sundaram dhanuvachapuram
അധ്യക്ഷവേദിയിൽ ആചാര്യൻ
ആസനസ്ഥനായി.
ഹസ്തത്താഡനമുഖരിതമായ സദസ്സിന്റെ
കണ്ണുകളിൽ സൂര്യനുദിച്ചു
സീലിംഗ് ഫാനിന്റെ ശീതളസീൽക്കാരം
താളനിബദ്ധമായി.
ആചാര്യന്റെ ഇരിപ്പിന് ഒരു
ഇടതുപക്ഷചായ്‌വ് ഉണ്ടായിരുന്നു.
ചുവന്ന സ്ട്രാപ്പണിഞ്ഞ റിസ്റ്റ് വാച്ച്
ഇടത്തേക്കൈയിൽത്തന്നെയായിരുന്നു
നരച്ച ചിന്തകളുടെ താടിരോമങ്ങളിൽ
വിരലുകൾ വിരിയിച്ചുകൊണ്ട്
ആചാര്യൻ പാറപോലെ ഉറച്ചിരുന്നു
സ്വാഗതമാശംസിച്ച തീവ്രവാദിയുവാവ്
രക്തത്തിന്റെ ഗന്ധം വമിക്കുന്ന
ചുവന്ന വാക്കുകൾകൊണ്ട്
ആചാര്യനെ പൊന്നാടയണിയിച്ചു
നീണ്ടുമെലിഞ്ഞ് ശിരസ്സുയർത്തിനിന്ന
മാപ്പുസാക്ഷിയായ മൈക്ക്
വളച്ചൊടിക്കപ്പെട്ടു.
ഇരുന്നുകൊണ്ടുതന്നെ അദ്ദേഹം തന്റെ
പ്രകർഷേണയുള്ള സംഗം തുടങ്ങി
അങ്ങനെ അദ്ദേഹം ഇരുത്തം വന്ന
ഒരു പ്രാസംഗികനെന്നു
തെളിയിച്ചുകൊണ്ടേയിരുന്നു.