Wednesday, March 7, 2012

ഉത്തര ഉത്തരാധുനികത

[സൈദ്ധാന്തിക പഠനം]

എം.കെ.ഹരികുമാർ

ആൽ ഫ വൺ
പബ്ലീഷേർസ്
കണ്ണൂർ
0497 2713737
9544700435

ഉത്തര -ഉത്തരാധുനികതയെപ്പറ്റി മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ആദ്യ ഗ്രന്ഥം


എം.കെ.ഹരികുമാർ

ഒരു വസ്തുവിനു അതായിരിക്കാൻ കഴിയുന്നത്‌ തന്നെ അദ്വൈതമാണ്‌. കാരണം, ഏത്‌ വസ്തുവും അതാണെന്ന്‌ സങ്കൽപിക്കപ്പെടുന്നതോടെ,അതിനുുറത്തുള്ള എല്ലാം അന്യമായിത്തീരുന്നു. അദ്വൈത സിദ്ധാന്തമനുസരിച്ച്‌ എല്ലാറ്റിലും ബ്രഹ്മമാണുള്ളത്‌. അതായത്‌, വസ്തുവിനു സ്വയം നിലനിൽക്കാനേ കഴിയില്ല. അത്‌ , അതിനു പ്രത്യക്ഷത്തിൽ അപ്രാപ്യമായ ഒന്നിന്റെ നിഴൽ മാത്രമാണ്‌. ആ നിഴലിനെ വഹിക്കുക എന്ന ചുമതലയാണ്‌ അതിനുള്ളത്‌. വസ്തുവിനെപ്പറ്റിയുള്ള എല്ലാ ധാരണകളും മുമ്പേതന്നെ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട്‌ ഏത്‌ വസ്തുവാകട്ടെ, ആശയമാകട്ടെ, അതിനെ അദ്വൈതം മുൻകൂട്ടി അതിൽ കെട്ടിയിടുന്നു. ഏത്‌ വസ്തുവും അതാണെന്ന്‌ ശഠിക്കുന്നതോടെ, അത്‌ മറ്റൊന്നായി മാറാനുള്ള സാധ്യത അടച്ചു കളയുന്നു. വസ്തുക്കളുടെ ആന്തരികതയെ ബന്ധിപ്പിച്ചതു വഴി, ഓരോ വസ്തുവിന്റെയും ചലനവും പ്രവാഹാത്മകതയും അദ്വൈതത്തിനു അന്യമായി.


നവാദ്വൈതം എന്ന ആശയം ഞാൻ, 'എന്റെ മാനിഫെസ്റ്റോ'യിലാണ്‌ അവതരിപ്പിച്ചത്. നവാദ്വൈതം എന്ന്‌ കേട്ടപ്പോൾ ചിലർ സംശയിച്ചത്, അത്‌ അദ്വൈതത്തിന്റെ പരിഷ്കൃതരൂപമാണെന്നാണ്‌. അദ്വൈതം തത്ത്വചിന്തയാണെന്നും അത്‌ പരിഷ്കരിക്കാൻ കഴിയില്ലെന്നും,അവർ തട്ടിവിട്ടു. വാസ്തവത്തിൽ, അദ്വൈതവുമായുള്ള ഏറ്റുമുട്ടലോ, ആ ചിന്തയുടെ നവീകരണമോ ഇവിടെയില്ല. അദ്വൈതം സാങ്കൽപികവും സത്താപരമായ മുൻവിധിയോടുകൂടിയതുമായ തത്ത്വചിന്തയാണ്‌. നവാദ്വൈതം തീർത്തും വിഭിന്നമാണ്‌.


ഏത്‌ വസ്തുവിനും അതായിരിക്കാനുള്ള അവകാശമുണ്ടെങ്കിലും ആന്തരികമായി അതിനു മറ്റൊന്നാകാനുള്ള സ്വാഭാവികഘടനയുണ്ട്‌. ഇതുപക്ഷേ, മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതല്ല. ഓരോ നിമിഷത്തിലും മാറുന്നതാണ്‌. ഓരോ മൂല്യത്തിന്റെ കണ്ടെത്തലും നേടിയെടുക്കലുമാണ്‌ അതിലൂടെ യാഥാർത്ഥ്യമാകുന്നത്‌. ഉദാഹരണത്തിന്‌, വെള്ളം ഒഴുകുന്നു. ഏത്‌ ഘടനയിൽ, രൂപത്തിൽ ആണോ വെള്ളം ഉള്ളത്‌, അതിനനുസരിച്ച്‌ വെള്ളം മാറുന്നു. അത്‌ എങ്ങോട്ട്‌ ഒഴുകുമെന്ന്‌ മുൻകൂട്ടി പറയാനാവില്ല. സാധ്യതയാണ്‌ അത്‌ തീരുമാനിക്കുന്നത്‌. ഒഴുക്ക്‌ അനന്തമാണ്‌. ഒഴുകുന്നതിനിടയിൽ അതിന്റെ ജീവിതം മാറിക്കൊണ്ടേയിരിക്കുന്നു. ഓരോ നിമിഷവും ഷിഫ്റ്റ്‌ സംഭവിക്കുന്നുണ്ട്‌. ഓരോ നിമിഷവും ഓരോ അനുഭവമാണ്‌. വെള്ളം എന്താണ്‌ പറയുന്നത്‌? .] ഇതുവരെ ഒഴുകിയതൊന്നുമല്ല ഒഴുക്കെന്നും, അർത്ഥങ്ങൾ പൂർണ്ണമായി നിർവ്വചിച്ച് കഴിഞ്ഞിട്ടില്ലെന്നും നേരത്തെ നിശ്ചയിച്ച ഒഴുക്കല്ല ഇതെന്നുമാണ്‌. നമ്മുടെയൊക്കെ വളർച്ചയിലും ഇതുണ്ട്‌. ബാല്യത്തിൽനിന്ന്‌ സ്വയമറിയാതെ തന്നെ, പ്ലാൻ ചെയ്യാതെ തന്നെ നാം യൗവ്വനത്തിലേക്കും വാർധക്യത്തിലേക്കും എത്തുന്നു. ബാല്യ,കൗമാര,യൗവ്വനമെല്ലാം വ്യത്യസ്തമായ പ്ലാനറ്റുകളാണ്‌. ബാല്യകാല ജീവിതത്തിലെ ഇടങ്ങളും മുഖങ്ങളുമെല്ലാം വാർധക്യ കാലത്ത്‌ പുതിയ ലോകങ്ങളാണ്‌. ഒരു വയസ്സന് ബാല്യം ഒരു ടൂറിസ്റ്റ്‌ ഡെസ്റ്റിനേഷനാണ്‌. അയാൾക്ക്‌ അപരിചിതമായി തോന്നാവുന്ന അനേകം ഇടങ്ങൾ അവിടെയുണ്ട്‌.

നേതി നേതി അല്ല
ഉപനിഷത്തിൽ പറയുന്ന 'നേതി നേതി' എന്ന ആശയമല്ല, നവാദ്വൈതത്തിലുള്ളത്‌. പ്രപഞ്ചത്തിലെ എല്ലാ കണവും, അവ്യാഖ്യേയമായ ഒരു വലിയ 'ഒന്നി'ന്റെ പ്രതിബിംബമാണെന്നും ഇവിടെ വിവക്ഷയില്ല. നേതി നേതി അഥവാ ഇതല്ല ഇതല്ല എന്നത്‌ ശാശ്വത സത്യത്തിനു നേർക്കുള്ള അന്വേഷണത്തിന്റെ തുറന്നു പിടിച്ച കണ്ണാടിയാണ്‌. ഇതല്ല ഇതല്ല എന്ന്‌ പറഞ്ഞാൽ നിഷേധമാണ്‌. മറ്റെന്തോ ആണ്‌ എന്നും അർത്ഥമാകുന്നു. എന്നാൽ 'നവാദ്വൈത'ത്തിൽ നിരാസവും നിർമ്മാണവും ഒരേ സമയം സംഭവിക്കുകയാണ്‌. എല്ലാ വസ്തുക്കളെയും മുൻകൂട്ടി നിഷേധിക്കുകയല്ല, ഓരോ വസ്തുവും അതിന്റേതായ രീതിയിൽ സ്വയം നിഷേധിക്കുകയും മറ്റൊന്നാകുകയുമാണ്‌ ചെയ്യുന്നത്‌. ഓർമ്മയെ മറവിയാക്കുകയും വീണ്ടും ഓർക്കുകയും ചെയ്യുന്നപോലെയാണിത്‌. ഓരോ നിമിഷവും വസ്തുക്കൾ വീണ്ടും ജനിക്കുന്നു. നമ്മളും അങ്ങനെതന്നെ. ഈ മാറ്റം അനിഷേധ്യമാണ്‌. നിരാസമാണ്‌ ഇതിന്റെ അടിസ്ഥാനം. ഒരിടത്ത്‌ തന്നെ ഇരിക്കുന്നത്‌ പ്രകൃതിയിൽപ്പോലും അനുവദനീയമല്ല. മനസ്സും ശരീരവും മാറുന്നു. കാലം വളരുന്നു. ഭൂപ്രകൃതി മാറുന്നു. ഓർമ്മകൾകൊണ്ട്‌ നാം മാറ്റത്തെ അറിയാതെയും വരും. ഭൗതികമാറ്റത്തിനൊപ്പം നമ്മൾ ഒഴുകുമ്പോൾ, അതിന്റെ കാഠിന്യം കുറയ്ക്കുന്നത്‌ ഓർമ്മകളാണ്‌. അതേസമയം, പുതിയ ഓർമ്മകളിലൂടെ നാം മറവിയെയും സൃഷ്ടിക്കുന്നു. ഇന്നലെകളെ മറന്ന്‌ നാം പുതിയ ഓർമ്മകളുടെ പിന്നാലെ പോകുന്നു.


വല്ലപ്പോഴും നാം പ്രാചീനമായ അനുഭവങ്ങളെ പൊടിതട്ടിയെടുക്കുന്നു. ഇതും നിരാസമാണ്‌. വർത്തമാനകാലത്തോടുള്ള നിഷേധം. ഓർമ്മ സ്വീകാര്യതയാവുമ്പോൾ മറവി നിഷേധമാകുന്നു. മറവി സ്വീകാര്യതയാവുമ്പോൾ ഓർമ്മ നിരാസമാകുന്നു. മനസ്സ്‌ ഒരിടത്തും സ്ഥിരമല്ല. ഇഷ്ടങ്ങൾ സ്ഥിരമല്ല. കാലം വളരുന്നതിനനുസരിച്ച്‌ ഇഷ്ടവും മാറുന്നു. ഒരാളെ ഇഷ്ടപ്പെടുന്നത്‌, ഒരു വസ്തുവിനെ സ്വന്തമാക്കുന്നത്‌ എല്ലാം കാലത്തിന്റെ വളർച്ചയുടെ ലക്ഷണമാണ്‌. പിന്നീട്‌ പഴയകാലത്തേക്ക്‌ തിരിച്ചു പോകാനൊക്കില്ല. വികാരങ്ങൾ നിരാസമാണ്‌. അതുവരെയുണ്ടായിരുന്നതിനെ നിരസിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങൾ. ഒരു വസ്തുവിനെ സ്നേഹിച്ചാൽ, പിന്നീട്‌ വെറുപ്പിലേക്കേ പോകാനോക്കൂ. കാരണം സ്നേഹവും വെറുപ്പും കാലത്തിന്റെ വളർച്ചയുടെ അടയാളങ്ങളാണ്‌.


ഇതല്ല, ഇതല്ല എന്ന്‌ ഉപനിഷത്തിൽ പറയുന്ന നിഷേധമല്ലിത്‌, അത്‌ സത്യാന്വേഷണത്തിന്റെ തലത്തിലാണ്‌ നിലനിൽക്കുന്നത്‌. ഇവിടെ ഓരോ വസ്തുവും അതിനെത്തന്നെ നിരാകരിച്ച്‌ മറ്റൊന്ന്‌ നിർമ്മിക്കുന്നു. ഓരോന്നിലും നിരാസത്തിലൂടെ മാത്രമേ നിർമ്മാണം ഉണ്ടാകുന്നുള്ളു. ജീവിതം, പ്രകൃതി എല്ലാം ഈ അനുസ്യൂതമായ സ്വയം നിരാസത്തിന്റെ പ്രക്രിയയിലാണ്‌. എന്നാൽ നിരാസത്തിൽ നശിക്കാത്തതായി അവശേഷിക്കുന്നത്‌ നിർമ്മാണപ്രക്രിയയാണ്‌. പുതിയ നാമ്പുകൾക്കായുള്ള ഓട്ടം മാത്രമേ നിലനിൽക്കുന്നുള്ളൂ. ജീവിതപ്രേമത്തിന്റെ അനുസ്യൂതമായ പ്രവാഹത്തിൽ, ഓരോന്നും വീണടിയുന്നു, മറ്റൊന്നായി പുനർജനിക്കുന്നു.


മനസ്സ്‌ ഒരു വസ്തുവോ ആശയമോ ആണെങ്കിൽ, അത്‌ അതിനു പുറത്തുള്ള ഒന്നിനെയും സ്വീകരിക്കാതെയിരിക്കാനേ തരമുള്ളൂ- സ്വയം നിരസിച്ചാലേ, അതിനു മറ്റുള്ളതിനെ ഉൾക്കൊള്ളാൻ പറ്റൂ. മനസ്സ്‌ മൗലികവാദമാകരുത്‌. മനസ്സ്‌ അതിനെത്തന്നെ എപ്പോഴും നവമാക്കേണ്ടതുണ്ട്. ഒരു കണ്ണാടിയിലേക്ക്‌ നമ്മൾ സൂക്ഷിച്ചുനോക്കിയാൽ, ആ കാഴ്ചപോലും മനസ്സിനെ മൗലികമാക്കും. നാം നമ്മെത്തന്നെ വിവിധഭാവങ്ങൾ കാണിക്കാൻ തയ്യാറാകും. മനസ്സിനു അതിനെത്തന്നെ അഭിമുഖീകരിക്കാൻ പ്രയാസമാണ്‌. മനസ്സ്‌ അതിനെ കാണണമെന്ന്‌ തോന്നുമ്പോഴൊക്കെ കാണുന്നത് മറ്റൊന്നാണ്. മറ്റൊന്ന്‌ കാണാൻ മനസ്‌ സ്വയം കളിയാക്കുന്നു. കണ്ണാടിയിൽ നോക്കി ഒരു മിനിട്ട്‌ തികയുന്നതിനുമുമ്പുതന്നെ നാം കണ്ണുമിഴിച്ചോ, നാക്ക്‌ കടിച്ചോ, വികൃതമായി ചിരിച്ചോ മനസ്സിനെ തന്നെ കളിയാക്കുന്നു. മനസ്സിന്റെതന്നെ പ്രവൃത്തികളെ മനസ്സുതന്നെ കളിയാക്കുന്നു. മനസ്സ്‌ അതിന്റെ പ്രവൃത്തികളെ വായിക്കുന്നത്‌ ഒരതിജീവനത്തിനാണ്‌. തെറ്റുകളോടും സ്നേഹരാഹിത്യത്തോടും മനസ്സ്‌ അതിജീവനത്തിനായി രഞ്ജിപ്പിലെത്തുകയാണ്‌ ചെയ്യുന്നത്‌. പ്രവൃത്തികളിൽ മനസ്‌ ഇടപെടുന്നത്‌, അവിടെത്തന്നെ നിൽക്കാനല്ല. മനസ്‌ ഒരിടത്തും അവശേഷിക്കുന്നില്ല. മനസ്സ്‌ ഓരോ നിമിഷവും മാറുന്നത്‌ നമ്മൾ അറിയുന്നുപോലുമില്ല. ഇതാണ്‌ ജീവിക്കാൻ തന്നെ സഹായകമാകുന്നത്‌. മനസ്സ്‌ ഒരു വസ്തുവെന്ന നിലയിൽ, അതായിരിക്കാൻ ഇഷ്ടപ്പെടുന്നില്ല. അത്‌ എന്താണെന്ന്‌ ഓരോ നിമിഷവും, അതിനുതന്നെ നിർവ്വചിക്കാൻ കഴിയില്ല. മനസ്സ്‌ എന്താണോ, അത്‌ സ്വയം നിരസിക്കുന്നു. അടുത്ത നിമിഷം മറ്റൊന്നായി മാറുന്നു. അറിവിനനുസരിച്ച്‌ അതിന്റെ വേഗവും യുക്തിയും രൂപപ്പെടുന്നു. മനസ്സ്‌ എന്ന അനുഭവം അല്ലെങ്കിൽ ആശയം മറ്റൊന്നാകാനായി നിമിഷംതോറും മാറുന്നതും, മറ്റൊന്നായി രൂപാന്തരപ്പെടുന്നതും (പുതിയ ചിന്തകൾ, ആശയങ്ങൾ) നവാദ്വൈതമാണ്‌. മനസ്സിനു ഇങ്ങനെ മാത്രമേ നിലനിൽക്കാൻ കഴിയൂ.

ആത്മാവ്‌
ഒരു വസ്തുവിന്റെ ആത്മാവ്‌ എന്ന ആശയം തന്നെ സമ്മിശ്രമാണ്‌. കേന്ദ്രീകൃതവും സുഘടിതവും സ്ഥിരവും ആശയരൂപത്തിലുള്ളതുമായ ആത്മാവ്‌ ഇല്ല. ഇരുമ്പ്‌ കണങ്ങൾ ഒരു പേപ്പറിൽ വിതറിയിരിക്കുന്നുവെന്ന് സങ്കൽപിക്കുക. ആ പേപ്പറിന്റെ ഒരറ്റത്ത്‌ കാന്തം കൊണ്ടുചെന്നാൽ അവിടെയുള്ള ഇരുമ്പുകണങ്ങൾ കാന്തത്തിലേക്ക്‌ ആകർഷിക്കപ്പെടും. കാന്തം പേപ്പറിന്റെ ഓരോ ഭാഗത്തേക്ക്‌ നീക്കുന്തോറും, കാന്തത്തിനടുത്തുള്ള കണങ്ങളാവും ആദ്യം ആകർഷിക്കപ്പെടുക. ഇതുപോലെയാണ്‌ മനസ്സിന്റെയും വസ്തുവിന്റെയും ആത്മാവ്‌ പ്രവർത്തിക്കുന്നത്‌.
കല്ല്‌ ഒരു വസ്തുവായിരിക്കെ, അതിൽ താമരയെ കാണുന്ന ശിൽപിക്ക്‌ അത്‌ താമരയെ നൽകുന്നു. ദേവതയെ കാണുന്നവന്‌ ദേവത അതിലുണ്ടാകും. കല്ല്‌ അതിനെ നിഷേധിക്കാനും മറ്റൊന്നാകുവാനുമുള്ള അവസ്ഥയാണ്‌ നമ്മുടെ മുമ്പിൽ അവശേഷിപ്പിക്കുന്നത്‌. കല്ലിലെ ഓരോ കണവും ഓരോ പ്രവാഹത്തിലാണ്‌. ആ പ്രവാഹത്തെ അറിയുക എന്നതാണ്‌ പ്രധാനം.

ശിവം എന്ന വാക്കിൽ ശിവം മാത്രമേയുള്ളുവെങ്കിൽ, അത്‌ മറ്റുള്ളതിനെയെല്ലാം നിഷേധിക്കുകയാണ്‌. ശിവത്തിന്‌ ശിവം മാത്രമായിരിക്കാനുള്ള മൗലികസ്വഭാവമാണ്‌ മാറേണ്ടത്‌. ശിവം അതിനെത്തന്നെ നിരാകരിച്ചുകൊണ്ടാണ്‌ അത്‌ ശിവമല്ലാതാകുന്നത്‌, അല്ലെങ്കിൽ ശിവത്തിനു പുറത്തുള്ള ലോകങ്ങളെ വലിച്ചടുപ്പിക്കുന്നത്‌. ശിവം എപ്പോഴും അതിനെത്തന്നെ നിരസിക്കുന്നു എന്നതാണ്‌ കാതലായ യാഥാർത്ഥ്യം. ശിവം ഒരു വാക്കോ, അതിന്റെയുള്ളിലെ അർത്ഥമോ മാത്രമായി ഒതുങ്ങുന്നില്ല. ശിവത്തിനു പുറത്താണ്‌ സകലലോകവും. എന്നാൽ അതെല്ലാം ശിവത്തിന്റെ ഭാഗവുമാണ്‌. ശിവം എന്ന വാക്കിൽ ശിവമെന്ന അവസ്ഥയുണ്ട്‌. അത്‌ ശിവമാണെങ്കിൽ, അത്‌ നദിയോ ദുഃഖമോ, മണമോ, അല്ലാതാകണമല്ലോ. ശിവം, പക്ഷേ, ശിവം മാത്രമായാൽ അതിനു പുറത്തുള്ള അനുഭവങ്ങളുമായി ബന്ധം സാധ്യമല്ല. ശിവം ഒരേ സമയം അതിനുള്ളിലെ അർത്ഥവും അതിനു പുറത്തുള്ള ലോകവുമാണ്.
ഭാഷയിലെ നവാദ്വൈതം ഇങ്ങനെയാണുണ്ടാകുന്നത്‌. ഓരോ വാക്കും അതാതിന്റെ തടവറയിൽ കഴിയുന്നു എന്ന പ്രത്യക്ഷതയുണ്ട്‌, പക്ഷേ, വാക്കുകൾ അവയുടെ തോടിനകത്ത്‌ സ്വയം നിരസിച്ച്‌ പുറം ലോകത്തെ തേടുന്നതോടെ ഒരു വാങ്മയവും വിനിമയവും ആകാശവും ഉണ്ടാകുന്നു. എല്ലാ വാക്കുകളും ഇങ്ങനെ സ്വയം നിരസിക്കുന്നു. അവയ്ക്കുള്ളിലെ അർത്ഥത്തെ പുറം ലോകത്തെ വസ്തുക്കൾക്കായി നൽകിക്കൊണ്ടാണ്‌ വാക്കുകൾ സ്വയം നിരാകരിച്ച്‌ നിർമ്മാണമായിത്തീരുന്നത്‌.
വാക്കുകൾ
വാക്കുകൾ അവയുടെ ആന്തരികമായ കേന്ദ്രീകരണങ്ങളെ സദാതള്ളിക്കൊണ്ട്‌ പുതിയ അർത്ഥങ്ങളെ നിർമ്മിക്കുന്നു. ഒരു വാക്ക് അതിന്റെ മൗലികമായ അർത്ഥത്തിൽ പൂണ്ടുപോയാൽ പിന്നെ സംവാദമില്ല. ഭാഷ എപ്പോഴും അതിനെത്തന്നെ നിരാകരിക്കുകയാണ്‌ ചെയ്യുന്നത്‌. സാഹിത്യ രചനകളിൽ ഇത്‌ വ്യക്തമായി കാണാം. കവിതയിലെ വാക്കുകളുടെ അർത്ഥം മാത്രം ഗ്രഹിച്ചാൽ കവിതയാകുമോ? കവിതയിലെ വാക്കുകൾ, അവയുടെ അർത്ഥത്തിനപ്പുറത്തേക്കാണ്‌ ലക്ഷ്യം വയ്ക്കുന്നത്‌. അവ ഭാവാർത്ഥങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഉരുത്തിരിയുന്ന പ്രതീതി പ്രത്യക്ഷങ്ങളാണ്‌. കവിത വായിച്ചവസാനിപ്പിക്കുന്നിടത്ത്‌ നിന്നാണ്‌ അതിന്റെ അനുഭവം ആഴം തേടുന്നത്‌. കവിതയ്ക്ക്‌ ഒരു അതാര്യതയുണ്ട്‌. അത്‌ സാഹിത്യരൂപങ്ങൾക്കെല്ലാമുണ്ട്‌. ആ അതാര്യതയിലാണ്‌ അവയുടെ വായന അർത്ഥവത്താകുന്നത്. നോവലിലെ വാക്കുകളിൽ നഷ്ടപ്പെട്ടുപോയതെന്താണെന്ന്‌ ചിന്തിക്കുന്നത്‌ തന്നെ വളരെ പ്രധാനമാണ്‌. ഒരു നോവൽ പലപുറങ്ങളിലൂടെ വ്യാപിച്ചിട്ടും, ഒരു വായനക്കാരനു തോന്നുകയാണ്‌, അതിൽ ആവിഷ്കരിച്ച യാഥാർത്ഥ്യം ശരിക്കും നിലനിൽക്കുന്നുണ്ടോ ഇല്ലയോ എന്ന്‌. ഇത്‌ 'ഹോണ്ടോളജി' [ hauntology]ആണ്‌; സാഹിത്യത്തിന്റെ ചിന്താപ്രശ്നം. ഈ ഹോണ്ടോളജി, നവാദ്വൈതത്തിന്റെ മറ്റൊരു അർത്ഥതലമായി വികസിക്കുകയാണ്‌.

ഇന്ന്‌ ഐഡന്റിറ്റിയില്ല. ഉത്തരാധുനികതയുടെ ഏറ്റവും വലിയ ഉപകരണം ഐഡന്റിറ്റിയായിരുന്നു. ദളിത്‌, ഉപരിവർഗ, മധ്യവർഗ, മുതലാളിത്ത, സ്ത്രീ, ഗ്രാമ, നഗര, ദരിദ്ര ഐഡന്റിറ്റികളെ അത്‌ പൊക്കിപ്പിടിച്ചു. ഈ നൂറുകൂട്ടം ഐഡന്റിറ്റികളുള്ളവർ പൊതുവായി എന്താണ്‌ വിനിമയം ചെയ്യുന്നത്‌? പ്രതിനിധാനം ഒരു ദുരന്തമായി കലാശിക്കുകയാണ്‌ ചെയ്തത്‌. ഫെമിനിസം, ഈ പ്രേരണയിൽ വെറുപ്പിന്റെ ഉല്പാദനശാലയായി. ആൺ, പെൺ വൈരുദ്ധ്യത്തെ എല്ലാത്തിന്റെയും അടിസ്ഥാന ഘടകമായി അവർ ദർശിച്ചു. ഏത്‌ പ്രശ്നത്തെയും ലിംഗപരമായി നോക്കിക്കണ്ടു. പക്ഷേ, അവർ കാണാതെ പോയത്‌, പുതിയ കാലവും പുതിയ സാങ്കേതികവിദ്യയും, പുതിയ സംവാദവും, മൂല്യവും, സംസ്കാരവുമാണ്‌.

ഐഡന്റിറ്റിയുമായി നടക്കുന്നവർക്ക്‌ ഒരിടത്തും ചേരാനോക്കില്ല. അവർക്ക്‌ പൊതുസ്ഥലം തന്നെ ഇല്ലാതാകും. പൊതുസ്ഥലം ഇന്ന്‌ നിശ്ചയിക്കുന്നത്‌ ജാതിയോ മതമോ ദേശമോ, തൊഴിലോ ഒന്നുമല്ല. ഇതെല്ലാം മറഞ്ഞിരിക്കുകയാണ്‌. അല്ലെങ്കിൽ ഇതെല്ലാം മറച്ചുപിടിക്കാവുന്ന പൊതുസ്ഥലങ്ങൾ ഉണ്ടായിരിക്കുന്നു. ഇന്റർനെറ്റ്‌, മൊബെയിൽഫോൺ, ഫാഷൻ, ഭക്ഷണം, മാളുകൾ, ഹൈവേകൾ, കാറുകൾ, ബ്ലോഗുകൾ, കമ്മ്യൂണിറ്റി നെറ്റ്‌വർക്കുകൾ തുടങ്ങിയവ ഒരാളുടെ ഐഡന്റിറ്റിയെ ആവശ്യപ്പെടുന്നില്ല. ആർക്കും വ്യവസ്ഥാപിത ഐഡന്റിറ്റികൾ അവിടെ ആവശ്യമില്ല. മനുഷ്യന്റെ സ്വാതന്ത്ര്യമാണ്‌ അവിടെ ആഘോഷിക്കപ്പെടുന്നത്‌. രാംമോഹൻ പാലിയത്ത്‌ എന്ന ബ്ലോഗർ സ്വയംഭോഗം എന്ന്‌ ധ്വനിപ്പിക്കുന്നമട്ടിൽ തന്റെ ബ്ലോഗിനു 'സ്വയംബ്ലോഗം' എന്ന്‌ പേരിട്ടു. സനാതനൻ എന്ന ബ്ലോഗർ സ്വന്തം ബ്ലോഗിനു 'കക്കൂസ്‌' എന്നും പേരിട്ടു. പ്രിന്റ്‌ മീഡിയയിലായിരുന്നുവെങ്കിൽ, ഈ സ്വാതന്ത്ര്യം അനുവദിക്കപ്പെടില്ലായിരുന്നു. കാരണം പ്രിന്റ്‌ മീഡിയയിലെ ഏറെക്കുറെ യാഥാസ്ഥിതികരായ വായനക്കാർ അത്‌ സഹിക്കില്ല. എന്നാൽ ബ്ലോഗുകൾ എഴുത്തുകാർക്ക്‌ ശ്ലീലാശ്ലീലങ്ങളുടെ കാര്യത്തിൽ താൻപോരിമ നൽകുന്നു. ചില കാര്യങ്ങൾ പറയാൻ അശ്ലീലമാണ്‌ നല്ലതെങ്കിൽ അതുപയോഗിക്കാമെന്ന്‌ വരുന്നു- അത്‌ സ്വീകരിക്കാൻ ആളുണ്ടാവുന്നു. ഒരു പൊതു ഇടത്തിൽ തെറി പൊതുമാധ്യമമാവുന്നത്‌ ശ്രദ്ധിക്കണം. പണ്ട്‌ തെറിയുടെ വിനിമയം ഗൂഢമായിരുന്നെങ്കിൽ, ഇന്ന്‌ അത്‌ വിദ്യാസമ്പന്നരുടെയും സംസ്കാരചിത്തരുടെയും പൊതുവ്യവഹാരമായിത്തീരുന്നു. ഇത്‌ നവാദ്വൈതത്തിലേക്കാണ്‌ എന്നെ നയിക്കുന്നത്‌. ഒരു വ്യക്തി അയാളുടെ മൂല്യത്തെ, സംസ്കാരത്തെ, ശ്ലീലത്തെ, അശ്ലീലത്തെ സ്വയം നിർണ്ണയിക്കുകയാണ്‌ .അയാൾ എന്ന ആശയം, വസ്തു, പ്രതിനിധാനം, ഐഡന്റിറ്റി സ്വയം നിരസിച്ച്‌, ആവശ്യമെന്ന നിലയിൽ മറ്റൊന്ന്‌ നിർമ്മിക്കുന്നു. സ്ഥിരമല്ലാത്ത ഇത്തരം നിർമ്മാണങ്ങളിലൂടെ അയാൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ പരസ്യപ്പെടുത്തലിലൂടെ മറഞ്ഞിരിക്കുന്നതിന്റെ ഗുഢസുഖവും അയാൾക്ക്‌ സ്വന്തമായുണ്ട്‌. അയാൾ താൻ എന്താണോ, അതിനെ ഓരോ നിമിഷവും നിരസിക്കുന്നു. വ്യക്തിപരമായ മൂല്യത്തിലേക്ക്‌ എന്ന അപകടം പിടിച്ച തിരഞ്ഞെടുപ്പിലേക്ക്‌, അയാൾ എത്തിച്ചേരുന്നു. അയാൾ കണ്ടെത്തുകയാണ്‌ മൂല്യം.

മൂല്യങ്ങൾ
മൂല്യങ്ങൾ പരമ്പരാഗതമോ, ദേശീയമോ, കാലികമോ അല്ല; അത്‌ ഉപഭോഗപരവും വിവിധ കാലങ്ങളിലുള്ളതും വിവിധ സംസ്കാരങ്ങളിലുള്ളതുമാണ്‌. ഒന്നിലും അത്‌ സ്ഥിരമായി നിൽക്കുന്നില്ല. ഓരോ പുതിയ ഉൽപന്നത്തിനും ചില സവിശേഷതകളുണ്ടാവും. എന്നാൽ എല്ലാ സവിശേഷതകളും ഉള്ളത്‌ അപൂർവ്വമാണ്‌. ആയിരം രൂപ കൊടുത്താൽ ടോർച്ച്‌ ഉള്ള മൊബൈൽ ഫോൺ കിട്ടും. എന്നാൽ ഏഴായിരം രൂപ കൊടുത്ത്‌ വാങ്ങുന്ന ടച്ച്‌ സ്ക്രീൻ മൊബൈൽ ഫോണിൽ ടോർച്ച്‌ ഉണ്ടാകണമെന്നില്ല. അതായത്‌ ഓരോ ഉൽപന്നത്തിനും തനതായ ചിലതുണ്ട്‌. അത്‌ നിറമാവാം, മറ്റെന്തെങ്കിലും സവിശേഷതകളാവാം. അതുകൊണ്ട്‌ ഓരോ ഉൽപന്നത്തിന്റെയും മൂല്യം പ്രധാനമാവുന്നു. വ്യക്തികളെ, മൂല്യങ്ങളുടെ ഈ വിന്യസിക്കൽ, വല്ലാതെ ഏകാകികളും അരക്ഷിതബോധമുള്ളവരുമാക്കുന്നു. ജീവിതത്തിന്റെ ആയോധനമെന്നത്‌, ഈ അരക്ഷിതബോധവും മൂല്യങ്ങൾക്ക്‌ വേണ്ടിയുള്ള നെട്ടോട്ടവുമാണ്‌.

ആർക്കും കടന്നുചെല്ലാവുന്ന മൂല്യങ്ങളുടെ വലിയൊരു സൂപ്പർമാർക്കറ്റാണ്‌ എവിടെയുമുള്ളത്‌. ഗ്രാമങ്ങളിലെ കടകളിൽ പണ്ട് കടയുടമകൾ ഭരണിയിൽ നിന്ന്‌ മിഠായി എടുക്കാൻപോലും കുട്ടികളെ അനുവദിച്ചിരുന്നില്ല. ഇന്ന്‌ സൂപ്പർ മാളുകളിൽ ഏത്‌ ഉൽപന്നവും നമുക്ക്‌ എടുത്ത്‌ തിരിച്ചും മറിച്ചും നോക്കാം. പച്ചക്കറികൾ തിരഞ്ഞെടുക്കാം. ആവശ്യമുള്ളത്‌ മാത്രം വാങ്ങിയാൽ മതി. ഇത്‌ മൂല്യങ്ങളുടെ കാര്യത്തിലുള്ള സ്വകാര്യത മറ്റൊരു മൂല്യമായതുകൊണ്ട് സംഭവിച്ചതാണ്‌. ഉപഭോക്താക്കൾ അവരുടെ പണത്തേക്കാൾ ഇഷ്ടപ്പെടുന്നത്‌, പ്രത്യേകതരം സാധനങ്ങളുടെ ഉടമസ്ഥതയാണ്‌. എന്തുകൊണ്ട്‌ ചില സാധനങ്ങൾ ഇഷ്ടപ്പെടുന്നു? അത്‌ വിലയുടെ മാത്രം പ്രശ്നമല്ല. വ്യക്തിപരമായ ദൗർബല്യവും സൗന്ദര്യബോധവും എല്ലാം ഇതിൽ കൂടിക്കുഴഞ്ഞുകിടക്കുകയാണ്‌. എത്ര കടം വാങ്ങിയാലും ജീവിതം തന്നെ മുൻകൂർ വിറ്റതുലച്ചാലും വേണ്ടില്ല, ചില ജീവിതശൈലികൾ കൂടിയേ തീരു. വൈകുന്നേരങ്ങളിൽ, ഇഷ്ടമുള്ള റെസ്റ്റോറന്റുകളിൽ നിന്ന്‌ ഭക്ഷണം, സിനിമ കാണൽ, ഷോപ്പിംഗ്‌ എല്ലാം നഷ്ടപ്പെടാതെ നോക്കുന്നു.

സമകാലീനവും സാങ്കേതികവുമായ മൂല്യങ്ങൾ മാത്രമല്ല പ്രബലപ്പെടുന്നത്‌. പഴയതെല്ലാം തിരിച്ചുവരുന്നു. എല്ലാത്തിനും ആവശ്യക്കാരുണ്ട്‌. മേൽത്തരം ഹോട്ടലുകൾ ഉയർന്നെങ്കിലും കള്ളുഷാപ്പുകൾക്കും ഡിമാന്റുണ്ട്‌. വിലകൂടിയ ഷവർമ്മയും പിസയും ചിക്കൻകറികളും അവതരിച്ചെങ്കിലും, കപ്പയ്ക്കും മീനിനും പ്രിയമേറുകയാണ്‌. നഗരങ്ങളിൽപ്പോലും ചക്ക മഹോത്സവങ്ങൾ നടത്തുന്നു. എല്ലാരുചികളും ആടിത്തിമിർക്കുകയാണ്‌. എല്ലാവരും എല്ലാരുചികളും ഇഷ്ടപ്പെടുന്നില്ല. എന്നാൽ എല്ലാ രുചികൾക്കും ആവശ്യക്കാരുണ്ട്‌. ഐഡന്റിറ്റിയല്ല ഈ കാലത്തെ നിയന്ത്രിക്കുന്നത്‌. വളരെ വ്യക്തിപരമായ മൂല്യങ്ങളും സംസ്കാരവുമാണ്‌. ഇതാകട്ടെ നിരന്തരം മാറുന്നതുമാണ്‌. സ്ഥിര ശീലങ്ങൾ അസ്തമിച്ചു. ഒരേതരം ഭക്ഷണമോ, വസ്ത്രങ്ങളോ, ഉപകരണങ്ങളോ ഇന്ന്‌ വിലപ്പോവില്ല. ആളുകൾ മാറ്റത്തിനു വേണ്ടി എന്തും ചെയ്യും. ഈ മാറ്റം, സ്വത്വം എന്നത്‌ അസംബന്ധമാണെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. വ്യക്തികൾ ജീവിതകാലം മുഴുവൻ ഒരു ബ്രാൻഡായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഉപാധികളില്ലാത്ത ആസ്വാദനവും ഉപേക്ഷിക്കലുമാണ്‌ മൂല്യങ്ങളായി പരിണമിക്കുന്നത്‌. ഈ തിരഞ്ഞെടുപ്പുകളെല്ലാം ശരിയായിക്കൊള്ളണമെന്നില്ല. പലതരം ചികിത്സകൾ, ടൂറുകൾ, ആരാധനകൾ, ഭക്ഷണരീതികൾ എല്ലാം തലപൊക്കുകയാണ്‌. നയിക്കാനൊരാളുണ്ടെങ്കിൽ ഏത്‌ വഴിയിലൂടെയും ആളുകൾ വരും. ജീവിതം പരീക്ഷണ വസ്തുവായി. സുഖങ്ങൾ ഇല്ലെങ്കിൽ ജീവിതത്തിനു അർത്ഥമില്ലെന്ന്‌ പലരും കണ്ടെത്തിയിരിക്കുന്നു . ഇതെല്ലാം കൂട്ടായ ജീവിതത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടാക്കാതിരിക്കില്ല. മനുഷ്യരുടെ ഈ ചിന്ത ഒരു വ്യാജബോധോദയത്തെയാണ്‌ ഓർമ്മിപ്പിക്കുന്നത്‌. എല്ലാവർക്കും ആവരവരുടേതായ വിവരങ്ങളുടെ ഒരു കെട്ട്‌ അഴിക്കാനുണ്ട്‌. അറിവിനു ഒരു ക്ഷാമവുമില്ല. നൂതന മാധ്യമങ്ങൾ അതിനു സഹായിക്കുകയാണ്‌. വളരെ ഉദ്ബുദ്ധരാണ്‌ ഇന്നത്തെ മനുഷ്യർ. എന്തിനും പരിഹാരമുണ്ട്‌ എന്നവർ വിശ്വസിക്കുന്നു. എന്തിനും ചികിത്സയുമുണ്ട്‌. രോഗം വരാതിരിക്കാനും ദൈവം കോപിക്കാതിരിക്കാനും മുൻകൂർ നടപടിയെടുക്കാൻ അവർക്ക്‌ കഴിവുണ്ട്‌. ലോകത്ത്‌ നടക്കുന്ന ഏത്‌ കാര്യവും തത്സമയം അറിയാം. എണ്ണിയാലൊടുങ്ങാത്ത വിവരസാങ്കേതിക റൂട്ടുകൾ ആരുടെയും സഹായത്തിനുണ്ട്‌. സുഖം തേടാൻ എത്രയെത്രമാർഗങ്ങൾ, ദിനംപ്രതിയെന്നോണം ഉണ്ടാകുന്നു. എന്നാൽ ഇത്രയും പ്രബുദ്ധരായ മനുഷ്യർ താമസിക്കുന്ന ഇടങ്ങളിൽ കുറ്റകൃത്യങ്ങൾ പെരുകുകയാണ്‌. കൊലപാതകത്തിനും പരപീഡയ്ക്കും കുറവില്ല. ഈ 'ബോധോദയം' ശരിയല്ല എന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഓരോരുത്തർക്കും ഇത്‌ ശരിയാണ്‌. അതേ സമയം എല്ലാവർക്കും നന്നല്ല.

വ്യാജബോധോദയം
അറിവ്‌ ഉണ്ടെന്നോ ഇല്ലെന്നോ പറയാനാവാത്ത ഒരവസ്ഥയുണ്ട്‌. അറിവ്‌ സുഖങ്ങൾക്ക്‌ വേണ്ടിയാണോ? വിജയങ്ങൾക്ക്‌ വേണ്ടിയുള്ള ഓട്ടത്തിനിടയിൽ, വീണവരെ ആരും തിരിഞ്ഞുനോക്കില്ല. സഞ്ചാരികൾ പെരുകി. യാത്ര ഇന്ന്‌ ഒരാളുടെ പ്രതിഭയുടെ സ്വഭാവം പോലെയാണ്‌. എല്ലാ ഇടവും വിനോദമൂല്യമുള്ളതാണ്‌. മൂല്യം നാം കണ്ടെത്തേണ്ടതുമാത്രം. ആ മൂല്യത്തിലൂടെയാണ്‌ നാം സംസ്കാരവൽക്കരിക്കുന്നത് . അതിന്റെ ശരിതെറ്റുകൾ നാം ഒറ്റയ്ക്ക്‌ അനുഭവിക്കണം.
ഒഴിവുസമയങ്ങളിൽ മറ്റു സ്ഥലങ്ങളിൽപ്പോകാനും മുറിയിൽ തന്നെയിരുന്ന്‌ ടിവി കാണാനും അവസരമുണ്ട്‌. ടിവിയിൽ ഇരുപത്തിനാലുമണിക്കൂറും വാർത്ത വായിക്കുന്നവർക്ക്‌ എങ്ങും പോകാനൊക്കില്ല. എന്നാൽ അവർ എല്ലായിടത്തും സന്നിഹിതരാണ്‌, ചാനലിലൂടെ. ഒരിടത്തും പോകാതെ എല്ലായിടത്തും സാന്നിധ്യമറിയിക്കാനുള്ള വിദ്യ ഈ കാലത്തിന്റെ ബോധോദയമാണ്‌. അത്‌ വ്യാജബോധോദയവുമാണ്‌. കാരണം വാർത്തകളെയല്ലാതെ വാർത്താവതാരകൻ ആരെയും അറിയില്ല. അയാൾക്ക്‌ എല്ലാ വാർത്തകൾക്കുമൊപ്പം 'സൂപ്പർ എന്റിന്റി ' ആയി നിൽക്കാൻ അവസരമുണ്ട്‌. വാർത്തമാത്രമല്ല, വാർത്തവായിക്കുന്നവനും വാർത്തയോടൊപ്പം കക്ഷിചേർക്കപ്പെടുന്നു. വാർത്തയുടെ ഉടമസ്ഥത എന്ന നിലയിലുള്ള പ്രതീതി യാഥാർത്ഥ്യമാണ്‌ അവതാരകൻ സൃഷ്ടിക്കുന്നത്‌. പത്രത്തിലെ വാർത്തവായിക്കുമ്പോൾ, അത്‌ ആര്‌ എഴുതുന്നു എന്നതിനു ഒരു പേരിന്റെ ആനുകൂല്യം മാത്രമേയുള്ളൂ. ചാനലിലാകട്ടെ, വാർത്ത ഒരാൾ പറയുകയാണ്‌. അതിന്റെ വിശ്വാസ്യതയും ഉടമസ്ഥതയും അയാളെ ആശ്രയിച്ചാണ്‌ നിൽക്കുന്നത്‌. ഇത്‌ വ്യാജമായ നമ്മുടെ അവബോധമാണ്‌. വ്യാജമാകാൻ കാരണം, നന്മളെ എല്ലായിടത്തും ഉണ്ടെന്ന്‌ വിശ്വസിപ്പിക്കുന്ന അവതാരകൻ, ആരോ എഴുതിക്കൊടുത്ത വാർത്ത വായിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അയാൾക്ക്‌ ഒരു ഉത്തരവാദിത്തവുമില്ല. അയാൾ തൊഴിലാളി മാത്രമാണ്‌. അയാൾ ഏത്‌ നിമിഷവും മറ്റൊരു ചാനലിലേക്ക്‌ ഓടിപ്പോകുന്നവനുമാണ്‌.
വാർത്തയും അതിന്റെ അവതരണവുംപോലും, സ്വയം നിരസിച്ച്‌ മറ്റൊന്ന്‌ നിർമ്മിക്കുകയാണ്‌. ഈ നിരാസത്തിലൂടെയും നിർമ്മാണത്തിലൂടെയും, അത്‌ മുൻകാലവാർത്തകളോടെല്ലാം വിടപറയുന്നു. അനുസ്മരണമോ ,സ്മൃതിയോ, ഇവിടെ, അതിന്റെ അവതരണത്തോടൊപ്പം അചരിത്രമാകുകയാണ്‌. ഒരു വാർത്തയും ജീവിക്കുന്നില്ല. അവതരിച്ചു കഴിഞ്ഞാലുടനെ, അത്‌ വിസ്മൃതിയിലേക്ക്‌ പോകുകയാണ്‌.ചില ജീവിതശൈലികൾ ആളുകളെ പിടികൂടിക്കഴിഞ്ഞു. വൈകുന്നേരങ്ങളിൽ ഇഷ്ടമുള്ള റെസ്റ്റോറന്റുകളിൽ നിന്ന്‌ ഭക്ഷണം, സിനിമ കാണൽ, ഷോപ്പിംഗ്‌ എല്ലാം നഷ്ടപ്പെടാതെ നോക്കണം.

 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.