t a sasi
ഒഴുകിപ്പോകണേ..!
മനുഷ്യശരീരം
വിയര്‍ത്തു വരുമ്പോള്‍
അതില്‍ നിന്നും ഉപ്പുണ്ടാക്കാ-
മെന്നൊരവസ്ഥയില്ലല്ലൊ;
അതു നന്നായി.
അതല്ലെങ്കില്‍
ചില മനുഷ്യര്‍
ഉപ്പുവെള്ളത്തേക്കാള്‍
വില കുറഞ്ഞവരായതിനാൽ
ചിലപ്പോള്‍ ശിക്ഷിച്ചും
വെയിലത്തു നിര്‍ത്തിയും
കിടത്തിയും വിയര്‍പ്പിച്ച്
ശരീരത്തില്‍ നിന്നും
ഉപ്പുകല്ലുകള്‍ അടര്‍ത്തിയെടുത്തേനെ;
വേറേയും മനുഷ്യര്‍.
മനുഷ്യരില്‍ നിന്നും
ഉപ്പടര്‍ത്തരുതെന്ന
നിയമം വരുമെങ്കില്‍ കൂടി
വിയര്‍പ്പ് എപ്പോഴും
ഒഴുകിപ്പോകണേ..!.
അല്‍ഷിമേഴ്സ്
തലയ്ക്കുള്ളില്‍ നിന്ന്
ഓര്‍മ്മകളിടിഞ്ഞ്
ശരീരത്തിനുള്ളിലേക്കു
വീഴുന്നു.
ഓര്‍മ്മ മാംസവുമായി
കൂടിച്ചേര്‍ന്ന്
വീഴ്ച്ചയില്‍ ദഹിച്ചവരെ
പ്പോലെയും
ഒരിക്കലും
എഴുന്നേല്‍ക്കാത്തവരെ
പ്പോലെയും.
വല്ലപ്പോഴെങ്കിലും
വീഴ്ച്ചയില്‍ നിന്നും
എണീല്‍ക്കുന്നുവെന്ന
തോന്നലിന്‍ കണ്ണീര്‍പ്പൊട്ട്
തലയിലേക്കെത്തുന്നു;
കണ്ണുകളെപ്പോഴും
തീക്കുടങ്ങള്‍ പോലെയൊ
ജലാശയം പോലെയോ
ആകാതിരുന്നിട്ടും.