arathy gopal
ഉണ്ണി ജോത്സ്യരെ കണ്ടുമടങ്ങുമ്പോൾ വളരെ നിരാശനായിരുന്നു. കേശുക്കണിയാര് പറഞ്ഞാൽ അച്ചിട്ടാണത്രെ! ഏറെ പ്രതീക്ഷയോടെയാണ് കണിയാരെ കാണാനെത്തിയത്.
"പൊരുത്തം ഇശ്ശിനോക്കിയിരിക്കണു, ഇക്കുറിയെങ്കിലും ഒന്നൊക്കുമോ കണിയാരേ?" ആകാംക്ഷയോടെ ചോദിച്ചു.
അയാൾ വിരലുകൾ മടക്കി നിവർത്തി എന്തൊക്കെയോ കൂട്ടിക്കിഴിച്ച്, പിന്നെ തീരെമയമില്ലാതെ പറഞ്ഞു, "ഒന്നും അങ്ങ്ട് തെളിയുന്നില്ല അടിയന്".
"അപ്പോ എനിക്ക് മംഗല്യഭാഗ്യം ഇല്ല്യാന്നണ്ടോ കേശുവേ?, വേവലാതിയോടെ ചോദിച്ചുപോയി.
"തിരുമേനി പോയിട്ട് ഒരാറുമാസം കഴിഞ്ഞു വരാ. ദശാസന്ധി ഒന്നുമാറട്ടെ. അപ്പോ നോക്കാം."
പിന്നീടവിടെ നിൽക്കാൻ കഴിഞ്ഞില്ല. പടിയ്ക്കലെത്തി കിതപ്പോടെ നിൽക്കേ അടുത്ത വേലിയ്ക്കൽ പൂ നുള്ളുന്നൊരുകുട്ടി. കുട്ടി എന്ന് പറഞ്ഞൂടാ, ഒരു യുവതി.
നീ ഏതാ? മുമ്പിവിടെ കണ്ടിട്ടില്ല്യാല്ലോ?
"ഞാൻ...ഞാൻ...സാവിത്രി... തെക്കേലെ ജാനൂന്റെ മോളാ...."
"ജാനൂന് ഇങ്ങനൊരു മോളോ? വിശ്വസിക്കാൻ പറ്റണില്ല്യാ"
"ഞാൻ ഇവിടെത്തന്നെ ഉണ്ടായിരുന്നു.
ഉണ്ണ്യേട്ടൻ ശ്രദ്ധിച്ചിട്ടുണ്ടാവില്യാ. ഞാൻ എത്ര കണ്ടിരിക്കണു"
അതിരിക്കട്ടെ. എന്താ ഇപ്പോ പൂനുള്ളാൻ?
' ദേവന് ചാർത്താനാ'.
'ആരാ കുട്ടീടെ ദേവൻ?'
അങ്ങനെ ചോദിച്ചാൽ..."
എന്താനിശ്ശല്യാന്നുണ്ടോ. എന്നാൽ ഈ ദേവന് ചാർത്തിക്കോളൂ."
വിരോധല്യാച്ചാ ഞാൻ റെഡി,,
"ആവാല്ലോ".
അങ്ങനെ സാവിത്രി ഉണ്ണീടെ വേളിയായി. പിന്നീട് വർഷങ്ങൾ എത്രയോ ഒഴുകി അകന്നിരിക്കുന്നു. നന്ദുമോനെ മടിയിലിരുത്തി വാർദ്ധക്യത്തിന്റെ അവശതകളോടെ ഉണ്ണിമുത്തശ്ശൻ മുത്തശ്ശിയെ വിളിച്ചു.
"നന്ദൂന്റെ മുത്തശ്ശൻ എന്നെ വിളിച്ചുവോ?"
"ഉവ്വ്, ഒരു കള്ളച്ചിരിയോടെ മുത്തശ്ശൻ ചോദിച്ചു. അന്ന് സാവിത്രിയെ കണ്ടില്ലായിരുന്നെങ്കിൽ നമ്മളിന്ന് നന്ദുമോന്റെ മുത്തശ്ശനും മുത്തശ്ശിയും ആകുമായിരുന്നോ?"
"നന്ദൂന്റെ മുത്തശ്ശന്റെ ഒരു കാര്യേ...പേരക്കിടാവിനെ ചേർത്തു പിടിച്ച് മൂർദ്ധാവിൽ മുഖമമർത്തി മുത്തശ്ശി ചിരിച്ചു, ഉൾപ്പുളകങ്ങളോടെ...