Tuesday, February 1, 2011


ശൈലേഷ് തൃക്കളത്തൂർ
മലയാളസാഹിത്യത്തിനൊരു നൂതന തത്ത്വചിന്തയുമായി വന്ന എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' യെ അധികരിച്ച്‌ ഗ്രീൻബുക്സിന്റെ ആഭിമുഖ്യത്തിൽ കേരള സാഹിത്യ അക്കദമിയിൽ നടന്ന ചർച്ച ശ്രദ്ധേയമായിരുന്നു. പൗരസ്ത്യ സിദ്ധാന്തങ്ങളുടെയും പാശ്ചാത്യസിദ്ധാന്തങ്ങളുടെയും വഴികളിലൂടെ സഞ്ചരിച്ച മലയാള നിരൂപണത്തിനു, അതിൽ നിന്നുമാറി സ്വതന്ത്രവും മൗലികവുമായ പാതയൊരുക്കുന്ന കൃതിയാണ്‌ 'എന്റെ മാനിഫെസ്റ്റോ' എന്ന്‌ ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രമുഖ കഥാകൃത്ത്‌ വൈശാഖൻ മോഡറേറ്ററായിരുന്നു. പ്രോഫ.പി.വി.കൃഷ്ണൻനായർ, കെ.കെ.ഹിരണ്യൻ, ഷൊർണ്ണൂർ കാർത്തികേയൻ, സുനിൽ.സി.ഇ തുടങ്ങിയവരാണ്‌ ചർച്ച നിയന്ത്രിച്ചതു. ഗ്രീൻ ബുക്സ്‌ എം.ഡിയും നോവലിസ്റ്റുമായ കൃഷ്ണദാസ്‌ ആമുഖ പ്രഭാഷണം നടത്തി. എം.കെ.ഹരികുമാർ നന്ദി പറഞ്ഞു.
കൃഷ്ണദാസ്‌
സാഹിത്യനിരൂപണരംഗത്ത്‌ ശ്രദ്ധേയമായ കൃതികൾ ഉണ്ടാകുന്നില്ലെന്ന്‌ കൃഷ്ണദാസ്‌ ചൂണ്ടിക്കാട്ടി. പല മാഗസിനുകളും വിമർശനരചനകൾക്ക്‌ പ്രാമുഖ്യം കൊടുക്കാതെയായി. ഇവിടെയാണ്‌ ഹരികുമാറിന്റെ 'മാനിഫെസ്റ്റോ'യെപ്പറ്റിയുള്ള ചർച്ച പ്രസക്തമാകുന്നത്‌.
മൗലികമായ സ്വഭാവമാണ്‌ ഈ കൃതി പ്രകടമാക്കുന്നത്‌. സുന്ദരമായ ഭാഷ മറ്റൊരു പ്രത്യേകതയാണ്‌. ഭാഷാബോധമുള്ള ഏതൊരു വായനക്കാരനും എഴുത്തുകാരനും ഇത്‌ ആകർഷകമാകുമെന്നകാര്യത്തിൽ തർക്കമില്ല. കലാപരമായ പ്രാമാണികതയിൽ ഊന്നിക്കൊണ്ടാണ്‌ അദ്ദേഹം രചനയിൽ ഏർപ്പെട്ടിട്ടുള്ളതെന്ന്‌ കാണാം. സാഹിത്യകൃതികളുടെ സാമ്പ്രദായിക ചട്ടക്കൂട്ടിനപ്പുറത്തേക്ക്‌ പോകാൻ ശ്രമിക്കുന്ന കൃതിയാണിത്‌. ഒരു പുതിയ സൗന്ദര്യശാസ്ത്രത്തിന്റെ പിറവിക്കുവേണ്ടിയുള്ള ശ്രമം. മാമൂലുകളെ നിഷേധിച്ച്‌ മൗലികമായ ചിന്തകൾക്ക്‌ ശ്രമിക്കുന്ന ഹരികുമാറിന്റെ കൃതി വ്യാപകമായ ചർച്ച ചെയ്യേണ്ടതാണെന്ന്‌ കൃഷ്ണദാസ്‌ പറഞ്ഞു.

വൈശാഖൻ
എങ്ങനെ സാഹിത്യചിന്തയെ പുനർനിർവ്വചിക്കാം എന്നാണ്‌ ഹരികുമാർ ഈ കൃതിയിൽ ആലോചിക്കുന്നത്‌. അതിനായി പഴയ ആശയങ്ങളുടെ റീസൈക്കിളിംഗ്‌, ഉത്തരാധുനികമായ ഇന്റർഡിസ്പ്ലിനറി ചിന്തകൾ, ലാവണ്യ വിചാരങ്ങളെയും തത്ത്വജ്ഞാനത്തെയും കൂട്ടിക്കലർത്തൽ, തുടങ്ങിയവയെല്ലാം അദ്ദേഹം ഉപയോഗിക്കുന്നു. ഒരു സമഗ്രമായ ഉടച്ചുവാർക്കലിനായുള്ള ആഹ്വാനം മുഴങ്ങുന്നുണ്ട്‌. പഴകി ദ്രവിച്ച സമ്പ്രദായങ്ങളിൽ നിന്നുള്ള വിമോചനമാണ്‌ 'എന്റെ മാനിഫെസ്റ്റോ' വിഭാവനം ചെയ്യുന്നത്‌. സാഹിത്യത്തിന്റെ ബലതന്ത്രം ഹരികുമാറിനറിയാം. ഇക്കാര്യത്തിൽ നിലവിലുള്ള വരേണ്യ താത്പര്യങ്ങൾ അദ്ദേഹത്തിനില്ല. ഇതു ഉടച്ചുവാർക്കലിന്റെ നവാദ്വൈതമാണ്‌. ഇതിൽ വിഷാദചിന്തയുണ്ട്‌, അർത്ഥശൂന്യതയുണ്ട്‌, ശുഭാപ്തിബോധമുണ്ട്‌, എല്ലാം കലർന്നൊഴുകുകയാണ്‌. എല്ലാം മൗലികമായ നിരീക്ഷണങ്ങൾ. ഹരികുമാറിന്റെ ചില നിരീക്ഷണങ്ങൾ മണിക്കൂറുകളോളം ചിന്തിക്കാൻ വകതരുന്നു. സ്വയം നിരസിക്കുമ്പോൾ മനുഷ്യചക്രവാളം വികസിക്കുകയാണ്‌ ചെയ്യുന്നത്‌. പുതിയ പ്രപഞ്ചങ്ങളെ തേടുന്ന വിപ്ലവമാണ്‌ ഈ കൃതിയുടെ ഉള്ളടക്കം. ഇതിന്റെ പ്രത്യേകത 'Aesthetic, Philosophical dynamics' ആണ്‌. വായനക്കാരനെ ബഹുമാനിക്കുന്ന ഈ കൃതി ആവിഷ്കാരത്തിന്റെ ഡോഗ്മകളെ (Dogma)യാണ്‌ തകർക്കുന്നത്‌. വ്യവസ്ഥാപിതമായ ഉദ്ധരണികളെ ഉപേക്ഷിച്ച്‌ നീങ്ങുന്ന ഹരികുമാറിന്റെ പുസ്തകം മാറ്റങ്ങൾക്കു വേണ്ടിയുള്ള കടലിരമ്പമാണ്‌. ഇതൊരു ബോധവിപ്ലവുമാണ്‌.

പി.വി.കൃഷ്ണൻനായർ
ഞാൻ ശ്രദ്ധിച്ചുവായിച്ച കൃതിയാണ്‌ 'എന്റെ മാനിഫെസ്റ്റോ' മലയാളത്തിൽ വിജ്ഞാനത്തെയും സൗന്ദര്യത്തെയും സമന്വയിപ്പിക്കുന്ന പുസ്തകങ്ങൾ കുറവാണ്‌. അതിനു പരിഹാരമാണ്‌ ഈ കൃതി. ഇതിൽ ശയൻസുണ്ട്‌, എഞ്ചിനീയറിംഗുണ്ട്‌, ചരിത്രമുണ്ട്‌, ആത്മീയതയുണ്ട്‌, സംസ്കാരമുണ്ട്‌, കലയുണ്ട്‌, സാഹിത്യമുണ്ട്‌, തത്ത്വശാസ്ത്രമുണ്ട്‌. ഹരികുമാറിന്റെ 'നവാദ്വൈതം' സാരഭൂതമായതലങ്ങളിലേക്ക്‌ കടക്കുകയാണ്‌. ഇതിലെ നൂറ്റിയൊന്ന്‌ വാക്യങ്ങൾ അത്‌ തെളിയിക്കുന്നു. പുതിയ പാശ്ചാത്യ സാഹിത്യചിന്തകൾ മനസ്സിലാക്കിക്കൊണ്ടുള്ള എഴുത്ത്‌ ഈ കൃതിയിൽ കാണാം. ധാരാളം ചർച്ചകളും വിമർശനങ്ങളും ഈ കൃതിക്ക്‌ ആവശ്യമാണ്‌. പുതിയ അവബോധവും സൗന്ദര്യചിന്തയും തരുന്ന ഈ കൃതി മൗലികമാണ്‌. സാമാന്യവായനയ്ക്കപ്പുറമുള്ള സൂക്ഷ്മത ഇതിന്റെ പാരായണത്തിനാവശ്യമാണ്‌. സ്വത്വത്തെ നിരാകരിക്കുന്ന ഹരികുമാർ, ഏതൊന്നിന്റെയും പരിധിയെ മറികടക്കാനാണ്‌ ഉത്സുകനാവുന്നത്‌. അറിവിനുമാനമുണ്ടാക്കുന്നതിങ്ങനെയാണ്‌. ഇത്‌ സാഹിത്യന്വേഷകന്റെ ആത്മാവിഷ്കാരമാണ്‌. മലയാളിക്ക്‌ പൊതുവേ വലിപ്പത്തെപ്പറ്റിയുള്ള സങ്കൽപമില്ല. വലിയ കൃതികളുമായി, ആശയങ്ങളുമായി ഒത്തുപോകാനുള്ള മനസ്സും ഇല്ല. രാഷ്ട്രീയ പ്രബുദ്ധതയുമില്ല. അന്നത്തെ പത്രങ്ങൾ വായിക്കുന്നതിനപ്പുറം രാഷ്ട്രീയ പ്രബുദ്ധതയില്ല. തത്ത്വചിന്തയിൽ ഭാഷ ദരിദ്രമാണ്‌. ഇതിനെല്ലാമുള്ള തിരുത്താണ്‌ ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ'.

കെ.കെ.ഹിരണ്യൻ
മലയാള സാഹിത്യത്തിൽ തളംകെട്ടികിടക്കുന്ന നിശ്ചലതയെ മറികടക്കാനുള്ള ശ്രമമാണ്‌ ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' സ്വയം നിരാസമാണ്‌ അതിന്റെ മുഖമുദ്ര. നിശ്ചലതയെ ഭേദിക്കുന്നതിലൂടെ ഹരികുമാറിനു ഭാവുകത്വം, സ്വത്വം തുടങ്ങിയ ആശയങ്ങളോട്‌ വിയോജിക്കേണ്ടി വരുന്നു. അവനവനെ പുതുക്കിപ്പണിയുന്ന പ്രക്രിയയാണിത്‌. വാക്കുകളെ പുനർജനിപ്പിക്കുന്നു. ആഴമേറിയ വായനാനുഭവത്തിനാണ്‌ ഈ കൃതി പ്രേരിപ്പിക്കുന്നത്‌. ഹരികുമാർ എഴുതുന്ന 'അക്ഷരജാലക'ത്തിന്റെ സ്ഥിരം വായനക്കാരനാണ്‌ ഞാൻ. എം.കൃഷ്ണൻനായരുടെ 'സാഹിത്യവാരഫലം'ത്തേക്കാൾ എന്നെ ആകർഷിക്കുന്നത്‌ ഹരികുമാറിന്റെ 'അക്ഷരജാലക'മാണ്‌. കൃഷ്ണൻനായർക്ക്‌ നവീനതയെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഹരികുമാർ സ്വയം നിരസിക്കാനും സ്വയം നവീകരിക്കാനുമാണ്‌ വഴിവെട്ടുന്നത്‌.
ബദൽ നിരൂപണവും ബദൽ എഴുത്തുമാണിത്‌. മലയാളത്തിനുള്ള കൃതി ഒരു പുതിയ വഴി നൽകുന്നു. അധ്യാപകരായ വിമർശകരുണ്ടാക്കിയ ഭാഷയുടെ മലിനീകരണത്തിനെതിരെയുള്ള മൂന്നാര്റിയിപ്പാണ്‌ 'എന്റെ മാനിഫെസ്റ്റോ' മലയാളം ഐച്ഛികമായി കോളേജിൽ പഠിക്കാത്തതുകൊണ്ടാണ്‌ ഹരികുമാറിന്റെ ഭാഷ കൂടുതൽ സുന്ദരമായത്‌.

ഷൊർണ്ണൂർ കാർത്തികേയൻ
ചലനാത്മകതയാണ്‌ ജീവന്റെ ലക്ഷണമെന്നറിയുന്ന ഹരികുമാർ ആധുനിക സാഹിത്യത്തെ ആവുംപടി അനക്കാൻ ശ്രമിക്കുകയാണ്‌. 'എന്റെ മാനിഫെസ്റ്റോ' എന്ന കൃതിയിലൂടെ ചെയ്യുന്നത്‌. ഇതൊരു സത്യാന്വേഷകന്റെ ആത്മാവിഷ്കാരമാണ്‌.
ഭാഷയുടെ ആഭ്യന്തര ലോകത്തിന്റെ മരണം നടന്നുവേന്നുള്ള ഹരികുമാറിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്‌. ആശയപ്രചാരണമാണ്‌ കല, കവി തത്ത്വജ്ഞാനിയാകണം, കവിക്ക്‌ ആത്മസത്തയിൽ നിന്ന്‌ ഒളിച്ചോടാനാവില്ല തുടങ്ങിയ ആശയങ്ങളെ ഹരികുമാർ ഈ കൃതിയിൽ പൊളിച്ചടുക്കുന്നുണ്ട്‌. ചിന്തകൊണ്ട്‌ കതിർക്കനം വന്ന 'എന്റെ മാനിഫെസ്റ്റോ' ചിന്താ ദരിദ്രമായ മലയാളസാഹിത്യത്തിനു മുതൽക്കൂട്ടാണ്‌.

സുനിൽ സി.ഇ
ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' കൂടുതൽ ചർച്ചചെയ്യാൻ വിപുലമായ സംവിധാനം ഉണ്ടാകണം. ഭാഷയെയും തത്ത്വചിന്തയെയും അദ്ദേഹം മുൻപെങ്ങും കണ്ടിട്ടില്ലാത്ത വീഥിയിലൂടെ കൊണ്ടുപോകുന്നു. അദ്ദേഹത്തിന്റെ വിശേഷവാക്യങ്ങൾ ഉന്നതമായ തത്ത്വദർശനങ്ങളാണ്‌. യാഥാസ്ഥിതികവും പാരമ്പര്യ ദുർബ്ബലവുമായ മലയാള നിരൂപണത്തെ അങ്ങേയറ്റം നവീനമാക്കുകയാണ്‌ ഈ പുസ്തകം.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.