Wednesday, March 7, 2012




ജാനകി

കൂട്ടി വച്ച മാവിൻ കൊള്ളികൾക്കു മുകളിൽ .., വരടി വച്ചു നിരത്തിയ ചിതയുടെ വശങ്ങളിലേക്ക് മകൻ തീക്കൊള്ളി നീട്ടി...

അനുവദിച്ച കാലത്തിന്റെ കണക്കുപുസ്തകം അടച്ചു വച്ച് അച്ഛൻ കിടപ്പുണ്ടല്ലോ അതിൽ..! ഇളം മഴയുടെ നേർത്ത രാഗത്തിനും മകന്റെ ഹൃദയത്തിനും ഒരേ താളം.....മഴയ്ക്കു തണുപ്പാണെങ്കിൽ ഹൃദയത്തിനു വേവുന്ന ചൂടാണ്

മരണത്തിന്റെ ഗന്ധവും കനപ്പും പതിയെ പരന്നലിയാൻ തുടങ്ങിയ അകത്തളങ്ങളിൽ അടക്കിയ വായ്ത്താരികളുടെ മർമ്മരം ..പോകാൻ മടിച്ച് ചന്ദനത്തിരികളുടെ പുകവട്ടങ്ങൾ......

ഇനിയുമേറെ പോകേണ്ട വഴികളിൽ പൊടുന്നനെ തനിച്ചായിപ്പോയ മകൻ ഈറനോടെ ചായ്പിന്റെ ഒഴിഞ്ഞ കോണിലിരുന്നു... അവിടെ നിന്നുള്ള കാഴ്ച്ചയിൽ മഴനുലുകളെ വേദനിപ്പിക്കാതെ പൊങ്ങുന്ന കനമുള്ള പുകച്ചുരുളുകളിൽ ആത്മാവിന്റെ യാത്രാമൊഴികൾ

.....അച്ഛൻ എരിയുകയാണോ......???
“ കണ്ണാ..തീയിൽ കളിക്കാതെ കൈ പൊള്ളും...” എന്നിട്ടും പൊള്ളിയ കുഞ്ഞു വിരൽ ചങ്കിടിപ്പോടെ അച്ഛൻ വായിൽ വച്ചു തണുപ്പിച്ചതും ഇതു പോലെ മഴച്ചിന്തുകൾ ചിതറി വീണ ഒരു ദിവസമായിരുന്നു.....

ഭൂതകാലങ്ങളുടെ കൈവഴികളിൽ നിരതെറ്റാതെയൊഴുകുന്ന ഓർമ്മകൾക്ക് ഇന്നും എന്തു തെളിച്ചമാണ്..!!?സ്മൃതി പഥങ്ങളുടെ നേർരേഖയിൽ മറവിയുടെ ഒരു തിരിവെങ്കിലും ഉണ്ടാവാൻ മകൻ ആഗ്രഹിച്ചു..ഓർമ്മകൾ ദു:ഖമാണ്

അടക്കിയ തേങ്ങലുകളുടെ വീർപ്പു മുറ്റിയ മുറിയിൽ അമ്മയുടെ നെടുവീർപ്പിലേയ്ക്കും,സഹോദരിയുടെ നിശബ്ദതയിലേയ്ക്കും കടന്നു ചെന്നപ്പോൾ ഒന്നു കൂടി ഉയർന്ന തേങ്ങലിൽ മകൻ നിസ്സഹായനായി...നെഞ്ചിലമർന്ന മുഖങ്ങൾ ഒരു പോലെ വാരിപ്പിടിച്ച് നിലവിളിയുടെ ശരങ്ങൾ ഏറ്റുവാങ്ങി....., ഞാനതു ചെയ്തു കഴിഞ്ഞു....! കണ്ണുകൾ മുകളിലേയ്ക്കുയർത്തി..,മേൽക്കൂരയ്ക്കും ആകാശത്തിനും അപ്പുറം,അജ്ഞാതമായ ആശ്വാസ കേന്ദ്രത്തിനു നേരെ മകൻ ദയയ്ക്കു വേണ്ടി യാചിച്ചു....

.എനിക്കുമൊന്നു കരയണം...ഉറക്കെ..ഉറക്കെ..പുരുഷന്റെ മനക്കട്ടിയെന്ന നാട്യമില്ലാതെ......
“ഭാനുമതി.....ആള് കെടന്ന പായും തുണ്യളും കത്തിച്ച് കളഞ്ഞേക്ക്..അതങ്ങനെ ഇട്ടേക്കണ്ടാ...” തത്കാലം കാര്യങ്ങളേറ്റെടുത്ത ആരുടേയോ ഔചിത്യമില്ലാത്ത ഉറക്കെയുള്ള നിർദേശം..
.
മുൻപൊരിക്കൽ കൂടി ഇതു പോലൊന്നു കേട്ടിരുന്നു..! വർഷങ്ങൾക്കു മുൻപ്...അന്നു മകൻ അമ്മയോടു ചോദിച്ചിരുന്നു..-
“എന്തിനാമ്മേ അമ്മുമ്മയെ അഛൻ കത്തിക്കണത്......? ചോദിച്ച ഇളം ചുണ്ടിൽ വിരലമർത്തി അമ്മ മകനെ മടിയിലേയ്ക്ക് ഒതുക്കി വച്ചു....

ദിവസങ്ങൾക്കു ശേഷം എപ്പോഴോ..അഛന്റെ രോമങ്ങൾ നിറഞ്ഞ മാറിൽ ഉറക്കത്തിനു കാത്തു കിടന്ന് ഒന്നു കൂടി ചോദ്യമാവർത്തിച്ചപ്പോൾ ചുറ്റിപ്പിടിച്ച ആ കൈകൾ പിന്നെയുമൊന്നു മുറുകി....സദാ ഗംഭീര്യമാർന്ന ആ ശബ്ദം അപ്പോൾ നേർത്തു പോയിരുന്നു..

“അഛൻ ജനിച്ചതേ അതിനാണല്ലോ കണ്ണാ...” ഉറക്കത്തിനും ഉണർവ്വിനും ഇടയിലുള്ള മയക്കത്തിൽ അഛന്റെ നെഞ്ച് ഒരുപാട് നേരം വിറച്ചുലഞ്ഞത് അന്ന് അറിഞ്ഞിരുന്നു...,.... “കരയാതെ..” അരികിൽ അഛനേയും തന്നേയും കരവലയത്തിലാക്കി അമ്മയുടെ പതിഞ്ഞ ശബ്ദവും കേട്ടിരുന്നു.....

മകനോർത്തു...വേർപാടിന്റെ തീവ്രതയിൽ വീണുരുണ്ട്.., അലമുറയിട്ട് ...,തളർന്നു കിടക്കാൻ, ചിതയിലേയ്ക്ക് തീ പകരുന്ന നിമിഷം ഏതൊരു മകനും ആഗ്രഹിച്ചു പോകും......


താൻ കൊടുത്ത ഒരു ആൺജന്മം, കൈകളിലേയ്ക്ക് സ്വീകരിക്കാൻ വേവെടുത്ത പ്രാണനുമായി പേറ്റുമുറിയ്ക്കു പുറത്ത് കാത്തു നിന്ന ഒരാൾ...! ആ ആളുടെ ജന്മത്തിന് ഭൌതീകമായ വിരാമമിടേണ്ടത് ആ മകൻ തന്നെയായിരിക്കനമെന്ന് പറഞ്ഞു വച്ചതാരാണ്....!!?


മനസ്സിൽ മലയായുയർന്നു നിന്നിരുന്ന ആശ്രയം, കേവലം ധൂളികളുടെ നിസ്സാരതയിലമർന്നു പോകുന്നത് മകൻ കണ്ടു നിന്നു.....


ഇടവഴികളും പാടവരമ്പുകളും താണ്ടി പള്ളിക്കൂടത്തിന്റെ പടിവാതിൽ ആദ്യമായി കടന്നപ്പോൾ അങ്കലാപ്പോടെ ബലമായി വിടാതെ മുറുകെ പിടിച്ച് അച്ഛന്റെ വിയർത്ത കഴുത്തിൽ മുഖമൊളിപ്പിച്ച് കരഞ്ഞ നാളുകഴിഞ്ഞിട്ട് ഇത്രയധികമായോ.!!? ..കരുത്തുറ്റ കൈകളിരുത്തി തുണിസഞ്ചിയും തൂക്കി നടക്കുമ്പോൾ വാങ്ങിതന്ന കോലുമിട്ടായിയുടെ മധുരം നാവിൽ....!


“കണ്ണനെ അച്ഛൻ എടുത്തോണ്ടു പോകാം...സ്കുളില് മൊടങ്ങാണ്ട് പോയാലേ നല്ല കുട്ട്യാന്ന് മറ്റുള്ളോര് പറയൂ...എന്നിട്ട് വല്യ ആളാവണ്ടേ..?...” വഴിയെ ഈണത്തിലുള്ള ആശ്വാസ വചനങ്ങളുടെ നനവ്...., മനസ്സിൽ,- മാമ്പഴക്കാലങ്ങളിൽ കടിച്ചീ‍മ്പിയ മാങ്ങയുടെ ചുന ചവർപ്പ്... പഴം മാങ്ങ ഇടിച്ചു പിഴിഞ്ഞ് നീര് വായിലിറ്റിച്ച വാത്സല്യം...ബാല്യത്തിന്റെ അണുവിടകളിൽ പോലും അച്ഛന്റെ നിറ സാമീപ്യം...


“തനിക്ക് ഇഷ്ടൊള്ളത് എതെന്നു വച്ചാൽ ചെയ്തോളൂ...തുടർന്ന് പടിക്കാനാണെങ്കിൽ അങ്ങനെ..ഇന്ന്യെന്തെങ്കിലും ജോലിക്ക് നോക്കണങ്കീ അങ്ങനെ....തന്റെ ഇഷ്ടം...”...മാറി വരുന്ന സംബോധനയിൽ പകച്ച ദിവസങ്ങൾ ..കാരണമറിയാതെ വീർപ്പുമുട്ടുമ്പോൾ മേൽച്ചുണ്ടിനു മുകളിൽ കനച്ച കറുപ്പ് മനസ്സിൽ എന്തെന്നറിയാത്ത വേദന തന്നു


മുതിർന്ന മനസ്സിന്റെ ഏകാന്തതയിലും സ്വകാര്യതയിലും,“കണ്ണാ...” എന്നു വിളിച്ചു കൊണ്ടേയിരുന്ന് അലോസരമുണ്ടാകരുതെന്ന തിരിച്ചറിവിൽ വഴിമാറിയൊതുങ്ങി നിന്ന അച്ഛന്റെ ദിനരാത്രങ്ങൾ ......

മറവിയിലേയ്ക്ക് തള്ളിയകറ്റാൻ ശ്രമിച്ചിട്ടും പിൻതുടരുന്ന ഭൂതകാലത്തോട് പൊരുതിത്തളർന്ന മകന്റെ മനസ്സിൽ നോവിറ്റു വീഴുന്ന ഓർമ്മപ്പാടുകൾ ...!


“ഒന്നെണീച്ച് ഇത്തിരി ചായവെള്ളം കുടിക്ക് സാവിത്രീ......നീയൂങ്ങനെ കെടന്നാലോ..മോളേ..അമ്മേ എണീപ്പിച്ച് എന്തേലും കഴിപ്പിക്കൻ നോക്ക്യേ..”


അകത്ത് നിർദേശങ്ങളും.., വാതിലിന്റെ കിരുകിരുപ്പും പാ‍ത്രങ്ങളുടെ കലമ്പലും കേട്ടു.....


ചിതയുടെ പൊക്കം അമർന്നിരുന്നു....പുകച്ചുരുളുകളുടെ സ്ഥാനത്ത് ഇപ്പോൾ തീനാളങ്ങളാണ്... അടുത്തേയ്ക്കു ചെല്ലുമ്പോൾ ഈറനുണക്കുന്ന ചൂടിന് അഛന്റെ സ്നേഹത്തിന്റെ തീക്ഷ്ണത..തീയ്ക്കിത്ര ചൂടെന്തിനാ‍ണോ..!!!? മെല്ലെ ... മെല്ലെ....അഛനെ നോവിക്കാതെ...പള്ളിക്കൂടത്തിൽ ആദ്യമായി വിട്ടുപോയതറിഞ്ഞ നിലവിളി ഒരിക്കൽ കൂടി ഇരച്ചു വന്നതിനു മനപ്പൂർവ്വം തടയിട്ടു......


“പോയി ഈറൻ മാറിക്കോ കണ്ണാ...ഇവിടിങ്ങനെ നോക്കി നിക്കണ്ടാ..അകത്തോട്ട് പൊക്കോ....” അധികമൊന്നും പറയാതെ സമാശ്വസിപ്പിച്ചുള്ള ഒരു തോൾ തട്ടലിന്റെ പിൻബലത്തിൽ തിരിഞ്ഞു നടക്കുമ്പോൾ കേട്ടു-


“ നെഞ്ചുംഭാഗം കത്തി തീരാനിത്തിരി നേരമെടുക്കും..നാളെ നേരം വെളുക്കുമ്പ നോക്ക്യാ മതി ഓരോ മനുഷ്യന്റേം, നെഞ്ചുംകൂട് കത്തി തീരാനാണ് പാട്..അത് ആയുസ്സില ചെല അനുഭവങ്ങക്ക് തീയിനേക്കാൾ ചൂട് ള്ളത് കൊണ്ടാണെന്ന് കേട്ടിട്ട്ണ്ട്..”


“ഈ മഴേന്താത്....നല്ലോണം പെയ്യണൂല്ല..നിക്കണൂല്ല..ചെരട്ട ചെലപ്പ ഇനീം വേണ്ട്യരും...


എല്ലുകൾ നീറിപ്പോടിയുന്നത് കേട്ടത് ചെവിയിൽ നിന്നും അങ്ങിനെ തന്നെ കുടഞ്ഞു കളയാൻ ശ്രമിച്ചു....


എള്ളും പൂവും അരിയും തുടച്ചു നീക്കിയ നടുമുറിയിൽ അച്ഛനെ കിടത്തിയിടത്ത് ചവിട്ടാതെ കടന്നു..ഒരു ജീവിതം തീർന്നു പോയതിന്റെ ബാക്കി പത്രങ്ങളായി ,അച്ഛൻ കിടന്നിരുന്ന കട്ടിലിനടുത്ത മേശമേൽ ഇനിയും മാറ്റാത്ത മരുന്നു കുപ്പികളും ,അച്ഛന്റെ മാത്രം റേഡിയോയും.., കട്ടിക്കണ്ണടയും..,ഒരു പാ ത്രത്തിൽ ഉദകബാക്കിയും.., സ്പൂണും.....,പിന്നെ നേർത്തു തുടങ്ങുന്ന അഛന്റെ മണവും.......


അച്ഛന്റെ കണ്ണടയെടുത്ത് പിടിച്ച് ബാല്യത്തിന്റെ കൌതുകം വിട്ടതിനു ശേഷം ശ്രദ്ധിക്കാതെ പോയ റേഡിയോയിൽ മകൻ കയ്യോടിച്ചു.. അഛന്റെ വിരൽ തുമ്പാൽ മാത്രം ഉണർന്നിരുന്ന..പതുക്കെ പാടാൻ മത്രം അവസരമുണ്ടായിരുന്ന പഴയ റേഡിയോ...


“ പഞ്ചമി ഒണ്ടെന്നു പറേണ കേട്ടില്ലെ നീ കണ്ണാ... പ്രത്യേക പൂജേക്ക വേണ്ട്യരും...ആളെ ആവാഹിച്ചന്നെ ഒരോടത്ത് ഇരുത്തണ്ട്യരും...അല്ലെങ്കീ ചുറ്റ്വട്ടത്ത് വേറേ അഞ്ച് ചാവ്കളി ഒറപ്പാ..”..... തല മൂത്ത കാരണവത്തിയുടെ വെറ്റില മുറുക്കിനിടയിൽ ചതഞ്ഞരഞ്ഞു വന്ന അറിവുകൾ മകന് അരോചകമായി തോന്നി...


സഞ്ചയനത്തിന്റെ നാളും സമയവും അറിഞ്ഞ് ആളുകൾ ഏതാണ്ട് ഒഴിഞ്ഞിരിക്കുന്നു..മുറ്റത്തെ ഓലകെട്ടിയ പന്തലിൽ ഒരു വാഴയില വട്ടത്തിനു ചുറ്റും പൂവും എള്ളും അരിയും ഇനിയും ബാക്കി,,അതിന്റെ നാലു വശങ്ങളിലും കർമ്മളങ്ങർപ്പിച്ച നനവ്......

വരാന്തയിൽ നിന്നും പന്തലിന്റെ നിഴലിലേയ്ക്കിറങ്ങി ,ഒന്നകത്തേയ്ക്കു നോക്കി...മുടിയിലെ എണ്ണക്കറ അടയാളമിട്ട നിറം മങ്ങിയ തുണിയുള്ള ചാ‍രുകസേരയും ,അടുത്ത് അത്താണിയിൽ വിശറിയും മകൻ കണ്ടു...മുൻപൊന്നും കണ്ണൂകൾ ഉടക്കാത്ത കാഴ്ച്ചകൾ...!!!ഒട്ടും ധൃതി വയ്ക്കാതെ അച്ഛന്റെ കട്ടിക്കണ്ണട നേരത്തേ എടുത്തത് മൂക്കിലുറപ്പിച്ചു..... മകനാദ്യമായി അച്ഛന്റെ കണ്ണിലൂടെ പുറം കാഴ്ച്ചകൾ കണ്ടു..ആ കാഴ്ച്ചകൾ വലുതും വ്യക്തവുമായിരുന്നു.....


അഛൻ ഇത്ര സൂക്ഷ്മമായി.., വ്യക്തമായി...., അടുത്ത് തന്നെ കണ്ടപോലെ അഛനെ താൻ കണ്ടിട്ടേയില്ലല്ലൊ..ഒരിക്കലും കാണാൻ ശ്രമിച്ചിട്ടേയില്ല........


ഇപ്പോൾ തെക്കേ മുറ്റത്തെ തീനാളങ്ങൾക്ക് കണ്ണടചില്ലിലൂടെ മുൻപത്തേക്കാൾ തീക്ഷ്ണത....ചുവപ്പ്.....സ്നേഹം......കരുതൽ......


“ കണ്ണാ..തീയിൽ കളിക്കാതെ..കൈ പൊള്ളും..”


...എന്നിട്ടും...എന്നിട്ടും...പൊള്ളിയല്ലോ അച്ഛാ...........

.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.