വി.ദത്തൻ
അമൃത മെഡിക്കൽ കോളജിൽ നഴ്സുമാർ നടത്തുന്ന സമരം പല പ്രധാന ദൃശ്യ,അച്ചടി മാദ്ധ്യമങ്ങളും കണ്ടില്ലെന്നു നടിക്കുകയാണു.ഏതാണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും ഇങ്ങനൊരു സമരം നടക്കുന്നതായിപ്പോലും ഭാവിക്കുന്നില്ല.നിസാര പ്രശ്നങ്ങൾക്കു പോലും സമരവീര്യം പുറത്തെടുക്കാറുള്ള യുവ കേസരികൾക്കും മൗനമാണു.അമൃതാനന്ദ മയിയുടെ കാൽ കഴുകി നടക്കുന്ന മുൻ കേന്ദ്രമന്ത്രിയെപ്പോലുള്ളവരെ വെറുപ്പിക്കാൻ യുവ മോർച്ചയ്ക്ക് ഭയം കാണും.പിണറായി വിജയന്റെ മകൾക്ക് ക്യാപ്റ്റൻ കൃഷ്ണൻ നായർ വഴി അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ വാങ്ങിയിട്ടുള്ളതിനാൽ ഡി.വൈ.എഫ്.ഐക്കും അമൃതാനന്ദ മയിയെ വെറുപ്പിക്കാൻ സങ്കോചം കാണും.ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും “അമ്മയുടെ” ആലിംഗന സുഖം അനുഭവിച്ചിട്ടുള്ളതിനാൽ യൂത്തുകാർക്കും സമരത്തോട് അനുഭാവം പ്രകടിപ്പിക്കാൻ വൈമുഖ്യമുണ്ടാകും. (നേതാക്കന്മാരുടെ വ്യക്തിപരമായ കാര്യലാഭമാണോ യുവജന സംഘടനകളുടെ നയങ്ങളെ നിശ്ചയിക്കുന്നത് ?എന്ന ചോദ്യം വേറേ)ഇവർ മാത്രമല്ലല്ലോ സംഘടനകൾ.ബാക്കിയുള്ളവരുടെ നാവും കൈയ്യും കെട്ടിയിരിക്കുന്നത് ആരാണു?
ലോകമെമ്പാടും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ നിരത്തിലിറങ്ങുന്ന സംഘങ്ങളേയും കാണാനില്ല.സർവ്വ രാജ്യത്തെയും തൊഴിലാളികൾക്കു വേണ്ടി നിലകൊള്ളുന്ന പാർട്ടികളും ഇക്കാര്യത്തിൽ മൗനം ദീക്ഷിക്കുകയാണു.അമ്മദൈവത്തിന്റെ ചൂഷണത്തിനെതിരെ ശബ്ദിച്ചു പോയാൽ ദൈവനിന്ദയാകുമെന്ന ആരോപണം വരുമെന്ന ഭയമാണോ ഇവരെ ഇതിൽ നിന്നും അകറ്റി നിർത്തുന്നത്? ലോകം മുഴുവൻ ഭക്തരുണ്ടെന്നു ശിഷ്യഗണങ്ങൾ പ്രചരിപ്പിക്കുന്ന ഈ വ്യജദൈവത്തിൽ വിശ്വസിക്കുന്നവർ കേരളത്തിലെങ്ങും ഉണ്ടെന്നും വലിയ വോട്ടു ബാങ്കുകൾക്കധീനയാണു ഇവരെന്നുമുള്ള തെറ്റിദ്ധാരണയാണോ അമ്മക്കിളിക്കെതിരെശബ്ദമുയർത്തുവാൻ രാഷ്ട്രീയ കക്ഷികൾ ഭയക്കുന്നതിനു കാരണം?
ഇവർ ആളും അർത്ഥവും അനുഗ്രഹവും നല്കി ജയിക്കാൻ തിരുവനന്തപുരത്തേക്കു പലപ്രാവശ്യം പറഞ്ഞുവിട്ട ഒ.രാജഗോപാലിനു എന്തു പറ്റിയെന്ന് നമുക്കറിയാം.അതിൽ നിന്നും ഇവരുടെ ജനസ്വാധീനം വ്യക്തമല്ലേ?ഓന്തു ചാടിയാൽ വേലിക്കൽ വരെ.അത്രയേ ഉള്ളൂ.
രാഷ്ട്രീയപ്പാർട്ടികളെ തല്ക്കാലം വിടാം. രാഷ്ട്രീയ കക്ഷികളെയും ഭരണകൂടത്തെയും വിറപ്പിക്കാൻ കെല്പ്പുള്ള ചാനൽ പ്രഭുക്കൾക്കും പത്ര മുത്തശിമാർക്കും എന്തേ സാധുക്കളായ നേഴ്സുകളോട് ഇപ്പോൾ യാതൊരു കരുണയുമില്ലാതെ പോയത്?
നോട്ടിസ് വിതരണം ചെയ്യാൻ ചെന്ന നേഴ്സിനെ മുറിയിൽ പൂട്ടിയിട്ടു മർദ്ദിച്ച ആശുപത്രി അധികൃതരുടെ കാടത്തം ഹൈക്കോടതിയ്ക്കു പ്രശ്നമല്ല.മർദ്ദനമേറ്റവരോട് അല്ല കോടതിയ്ക്ക് അനുതാപം; മർദ്ദിച്ച ആശുപത്രി അധികൃതരോടാണു.ആശുപത്രിക്ക് പോലീസ് സംരക്ഷണം നല്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്രേ.സായിബാബ മുതലുള്ള സകലമാന ആൾദൈവങ്ങളെയും വളർത്തുന്നതിൽ ജഡ്ജിമാർ വഹിച്ച പങ്ക് ചെറുതല്ല.ആൾദൈവങ്ങളോടു ചാഞ്ഞു നില്ക്കുന്ന ന്യായാസനങ്ങളിൽ നിന്ന് ദൈവങ്ങൾക്കെതിരെ വിധി കിട്ടും എന്നു കരുതുക വയ്യ.
അമ്മ എന്ന വാക്കിനെ വ്യഭിചരിക്കുന്ന കപടദൈവത്തിന്റെ യഥാർത്ഥ മുഖം വ്യക്തമാകാൻ ഈ സമരം അവസരം തരുന്നു.ഇവരുടെ സ്ഥാപനങ്ങളിലെ താഴേക്കിടയിലുള്ള ജീവനക്കാരെയെല്ലാം വർഷങ്ങളായി ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണു.മിനിമം വേതനം പോലും നല്കാതെ നഴ്സുമാരുടെ അദ്ധ്വാനത്തിന്റെ വില കവർന്നെടുക്കുകയായിരുന്നു.അദ്ധ്യാപകർക്ക് പേ റോളിൽ രേഖപ്പെടുത്ത്യതിന്റെ പകുതിപോലും കൊടുക്കാറില്ല.എംബിബി എസ് അഡ്മിഷനു 50ലക്ഷവും പിജിയ്ക്ക് ഒരു കോടിയും കോഴവാങ്ങുന്നവവരാണു പട്ടിണി മാറ്റാനുള്ള കാശു പോലും നഴ്സുമാർക്ക് കൊടുക്കാത്തത്.ജോലിയെടുപ്പിച്ചിട്ട് അർഹതപ്പെട്ട കൂലി കൊടുക്കാത്തവർ സുനാമിദുരിതാശ്വാസത്തിനു കോടികൾ വാഗ്ദാനം ചെയ്യുന്നതിലെ കാപട്യവും പ്രചരണ ഭ്രാന്തും ആർക്കും ബോദ്ധ്യപ്പെടും.
സമരം ചെയ്യുന്ന നഴ്സുമാരെ ഗുണ്ടകളെ വിട്ട് തല്ലിച്ചതച്ചതും നോട്ടീസ് വിതരണത്തിനു തുനിഞ്ഞ ന്ഴ്സിനെ പുറിയിലിട്ടു പൂട്ടി
മാരകമായി പരിക്കേല്പ്പിച്ചതും അവരുടെ തനിനിറം വെളിപ്പെടുത്തുന്നുണ്ട്.തന്നെ എതിർത്ത സ്വന്തം സഹോദരനെ വകവരുത്തിയാണു ഇവർ ദൈവവേഷം ഉറപ്പിച്ചതെന്ന സ്ഥലവാസികളുടെ ആരോപണം ശരിയാണെന്ന് കരുതേണ്ടിയിരിക്കുന്നു.2001സെപ്റ്റംബറിൽ മുംബൈ സ്വദേശി രാമനാഥ അയ്യർ വള്ളിക്കാവിലെ ഇവരുടെ നക്ഷത്ര മഠത്തിൽ വച്ചു മരണപ്പെട്ടതുൾപ്പെടെ നിരവധി അപമൃത്യു കേസുകൾ ഇന്നും തെളിയാതെ കിടക്കുന്നു എന്ന വാർത്തകൂടി ഇതോടൊപ്പം ചേർത്തു വായിക്കണം.അപ്പഴേ തങ്കപ്പെട്ട ‘അമ്മ’യുടെ സന്താന സ്നേഹം മനസ്സിലാകൂ.
ചാരിറ്റബിൾ സൊസൈറ്റി ആക്റ്റിന്റെ മറവിൽ കോടികളുടെ നികുതി വെട്ടിപ്പു നടത്തിക്കൊണ്ടാണു സാധുക്കളെ ചൂഷണം ചെയ്യുന്നതെന്ന് ഓർക്കണം.വേതന നിഷേധവും നികുതിവെട്ടിപ്പും ഒരേസമയം ഇവർ നടത്തിക്കൊണ്ടിരിക്കുന്നു.ഇന്ത്യൻ ദുരിതബാധിതർക്കു മാത്രമല്ല അമേരിക്കയിലെയും ജപ്പാനിലെയും ദുരന്ത ബാധിതർക്കു വരെ കോടികൾ വാഗ്ദാനം ചെയ്യുന്ന ഈ ഉദാരമതിയായ ആലിംഗന മാതാവ് സ്വന്തം സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന പാവപ്പെട്ടവരുടെ പിച്ചചട്ടിയിൽ കൈയ്യിട്ടു വാരുന്നു.
"അടുത്തു നില്പോരനുജനെ നോക്കാനക്ഷികളില്ലാത്തോർ-
ക്കരൂപനീശനദൃശ്യനായാലതിലെന്താശ്ചര്യം?” എന്നാണു മഹാകവി ഉള്ളൂർ ചോദിക്കുന്നത്.ഇവിടെ അടുത്തു നില്ക്കുന്ന സ്വന്തം സഹജരെ സ്നേഹപൂർവ്വം നോക്കുന്നില്ലെന്നു മാത്രമല്ല അവരെ തൊഴിക്കുകയും ചെയ്യുന്നു.എന്നിട്ടും ബുദ്ധിയും യുക്തിയും കെട്ട ഒരു വലിയ വിഭാഗവും ഭരണ കൂടവും ,ഈശ്വര ദർശനത്തിനു പോലും അർഹയല്ലാത്ത ഈ കാപട്യജന്മത്തെ ദൈവമാണെന്നു കരുതി പൂജിച്ചു നടക്കുന്നു.ഹാ കഷ്ടം! എന്നല്ലാതെന്തു പറയാൻ!!എല്ലാവരെയും എല്ലാക്കാലത്തും വഞ്ചിക്കാമെന്ന് “അമ്മയും”മക്കളും വിചാരിക്കരുത്.