത്. അവർക്കെന്നല്ല, ആർക്കും ഭക്ഷണവിഷയത്തിൽ ഒരു മടുപ്പോ പരാതിയോ തോന്നിയില്ല എന്നതാണു യാഥാർത്ഥ്യം.
ജയ്പ്പൂരിൽ നിന്നും ഡൽഹിയ്ക്കുള്ള യാത്രയ്ക്ക് ഒരു രാത്രിയെ വേണ്ടിവന്നുള്ളു. ചുട്ടുപഴുത്ത, എങ്ങും പൊടിപാറുന്ന ഡൽഹിയും ഒരു മഴയോടെയാണ് ഞങ്ങളെ വരവേറ്റത്. ഇവിടെ രണ്ടുനാൾ ഒരു ഹോട്ടൽമുറിയിൽ ഞങ്ങൾക്ക് തങ്ങേണ്ടതുണ്ട്.
ഡൽഹിയിലെ ആദ്യദിവസം റെയിൽവേ ഏർപ്പാടു ചെയ്യുന്ന കാഴ്ചകാണിക്കലുകളും, രണ്ടാംനാൾ സ്വന്തമായി ഷോപ്പിങ് നടത്താനായി വിട്ടുതരലുമായിരുന്നു. ഡൽഹിയും ബസ്സുകൾ തയ്യാറായി കിടപ്പുണ്ടായിരുന്നു.
രാജ്ഘട്ട്, ഇന്ത്യാഗേറ്റ്, ഇന്ദിരാഗാന്ധി മ്യൂസിയം, ലോട്ടസ് ടെമ്പിൾ, കുത്തബ്മീനാർ, തീൻമൂർത്തിഭവൻ, അക്ഷർത്ഥാം ലക്ഷ്മിനാരായൺ ക്ഷേത്രം, പ്രസിദ്ധപ്പെട്ട ബിർലാമന്ദിർ ഇവയായിരുന്നു പ്രധാന കാഴ്ചകൾ.
സ്വന്തമായി ഷോപ്പിങ്ങിനു പോകാനുള്ളതായിരുന്നു ഡൽഹിയിലെ രണ്ടാംദിവസം. പഴയ ദില്ലിയും, ന്യൂഡൽഹിയും മെട്രോ ട്രെയിനിലൂടെ പലകുറി സഞ്ചരിച്ച്, കുട്ടികൾക്ക് ഭൂഗർഭറെയിൽ ഞങ്ങൾ പരിചയപ്പെടുത്തി. വളരെ സ്തുത്യർഹമായ നിലയിൽ ഏതൊരു പാശ്ചാത്യനഗരത്തിലേയും സർവ്വീസുകളെ വെല്ലുംവിധം തന്നെയായിരുന്നു ഡൽഹി മെട്രോയുടെ സേവനമെന്നും എനിക്കു ബോധ്യമായി.
കൊണാട് പ്ലേസ്, പാലികാ അണ്ടർഗ്രൗണ്ട്, മാർക്കറ്റ്, ചാന്ദ്നി ചൗക്ക്, മീനാ ബസാർ, ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് കമ്പോളമായ ജയ്ഹിണ്ട് മാർക്കറ്റ് തുടങ്ങിയ പ്രധാന ഷോപ്പിങ്ങ് സെന്ററുകളിൽനിന്നും ഞങ്ങളും കുറേ സാധനങ്ങൾ വാങ്ങുകയുണ്ടായി. എത്ര സാധനങ്ങൾ വാങ്ങിയാലും ലഗ്ഗേജ് നൽകാതെ കൊണ്ടുപോരാൻ തീവണ്ടിയിൽ ഏർപ്പാടുണ്ടായിരുന്നു.
കുട്ടികൾക്കുള്ള ചില ഉടയാടകളും, എനിക്കൊരു ജോഡി ലെത്തർഷൂവ് ഉൾപ്പെടെ കുടുംബത്തിനു മുഴുവൻ പാദരക്ഷകളും ഡൽഹിയിൽ നിന്നും ഞങ്ങൾ വാങ്ങി. ചെരിപ്പുകൾക്ക് നാട്ടിലേതിന്റെ പകുതിയിൽ താഴെ വിലയേയുള്ളു ഡൽഹിയിൽ. ചെരിപ്പുകൾക്കു മാത്രമല്ല, പല വസ്തുക്കൾക്കും ഡൽഹിയിൽ നന്നേ വിലക്കുറവാണ്.
രണ്ടുനാളത്തെ താമസത്തിനുശേഷം ഇന്ദ്രപ്രസ്ഥത്തിൽ നിന്നും ഞങ്ങളുടെ കുടുംബട്രെയിൻ പുറപ്പെട്ടു. അടുത്ത ലക്ഷ്യം ആഗ്രയാണ്. നാലഞ്ചു മണിക്കൂർ പകൽയാത്രയ്ക്കുശേഷം ട്രെയിൻ ടാജിന്റെ നാട്ടിലെത്തി.
പഴയ മുഗൾ സാമ്രാജ്യത്തിന്റെ ഈ തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ കാഴ്ച, ലോകമഹാത്ഭുതങ്ങളിൽ ഒന്നായ ടാജ്മഹൽ തന്നെ. ടാജിനു പുററെ, ആഗ്രാഫോർട്ട്, ഫത്‌യേപ്പൂർ സിക്രി, ഒക്കെക്കണ്ട് ഞങ്ങൾ തീവണ്ടിയിൽ മടങ്ങിയെത്തി.
വളരെ നിർഭാഗ്യകരമായി ഞങ്ങൾക്കു തോന്നിയതും, അനുഭവപ്പെട്ടതും, ആഗ്രാനഗരത്തിന്റെ വൃത്തിഹീനമായ പരിസരവും അന്തരീക്ഷവുമാണ്. ലോകടൂറിസ്റ്റുകളുടെ പറുദീസയായ ഈ 'ടാജിന്റെ നഗരം' ശ്വാസം മുട്ടിക്കുന്ന ദുർഗന്ധം കൊണ്ടും മനസ്സ് മടുപ്പിക്കുന്ന മാലിന്യക്കൂമ്പാരം കൊണ്ടും നിറഞ്ഞിരുന്നു. ഇതായിരുന്നു നഗരത്തിലെ അനുഭവമെങ്കിലും, ലോകാത്ഭുതങ്ങളെ വെല്ലുന്ന 'ടാജ്മഹൽ' ഞങ്ങളുടെ നിരാശാബോധത്തിന്റെ ആഴം നന്നേ കുറച്ചുതന്നു.
രാത്രി 11 ന് ട്രെയിൻ അടുത്ത താവളത്തിലേയ്ക്ക് നീങ്ങി. ഹൈദ്രാബാദ് ആണ് ഇനിയുള്ള ലക്ഷ്യം. വീണ്ടും രണ്ടു രാത്രിയും ഒരു പകളും നീണ്ടുനിൽക്കുന്ന യാത്ര. ഇതിനിടെ ഈ യാത്രയ്ക്കിടയിൽ, തീവണ്ടിയിലെ ഞങ്ങളുടെ അന്നദാതാക്കൾക്കുള്ള പാരിതോഷികം നൽകലിനു കളമൊരുക്കി. ഓരോ ബോഗിയിലെ യാത്രക്കാർ കൈയ്യയച്ചു നൽകിയ സംഭാവനകളൊക്കെ ചേർത്തുവച്ചപ്പോൾ മോശമല്ലാത്ത ഒരു തുകയുണ്ടായിരുന്നു. ആ തുക ഞങ്ങൾ പാൻട്രികാർ സ്റ്റാഫിനെ ഏൽപ്പിച്ചപ്പോൾ, തമിഴരായ ആ ഡൈനിങ്ങ് സ്റ്റാഫിനു വളരെ സന്തോഷമായി. പതിനെണ്ണായിരം ഉറുപ്പികയുണ്ടായിരുന്നു ആ തുക.
ഇത്ര സുദീർഘമായ യാത്രയായിട്ടും, ഞങ്ങൾ വീട്ടിൽ നിന്നും കരുതിക്കൊണ്ടുവന്ന 10-15 ലിറ്റർ കുടിവെള്ളം നിറച്ച ജാറുകൾ അധികമൊന്നും തുറക്കേണ്ടിവന്നില്ല. ഓരോ നേരം ഭക്ഷണം വിതരണം ചെയ്യുമ്പോഴും ഒരാൾക്ക് ഒരു ലിറ്റർ പാക്കറ്റ്ജലം അവർ തന്നുകൊണ്ടിരുന്നു. ഞങ്ങളുടെ കുടുംബത്തിന് ദിവസേന കിട്ടിക്കൊണ്ടിരുന്നത് 15 ലിറ്റർ മിനറൽ വാട്ടർ, അതുതന്നെ ആവശ്യത്തിലധികമായിരുന്നു.
ഹൈദ്രാബാദിലും നിരവധി കാഴ്ചകൾ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. സലാർജങ്ങ് മ്യൂസിയം, ചാർമിനാർ ഗോപുരം, എൻ.ടി.ആർ പാർക്ക്, മെക്കാപള്ളി, ലുംബിനി പാർക്ക് തുടങ്ങിയവ കാണലോ, അതല്ലെങ്കിൽ ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ ആയ 'രാമോജി ഫിലിം സിറ്റി' സന്ദർശനമോ, ഇവയിൽ ഏതെങ്കിലും ഒന്ന് യാത്രക്കാർക്ക് തിരഞ്ഞെടുക്കാമായിരുന്നു. കാരണം ഹൈദ്രാബാദിൽ ഒരു പകൽമാത്രമേ ലഭ്യമായിരുന്നുള്ളു.
ഫിലിംസിറ്റി രണ്ടുമാസം മുമ്പ് ഞങ്ങൾ സകുടുംബം സന്ദർശിച്ചിരുന്നതിനാൽ, ഇക്കുറി ഗ്രൂപ്പ് വിട്ട്, നഗര സന്ദർശനത്തിനും ഷോപ്പിങ്ങിനുമായി ഞങ്ങൾ മാത്രം പ്രത്യേകം പോവുകയായിരുന്നു.
ഹൈദ്രാബാദായിരുന്നു ഈ യാത്രയിലെ അവസാന സന്ദർശന സ്ഥലം.
രാത്രി 11 ന് ഹൈദ്രാബാദിൽ നിന്നും മടക്കയാത്ര ആരംഭിച്ചു. രണ്ടുരാത്രിയും ഒരു പകളും നീണ്ടുനിന്ന മടക്കയാത്ര.
പന്ത്രണ്ടാംനാൾ പകൽ രണ്ടുമണിക്ക് കൊല്ലത്ത് ട്രെയിനെത്തുംമുമ്പ് ണല്ലോരു ഉച്ചയൂണുകൂടി അവർ വിളമ്പിത്തരികയുണ്ടായി.
അങ്ങിനെ, വളരെ താൽപര്യജനകമായ ഒരു 'ഭാരത്ദർശൻ' യാത്രയ്ക്ക് തിരശ്ശീല വീഴുന്നു.
phone. 9895180442