Saturday, October 2, 2010



padma das

പ്രണയം:
നിലയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ
എടുത്തുചാടപ്പെടുന്ന ഒരാഴക്കയം

നൃത്തം:
നർത്തനം കഴിഞ്ഞാലും
നർത്തകിയൊഴിഞ്ഞാലും
നിത്യവും ചിത്തം തന്നിൽ
പീലി നീർത്തിടുവത്‌.

ഗന്ധർവൻ:
മഴനൂലിഴകളിൽ ഊർന്നിറങ്ങി
ഞൊടിയിട നീണ്ട മുത്തം കൊണ്ട്‌
കുളക്കടവിലെ കന്യയിൽ
ആരോരുമറിയാതെ
ജീവന്റെ വിത്തെറിഞ്ഞുപോയവൻ

പെണ്ണുടൽ:
അക്ഷൗഹിണികളില്ലാതെ
പടഹധ്വനികളില്ലാതെ
അധിനിവേശിച്ചു കീഴ്പ്പെടുത്താൻ
നിന്റെ വാഗ്ദത്തഭൂമി!

ജീവിതം:
ആറ്റിക്കുറുക്കി ആറ്റിക്കുറുക്കി
കുടിയ്ക്കാറാവുമ്പോഴേയ്ക്കും
തീർന്നു പോവുന്നത്‌.

അമ്മ:
കണ്ണീർ കുടിച്ചുതളർന്ന
ആർദ്രയായൊരു
മഷിത്തണ്ട്‌

വീട്‌:
എവിടെ പറിച്ചുനട്ടാലും
ഏതു പറുദീസയിൽ നിന്നും
നിന്നെ തിരിച്ചുവിളിക്കുന്ന
ഒരു ഇമയനക്കം

മുഖംമൂടി:
എടുത്തണിയാൻ എനിക്കൊന്ന്‌
എടുത്തെറിയാൻ നിനക്കൊന്ന്‌

നഗരം:
വക്കു ചിന്നിയ
കുടിയ്ക്കാനാവാത്ത
പാനപാത്രം

ഉന്മാദി:
കാലിൽ
ചങ്ങലകൾ വലിഞ്ഞുമുറുകുമ്പോഴും
തലയിൽ നിന്ന്‌
ദേശാടനക്കിളികളെ പറത്തിവിട്ട്‌
സ്വാതന്ത്ര്യത്തിലേയ്ക്ക്‌
ഊളിയിട്ടവൻ

വേട്ടക്കാരൻ:
ഇരയായ്ത്തീരും വരെ
ചര്യ വേട്ടയാക്കിയോൻ

മരണം:
കാർട്ടൂണിലെ ജെറി
എങ്ങനെയും കണ്ടെടുക്കും
ജയിക്കാനുള്ള വഴി

കവി:
ഇരവിന്റെ മറുകര താണ്ടാതെയും
പകൽ വെളിച്ചത്തിലേയ്ക്ക്‌
കൂപ്പുകുത്തുവാൻ

കവിത:
നിർവചനങ്ങളുടെ
തമോസീമകൾ ലംഘിച്ച്‌
അനന്തവിഹായസ്സിലേക്ക്‌
പറന്നലിയുന്ന
ഈറൻ നിലാവ്‌ .
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.