saju pullan
അവൻ ചിറകുള്ള ഒരു പാമ്പായിരുന്നു
പറുദീസയിൽ നിന്നവൻ
ഭൂമിയിലേക്ക് പറന്നിറങ്ങി;
പറുദീസ വാഴുന്ന പാപികളുടെ
പടയാളിയാവാൻ വേണ്ട യോഗ്യതയെങ്കിലും
അവനില്ലായിരുന്നു പോലും!
മണ്ണിലെ രാജാക്കന്മാർക്കവൻ
പാതാളത്തിന്റെ മാലാഖയായിരുന്നു
അവർക്കറിയേണ്ടിയിരുന്നത്
അവിടത്തെ രഹസ്യങ്ങളെപ്പറ്റിയായിരുന്നു
പാതാളത്തിന്റെ സൗന്ദര്യങ്ങളറിയുവാൻ
അവൻ അവിടേക്ക് ഇഴഞ്ഞു.
മുള്ള് മുളച്ച വഴികളിലൂടെയായിരുന്നു യാത്രയെങ്കിലും
തളരുമ്പോൾ കിടക്കാൻ
കാഞ്ഞിരമെത്തയുണ്ടായിരുന്നു
വിശക്കുമ്പോൾ തിന്നാൻ നരകാഗ്നിയും
മുറിവുണങ്ങാൻ ഏറ്റവും നല്ലത് ഉപ്പുവെള്ളമാണെന്ന്
ആ യാത്രയിലാണവൻ കണ്ടുപിടിച്ചതു
പക്ഷേ കണ്ണിൽ നിന്നത് താനേ ഇറ്റണം
സ്വന്തം രക്തം പാനം ചെയ്ത്
ദാഹിക്കുന്നവർക്കവൻ മാതൃകയായി
അതുകൊണ്ടൊക്കെ ആയിരിക്കാം
അവന്റെ വാക്കുകൾ പതിഞ്ഞ പുസ്തകതാളുകളിൽ
തീ തീ
എന്ന് നമ്മൾ ആർത്തു വിളിച്ചതു
അവന്റെ വാക്കുകൾ നുണഞ്ഞ
നമ്മുടെ ഹൃദയങ്ങൾ രക്തം രുചിച്ചതു
അഗ്നി മദ്ധ്യേ പൊള്ളിയും
രക്തം പുളിച്ചും ആയിരിക്കുന്നോടത്തോളം കാലം
ഓർക്കുക
നമ്മെ ഉപേക്ഷിച്ച് പോവില്ലവൻ