Thursday, March 31, 2011

ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി അദ്ധ്യായം - അഞ്ച്‌. "വണ്ടി വിടാൻ തുടങ്ങി. അവർ ഓടി വണ്ടിയുടെ അടുത്തെത്തി. രണ്ടാം നമ്പർ ബോഗിയിൽ പഴുതുള്ള സ്ഥലംനോക്കി നടക്കുകയാണ്‌ രജനി. രണ്ട്‌ സ്ത്രീകൾ മാത്രമുള്ള ഒരുമുറി ദൃഷ്ടിയിൽപ്പെട്ടു. മുൻവശത്തു ഒരു കൂട്ടം ചെറുപ്പക്കാർ നിൽക്കുന്നതും കണ്ടു. അവർ ആ മുറിയിലേക്ക്‌ തുറിച്ചുനോക്കുകയാണ്‌. രജനി തിരക്കിനിടയിൽ കൂടി വഴിയുണ്ടാക്കി അവിനാശനെ ആ മുറിയിലേക്കു തള്ളിക്കയറ്റി ചെറുപ്പക്കാരിൽ ഒരുവൻ പറഞ്ഞു" ഭാഗ്യവാൻ: ചിലർ അവിനാശനെ നോക്കിച്ചിരിച്ചു. ഗാർഡ്‌ വിസിൽ ഊതി. പച്ചക്കൊടി കാട്ടി. അവിനാശൻ പോർട്ടറെ നോക്കുകയാണ്‌. പോർട്ടർ ഓടിക്കിതച്ച ഒരുപെട്ടി അവിനാശന്റെ മുറിയിലേക്കു തള്ളിക്കയറ്റി യുവതി ഇത്‌ കണ്ട്‌ വാപൊത്തിച്ചിരിച്ചു. "അങ്ങനെയല്ല ബാബു, ബാബൂനറിഞ്ഞൂടാ. കർചീഫ്‌ ഇങ്ങ്താ-ഞ്ഞാൻ നന്നായി കെട്ടിത്തരാം" അവർ കൈനീട്ടി. കർചീഫ്‌ വാങ്ങി ഒരു തല രണ്ടായി കീറി വിരൽചുറ്റിക്കെട്ടിക്കൊടുത്തു. ശീലകെട്ടുന്ന സമയം അയാൾ അവളുടെ കൈവിരലുകൾ നോക്കി. ഭംഗിയുള്ള വിരലുകൾ. അറ്റം കൂർത്തവ. പഠിക്കുന്ന കാലത്ത്‌ ബിലാത്തിയിൽ വച്ചു അയാൾ പല യുവതികൾക്കും ഷേയ്ക്ക്‌ ഹാന്റ്‌ കൊടുത്തിട്ടുണ്ട്‌. അവയ്ക്കൊന്നും ഇത്രഭംഗിയില്ല. ഈ വിരലുകളിൽ തടവിനോക്കാൻ അയാൾക്കാഗ്രഹമുണ്ടായി. വിവേകം വിലക്കി. അവളുടെ മുഖംനോക്കി രസിക്കാനായിരുന്നു പിന്നീടയാളുടെ ശ്രമം. വിരൽ കെട്ടിക്കഴിഞ്ഞപ്പോൾ ചോരയുടെ വരവു നിലച്ചു. "ഇനി പേടിക്കാനില്ല. ബാബു, അഴിച്ചുകളയാതിരുന്നാൽ മതി. രണ്ട്‌ ദിവസം കൊണ്ടുണങ്ങിക്കൊള്ളും". കുയിൽനാദം പോലെത്തോന്നി അവളുടെ വാക്കുകൾ. സുർമ എഴുതി ഭംഗിപിടിപ്പിച്ച കണ്ണുകൾ നക്ഷത്രംപോലെ തെളക്കമുള്ള കണ്ണുകൾ. നല്ല വശീകരണശക്തിയുള്ളവ. വടിവൊത്ത ചെറിയമുഖം. കറുത്തരോമനിബിഡമായ പുരികം. അതിസ്ഥൂല കൃശവും അതിനിമ്ന്നോന്നതുവുമല്ലാത്ത വടിവൊത്തശരീരം എല്ലാറ്റിലുമുപരി തെളിഞ്ഞുകാണുന്ന അനന്യദർശനീയമായ ശാലീനത. ഇവ കണ്ടും ഓർത്തും അൽപനേരം അയാൾ ചിന്താമഗ്നനായിരുന്നു. അൽപനേരം കുമ്പിട്ടിരുന്നതിനുശേഷം പെട്ടന്നയാൾ പറഞ്ഞു. "വലിയ ഉപകാരമാണ്‌ ചെയ്തുതന്നത്‌. ഇതിന്‌ ഞാനെന്തു പ്രതിഫലം തരണം." "ഇതത്രകാര്യമാണോ ബാബു" അവൾ സ്വസ്ഥാനത്ത്‌ ചെന്നിരുന്നു. "നിങ്ങളില്ലായിരുന്നെങ്കിൽ ഞാനെത്ര കഷ്ടപ്പെട്ടേനെ, നിങ്ങളുടെ പേരെന്താണ്‌." "രാജേശ്വരി' വീണാനാദംപോലെ തോന്നി അവിനാശന്‌ ആ സ്വരം. ആ പേര്‌ അയാൾക്കു മാധുര്യമേറിയതും പുതുമയുള്ളതുമായി തോന്നി. "നിങ്ങൾ എവിടെയ്ക്കാണ്‌ പോകുന്നത്‌.' അവർ പോകേണ്ട സ്ഥലം പറഞ്ഞുകൊടുത്തു. "എനിക്കും ആ സ്ഥലത്തിനടുത്തൊരിടത്താണ്‌ പോകേണ്ടത്‌" അവൾ ഒന്നും പറഞ്ഞില്ല. ഉപകാരം ചെയ്യാൻ പ്രദർശിപ്പിച്ച ശുഷ്കാന്തി സംഭാഷണത്തിൽ അവൾ കാണിച്ചില്ല. തനിക്കുപകാരം ചെയ്തവരോടിത്രയെങ്കിലും ചോദിക്കണമെന്നയാൾ വിചാരിച്ചു. മറ്റെസ്ത്രീ ഇതിനിടയിൽ ബീഡ തയ്യാറാക്കി യുവതിയുടെ കയ്യിൽ കൊടുത്തു. "ബാബു ബീഡ തിന്നാറില്ലേ" "നിങ്ങളിങ്ങനെ ആവശ്യമില്ലാതെ ബുദ്ധിമുട്ടുന്നതെന്തിനാണ്‌." ഇതിൽ കഷ്ടപ്പാടൊന്നുമില്ല. ബാബു ഞങ്ങൾക്കിത്‌ ഒരുപതിവാണ്‌. ഇവർ നിങ്ങളുടെ ആരാണ്‌. അമ്മ അമ്മയാണല്ലേ, അച്ഛനെന്തേ കൂടെവന്നില്ല. ബീഡതിന്നുകൊണ്ടിരുന്ന അവർ ഇരുവരും വാ പൊത്തിച്ചിരിച്ചു. ആ ചിരി അവിനാശന്‌ ഇഷ്ടമായില്ല. തന്നെ അവർ കളിയാക്കയാണെന്നയാൾ വിചാരിച്ചു. പിന്നീടയാൾ ഒന്നും മിണ്ടിയില്ല. അയാൾ ഒരു പുസ്തകമെടുത്ത്‌ വായിക്കാൻ തുടങ്ങി. ഒന്നു രണ്ട്‌ പേജ്‌ വായിച്ചു. രാജേശ്വരിയുടെ നേർക്കയാൾ ദൃഷ്ടിപായിച്ചു. അവളുടെ ആ നീലായ നേത്രങ്ങൾ പൂർവ്വാധികം പ്രകാശമാനമായയാൾക്ക്‌ തോന്നി. ഇടയ്ക്കിടയ്ക്കുള്ള അവളുടെ ദൃഷ്ടിപാതത്തിൽ വിചിത്രമായ ഒരു പഞ്ചലത പ്രകടമായിരുന്നു. കഴുത്ത്‌ തിരിക്കാതെ കൺകോണുകൾകൊണ്ടുള്ള അവളുടെ നോട്ടം, നോട്ടം കൊണ്ടവൾ അയാളോട്‌ കുശലപ്രശ്നങ്ങൾ ചെയ്തത്പോലെത്തോന്നി. അവൾ ഒരു തവണ അയാളുടെ നേർക്ക്‌ ഉറ്റുനോക്കി. ഇരുവരുടെയും കണ്ണുകൾ കണ്ടുമുട്ടി. ക്ഷണനേരം ആ നോട്ടം നീണ്ടുനിന്നു. താൻ പുസ്തകം വായിക്കയാണെന്നവിചാരം വന്നപ്പോൾ അയാൾ നോട്ടം പിൻവലിച്ചു. എന്നാൽ അയാൾ അവളെ വീണ്ടും നോക്കി. അവൾ ചിരിക്കുകയാണോ? ചിരി അവളുടെ മുഖത്ത്‌ സ്ഥിരവാസമാക്കിയിരിക്കയാണോ അയാൾക്കു സംശയം തോന്നി. വായന തുടരാൻ അയാൾക്ക്‌ സാധിക്കുന്നില്ല. അക്ഷരങ്ങൾക്കു രാജേശ്വരിയുടെ രൂപം. അവളെവീണ്ടും വീണ്ടും നോക്കാതിരിക്കാനയാൾക്കു കഴിയുന്നില്ല. നാട്ടിലും വിദേശത്തുമായി ധാരാളം യുവതികളെ അയാൾ പരിചയപ്പെട്ടിട്ടുണ്ട്‌. അവർ അഭ്യസ്ഥവിദ്യരും സൗന്ദര്യധാമങ്ങളുമായിരുന്നിട്ടും രാജേശ്വരിയെപ്പോലെ അവർക്ക്‌ ആകർഷകത്വം തോന്നിയില്ല. അതെന്തുകൊണ്ടാണെന്നു അയാൾക്കറിഞ്ഞുകൂടാ. അവളുടെ വസ്ത്രധാരണരീതി, വിശേഷിച്ചു ശിരോവസ്ത്രധാരണരീതി അയാളെ ഭ്രമിപ്പിച്ചു. വായനതീരെ നിന്നു വായിക്കാൻ അയാൾക്കു കഴിയുന്നില്ല. ബഞ്ചിൽ നീണ്ടുനിവർന്നു കിടന്നു. വിചാരവീചികളിൽ അയാളുടെ മനസ്സ്‌ നീന്തിത്തുടിച്ചുകൊണ്ടിരുന്നു. ഒരു കൈമടക്കി തലമൂടത്തക്കവിധമാണയാൾ കിടന്നിരുന്നത്‌. മടക്കിവച്ചു കൈയുടെ തുടയിൽ കൂടെ അയാൾ രാജേശ്വരിയെ ശരിക്കും നോക്കിക്കൊണ്ടിരുന്നു. ഈ സൂത്രം രാജേശ്വരി കണ്ടുപിടിച്ചു. പുറമേയുള്ളവർ ഈ വിദ്യകണ്ടുപിടിക്കുകയില്ലെന്നയാൾ കരുത്തിയത്‌. അവൾ ഒന്നു പുഞ്ചിരിച്ചു. അമ്മ ജനൽവഴി പുറത്തുള്ള കാഴ്ചയാൽ മുഴുകിയിരുന്നു. ഈ നിലയിൽ അയാൾ അവളുടെ സൗന്ദര്യസുധ ആവോളം പാനം ചെയ്തു. അയാൾ പുളകംപൂണ്ട്‌ തന്റെ മുന്നിൽ വന്നിരിക്കയാണോ? അയാൾ സംശയിച്ചു. ഇടയ്ക്കിടെ അവൾ അയാളുടെ കിടപ്പ്‌ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു. നിർലജ്ജം ആർത്തിയോടെ തന്നെ തുറിച്ചുനോക്കുന്ന യുവാക്കളെ അവൾ കണ്ടിട്ടുണ്ട്‌. അവർക്ക്‌ അവരോട്‌ വെറുപ്പാണ്‌ തോന്നിയിരുന്നത്‌. എന്നാൽ മറവിൽക്കൂടെ തന്നെ നോക്കി രസിക്കുന്ന, അതും മറ്റുള്ളവർ മനസ്സിലാക്കാത്ത രീതിയിൽ ഈ വിചിത്രജീവിയോട്‌ അവൾക്ക്‌ അതിരറ്റബഹുമാനം തോന്നി. മുറിയിൽ വേറെ ആരും ഉണ്ടായിരുന്നില്ല. എന്നിട്ടും ഗോ‍ൂഢമായി നോക്കി രസിക്കുന്ന ഒരാളെ അവൾ ആദ്യമായാണ്‌ കാണുന്നത്‌. സ്ത്രീകളെ ഏകാന്തമായി കണ്ടുമുട്ടുന്ന ചില പുരുഷന്മാർ അവരോട്‌ മൃഗീയമായി പെരുമാറാറുണ്ടെന്ന്‌ അവൾ കേട്ടറിഞ്ഞിട്ടുണ്ട്‌. അങ്ങനത്തെ കൂട്ടർ സ്ത്രീകളോട്‌ വളരെ ആഭാസമായി പെരുമാറാറുണ്ടത്രെ! അടുത്ത സ്റ്റേഷൻവന്നു. അയാളുടെ പ്രകടനം നിലച്ചു. അയാൾ എണീറ്റിരുന്നു. പുറത്തേക്ക്‌ നോക്കി "ബീഡി, സിഗരറ്റ്‌, മുറുക്കാൻ, സോഡ, ഹിന്ദു, സൺഡേ ടൈംസ്‌" പല ശബ്ദങ്ങളും പുറത്തുകേട്ടുതുടങ്ങി. ആ മുറിയുടെ പുറത്തു ഫ്ലാറ്റ്ഫോമിൽ ആൾക്കൂട്ടം എല്ലാവരും ആ മുറിയിലേക്കു തുറിച്ചുനോക്കുന്ന ചെറുപ്പക്കാരായ രണ്ട്‌ ടിക്കറ്റ്‌ എക്സാമിനർക്ക്‌ ആ മുറിയിൽ മാത്രമേ ജോലിയുള്ളു എന്നു തോന്നും. അവരുടെ നിൽപ്പും നോട്ടവും കണ്ടാൽ. തന്നെ ആ മുറിയിൽ നിന്നും മാറ്റാൻ ശ്രമിക്കയാണോ? ഒരു വൃദ്ധബ്രാഹ്മണൻ രണ്ടു മൂന്നു തവണ ആ മുറിയുടെ മുമ്പിൽക്കൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതും ഒളികണ്ണിട്ടു ആ മുറിയിലേയ്ക്കു നോക്കുന്നതും അവിനാശൻ കാണാതിരുന്നില്ല. അവിനാശൻ എവിടെയ്ക്കാണ്‌ "തന്റെ തോളിൽതട്ടിക്കൊണ്ട്‌ ചോദിച്ചപ്പോഴാണ്‌ അയാൾ ചിന്തയിൽ നിന്നുണർന്നതു തിരിഞ്ഞുനോക്കിയപ്പോൾ സതീർത്ഥ്യൻ രമേശ്‌ ഫ്ലാറ്റ്‌ ഫോമിൽ നിൽക്കുന്നതുകണ്ടു ചോദിച്ചപ്പോൾ മനസ്സിലായി അയാളെ താൻ പോകുന്നിടത്തേയ്ക്കാണ്‌ പോകുന്നതെന്ന്‌. "ഞാൻ ഒരു ഇന്റർവ്യുവിനു പോണ്‌, കോളേജിൽ' "ഓ വക്കീൽപണി വേണ്ടെന്നുവച്ചു അല്ലേ- അല്ല ചങ്ങാതി നിങ്ങളെവിടെയാണിരിക്കുന്നത്‌ സ്ത്രീകളെ കണ്ടപ്പോൾ രമേശ്‌ അത്ഭുതപ്പെട്ടു ചോദിച്ചു. "എന്താ സംഗതി രമേശ്‌. കാണുന്നില്ലേ, ഈ മുറിയിൽ ആരാണിരിക്കുന്നതെന്ന്‌. "രണ്ട്‌ സ്ത്രീകൾ. സ്ത്രീകൾ തന്നെ, സംശയമില്ല. ഫ്ലാറ്റ്‌ ഫോമിൽ കാണാംതിക്കും തിരക്കും. ഈ മുറിയിലേക്ക്‌ എല്ലാവരും തുറിച്ചുനോക്കുന്നതും നിങ്ങൾ കാണുന്നില്ലേ? ഈ മുറിയിൽ രണ്ട്‌ സ്ത്രീകളുണ്ട്‌. അതിലെന്താണ്‌ കുഴപ്പം" ശരിതന്നെ, എന്നാൽ അവരത്രനല്ലവരല്ലാ. എനിക്കങ്ങനെ തോന്നുന്നില്ല. എന്നുതന്നെയല്ല, എനിക്കവർ ഉപകാരമാണ്‌ ചെയ്തുതന്നത്‌. ഇതാ നോക്കു, ഈ വിരൽ മുറിഞ്ഞിടത്ത്‌ കെട്ടത്തന്നതവരാണ്‌." ഞാൻ പറയുന്നതു കേൾക്കു, എന്റെ കൂടെ വരൂ, നിങ്ങളുടെ പെട്ടിയും മറ്റും ഞാൻ എടുക്കട്ടെ? വേണ്ട, വേണ്ട അതവിടെ ഇരുന്നോട്ടെ ഞാൻ ഈ മുറിയിൽ ഇരുന്നോളാം. ഗാർഡ്‌ വിസിലടിച്ചു. രമേശ്‌ പുറത്തിറങ്ങി. രമേശ്പോകുമ്പോൾ ആ സ്ത്രീകളെ ഒളികണ്ണിട്ടുനോക്കാൻ മറന്നില്ല. കൊള്ളാം അവിനാശ, താൻ പഠിച്ച കള്ളൻ തന്നെ. "ബാബു, ഇപ്പോൾ കൈയെങ്ങനെയുണ്ട്‌. അയാൾ മിണ്ടിയില്ല. തന്നെ പരിഹസിച്ചവരോടു മിണ്ടാൻ അയാൾക്കു തോന്നിയില്ല. ബാബു, ഞങ്ങളോട്‌ പിണക്കമാണോ പിണക്കമില്ല, എന്നാലും ചിരിച്ചതു നന്നായില്ല. രാജേശ്വരി സംസാരിക്കുന്നത്‌ കേൾക്കാൻ അയാൾ ഇഷ്ടപ്പെട്ടു. അൽപനേരം അവർ രണ്ട്‌ പേരും മിണ്ടാതിരുന്നും ഒരു തവണ അവൾ അവിനാശന്റെ മുഖത്ത്‌ തറപ്പിച്ചു നോക്കിയിട്ടു ചോദിച്ചു" ബാബു, അങ്ങ്‌ എന്ത്‌ ജോലിയാണ്‌ ചെയ്യുന്നത്‌.' ഇത്‌ വരെ ഞാൻ വക്കാലത്താണ്‌ നടത്തിയിരുന്നത്‌. അതിൽ ഒരു രസവും തോന്നിയില്ല. ഇപ്പോൾ ഞാൻ ഒരു പ്രോഫസ്സറിന്റെ ഇന്റർവ്യൂവിൽ പോകയാണ്‌. അടുത്ത സ്റ്റേഷനിൽ വണ്ടി നിന്നതേയുള്ളു. രമേശ്‌ വേഗം അവിടെവന്നു അവിനാശന്റെ അടുത്തിരുപ്പായി. ചീത്ത സ്ത്രീകളിൽ നിന്നും തന്നെ രക്ഷിക്കാൻ വെമ്പൽ പൂണ്ട ആ നല്ല സ്നേഹിതനോട്‌ അവിനാശന്‌ സ്നേഹവും പ്രത്യേക ബഹുമാനവും തോന്നിയിരിക്കണം. രമേശ്‌ വാചാലമായി ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. ഇംഗ്ലീഷിലാണ്‌ രമേശ്‌ സംസാരിച്ചതു. അവിനാശനു ദേശീയഭാഷയിലും മുമ്പൊരിക്കലും കാണാത്ത ചുറുചുറുക്കാണ്‌ ആ സ്നേഹിതനിൽ അവിനാശൻ ദർശിച്ചതും. ഇന്ന്‌ രമേശനിൽ ഇത്ര വാചാലത എന്താണ്‌. എന്നെക്കണ്ടപ്പോൾ താൻ ഞെട്ടിയതെന്തിനാണെന്നു ആദ്യം പറയൂ' അവിനാശൻ നാടൻഭാഷയിലാണു സംസാരിച്ചിരുത്തേങ്കിലും രമേശ്‌ ഇംഗ്ലീഷിലാണ്‌. ചില യുവാക്കൾക്ക്‌ മറ്റുള്ളവരുടെ മുന്നിൽ പ്രത്യേകിച്ചു സ്ത്രീകളുടെ മുന്നിൽ വച്ച്‌ ഇംഗ്ലീഷിൽ സംസാരിച്ച്‌ തന്റെ ഇംഗ്ലീഷ്‌ പരിജ്ഞാനം കാണിക്കുന്നത്‌ ഒരുതരം അഭിമാന പ്രദർശനമാണ്‌. ഇവരുമായി അവിനാശൻ എവിടെവച്ചാണ്‌ പരിചയപ്പെട്ടത്‌. ഈ വണ്ടിയിൽ ആദ്യമാണ്‌ കാണുന്നത്‌ ഇവർ ആരാണെന്നറിയാമോ ഇല്ല എന്നാൽ ഈ കാര്യം ആരോടുംപറയരുത്‌. മോശമാണ്‌. എനിക്ക്‌ ഒരു കാര്യവും ആരിൽ നിന്നും മറച്ചുവയ്ക്കേണ്ട ആവശ്യമില്ല. ചീത്ത കാര്യങ്ങളിൽ ഞാനിടപെട്ടിട്ട്‌ വേണ്ടേ അങ്ങനെ ചെയ്യാൻ. എന്നാൽ ഈ പരിചയംമറച്ചുവയ്ക്കണം അടുത്ത സ്റ്റേഷനിൽ വണ്ടിനിന്നു. രാജേശ്വരിയും അമ്മയും ഇറങ്ങാനൊരുങ്ങി. പോർട്ടർവന്നു അവരുടെ സാമാനങ്ങൾ ഇറക്കി. വസ്ത്രംകൊണ്ട്‌ പൊതിഞ്ഞ ചില സംഗീതോപകരണങ്ങൾ അക്കൂട്ടത്തിൽ അവിനാശൻ കണ്ടു. നിങ്ങളിറങ്ങയാണല്ലേ അതേ ബാബു. ഞങ്ങളിവിടെ ഇറങ്ങട്ടേ. എനിക്കു ചെയ്തുതന്ന ഉപകാരം ഒരിക്കലും മറക്കാൻ എനിക്കു സാധ്യമല്ല. ഓ. അത്‌ അത്രകാര്യമാണോ ബാബു തീരെ നിസ്സാരം. നിങ്ങളില്ലായിരുന്നെങ്കിൽ എന്റെ വിരൽ" സാരമില്ല, അത്‌ കൈയിൽ തന്നെ ഉണ്ടാകും ഇപ്പോൾ സുഖമുണ്ടല്ലോ. എനിക്കത്‌ നിസ്സാരമായി തോന്നുന്നില്ല. നിങ്ങളെ ഇനി എവിടെ കാണാൻ കഴിയും. സർവ്വശക്തൻ അങ്ങയെ ഞങ്ങളെപ്പോലുള്ളവരുടെ ഹീനവർഗ്ഗക്കാരുടെ കുടിലിൽ എത്തിക്കാതിരിക്കട്ടെ. എന്താണിങ്ങനെപറഞ്ഞത്‌ അങ്ങയ്ക്കിനിയും ഞങ്ങളെ മനസ്സിലായില്ലേ' ഞങ്ങൾ ഗായികമാരാണ്‌. ദേവദാസികളാണ്‌. ഇപ്പോൾ മനസ്സിലായോ. ഇത്‌ പറഞ്ഞ്‌ ആ സ്ത്രീകൾ വണ്ടിയിൽ നിന്നിറങ്ങി. രാജേശ്വരി ഒരുതവണകൂടി അവിനാശനെ നോക്കി പുഞ്ചിരിച്ചു. അയാൾ വാതുക്കൽ നിൽപ്പുണ്ടായിരുന്നു. സ്ത്രീകൾ അയാളെ നോക്കി തലകുനിച്ചു വണങ്ങി. അയാളും തൊഴുകൈയ്യോടെ പ്രത്യഭിവാദ്യം ചെയ്തു. രമേശ്‌ അയാളെ പിടിച്ചു സീറ്റിലിരുത്തിയിട്ടു പറഞ്ഞു" മറ്റുള്ളവർ കാണെ ഇങ്ങനെ ഒരു പരിചയം പ്രകടിപ്പിച്ചില്ലെങ്കിൽ എന്താ ആകാശം ഇടിഞ്ഞുപൊളിഞ്ഞുതാഴെവീണുപോക്വോ. രാജേശ്വരിയാകുന്ന ആ പ്രഭാതനക്ഷത്രം ജനക്കൂട്ടമാകുന്നമേഘങ്ങൾക്കിടയിൽ മറഞ്ഞുപോയി. അവിനാശൻ ചിന്താമഗ്നനായി. രമേശിന്റെ ചോദ്യം കേട്ടാണയാൾ ചിന്തയിൽ നിന്നുണർന്നത്‌. ഫ്ലാറ്റ്ഫോമിൽ ജനക്കൂട്ടം വണ്ടിയിലേക്കു ഉറ്റുനോക്കിനിന്നതിന്റെ കാരണം അവിനാശന്‌ ഇപ്പോഴാണ്‌ മനസ്സിലായത്‌. ഞങ്ങൾ ഗായികമാരാണെന്ന്‌ രാജേശ്വരി പറഞ്ഞപ്പോഴും അവൾ ചിരിച്ചതേയുള്ളു. എന്നാൽ രമേശിന്റെ വാക്കുകളും പ്രവൃത്തികളും അയാളിഷ്ടപ്പെടില്ല. എനിക്കവരുമായി പരിചയമുണ്ട്‌. ഞാനത്‌ ഒളിച്ചുവയ്ക്കുന്നില്ല. മറ്റുള്ളവർക്കതിലെന്താണ്‌ വിഷമം. മറ്റുള്ളവർക്കൊന്നുമില്ല ശരിതന്നെ. എന്നാലിതു പ്രദർശിപ്പിക്കാതിരുന്നുകൂടെ. ഞാൻ ചീത്തപ്രവർത്തിക്ക്‌ പോയിട്ടില്ല. പിന്നെ ഞാനെന്തിന്‌ പരിചയം മറച്ചുവയ്ക്കണം. നിങ്ങളത്‌ അറിയുന്നില്ല. മറ്റുള്ളവർ അറിയും. നിങ്ങളുടെ മറ്റുള്ളവർ അവരുടെ പാട്ട്‌ കേൾക്കാൻ പോകാറില്ലേ? ഞാൻ അവരോട്‌ മിണ്ടിയാൽ മറ്റുള്ളവർക്കെന്ത്‌ ദോഷം വരാൻ പോകുന്നു. അവിനാശനിത്‌ പറഞ്ഞ്‌ നെടുവീർപ്പിട്ടു. രമേശനത്‌ കണ്ടുചിരിച്ചു എന്ത്‌ കണ്ടിട്ടാണ്‌ ചിരിക്കുന്നത്‌. വേശ്യകളെ കണ്ട്‌ നെടുവീർപ്പിടുന്ന നിങ്ങളെ കണ്ടാൽ ചിരിക്കാതെന്തുചെയ്യും. ഞാൻ കരയണോ. അവർ കലാവതികളാണ്‌, വേശ്യകളല്ല. അടുത്ത സ്റ്റേഷനിൽ രമേശിറങ്ങിപ്പോയി. പിന്നെ അയാളെ കാണുന്നത്‌ അവിനാശനിറങ്ങുന്ന സ്റ്റേഷനിൽ വച്ചാണ്‌. അവിനാശൻ രമേശിനോട്‌ ചോദിച്ചു താൻ ഇത്ര സമയം എവിടെയായിരുന്നു. ഉറങ്ങിപ്പോയി പിന്നെ എന്റെ മുറിയിൽ വന്നിരുന്നതെന്തിന്‌ തന്നോട്‌ വർത്തമാനം പറയാൻ ഒരു പുസ്തകം എടുക്കാൻ ഇറങ്ങിപ്പോയതോ പിന്നെ കൂട്ടുകാർ പോകാൻ സമ്മതിച്ചില്ല. ആ സ്ത്രീകളുണ്ടായിരുന്നത്‌ കൊണ്ടല്ലേ എന്റെ സമീപംവന്നിരുന്നതും അവർ ഇറങ്ങിപ്പോയപ്പോൾ താനും ഇറങ്ങിപ്പോയി. നാണമില്ലല്ലോ, കള്ളത്തരം തട്ടിവിടാൻ. തന്നെ ഈ മുറിയിൽ നിന്നും കൊണ്ടുപോകാനാണ്‌ ഞാൻ വന്നത്‌. താൻ വരാനിഷ്ടപ്പെട്ടില്ലല്ലോ. സ്വന്തം മനസ്സാക്ഷിയോട്‌ ചോദിക്കൂ അതെപ്പോഴും എന്റെകൂടെയല്ലേ നിൽക്കൂ അവിനാശൻ നിശ്ശബ്ദതപാലിച്ചു. തന്നെ ഉപദേശിക്കാനെന്ന വ്യാജേന രൂപവതിയായ രാജേശ്വരിയെ കൺകുളിർക്കെ കണ്ടാസ്വാദിക്കാനാണയാൾ താനിരിക്കുന്നിടത്തു വന്നുതെന്നുതന്നെ അവിനാശൻ ദൃഢമായി വിശ്വസിച്ചു. അവിനാശന്റെ ഇന്റർവ്യു കഴിഞ്ഞു. അപേക്ഷകർ അഞ്ച്പേരുണ്ടായിരുന്നു. വിശേഷ യോഗ്യത കണക്കിലെടുത്ത അധികൃതർ അയാളെ തിരഞ്ഞെടുത്തു. അഭിമതനായ 'ഉദ്യോഗലബ്ധിക്ക്‌ ശേഷവും അവിനാശന്റെ മുഖം അപ്രസക്തമായിരിക്കുന്നത്‌ രായർ വീക്ഷിച്ചു മനസ്സിലാക്കി. ഒരു ദിവസം രായർ ചോദിച്ചു നിന്റെ മുഖമന്തേ മ്ലാനമായിരിക്കുന്നത്‌. ഒന്നുമില്ല അച്ഛന്‌ തോന്നുന്നതാണ്‌. നിനക്ക്‌ ഒരു കാര്യത്തിലും ശ്രദ്ധയില്ലല്ലോ എപ്പോഴും ചിന്തിച്ചിരിക്കുന്നത്‌ കാണാം. രജനിയെ കണ്ടിട്ട്‌ കുറച്ചുദിവസമായി. തനിയെ ഇരുന്നു മുഷിഞ്ഞു. രജനിയെ നീ പോയി കാണാത്തതെന്ത്‌? അയാൾ ജോലിത്തിരക്കിലാണ്‌. പാവത്തിന്റെ വിഷമിപ്പിക്കേണ്ടെന്നു കരുതി. ഞാൻ അന്വേഷിച്ചെന്നു പറയും സമയമുണ്ടാക്കിവരും. പറയാം എന്നു പറഞ്ഞ്‌ അയാൾ രായരുടെ മുമ്പിൽ നിന്നും പോയി. രായർ അനുഭവജ്ഞനാണ്‌. 20നും 25നും ഇടയ്ക്കുള്ള പ്രായത്തിൽ യുവാക്കളുടെ മനസ്സിൽ കൊടുങ്കാറ്റ്‌ വീശിക്കൊണ്ടിരിക്കും പ്രേമവിചാരം മനസ്സിൽ തിളച്ചുമറിയും. ഈ പ്രായത്തിൽ അവരെ വിവാഹച്ചങ്ങലകൊണ്ട്‌ ബന്ധിച്ചില്ലെങ്കിൽ വല്ല അപകടത്തിൽ ചാടിയേക്കും വിവാഹക്കാര്യം പറയുമ്പോൾ 'ഇപ്പൊൾ വേണ്ട' മറുപടിയാണ്‌ അയാളിൽനിന്നും ഉണ്ടാവുക.ഇനി മകന്റെ സമ്മതം നോക്കേണ്ടന്നു രായർ നിശ്ചയിച്ചു.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.