chithrakaran
ബ്ലോഗുകള്‍ വംശനാശഭീഷണി നേരിടുന്നു എന്നെല്ലാമാണ് നമ്മുടെ സാംസ്ക്കാരിക കാരണവന്മാരുടെ ജല്‍പ്പനങ്ങള്‍ !!! (വംശനാശം നേരിടുന്ന എന്‍.എസ്.മാധവനും,സന്തോഷ് എച്ചിക്കാനവും !)ഒരു സാഹിത്യ തൊഴിലാളിയായോ,കൂലിയെഴുത്തുകാരനായോ,എഴുത്ത് സംഘടനയുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായോ നിലനില്‍ക്കാനുള്ള അവസരമാണ്/ലാവണമാണ് എഴുത്തുകാരന് നവ മാധ്യമങ്ങള്‍ എന്നു ധരിച്ചിരിക്കുന്നവര്‍ക്ക് ബ്ലോഗും ഫേസ് ബുക്കും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളും വംശനാശ ഭീഷണി ഉയര്‍ത്തുന്നുണ്ടാകാം. എന്നാല്‍ ജനാധിപത്യത്തിന്റേയും,സാമൂഹ്യ സമത്വത്തിന്റേയും,രാഷ്ട്രീയ ബോധത്തിന്റേയും,ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റേയും നിലപാടുതറയായി സൈബര്‍ മാധ്യമത്തെ ദര്‍ശിക്കുന്നവര്‍ക്ക് അനന്തമായ സാധ്യതയും,സാംസ്ക്കാരികമായ സുരക്ഷയും നല്‍കുന്ന ഈ നവ മാധ്യമത്തെ തള്ളിപ്പറയാനാകില്ലെന്നു മാത്രമല്ല, അതിനോട് പറഞ്ഞാല്‍ തീരാത്തത്ര കൃതജ്ഞതയാണു ഉണ്ടാകുക. തന്നാലാകുന്ന എത്ര ചെറിയ സാമൂഹ്യ സാംസ്ക്കാരിക സംഭാവനയും ഇടനിലക്കാരില്ലാതെ സമൂഹത്തിനു നേരിട്ട് അര്‍പ്പിക്കാന്‍ ഇന്റെര്‍നെറ്റ് അധിഷ്ഠിതമായ സൈബര്‍ മാധ്യമം ഓരോ നെറ്റ് ഉപയോക്താവിനും അവസരം നല്‍കുന്നുണ്ട്. അത്തരം ഒരു സാഹചര്യം സൃഷ്ടിക്കുന്ന ജനാധിപത്യവികാസമാണ് നാം ഇപ്പോള്‍ അറേബ്യന്‍ രാഷ്ട്രങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, അഴിമതിയും, സ്വജന പക്ഷപാതവും, ഉദ്ദ്യോഗസ്ത ദുഷ്പ്രഭുത്വവും കൊടികുത്തി വാഴുന്ന എല്ലാ രാജ്യങ്ങളിലും ഇന്റെര്‍ നെറ്റ് വഴിയുള്ള ആശയവിനിമയത്തെ തടസ്സപ്പെടുത്താനും, നിയന്ത്രിച്ചു നിര്‍ത്താനുമുള്ള നിയമങ്ങള്‍ വരും നാളുകളില്‍ മണല്‍ ചിറകളെപ്പോലെ ധാരാളമായി നിര്‍മ്മിക്കപ്പെടാനിടയുണ്ട്. അവയെ ചെറുക്കുക എന്നതുതന്നെ നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുന്നതാണ്. ജനാഭിലാഷങ്ങള്‍ക്ക് വിരുദ്ധമായി നാടു ഭരിക്കാന്‍ ഒരു ഭരണാധികാരിക്കും, ഉദ്ദ്യോഗസ്ത കൂട്ടായ്മക്കും, നിയമത്തിനും, കോടതിക്കും ജനാധിപത്യ വ്യവസ്ഥയില്‍ അവകാശമില്ലെന്ന കാര്യം ജനം മനസ്സിലാക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോ, സാംസ്ക്കാരിക നേതാക്കളോ, മത മേലദ്ധ്യക്ഷന്മാരോ, ഉദ്ദ്യോഗസ്തദുഷ്പ്രഭുക്കളോ, നമ്മളെയെല്ലാം മൊത്തത്തില്‍ രക്ഷിച്ചുകളയാം എന്ന് ടെണ്ടറെടുത്ത് സൂപ്പര്‍മാന്‍ ചമയുന്നതല്ല ജനാധിപത്യം. അത്, ജനങ്ങളുടെ സ്വാഭാവിക വികാസവും, സമൂഹത്തിന്റെ വളര്‍ച്ചയും, സ്വയം നിര്‍ണ്ണയിക്കുന്ന എല്ലാ ജനങ്ങളുടേയും ക്ഷേമവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതാണ്. അഹിംസയിലൂന്നിയുള്ള സാംസ്ക്കാരികമായ ജനാധിപത്യമൂല്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ വ്യാഒഇക്കട്ടെ എന്ന് ചിത്രകാരന്‍ ആശിക്കുന്നു. ഇന്നത്തെ മാതൃഭൂമിയില്‍ (10.3.11) അറേബ്യന്‍ ലോകത്ത് ജനാധിപത്യത്തിന്റെ സാംസ്ക്കാരിക യുദ്ധക്കളമൊരുക്കുന്ന ബ്ലോഗ് ഫേസ്ബുക്ക് തുടങ്ങിയ സൈബര്‍ മാധ്യമങ്ങളുടെ സംഭാവനയെക്കുറിച്ച് നല്ലൊരു ലേഖനം ബി.എസ്.ബിമിനിത് എഴുതിയിരിക്കുന്നു. ബി.എസ്.ബിമിനിതിനും, മാതൃഭൂമിക്കും ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!!